ഹരി വിളിച്ചപ്പോൾ കൂടെ പോകാഞ്ഞത് എത്ര നന്നായി എന്നവർ ഓർത്തു...

Valappottukal

 


രചന: സിന്ധു അപ്പുക്കുട്ടൻ


മഴപെയ്തേക്കുമെന്നു തോന്നുന്നു. ആകാശം ഇരുണ്ടു തുടങ്ങിയിട്ടുണ്ട്. തിളച്ചു നിന്ന സൂര്യനെ കാർമേഘങ്ങൾ എവിടെയോ ഒളിപ്പിച്ചു വെച്ചുകഴിഞ്ഞു.ആഞ്ഞു വീശുന്ന കാറ്റിൽ ഗേറ്റിനരികിൽ നിരയൊപ്പിച്ചു നിർത്തിയിരിക്കുന്ന കാറ്റാടിമരങ്ങൾ ഉറഞ്ഞു തുള്ളുകയാണ്.


അവധി ദിനം ആഘോഷിക്കാനിറങ്ങിയവർ എവിടെ എത്തിയോ എന്തോ.?


വിളിച്ചു നോക്കണോ?


ഗൗരി ഫോണെടുത്ത് ഒരു നിമിഷം ആലോചനയോടെ നിന്നു. പിന്നെ ഹരിയുടെ നമ്പർ കാളിംഗിലിട്ടു. മറുവശത്തുനിന്നും വണ്ട് മൂളുംപോലെ ഒരിരമ്പൽ മാത്രം കേട്ടു.


റേഞ്ച് പോയിക്കാണും.


 തനിയെ പറഞ്ഞുകൊണ്ട് ഫോൺ ടീപ്പൊയ്ക്ക് മീതെ വെച്ച് വീണ്ടുമവർ ജനലോരം വന്നു നിന്നു.


മഴ പെയ്തു തുടങ്ങിയോയെന്ന കൗതുകം മിഴികളിൽ നിറച്ച് എത്തിനോക്കിയ അതേ നിമിഷം തന്നെ ജനൽപാളികൾക്കിടയിലൂടെ പറന്നു വന്ന മഞ്ഞുപോലെ തണുത്ത ഒരു തുള്ളി നെറ്റിയിൽ  ഉമ്മവെച്ചു.


ഹാ.... 


ആകെ കുളിർന്ന് അനുഭൂതി നിറഞ്ഞൊരു ശബ്ദം പതിവിലും ഉച്ചത്തിൽ പുറത്തേക്കു ചാടി.


ഹരി വിളിച്ചപ്പോൾ കൂടെ പോകാഞ്ഞത് എത്ര നന്നായി എന്നവർ ഓർത്തു. തനിയെയിരുന്ന് ഈ മഴ ആസ്വദിക്കാനായല്ലോ..നാട്ടിൽ നിന്നും ഹരിയുടെ കൂടെ ഇങ്ങോട്ടു വന്നേപ്പിന്നെ മഴയും, മഞ്ഞുമെല്ലാം വല്ലാതെ കൊതിപ്പിക്കുകയാണ്.


മഴത്തുള്ളികൾ ഓരോന്നായി ചിതറിവീഴുന്നതും നോക്കി നിൽക്കേ,താഴെ സെക്യൂരിറ്റി ക്യാബിനനരുകിൽ നിന്ന മാവിൽ നിന്നൊരു മാമ്പഴം ഞെട്ടറ്റു വീഴുന്നതും, സെക്യൂരിറ്റി ശ്രീനാഥ്‌ അതോടിച്ചെന്നെടുത്തു മൂക്കിൽ വെച്ച് അതിന്റെ ഗന്ധം ഉള്ളിലേക്ക് വലിച്ചെടുക്കുന്നതും കണ്ടു.


അയാളുടെ ചെയ്തികൾ ഗൗരിയുടെ ചുണ്ടിലൊരു ചിരിയുണർത്തി.


