ഒരു പുരുഷനെ ഭർത്താവായി സ്വീകരിക്കാൻ എന്നായിരുന്നു തൻ്റെ ആഗ്രഹം...

Valappottukal

 


രചന: സജി തൈപ്പറമ്പ്‌


മോളേ,,, നീ ചെന്ന് ഈ ആട ആഭരണങ്ങളെല്ലാം അഴിച്ച് വച്ചിട്ട്

ഒന്ന് ഫ്രഷാക്, മാറിയിടാനുള്ള

ഡ്രസ്സ്, മുറിയിലെ  അലമാരയിൽ വച്ചിട്ടുണ്ട്,,


ബന്ധുക്കളൊക്കെ പിരിഞ്ഞ് പോയപ്പോൾ സുഭദ്ര, തൻ്റെ മരുമകളെ ,മുകളിലെ അലങ്കരിച്ച കിടപ്പ് മുറിയിലേയ്ക്ക് പറഞ്ഞ് വിട്ടു


സുഭദ്രയുടെ ഇളയ മകൻ മനു വിവാഹം കഴിച്ച് കൊണ്ട് വന്നതാണ്, ചിത്രലേഖയെ, ഇന്നായിരുന്നു അവരുടെ വിവാഹം


പ്രവാസിയായ, മനുവിൻ്റെ വിവാഹം പെട്ടെന്നായിരുന്നു ,രണ്ട് മാസത്തെ ലീവിന് നാട്ടിലെത്തിയ മകനോട് പതിവ് പോലെ സുഭദ്ര വിവാഹക്കാര്യമെടുത്തിട്ടു


എടാ നിനക്ക് വയസ്സ് മുപ്പത്തിരണ്ടായി, ഇനി നീ ലീവ് കഴിഞ്ഞ് പോയാൽ, അഞ്ച് കൊല്ലം കഴിഞ്ഞല്ലേ തിരിച്ച് വരു,,

അപ്പോഴേക്കും നീ തൈക്കിളവനാകും,, പിന്നെ പെണ്ണ് കിട്ടിയെന്ന് വരില്ല


ഓഹ് ഈ അമ്മയുടെ ഒരു കാര്യം അത്ര നിർബന്ധമാണെങ്കിൽ ഞാനിനി പെണ്ണ് കെട്ടിയിട്ടേ പോകുന്നുള്ളു


അങ്ങനെ എടിപിടീന്നാണ്, 

മനുവിന് പെണ്ണ് കണ്ടതും കല്യാണം ഉറപ്പിച്ചതും,


സുഭദ്രേ,, എന്താടി നിൻ്റെ മരുമോളുടെ മുഖത്തൊരു തെളിച്ചമില്ലല്ലോ ?ആ കൊച്ചിന് ഇഷ്ടമില്ലാതെ വല്ലോമാണോ ഈ കല്യാണം നടത്തിയത് ?


സുഭദ്രയുടെ ഭർത്താവിൻ്റെ

മൂത്ത സഹോദരി,

ദേവകിയുടേതായിരുന്നു 

ആ ചോദ്യം 


ഹേയ്, അതൊന്നുമല്ല ചേച്ചീ ,അങ്ങനെ എന്തേലുമുണ്ടെങ്കിൽ, ഇപ്പോഴത്തെ പിള്ളേരല്ലേ? അവരത് തുടക്കത്തിലേ തുറന്ന് പറയും, ഇത് വേറെന്തോ ആണെന്നാ തോന്നുന്നത്, ഇത്തിരി കഴിയട്ടെ, ഞാൻ തന്നെ ചോദിക്കാം,,


ങ്ഹാ അതാ നല്ലത്, എന്തേലും പോരായ്മകളുണ്ടെങ്കിൽ, തുടക്കത്തിലേ പരിഹരിച്ച് വിടുന്നതാണ്, എല്ലാവർക്കും നല്ലത്.


