പെണ്ണ് കാണാൻ ചെന്നപ്പോ പെണ്ണെന്നെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞത്

Valappottukal
എന്റെ പെണ്ണ്

ഇനിയെങ്കിലും നിനക്കൊരു തുണ വേണ്ടെന്നു അമ്മ ചോദിച്ചപ്പോഴാണ് പ്രായം മുപ്പതായിന്നൊരു തോന്നൽ എനിക്കും ഉണ്ടായത്
പെണ്ണ് കാണാൻ ചെന്നപ്പോ പെണ്ണെന്നെ  വിളിച്ചു മാറ്റി നിർത്തി പറഞ്ഞത് എനിക്കൊരു ഓട്ടോക്കാരനോടൊത്തുള്ള ജീവിതത്തിനു താല്പര്യമില്ലന്നാണ്..
ജീവിക്കാനുള്ള പെടാപ്പാടിൽ ഗവണ്മെന്റ് ജോലി മേടിക്കാനൊന്നും പറ്റാത്തത് കൊണ്ട് നിറഞ്ഞ പുഞ്ചിരിയോട് കൂടിയാണ് തിരിച്ചു ഇറങ്ങിവന്നതും..
പിന്നീട് കളത്തിൽ വച്ച് അതേ പെണ്ണ് തന്നെ ഓട്ടം വിളിച്ചു വഴിയരികിൽ നിർത്തിയിട്ടു ചോദിച്ചു, "
"  മാഷേ ഞാൻ  അന്ന് അങ്ങനെ പറഞ്ഞതിൽ വിഷമം ഉണ്ടോന്നു"
തിരിച്ചു പുഞ്ചിരിയാലേ തന്നെ
ഞാനവളോട് മറുപടി പറഞ്ഞു. അമ്മ മുൻപേ പറഞ്ഞിട്ടുണ്ട് അരുതാത്തത്  സ്വപ്നം കണ്ടിട്ട്  പിന്നീട് വേദനിക്കാൻ നിൽക്കരുതെന്നു.
"എനിക്ക് മാഷിനെ ഇഷ്ടമല്ലാഞ്ഞിട്ടോ ജോലി കുറവായി കണ്ടിട്ടോ അല്ല ഞാൻ അന്ന് അങ്ങനെ പറഞ്ഞത്"
രണ്ടു വർഷം മുൻപ് എനിക്ക് ഒരു മെന്റൽ പ്രോബ്ലം ഉണ്ടായിരുന്നു. കണ്മുന്നിൽ വച്ചു എന്റെ കൂട്ടുകാരിയെ  ഒരു ഓട്ടോ ഇടിച്ചു തെറിപ്പിച്ചത് കണ്ടു ബോധം പോയ എന്നെ ഹോസ്പിറ്റലിൽ എത്തിചെങ്കിലുംഅന്നത്തെ  പേടി തട്ടിയാ എനിക്ക് കുറച്ചു നാളത്തേക്ക് മാനസികനില പാടെ തെറ്റിയിരുന്നു.
വീട്ടിൽ വരുന്ന ആളുകളെ ഓട്ടോ ഡ്രൈവർ ആണെന്ന വിച്ചേന   കത്തി വീശുകയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു ഞാൻ..
ഇപ്പൊ അതിൽ നിന്ന് റിക്കവർ ആയി ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറിയിട്ട് ഒരു  വർഷമേ ആയുള്ളൂ..  ഒരുപക്ഷെ വീണ്ടുംഅങ്ങനെ  വന്നാൽ..  മാഷ് ഒരു ഓട്ടോ ഡ്രൈവർ ആയത് കൊണ്ടും,,   വീട്ടുകാർ അത് മറച്ചു വച്ചതു പോലെ എനിക്ക്  മാഷിനെ ചതിക്കാൻ വയ്യാത്തതും കൊണ്ടുമാണ് ഞാൻ അങ്ങനെ ചെയ്തത്..
മാനസികനില തെറ്റിയ എന്നെക്കാളും നല്ലൊരു ജീവിതം മാഷിന്  ഉണ്ടാവട്ടെയെന്ന് പറഞ്ഞു അവൾ തിരിച്ചു നടന്നപ്പോൾ ഒരു നിമിഷം നില്ക്കു ന്ന് പറഞ്ഞ് ഞാൻ  അടുത്തേക്ക് ചെന്നു.. . 
പത്താംതരം  ഡിസ്റ്റിങ്‌ഷനോടെ പാസ്സായ സെർട്ടിഫിക്കറ്റ് മേടിച്ചു തിരിച്ചു വന്നപ്പോൾ ഞാൻ കണ്ടത്  വീടിനു മുറ്റത് ഉയർന്ന  പന്തലും  നിറയെ ആൾക്കൂട്ടമായിരുന്നു..
തലയ്ക്കൽ നിലവിളക്ക് കത്തിച്ചു വച്ച് കാലിലെ തള്ളവിരൽ രണ്ടും തുണിവള്ളിയാൽ കൂട്ടികെട്ടി വെള്ളപുതപ്പിച് അപ്പനാ കട്ടിലിൽ കിടന്ന് എന്നെ തോല്പിച്ചപ്പോൾ വലതുകയ്യിലെ സെർട്ടിഫിക്കറ്റിൽ അവസാനമായി ഞാൻ ഒന്ന്  നൊക്കി..
അന്ന് സർട്ടിഫിക്കേറ്റ്  പൂട്ടികെട്ടി  അപ്പന്റെ വരുമാനമാർഗ്ഗം ആയിരുന്ന മുച്ചക്രവാഹനത്തിൽ പോയിരിക്കുമ്പോൾ ഒരു തുള്ളി കണ്ണീരിന്റെ മിഴികളിൽ നിന്നും അടർന്നു വീണില്ല..
ഒരുതരം മരവിപ്പ് ആയിരുന്നു ദേഹമാസകലം, വാശിയായിരുന്നു പിന്നീടങ്ങോട്ട് ഒറ്റയ്ക്ക് ആക്കി പോയ അപ്പനോടും മുന്നോട്ടുള്ള ജീവിതത്തോടും...
കൂടപ്പിറപ്പുകളെയും  അമ്മയെയും  ഇനി നീയാണ് നോക്കേണ്ടതെന്നു വരുന്നവനും പോകുന്നവനും തോളിൽ തട്ടി പറയുമ്പോൾ മനസ്സിൽ വീണ്ടും ആവർത്തിച്ചുറപ്പിച്ചു എനിക്ക് അതിനുള്ള ശക്തിതരണെ പടച്ചോനെ ന്ന്.. 
അഴയിൽ കിടന്ന അപ്പന്റെ കാക്കിയുടുപ്പ് ദേഹത്തിട്ട്  ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സിൽ ഇനിയെന്തെന്നറിയാതെ നിൽക്കുന്ന അമ്മയും കൂടപ്പിറപ്പിറപ്പുകളും മാത്രം ഉണ്ടായിരുന്നു ള്ളൂ.
കർക്കിടകത്തിലെ നിലയ്ക്കാത്ത മഴയത്തു ചോർന്നൊലിക്കുന്ന വീടിന്റെ ഷീറ്റിൽ  നിന്നും  വീഴുന്ന മഴതുള്ളികൾ പാത്രങ്ങളിലേക്ക് പ്രവഹിക്കുമ്പോൾ,
ആ  ശബ്ദം കാതിലങ്ങനെ  ഏറ്റുവാങ്ങുമ്പോൾ  അത് എന്റെ മുന്നോട്ടുള്ള പ്രയണത്തിനു കുതിപ്പ് എറ്റിച്ചതേയുള്ളൂ..
കാലമങ്ങനെ ഓടിത്തുടങ്ങുമ്പോൾ  ഓട്ടം ഓടികിട്ടുന്ന വരുമാനത്തിൽ നിന്നു മിച്ചം പിടിച്ചും ചിട്ടി കൂടിയും  കിട്ടിയ പണം കൊണ്ട്
ഗൃഹമൊന്നു  പുതുക്കിപണിതപ്പോൾ കൂടപ്പിറപ്പുകൾക്കൊപ്പം അമ്മയുടെ മുഖത്തും സന്തോഷം ഞാൻ കാണുന്നുണ്ടായിരുന്നു.
പിന്നൊരു നാൾ  അത്താഴം കഴിഞ്ഞു കൈ കഴുകുമ്പോൾ അരികിൽ വന്ന അമ്മ  എന്നോട് പറയുന്നുണ്ടായിരുന്നു അനിയൻ പഠിക്കാൻ മിടുക്കനാ അവന്റെ മുന്നോട്ടുള്ള  പഠനത്തിൽ  നീ കുറച്ചുടെ പണം സ്വരൂപിച്ചാൽ ജോലിയും കിട്ടും.. നിന്റെ ഭാരത്തിൽ അല്പം കുറവ് വരുമെന്ന്.. ..
അമ്മയുടെ വാക്ക് ശരി വെച്ച്   പാതിരായ്ക്കുള്ള  ലാസ്റ്റ് ബസ് വരും വരെ ഓട്ടത്തിനായി കളത്തിലങ്ങനെ  കിടക്കുമ്പോൾ അംബേദ്കർടെ ആറുമണിക്കൂർ ഉറക്കം പതിനെട്ടു മണിക്കൂർ ജോലിയെന്ന വാക്യം  മനസ്സിലൂടെ വെറുതെയങ് കടന്നു പോയി..
കാലം ഒന്നിനും കാത്തു നിൽക്കില്ലെന്നു പെങ്ങൾ കെട്ടുപ്രായമായെന്ന് പറഞ്ഞു  ആലോചനകൾ വന്ന് തുടങ്ങിയപ്പോഴാണ് ഞാനും അറിഞ്ഞു തുടങ്ങിയത് ..
പലരോടും കെഞ്ചിയും വീട്ടുപടിക്കൽ കാവലിരുന്നും ഓടിനടന്നു  കടം വാരി കൂട്ടി അവളെ മറ്റൊരു വീട്ടിലേക്കു പറഞ്ഞു വിട്ട് കടമ വീട്ടി   നടുവൊന്ന് നിവർത്തിയപ്പോൾ  അനിയന് ജോലി കിട്ടാൻ  രണ്ടുലക്ഷം രൂപകെട്ടിവയ്ക്കണമെന്ന ആവശ്യവുമായി അവനും അടുത്ത് വന്നുനില്പുണ്ടായിരുന്നു..
മറിക്കാനും തിരിക്കാനും മിച്ചമെന്ന് പറയാൻ ആകെയുള്ള വീടിന്റെ ആധാരംകൂടി  പണയപ്പെടുത്തി ജോലി മേടിച്ചു കൊടുത്തതിന്റെ  നാലാം  മാസം   കൂടെ ജോലി ചെയ്യുന്ന  പെണ്ണിന്റെ കയ്യും പിടിച്ചു  അവൻ വീട്ടിലേക്ക്  വരുമ്പോൾ ഓട്ടോയുടെ പൊട്ടിപോയ ഡീസൽ ടാങ്കിന്റെ ലീക്ക് അടയ്ക്കുകയായിരുന്നു ഞാൻ..  .
മുന്നേ ചാടി  അവിവേകം കാട്ടിയെന്നോർക്കരുത് വേറെ നിവൃത്തി ഇല്ലാത്തകൊണ്ടാണ് ഏട്ടന് പറഞ്ഞപ്പോ   ആ  മാസത്തെ പെന്റിങ് ആയിപോയ പണയഅടവിന്റെ  രസീതു പോക്കറ്റിൽ ഇരുന്നു എന്നെനോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു..
എന്നാണെങ്കിലും നടക്കേണ്ടതല്ലേ  നേരത്തെയായത് കൊണ്ട്  നിന്റെ  ഭാരമൊക്കെയും ഒഴിഞ്ഞല്ലോ ഉണ്ണീ യെന്ന് അമ്മയും  പറഞ്ഞപ്പോ ആ തീരുമാനം ഞാനും ശരി വച്ചു.. പക്ഷേ, അപ്പോഴും ബാങ്കിലെ ആധാരം പാതിയടവുമായി  അങ്ങനെ തന്നെ അവിടെയുണ്ടെന്ന് അമ്മേ ന്ന് പറയാൻ എനിക്കും തോന്നിയില്ല..
വർഷം മൂന്നു പിന്നിട്ടപ്പോൾ ആധാരം തിരിച്ചടുത്ത് വിജയിയെ പോലെ വീട്ടിൽ വന്ന് കേറിയ ഞാൻ കണ്ടത് വീടോ വീതമോ കിട്ടാൻ കാത്തിരിക്കുന്ന  അനിയനും പെങ്ങൾക്കുള്ള ബാക്കി എന്താന്ന് വെച്ചാൽ മേടിക്കാൻ നിൽക്കുന്ന അളിയനും...
  അത്താഴമേശയിൽ വച്ച് ഭാഗമെന്ന  ചോദ്യം  ഉയർന്നു കേട്ടപ്പോ  ഇത്ര കാലം ചെലവാക്കിയത് ആർക്ക് വേണ്ടിയായിരുന്നുവെന്നും ഇതിൽ എനിക്കായ് നിങ്ങൾ കരുതി വെച്ച ഭാഗം എവിടെയെന്നുമുള്ള   ചോദ്യം  ഉമിനീരിനൊപ്പം ഞാനങ്ങു വിഴുങ്ങികളഞ്ഞു.
അനിയത്തിയ്ക്കുള്ള ഭാഗവും  അനിയനെ വീടും ഏല്പിച്ചു ഒരു കൊച്ചുവാടക വീട്ടിലേക്കു മാറുമ്പോൾ എന്റെ അമ്മയെ മാത്രമേ ഞാൻ കൂടെകൂട്ടാൻ അവരോടു ആവശ്യപ്പെട്ടുള്ളു..
ഒരു ശരാശരി മനുഷ്യന്റെ മാനസിക നില തെറ്റി പോവാൻ കൂടപ്പിറപ്പുകളുടെ ഈ പ്രെവൃത്തി തന്നെ ധാരാളം.. എന്നിട്ടും ഞാൻ പിടിച്ചു നിന്നത് എപ്പോഴെങ്കിലും എന്നെയും സ്നേഹിക്കാൻ ഈ ഭൂമിയിൽ ദൈവം ആരെയെങ്കിലും മാറ്റി നിർത്തിയിട്ട് ഉണ്ടാവും എന്ന് കരുതിയാ.
നിന്റെ കുറവുകൾ പകരം തരാൻ എന്റെ കയ്യിലും നെഞ്ച് നിറച്ചു സ്നേഹം മാത്രമേയുള്ളൂ കൂടെ ജീവിക്കാൻ സമ്മതമാണെങ്കിൽ നമുക്ക് ഇനിയുള്ള കാലം ഒരുമിച്ച് ജീവിച്ചു കൂടെ..
അവളുടെ മിഴികളിലെ നനവും തല താഴ്ത്തിയുള്ള മൗനവും മാത്രം മതിയായിരുന്നു അവൾ എന്റെ പെണ്ണാണെന്ന് ഉറപ്പിക്കാൻ....
രചന: അരുൺ കാർത്തിക്
കൂടുതൽ കഥകൾ എപ്പോഴും വായിക്കുവാൻ വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ.... താഴേക്ക് സ്ക്രോൾ ചെയ്യൂ കൂടുതൽ കഥകൾ കാണാം...
To Top