അല്ല ചേട്ടാ ഇങ്ങള് എന്തിനാ ഇത്ര പെട്ടന്ന് നിർത്തി വരണത്...! എന്നേം കൂടി കൊണ്ട് പോയി അവിടെയൊക്കെ ഒന്ന് കാണിക്കെന്‍റെ ഭർത്താവേട്ടാ...;
"എടീ പുല്ലേ ഞാൻ താലി കെട്ടിയ പെണ്ണായി പോയി, ഇല്ലെങ്കിൽ വല്ലതും വിളിച്ചു പറഞ്ഞേനെ ഞാൻ...നമ്മടെ കല്യാണം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോ ഗൾഫില് വന്നതല്ലേ ഞാൻ, ഇപ്പൊ മൂന്ന് വർഷം കഴിഞ്ഞു..രണ്ടു വർഷം കഴിഞ്ഞ് ലീവ് തരാന്ന് പറഞ്ഞ് അറബിയും പറ്റിച്ചു...ഇനി വയ്യെന്‍റെ ശ്രീക്കുട്ടി, അടുത്ത മാസം ഞാൻ എത്തും..."
എന്നാ പിന്നെ ചേട്ടൻ കേറി വായോ, ഇങ്ങനെ ഓരോന്ന് പറഞ്ഞ് വഴക്കൊക്കെ കൂടോങ്കിലും എനിക്കും കാണാൻ തൊന്നാ...എത്ര നാളായി..;
"പിന്നെ വന്നു കഴിഞ്ഞ് നിന്റെ വീട്ടിൽ പോയാ ആരും എന്നോട് 'എന്നു പോകും, എന്തിനാ നിർത്തി പോന്നത് ' എന്നൊക്കെ ചോദിച്ചു എടങ്ങേറ് ആക്കരുത്..."
ഏയ് അതൊന്നും ഇല്യ, അതൊക്കെ ഞാൻ പറഞ്ഞോണ്ട്..പിന്നെ എന്റെ അച്ഛൻ മോൾടെ ഭർത്താവ് ഗൾഫിൽ ആണെന്നും പറഞ്ഞ് നാട് മുഴുവൻ വീമ്പ് പറഞ്ഞ് നടക്കാ...
"എന്നാ നിന്റെ അച്ഛനോട് ഇനി ഇവിടെ വന്ന് നിൽക്കാൻ പറയ്..ഇനി കുറച്ച് നാള് ' പെണ്ണിന്റെ അച്ഛൻ ഗൾഫിൽ ആണെന്നും പറഞ്ഞ് ' ഞാൻ വീമ്പ് പറഞ്ഞ് നടക്കാം..."
മതി മതി നിർത്ത്, വഴക്ക് വേണ്ടെന്‍റെ ജിഷ്ണു ചേട്ടാ...; എന്നാ വെക്കട്ടെ ഞാൻ, അമ്മയോട് പോയി പറയട്ടെ ഇതൊക്കെ...
' മൂന്ന് മാസങ്ങൾക്ക് ശേഷം ജിഷ്ണു നാട്ടിലെത്തി, അതായത് ഇൗ ഞാൻ തന്നെ...'
സന്തോഷത്തോടെ ഉള്ള സ്വീകരണം നന്നേ ബോധിച്ചു...
മൂന്ന് വർഷങ്ങൾക്ക് ശേഷം എന്നെ കണ്ട അമ്മ കെട്ടിപ്പിടിച്ച് കരച്ചിൽ തന്നെ...എന്റെ കണ്ണും നിറഞ്ഞുട്ടോ.. ആണുങ്ങൾ ഉള്ളിലല്ലെ കരയൂ, അത് കൊണ്ട് കണ്ണുനീർ വന്നില്യ...അച്ഛൻ ഉള്ളിലെ സന്തോഷം പുറത്ത് കാണിക്കാതെ എന്നെയൊന്നു കെട്ടിപിടിച്ചു.. എന്നിട്ടൊന്ന് ചിരിച്ചൂ...
മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള ഞങളുടെ ഒരിക്കൽ കൂടിയുള്ള ആദ്യരാത്രി...പുറത്ത് നല്ല ഇടിവെട്ടും മഴയുമാണ്...ഇടിയും മഴയും എല്ലാം ഒതുങ്ങിയപ്പോ എന്നോട് ചേർന്ന് കിടന്നിട്ട് ശ്രീക്കുട്ടി അവളുടെ അമ്മയിയമ്മയുടെ അതായത് എന്റെ അമ്മയുടെ കുറ്റമാണ് പറഞ്ഞത്..
ജിഷ്ണു ചേട്ടാ ഇങ്ങടെ മാതാശ്രീക്ക് എന്നെക്കാൾ വലുത് മാങ്ങയാണ്...
"ങ്ങേ നീ എന്ത് തേങ്ങയാ പറയണത്...!"
അതേ ചേട്ടാ ഇന്നലെ വൈകീട്ട് മാങ്ങാ ചമ്മന്തി അരയ്ക്കാൻ വെച്ച മാങ്ങ ഞാനെടുത്തു തിന്നു...അതും പറഞ്ഞ് എന്നെ വഴക്കോട് വഴക്ക്..പക്ഷേ അങ്ങനെ ഒക്കെ ആണെങ്കിലും എന്നെ വല്യ ഇഷ്ട്ടാട്ടോ അമ്മയ്ക്ക്...എനിക്കും ഒത്തിരി ഇഷ്‌ടാ...
എല്ലാം കേട്ട് ചിരിയാണ് എനിക്ക് വന്നത്...
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കൊണ്ടു വന്ന ചോക്ലേറ്റും സ്പ്രെയും അങ്ങനെ എന്തൊക്കെയോ കൊണ്ട് ഞാനും അവളും കൂടി അവൾടെ വീട്ടിലേക്ക് തിരിച്ചു...അതും എന്റെ അമ്മയുടെ നിർബന്ധം കൊണ്ടാണ്..
അവിടെ ചെന്ന് കയറിയപാടെ " മോനിപ്പോ പോയിട്ട് മൂന്ന് വർഷല്ലെ ആയിട്ടുള്ളോ" എന്ന അവളുടെ മുരടൻ തന്തപിടീടെ ഡയലോഗ് കേട്ടപ്പോ മനസ്സ് കൊടുങ്ങല്ലൂർ വരെയൊന്ന് പോയി...എങ്കിലും ശ്രീക്കുട്ടിടെ അച്ഛൻ അല്ലേ എന്നോർത്ത് പിടിച്ച് നിന്നു...മൂന്ന് വർഷല്ലെ ആയിട്ടുള്ളൂ എന്ന് പോലും... കെളവനെ ഉണ്ടല്ലോ....;
കല്യാണം കഴിഞ്ഞ് രണ്ട് മാസം ആയപ്പോഴക്കും മോനെന്താ ഗൾഫിൽ പോവത്തത്, ലീവ് ഇനിയും ഉണ്ടോ എന്നൊക്കെ ചോദിച്ച ടീംസാ ഇവൾടെ വീട്ടുകാര്...
വർഷങ്ങൾക്ക് ശേഷം ഭാര്യ വീട്ടിൽ വന്നതിന്റെ പുതുമോടി ശരിക്കും ഉണ്ടായിരുന്നു.. ആനയുടെ ഇറച്ചി ഒഴിച്ച് ബാക്കി എല്ലാം ഉണ്ടായിരുന്നു.. ഇനിയൊന്നു വിശ്രമിക്കാം എന്ന് വിചാരിച്ച് ഉമ്മറത്ത് ഒരു ഓരത്ത് ചെന്നിരുന്നപ്പോ ദേണ്ടട വരുന്നു എവിടുന്നോ കുറെ കുരുന്നു പിള്ളേര്... അവർക്ക് തെങ്ങിന്റെ പട്ട കൊണ്ട് ബാറ്റ് ഉണ്ടാക്കി കൊടുക്കണം പോലും...