ആഞ്ഞുവീശുന്ന കാറ്റിൽ മഴയും നനഞ്ഞുകൊണ്ടൊരു മാമ്പഴക്കാലം ഓർമ്മകളിലേക്ക് ഓടിക്കിതച്ചു കയറി വന്നു.


"ഗൗരിക്കുട്ടീ, വേഗം വായോ... മാതേക്കപ്പറമ്പില് തുരുതുരാ മാമ്പഴം വീഴുന്നുണ്ട്.


കാറ്റിനൊപ്പം പാറി വീഴുന്ന തുള്ളികളെ വകവെക്കാതെ വെട്ടിയെടുത്ത വലിയൊരു ചേമ്പില തലക്ക് മുകളിൽപ്പിടിച്ച് പ്രഭ കയ്യാലക്കരികിൽനിന്ന് വിളിക്കുകയാണ്‌.


"ദാ വരുന്നു പ്രഭേ .. അമ്മമ്മയോട് ഒന്ന് പറയട്ടെട്ടോ.


കാറ്റ് വീശുന്ന കണ്ട് ഉമ്മറക്കോലായിൽ അവനെ കാത്തുനിന്ന ഗൗരി അടുക്കളയിലേക്കോടി.


അമ്മമ്മ തലേന്ന് കിട്ടിയ മാങ്ങകൊണ്ട് മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കുകയായിരുന്നു. ഗൗരിക്കതു വലിയ ഇഷ്ടമാണ്.തിളച്ചു മറിയുന്ന കറിയുടെ സുഗന്ധം ആസ്വദിച്ചുകൊണ്ട് ഒരു നിമിഷം അവൾ കണ്ണുകളടച്ചു.


"ഗൗരി.. എന്തെടുക്കാ അവിടെ.വേഗം വായോ....


ഉമ്മറമുറ്റത്ത്‌നിന്ന് പ്രഭയുടെ ശബ്ദം വീണ്ടും ഉയർന്നു കേട്ടു.


ആരാ അത്.. പ്രഭയാണോ അവിടെ കിടന്നു കൂക്കിവിളിക്കുന്നെ.


പുളിശ്ശേരിയിൽ കടുകുവറുക്കുന്നതിനിടയിൽ അമ്മമ്മ അവളെ നോക്കി.


ഹും... മാങ്ങ പെറുക്കാൻ വിളിക്കുന്നതാ.


"മോള് പോയിട്ട് വായോ. സൂക്ഷിച്ചു പോണോട്ടോ. ആ കയ്യാല കേറുമ്പോ അവന്റെ കൈ പിടിച്ചോണം. ഇല്ലേൽ ആ "തൊണ്ടിലേക്ക് " മറിഞ്ഞു വീഴും.


അമ്മമ്മ അടുക്കളത്തിണ്ണയിലിരുന്ന ചെറിയ വള്ളിക്കുട്ടയെടുത്തു അവൾക്ക് കൊടുത്തു.


"എനിക്കിവന്റെയീ കുടചൂടല് കാണുമ്പോഴാ..


ഗൗരിക്കൊപ്പം ഇറയത്തേക്ക് വന്ന അമ്മമ്മ പ്രഭയുടെ ചേമ്പിലക്കുട കണ്ട് മൂക്കിൽ വിരൽ വെച്ച് കളിയാക്കിച്ചിരിച്ചു.


"എടാ പ്രഭാകരാ നിന്റെ അപ്പാപ്പനോട് പറഞ്ഞ് ഒരു ഓലക്കുട തുന്നിക്കരുതോ നിനക്ക്..


"അപ്പാപ്പൻ എനിക്കൊരു തൊപ്പിക്കുട തുന്നി തരാന്ന് പറഞ്ഞിട്ടുണ്ട് കാത്തുവമ്മേ.


"ആഹാ... ഈ കാട്ടിലും പറമ്പിലും മേഞ്ഞു നടക്കുന്ന നിനക്ക് അതാ സൗകര്യം.


"പ്രഭേ.. ഒരെണ്ണം എനിക്കുംകൂടി തുന്നിത്തരാൻ പറയണേ..


"നിനക്കെന്തിനാ ഗൗരി തൊപ്പിക്കുട. ഗൗരിയുടെ പറച്ചിൽ കേട്ട് അമ്മമ്മക്കു ചിരി വന്നു.


നാളെയോ മറ്റന്നാളോ നിന്റെയച്ഛനിങ്ങു വരും നിന്നെ കൊണ്ടു പോകാൻ. പിന്നെ നീയിങ്ങൊട്ട് വരുന്നത് അടുത്തകൊല്ലത്തേ അവധിക്കല്ലേ.


അമ്മമ്മ പെട്ടന്നത് പറഞ്ഞപ്പോൾ ഗൗരിക്കു സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു.പ്രഭയുടെ മുഖവും വാടുന്നത് അവൾ കണ്ടു.


അച്ഛൻ വരുമ്പോൾ ഞാൻ പോകില്ല. എന്നെ ഇവിടെ സ്കൂളിൽ ചേർക്കാൻ പറ അമ്മമ്മേ.


ഹും... നല്ല കാര്യായി. അപ്പൂട്ടൻ ഇഷ്ടണ്ടായിട്ടൊന്നുമല്ല വെക്കേഷന് നിന്നെ ഇങ്ങോട്ട് വിടുന്നത് തന്നെ. പിന്നെയാ ഇവിടെ നിർത്തി പഠിപ്പിക്കുന്നെ.


ഗൗരി... വർത്താനം പറഞ്ഞു നിന്നാ വല്യ മഴവരൂട്ടോ. 


പ്രഭ ആ സംസാരം അവസാനിപ്പിക്കാനെന്ന പോലെ  അക്ഷമ കാട്ടി.


അന്ന് മാഞ്ചുവട്ടിൽ ധാരാളം മാങ്ങകൾ പൊഴിഞ്ഞു കിടന്നിരുന്നു.  ആ ധാരാളിത്തം കാണുമ്പോൾ തുള്ളിച്ചാടാറുണ്ടായിരുന്ന പ്രഭ മൗനിയായിരുന്നു. വലിയ ഉത്സാഹമില്ലാതെയാണ് ഓരോന്നും അവൻ പെറുക്കിയെടുത്തത് 


ഗൗരി... നാളെ പോകുമോ..?


ഇടയ്ക്കവൻ തലയുയർത്തി വിഷാദത്തോടെ അവളെ നോക്കി.


അച്ഛൻ വന്നാൽ പോണം.


ഗൗരിയും സങ്കടം തിങ്ങുന്ന സ്വരത്തിൽ മറുപടി കൊടുത്തു.


ഉം... ഇനി അടുത്ത കൊല്ലം വരെ കാത്തിരിക്കണോല്ലോ ഞാൻ 


പ്രഭ എന്റുടെ പോരേ. ഞങ്ങളുടെ സ്കൂളിലേക്ക്.


അപ്പാപ്പൻ ഒത്തിരി കഷ്ടപ്പെട്ടിട്ടാ ഞാനും അമ്മുമ്മയും ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നത്. എനിക്കുവേണ്ടിയാ അപ്പാപ്പൻ വയ്യാഞ്ഞിട്ടും ഇപ്പോഴും പണിക്ക് പോകുന്നത്.ഞാനാ അവരുടെ ഏറ്റവും വലിയ സന്തോഷം. ഞാനൂടി ഇവിടെ ഇല്ലെങ്കിൽ അവർക്ക് സങ്കടമാകും ഗൗരി.


പ്രഭക്ക് അച്ഛനുമമ്മേം കൂടെയില്ലാഞ്ഞിട്ട് ഒത്തിരി സങ്കടോണ്ടോ പ്രഭേ..


