Happy Wedding തുടർക്കഥ Part 2 വായിക്കൂ...

Valappottukal

 


രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.
The next morning

"ഡാ പിള്ളേരെ കഴിഞ്ഞില്ലേ സമയായി "... സാം ഉറക്കെ വിളിച്ചു ചോദിച്ചു.

"ആ എത്തിയെത്തി ഇച്ചായ....".... സൈമൺ പറഞ്ഞു. എല്ലാവരും ഒരുങ്ങി പുറത്തേക്ക് വന്നു.

"അച്ചുവും റിച്ചുവും എവിടെ "??... സിവാൻ ചോദിച്ചു.


"അവന്മാര് കാറിൽ കേറി ഇരിപ്പുണ്ട് "....ഏയ്‌റ പറഞ്ഞു.

"ചേട്ടത്തി കൊച്ച് എണീക്കുവാണേൽ ഇത്തിരി കുറുക്ക് എടുത്ത് കൊടുത്തേക്കണേ..."... റെബേക്ക പറഞ്ഞു.

"അതൊക്കെ ഞങ്ങള് നോക്കിക്കോളാം നീ പോയിട്ട് വാ "....

"എന്നാ പോയിട്ട് വരാം ചേട്ടത്തി "... സിവാൻ പറഞ്ഞു. അവർ റീനയോടും ഏയ്‌റയോടും യാത്ര പറഞ്ഞിറങ്ങി.

"ഇച്ചായ നേരെ പള്ളിയിലേക്ക് അല്ലേ "??... സാമൂവൽ ചോദിച്ചു.

"അതേടാ...."... സാം പറഞ്ഞു.

അല്പസമയത്തെ യാത്രക്ക് ഒടുവിൽ അവർ പള്ളിയിൽ എത്തി ചേർന്നു. അവർ നേരെ പോയത് സെമിതേരിയിലേക്ക് ആയിരുന്നു.കുരീക്കാട്ടിൽക്കാരുടെ കാരണവന്മാരുടെ കല്ലറക്ക് മുൻപിൽ അവർ എല്ലാവരും മുട്ട് കുത്തി നിന്ന് പ്രാർഥിച്ചു. ജോൺ പീറ്റർ കുരീക്കാട്ടിൽ എന്നും അന്നമ്മ ജോൺ കുരീക്കാട്ടിൽ എന്നും എഴുതിയ കല്ലറക്ക് മുന്നിൽ നിന്ന് സാം പറഞ്ഞു.


"അമ്മച്ചി... ഇന്ന് അമ്മച്ചിയുടെ ഓർമ ദിവസത്തിൽ 21പെങ്കൊച്ചുങ്ങളെയാ ഞങ്ങള് കെട്ടിച്ച് അയക്കാൻ പോകുന്നെ. അവർക്കെല്ലാം നല്ലത് വരുത്തണേ. ആ പിള്ളേരെ അനുഗ്രഹിക്കണേ. നല്ല കുടുംബ ജീവിതം തന്നെ അവർക്ക് കൊടുത്തേക്കണേ...!! ഒരു പാക പിഴയും ഒന്നിലും ഉണ്ടാവല്ലേ!!"... സാം പ്രാർഥിച്ചു.

"ഇച്ചായ സമയായി ".... സൈമൺ പറഞ്ഞു.

"ആഹ് ഡാ വാ പോകാം "....സാം പറഞ്ഞു.
"റിച്ചു വേഗം വാടാ... പായസം കുടിക്കാൻ ഉള്ളതാ ".... അച്ചു അതും പറഞ്ഞു ഓടി പോകുന്നത് കണ്ട് അവരെല്ലാം നോക്കി ചിരിച്ചു.

പള്ളിവക ഓഡിറ്റ്‌റ്റോറിയത്തിൽ തന്നെ ആയിരുന്നു എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്തിരുന്നത്. Event മാനേജ്മെന്റുകാർ അവരെ കൊണ്ട് ആകും വിധം അവിടം ഗ്രന്റായി തന്നെ അലങ്കരിച്ചിരുന്നു. വിളിച്ച അതിഥികൾ എല്ലാം സ്റ്റേജിൽ തന്നെ ഉണ്ടായിരുന്നു. 5000പേർക്കുള്ള സദ്യ കലവറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.

"സാമേ എല്ലാം okay അല്ലേ "??... പളളിലച്ചൻ ചോദിച്ചു.

"അതേ അച്ചോ....".... സാം പറഞ്ഞു.
"ഇച്ചായ സമയമായി തുടങ്ങി...... വന്നൊന്ന് സംസാരിച്ചാൽ നമുക്ക് പിള്ളേരെ വിളിക്കാരുന്നു "... സാമൂവൽ പറഞ്ഞു.

"ആഹ് ഡാ വാ "....
സാം സാമൂവലിനെയും കൂട്ടി സ്റ്റേജിലേക്ക് നടന്നു.

"ഡാ.... കളക്ഷൻ തീരെ പോരല്ലേ "??... സൈമൺ ചോദിച്ചു.
"കെട്ടി ഒരു കൊച്ചും ആവാറായി. അപ്പോഴും കളക്ഷൻ എടുത്ത് നടക്കുവാ  ഈ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ലല്ലേ?? റീന മോള് കാണണ്ട ".... സിവാൻ പറഞ്ഞു.


"അവൾ ഇല്ലാത്തോണ്ട് അല്ലേ എനിക്ക് ഇത്ര ധൈര്യം!!"....

സിവാൻ ചിരിയോടെ അവനെ നോക്കുമ്പോൾ ആണ് മേക്കലാത്തെ സണ്ണിയും ടോമിയും വർക്കിയും കൂടെ അങ്ങോട്ട് വരുന്നത് അവൻ കണ്ടത്.

"ഇച്ചായ അങ്ങോട്ട് നോക്കിക്കേ ".... സിവാൻ പറഞ്ഞതും സൈമൺ അങ്ങോട്ട് നോക്കി.
"ഇവന്മാർ എന്താ ഇവിടെ??"... സൈമൺ ചോദിച്ചു.

"ഇച്ചായ എന്തോ ഒന്ന് വരുന്നുണ്ട്.... ഇവന്മാർ എന്തോ ഇടംകോല് ഇടാൻ വേണ്ടിയാ വന്നേക്കുന്നത് "....

"എങ്കിൽ വെട്ടി അരിയും ഞാൻ അവന്മാരെ "....

സൈമൺ പറഞ്ഞു കൊണ്ട് നിന്നതും സാം മൈക്കിൽ കൂടെ സംസാരിക്കാൻ തുടങ്ങി.

"പ്രിയമുള്ളവരേ.... വർഷാ വർഷമായി കുരീക്കാട്ടിൽ തറവാട്ടുകാർ നടത്തുന്ന 25ആം സമൂഹ വിവാഹം ഇന്ന് ഇവിടെ നടക്കാൻ പോകുകയാണ്. ഞങളുടെ അമ്മച്ചിയുടെ ഓർമ ദിവസമായ ഇന്ന് പാവപ്പെട്ടവരും അനാഥരുമായ നാനാ ജാതിയിൽ പെട്ട 21 പെങ്കൊച്ചുങ്ങളെ ആണ് ഞങ്ങൾ വിവാഹം കഴിപ്പിച്ച് അയക്കുന്നത്. എല്ലാ വർഷവും ഞങ്ങടെ അമ്മച്ചിയുടെ ഓർമ ദിവസം നടത്തി വരുന്ന ചടങ്ങ് ആണിത്. ഞങ്ങടെ അമ്മച്ചിയുടെയും  അപ്പച്ചന്റെയും വല്യ ആഗ്രഹം ആയിരുന്നു ഒരു പെങ്കൊച്ച്. പക്ഷെ കർത്താവ് അവർക്ക് നാല് ആൺമക്കളെയെ കൊടുത്തുള്ളൂ. ആ ഒരു സങ്കടം തീർക്കാൻ വേണ്ടിയാണ് ഞങളുടെ അപ്പച്ചൻ അമ്മച്ചിയുടെ ഓർമ ദിവസം ഇങ്ങനെ ഒരു മംഗള കർമം കാലാ കാലങ്ങളായി നടത്തി പോന്നത്. ഇപ്പോ ഞങ്ങളും അത് നടത്തി പോകുന്നു. ഇന്ന് വിവാഹിതർ ആകാൻ പോകുന്ന എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സർവേശ്വരൻ നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർഥിക്കുന്നു. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു. പിന്നെ എന്റെ പെങ്ങന്മാരോട് ഈ ആങ്ങളമാരുടെ അപേക്ഷയാണ് എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും പ്രതിസന്ധികൾ വന്നാലും എന്റെ മക്കൾ ഒരിക്കലും ഒരു ആത്മഹത്യയെ കുറിച്ചൊന്നും ചിന്തിക്കരുത്. ആരുമില്ലെന്ന് കരുതരുത്. നിങ്ങക്ക് വേണ്ടി കുരീക്കാട്ടിലെ വാതിൽ എന്നും തുറന്ന് തന്നെ കിടപ്പുണ്ടാകും...."... സാം പറഞ്ഞു തീർത്തതും കരഘോഷം മുഴങ്ങി.


