ഞാൻ എന്റെ മുറിയുടെ വാതിൽക്കലേക്ക് ഒറ്റ ഓട്ടം വെച്ചു കൊടുത്തു..
ജനലിന് അപ്പുറം നിന്ന് ദേവേട്ടനൻ തലയ്ക്ക് കൈവച്ച് ശബ്ദം കാറ്റ് പോലെയാക്കി പറഞ്ഞു..
"ടീ ടീ.. എന്നെ കൊലയ്ക്ക് കൊടുത്തേ അടങ്ങൂള്ളോ???"
ഞാൻ പിന്തിരിഞ്ഞ് നോക്കി.. "അപ്പോൾ ഞാൻ ഇറങ്ങി വരണ്ടേ.."
"അയ്യോ.. ഇറങ്ങി വന്നോ.. പക്ഷേ പതുക്കെയൊക്കെ വാ.. ഇങ്ങനെ ലോറി പായുന്നത് പോലെ വന്നാൽ എല്ലാവരും ഉണരും.."
ദേവേട്ടൻ ഒരു വെള്ള തോർത്ത് തലയിലിട്ട് താടിയിൽ കെട്ടിവച്ച് നിൽക്കുകയാണ്.. ഫോണിന്റെ ഫ്ലാഷ് താടിക്ക് നേരെ പിടിച്ചുകൊണ്ട് നിൽക്കുന്നത് കൊണ്ട് അസ്സൽ പോസ്റ്റ്മോർട്ടം ചെയ്ത് തീരും മുമ്പേ ഇറങ്ങി ഓടി വന്ന പ്രേതത്തെ പോലെയുണ്ട്.. ചിരിക്കാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് മാത്രം ഞാൻ കളിയാക്കുന്നില്ല
ഞാൻ വാതിൽ പതുക്കെ തുറന്നു.. ദേവേട്ടൻ എന്റെ ജനലരികിൽ നിന്ന് മറഞ്ഞു.. ഞാൻ മുൻവശത്തെ വാതിൽ പതുക്കെ തുറന്നു.. ഉടായിപ്പുകൾ കാണിക്കുമ്പോൾ പിൻവാതിലിൽ കൂടിയാണ് സാധാരണ പോകേണ്ടത്.. പക്ഷേ അത് പഴയ മോഡൽ വാതിലാണ്.. തുറക്കാൻ നോക്കിയാൽ ഒച്ച കേട്ട് എല്ലാവരും ഉണരും..
ഞാൻ ഉമ്മറത്ത് എത്തിയപ്പോൾ ദേവേട്ടനെ കാണാനില്ല... ഞാൻ കണ്ടത് സ്വപ്നമാണോ?? ഏയ്.. ഇത്ര അടുത്ത് ഞാൻ കണ്ടതാണല്ലോ?? ഇനി ആ പേക്കോലം അടുത്ത് കണ്ട് എനിക്ക് വല്ല അറ്റാക്കും വന്ന് ഞാൻ പ്രേതമായി പോയതാണോ?? മുറിയിൽ ചെന്ന് നോക്കുമ്പോൾ എന്റെ ഡെഡ്ബോഡി കണ്ടാലോ?? പോയ് നോക്കണോ??
ഏയ്... ചത്തിട്ടില്ല.. എങ്ങനെ ഉറപ്പിച്ചൂ എന്നാണോ നിങ്ങളുടെ സംശയം..? ഒരു വിശ്വാസം..! അത്ര തന്നെ..
അങ്ങേര് ഇനി പിൻവശത്ത് കാണുമോ?? ഓഹ്.. ഈ നട്ടപാതിരായ്ക്ക് ഞാനിനി ഒറ്റയ്ക്ക് പിൻവശം വരെ പോകണോ??
ഞാൻ ദാവണിയുടെ പാവാട അല്പം പൊക്കി മെല്ലെ മെല്ലെ വലിയ വലിയ കാലടികൾ വച്ചു.. രണ്ടടി നടന്നപ്പോൾ ഒരു ഭയം..
അല്ലാ.. ഇനി വല്ല പ്രേതവും പുറകേ ഉണ്ടെങ്കിൽ ആൾക്ക് നമ്മളായിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കണ്ടല്ലോ.. ഏത്..??