ചുണ്ണാമ്പ് തേച്ച വെറ്റിലയിൽ, അരിഞ്ഞ അടയ്ക്ക വച്ച് ചുരുട്ടി വായിലേക്ക് തിരുകിയിട്ട് ,ദേവകി ഉപദേശിച്ചു.


നേരം ഇരുണ്ട് തുടങ്ങി ,ദേഹം കഴുകിയിട്ട് ചിത്രലേഖ വസ്ത്രം മാറി ബാൽക്കണിയിൽ വന്ന് നിന്നു


ഇന്നലെ വരെ താൻ സ്വന്തം വീട്ടിലായിരുന്നു ജീവിച്ചത്, 

ഇന്ന് മുതൽ അപരിചിതമായ മറ്റൊരു വീട്ടിൽ, ഒരിക്കൽ മാത്രം കാണുകയും സംസാരിക്കുകയും ചെയ്തവരുടെ കൂടെ വേണം ഇനി മുതൽ  ജീവിച്ച് തുടങ്ങാൻ,


പല പ്രാവശ്യം കണ്ട് മുട്ടിയതിന് ശേഷം പലതും സംസാരിച്ച് പരസ്പരം ഇഷ്ടാനിഷ്ടങ്ങളൊക്കെ പങ്ക് വച്ച് നന്നായി മനസ്സിലാക്കിയതിന് ശേഷം വേണം ഒരു പുരുഷനെ ഭർത്താവായി സ്വീകരിക്കാൻ എന്നായിരുന്നു തൻ്റെ ആഗ്രഹം ,പക്ഷേ അതിനൊന്നുമുള്ള അവസരം കിട്ടുന്നതിന് മുൻപേ വീട്ടുകാർ പെട്ടെന്ന് തന്നെ തീരുമാനമെടുത്തപ്പോൾ എതിർക്കാൻ കഴിഞ്ഞില്ല


കഴിഞ്ഞ ഞായറാഴ്ചയാഴ്ചയായിരുന്നു മനുച്ചേട്ടൻ തന്നെ കാണാൻ വന്നത്

അന്ന് ഏതാനും ചില കാര്യങ്ങൾ മാത്രം ചോദിച്ചിട്ട്, പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ്, അവര് പോയി. 


പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ് അവര് വിളിച്ച് പറയുന്നത് ,വരുന്ന തിങ്കളാഴ്ച  മാത്രമേ നല്ല മുഹൂർത്തമുള്ളു അത് കഴിഞ്ഞാൽ പിന്നെ, ഈ മാസം വേറെ മുഹൂർത്തമില്ലെന്ന് ,മനുച്ചേട്ടനാണെങ്കിൽ നാല്പത് ദിവസം കൂടിയേ ബാക്കിയുള്ളു ,അത് കൊണ്ട് തിങ്കളാഴ്ച തന്നെ കല്യാണം നടത്തണമെന്ന്, മനുച്ചേട്ടൻ്റെ 

വീട്ട്കാര് വാശി പിടിച്ചു


അത് കേട്ട് അച്ഛൻ ആകെ പരിഭ്രമിച്ചപ്പോൾ അമ്മാവൻമാരാണ്

അച്ഛന് ധൈര്യം കൊടുത്തത്, പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു


ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് തല്ക്കാലം അമ്പലത്തിൽ വച്ച് വിവാഹം നടത്താമെന്നും ബാക്കിയുള്ളവർക്ക് പിന്നീടൊരു ദിവസം റിസപ്ഷൻ നടത്തിയാൽ മതിയെന്നുമുള്ള അമ്മാവൻമാരുടെ ആശയം അച്ഛനും അമ്മയും ശരിവച്ചു


ഇതിനിടയിൽ മനുച്ചേട്ടനുമായി ആകെ രണ്ട് തവണയാണ് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത്, അതും വളരെ കുറച്ച് സമയം, അത് കൊണ്ട് തന്നെ മനുച്ചേട്ടൻ അടുത്ത് വരുമ്പോഴും ഉള്ളിൽ നേരിയൊരു ഭീതിയുണ്ട്