"വിവാഹത്തിന് ആയി എത്തിയിട്ടുള്ള പെൺകുട്ടികൾ മണ്ഡപത്തിലേക്ക് കടന്ന് വരേണ്ടതാണ്. അവരവരുടെ കൈയിൽ കിട്ടിയിട്ടുള്ള നമ്പറിൽ ഉള്ള മണ്ഡപത്തിൽ വരന്മാരും വന്ന് ഇരിക്കേണ്ടതാണ് "..... സാമൂവൽ മൈക്കിൽ കൂടെ പറഞ്ഞു.

പെൺകുട്ടികൾ ഓരോരുത്തർ ആയി ഓഡിറ്റോറിയത്തിന്റെ അകത്തേക്ക് വന്നതും സൈമന്റെ  കണ്ണ് ഒരു പെൺകുട്ടിയിൽ തറഞ്ഞു നിന്നു. ചുവന്ന നിറമുള്ള വിവാഹ സാരിയിൽ കൈയിൽ ഒരു ബൊക്കയും പിടിച്ച് ഒരുങ്ങി വരുന്ന പെൺകുട്ടിയെ കണ്ടതും അവന്റെ ഉള്ളിൽ ഒരു തരിപ്പ് ഉണ്ടായി.

"സെലീൻ മോള്...."... അവൻ ഞെട്ടലോടെ മന്ത്രിച്ചു.
"ഇച്ചായൻ എന്താ ഈ നോക്കണേ "??... സിവാൻ ചോദിച്ചു.
"ഏയ് ഒന്നുല്ല.... ഞാൻ... ഞാൻ ഇപ്പോ വരാം "... സൈമൺ സെലിന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും സാമൂവൽ മൈക്കിൽ കൂടെ വിളിച്ചു ചോദിച്ചു.
"മണ്ഡപം 10ൽ ഇരിക്കേണ്ട വരൻ ജെറിക് എബ്രഹാം എവിടെ?? ജെറിക് എത്രയും വേഗം ഇങ്ങോട്ടേക്ക് വരേണ്ടതാണ് "... സാമൂവൽ പറയുന്നത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി.
"എന്താടാ?? "... സാം ചോദിച്ചു.
"ആ മണ്ഡപത്തിൽ ഇരിക്കേണ്ട ചെറുക്കൻ എത്തിയിട്ടില്ല ഇച്ചായ ".... സാമൂവൽ പറഞ്ഞു.

എല്ലാവരും സെലിനെ  തന്നെ നോക്കി. അവളുടെ മുഖത്ത് പേടിയും വെപ്രാളവും ഉരുണ്ടു കൂടി. എല്ലാവരെയും പോലെ സിവാനും സൈമനും റെബേക്കയും അവളെ നോക്കി.കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ വെന്തു ഉരുകി കണ്ണീർ പുറത്തേക്ക് പൊട്ടി ഒലിക്കും പോലെ. ആ ഉരുകലിന്റെ തീവ്രതയിൽ അവളുടെ മുഖമാകെ ചുവന്നു പോയിരുന്നു. നിസ്സഹായതയോടെ തല കുമ്പിട്ട് നിക്കുന്ന ആ പെണ്ണിനെ സിവാനും നോക്കി നിന്നു.സൈമൺ വേഗം സ്റ്റേജിലേക്ക് കയറി ചെന്നു.

"ഇച്ചായ ലിസ്റ്റ് ഇങ്ങു കാണിച്ചേ "??... സൈമൺ സാമുവലി ന്റെ കൈയിൽ നിന്ന് ലിസ്റ്റ് വാങ്ങി നോക്കി.
"മണ്ഡപം 10 സെലിൻ തോമസ് and ജെറിക് എബ്രഹാം ... കർത്താവേ ഞങ്ങടെ സെലിൻ മോള്...."... സൈമന്റെ ഉള്ളിൽ സന്തോഷവും സങ്കടവും ഒരുപോലെ വന്ന് നിറഞ്ഞു.
"ഡാ ആ ചെറുക്കനെ വിളിച്ചു നോക്ക്..."... സാം ആദിയോടെ പറഞ്ഞു.


