രചന: Aneesh pt
രണ്ടാളും കൂടി ഇതാണല്ലേ ഇവിടെ പരിപാടി,
അയ്യോ മോളെ ഞങ്ങള് വെറുതെ.
രണ്ടു മൂന്ന് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.
ദിനേശേട്ട ഒള്ള കാര്യം ഞാൻ തുറന്നു പറയാം
ബാലേട്ടൻ ഇങ്ങോട്ടൊന്നും ഇറങ്ങാറില്ല എന്നു കരുതി ഈ വക പരിപാടിയൊന്നും ഞാൻ സമ്മതിക്കില്ല.
ഇല്ല കുഞ്ഞേ ഇന്നത്തോടെ നിർത്തി, അറിയാതെ പറ്റിപോയതാ ബാലൻ കുഞ്ഞിനോട് ഇത് പറയരുത്.
പറമ്പ് മുഴുവൻ വെറുതെ കാടു പിടിച്ചു കാടു പിടിച്ചു പോകേണ്ട എന്നു വിചാരിച്ചിട്ടാണ് ബാലേട്ടൻ ഇതു സമ്മതിച്ചത്.
എന്റെ ദീപ കുഞ്ഞേ ഞാൻ ആണയിട്ടു പറയാണ് ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവത്തില്ല.
ഇതാരാ പുതിയ ഒരാള്, മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ..
ദീപയുടെ ചോദ്യത്തിന് മുന്നിൽ, അരുണൊന്നു പരുങ്ങി..
ഇത് നമ്മുടെ മാധവേട്ടന്റെ മോനാണ്,, മ്മടെ കല്യാണി ടെക്സ്ടൈൽസ്...
ഓഹ്,, മാധവേട്ടന്റെ മോനാണല്ലേ.. ദീപയുടെ മുഖത്തു പെട്ടെന്നൊരു പുച്ഛം അരുൺ ശ്രദ്ധിച്ചു.
അരുൺ ഖത്തറിലായിരുന്നു കുഞ്ഞേ, കോവിഡ് വന്നു പെരുകിയപ്പോ ഉള്ള പണിയും പോയി,, നാട്ടിലേക്കു തിരിച്ചു വന്നു,, വീട്ടില് കുത്തിയിരുന്ന് ബോറടിച്ചപ്പോൾ എനിക്കൊരു സഹായത്തിനു ഞാൻ കൂടെ വിളിച്ചതാ..
ഓ ഇതാണോ സഹായം,,
അയ്യോ ,, അരുൺ കുടിക്കതൊന്നുമില്ല
കുഞ്ഞേ... ദിനേശേട്ടൻ നിഷ്കളങ്കമായി അരുണിന്റെ മുഖത്തു നോക്കിയൊന്നു ചിരിച്ചു. അരുണും പതുക്കെ ദീപയെ നോക്കി
ചെറുതായൊന്നു ചിരിച്ചു.
രണ്ടാളെയും ഒന്നുകൂടിയൊന്നു കണ്ണുരുട്ടി നോക്കിയിട്ട് ദീപ തിരിഞ്ഞു നടന്നു..
ഇതേതാ ദിനേശേട്ട ഈ ഫൂലൻ ദേവി. അരുൺ ഒന്നു പല്ലിറുമ്മി.
ശ്യോ,, ഒന്നു പയ്യെ പറ അരുണേ അതിന്റെ ആന ചെവിയാ.. അതിവിടുത്തെ ഇളയത്.
ഇളയതായാലും,, മൂത്തതിന്റെ പവറാണല്ലോ.
അതുപിന്നെ അരുണേ,, ബാലൻ ഒരു പാവമാണ്, ഇങ്ങോട്ടൊന്നും ഇറങ്ങില്ല,, അതെങ്ങനെയാ രണ്ടു തടിമില്ലു തന്നെ നോക്കിനടത്താൻ പുള്ളിയെ കൊണ്ടു പറ്റുന്നില്ല, പോരാത്തതിന് സ്ഥല കച്ചോടം വേറെ,, ദീപ കുഞ്ഞിനു പിന്നെ ബാങ്കിൽ ആണ് ജോലി, ആ ബാങ്കിൽ നിന്നാണ് നിന്റെ പെങ്ങളെ കെട്ടിക്കാൻ മാധവേട്ടൻ ലോൺ എടുത്തത്,, അതാണ് മാധവേട്ടന്റെ മോനാണ് എന്നു പറഞ്ഞപ്പോ മൂപ്പത്തിയുടെ മോറൊന്നു മാറിയത്..