പിന്നില്ലാതെ. എന്റെ ക്ലാസ്സിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കുമുണ്ട് അച്ഛനുമമ്മയും. ഗൗരിക്കുമുണ്ട്. എനിക്ക് മാത്രം...


പ്രഭയുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും കണ്ട് ഗൗരിക്കും കരച്ചിൽ വന്നു.


സ്കൂളിൽ പ്രോഗ്രസ്സ്കാർഡ് ഒപ്പിടാൻ കൂട്ടുകാരുടെ അച്ഛൻ വരുമ്പോൾ എന്റെത് കാർഡ് ഒപ്പിടാൻ വരുന്നത് അപ്പാപ്പനാ.. എനിക്കെന്തു കൊതിയാണെന്നോ എന്റെച്ചനൊന്നു സ്കൂളിൽ വന്നു കാണാൻ.


"പ്രഭേ..മരിച്ചുപോയവരൊന്നും ഇനിയൊരിക്കലും തിരിച്ചു വരില്ല അല്ലേ..?


എങ്ങനെ വരാനാ ഗൗരിക്കുട്ടി.. അവരൊക്കെ ആകാശത്തിലെ നക്ഷത്രങ്ങളായില്ലേ.


പ്രഭ എൻറ്റൂടെ പോരേന്ന്.. ഗൗരി വീണ്ടും ചിണുങ്ങി.


ഞാൻ പറഞ്ഞില്ലേ ഗൗരി അപ്പാപ്പനും, അമ്മാമ്മക്കും ഞാനേ ഉള്ളു. ഞാൻ നിന്റെ കൂടെ പോന്നാൽ അവർക്ക് പിന്നെ ആരാ ഉള്ളേ.പക്ഷേങ്കി ഞാൻ വരുട്ടോ ഒരു ദിവസം നിങ്ങടെ നാട്ടിലേക്ക്‌.


ഉവ്വോ... ഉറപ്പ്..?


ഗൗരിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് മിഴിഞ്ഞു.


ഉറപ്പ്.. പക്ഷേ... ഇപ്പോഴൊന്നുമല്ല.


പിന്നെപ്പോഴാ പ്രഭേ. 


പഠിച്ചുപഠിച്ച് വല്യ ആളായിട്ട് ഒരൂസം.


പ്രഭ വരുമ്പോൾ അപ്പാപ്പൻ തുന്നിതരുന്ന തൊപ്പിക്കുടകൂടി കൊണ്ടു വരണേ. 


ഹഹഹ...അതെന്തിനാ..?


പ്രഭക്ക് അവളുടെ പറച്ചിൽ കേട്ട് ചിരി വന്നു.


മഴയത്ത് നമുക്ക് മാങ്ങ പെറുക്കാൻ പോകാൻ.


"ഹഹഹ.... ഈ പെണ്ണിനെക്കൊണ്ട് ഞാൻ തോറ്റു. എടി മണ്ടി വലുതായാൽ ആരെങ്കിലും ഇങ്ങനെ മാങ്ങ പെറുക്കി നടക്കുമോടി.നിന്നെ കല്യാണം കഴിക്കാനാ ഞാൻ വരുന്നത്.അവൻ ചിരിച്ചു കൊണ്ട് അവളെ തന്റെ ചേമ്പിലക്കുടയിലേക്ക് ചേർത്ത് പിടിച്ചു. 


ഗൗരി നാണത്തോടെ അവന്റെ ഉടലിലേക്ക് ചേർന്ന് നിന്നു.


മഴത്തുള്ളികൾക്ക് കനം വെച്ച് തുടങ്ങിയിരുന്നു.


നമുക്ക് പോയാലോ നല്ല മഴ വരുന്നുണ്ട്.


ഇപ്പോ പോണ്ട പ്രഭേ.. നമുക്കീ മഴ നനയാം.


അവൾ പ്രഭയുടെ കയ്യിൽ നിന്നും ചേമ്പില വാങ്ങി താഴേക്കെറിഞ്ഞു.