"വിളിച്ചിട്ട് നമ്പർ നിലവിൽ ഇല്ലെന്ന ഇച്ചായ പറയണേ "... സാമൂവൽ പറഞ്ഞു.
"കർത്താവേ.... "....
"ഇനി എന്നാ ചെയ്യും ഇച്ചായ?? ആ കൊച്ച് നിന്ന് കരയുവാ "...സാമൂവൽ വേദനയോടെ പറഞ്ഞു.

സെലിന്റെ കണ്ണിൽ നിന്നും കണ്ണീർ ചാലിട്ട് ഒഴുകി കൊണ്ടിരുന്നു. അവളൊരു ആശ്രയത്തിനായി ചുറ്റും നോക്കി.പക്ഷെ ആരും അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും ഉണ്ടായിരുന്നില്ല.

"കർത്താവേ ഞാൻ ഇപ്പോ എന്താ ചെയ്യാ "??... സാം വേദനയോടെ ഓർത്തു. ആളുകൾ അതുമിതും പരസ്പരം പറയാൻ തുടങ്ങി.പെട്ടെന്ന് മേക്കലാത്തെ സണ്ണി ചാടി എണീറ്റു.

"സാം അച്ചായോ.... എന്തുവാ കല്യാണം നടത്തുന്നില്ലേ?? അല്ല ഈ കൊച്ചിന്റെ ചെക്കൻ എവിടെ "??... അയാൾ അഹങ്കാരത്തോടെ ചോദിച്ചു.

സെലിൻ അപ്പോഴും മുഖം താഴ്ത്തി നിന്നു കരഞ്ഞു.സാം അവരെ എല്ലാവരെയും നോക്കി നിന്നു. സാമൂവലിന്റെയും റബേക്കയുടെയും സൈമന്റെയും സിവാന്റെയും മുഖം ആദി പിടിച്ച പോലെ ആയി.എന്ത് ചെയ്യുമെന്ന് അറിയാതെ അവർ നിന്ന് ഉരുകി.

"എടി കൊച്ചേ... നിനക്ക് ഉള്ള ചെറുക്കൻ വരാൻ ഒന്നും പോണില്ല ഒരുങ്ങി കെട്ടി നിൽക്കണ്ട. ഇവന്മാര് നിന്നെ ചതിച്ചതാ....!! നിന്നെ മാത്രല്ല ഈ നാട്ടുകാരെ മൊത്തം ഇവര് ചതിച്ചു. ഇപ്പോ മനസിലായല്ലോ കുരീക്കാട്ടിൽ കാരുടെ സ്നേഹവും കരുതലും വിശ്വാസവും.ഇവർക്ക് സ്തുതി പാടുന്ന നിങ്ങള് തന്നെ പറ. ആരോരുമില്ലാത്ത ഒരു പെങ്കൊച്ചിനോട് ഇവന്മാരൊക്കെ കൂടെ ചെയ്തത് ചതിയാണോ അല്ലയോ??".....സണ്ണി ചോദിച്ചു.

ആരും അതിനൊരു വാക്ക് പോലും മിണ്ടിയില്ല.

"കുരീക്കാട്ടിൽക്കാർ ആരെയും ചതിക്കാറില്ല നിന്നെയൊക്കെ പോലെ ".... സാമൂവൽ ദേഷ്യത്തിൽ പറഞ്ഞു. സൈമന്റെയും സിവാന്റെയും റെബേക്കയുടെയും മുഖം ദേഷ്യം കൊണ്ട് വിറച്ചു.

"സാം എന്താടോ ഇതൊക്കെ??"... പള്ളിൽ അച്ഛൻ ചോദിച്ചു.
"അച്ഛാ എനിക്ക് അറിഞ്ഞൂടാ എല്ലാം പെർഫെക്ട് ആരുന്നു ഇപ്പോ എന്നതാ പറ്റിയെ എന്ന് എനിക്ക് അറിഞ്ഞൂടാ "... സാം ടെൻഷനോടെ പറഞ്ഞു.അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.