ചിലപ്പോൾ ഇന്ന് രാത്രി മുഴുവനിരുന്ന് സംസാരിച്ച് കഴിയുമ്പോൾ അത് മാറുവായിരിക്കും


എന്നാലും നാളെ രാവിലെ മുതൽ മനുച്ചേട്ടൻ്റെ അമ്മയെയും സഹോദരിമാരെയും അമ്മായിയെയുമൊക്കെ ഫെയ്സ് ചെയ്യണ്ടെ ? അവരോടൊക്കെ എന്തെങ്കിലും സംസാരിക്കണ്ടെ?


പൊട്ടന്നൊരു ദിവസം കണ്ട് മടങ്ങിയവരെ പിന്നെ കാണുന്നത് ഇന്നാണ് ,ഇനി എല്ലാവരുമായൊന്ന് ഇണങ്ങി വരുംവരെ ഈ ടെൻഷൻ മാറില്ല


സ്വാതിയുടെ കല്യാണം പോലെ ആയിരുന്നെങ്കിൽ എന്ത് നന്നായിരുന്നു


അവളെ പെണ്ണ് കണ്ട് കഴിഞ്ഞ് പിന്നെയും രണ്ട് മൂന്ന് മാസം കഴിഞ്ഞായിരുന്നു കല്യാണം


അതിനുള്ളിൽ അവളുടെ ഭാവി വരനുമായി അവള് നല്ല ഫ്രണ്ട്ഷിപ്പായി ,ഒരുപാട് പ്രാവശ്യം സംസാരിക്കാനും പരസ്പരം മനസ്സിലാക്കാനുമൊക്കെ അവർക്ക് ഇഷ്ടം പോലെ സമയം കിട്ടി


കല്യാണം ഉറപ്പിച്ചതിന് ശേഷം അവരൊരുമിച്ച് ബീച്ചിലും പാർക്കിലും, സിനിമയ്ക്കുമൊക്കെ പോയി


അങ്ങനെ ബെസ്റ്റ് ഫ്രണ്ട്സ് ആയതിന് ശേഷമായിരുന്നു അവർ വിവാഹിതരായത് ,അത് കൊണ്ട് തന്നെ കല്യാണ ദിവസമൊക്കെ അവൾ എന്തൊരു ഹാപ്പി ആയിരുന്നു

തനിക്കാണെങ്കിൽ മനുച്ചേട്ടനെക്കുറിച്ച് ഒരു ചുക്കുമറിയില്ല


ബാൽക്കണിയിൽ നിന്ന് കൊണ്ട് പുറത്തെ തെരുവിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നത് നോക്കിക്കൊണ്ട് ചിത്രലേഖ ഉത്ക്കണ്ഠയോടെ നിന്നു


മനുച്ചേട്ടൻ എന്തോ അത്യാവശ്യത്തിന് പുറത്തേയ്ക്ക് പോയതാണ് ഇനി എപ്പോൾ വരുമോ ആവോ?


കലുഷിതമായ മനസ്സിനെ നിയന്ത്രിക്കാൻ അവൾ നന്നേ പാട് പെട്ടു


പെട്ടെന്ന് ഗേറ്റ് കടന്ന് ഒരു അംബാസ്സഡർ കാറ് വന്ന് മുറ്റത്ത് നിന്നപ്പോൾ ചിത്രലേഖ ജിജ്ഞാസയോടെ നോക്കി


കാറിൽ നിന്നിറങ്ങിയത് 

തൻ്റെ അച്ഛനും അമ്മയുമാണെന്നറിഞ്ഞപ്പോൾ

ഒരു നിമിഷം അവൾ അമ്പരന്ന് പോയി


പൊടുന്നനെ വലിയൊരാശ്വാസത്തോടെ അവൾ താഴേയ്ക്കുള്ള പടിക്കെട്ടുകൾ ഓടിയിറങ്ങി


എന്താ മോളേ,, എന്ത് പറ്റി നിനക്ക്?