അതൊക്കെ കഴിഞ്ഞ് വീണ്ടും അതേ സ്ഥലത്ത് വന്നിരുന്നപ്പോ ശ്രീക്കുട്ടിടെ കാർന്നൊരു വരുന്നു.. ഞാനിനി തിരിച്ച് പോണില്യ എന്ന് അവള് അച്ഛനോട് പറഞ്ഞു എന്ന് അങ്ങേരുടെ മുഖത്ത് നിന്നും വായിച്ചെടുത്തു...
ഇനി മോനെന്താ പരിപാടി..! ഇവിടെ വല്ല ബിസിനസ്സ് ആണോ പ്ലാൻ... ആണെങ്കില് വല്ല സ്വർണ്ണകടയൊ സൂപ്പർമാർക്കറ്റോ അങ്ങനെ എന്തേലും ആവും മെച്ചം..
"ഈശ്വരാ സ്വർണ്ണക്കടയാ, ഇങ്ങേർക്ക് പ്രാന്താണെന്നാ തോന്നണെ...;" അങ്ങേരു കേൾക്കാതെ മനസ്സിലാണ് ഞാനത് പറഞ്ഞത്..
അവസാനം നാട്ടിലെ കാലാവസ്ഥാ വ്യതിയാനം എടുത്തിട്ട് തന്ത്രപൂർവ്വം വിഷയത്തിൽ നിന്നും മാറി..
അന്നവിടെ താങ്ങാൻ നിന്നില്യ, രാത്രി വീട്ടിലേക്ക് തിരിച്ചു, അമ്മ ഒറ്റയ്ക്കാണെ...
രണ്ടു മൂന്നു ദിവസം വീട്ടില് തന്നെ ഒതുങ്ങി കൂടി..പിന്നെ പതിയെ നാട്ടിലേക്ക് ഇറങ്ങി..സ്വന്തം നാടും വീടും സ്വർഗമാണെന്ന് അന്യ നാട്ടില് പോയാലെ അറിയൂ..
മൂന്ന് വർഷം മുമ്പ് മണിയമ്മാമ കൊണ്ട് നടന്നോർന്ന അതേ കറുംബി പശു തന്നെയാണ് ഇപ്പോഴും അവരുടെ കൂട്ട്... നാരായണൻ കുട്ടി ചേട്ടന്റെ ചായകടയിൽ ഇപ്പോഴും അതേ തിരക്കുണ്ട്..
പിന്നെ ഞാൻ ഗൾഫില് ആയിരുന്ന സമയത്ത് ന്റെ അമ്മയും ശ്രീക്കുട്ടിയും കൂടി വീടിന്റെ പുറകിൽ ഒരു കൃഷി തോട്ടം തന്നെ ഉണ്ടാക്കിയിട്ടുണ്ട്... പോരാത്തതിന് ഉമ്മറത്ത് വല്യ പൂന്തോട്ടവും..പിന്നെ കുറച്ച് കോഴിയും, ഒരു പശുവും അതിന്റെ ക്ടാവും, പിന്നെ എന്റെ ഭാര്യെടെ വക കുറച്ച് പ്രാവും പിന്നെ കൊറേ ലൗ ബേർഡ്സും എന്താ പറയാ ശരിക്കും എന്റെ വീടൊരു സ്വർഗം തന്നെ ആയിരുന്നു...
ഇൗ കഴിഞ്ഞ മൂന്നു കൊല്ലം കൊണ്ട് ഗൾഫിൽ പണിയെടുത്ത കുറച്ച് കാശ് കൂട്ടി വെച്ചത് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുമ്പോ ആണ് അമ്മ എന്നോട് ഒരു ഐഡിയ പറയണത്..
അമ്മേടെ തറവാട്ടിൽ നിന്ന് ഭാഗം കിട്ടിയ നാൽപ്പത് സെന്റ് സ്ഥലവും പിന്നെ മ്മ്ടെ ആ ചെറിയ ജംഗ്ഷനില് ഒരു പീടിക മുറിയും ഉണ്ട്..