"പെണ്ണേ... എന്തായീ കാട്ടിയെ. മഴ നനഞ്ഞു ചെന്നാൽ നിന്റെ അമ്മമ്മ എന്നെയാ വഴക്ക് പറയുക."


"അമ്മമ്മ അവല് വിളയിച്ചത്  ഞാനെടുത്തു വെച്ചിട്ടുണ്ട്.അതു തിന്നു കഴിയുമ്പോ ആ ചീത്ത പറച്ചിലിന്റെ സങ്കടമൊക്കെ അങ്ങോട്ട് മാറും ചെക്കാ.


ഗൗരി കൊഞ്ചലോടെ കിലു കിലെ ചിരിച്ചു.പിന്നെ കൈകൾ വിടർത്തി ആകാശമേലാപ്പിൽനിന്നടരുന്ന എണ്ണമില്ലാത്ത തുള്ളികളെ കൈകുമ്പിളിൽ കോരിയെടുക്കാൻ തുടങ്ങി.


ദിവസങ്ങൾക്കു ശേഷം അച്ഛനൊപ്പം തിരിച്ചു പോരുമ്പോൾ യാത്രയിലുടനീളം അവളുടെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.


പോരാൻ നേരത്ത് പ്രഭ കയ്യിൽ വെച്ചു തന്ന മിനുസമുള്ള വെള്ളാരം കല്ലുകൾ തോട്ടിലെ മഞ്ഞുപോലെ തണുത്ത വെള്ളത്തിന്റെ കുളിരു മുഴുവൻ കൈവെള്ളയിൽ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു.


അടുത്ത രണ്ടു വർഷം ഗൗരിക്ക് അമ്മമ്മയുടെ വീട്ടിൽ പോകാൻ കഴിഞ്ഞില്ല. അച്ചാച്ചന്റെ മരണവും, ഇളയച്ചന്റെ കല്യാണവും അവളുടെ കാത്തിരിപ്പിനെ വൃഥാവിലാക്കി.


അമ്മമ്മയും മുത്തശ്ശനും എല്ലാ കൊല്ലത്തെയും പോലെ വിളയിച്ച അവലും, ചേമ്പും, ചേനയും,കാച്ചിലും, ഉണക്കക്കപ്പയുമെല്ലാമായി വന്ന് തിരികെ പോകാൻ നേരം അവൾ നിറകണ്ണുകളോടെ അവരെ നോക്കി. ഞാനും വരട്ടെ എന്ന തേങ്ങൽ ഉള്ളിലൊളിപ്പിച്ച്.


അടുത്ത വേനലവധിക്കു അമ്മക്കൊപ്പമാണവൾ അമ്മമ്മയുടെ വീട്ടിലേക്ക് പോയത്.അക്കൊല്ലം അവൾ എട്ടാം ക്ലാസ്സിലെത്തിയിരുന്നു.


"അമ്മേ, ഞാൻ പ്രഭയുടെ വീട്ടിലൊന്നു പോയിട്ട് ഓടിവരാം."


അമ്മമ്മയോടും മുത്തശ്ശനോടും വിശേഷങ്ങൾ പറഞ്ഞു ചായ കുടിച്ചുകൊണ്ടിരുന്ന അമ്മ അവളുടെ തിടുക്കം കണ്ട് ദേഷ്യപ്പെട്ടു.


"അടങ്ങിയോതുങ്ങി വല്ലയിടത്തും ഇരിക്ക് പെണ്ണേ.. പണ്ടത്തെ കൊച്ചുകുട്ടിയൊന്നുമല്ല നീയിപ്പോ."


"പ്രഭയൊന്നും ഇപ്പൊ അവിടെ ഇല്ല മോളേ."


അമ്മമ്മ പറഞ്ഞത് കേട്ട് അവൾ ചോദ്യഭാവത്തിൽ അവരെ ഉറ്റുനോക്കി.


"കഴിഞ്ഞ മഴക്ക് ആ മാക്കോതപ്പറയൻ പനി വന്നു മരിച്ചു. പിന്നെ കാളിത്തള്ള അവനേം കൊണ്ട് അവരുടെ ആങ്ങളയുടെ വീട്ടിലേക്കൊ മറ്റോ പോയി. ഇടുക്കിയിൽ ആണെന്ന് കേൾക്കുന്നു.ഇവിടെ നിന്നിട്ട് അവറ്റോളൂ എന്ത് ചെയ്യാനാ.കാളിക്ക് തീരെ വയ്യാതായിരുന്നു.എത്ര ദിവസംന്ന് വെച്ചിട്ടാ അതുങ്ങള് പട്ടിണി കിടക്കുന്നെ.


ഗൗരി വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. കേട്ടതൊന്നും വിശ്വസിക്കാനാകാതെ.കണ്ണുകൾ മാത്രം നിറഞ്ഞു തുളുമ്പി താഴെക്കിറ്റു വീണുകൊണ്ടിരുന്നു.


രണ്ടു ദിവസങ്ങൾക്കു ശേഷം അമ്മ തിരികെ പോകാനിറങ്ങുമ്പോൾ അവളും കൂടെ പോകാൻ റെഡിയായി.


"സ്കൂൾ പൂട്ടിയയന്ന് തുടങ്ങി കയറ് പൊട്ടിക്കുവാരുന്നല്ലോ ഇങ്ങോട്ടു പോരാൻ  എന്നിട്ടെന്തേ രണ്ടു ദിവസം കൊണ്ട് ഇവിടുത്തെ പൊറുതി മതിയായോ.


അമ്മ അവളെ നോക്കി ചുണ്ടു കോട്ടി 


എന്തുപറ്റി അമ്മമ്മേടെ ഗൗരിക്കുട്ടിക്ക്. എന്തേ ഇന്ന് തന്നെ പോണംന്ന് ഇത്ര നിർബന്ധം. നാളെ വലിയമ്മാവന്റെ പിള്ളേരൊക്കെ വരുന്നുണ്ട്. അവരെയൊന്നും കാണണ്ടേ നിനക്ക്.


ഗൗരി ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു.


 നിറയെ കായ്ച്ചു നിൽക്കുന്ന ചാമ്പയും, പേരയുമെല്ലാം പ്രഭയുടെ ഓർമ്മകളെ ഉണർത്തുന്നതായിരുന്നു. അതവൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആരോട് പറയും.


ഇവൾക്കാ മാക്കോതപ്പറയന്റെ വീട്ടിലെ ചെക്കനേ ചേരുള്ളൂ. അവനെ കാണാത്ത വിഷമമാ പെണ്ണിന്.


അമ്മ പിന്നെയും അവളുടെ വിങ്ങുന്ന ഹൃദയത്തിലേക്കു മുള്ളുകൾ കോരിയിട്ടു.


"അമ്മയെന്തിനാ പ്രഭയുടെ അപ്പാപ്പനെ ഇങ്ങനെ പേരും ജാതിയുമൊക്കെ ചേർത്ത് വിളിക്കുന്നെ??


തീ പാറുന്നൊരു നോട്ടം അവൾ അമ്മയുടെ കണ്ണുകളിലേക്കെയ്തു.


"നാട്ടുകാര് മൊത്തം അവരെ അങ്ങനെയാ വിളിക്കുന്നെ.. അതിന് നീയെന്തിനാ ഇങ്ങനെ ചൂടാവുന്നെ.?


"നാട്ടുകാർ എന്ത് വേണേൽ വിളിച്ചോട്ടെ. അമ്മ അങ്ങനെ വിളിക്കണ്ട..


അത് പറയുമ്പോൾ അവളുടെ ശബ്ദമിടറിപ്പോയിരുന്നു.


എന്റെ കൃഷ്ണാ..ഈ പെണ്ണിനിതെന്തുപറ്റി 


അമ്മ താടിക്ക് കൈകൊടുത്ത് അവളെ തുറിച്ചു നോക്കി..