ബാങ്കിലെ ലോൺ എന്നു ദിനേശേട്ടൻ പറഞ്ഞതും അരുണിന്റെ മുഖവും ഒന്നു വാടി.
നീ ഒന്നു സമാധാനപ്പെടു മോനെ അതൊക്കെ വഴിയേ ഒക്കെ അടച്ചു തീരുമെന്നെ..
അതൊക്കെ ഇനിയെങ്ങനെ അടച്ചു തീർക്കാനാ ദിനേശേട്ട, കോറോണോ കാരണം എനിക്കുടനെയൊന്നും ഇനി തിരിച്ചു പോകാൻ പറ്റില്ല, പോയിട്ടാണെങ്കിൽ രണ്ടു കൊല്ലം ആയിട്ടുമില്ല, അതുകൊണ്ട് കാര്യമായിട്ടൊന്നും ഉണ്ടാക്കാനും പറ്റിയില്ല.
എല്ലാത്തിനും ഒരു വഴിയുണ്ടാകുമെന്നെ,, ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകു..
ദിനേശേട്ടൻ ചീഞ്ഞ ഒരു വാഴ കണ്ണ് കുനെ കുനെ വെട്ടി വാഴതടത്തിലേക്കിട്ടു.
അല്ല അരുണേ നിനക്ക് ചെറിയ എന്തെങ്കിലും ഒരു ബിസ്സിനെസ്സ് ഇവിടെയൊന്നു തട്ടികൂട്ടികൂടെ..
അങ്ങനെ എന്തെങ്കിലും ഒന്നു തട്ടികൂട്ടിയിട്ടു കാര്യമില്ല ദിനേശേട്ടാ, തുടങ്ങുമ്പോ നല്ല കാര്യമായിട്ട് വേണം അതിലേക്കു കാലെടുത്തു വെക്കാൻ, പിന്നെ എന്ത് ബിസ്സിനെസ്സ് തുടങ്ങാണെലും നമ്മള് മിനിമം ഒരു മൂന്ന് മാസമെങ്കിലും അതിനെക്കുറിച് നന്നായിട്ടൊന്നു സ്റ്റഡി ചെയ്യണം,, ഇല്ലച്ഛാ പൊള്ളും...
അല്ല മോനെ,, നിന്റെ ഉള്ളില് തൊടങ്ങാൻ പോണതിനെ കുറിച്ച് വല്ല പ്ളാനുമുണ്ടോ.
പ്ലാൻ ഉണ്ടായിട്ടു കാര്യമില്ലല്ലോ ചേട്ടാ, എല്ലാത്തിനും മുന്നേ കയ്യില് കാശു വേണ്ടേ,
മാധവേട്ടൻ ഒരു നല്ല മനുഷ്യനാണ്, ആ മനുഷ്യന്റെ എല്ലാം കുരുത്തവും മോനു കിട്ടിയിട്ടുണ്ട്,,
കുരുത്തം വേറെ പണം വേറെ ദിനേശേട്ടാ.
തല്ക്കാലം ആ ഭദ്രകാളി ഇങ്ങു വരുന്നതിനു മുന്നേ ഇതങ്ങു അടിച്ചു തീർക്കാം.
അപ്പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു... ദിനേശേട്ടൻ മോണ കാട്ടി ചിരിച്ചു...
...................................................................
വൈകിട്ട് ഉണ്ണാൻ ഇരുന്നപ്പോൾ അമ്മയുടെ മുഖം പതിവിലും ഒന്നൂകൂടെ വാടിയതായി അരുൺ കണ്ടു..
ബാങ്കിൽ നിന്നും ഇന്നും രണ്ടു പേര് വന്നിരുന്നു മോനെ,, അഞ്ചു മാസത്തെ കുടിശ്ശികയുണ്ടെന്നു.. ഇത്രയും പറഞ്ഞു അമ്മയൊന്നു നെടുവീർപ്പിട്ടു..
