എൻ ജീവൻ❤ ഭാഗം- 7 To 9

Valappottukal
എൻ ജീവൻ❤ ഭാഗം- 7

പിന്നീടങ്ങോട്ട്‌ ഞാൻ കാർത്തിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. കാർത്തി എന്നെ നോക്കി ചിരിക്കുമ്പോൾ തിരിച്ചു ഞാനും അറിയാതെ ചിരിക്കും.
പക്ഷേ, കാർത്തി എന്റെ അടുത്ത് വരുന്നത് കണ്ടാൽ എന്റെ നെഞ്ചിടിപ്പ് കൂടും. അതുകൊണ്ട് പരമാവധി കാർത്തിയുടെ അടുത്ത് പോകാതെ നോക്കി.
എപ്പോഴും കീർത്തിയുടെയും  അമ്മായിയുടെയും കൂടെ നടന്നു. കീർത്തി ഇല്ലാതെ മുകളിൽ പോകില്ല.
കാർത്തി എല്ലാവരോടും കാണിക്കുന്ന സ്നേഹവും കരുതലും എന്നെ കാർത്തിയോട്  കൂടുതൽ അടുപ്പിച്ചു. അതിനേക്കാൾ ഉപരി അമ്മായിയുടെ മോളായി അവിടെ തന്നെ കഴിയാൻ ആഗ്രഹിച്ചു.
വിഷുവിന് മൂന്നു ദിവസം കിടക്കെ ഒരു സംഭവം ഉണ്ടായി. കാർത്തി എന്നോട് പിണങ്ങിയ ദിവസം.
വൈകുന്നേര സമയം. ഞാനും കീർത്തിയും ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്നു.
അപ്പോഴാണ് അപ്പുറത്തെ വീടിനു മുന്നിൽ ഒരു ഓട്ടോ വന്നു നിന്നത്.
അതിൽ നിന്നും ഒരു വണ്ണമുള്ള ഒരു പെൺക്കൊച്ച്  ഇറങ്ങി. കൂടെ അതിന്റെ അച്ഛനും അമ്മയും ആണെന്ന് തോന്നുന്നു.
"ചേച്ചി...അവർ ഇവിടെ വാടകക്ക് താമസിക്കുന്നവരാ. ഞാൻ എട്ടിൽ  പഠിക്കുമ്പോഴാ വന്നത്. ദേ, അത് ഗൗരി. ഇവിടെ എന്റെ ക്ലാസ്സിൽ തന്നെയായിരുന്നു പഠിച്ചത്"
"ആണോ? മ്മ്"
"പിന്നേ, ഏട്ടന്റെ ലൈൻ ആണ്"
എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ അവരുടെ അടുത്ത് പോയി.
ഏട്ടന്റെ ലൈനോ?!
ഞാൻ ഷോക്കേറ്റതു പോലെ നിന്നു.
വീട്ടിലുള്ളവരുടെയും കുടുംബക്കാരുടെയും എല്ലാ കാര്യങ്ങളും പറഞ്ഞിട്ടും ഇത് മാത്രം എന്തുകൊണ്ട് കീർത്തി എന്നോട് പറഞ്ഞില്ല .
അവിടെ നിന്ന് ഞാൻ  അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി.
"ഹായ്...കീർത്തി. സുഖമല്ലേ?
നിന്റെ ഏട്ടൻ എവിടെയാ? ഇവിടെ ഉണ്ടോ അതോ പുറത്തു പോയോ?
ഞാൻ വന്നെന്ന് പറയണേ. വിഷു അവിടെ ആഘോഷിക്കാമെന്ന് അമ്മ പറഞ്ഞതാ. ഞാൻ സമ്മതിച്ചില്ല. കാണാതെ ഇരിക്കാൻ പറ്റുന്നില്ലാടി"
ഇതു കേട്ടപ്പോൾ എന്റെ നെഞ്ചിൽ  എന്തോ കുത്തിയിറക്കുന്നത് പോലെ വേദന അനുഭവപ്പെട്ടു. എന്റെ കണ്ണൊക്കെ നിറഞ്ഞു. ഇനിയും അവിടെ നിന്നാൽ പൊട്ടിക്കരയുമെന്ന് തോന്നിയപ്പോൾ ഞാൻ വേഗം അകത്തു കയറി.
എത്രയും പെട്ടന്ന് മുറിയിൽ എത്തിയാൽ മതിയെന്ന് ആയി. പക്ഷേ, കാർത്തി മുകളിൽ ഉണ്ടെന്ന കാര്യം ഞാനപ്പോൾ ഓർത്തില്ല.
ഞാൻ മുറിയിൽ കയറാൻ പോയതും കാർത്തി എന്റെ കൈ പിടിച്ചതും ഒത്തായിരുന്നു.
"കിട്ടിപ്പോയി... എത്ര ദിവസമായി ഇങ്ങനെ നിന്നെ അടുത്ത് കിട്ടിയിട്ട്? അതെങ്ങനെയാ എനിക്ക് പിടി തരാതെ നടക്കുവല്ലേ ഈ കള്ളിപ്പെണ്ണ്"
ഞാൻ ഒന്നും മിണ്ടാതെ നിന്നു. കാർത്തി എന്നെ പിടിച്ച്‌ അവന്റെ നേർക്ക് തിരിച്ചു നിർത്തി.
"ങേ? നിന്റെ കണ്ണൊക്കെ നിറഞ്ഞു ഇരിക്കുവാണല്ലോ? എന്ത് പറ്റി?"
എന്നും പറഞ്ഞ് കാർത്തി എന്റെ കവിളിൽ പിടിച്ചു.
"എന്നെ തൊടണ്ടാ"
ഞാൻ കാർത്തിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
"അതെന്താ ഞാൻ തൊട്ടാല്?"
കാർത്തി ചിരിച്ചു കൊണ്ട് വീണ്ടും എന്റെ കവിളിൽ പിടിച്ചു. ഞാൻ ഉടനെ കൈ തട്ടി മാറ്റി.