അവൾ ഒന്നും മിണ്ടാതെ കയ്യാല കടന്ന് റോഡിലേക്കിറങ്ങി ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.


കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ അമ്മ പിന്നാലെ വരുന്നത് കണ്ടു.


ടീപ്പോയിലിരുന്ന ഫോൺ അടിഞ്ഞു.


ഗൗരി, ഉറക്കം ഞെട്ടിയുണർന്നവളുടെ അന്ധാളിപ്പോടെ ഓർമ്മകളിൽ നിന്ന് തിരികെ വന്ന് ചുറ്റിലും മിഴികൾ പായിച്ചു.


ഹരിയുടെ പുതിയ ഫ്ലാറ്റിലാണ് താനിപ്പോ ഉള്ളതെന്നും, ഹരി വാങ്ങിത്തന്ന പുതിയ സ്മാർട്ട്‌ഫോണാണ് ടീപ്പോയിലിരുന്ന് അലറി വിളിക്കുന്നതെന്നും അവർ തിരിച്ചറിഞ്ഞു.


ഒരു വട്ടം റിങ് ചെയ്തു നിശബ്ദമായ ഫോൺ വീണ്ടും അലറിക്കരയാൻ തുടങ്ങി.


"അമ്മയിതെവിടെയായിരുന്നു..?


കാൾ എടുത്തതും ഹരിയുടെ ദേഷ്യം കലർന്ന ചോദ്യം കാതുകളിൽ വന്നു വീണു.


ഞാനിവിടെയുണ്ടായിരുന്നു മോനേ..


അവർ പതിഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു.


ഇവിടെയൊക്കെ ഭയങ്കര കാറ്റും മഴയും. ഇന്നത്തെ പ്ലാനിങ് ഒക്കെ പൊളിഞ്ഞു. ഞങ്ങൾ തിരിച്ചു വരുവാ. വൈകുന്നേരത്തേക്കു എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണം എന്റെയൊരു ഫ്രണ്ടും അവന്റെ ഫാമിലിയും കൂടിയുണ്ടാകും ഡിന്നറിന്.പുറത്തു നിന്ന് കഴിക്കാമെന്നു പറഞ്ഞതാ. പക്ഷേ അവര് സമ്മതിക്കുന്നില്ല. അവർക്ക് അമ്മയെയൊന്നു കാണണം എന്നാ പറയുന്നേ.


ശരിമോനേ. അമ്മ കുറച്ചു ഫ്രൈഡ് റൈസും ചില്ലിച്ചിക്കനും ഉണ്ടാക്കാം. മതിയോ.?


"ഇവർക്ക് കഞ്ഞിയും പയറും മതിയെന്ന പറയുന്നേ അമ്മേ.. അല്പനേരത്തെ പിറുപിറുക്കലിനു ശേഷം ഹരി മറുപടി വന്നു.


അമ്മയെല്ലാം ഒന്ന് തുടങ്ങി വെച്ചാ മതി. അപ്പോഴേക്കും ഞങ്ങളെത്തും. പിന്നെ നീതുവും കൂടും അമ്മയുടെ കൂടെ.. പോരേ.


മതി മോനേ..


കഞ്ഞിക്കുള്ള അരി കഴുകി കുക്കറിലിട്ടപ്പോഴേക്കും കാളിംഗ് ബെൽ ശബ്ദിച്ചു.


 ഇത്ര പെട്ടന്നിങ്ങെത്തിയോ എന്ന ചോദ്യത്തോടെ വാതിൽ തുറന്ന ഗൗരി ഹരിക്കു പിന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെക്കണ്ട് പകച്ചു പോയി..പിന്നെ മിഴിഞ്ഞു തുടങ്ങിയ കണ്ണുകൾ അവനിൽ തന്നെ ഉറപ്പിച്ച് നിശ്ചലം  നിന്നു.

ബാക്കി വായിക്കൂ

To Top