"സാമേ... നടന്നത് നടന്നു. ആ കുട്ടിയെ പറഞ്ഞു മനസിലാക്കാം നമുക്ക്. ഇപ്പോ ബാക്കിയുള്ളവരുടെ മിന്നു കെട്ട് അങ്ങ് നടക്കട്ടെ...".... പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു.
"പക്ഷെ പ്രസിഡന്റെ ആ കൊച്ച്... അത് നിന്ന് കരയുന്ന കണ്ടോ?? കർത്താവ് പൊറുക്കുവേലാ "..... സാം വേദനയോടെ പറഞ്ഞു.
"ഇതിപ്പോ നമ്മടെ ആരുടേയും കുഴപ്പം അല്ലല്ലോ. സംഭവിച്ചു പോയില്ലേ!!അതല്ലേൽ ആരേലും ഇപ്പോ ആ കുട്ടിയെ സ്വീകരിക്കാൻ തയ്യാറാവണം "... പ്രസിഡന്റ്‌ പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി.
"ഇച്ചായ നമ്മടെ കൂട്ടത്തിൽ ആരെയാ ഇപ്പോ??"... സാമൂവൽ ചോദിച്ചു.

സാം ആകെ പകച്ചു നിന്നു. സൈമൺ സെലിനെ നോക്കി. അവന്റെ ഉള്ളിൽ ഒരു പള്ളി മണി മുഴങ്ങും പോലെ അവന് തോന്നി അവൻ കർത്താവിന്റെ തിരു രൂപത്തെയും സ്റ്റെജിൽ വെച്ചിരിക്കുന്ന അപ്പന്റെയും അമ്മച്ചിയുടെയും ഫോട്ടോയിലേക്കും അവൻ നോക്കി. അവന്റെ കണ്ണ് നിറഞ്ഞു.

"ഒരുപക്ഷെ ഇതൊക്കെ കർത്താവിന്റെ തീരുമാനം ആയിരിക്കും. അതല്ലേൽ ഈ കൃത്യ സമയത്ത് സെലിൻ മോള് ഇവിടെ വരാനും ഇങ്ങനെയൊക്കെ സംഭവിക്കാനും... ഇതൊക്കെ ഒരു നിയോഗം ആണെങ്കിലോ??"... അവൻ സിവാനെയും കരഞ്ഞു നിൽക്കുന്ന സെലിനെയും നോക്കി.


"പ്രിയമുള്ളവരേ ചില അപ്രതീക്ഷിതമായ സംഭവങ്ങൾ ഇവിടെ നടക്കുകയുണ്ടായി. വിവാഹം കഴിക്കാം എന്ന് ഏറ്റ വരൻ എവിടെ എന്ന് അറിഞ്ഞൂട ആർക്കും. ഇന്ന് ഈ വിവാഹം നടക്കാതെ പോയാൽ അത് ആ കരഞ്ഞു തളർന്നു നിൽക്കുന്ന കൊച്ചിന് ഒരു കളങ്കമായി പോവും. അതിന്റെ കണ്ണീർ കണ്ട് ആർക്കേലും അതിനെ വിവാഹം കഴിക്കാൻ ഒരു മനസ്സ് ഉണ്ടെങ്കിൽ ആരേലും മുന്നോട്ട് വരണം "... പ്രസിഡന്റ്‌ പറഞ്ഞതും. ആരും വന്നില്ല.

സാം അവരെ എല്ലാം നോക്കി. വല്ലാത്തൊരു നിസ്സഹായത അവന്റെ കണ്ണിൽ തളം കെട്ടാൻ ഒരുങ്ങുമ്പോൾ സാമിന്റെ കണ്ണ് സിവാനിൽ തടഞ്ഞത്. പെട്ടെന്ന് മേക്കലാത്തെ ഇളയവൻ ടോമി ചാടി എണീറ്റ് പറഞ്ഞു.

"ആരും വരാത്ത സ്ഥിതിക്ക് ഞാൻ ഇവൾക്കൊരു ജീവിതം കൊടുത്തേക്കാം "....
സൈമൺ അത് കേട്ട് ഞെട്ടി. സെലിൻ അവനെ കണ്ട് പേടിച്ചു നിന്നു.സാം കൊടുങ്കാറ്റിന്റെ വേഗത്തിൽ സിവാന്റെ അടുത്തേക്ക് നടന്നു.


