ചില രാത്രികളിൽ യാതൊരു പ്രണയവും ഇല്ലാത്ത, എന്തോ കടമയെന്ന പോലുള്ള...

Valappottukal

 


രചന: അഞ്ജു തങ്കച്ചൻ 


ദേ.... മോളെ, അപ്പുറത്തെ വീട്ടിലേക്ക് ഒന്നും പോയേക്കല്ലേ,  വിവാഹം കഴിഞ്ഞ് വന്നു കയറിയ ആദ്യ ദിവസം മരുമകളുടെ തലയിൽ തലോടിക്കൊണ്ട് കമല പറഞ്ഞു.


അതെന്താ അമ്മേ? 


എന്റെ മോളെ ഒന്നും പറയണ്ട, വൈകുന്നേരമായാൽ കേൾക്കാം അവിടുത്തെ പുകില്. അപ്പനും മോനും കള്ളു കുടിച്ചിട്ട് വന്നു പാട്ടും ബഹളവും.


 അവിടെ ഒരു തള്ളച്ചി ഉണ്ട്.

 ഒരുസുന്ദരിക്കോത,

എല്ലാം കൂടെ എന്ത് ഒച്ചയും ബഹളവും  ആണെന്നോ. 

ഒട്ടും വൃത്തിയും മെനയും ഇല്ലാത്ത കൂതറകൾ,ചേറിലും മണ്ണിലും പണിയെടുക്കുന്നവരാ,എന്നിട്ട് പറമ്പിൽ ഇരുന്ന് തന്നെ ഭക്ഷണവും  കഴിക്കും. കണ്ടാൽ ഓക്കാനം വരും.

മോൾ അങ്ങോട്ടൊന്നും പോയേക്കരുത് അലമ്പ് ഫാമിലിയാ. 


ശരി അമ്മേ അവൾ തല കുലുക്കി. 


കിടപ്പു മുറിയുടെ ജനാല തുറന്നാൽ കാണുന്നത്,അമ്മ പോകരുത് എന്ന് പറഞ്ഞ ആ വീടാണ്.


ഓടിട്ട ചെറിയ വീടാണ്.മുറ്റം നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന പലതരം ചെടികൾ, വീടിന്റെ ഇടതുവശത്തായി ഒരു ആട്ടിൻ കൂടും നാല് ആടുകളും നിൽപ്പുണ്ട്. തൊടിയിൽ എങ്ങും പലതരം പച്ചക്കറികൾ കായ്ച്ചു നിൽക്കുന്നു.എങ്ങും പച്ചപ്പ് നിറഞ്ഞ ശാന്തമായ അന്തരീക്ഷം.

വെറുതെ അങ്ങോട്ട് നോക്കി നിൽക്കാൻ തന്നെ എന്തു രസമാണ്. 


 മോളെ.. വാ ഭക്ഷണം കഴിക്കാം.


അവൾ താഴേക്ക് ഇറങ്ങി ചെന്നു.  


രാജീവും,  രാജീവിന്റെ അനിയത്തി ഹേമയും,അനിയത്തിയുടെ ഭർത്താവ്  ശരത്തും രണ്ടു കുട്ടികളും ഇരുന്നു കഴിഞ്ഞിരുന്നു.


 അവൾ രാജീവിന്റെ അടുത്ത് ഇരുന്നു.


എന്റെ  ഏട്ടത്തി...കുറച്ചുകൂടി നല്ല സാരി ഒക്കെ ഉടുത്ത് നടന്നു കൂടെ....

ഒന്നുമില്ലേലും നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടേ.അനിയത്തിയുടെ കമന്റ്.


അവൾ രാജീവിനെ നോക്കി ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നമട്ടിൽ അയാൾ ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു 


ദിവസങ്ങൾ കഴിഞ്ഞു പോയി അവൾ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി.


 തന്റെയും രാജീവിന്റെയും  ഇടയിലുള്ള അമ്മായിയമ്മയുടെ കടന്നുകയറ്റം ഒഴിച്ചാൽ അമ്മ പാവമാണ് . എങ്കിലും രാജീവിന്റെ പെരുമാറ്റം അവളെ കുറച്ചൊക്കെ വേദനിപ്പിച്ചിരുന്നു.


തന്നോട് സ്നേഹമോ, ദേഷ്യമോ കാണിക്കാറില്ല.  നിനക്ക് നിന്റെ കാര്യം, എനിക്ക് എന്റെ കാര്യം അത്രേ ഉള്ളൂ. 


ഒന്ന് പുറത്ത് പോവാം എന്ന് പറഞ്ഞാൽ അമ്മയെ കൂട്ടി പൊയ്ക്കോളൂ എന്നാവും ഉത്തരം. 


വിരസത നിറഞ്ഞ ദിനങ്ങൾ കൂടി വരവേ ഒരു ദിവസം അവൾ രാജീവ്നോട് താൻ ജോലിക്ക് പൊയ്ക്കോട്ടേ എന്ന് അഭിപ്രായം ചോദിച്ചതും, പൊയ്ക്കോളൂ തന്റെ കാര്യങ്ങൾ താൻ ചെയ്യണം. എന്റെ ചിലവിൽ ചുളുവിൽ ഇവിടെ കഴിയുന്നതിലും നല്ലത്, സ്വന്തം കാര്യം സ്വയം ചെയ്യുന്നതാണ്. അയാൾ പറഞ്ഞു.


അയ്യോ....എന്റെ മോളെ നീയെന്താ ഈ പറയുന്നത് നമ്മളെ പോലെ കുടുംബത്തു പിറന്ന പെണ്ണുങ്ങൾ ജോലിക്ക് പോകേണ്ട കാര്യം ഉണ്ടോ? ഈ ഉള്ളതെല്ലാം നിങ്ങൾക്ക് ഉള്ളതല്ലേ 

വാത്സല്യത്തോടെയെന്നവണ്ണം അമ്മ അവളുടെ നിറുകയിൽ തലോടി. 


തേൻ പുരട്ടി എങ്ങനെയാണ് ഇങ്ങനെയിവർ മധുരമായി സംസാരിക്കുന്നത് എന്നവൾക്ക് അത്ഭുതം തോന്നി.


എനിക്ക് ജോലിക്ക് പോണം അമ്മേ എത്രനാളെന്നു വച്ചാണ് വെറുതെ വീട്ടിൽ ഇരിക്കുന്നത്.


അത് നടക്കില്ല മോളേ...  എനിക്ക് എന്റെ മോന്റെ കുഞ്ഞുങ്ങളെ ലാളിക്കണം, അതുടനെ വേണം. ഇപ്പോഴത്തെ കുട്ടികൾ ഓരോരോ കാരണങ്ങൾ പറഞ്ഞ് കുഞ്ഞുങ്ങൾ ഉടനെ വേണ്ടാന്ന് വയ്ക്കും. എന്നിട്ട് വേണമെന്ന് തോന്നുമ്പോൾ കുഞ്ഞുങ്ങൾ ഉണ്ടാകുകയും ഇല്ല.


എനിക്കെന്റെ പേരക്കുട്ടികളെ കