നമ്മുടെ കല്യാണത്തിന് മുമ്പ് ഏട്ടൻ ആരെയെങ്കിലും പ്രേമിച്ചിരുന്നോ..?

Valappottukal

ഏട്ടാ...
നമ്മുടെ കല്യാണത്തിന് മുമ്പ് ഏട്ടൻ ആരെയെങ്കിലും പ്രേമിച്ചിരുന്നോ..?മാറിലേക്ക് മുഖം ചേർത്തുവെച്ചുക്കൊണ്ടു അവൾ ചോദിച്ചു..
പിന്നെ എനിക്കതിനല്ലേ സമയം...
അതുമല്ല , പെൺക്കുട്ടികൾക്കു പ്രേമിയ്ക്കാൻ പറ്റിയ മുഖവുമായിരുന്നു എന്റേത്....
പറ ഏട്ടാ...
അതൊക്കെ ഒരു രസമല്ലേ.
കുറച്ചുംകൂടി അടുത്തേക്ക് ചേർന്നു കിടന്നു വീണ്ടും ചോദിച്ചു.
നിനക്ക് വേറെ പണിയൊന്നുമില്ലേ...?
വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ.
ഈ ഏട്ടന് എന്നോട് ഒരു സ്നേഹവുമില്ല. പരിഭവത്തിന്റെ മൊട്ടുകൾ അവളുടെ മുഖത്തു വിരിഞ്ഞു...
ഒരു സമാധാനം തരുന്നില്ലല്ലോ ഈശ്വര....!
പിന്നെന്താ എന്നോട് പറഞ്ഞാൽ.
അതു പിന്നെ..
പണ്ടൊരു പ്രേമമുണ്ടായിരുന്നു. അങ്ങനെ വലുതൊന്നുമല്ല. ചെറിയൊരു പ്രണയം. കുറച്ചു നാളുകൾ മാത്രം...
എന്നിട്ട്...
അവളുടെ മുഖത്ത് ആകാംക്ഷ കൂടി.
പ്രിയതമയുടെ പ്രോത്സാഹനം കൂടി ആയപ്പോൾ ഒന്നാം ദിവസം തന്നെ പൊളിഞ്ഞു പോയ പ്രണയം ഓർത്തെടുത്തു വിവരിക്കാൻ തുടങ്ങി.
വിവരിച്ചപ്പോൾ ഇല്ലാത്ത പ്രണയത്തിനു കാഞ്ചനയുടെയും മൊയ്തീന്റെയും പരിവേഷം ചാർത്തി. വെറുതെ ആണെങ്കിലും സ്വന്തം ഭാര്യയോടല്ലേ.
അവൾക്കു നമ്മളോടൊരു മതിപ്പു വന്നോട്ടെ.....ഏത്...!
വല്ലപ്പോഴുമൊക്കെ കാണും. ചിരിക്കും. വിശേഷങ്ങൾ പറയും.
ഏട്ടൻ പ്രേമലേഖനമൊന്നും കൊടുത്തിട്ടില്ലേ...?
രണ്ടു മൂന്നെണ്ണം കൊടുത്തു.
ഒരു പ്രേമലേഖനം കൊടുത്തതിന്റെ രംഗം ഇപ്പോഴും മനസ്സിൽ തെളിയുന്നുണ്ട്. എന്നാലും സ്വന്തം ഭാര്യയുടെ മുന്നിൽ ചെറുതാവരുതല്ലോ..
ഭർത്താവ് പണ്ടു പെൺകുട്ടികളുടെ ഹീറോ ആയിരുന്നെന്നു വെറുതെ കരുതിക്കോട്ടെ.
മറുപടിയൊന്നും കിട്ടിയില്ലേ..?
ഒന്നു രണ്ടു മറുപടിയും കിട്ടി.
എന്ത ഏട്ടാ അതിലെഴുതുന്നത്...?
അതൊന്നും എനിക്കോർമ്മയില്ല.
പ്രിയതമ വീണ്ടും ചിണുങ്ങി.
ഇനിയൊരു പരിഭവം വേണ്ടാന്നു കരുതി പഴയ പ്രണയലേഖനത്തിലെ വരികൾ ഒന്നില്ലാതെ പറഞ്ഞു കൊടുത്തു. പറഞ്ഞു കൊടുത്തതെല്ലാം ഭാവനയിൽ വിരിഞ്ഞത്.. ഭാര്യ വെറുതേ കരുതിക്കോട്ടെ ഭർത്താവ് പണ്ടൊരു പേരുക്കേട്ട കാമുകനായിരുന്നെന്ന്.
എന്നിട്ട്...
അവളുടെ വീടെവിട...?
ഇപ്പോൾ അവളെവിടെയ ഉള്ളത്...?
കല്യാണം കഴിഞ്ഞോ...?