ഞാൻ ഗൾഫിൽ പോകുന്നതിനു മുമ്പും അവിടെ ചെന്നിട്ടും ചെയ്ത ജോലി ഫോട്ടോ എടുപ്പ് തന്നെ ആയിരുന്നു..
അവിടെ ഒരു അറബിയുടെ കമ്പനിയുടെ പരസ്യത്തിന് ആ മരുഭൂമി ചുറ്റി നടന്ന് ഫോട്ടോ എടുപ്പ് തന്നെ ജോലി..
എന്നാ പിന്നെ അമ്മയ്ക്ക് ഭാഗം കിട്ടിയ ആ കടമുറി ഒന്നുകൂടി മോഡി പിടിപ്പിച്ച് ഒരു ചെറിയ സ്റ്റുഡിയോ ആക്കിയാലെന്താ എന്നൊരു ചിന്ത വന്നു...
നാട്ടില് അങ്ങനെ ചീത്തപ്പേരൊന്നും ഇല്ലാത്തത് കൊണ്ടും അച്ഛനെ എല്ലാവർക്കും നല്ല കാര്യമായത് കൊണ്ടും അതികം ആരുടെയും കയ്യും കാലും ഒന്നും പിടിക്കാതെ തന്നെ കടയ്ക്ക് ലൈസൻസ് ഒക്കെ കിട്ടി...
പിന്നെ ഇപ്പൊ രണ്ടു മൂന്നു ജോലിക്കാരെ കിട്ടിയിട്ടുണ്ട്..ചെറിയ രീതിക്ക് കല്യാണ വർക്കും മറ്റും കിട്ടുന്നുണ്ട്..
ഇപ്പൊ രണ്ടു വർഷം കഴിഞ്ഞു, ഞങ്ങൾക്കൊരു കുഞ്ഞി മോളുണ്ട്..ചിലപ്പോ ഒരു അഹങ്കാരം എന്നോണം തോന്നും ഏറ്റവും സന്തോഷമുള്ള ജീവിതം എന്‍റെയാണെന്ന്...
പശുവിന് കാടിയും വൈക്കോലും ഒക്കെ കൊടുത്തും കോഴിയുടെ പുറകെ നടന്ന് അമ്മയും ഞങ്ങളുടെ മോളെ നോക്കിയും സമയം കിട്ടുമ്പോ ലൗ ബേഡ്‌സിനും മറ്റും തീറ്റ കൊടുത്ത് ശ്രീക്കുട്ടിയും ഇന്നീ വീട്ടിലുണ്ട്...ഇതിനൊക്കെ പുറമേ വീട്ടിലെ ഗൃഹനാഥൻ ആയ അച്ഛൻ ഉമ്മറത്ത് ഇതെല്ലാം ഇടക്ക് നോക്കിക്കൊണ്ട് പത്രവും വായിച്ചു കൊണ്ട് ഇരിക്കുന്നുണ്ടാവും.
ഇതൊക്കെ കണ്ടും അനുഭവിച്ചറിഞും ആ അമ്മയുടെയും അച്ഛന്റെയും മകനായും ശ്രീക്കുട്ടിടെ ഭർത്താവായും എന്റെ കുഞ്ഞി മോൾടെ അച്ഛനായും ഞാൻ നിറഞ്ഞ സന്തോഷത്തോടെ തന്നെ ജീവിക്കുന്നു.....
Story By
ജിഷ്ണു രമേശൻ
നിങ്ങളുടെ സ്വന്തം കഥകൾ ഞങ്ങൾക്ക് ഇന്ബോക്സിലേക്ക് അയക്കൂ... ഞങ്ങൾ അത് ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം.... എപ്പോഴും കഥകൾ വായിക്കുവാൻ ഹലോയിൽ വളപ്പൊട്ടുകൾ ഫോളോ ചെയ്യൂ....