ഒക്കെ ശരിയാവും അമ്മേ. എന്റെ മനസ്സിൽ ചില പദ്ധതികളൊക്കെയുണ്ട്. ഈശ്വരൻ അനുഗ്രഹിച്ച ഞാൻ അതിലേക്കങ് ഇറങ്ങും.
അച്ഛനെക്കൊണ്ടൊന്നും ഇനിയത് അടച്ചു പോരാൻ പറ്റുമെന്നു തോന്നുന്നില്ല,, എല്ലാം എന്റെ കുട്ടിയുടെ തലയിൽ തന്നെ ആയല്ലോ.
ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകു എന്ന് അമ്മ കേട്ടിട്ടില്ലേ, അതുകൊണ്ട് എല്ലാത്തിനും ഒരുവഴിയുണ്ടാകും.. തല്ക്കാലം ഇച്ചിരി ചോറുടെ ഇങ്ങെടുത്തേ
നല്ല വിശപ്പ്,, ഒള്ള വാഴകണ്ണു മൊത്തം ചോന്നു മനുഷ്യന്റെ നടുവൊടിഞ്ഞു.
പിറ്റേന്ന് അരുൺ രാവിലെ തന്നെ ദിനേശേട്ടനെയും കൂട്ടി ദീപയുടെ ബാങ്കിൽ എത്തി..
ദീപകുഞ്ഞു ഇതുവരെ എത്തിയില്ലെന്ന തോന്നുന്നത് അരുണേ, മണി ഒൻപതര കഴിഞ്ഞു, നമുക്കിത് വളമിറക്കാൻ ചെല്ലുമ്പോൾ അവിടെ തന്നെ വച്ചു ചോദിക്കാമായിരുന്നു.
ഏയ്യ് അതൊന്നും ശരിയാവില്ല ചേട്ടാ, നമ്മൾ അവിടെ വെച്ചത് ചോദിച്ചാൽ അതൊരു വിവരക്കേടായി മാറും.
എന്റെ അരുണേ ഏതായാലും ഈ ബാങ്കിലെ ആളു തന്നെയല്ലേ ദീപമോളും,, അപ്പൊ അവിടെ വച്ചു ചോദിച്ചാലെന്ന കുഴപ്പം.
അതല്ല ദിനേശേട്ടാ, നമ്മള് ലോൺ ആണ് അപേക്ഷിക്കാൻ പോകുന്നത് അതിനൊക്കെ അതിന്റെതായ ചില രീതികൾ ഉണ്ട്..
ആ അങ്ങനെയെങ്കിൽ അങ്ങനെയാകട്ടെ,, ദിനേശേട്ടൻ ഒന്നു നെടുവീർപ്പിട്ടു.
പത്തുമണിയോടെ ദീപ ബാങ്കിന്റെ വലിയ ഗ്ലാസ് ഡോറു തുറന്നു അകതേക്കു വരുന്നത് കണ്ടു അരുണും, ദിനേശേട്ടനും ഇരുന്ന ഇരുപ്പിൽ നിന്നൊന്നു ദീപ കാൺകെ ഒന്നു എഴുന്നേറ്റു.
ദീപ അവരെ കണ്ടതായി ഭവിക്കാതെ നേരെ ക്യാബിനിലേക്കു കയറി.
ഏതാണ്ട് ഒരു ഒരു മണിക്കൂർ കാത്തിരുന്നു അരുണും, ദിനേശേട്ടനും ദീപയുടെ മുന്നിലെത്തി.
രണ്ടു പേർക്കും ഇരിക്കാൻ ചെയര് കൊടുത്തു, ദീപ രണ്ടു പേരെയും മാറി മാറി നോക്കി.
എന്താ രണ്ടാളും രാവിലെ തന്നെ.. ദിനേശേട്ടന് അക്കൗണ്ട് വല്ലതും എടുക്കാനുണ്ടോ..
ദിനേശേട്ടൻ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി..
ഇയാൾക്കോ,,, ചോദ്യം അരുണോടായിരുന്നു.
മേഡം ഞാനൊരു പുതിയ ലോണിന് അപേക്ഷിക്കാൻ വന്നതായിരുന്നു.