"തൊടാനും പിടിക്കാനും അപ്പുറത്ത് ഒരുത്തി ഉണ്ടല്ലോ. പിന്നെ എന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നെ?
അവൾക്ക് എന്നേക്കാൾ നല്ല കവിൾ ഉണ്ട്. അങ്ങോട്ട്‌ പൊയ്ക്കോ"
അത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"നീ ഇത് എന്തൊക്കെയാ വിളിച്ചു പറയുന്നെ? ഞാൻ ആരെ പോയി പിടിക്കാനാ? ഏത് പെണ്ണിന്റെ കാര്യമാ?"
ഞാൻ മറുപടി കൊടുക്കാതെ മുറിയിൽ കയറാൻ പോയി.
"ഡീ..രെച്ചു...എന്താന്ന് പറഞ്ഞിട്ട് പോ"
കാർത്തി വീണ്ടും എന്റെ കയ്യിൽ കേറി പിടിച്ചു.
"എന്നെ തൊടരുത് എന്നല്ലേ പറഞ്ഞേ?
ഞാൻ ദേഷ്യത്തോടെ  കാർത്തിയുടെ മുഖത്ത് നോക്കി ഉറക്കെ പറഞ്ഞു.
പെട്ടന്ന് കാർത്തിയുടെ കൈകൾ അയഞ്ഞു. എന്റെ കയ്യിൽ നിന്നും പിടി വിട്ടു. കണ്ണൊക്കെ നിറഞ്ഞു വന്നു. ആ മുഖത്തെ ചിരി മായുന്നത് ഞാൻ കണ്ടു.
"രെച്ചു ചേച്ചി...ഇത് എവിടെയാ? ഒന്നു ഇങ്ങോട്ട് വന്നേ..."
താഴെ നിന്നും കീർത്തി വിളിച്ചു പറഞ്ഞു.
ഞാൻ ഉടനെ കണ്ണു തുടച്ചുകൊണ്ട് താഴേക്ക് ചെന്നു. അവിടെ ഗൗരിയും ഉണ്ടായിരുന്നു.
"ചേച്ചി...ഇത് ഗൗരി. ഞാൻ പറഞ്ഞില്ലേ?"
"ഹ്മ്മ്..."
"ഗൗരി...ഇതാണ് എന്റെ രശ്മി ചേച്ചി. രെച്ചുവെന്ന് വിളിക്കും. ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണ്. എന്റെ ഭാവി ഏട്ടത്തി.
ഞങ്ങളുടെ രവി മാമൻ ഇല്ലേ? ഇവിടെ ഇടക്ക് വരുന്നത്. ആ മാമന്റെ ഒറ്റ മോളാ. ഏട്ടൻ IPS ആയിട്ട് കല്യാണം നടത്തും"
കീർത്തി പറയുന്നത് കേട്ട് ഞാനും ഗൗരിയും ഒരുപോലെ ഞെട്ടി നിന്നു. ഗൗരി ഉടനെ അടുത്ത് വന്ന് എന്റെ കൈ പിടിച്ചു.
"ചേച്ചി...കീർത്തി പറയുന്നതൊക്കെ സത്യമാണോ?"
ഞാൻ പെട്ടന്ന് കീർത്തിയെ നോക്കി. അവളെന്നെ കണ്ണിറുക്കി കാണിച്ചു. അതുകണ്ട് ഞാൻ തലയാട്ടി.
"നിനക്ക് സംശയം ഉണ്ടേൽ എന്റെ അമ്മയോട് ചോദിച്ചു നോക്ക് മുറപ്പെണ്ണ് ആണോ അല്ലയോ എന്ന്. നേരത്തെ പറഞ്ഞാൽ നീ വിശ്വസിക്കില്ലാലോ...
അതാ...രെച്ചു ചേച്ചി വന്നിട്ട് നിന്നോട് പറയാമെന്ന് വെച്ചേ"
"സോറി ചേച്ചി. എനിക്ക് അറിയില്ലായിരുന്നു"
എന്നും പറഞ്ഞ് ഗൗരി വേഗം പുറത്തു പോയി.
"നീ എന്തിനാ കീർത്തി ഇങ്ങനെയൊക്കെ ഗൗരിയോട്  പറഞ്ഞേ? നീയല്ലേ നേരത്തെ എന്നോട് പറഞ്ഞത്  ഏട്ടന്റെ ലൈൻ ആണെന്ന്"
"അയ്യോ...തെറ്റിപ്പോയി. ഏട്ടനെ ലൈൻ അടിക്കുന്നവൾ എന്നാ ഉദ്ദേശിച്ചേ. സോറി...
അതേ ചേച്ചി...അവൾ ഇവിടെ വന്നതു മുതൽ ഏട്ടനെ നോക്കാൻ തുടങ്ങിയതാ. ഏട്ടനെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ ഉടൻ തന്നെ ഏട്ടനോട് പറഞ്ഞു. പക്ഷേ, ഏട്ടന് അവൾ എന്നെ പോലെയാ. ഞാൻ അത് എത്ര തവണ അവളോട്‌ പറഞ്ഞിട്ടും കേൾക്കുന്നില്ല.
ഇനി അവൾ നോക്കില്ലാന്നാ തോന്നുന്നെ"
"മോളെ കീർത്തി..."
"എന്തോ...ചേച്ചി ഞാനിപ്പോ വരാമേ"
കീർത്തി ഉടനെ  അടുക്കളയിലേക്ക് പോയി.
എനിക്കെല്ലാം കേട്ടിട്ട് തലക്കാകെ ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി.
ഈശ്വരാ...ഞാൻ എന്തൊക്കെയാ കാർത്തിയോട് പറഞ്ഞേ?
അപ്പോൾ വന്ന സങ്കടത്തിലും ദേഷ്യത്തിലും വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു.
ഇനി ഞാൻ കാർത്തിയോട് എന്തു പറയും? 
ശേ...എന്നോട് എന്താന്ന് ചോദിച്ചിട്ട് പോലും ഞാനൊന്നും പറഞ്ഞില്ല.