അമ്മ ഓടി വന്ന് ചിത്രലേഖയെ പുണർന്ന് കൊണ്ട് ചോദിച്ചു


എനിക്കൊന്നുമില്ലമ്മേ ,,, 

നിങ്ങളെന്താ ഈ രാത്രിയിൽ വന്നത്?


ഞങ്ങള് സുഭദ്രേച്ചി വിളിച്ചിട്ട് വന്നതാണ്,,,


അച്ഛനത് പറഞ്ഞപ്പോൾ ഹാളിലേക്ക് ഇറങ്ങി വന്ന സുഭദ്രയെ ചോദ്യഭാവത്തിൽ, ചിത്രലേഖ നോക്കി.


അതേ  ഞാൻ തന്നെയാണ് ഇവരെ വിളിപ്പിച്ചത് ,അത് വേറൊന്നുമല്ല ഗായത്രീ ,, 

മോളിവിടെ വന്നപ്പോൾ മുതൽ ആകെ മൂഡൗട്ടായിട്ടിരിക്കുവായിരുന്നു, 

അത് കണ്ടോണ്ട് ഞാനവളോട് കാരണം തിരക്കിയപ്പോഴല്ലേ അറിയുന്നത്, വീട്ടിൽ നിന്നും പെട്ടെന്ന് അപരിചിതമായൊരിടത്തേയ്ക്ക് വന്ന് കയറിയതിൻ്റെ ഷോക്കാണെന്ന്,

തെറ്റ് നമ്മുടെ ഭാഗത്താണ് , കുട്ടികൾക്ക് പരസ്പരം ഒന്ന് മനസ്സിലാക്കാൻ പോലും സമയം കൊടുക്കാതെയല്ലേ കണ്ണടച്ച് തുറക്കും മുൻപ് അവരുടെ കല്യാണം നടത്തിയത്, പത്തിരുപത്തിയഞ്ച് കൊല്ലം താമസിച്ചിരുന്ന സ്വന്തം വീട്ടിൽ നിന്നും, പെട്ടെന്നൊരു ദിവസം അപരിചിതമായ മറ്റൊരു വീട്ടിലെത്തിയപ്പോൾ, മോള് ആകെ പകച്ച് പോയി ,എന്തായാലും കല്യാണം കഴിഞ്ഞില്ലേ ?ഇനി നമുക്ക് ഇവർക്ക് കുറച്ച് സമയം കൊടുക്കാം, ആദ്യം ചിത്രലേഖയും മനുവും പരസ്പരമൊന്നറിയട്ടെ,

അത് കഴിയുമ്പോൾ ,ഈ വീടും ഇവിടുള്ളവരുമൊക്കെ അവൾക്ക് സ്വന്തമായി തോന്നിക്കൊള്ളും,

അതിന് പറ്റിയൊരു അന്തരീക്ഷം ഇവിടെയല്ല, അത് അവള് ഇരുപത്തിയഞ്ച് കൊല്ലം ജീവിച്ച അവളുടെ സ്വന്തം വീട്ടിൽ തന്നെയാണ്, അത് കൊണ്ടാണ്, നിങ്ങളോട് ഈ രാത്രി തന്നെ വരാൻ ഞാൻ പറഞ്ഞത് ,മനു ഉടനെയെത്തും, എന്നിട്ട് പെണ്ണിനെയും ചെറുക്കനെയും കൊണ്ട് നിങ്ങള് പൊയ്ക്കോ,

എല്ലാ ടെൻഷനും മാറി ചിത്രമോളുടെ മനസ്സ് നന്നായി പാകപ്പെട്ടതിന് ശേഷം ഇങ്ങോട്ട് വന്നാൽ മതി ,,

എന്താ സന്തോഷായില്ലേ?


സുഭദ്ര അരുമയോടെ അവളുടെ താടിയിൽ പിടിച്ച് ചോദിച്ചപ്പോൾ, സന്തോഷം കൊണ്ട് അവൾ സുഭദ്രയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

To Top