അങ്ങനെ ആണോ,, ദീപ ഒന്നു കൊച്ചാക്കുന്ന തരത്തിൽ മറുപടി കൊടുത്തു.
അല്ല കുഞ്ഞേ,, അരുണിന് പുതിയൊരു ബിസ്സിനെസ്സ് തുടങ്ങാൻ വേണ്ടിയാണു. ദിനേശേട്ടൻ ശബ്ദം ഒന്നു താഴ്ത്തി പറഞ്ഞു.
അതൊക്ക ശരിതന്നെ ദിനേശേട്ട,, പക്ഷെ ഞാൻ അല്ല ഇവിടെ ലോൺ പാസാക്കുന്നത്,
അതറിയാം കുഞ്ഞേ,, പക്ഷെ കുഞ്ഞിന്റെ കൂടെ ഒരു പിന്തുണ ഉണ്ടാവണെങ്കിൽ.
ഉണ്ടാവണെങ്കിൽ ''ദീപയൊന്നു കടുപ്പിച്ചു ദിനേശേട്ടനെയൊന്നു നോക്കി.
മേടത്തിന്റെ ഒരു ശുപാർശ കൂടിയുണ്ടെങ്കിൽ കാര്യങ്ങൾ പെട്ടെന്നാവുമെന്നു കരുതിയിട്ട.
നോക്ക് അരുൺ,, ഞാൻ ആരെയും ലോൺ കാര്യത്തിന് പിന്തുണക്കാറില്ല, പിന്നെ നിങ്ങള്ക്ക് ലോൺ വേണമെങ്കിൽ ഇവിടെ അപേക്ഷ നൽകിയിട്ടു പോകാം, പിന്നെ പഴയ ലോണിന്റെ അടവ് മുടങ്ങി കിടക്കുന്നതു കൊണ്ടു പുതിയൊരു ലോൺ ബാങ്ക് നൽകുമെന്ന് തോന്നുന്നില്ല. ഞാൻ പറഞ്ഞെന്നേയുള്ളൂ എന്നുവെച്ചു പുതിയ ലോണിനു അപേക്ഷിക്കാതെയിരിക്കൊന്നും വേണ്ട.. ഇത്രയും പറഞ്ഞു ദീപ മേശ വലിപ്പിൽ നിന്നൊരു ഫയലെഫത്തു തന്റെ ജോലി തുടങ്ങി.
വന്നതിനും,, സംസാരിച്ചതിനും ഫലമില്ലാത്തത് കൊണ്ടു അരുണും ദിനേശേട്ടനും പതിയെ എഴുന്നേറ്റു.
ആ പിന്നെ ദിനേശേട്ടാ,,,
റബ്ബർ തൈ ഇറക്കിയിട്ടുണ്ടെന്നു ബാലേട്ടൻ പറയാൻ പറഞ്ഞു..
ശരി കുഞ്ഞേ, എന്നു പറഞ്ഞു ദിനേശേട്ടനും, പുറകെ അരുണും ബാങ്കിൽ നിന്നുമിറങ്ങി.
.............................................................................
എങ്ങനെയുണ്ട് ദിനേശേട്ടാ ഇത്തവണത്തെ തൈകൾ..
അരുണും, ദിനേശനും കൂടി റബ്ബർ തൈ എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ ഇടയിൽ ബാലൻ അങ്ങോട്ടേക്ക് വന്നു.
കുഴപ്പമില്ല ബാലൻ കുഞ്ഞേ...
മറ്റന്നാൾ വച്ചു തുടങ്ങാം,,
വല്ല്യ മെച്ചം ഒന്നുമുണ്ടായിട്ടല്ല ദിനേശേട്ടാ ദീപ മോളുടെ നിർബന്ധം കൊണ്ടാണ് ഇവിടെ റബ്ബർ വെക്കാമെന്നു കരുതിയത്..
അല്ല ഇത് നമ്മുടെ മാധവേട്ടന്റെ മോനല്ലേ..
ആ അതെ.. അരുണോന്നു ബാലനെ നോക്കി ചിരിച്ചു..