ഗൗരി ആരാ എന്നെങ്കിലും എനിക്ക് ചോദിക്കാമായിരുന്നു.
കാർത്തിക്ക് നല്ല സങ്കടം ആയി കാണും. കണ്ണൊക്കെ നിറഞ്ഞത് ഞാൻ കണ്ടതല്ലേ.
എങ്ങനേലും കാർത്തിയോട് സംസാരിക്കണം എന്ന് വിചാരിച്ചു കൊണ്ട് ഞാൻ തിരിഞ്ഞതും കാർത്തി സ്റ്റെപിന്റെ അവിടെ നിൽക്കുന്നു.
ഞാൻ ഒരു നിമിഷം അന്ധാളിച്ചു.
കാർത്തിയുടെ നിൽപ്പ് കണ്ടിട്ട് എല്ലാം കേട്ടു കാണുമെന്നു തോന്നുന്നു.
ആ മുഖത്ത് അപ്പോൾ സങ്കടമാണോ ദേഷ്യമാണോ എന്ന് എനിക്ക് മനസ്സിലായില്ല.
രണ്ടും കൂടി ചേർന്ന മുഖഭാവം ആയിരുന്നു.
ഞാൻ കാർത്തിയുടെ അടുത്ത് വരുന്നത് കണ്ടപ്പോൾ കാർത്തി വേഗം തിരിഞ്ഞു സ്റ്റെപ് കേറാൻ ഒരുങ്ങി.
"കാർത്തി..."
"വേണ്ട. ഒന്നും പറയണ്ട"
എന്നും പറഞ്ഞ് വേഗത്തിൽ പോയി മുറിയിൽ കയറി കാർത്തി വാതിലടച്ചു.
ഇതുകണ്ട് എന്താ ചെയ്യേണ്ടേ എന്നറിയാതെ ഞാനവിടെ നോക്കി നിന്നു.
എൻ ജീവൻ❤ ഭാഗം- 8
അന്ന് രാത്രി കഴിക്കാൻ പോലും കാർത്തി  വന്നില്ല. ഞാൻ ഭക്ഷണം പാതിയിൽ വെച്ച് അവസാനിപ്പിച്ചു. കിടന്നിട്ട് ഉറക്കം വന്നേയില്ല.
ആ നേരത്തെ കാർത്തിയുടെ മുഖം ഓർമയിൽ വന്നപ്പോൾ എന്റെ കണ്ണു നിറഞ്ഞു. എങ്ങനേലും നേരം വെളുത്താൽ മതിയെന്നായി. നാളെ കാർത്തിയോട് സോറി പറയണമെന്ന് ഉറപ്പിച്ചു.
പക്ഷേ,  പറയാൻ പറ്റിയില്ല. ഞങ്ങൾ എണീക്കും മുമ്പേ കാർത്തി പുറത്തു പോയിരുന്നു.
ഉച്ചക്ക് വന്ന്  കീർത്തിയോട് എന്തോ പറഞ്ഞിട്ട്  വീണ്ടും പുറത്തു പോയി. രാത്രി കുറേ നേരം കാത്തിരിന്നിട്ടും കാർത്തിയെ കണ്ടില്ല. കീർത്തി പിന്നെ അധിക സമയം ഇരിക്കാൻ സമ്മതിച്ചില്ല. മുറിയിലേക്ക് കൊണ്ടു പോയി.
മനപ്പൂർവം എന്റെ മുമ്പിൽ വരാതെ ഇരിക്കുകയാണ്. ഞാൻ തന്നെയാണ് കാരണം. വല്ല കാര്യമുണ്ടായിരുന്നോ. അന്ന് രാത്രിയിൽ തലയിണയിൽ കാർത്തിയെ ഓർത്ത് കണ്ണീരൊഴുക്കി ഞാൻ കിടന്നു.
പിറ്റേന്ന് കീർത്തി ഉണരും മുമ്പേ ഞാൻ എണീറ്റു. വാതിൽ തുറന്നു നോക്കിയപ്പോൾ കാർത്തി മുറിയിൽ നിന്ന് പുറത്തു പോകാൻ ഇറങ്ങുന്നു.
ഞാൻ വേഗം കാർത്തിയുടെ അടുത്തെത്തി.
"കാർത്തി...I'm Sorry...പ്ലീസ്...എന്നെ ഒന്നു നോക്ക്"
"എനിക്ക് ആരുടേയും സോറി കേൾക്കണ്ട "
എന്നും പറഞ്ഞ് എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ കാർത്തി പോയി.  അപ്പോഴേക്കും കീർത്തി മുറിയിൽ നിന്ന്  വന്നു.
"ആഹാ...ചേച്ചി ഇന്ന് നേരത്തെ എണീറ്റോ?എവിടെ പോയെന്നു നോക്കുകയായിരുന്നു ഞാൻ"
"ഹ്മ്മ്..."
ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് പോയി.
അന്ന് സന്ധ്യ കഴിഞ്ഞപ്പോഴാണ് കാർത്തി വന്നത്. കയ്യിൽ കുറേ സാധനങ്ങളും.
വിഷുക്കണിക്ക് ഒരുക്കാനുള്ളതാണെന്ന് നോക്കിയപ്പോൾ മനസ്സിലായി.
എല്ലാരും കൂടെ ചേർന്ന് കണിയൊക്കെ ഒരുക്കാൻ തുടങ്ങി. ഞാനും ഒപ്പം കൂടി. കാർത്തിക്കു ഒരു മൈൻഡും ഇല്ല. എന്നെ ഒഴിച്ച് ബാക്കിയുള്ളവരോടൊക്കെ ചിരിച്ചു സംസാരിക്കുന്നുണ്ട്.
എനിക്കത് കണ്ടപ്പോൾ സഹിച്ചില്ല. തലവേദന എടുക്കുന്നു എന്ന് പറഞ്ഞ് ഞാൻ മുറിയിൽ പോകാൻ ഒരുങ്ങി. കഴിച്ചിട്ട് കിടക്കാൻ അമ്മായി പറഞ്ഞിട്ടും ഞാൻ കേട്ടില്ല.