എന്റെ ഊഹം ശരിയായിരുന്നു...
നോക്കണ്ടാ.. പ്രേതം പിന്നിൽ ഉണ്ടെന്ന് അല്ല.. വീടിന് പിന്നിൽ ദേവേട്ടൻ ഉണ്ടെന്നാണ്..
ആഹ്.. രണ്ടും ഒന്നാണല്ലോ
ദേവേട്ടൻ പിൻവാതിൽ 'ഇപ്പോ തുറക്കും, ഇപ്പോ തുറക്കും' എന്ന് കരുതി നോക്കി നിൽക്കുകയാണ്.. ഇത് കാണുമ്പോ അയലത്തെ പാത്തുമ്മ മീൻ വറുക്കുമ്പോൾ അവരുടെ അടുക്കളവാതിൽ തുറന്ന് കിട്ടാൻ കിങ്ങിണി പൂച്ച പുറത്ത് കാത്ത് നിൽക്കുന്നത് ഈ സന്ദർഭത്തിൽ ഞാൻ ഓർത്ത് പോകുകയാണ് സൂർത്തുക്കളേ..
ശ്ശെ..! ഞാനെന്താ ഇങ്ങനെ ടൈം പോകുന്നു..
ഞാൻ പമ്മി പമ്മി ദേവേട്ടന്റെ പിന്നിൽ പോയി കാറ്റിന്റെ ശബ്ദം തൊണ്ടയിൽ സെറ്റാക്കി..
മൂപ്പരുടെ തോണ്ടിയതും കാറ്റ് വോയ്സിൽ "ഞാൻ വന്നു" എന്ന് പറഞ്ഞതും "അയ്യോോ " എന്ന് മൂപ്പർ കൂവി വിളിക്കാൻ വണ്ടി "അ" എന്ന് പറഞ്ഞ് തുടങ്ങിയതും ഞാൻ ഏന്തി വലിഞ്ഞ് ആ ആറടി ടവറിന്റെ വായ് പൊത്തിപ്പിടിച്ചതും ഒന്നിച്ചായിരുന്നു..!!!
ദേവേട്ടന് എന്നെ കണ്ടതും ആശ്വാസമായി എന്ന് തോന്നുന്നു.. ബികോസ് പുള്ളിയുടെ മുഖത്തെ നവരസങ്ങൾ കൂട്ടി കുഴച്ച ഭാവം മാറി ഇപ്പോൾ ശാന്തം മാത്രമായി..
"ഞാനാ ദേവേട്ടാ.. ഒച്ചവച്ച് ഇപ്പോ ആളെ കൂട്ടിയിരുന്നെങ്കിൽ ബാക്കി പറയണോ??"
ദേവേട്ടൻ ഇപ്പോഴും ഫ്ലാഷ് മുഖത്ത് പിടിച്ച് നിൽക്കുകയാണ്.. കണ്ടിട്ട് പേടിയാകുന്നു.. ഞാനത് പിടിച്ച് വാങ്ങി ഓഫാക്കിവച്ചു.. ഫ്ലാഷ് പോയപ്പോൾ അവിടമാകെ ഇരുട്ടായി.. ഒന്നും കാണാൻ വയ്യ..
"പോവണ്ടേ???" ഞാൻ ചോദിച്ചിട്ടും ദേവേട്ടൻ മിണ്ടുന്നില്ല...
വടിയായോ??
ദേവേട്ടന്റെ ശ്വാസം എന്റെ വിരലുകളിൽ പതിച്ചപ്പോഴാണ് ഞാൻ ഇപ്പോഴും ദേവേട്ടന്റെ വായ് പൊത്തി നിൽക്കുകയാണ് എന്ന് എനിക്ക് മനസ്സിലായത്.. ഞാൻ കൈകൾ മാറ്റിയപ്പോഴും ദേവേട്ടൻ അനങ്ങിയില്ല.. ഒന്നും മിണ്ടുന്നില്ല.. ഞാൻ ചോദിച്ചു..
"എന്താ ഒന്നും മിണ്ടാത്തെ..?"
"അമ്മൂ..." ദേവേട്ടന്റെ ആ ശബ്ദം.. അത് ഇത്രയ്ക്കും അടുത്ത് ആദ്യായിട്ടാണ് കേൾക്കുന്നത്.. എങ്ങനെ കേൾക്കാതിരിക്കും.. വായ് പൊത്തിപ്പിടിക്കാൻ വേണ്ടി നിലത്ത് നിന്ന് കാലൂന്നി നിൽക്കുന്ന എന്നെ ദേവേട്ടൻ കൈകൾ കൊണ്ട് ചുറ്റിവരിഞ്ഞ് ഒന്ന് കൂടി അടുത്തേക്ക് പിടിച്ച് നിർത്തിയിരിക്കുകയാണ്..
"ദേവേട്ടാ.. വിട്.."
"ഇല്ല.." ദേവേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഹൂ...
"അതേയ്.. നക്ഷത്രങ്ങളെ കാട്ടിത്തരാമെന്ന് പറഞ്ഞ് വിളിപ്പിച്ചിട്ട്.. ഈ ഇരുട്ടത്ത് എനിക്ക് ദേവേട്ടന്റെ മുഖം കൂടി കാണാൻ വയ്യാട്ടോ..."
"മ്മ്... കൊണ്ട്പോകാം... കുറച്ച് നേരം കൂടി ഇങ്ങനെ നിന്നോട്ടേ.." ദേവേട്ടൻ എന്റെ കൈകൾ തോളിലിട്ട് നിന്നു..
"അപ്പോഴേക്കും നേരം വെളുക്കും.."
"മ്മ്.. വാ... പോകാം.. "
ഞാൻ അകന്ന് മാറി.. ദേവേട്ടൻ എന്റെ കൈകൾ പിടിച്ചു നടന്നു...
മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വഴിവിളക്കുകൾ തെളിഞ്ഞിട്ടുണ്ടായിരുന്നു.. അവിടെങ്ങും ദേവേട്ടന്റെ... സോറി.. ഞങ്ങളുടെ ബുള്ളറ്റ് കാണാൻ കഴിഞ്ഞില്ല..
" ബൈക്ക് മാറ്റിവെച്ചോ ദേവേട്ടാ...?? " ഞാൻ ചോദിച്ചു..
"അവനെ കൊണ്ട് വന്നില്ല.."
"എന്തേ???"
"ഇന്ന് നമ്മൾ രണ്ടും മാത്രം മതി..."
ദേവേട്ടന്റെ കൈകളിൽ ചുറ്റി ഞാൻ ആ തോളിൽ തൂങ്ങി നടന്നു...
കുറച്ച് ദൂരം നടന്നതും എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി.. പക്ഷേ ദേവേട്ടന്റെ മുഖത്തെ സന്തോഷവും കണ്ണുകളിലെ തിളക്കവും കണ്ട് എനിക്ക് ഒന്നും പറയാൻ തോന്നിയില്ല..
ദേവേട്ടന്റെ നടത്തം അല്പം വേഗത്തിലാണ്.. എനിക്ക് വേഗം നടന്ന് ശീലമില്ലാത്തതും ഒരു ബുദ്ധിമുട്ടായിരുന്നു.. സത്യം പറഞ്ഞാൽ ദേവേട്ടൻ നടക്കുന്നൂ.. ഞാൻ ഓടുന്നൂ..
കുറച്ചും കൂടി നടന്നിട്ട് എനിക്ക് ഒട്ടും പറ്റാതെയായി.. ദേവേട്ടൻ എന്നോട് ഇടയ്ക്ക് പറയുന്നുണ്ട് "എന്തെങ്കിലുമൊക്കെ പറയ് അമ്മൂ" എന്ന്...
ദേവേട്ടന്റെ കൈകൾ വിട്ടപ്പോഴേക്കും പുള്ളി ഒരു പത്തടി മുമ്പിൽ എത്തിക്കാണും.. എന്നിട്ടാണ് തിരിഞ്ഞ് നോക്കിയത്.. ഞാൻ റോഡിൽ മുട്ടുകുത്തി ഇരുന്നുപോയി.. ദേവേട്ടൻ എനിക്കരികിലേക്ക് ഓടി വന്നു..
"അമ്മൂ.. ടാ.."
ഞാൻ മുന്നിലേക്ക് വീഴാൻ തുടങ്ങിയതും എന്റെ നെറ്റിയിലേക്ക് ദേവേട്ടൻ തന്റെ കൈപ്പത്തികൊണ്ട് തടഞ്ഞ് നിർത്തി..
ദേവേട്ടനെ എനിക്ക് ഒരു പുകപോലെ മാത്രം കാണാം... ദേവേട്ടൻ ഒരുപാട് ടെൻഷനടിക്കുന്നുണ്ടാകും.. അല്പമെങ്കിലും ശ്വാസം മുട്ടൽ കുറഞ്ഞിരുന്നെങ്കിൽ പറയാമായിരുന്നു എനിക്കൊന്നുമില്ല ദേവേട്ടാ എന്ന്...
കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാൻ നോർമലായി.. ദേവേട്ടനും ഞാനും നടുറോഡിൽ ഇരിക്കുകയാണ്..
ദേവേട്ടൻ എന്റെ തോളിൽ കൈവച്ചു... "അമ്മൂ..."
ഞാൻ ആ മുഖത്തേക്ക് നോക്കി.. മഞ്ഞ് വീഴ്ചയുണ്ടായിട്ട് പോലും എന്റെ ദേവേട്ടന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു..
ഞാൻ ദേവേട്ടനെ നോക്കി ഒന്ന് കണ്ണ്ചിമ്മി ചിരിച്ചു...
എന്റെ ചെവിക്ക് പിടിച്ചുകൊണ്ട് ദേവേട്ടൻ പറഞ്ഞു "എന്ത് ഓസ്കർ ആക്ടിങ്ങ് ആണെന്റെമ്മൂ..."
ദേവേട്ടൻ ചിരിക്കാൻ ശ്രമിക്കുന്നുണ്ട്.. പക്ഷേ ആ കണ്ണുകളിൽ തിളങ്ങുന്ന ഭയം ഒരു ദയയുമില്ലാതെ ദേവേട്ടന്റെ മുഖം മൂടി വലിച്ച് കീറുന്നുണ്ട്.. ഓസ്കർ അവാർഡ് ഈ അഭിനയത്തിനാണ് തരേണ്ടത് ദേവേട്ടാ... ഞാൻ മനസ്സിൽ പറഞ്ഞു..
ദേവേട്ടൻ എഴുന്നേറ്റ് എനിക്ക് നേരെ കൈനീട്ടി.. ഞാൻ ആ കൈയ്യിൽ പിടിച്ച് നിലത്ത് നിന്ന് എഴുന്നേറ്റു..
"അയ്യപ്പാ..!!!"
ദേവേട്ടൻ : ആഹ്.. ശരണം വിളിച്ചത് നന്നായി.. ഇനി കേറാൻ ഉള്ളത് ഒരു മലയാ..
ഞാൻ : മലയോ? ഏത് മല? എന്ത് മല??
ദേവേട്ടൻ ഒരു വശത്തേക്ക് കൈ ചൂണ്ടി കാണിച്ചു... "ദാ ഇത് തന്നെ..."
പഷ്ട്..!! നേരേ വഴിക്ക് നടന്നപ്പോ തന്നെ മനുഷ്യൻ ചാകാറായി.. ഇനി ഈ മൊട്ടക്കുന്ന് കൂടി കേറണോ???
നമ്മുക്ക് ഇവിടെ നിന്നാൽ പോരെ എന്ന് ചോദിക്കാൻ വായിൽ നിന്ന് നാവ് പുറത്തേക്കിട്ടതും ദേവേട്ടൻ എനിക്ക് നേരെ കുനിഞ്ഞ് വരുന്നത് കണ്ടു..
അയ്യേ..!! ഈ മനുഷ്യൻ എന്ത് ചെയ്യാൻ പോകുവാണ്??!!
ഞാൻ കണ്ണിറുക്കിടയച്ചു..
രണ്ട് സെക്കന്‍ഡ് കൊണ്ട് ഞാൻ കണ്ണ് തുറന്നു..
ഛെ..! ഇതിനായിരുന്നോ... ഞാൻ കരുതീ....
ഞാനിപ്പോൾ ദേവേട്ടന്റെ കൈകളിലാണ്...!! ♥️
മനസ്സിലായില്ലേ?? മൂപ്പര് എന്നെ കൈകളിൽ കോരിയെടുക്കാൻ കുനിഞ്ഞതാണ്.. പാവം...!! വെറുതെ സംശയിച്ചു..
എന്നെ കൈകളിൽ കോരിയെടുത്ത് ദേവേട്ടൻ ആ മൊട്ടക്കുന്ന് കയറാൻ തുടങ്ങി...
ഞാൻ ആ കണ്ണുകളിൽ തന്നെ നോക്കി.. ഒരു കൈക്കുഞ്ഞിനെ പോലെ...
"എങ്ങനെയുണ്ടെടീ???" എന്റെ നോട്ടം കണ്ട് നടത്തത്തിനിടയിൽ പുള്ളി ചോദിച്ചു..
"കുട്ടനാട്ടിൽ നിന്ന് ഹിമാലയം കേറിയപോലെയുണ്ട്.."
"ടീ..!!!"
അയ്യോ..!! എന്നെ താഴെയിടാൻ പോണേ...!!!
ഞാൻ ദേവേട്ടന്റെ ഷർട്ടിൽ മുറുക്കെപ്പിടിച്ച് ആ നെഞ്ചിൽ മുഖം പൊത്തി..
ദേവേട്ടൻ നടത്തം നിർത്തിയത് പോലെ തോന്നി.. ഞാനൊന്ന് പാളി നോക്കി..
"നിന്നെ ഞാനങ്ങനെ കൈവിട്ട് കളയുവോടീ പൊന്നൂസേ???!! "
എനിക്ക് കരച്ചിൽ വന്നു.. അത് കാണാതെയിരിക്കാൻ ഞാൻ ദേവേട്ടന്റെ നെഞ്ചോട് മുഖം ചേര്‍ത്ത് വച്ചു കണ്ണടച്ചു.. ദേവേട്ടന്റെ ഇടത്തെ നെഞ്ചിൽ വച്ച എന്റെ കൈപ്പത്തിക്ക് കീഴെ ദേവേട്ടന്റെ ജീവന്റെ തുടിപ്പ് എനിക്ക് അറിയാൻ കഴിഞ്ഞു..
പുറമേ കലിപ്പും ചീത്തവിളിയുമാണെങ്കിലും എന്റെ കൊരങ്ങന്റെ നെഞ്ചിടിപ്പ് ഒരു കുഞ്ഞിനെ പോലെ കൊഞ്ചുകയാണ്.. ❤️
മലയ്ക്ക് ഏറ്റവും മുകളിൽ എത്തിയപ്പോഴേക്കും ദേവേട്ടൻ എന്നെ മുഖത്തോട് ചേർത്ത് കൊണ്ട് വന്നു..
എന്റെ കാതിനടുത്തേക്ക് ദേവേട്ടന്റെ ശ്വാസം തട്ടി.. ഈ!! രോമാഞ്ചിഫിക്കേഷൻ..!!
"അമ്മൂ.. കണ്ണ് തുറക്ക്..."
ദേവേട്ടന്റെ ആർദ്രമായ സ്വരം..!
ദേവേട്ടന്റെ ആർദ്രമായ സ്വരം..!
ഞാൻ കണ്ണ് തുറന്നതും കണ്ടത് കരിക്കലത്തിൽ നിരത്തിവെച്ച ആയിരം പുട്ട് പൊടിയും അരമുറി തേങ്ങയുമായിരുന്നു...
അതായത് ഉത്തമാ.... ഞാൻ കാണാൻ കൊതിച്ച കാഴ്ച്ച... കറുകറുത്ത ആകാശത്തിൽ പൊട്ടുകൾ പോലെ ആയിരത്തിലേറെ നക്ഷത്രങ്ങളും ചന്ദ്രക്കവയും..!!!!
"ദേവേട്ടാ..... ഐ ലവ് യൂ....!!!!!!" ഞാൻ വീണ്ടും ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..!!
"അമ്മൂ... നീയെന്താ പറഞ്ഞത്??" .
അപ്പോഴാണ് ഞാനും ഇലോചിച്ചത്.. ഈശ്വരാ.. ഞാനിപ്പോ എന്താ പറഞ്ഞേ.. അത് പിന്നെ.. നക്ഷത്രങ്ങളെക്കണ്ട ആ ഒരു ആവേശത്തിൽ.... ഛെ..!! എന്റെ ഒരു ആക്രാന്തം!! യൂ ടൂ കണ്ണാ... ഒക്കെ നീ കാരണമാണ്... 廊
എനിക്ക് ചമ്മലടക്കാൻ പറ്റിയില്ല.. ഞാൻ മെല്ലെ ദേവേട്ടന്റെ കൈയിൽ നിന്ന് താഴെയിറങ്ങി... ദേവേട്ടൻ എന്നെ ചേര്‍ത്ത് പിടിച്ച് നിർത്തി ആകാശത്തേക്ക് കൈ ചൂണ്ടി...
"ദാ നോക്ക്.... കണ്ണ് നിറയെ കണ്ടോളൂട്ടോ.."
മലയുടെ മുകളും രാത്രിയും നക്ഷത്രങ്ങളും തണുത്ത കാറ്റും പിന്നെ ഞാനും... അന്തസ്സ്...!! ♥️ ❤️
ഞാൻ ഇരുകൈകളും നീട്ടി കാറ്റിനെ വരവേറ്റുകൊണ്ട് മാനത്തേക്ക് നോക്കി... ആ നക്ഷത്രങ്ങൾ എന്നെ കാണാൻ കൊതിച്ചത് പോലെ എനിക്ക് തോന്നി.. അവ കണ്ണ്ചിമ്മി ചിരിച്ചുകൊണ്ടേയിരുന്നു...
"എന്ത് രസാല്ലേ.... നോക്ക് ദേവേട്ടാ...!!"
ഞാൻ ചിരിച്ചുകൊണ്ട് തിരിഞ്ഞ് നോക്കി.. ഇങ്ങേരിതെവിടെ പോയി എന്നെ ഒറ്റയ്ക്കാക്കീട്ട് മുങ്ങിയോ..??
"ദേവേട്ടാ...???" ഞാനൊന്ന് കൂടി വിളിച്ച് നോക്കി...
എനിക്ക് പിന്നിലെ കുറ്റിക്കാട്ടിലൊരു അനക്കം..!!!
"അയ്യോ എന്നെ കുറുക്കൻ പിടിച്ചേ..!! " ഞാൻ അലറി...
ഓഹ്.. കുറുക്കനല്ല.. എന്റെ കൊരങ്ങനാ..
"ഇത് എവിടെ പോയതാ?? "
"ദാ നോക്ക്..." ദേവേട്ടൻ എനിക്ക് നേരെ ഒരു കല്ല് നീട്ടി... കരിങ്കൽ പോലെയുണ്ട്.. നീളവും ഉണ്ട്.. ഞാനത് തിരിച്ചും മറിച്ചും നോക്കി.. അതിൽ ഒരു മനുഷ്യന്റെ മുഖം കൊത്തിവച്ചിട്ടുണ്ട്...
" ഇതെന്താ ദേവേട്ടാ..?? "
"അമ്മൂ.. പണ്ട് മുത്തശ്ശി പറഞ്ഞിട്ടുണ്ട്.. ഈ മലയിൽ ധാരാളം ശില്പങ്ങൾ ഉണ്ടെന്ന്.. ഗന്ധർവന്മാരുടേതാണ് എന്നാണ് പറയുന്നത്.. മുത്തശ്ശി പറഞ്ഞത് നമ്മുക്ക് ഇഷ്ടമുള്ള ആളേയും കൂട്ടി ഇവിടെ വന്ന് ഈ ശില്പം കണ്ടെടുത്ത് പ്രാർത്ഥിച്ചാൽ അവർ ഏഴു ജന്മവും ഒന്നാകുമെന്നാണ്..."
"സത്യമാണോ??? "
" ആയിരിക്കണം.. എക്സ്പീരീയൻസ് ഉള്ള ആള് വീട്ടിൽ തന്നെയുണ്ട്.. "
" അതാരാ??? "
" മുത്തശ്ശി തന്നെ...!! കൊച്ച്കള്ളി പണ്ട് മുത്തശ്ശനേയും കൂട്ടി രാത്രിക്ക് ഇവിടെ വന്ന് പ്രാർത്ഥിച്ചിട്ടുണ്ട് എന്നാ പറഞ്ഞത്.. "
" എങ്കിൽ വേഗം..!! "
" നീയിങ്ങനെ ധൃതി കൂട്ടാതെ അമ്മൂ... നീ ഈ ശില്പത്തിൽ ഒന്ന് തൊട്ടേ... "
ഞാൻ അതിൽ സ്പർശിച്ചു.. ദേവേട്ടനും ആ ശില്പം കൈയിൽ പിടിച്ചു.....
ഞങ്ങൾ രണ്ടാളും കണ്ണടച്ചു... ഒരു നിമിഷം ഒരു കാറ്റ് വന്ന് ഞങ്ങളെ ചുറ്റിക്കറങ്ങിയിട്ട് പോയി... ഞാൻ കണ്ണുകൾ തുറന്നപ്പോഴും ദേവേട്ടൻ കണ്ണടച്ച് നിൽക്കുകയായിരുന്നു... ഞാൻ അങ്ങനെ തന്നെ നോക്കി നിന്നു...
ദേവേട്ടനും കണ്ണ് തുറന്നു... എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ആ ശില്‍പവുമായി മുന്നോട്ട് നടന്ന് ഒരു പാറയിടുക്കിൽവച്ചു.. എന്നിട്ട് തൊഴുതു നിന്നു..
കണ്ണാ... ഈ ചെക്കനെ എനിക്ക് തന്നെ തരണേ... ഞാൻ ഉള്ളിൽ പറഞ്ഞു...
ദേവേട്ടൻ എനിക്കരികിലേക്ക് വന്നു.. "നക്ഷത്രങ്ങളെ കണ്ട് മതിയായോ??"
ഇല്ല എന്ന അർത്ഥത്തിൽ ഞാൻ കണ്ണിറുക്കി തലയാട്ടി.. ദേവേട്ടൻ പെട്ടെന്ന് എന്നെ നെഞ്ചോട് ചേർത്ത് എന്റെ നെറ്റിയിൽ ഉമ്മവെച്ചു...!!
ഞാൻ കണ്ണടച്ചു പോയി...!! എനിക്ക് കിട്ടിയ ആദ്യത്തെ ഉമ്മ..
എന്നിട്ട് ദേവേട്ടൻ എന്റെ കൈപിടിച്ച് ഒരു മുനമ്പിലേക്ക് നടന്നു.. അതിന് കീഴെ പുല്ലുകൾ വളർന്ന് താഴേക്ക് ചരിഞ്ഞ് നീണ്ട് പരന്ന് കിടക്കുന്ന മൈതാനം പോലെ ഒന്ന് ഉണ്ടായിരുന്നു.. ഞങ്ങൾ അതിൽ ഇരുന്നു..
ദേവേട്ടൻ മെല്ലെ അതിലേക്ക് കിടന്നു.. എന്നെ ആ തോളിൽ കിടത്തി.. എന്നിട്ട് പറഞ്ഞു...
"കണ്ണ് നിറയെ കണ്ടോളൂ അമ്മൂ.. അതല്ല നിനക്ക് ഇനിയും ഇനിയും കാണണമെന്നുണ്ടെങ്കിൽ കൊണ്ടുവരാട്ടോ..." എന്റെ മുടിയിഴകളെ തലോടി ദേവേട്ടൻ പറഞ്ഞു..
എത്ര നേരം ഞാനങ്ങനെ ആകാശം നോക്കിയെന്നറിയില്ല.. മൗനം ഞങ്ങൾക്കിടയിൽ കുറേ നേരം സ്ഥാനം പിടിച്ചു..
എന്റെ മനസ്സ് മറ്റെവിടെയൊക്കേയോ പോയി.. അതിനെ തിരിച്ച് പിടിച്ചത് ദേവേട്ടന്റെ ശബ്ദമാണ്..
" നിനക്ക് അസുഖമുണ്ടെന്ന് പറഞ്ഞ് നിന്നെ ഇട്ടിട്ട് പോകാൻ അല്ല അമ്മൂ ഞാൻ നിന്നിലേക്ക് ഇത്ര അടുത്തത്.. നീ എന്നും എന്റെ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം... അതിന് ഈ ദൈവങ്ങൾ.. എന്തിന് നിന്റെ കണ്ണൻ പോലും കൂട്ട് നിൽക്കും..."
"കണ്ണനെ എങ്ങനെ അറിയാം??"