ദീപയെന്നോട് പറഞ്ഞേയിരുന്നു ദിനേശേട്ടന്റെ കൂടെ ഒരാളുകൂടി സഹായത്തിനു എത്തിയിട്ടുണ്ടെന്നു.. ഏതായാലും നന്നായി യുവാക്കളൊക്കെ ഇങ്ങനെ മണ്ണിൽ അധ്വാനിക്കുന്നത് നല്ലതാണെന്ന് ഞാൻ പറയു.. ബാലൻ അഭിമാനത്തോടെ അരുണിനെ നോക്കി പറഞ്ഞു.
ഒന്നു രണ്ടു വട്ടം കറങ്ങി ബാലൻ പോയി.
ബാലൻ നടന്നു നീങ്ങിയതും ദിനേശേട്ടൻ ഓടി വന്നു അരുണിന്റെ അടുത്ത് പറഞ്ഞു.
അരുണേ ചിലതൊക്കെ തെളിഞ്ഞു വരുന്നുണ്ടല്ലോ.
എന്ത് തെളിഞ്ഞു വരുന്നുണ്ടെന്ന ദിനേശേട്ടൻ പറയുന്നത്..
അല്ല മോനെ,, റബ്ബർ തൈ ഇറക്കാൻ ഞാൻ കട്ടക്ക് പറഞ്ഞു നോക്കിയിട്ടും സമ്മതിക്കാതിരുന്ന ബാലൻ ദീപ കുഞ്ഞു പറഞ്ഞു ഇങ്ങനെ ഇറക്കണമെങ്കിൽ..
ഇറക്കണമെങ്കിൽ..... അരുൺ ദിനേശേട്ടനെ ഒന്നു വല്ലതെ നോക്കി.
അല്ല എന്തൊക്കെയോ തെളിഞ്ഞു വരുന്നില്ലേ അരുണേ..
ആകാശം നന്നായി തെളിഞ്ഞു വരുന്നുണ്ട്. വെയില് മൂക്കുന്നതിനു മുൻപ് ഈ തൈകളൊക്കെ ഒന്നു ഒതുക്കാൻ നോക്കാം. അരുൺ ചിരിച്ചു കൊണ്ടു പറഞ്ഞു.
അരുണും ദിനേശേട്ടനും അങ്ങനെ റബ്ബർ തൈ വച്ചു തുടങ്ങി... അരുണുള്ളത് കൊണ്ടു ദിനേശേട്ടന് കാര്യങ്ങൾ എല്ലാം എളുപ്പായിരുന്നു. ഇടയ്ക്കു ദീപയും അവരുടെ കൂടെ കൂടുമായിരുന്നു..
ഒരു ദിവസം വാഴയുടെ ചോല വെട്ടുന്നതിന്റെ ഇടയ്ക്കു കത്തിയൊന്നു തെന്നി അരുണിന്റെ കൈയൊന്നു മുറിഞ്ഞു.. അന്ന് ദിനേശേട്ടൻ കൂടെയില്ലായിരുന്നു,, സമയം തെറ്റിയ നേരത്ത് ആയതോണ്ട് ചോര കുറെ പോയിരുന്നു. അന്ന് ബാങ്ക് അവധിയായിരുന്നതു കൊണ്ടു ദീപ ഒന്നു തൊടിയിലേക്കിറങ്ങിയിരുന്നു.. കൈ പൊതിഞ്ഞു അരുണിരിക്കുന്നതു കണ്ടു ദീപ അടുത്തേക്ക് വന്നു നോക്കിയപ്പോൾ ആണ് അരുണിന്റെ കയ്യിലൂടെ ചോര ഇറങ്ങുന്നത് ദീപ കണ്ടതു...
അയ്യോ ഇതെന്ന പറ്റിയെന്നു ചോദിച്ചു കൊണ്ടു അരുണിന്റെ കൈയിൽ പിടിച്ചു..
ഏയ്യ് ചോല വെട്ടിയപ്പോൾ കത്തിയൊന്നു..
അരുൺ വിക്കിയൊന്നു പറഞ്ഞു..
ചോര ഒരുപാട് പോയത് കൊണ്ടാവണം അരുണിന്റെ മുഖത്തു പെട്ടെന്നൊരു ക്ഷീണം ഉണ്ടായി.. കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി.. ദീപ പെട്ടന്ന് അരുണിനെ തന്റെ വലതു കയ്യിൽ താങ്ങിയെടുത്തു. അരുണിന്റെ കണ്ണുകൾ ചെറുതായി അടഞ്ഞു തുടങ്ങിയിരുന്നു...
കുറച്ചു നേരം കഴിഞ്ഞു അരുൺ കണ്ണ് തുറന്നപ്പോൾ ദീപയും,, ദിനേശേട്ടനും മുന്നിലുണ്ടായിരുന്നു.. പെട്ടെന്ന് അരുൺ ചാടിയെഴുനേറ്റപ്പോൾ ദീപ വീണ്ടും ഓടി വന്നു അരുണിനെ പിടിച്ചു..
വേണ്ട ഇപ്പൊ കുഴപ്പമില്ല,,, വെയിലിന്റെ ചൂടും, കുറച്ചു ചോരയും പോയപ്പോൾ പെട്ടെന്ന് ഒരു ക്ഷീണം പോലെ തോന്നി അരുൺ കയ്യിലെ കെട്ടിലേക്കു നോക്കി പറഞ്ഞു...
ദീപ ഓടി വന്നു അരുണിനെ പിടിക്കുന്നത് കണ്ടപ്പോൾ ദിനേശേട്ടന് ഒരു കള്ള ചിരി വന്നു....
ആ ലോൺ അങ്ങ് പാസായിരുന്നെങ്കിൽ ഇത്രയും കുഴപ്പം ഉണ്ടാവില്ലായിരുന്നു. ദിനേശേട്ടൻ ഒന്നു ആക്കി പറഞ്ഞു.
അരുൺ ദിനേശേട്ടനെ രൂക്ഷമയൊന്നു നോക്കി.
സത്യത്തിൽ അരുണിന്റെ അവശയായ ഇരിപ്പും, കയ്യിലെ മുറിവും ദീപക്ക് ഒരു നോവായി..
പിറ്റേന്ന് വയ്യാത്ത കയ്യും വെച്ചു ദിനേശേട്ടന്റെ കൂടെ കണ്ട അരുണിന്റെ അടുത്ത് ദീപ ഒരു കവറുമായെത്തി..
ഇനി കയ്യൊന്നും മുറിയാതെ ഇരിക്കാൻ ഇതിരിക്കട്ടെ..
ദീപ കവർ അരുണിനെ ഏല്പിച്ചു.
ദിനേശേട്ടനും അരുണും പരസ്പരം നോക്കി.
ബാലേട്ടന്റ കൂട്ടുകാരൻ പുതിയതായി തുടങ്ങുന്ന കമ്പനിയിലേക്കുള്ള മാനേജർ പോസ്റ്റിലേക്കുള്ള അപ്പോയ്ന്റ്മെന്റ് ഓർഡർ ആണ്.. ദീപ ചിരിച്ചു കൊണ്ടു പറഞ്ഞു.
അല്ല മോളെ ഇത്രയും ശരിയാക്കിയെങ്കിൽ ആ ലോണും കൂടെയൊന്നു ഒന്നു പാസാക്കി കൊടുക്കരുതോ.. ദിനേശേട്ടൻ അതിശോക്തിയോടെ പറഞ്ഞു പോയി..
ആ,, നോക്കട്ടെ ദിനേശേട്ടാ ലോണിന്റെ കേസ് ഞാനൊന്നു ശ്രമിക്കാം.. ഇത്രയും പറഞ്ഞു കൊണ്ടു ദീപ തിരികെ നടന്നു...
ഇപ്പൊ എങ്ങനെ ഉണ്ട് അരുണേ ഞാൻ അന്ന് പറഞ്ഞില്ലേ ചിലതൊക്കെ തെളിഞ്ഞു വരുന്നുണ്ടെന്നു...
ഈ ബാങ്കിൽ നിന്നും ഇനി കുറെ ലോൺ ഞാൻ എടുക്കും ദിനേശേട്ടാ... അരുൺ അപ്പോയ്ന്റ്മെന്റ് ലെറ്റർ നെഞ്ചോടു ചേർത്തുകൊണ്ട് പറഞ്ഞു..