അന്ന് രാത്രി കരഞ്ഞുകൊണ്ട് ഞാൻ ഉറങ്ങിപ്പോയി. വെളുപ്പിനെ എന്നെ ആരോ  തട്ടി ഉണർത്തി.
"കണ്ണു തുറക്കല്ലേ...മോള് പതിയെ എണീറ്റെ ...ഞാനാ അമ്മായി..."
അമ്മായി എന്റെ കണ്ണു പൊത്തി. സീതമ്മ കീർത്തിയുടെയും. താഴെ എത്തിയപ്പോൾ അമ്മായി കൈ മാറ്റി. ഞാൻ കണ്ണു തുറന്നു. പക്ഷേ, ഞാൻ കണ്ടത് കൃഷ്ണനെ ആയിരുന്നില്ല വിളക്കിന്റെ തിരി നീക്കിയിടുന്ന കാർത്തിയെ ആയിരുന്നു.
"ചേച്ചി...ഇത് എവിടെയാ നോക്കുന്നെ? ഭഗവാനെ പ്രാർത്ഥിക്ക്"
കീർത്തി പറഞ്ഞതു കേട്ട് ഞാൻ കൃഷ്ണനെ നോക്കി നിറ കണ്ണുകളോടെ കൈ കൂപ്പി പ്രാർത്ഥിച്ചു.
"എന്റെ കൃഷ്ണാ...ഇന്നെങ്കിലും കാർത്തി എന്നോട് മിണ്ടണേ"
കണ്ണു തുറന്നു നോക്കിയപ്പോൾ കൃഷ്ണന്റെ അടുത്ത് ഒരു താമര ഇരിക്കുന്നത് കണ്ടു . അത് കണ്ടപ്പോൾ എനിക്ക് കുറച്ചും കൂടി സങ്കടം വന്നു .
അമ്പലത്തിൽ പോകാനായി കുളിച്ചിട്ട്  വന്നപ്പോൾ അമ്മായി ഒരു കവറുമായി മുറിയിൽ വന്നു.
"മോളെ...ഇത് ഞങ്ങളുടെ വക വിഷുക്കോടിയാ. മോളും കൂടി ഈ തവണ വരുന്നുവെന്ന്  രവിയേട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾ വാങ്ങി വെച്ചതാ.
മോൾക്ക്‌ ഇഷ്ടമായോ എന്ന് നോക്ക്. റെഡിമെയ്ഡ് ആണ്. ബ്ലൗസ് ഒരു ഊഹത്തില് എടുത്തതാ"
ഞാൻ കവർ തുറന്നു നോക്കി .
സിമ്പിൾ ആയിട്ടുള്ള ഒരു ലൈറ്റ് യെല്ലോ കളർ ദാവണി സെറ്റ് ആണ്.
"എനിക്കിഷ്ടപ്പെട്ടു അമ്മായി"
"കീർത്തി മോൾക്കും ഉണ്ട്. അത് ഞങ്ങളുടെ വക"
എന്നും പറഞ്ഞ് അമ്മയും വന്നു. അവൾക്കും ഒരു കവർ കൊടുത്തു.
കീർത്തിക്ക് അമ്മ വാങ്ങിയത് ഗോൾഡൻ കളർ ദാവണി ആണ്.
കാർത്തിക്കും അമ്മ വാങ്ങി കാണുമോ?樂 അങ്ങനെ ഞാൻ ആലോചിച്ചു നിൽക്കുമ്പോഴാണ് കീർത്തി ചോദിച്ചത്.
"മാമി...ഏട്ടനും കൊടുത്തോ?"
"ആഹ് പിന്നെ കൊടുക്കില്ലേ... രവി മാമൻ എപ്പോഴേ കൊടുത്തു"
ഏത് കളർ ഷർട്ട്‌ ആണാവോ? ഏതായാലും കാർത്തി ലുക്ക്‌ ആയിരിക്കും.
"അപ്പോൾ ഞങ്ങളുടെ സുന്ദരിക്കുട്ടികൾ വേഗം ഒന്നൊരുങ്ങി താഴേക്ക് വരണേ"
എന്നും പറഞ്ഞ് രണ്ടു പേരും പോയി.
ഞങ്ങൾ റെഡി ആയി താഴേക്ക് ചെന്നു. അവിടെ കാർത്തി മൊബൈലിൽ എന്തോ നോക്കുവാണ്.
കാർത്തിക്കും ഗോൾഡൻ കളർ തന്നെയാ വാങ്ങിയത്.
ആ കളർ കാർത്തിയെ ഒന്നുംകൂടി സുന്ദരനാക്കിയതു പോലെ തോന്നി. അതിനു മാച്ച് ആയ കരയുള്ള മുണ്ട് തന്നെയാണ് ഉടുത്തിരിക്കുന്നത്.
എന്നെ കണ്ടതും കാർത്തി അടിമുടി നോക്കി. എന്നിട്ട് സൂപ്പർ എന്നു കാണിച്ചു. എനിക്ക് അപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഞാൻ കാർത്തിയെ നോക്കി ചിരിച്ചു. പെട്ടന്ന് എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി.
"കീർത്തി കുട്ടി... ദാവണി കലക്കിട്ടോ"
"ഏട്ടനും സൂപ്പറാ"
അവൾ ചിരിച്ചു കൊണ്ടു കാർത്തിയെ പോയി കെട്ടിപ്പിടിച്ചു.
ഹ്മ്മ്...നോക്കിയത് എന്നെ. എന്നിട്ട് ഞാൻ ചിരിച്ചപ്പോൾ അത് ഉടനെ കീർത്തിയെ ആക്കി. കള്ളൻ.
"അച്ഛന്റെ സുന്ദരിക്കുട്ടി റെഡി ആയോ? ഇന്ന് ഒന്നും കൂടി സുന്ദരി ആയല്ലോ"
"മ്മ്...ഇവളെ ഇങ്ങനെ നല്ല വേഷത്തിൽ കാണണമെങ്കിൽ ഓണമോ വിഷുവോ അല്ലേൽ ഏതേലും കല്യാണമോ വരണം.
പുറത്തു എവിടെ പോയാലും ജീൻസും ടോപ്പുംമേ ഈ പെണ്ണ് ഇടുള്ളു"
"അതിനെന്താ ഏട്ടത്തി ഈ പ്രായത്തിലൊക്കെ അല്ലേ ഇതൊക്കെ ഇടേണ്ടത്. അല്ലാതെ വയസ്സാകുമ്പോൾ അല്ലല്ലോ"
ഇത് കേട്ടപ്പോൾ അമ്മായിയുടെ മോളായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി.
"എന്റെ ചക്കര അമ്മായി"
ഞാൻ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു.
"ഓഹ്...നിനക്കിപ്പോൾ അമ്മായിയെ മതിയല്ലോ. നമ്മളെയൊന്നും മൈൻഡ് ചെയ്യുന്നേ ഇല്ല.
ഇങ്ങോട്ട് വരാൻ വിളിക്കുമ്പോൾ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുന്നവളാ"
"അതിനു ഞാൻ അറിഞ്ഞോ ഇത്രയും സ്നേഹമുള്ളവരാ ഇവിടെ ഉള്ളതെന്ന്"
"അപ്പോൾ എനിക്ക് സ്നേഹമില്ലെന്ന്. അല്ലേ?"
അമ്മ കൊച്ചുപിള്ളേരെ പോലെ ചിണുങ്ങി.
"അയ്യേ...നല്ലൊരു ദിവസമായിട്ട് അമ്മ  ഇങ്ങനെ പിണങ്ങല്ലേ. എനിക്കെന്റെ സീതമ്മ കഴിഞ്ഞേ ആരും ഉള്ളു. പോരെ?"
ഞാൻ അമ്മയെ ചേർത്ത് പിടിച്ചു.
"ആഹ്...പിണക്കം മാറിയെങ്കിൽ നമുക്ക് എല്ലാവർക്കും പോകാമായിരുന്നു"
അച്ഛനാണ് പറഞ്ഞത്.
"ഇവിടെ ആർക്കും ഒരു പിണക്കവുമില്ല രവിയേട്ടാ...നമുക്ക് പോകാം"
എന്ന് അമ്മായി പറഞ്ഞതും ഞാൻ കാർത്തിയെ നോക്കി. കാർത്തിയും അപ്പോൾ എന്നെ നോക്കുന്നുണ്ടായിരുന്നു.
പിന്നെ, അമ്പലത്തിൽ വെച്ച് കീർത്തി ചെറിയച്ഛന്റെ ഇളയ മോനെ കാട്ടി തന്നു. മൂത്തവൻ ചെറിയമ്മ മരിച്ചതിൽ പിന്നെ അങ്ങനെ അമ്പലത്തിലൊന്നും അധികം വരാറില്ലത്രെ.
വീട്ടിൽ വന്നതിനു ശേഷം അമ്മാവനും അച്ഛനുമൊക്കെ കൈ നീട്ടം തരാൻ തുടങ്ങി.
കാർത്തി കീർത്തിയെ അരികിൽ വിളിച്ചു. കൈനീട്ടം കൊടുക്കാൻ ആയിരിക്കും. ഞാൻ ഉടനെ മുറിയിലേക്ക് പോയി.
എനിക്ക് ഏതായാലും തരാൻ പോണില്ല. പിന്നെ ഞാനെന്തിനാ അവിടെ നിൽക്കുന്നെ.
എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നപ്പോൾ കീർത്തി മുറിയിലേക്ക് വന്നു.
"എന്ത് പറ്റി ചേച്ചി പെട്ടന്ന് ഇങ്ങ് പോന്നെ? മുഖത്ത് എന്തോ വിഷമം ഉള്ളതുപോലെ. വന്നേ...വല്ലതും കഴിക്കണ്ടേ?"
"ഏയ് അങ്ങനെയൊന്നുമില്ല. ഞാൻ വരാം"
അങ്ങനെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങൾ സദ്യക്കുള്ള ഒരുക്കം തുടങ്ങി.
ഏകദേശം ഒരു മണി ആയപ്പോൾ തന്നെ സദ്യ റെഡി ആയിരുന്നു.
സദ്യക്ക് ഇല ഇട്ടപ്പോൾ കാർത്തി എന്റെ നേർക്ക് ഇരിക്കാതെ മാറി ഇരുന്നു. ഇത് കണ്ട ഞാൻ കീർത്തിയെ മാറ്റി കാർത്തിയുടെ നേരെ ഇരുന്നു. പിന്നല്ലാതെ
സദ്യ കഴിഞ്ഞ് കാർത്തി പുറത്തു പോയി. ഞാനും കീർത്തിയും ടി.വി കാണാൻ തുടങ്ങി. അപ്പോൾ ഗൗരി പായസമായി വന്നു.
"ഗൗരി മോളെന്താ രാവിലെ വരാത്തെ? അല്ലേൽ വരുന്നതാണല്ലോ?"
"ഒന്നുല്ലാ ആന്റി... സദ്യ ഉണ്ടാക്കാൻ  അമ്മയെ കൂടെ സഹായത്തിനു നിന്നു. അതാ..."
അത് കള്ളമാണെന്ന് എനിക്കും കീർത്തിക്കും മനസ്സിലായി. കാർത്തി ഉള്ളതു കൊണ്ടാണ് ഇതുവരെ വരാതെ ഇരുന്നത്.
"ആണോ..മ്മ്... മോള് പാത്രം താ. അതിൽ ഇവിടെത്തെ പായസം തന്നു വിടാട്ടോ"
അമ്മായി പാത്രം വാങ്ങി അടുക്കളയിൽ പോയി. ഗൗരി എന്നെ നോക്കി മങ്ങിയ ഒരു ചിരി ചിരിച്ചു. അവൾ കീർത്തിയോടും ഒന്നും സംസാരിച്ചില്ല. പാത്രം വാങ്ങി അവൾ തിരിച്ചു പോയി.
ഒരു 4 മണി ആയപ്പോൾ കാർത്തി വന്നു.
"ദേ...എല്ലാവരും റെഡി ആയിക്കോ സിനിമക്ക് പോകാൻ. 6 മണിക്ക് മുൻപ് സിറ്റിയിൽ എത്തണം"
"സിനിമക്കോ? ഏത്  സിനിമയാ ഏട്ടാ?"
"ഇന്ന് ഇറങ്ങിയതാ"
കാർത്തി എന്നെ ഇടം കണ്ണിട്ടു നോക്കി. ഞാനത് കണ്ടു.
"ഇന്നോ? വിജയുടെ സിനിമ ആണോ ഏട്ടാ?"
"മ്മ്...അതേ.."
കാർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു.കീർത്തി വേഗം എന്റെ അടുത്ത് വന്നു.
"ഇപ്പോൾ സന്തോഷമായില്ലേ ചേച്ചിക്ക്?"
എനിക്ക് സന്തോഷമായെങ്കിലും പൂർണമായി ചിരിക്കാൻ മനസ്സ് അനുവദിച്ചില്ല.
"ആഹ്...ഞാൻ രെച്ചുവിനോട്‌  പറഞ്ഞായിരുന്നു ഒരാഴ്ച കഴിഞ്ഞിട്ട് കൊണ്ടു പോകാമെന്ന്. അമ്പലത്തിൽ വെച്ച് കാര്യമായിട്ട് പ്രാർത്ഥിക്കുന്നത് കണ്ടു. എന്റെ സുന്ദരിക്കുട്ടിയുടെ പ്രാർത്ഥന ഫലിച്ചല്ലോ"
അച്ഛൻ പിന്നെ കൊണ്ടുപോകാമെന്നു പറഞ്ഞതിനാൽ ഞാൻ ആ കാര്യം പ്രാർത്ഥിച്ചതേ ഇല്ല.
അച്ഛനറിയില്ലാലോ കാർത്തിയുടെ പിണക്കം മാറാനാണ് ഞാൻ പ്രാർത്ഥിച്ചതെന്ന്.
"എന്റെ ഒരു ഫ്രണ്ട് അവിടെ ഫാൻസ്‌ അസോസിയേഷനിൽ ഉണ്ട്. അവനോട് ഞാൻ നേരത്തെ പറഞ്ഞായിരുന്നു"
"ആണോ മോനെ? മ്മ്...നിങ്ങൾ പോയി റെഡി ആകു"
"വാ ചേച്ചി...ഡ്രസ്സ്‌ മാറുന്നില്ലേ?"
"ആഹ്...മാറണം"
കീർത്തി ദാവണി മാറ്റി ഒരു ചുരിദാർ ഇട്ടു. ഞാൻ എന്തു ഇടുമെന്നു ആലോചിച്ചു കൊണ്ടിരുന്നപ്പോഴാ ജീൻസ് എടുത്തു വെച്ച കാര്യം ഓർമ വന്നത്.
ബ്ലൂ ജീൻസും അതിന്റെ കൂടെ ത്രീഫോർത്ത് കൈ വരുന്ന ഒരു ബ്ലാക്ക് കുർത്തയും ഇട്ടു.
"ഇപ്പോൾ ചേച്ചിയെ കാണാൻ വേറെ ലുക്കാട്ടോ...ഏതായാലും സൂപ്പറാണ്"
ഞാൻ അവളെ നോക്കി ചെറുതായി ഒന്നു  ചിരിച്ചു.താഴേക്ക് ചെന്നപ്പോൾ എന്നെ കണ്ട്  അമ്മ അതിശയിച്ചു.
"ഇതൊക്കെ നീ എപ്പോൾ എടുത്തു വെച്ചു?"
"ആഹ്...അതൊക്കെ വെച്ചു"
"കൃഷ്ണേട്ടാ നോക്കിയേ...രെച്ചു മോള് മാറി പോയല്ലേ?"
"മ്മ്...അതേ...അതെ"
"എന്താ അമ്മായി കൊള്ളില്ലേ?"
"അങ്ങനെയല്ല മോളെ പറഞ്ഞെ... ഇപ്പോൾ വേറൊരു ഭംഗിയാ കാണാൻ"
"എന്റെ സുന്ദരിക്കുട്ടി ഏതു ഡ്രസ്സ്‌ ഇട്ടാലും സുന്ദരിയല്ലേ?"
എന്ന് അച്ഛൻ പറഞ്ഞു.
എന്റെ കണ്ണുകൾ കാർത്തിയെ തിരഞ്ഞു. പുള്ളി സ്റ്റെപ് ഇറങ്ങി വരുന്നതേ ഉള്ളു.
ആള്  ജീൻസും ഷർട്ടുമാണ്. ഇവിടെ വന്നിട്ട് ആദ്യമായിട്ടാണ് ഈ വേഷത്തിൽ കാണുന്നത്.
ഞാൻ കുറച്ചു നേരം അറിയാതെ നോക്കി നിന്നു.
"ചേച്ചി...ഞാൻ കാറിൽ കേറുന്നില്ല. ഏട്ടന്റെ ഒപ്പം ബൈക്കിൽ വരാം"
ഞാൻ ശെരിയെന്ന് സമ്മതിച്ചു.
കാർത്തിയുടെയും കീർത്തിയുടെയും നടുവിൽ ആയിരുന്നു എന്റെ സീറ്റ്‌. ഇത്ര അടുത്ത് ഇരുന്നിട്ട് പോലും എന്നെ നോക്കുന്നില്ല ദുഷ്ടൻ.
ഞാൻ മനസ്സിൽ പറഞ്ഞു.
"അതേ...എന്റെ മുഖത്തല്ല സിനിമ. സ്‌ക്രീനിൽ നോക്കി ഇരിക്ക്"
അമ്പോ... പിന്നെ, ഞാൻ നോക്കാൻ പോയില്ല. സിനിമയിൽ തന്നെ ശ്രദ്ധിച്ചു.
കീർത്തി ഇടക്ക് എന്നെ തോണ്ടി വിളിച്ചു.
"ഇതുപോലെ എന്റെ ഏട്ടനും IPS ആകുമല്ലോ. പോലീസ് യൂണിഫോമിൽ ഏട്ടൻ അടിപൊളി ആയിരിക്കും"
വളരെ സന്തോഷത്തിലാണ് അവളത് പറഞ്ഞത്.
കീർത്തി പറഞ്ഞത് കേട്ട്  ഞാനും കാർത്തിയെ പോലീസ് വേഷത്തിൽ എങ്ങനെയുണ്ടാകും എന്ന് ആലോചിച്ചു നോക്കി.
അങ്ങനെ സിനിമയൊക്കെ കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിച്ചു. വീട്ടിൽ ഞങ്ങൾ എത്തുന്നതിനു മുൻപ് തന്നെ കാർത്തി എത്തി. ഞാൻ നോക്കുമ്പോൾ ഡ്രസ്സ്‌ മാറ്റാതെ തന്നെ കീർത്തി കിടന്നു ഉറങ്ങുവാണ്. ഞാൻ പയ്യെ വാതിൽ അടച്ചു.
കാർത്തി ഉറങ്ങിയില്ലെങ്കിൽ ഇപ്പോൾ തന്നെ സംസാരിക്കാമെന്നു വിചാരിച്ചു നോക്കുമ്പോൾ വാതിൽ അടച്ചിട്ടില്ല.
ഞാൻ മുറിയിൽ കയറി. കാർത്തി ഡ്രസ്സ്‌ മാറ്റാൻ തുടങ്ങുകയായിരുന്നു.
"കാർത്തി..."
പെട്ടന്ന് കാർത്തി തിരിഞ്ഞു നോക്കി.
"മ്മ്...എന്താ?"  പുള്ളി ഗൗരവത്തോടെ ചോദിച്ചു.
എനിക്കൊന്നു സംസാരിക്കണമെന്നു പറഞ്ഞു ഞാൻ മുറിയിൽ നിന്ന് ഇറങ്ങി. കാർത്തി വാതിൽപ്പടിയിൽ വന്ന് കൈ കെട്ടി നിന്നു.
"മ്മ്...പറയ്"
"താങ്ക്സ്..."
"എന്തിന്?"
"അത്... അത് വിജയുടെ സിനിമ ഇന്ന് കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല. അതിന്..."
"ഓഹ്...ശെരി...ആയിക്കോട്ടെ. സംസാരിച്ചു കഴിഞ്ഞില്ലേ?"
കാർത്തി ഒരു പുച്ഛത്തോടെ പറഞ്ഞു.
"ഇതുവരെ എന്നോട് പിണക്കം മാറിയില്ല അല്ലേ? ഓക്കേ...പൊയ്ക്കോ... കാര്യം അറിയാതെ ഓരോന്ന് വിളിച്ചു പറഞ്ഞത് ഞാനാ. അത് എന്റെ തെറ്റ് തന്നെയാ. അതിന് ഞാൻ സോറി പറഞ്ഞു കഴിഞ്ഞു. പിന്നെ എന്താ പറയേണ്ടത്? ഇനി ഒന്നും പറഞ്ഞ് ഞാൻ  ശല്യപ്പെടുത്താൻ വരില്ല"
എന്നും പറഞ്ഞ് ഞാൻ കരഞ്ഞു കൊണ്ടു തിരിച്ചു മുറിയിൽ കേറാൻ പോയി.
പെട്ടന്ന് കാർത്തി എന്നെ പുറകിൽ കൂടി കെട്ടിപ്പിടിച്ചു.
എൻ ജീവൻ❤ ഭാഗം- 9
ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല.
"രെച്ചു...."
എനിക്കൊന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അപ്പോൾ. കാർത്തി എന്നെ തിരിച്ചു നിർത്തി. അപ്പോഴും ഞാൻ നിന്ന് കരയുവായിരുന്നു.
കാർത്തി എന്റെ കണ്ണൊക്കെ തുടച്ചു. എന്നിട്ട് എന്റെ മുഖം കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു.
"മതി കരഞ്ഞത്. ഇനിയും എന്റെ പെണ്ണിനെ ഇങ്ങനെ കാണാൻ എനിക്ക് പറ്റില്ല"
പക്ഷേ, എനിക്ക് നിയന്ത്രിക്കാനാവുമായിരുന്നില്ല.
എന്റെ കണ്ണുകൾ കണ്ണുനീർ പൊഴിച്ചു കൊണ്ടിരിന്നു.
"നീ അന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല. താഴെ വന്ന് നിങ്ങളുടെ സംസാരം ശ്രദ്ധിച്ചപ്പോഴാ കാര്യം മനസ്സിലായത്.
ഈ കാർത്തി ഒരു പെണ്ണിനെ തൊട്ടിട്ടുണ്ടെങ്കിൽ അത് നിന്നെയാണ് നിന്നെ മാത്രം. നീയാണ് എന്റെ പെണ്ണെന്ന്  മനസ്സ് പറഞ്ഞതു കൊണ്ടാണ് .
അത്രക്കും ഇഷ്ടമാ...
എനിക്ക് നീ മാത്രം മതി രെച്ചു...എന്നും...
പക്ഷേ, നീ എന്നെ തെറ്റിദ്ധരിച്ചു. അതും എന്താ ഏതാ എന്ന് ശെരിക്കു അന്വേഷിക്കാതെ.
നീ പറഞ്ഞ വാക്കുകൾ അത്രക്കും എന്നെ കുത്തി വേദനിപ്പി..ച്ചു..."
കാർത്തിയുടെ ശബ്ദം ഇടറി. നോക്കിയപ്പോൾ കണ്ണൊക്കെ നിറഞ്ഞു ഇരിക്കുവാണ്. അത് കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് കാർത്തിയെ കെട്ടിപ്പിടിച്ചു.
"അത്...കീർത്തി...കീർത്തി അവൾ ഏട്ടന്റെ ലൈൻ ആണെന്ന് പറഞ്ഞപ്പോൾ ... പെട്ടന്ന് എനിക്ക് സഹിക്കാൻ പറ്റിയില്ല... എന്നോട് കാണിച്ചതൊക്കെ...വെറും..."
കരഞ്ഞു കൊണ്ടിരുന്നതിനാൽ എനിക്ക് വാക്കുകൾ മുഴുവിപ്പിക്കാൻ പറ്റിയില്ല. കാർത്തി എന്റെ തലമുടിയിൽ തലോടി. എന്നിട്ട് എന്റെ മുഖം താടിയിൽ പിടിച്ച് ഉയിർത്തി.
"അതെന്താ സഹിക്കാൻ പറ്റാത്തെ?"
അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് അങ്ങ് വല്ലാതെ ആയി. കാർത്തിയെ ഫേസ് ചെയ്യാൻ പറ്റിയില്ല. ഞാൻ ഉടൻ മുഖം താഴ്ത്തി.
"പറയെടി...പെണ്ണേ..."
"അത്...അറിയില്ല..."
"ഓഹോ...അറിയില്ലേ...ഹ്മ്മ്...ആഹ് പിന്നെ നീ പറഞ്ഞപ്പോഴാ ഞാൻ ശ്രദ്ധിച്ചേ. ഗൗരിക്ക് നിന്നേക്കാൾ കവിൾ ഉണ്ടല്ലേ?!"
പെട്ടന്ന് ഞാൻ കാർത്തിയുടെ മുഖത്ത് നോക്കി.
"അല്ലാ...ആരോ പറഞ്ഞായിരുന്നു...അവൾടെ കവിളിൽ പോയി പിടിക്കാൻ"
കാർത്തി ഒരു ചിരിയോടെ പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.
"അയ്യടാ...പോയി പിടിച്ചാൽ കൊല്ലും ഞാൻ മോനെ"
കാർത്തി ഉടൻ പൊട്ടിച്ചിരിച്ചു.
"എടീ...കാന്താരി...
ഇനി എന്താ കാര്യമെന്ന് അറിയാതെ എന്നോട് ദേഷ്യപ്പെടാൻ വന്നാൽ ഉണ്ടല്ലോ"
എന്നും പറഞ്ഞ് എന്റെ ചെവിയിൽ പിടിച്ചു.
ഞാൻ കാർത്തിയെ നോക്കി ചിരിച്ചു.
"ഞാൻ വിഷു കൈനീട്ടം തരാൻ വന്നപ്പോഴേക്കും നീ പൊയ്ക്കളഞ്ഞല്ലേ?"
"അത്...ഞാൻ..."
"ഹ്മ്മ്...അത് സാരല്ല. പക്ഷേ, ഇപ്പോൾ അതിനു പകരം വേറെ ഒരു കാര്യം തരാൻ പോവുകയാ"
ഞാൻ എന്താന്ന് മട്ടിൽ കാർത്തിയെ നോക്കി. അന്ന് കണ്ടത് പോലെ കാർത്തിയുടെ കണ്ണുകളിൽ ഒരു കുസൃതി ചിരി തെളിഞ്ഞു.
എന്റെ മുഖം കയ്യിൽ എടുത്തുകൊണ്ട്  ചുണ്ടിൽ ആഞ്ഞു ചുംബിച്ചു. എന്നിട്ട് അവിടെ ചെറുതായി കടിച്ചു.
"ഇത് എന്നോട് കാര്യമറിയാതെ ദേഷ്യപ്പെട്ടതിന്. ഇനിയും ഇങ്ങനെ വന്നാൽ ഇതായിരിക്കില്ല തരിക.അതുക്കും മേലെ"
ഒരു കള്ളച്ചിരിയോടെ കാർത്തി പറഞ്ഞു.
ഞാൻ ആണേൽ കാർത്തിയുടെ മുഖത്ത് തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുവാണ്. പെട്ടന്ന്, ഞാൻ എത്തി നിന്ന് കാർത്തിയുടെ വലതു കവിളിൽ ഒരു ഉമ്മ കൊടുത്തിട്ടു റൂമിലേക്ക് വേഗം ഓടി കയറി.
കാർത്തി അത്ഭുതത്തോടെ എന്നെ നോക്കി  നിന്നു. എന്നിൽ നിന്നും അതൊരിക്കലും പ്രതീക്ഷിച്ചു കാണില്ല.
വാതിൽ തള്ളിത്തുറന്നാണ് ഞാൻ അകത്തു കയറിയത്. എന്നിട്ടും കീർത്തി ഉണർന്നില്ല. ഞാൻ അവളെ ഉണർത്താതെ അടുത്ത് കിടന്നു. കാർത്തിയെ സ്വപ്നം കണ്ട് അന്ന് സുഖമായി ഉറങ്ങി.
പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയദിനങ്ങളായിരുന്നു. എപ്പോൾ കണ്ടാലും പരസ്പരം കണ്ണിൽ നോക്കി ചിരിയായി. കീർത്തി അടുത്ത് നിന്ന് മാറുന്ന സമയം കാർത്തിയോട് സംസാരിക്കാൻ പോകുമായിരുന്നു. എന്തേലും രണ്ടു വാക്ക്. അപ്പോഴേക്കും കീർത്തി വിളിക്കും.
ഒരു ദിവസം അങ്ങനെ സംസാരിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് ഒരാൾ  പടികൾ കയറി വന്നത്.
ആ ആളെ കണ്ട് ഞങ്ങൾ രണ്ടു പേരും പെട്ടന്ന് ഞെട്ടിപ്പോയി.
(തുടരും)
രചന: ഗ്രീഷ്മ. എസ്
Please Like, അഭിപ്രായങ്ങൾ അറിയിക്കണേ....
To Top