"സിവാനെ...."....സാം വിളിച്ചു.
"എന്താ ഇച്ചായ "??
"ഇതുവരെ ഇച്ചായൻ നിന്നോട് അത് ചെയ്യ് ഇത് ചെയ്യ് എന്നൊന്നും പറഞ്ഞു വാശി പിടിച്ചിട്ടില്ല. നിന്നെ ഒന്നിനും നിർബന്ധിച്ചിട്ടില്ല. ആദ്യമായും അവസാനമായും ഇച്ചായൻ ഒരു കാര്യം ആവശ്യപ്പെടുവാ "....
"എന്താ ഇച്ചായ "??....സിവാൻ ചോദിച്ചതും സാമൂവലും , സൈമനും സണ്ണിയും റബേക്കയും ടോമിയും , അങ്ങനെ എല്ലാവരും അവരെ തന്നെ നോക്കി.ഒരു വല്ലാത്ത നിശബ്ദത ഒരു നിമിഷത്തേക്ക് അവിടെ മൊട്ടിട്ടു. സെലിന്റെ നേർത്ത തേങ്ങൽ മാത്രം കേൾക്കാം.

"എന്താ ഇച്ചായ "??.... സിവാൻ വീണ്ടും ചോദിച്ചു.
"കുരീക്കാട്ടിലെ സിവാന്റെ പെണ്ണായിട്ട് മിന്ന് കെട്ടി കൊണ്ട് വാടാ അവളെ".....
സാം പറഞ്ഞത് കേട്ട് സിവാൻ ഞെട്ടി. പക്ഷെ സാമൂവലും സൈമനും റബേക്കയും അവരുടെ എല്ലാവരുടെയും മുഖം ഞെട്ടലിൽ നിന്ന് സന്തോഷത്തിലേക്ക് തെന്നി മാറി.

"ഇച്ചായ ഞാൻ...."... സിവാൻ സാമിനെയും കരഞ്ഞു കൊണ്ട് നിക്കണ സെലിനെയും ഒരു നിമിഷം നോക്കി.ഉള്ളിൽ എവിടെയോ എന്തോ കൊളുത്തി പിടിക്കും പോലെ അവന് തോന്നി.


"ഇച്ചായ ഞാൻ.... എനിക്ക്!!"....
"ഞാൻ നിന്റെ അഭിപ്രായമല്ല ചോദിച്ചേ.... സമ്മതം ആണ്. ഇന്ന് ആ പെങ്കൊച്ച് കണ്ണീരും കയ്യുമായി ഇവിടുന്ന് ഇറങ്ങി പോയാൽ, ആ കണ്ണീര് വന്ന് വീഴാൻ പോകുന്നത് കുരിക്കാട്ടിലെ ഏഴ് തലമുറയുടെയും തലയിൽ ആയിരിക്കും. അപ്പന്റെയും അമ്മച്ചിയുടെയും തറവാടിന്റെയും മാനത്തെ ഓർത്ത് എങ്കിലും നിനക്ക് ഇത് ചെയ്യാൻ പറ്റുവോ??".... സാം ഉറച്ച സ്വരത്തോടെ ചോദിക്കുന്ന കേട്ടപ്പോൾ മേക്കലാത്തെ ആൺ തരികൾ ഒന്ന് പകച്ചു പോയി.

"സിവാനെ... ഇപ്പോ നീ തീരുമാനിച്ചാൽ സെലിൻ ഇന്ന് മുതൽ കുരീക്കാട്ടിലെ സിവാച്ഛന്റെ പെണ്ണാ... അതല്ലേൽ ഒരുപക്ഷെ ടോമി പറഞ്ഞത് പോലെ അവൻ അവളെ സ്വീകരിക്കാൻ പോയാൽ പിന്നെ ആ പെണ്ണ് കെട്ട് കഴിഞ്ഞു മൂന്നാം പൊക്കം മീനച്ചിലാറ്റിൽ ഒഴുകി ഒലിച്ചു പോയെന്ന് നമ്മൾ കേൾക്കേണ്ടി വരും "..... സൈമൺ പറഞ്ഞു. സിവാൻ ഒരു നിമിഷം സെലിനെ നോക്കി. അവന്റെ ഇച്ചായന്മാരെയും ചേട്ടത്തിയെയും അപ്പന്റെയും അമ്മയുടെയും ഫോട്ടോയിലേക്കും നോക്കി.

"എനിക്ക് സമ്മതമാണ്.....".... അവൻ ഉറച്ച സ്വരത്തോടെ പറഞ്ഞതും സെലിൻ മുഖം ഉയർത്തി ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.അതേ സമയം അവനും മിഴികൾ അവളിലേക്ക് പായിച്ചു. അവരുടെ കണ്ണുകൾ ആദ്യമായി പരസ്പരം കോർത്തു.

