രചന: വൈശാഖൻ
സുഖല്ലേ ???....
വാട്സ് ആപ്പ് ഓപ്പൺ ചെയ്തപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് വന്ന ചോദ്യം.
മെസ്സേജ് വന്നിട്ട് കുറച്ചു നേരം കഴിഞ്ഞിരിക്കുന്നു. ഒരു ആപ്പിലും നോട്ടിഫിക്കേഷൻ ഓൺ അല്ലാത്തത് കൊണ്ട് ഫോൺ വഴി ഉള്ള ഒരു ശല്യവും ബാധിക്കാറില്ല.
പെട്ടെന്ന് ഞാൻ ഓർത്തത് ഈ അടുത്ത കാലത്തൊന്നും എന്നോട് ആരും നിനക്ക് സുഖമാണോ എന്ന് ഫോണിൽ കൂടെയോ , ചാറ്റിലൂടെയോ പോലും ചോദിച്ചിട്ടില്ല എന്നതാണ്.
മറുപടി കൊടുക്കും മുൻപ് പ്രൊഫൈൽ കേറി പേര് എന്താണെന്നു നോക്കി.പേരില്ല.പകരം സ്നേഹത്തിന്റെ സ്മൈലികൾ മാത്രം..
കെ എസ് ആർ ടി സിയുടെ ജനൽ പാളി തുറന്നിട്ട് ചാറ്റൽ മഴ കണ്ടും ആസ്വദിച്ചും , യൂട്യൂബ് മ്യൂസിക് ലെ ഇഷ്ടപെട്ട പ്ലേലിസ്റ്റ് ലെ സ്ഥിരമായി കേൾക്കാറുള്ള പാട്ടും കേട്ടുള്ള ഒരു ദീർഘ ദൂര യാത്രയിലായിരുന്നു ഞാൻ.
"തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി നുകർന്നു, തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു തമ്മിൽ പുണർന്നു വീണു.
പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി തെന്നൽ പറന്നു പോയി......"
യാത്രകളിലാണ് ഒരു മനുഷ്യൻ അവന്റെ ഓർമ്മകളെ കൂട്ട് പിടിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.പണ്ട് സന്തോഷം തന്നിരുന്ന എത്രയോ നല്ല നല്ല ഓർമ്മകളുടെ അയവിറക്കൽ കൂടിയാണ് യാത്രകൾ.
സുഖമാണ് എന്നൊരു കള്ളം ടൈപ്പ് ചെയ്തു. അയക്കാം ഓർത്തു പിന്നെ അത് വേണ്ടെന്നു വെച്ച് ഒരു പുഞ്ചിരിക്കുന്ന സ്മൈലി ആക്കി.
കൂടെ ജോലി ചെയ്യുന്നവരുടെ പരാതിയും ഇത് തന്നെയാണ്.ഗ്രൂപ്പിൽ പോലും വാ തുറന്നു ഒന്ന് മിണ്ടിക്കൂടെ വിനയാ.എല്ലാത്തിനും ഒരു സ്മൈലി.ഓഫീസിൽ വന്നാലും മൗനം.
പണ്ട് വാ തോരാതെ മിണ്ടി നടന്നിരുന്ന , ഒരു കാലത്തു ഗ്രൂപ്പുകളിലും ,എനിക്ക് പ്രിയപ്പെട്ട ഇടങ്ങളിലും വാ അടക്കാത്ത, ഒരു ലോഡ് ഉപന്യാസം തന്നെ പടച്ചു വിട്ടിരുന്നു ഞാൻ എന്ന് എനിക്ക് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു.
എന്തോ അവിടെയും ഒരു ചിരി കൊടുത്തു അവരുടെ ചോദ്യങ്ങളെ എല്ലാം അങ്ങനെ തന്നെ മടക്കി വിട്ടു..
അയച്ച ആൾ എന്തായാലും ഇപ്പൊ ഓൺലൈൻ ഇല്ല!!