എത്ര മക്കളുണ്ട്...?
ഭർത്താവിനെന്താ ജോലി...?
ഇത്രയും ചോദ്യം ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
വീട് നമ്മുടെ ക്ഷേത്രത്തിന്റെ മുന്നിലൂടെ പോകുന്ന റോഡിന്റെ വളവിന്റെ അവിടെ.
കല്യാണം കഴിഞ്ഞെന്നു തോന്നുന്നു.
വേറൊന്നും അറിയില്ല.
അതെന്താ തോന്നുന്നെന്ന്..?
പരിഭവം വിരിഞ്ഞ പ്രിയതമയുടെ മുഖത്ത് കാർമേഘം ഉരുണ്ടു കൂടി..
ഇതിലെന്തോ കള്ളത്തരമുണ്ട്.
ഏട്ടന് എല്ലാം അറിയാം.
അതുക്കൊണ്ടല്ലേ ഇടയ്ക്കിടയ്ക്ക് ക്ഷേത്രത്തിൽ പോകുന്നത്..?
എന്തൊക്കെയോ എന്റടുത്തു നിന്നു ഒളിച്ചു വെക്കുന്നുണ്ട്.
മാറിൽ നിന്നു മുഖമെടുത്ത പ്രിയതമ തിരിഞ്ഞൊരു കിടത്തം.
ഈശ്വര പണി കിട്ടിയല്ലോ.
എടി...
ഒന്നുമില്ല...!
ഞാൻ വെറുതെ പറഞ്ഞതാ.
പതുക്കെ അവളോട് ചേർന്നു കിടന്നു അനുനയിപ്പിക്കാൻ ശ്രമിച്ചു.
എന്നെ തൊടണ്ട.
കണ്ടവളെയും മനസ്സിൽ വെച്ചിട്ടു എന്റടുത്തു വരണ്ട.
കണ്ടവളോ...?
നീ എന്തൊക്കെയാ ഈ പറയുന്നേ.
പിന്നല്ലാതെ...
പ്രേമലേഖനം കൊടുത്ത കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എന്തൊരു സന്തോഷമായിരുന്നു.
നേരത്തെ പറഞ്ഞില്ലേ ഞാൻ സമാധാനം തരുന്നില്ലന്ന്. ഇതായിരുന്നു കാരണം ല്ലേ...!
ങ്ങേ.. !
ഇതിപ്പോ കുരിശായല്ലോ.
പ്രിയതമയുടെ കരച്ചിലിന്റെ ശബ്ദം പുറത്തേക്കു വന്നു.
അവളുടെ മുന്നിൽ ആളാകാൻ കുറെ കൂട്ടിയും പറഞ്ഞു.
ആകെ കൊടുത്തത് ഒരു പ്രണയലേഖനം.
അതിന്റെ മറുപടിയോ...?
ഇയ്യാൾക്ക് വേറെ പണിയൊന്നുമില്ലേ..?
വെറുതെ എന്റെ പിന്നാലെ നടക്കാൻ. ഇനിയെങ്ങാനും എനിയ്ക്കു എഴുത്തു തന്നാൽ ഞാനെന്റെ ഏട്ടന്മാരോട് പറയും.
ഈ മറുപടിയാണ് അവളുടെ മുന്നിൽ ആളാവാൻ ഇല്ലാത്തതൊക്കെ പറഞ്ഞു കൊടുത്ത്.
അല്ലെങ്കിലും എന്നെ ഏട്ടന് ഇഷ്ടമല്ല...
എന്നോട് ഒരു സ്നേഹവുമില്ല. പഴയ കാര്യങ്ങളെല്ലാം ഓർത്തിരിക്കുവല്ലേ...?
പ്രിയതമയുടെ കരച്ചിലും പരിഭവം പറച്ചിലും തുടർന്നുകൊണ്ടിരുന്നു.
ഇനി ഈ പരിഭവം മാറാൻ രണ്ടു ദിവസമെടുക്കും. അതു മാത്രമോ ഇനി എന്തെല്ലാം സത്യം ചെയ്യണം. അമ്പലത്തിൽ പോക്കും മുടങ്ങും....
പറഞ്ഞിട്ടു കാര്യമില്ല.
ഇല്ലാത്ത പ്രണയം പറഞ്ഞാൽ ഇങ്ങനെയിരിക്കും.
എന്നാലും മാറിൽ ചേർന്നു കിടന്നു പ്രോത്സാഹിപ്പിച്ചിട്ട്..!
ഇനി മിണ്ടാതിരുന്നാലും പറയും.
എന്തോ മനസ്സിലുണ്ട്. അതാണ് മിണ്ടാത്തതെന്ന്...!
എന്തായാലും ഇനി രണ്ടു ദിവസം ഇടിയും മഴയും മാത്രം....
രചന: ഷെഫി സുബൈർ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ ...
To Top