"ഏടത്തിയും അമ്മയും പിന്നെ നിന്റെ അയൽവീട്ടിലെ കുട്ടിപ്പട്ടാളങ്ങളിൽ നിന്ന് ചോർത്തിയതാ... "
" ഹയ്യേ.. " ഞാൻ ചിണുങ്ങിക്കൊണ്ട് മുഖം പൊത്തി..
" എനിക്ക് അതൊക്കെ അറിഞ്ഞപ്പോൾ നിന്നോടുള്ള ഇഷ്ടം കൂടിയതേ ഉള്ളൂ അമ്മൂ... " ♥️
ഞാൻ ആ നെഞ്ചിലേക്ക് എന്റെ തല ചേർത്ത് കിടന്നു...
" ഈ ക്യാൻസർ ഉണ്ടല്ലോ ടീ.. അതൊക്കെ നിന്റെ ഈ ദേവേട്ടൻ വലിച്ച് പറിച്ച് ദൂരെ കളയും.. കാണണോ?? "
"ആഹ്.. കാണണം.."
"നിന്നെ ഞാൻ കാണിക്കാമെടീ കുരിപ്പേ..!!! "
ഞാൻ വീണ്ടും ആകാശം നോക്കി കടന്നപ്പോൾ ദേവേട്ടൻ എന്റെ മൂക്കിൽ പിടിച്ച് വലിച്ചു..
"സ്വന്തം ചേച്ചിയുടെ കല്യാണനിശ്ചയമാണ് ഇന്ന്..!! എന്നിട്ട് അനിയത്തി കറങ്ങി നടക്കുകയാണ്.. എഴുന്നേക്കടീ പോത്തേ..!!! "
"സ്വന്തം ചേച്ചിയുടെ കല്യാണനിശ്ചയമാണ് ഇന്ന്..!! എന്നിട്ട് അനിയത്തി കറങ്ങി നടക്കുകയാണ്.. എഴുന്നേക്കടീ പോത്തേ..!!! "
" അയ്യോ.. നേരാണല്ലോ... " ഞാൻ എഴുന്നേറ്റു.. ഒപ്പം ദേവേട്ടനും..
" പ്രണയം അസ്ഥിക്ക് പിടിച്ചാൽ ഇതല്ല.. പലതും മറക്കും.."
ഇളിച്ച് നിൽക്കുന്ന ദേവേട്ടനെ ഞാൻ കുറേ നുള്ള് കൊടുത്തു.. പക്ഷേ ഒന്നും ഏറ്റില്ല.. അതെങ്ങനായാണ്?? മസ്സിലൊക്കെ ഉരുട്ടിവച്ചിരിക്കുകയല്ലേ..
എന്റെ ശ്രമം തല്ക്കാലം ഉപേക്ഷിച്ചു ഞാൻ ദേവേട്ടന്റെ ഒപ്പം മലയിറങ്ങി.. ഇത്തവണ എന്നെ കൈയിൽ കോരിയെടുത്തില്ലാട്ടോ... പകരം തോളിൽ തൂക്കിയാ കൊണ്ടുപോയേ..!!!
വീട്ടിന്റെ ഉമ്മറത്ത് എത്തിയിട്ടാണ് എന്നെ നിലത്തിറക്കിയത്.. ഞാൻ ടാറ്റ കൊടുത്ത് തിരിഞ്ഞതും എന്റെ കൈയിൽ പിടിച്ച് ആ നെഞ്ചിലേക്ക് വീണ്ടും വലിച്ചിട്ടു ചോദിച്ചു..
"നീ ഏത് കളർ ഡ്രസ്സാണ് ഇടാൻ പോകുന്നത്???"
"അതൊന്നും മോൻ അറിയണ്ട.. നമ്മൾ സോൾ മേറ്റ്സ് ആണെങ്കിൽ നമ്മൾ പരസ്പരം പറയാതെ തന്നെ ഒരേ നിറം ധരിച്ചിരിക്കും..!!!"
"എന്നാൽ പിന്നെ കാണാടീ കുരിപ്പേ"
എന്റെ പിൻകഴുത്തിലൂടെ കൈ ചുറ്റി എന്റെ നെറ്റി ദേവേട്ടന്റെ നെറ്റിക്കൊണ്ട് മുട്ടിച്ചു...
(തുടരും)
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
രചന: അനശ്വര ശശിധരൻ