"സി... സിവാൻ ഇച്ചായൻ "..... അവൾ ഞെട്ടലോടെ മെല്ലെ പറഞ്ഞു.അവൾ അപ്പോഴാണ് സിവാന്റെ അടുത്ത് നിക്കുന്ന സൈമനെ കണ്ടത്.

"സൈമചാച്ചൻ ".... അവൾ ഞെട്ടലോടെ അവനെ നോക്കിയപ്പോൾ അവൻ അവളെ കണ്ണ് ചിമ്മി കാണിച്ചു.

"അച്ചോ ചടങ്ങ് നടക്കട്ടെ ".... സാം പറഞ്ഞു.
"സിവാനെ.... വാടാ "... സാമൂവൽ പറഞ്ഞതും. സിവാൻ സെലിന്റെ അടുത്തേക്ക് നടന്നു.


റെബേക്ക സന്തോഷം കൊണ്ട് അവരെ നോക്കി പുഞ്ചിരിയോടെ നിന്നു. അച്ചുവും റിച്ചുവും ചിരിയോടെ അവരെ നോക്കി.
സിവാൻ സെലിന്റെ അടുത്ത് വന്ന് നിന്നു. അച്ഛൻ കൈയിലേക്ക് വെച്ച് കൊടുത്ത മിന്നിലേക്ക് അവനൊന്നു നോക്കി. അപ്പോഴും സെലിൻ കണ്ണ് നിറച്ചു നിന്നു.

"ഞാൻ മിന്നു ചാർത്തിക്കോട്ടെ "??... സിവാൻ അത് ചോദിച്ചതും അവൾ പകപ്പോടെ അവനെ ഒരു നിമിഷം നോക്കി. എല്ലാവരും അവളുടെ മറുപടിക്ക് ആയി കാത്ത് അവളെ ഞെട്ടലോടെ നോക്കി നിന്നു.

"കർത്താവേ... ഈ കൊച്ചിനെ ഞങ്ങടെ വീട്ടിലേക്ക് വിട്ടേക്കണേ... പൊന്ന് പോലെ നോക്കിക്കോളാം ഞങ്ങള്..."... റബേക്ക പ്രാർഥിച്ചു.

"മോൾക്ക് സിവാനെ കെട്ടാൻ സമ്മതം ആണോ "??... സാമൂവൽ ചോദിച്ചു.അവൾ സിവാനെ ഒന്ന് നോക്കി.
"മ്മ്.... സ... സമ്മതം "... സെലിൻ അത് പറഞ്ഞതും സിവാൻ ഒരു ചെറു ചിരിയോടെ അവളുടെ കഴുത്തിൽ മിന്ന് ചാർത്തി.

"കർത്താവെ നടക്കുന്നതൊക്കെ ഒരു സ്വപ്നം ആയിരിക്കരുതേ... ഈ മിന്ന് മരണം വരെയും എന്റെ കഴുത്തിൽ തന്നെ ഉണ്ടാവണേ. അതിനുള്ള ഭാഗ്യം നീയെനിക്ക് തരണേ.... ആമേൻ ".....സെലിൻ പ്രാർഥിച്ചു പോയി. എല്ലാവരുടെയും മുഖങ്ങളിൽ സന്തോഷം തിളങ്ങി.സിവാൻ അപ്പോഴും കണ്ണീർ പൊഴിക്കുന്ന സെലിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"കൊച്ച് മമ്മി വിളിച്ചു പറ... ഞങ്ങടെ മമ്മിയോടും കുഞ്ഞ് മമ്മിയോടും ഞങ്ങടെ ഇളേമ്മ വരുന്നുണ്ടെന്ന്... കുരീക്കാട്ടിലെ സിവാച്ചന്റെ പെണ്ണ് വരുന്നുണ്ടെന്ന് ".... റിച്ചു റെബേക്കയോട് പറഞ്ഞു. റെബേക്ക ഒന്നിച്ചു നിൽക്കുന്ന സെലിനെയും സിവാനെയും ഒന്ന് നോക്കി പുഞ്ചിരിച്ചു...
പിള്ളേരെ എല്ലാവരും അഭിപ്രായങ്ങൾ അറിയിച്ചിട്ടു പോവണെ...

തുടരും

രചന :-അനു അനാമിക

To Top