കുറേ വർഷങ്ങൾക്കു മുൻപ് വരെ ഇങ്ങനെ പരിചയം ഇല്ലാത്ത നമ്പറുകളിൽ നിന്നു വരുന്ന മെസ്സേജുകൾ അത്രയേറെ കൊതിയോടെയും ആകാംക്ഷയോടെയും ആയിരുന്നു ഓപ്പൺ ചെയ്തു നോക്കി ഇരുന്നതും.പലതും എന്റെ കഥകൾ അറിയാവുന്ന കൂട്ടുകാരുടെ കളിപ്പിക്കലുകൾ മാത്രമായിരുന്നു എന്ന് വേദനയോടെ തിരിച്ചറിഞ്ഞു ഒടുക്കം എന്നിലേക്ക് തന്നെ ഉൾവലിഞ്ഞു പോയ ദിനങ്ങൾ.
നിന്നെ കുറിച്ചുള്ള ഓർമ്മകളുടെ കറുത്ത കൽ പടവുകളിൽ ഓരോ തവണ തട്ടി വീഴുമ്പോഴും കണ്ണ് നിറയാറുണ്ട്.ശബ്ദം ഇടറാറുണ്ട് ..നെഞ്ച് പിടയാറുണ്ട്.പ്രണയ സ്മാരകങ്ങളിൽ പക്ഷെ ഉപേക്ഷിക്കാൻ കഴിയാതെ,ഇപ്പോഴും ആ ഓർമ്മകളെ ഭദ്രമായി കയ്യിൽ കൊണ്ട് നടക്കാറുണ്ട്.
ശേ..ഇടയ്ക്കു നിർത്തി വെച്ചിരുന്ന കളിപ്പിക്കലുകൾ വീണ്ടും ആരെങ്കിലും പൊടി തട്ടി എടുത്തിട്ടുണ്ടാകും..
കണ്ണട മാറ്റി തൂവാല കൊണ്ട് കണ്ണുനീർ തുടച്ചത് കണ്ട അടുത്തിരുന്ന പെൺകുട്ടി , ചേട്ടൻ ഒക്കെ അല്ലേ എന്ന് ചോദിച്ചപ്പോഴും ഒരു ചിരി തന്നെ മറുപടി കൊടുത്തു.
മഞ്ഞയും പച്ചയും കലർന്ന പുറം ചട്ടയുള്ള പുസ്തകം. റാം സി/ഓ ആനന്ദി , ആ വായനയുടെ ഇടയിലും ആ കുട്ടി എന്നെ ശ്രദ്ധിച്ചിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.യുവ എഴുത്തുകാരുടെ പുസ്തകങ്ങൾ ഇപ്പോൾ നല്ല രീതിയിൽ ശ്രദ്ധിക്കപെടുന്നുണ്ട് എന്നതും ഒരുപാടു ചെറുപ്പക്കാർ വീണ്ടും വായനയുടെ ലോകത്തേക്ക് വരുന്നുണ്ട് എന്നതും സന്തോഷം.
എം.എ മലയാളം ഫെയർ വെൽ ഡേ.ലളിതാംബിക ടീച്ചറുടെ വാക്കുകൾ.
"ഒരുപാടു നല്ല നല്ല എഴുത്തുകാരെ നമ്മുടെ സാഹിത്യ ലോകത്തിനു സംഭാവന ചെയ്യാൻ സാധിച്ച കലാലയം ആണ് നമ്മുടേത്.ഈ വർഷവും ഒരുപാടു കുട്ടികൾ ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നുണ്ട്.എനിക്കുറപ്പുണ്ട് അതിൽ മറ്റാരും ഇല്ലെങ്കിലും വിനയൻ എന്ന പേര് പിൽക്കാലത്തു നമ്മുടെ സാഹിത്യ ലോകം ചർച്ച ചെയ്യും.."
അത് കേട്ടതും ഹാളിൽ നിന്ന് കരഘോഷം..
കാര്യം ഇയാള് വലിയ എഴുത്തുകാരൻ ഒക്കെ ആവുമായിരിക്കും.അതിന്റെ പേരിൽ ആരാധകർക്ക് മറുപടി അയക്കാൻ ഒക്കെ പോയാൽ ഉണ്ടല്ലോ ,എന്റെ തനി സ്വഭാവം നീ അറിയും.അയച്ചോ , ആണുങ്ങൾക്ക് മാത്രം.
അടുത്തിരിക്കുന്ന കുട്ടി എത്ര വേഗമാണ് ഓരോ താളുകളും മറിച്ചു വായിച്ചു വിടുന്നത്.അത്ര ആഴത്തിൽ ആ കഥ അവരിൽ ഇറങ്ങി ചെന്നിട്ടുണ്ട് എന്നുറപ്പ് .ബസ്സിലെ കുലുക്കത്തിൽ ഇരുന്നുള്ള വായന നന്നല്ല എന്ന് പറയണം എന്നുണ്ടായിരുന്നു.പിന്നെ പല ഇടത്തും അഭിപ്രായ പ്രകടനം നടത്തി ഇഷ്ടപെടാത്ത അവസ്ഥ പണ്ട് വന്നിട്ടുള്ളത് കൊണ്ട് അതും വേണ്ട എന്ന് വെച്ചു..
വീണ്ടും വാട്സാപ്പ് എടുത്തു നോക്കി.
ഇല്ല.സീൻ ചെയ്തിട്ടില്ല.വീണ്ടും കബളിപ്പിക്കപ്പെടാൻ പോകുന്നു എന്ന് അറിഞ്ഞു കൊണ്ട് തന്നെ അതിലേക്കു ചെന്ന് ചാടുന്ന ചില മനുഷ്യർ ഇല്ലേ , ഞാനും അതുപോലെ തന്നെ ആവുകയാണല്ലോ എന്ന് ഓർത്തു പോയി.പക്ഷെ എവിടെയൊക്കെയോ ചില പ്രതീക്ഷകൾ.എന്നെങ്കിലും ഒരു വിളി വരും എന്നുള്ള ആഗ്രഹം.പ്രതീക്ഷകളാണല്ലോ മനുഷ്യനെ ജീവിക്കാൻ മുന്നോട്ടു നയിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം.!!
വേർപാട് എന്നും വല്ലാത്ത വേദന ഉണ്ടാക്കുന്ന ഒന്നാണ്.കൂടെ നിഴൽ പോലെ ഉണ്ടായിരുന്ന ആളുടെ മരണത്താൽ ഉണ്ടാകുന്ന ശൂന്യത ആണെങ്കിൽ നമുക്കത് പതിയെ ഉൾക്കൊള്ളാൻ കഴിയും.പക്ഷെ ഉപേക്ഷിക്കപെട്ടവന്റെ വേദന ആർക്കും മനസ്സിലാവില്ല.മറ്റാരോടെങ്കിലും പങ്കു വെച്ചാലും ആ തീവ്രതയോടെ ആരും അത് മനസ്സിലാക്കണം എന്നുമില്ല.
"മലർമണം മാഞ്ഞല്ലൊ മറ്റുള്ളോർ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നു ചേരും
ഒരു പുഷ്‌പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ".....
എന്താണ് വിനയൻ മാഷേ ഒരാള് വിശേഷം തിരക്കുമ്പോ നിങ്ങള് സ്മൈലി ഇട്ടു കളിക്കുന്നെ? ആണെന്നോ അല്ലെന്നോ പറഞ്ഞൂടെ?
മറുപടിയാണ്.
മരിച്ചു ജഢമായി തീർന്ന ഒരുവനിലേക്കു പിന്നെയും ആണികൾ തറച്ചു കയറ്റുന്നതിലൂടെ നിങ്ങൾക്കൊക്കെ എന്ത് ആനന്ദം ആണ് കിട്ടുന്നതെന്നു ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ ചോദിച്ചില്ല.
ചാറ്റ് ലോങ്ങ് പ്രസ് ചെയ്തു .ഓപ്‌ഷൻസ് എടുത്തു ഏറ്റവും താഴെ കിടന്നിരുന്ന ബ്ലോക്ക് ബട്ടൺ ഞെക്കി..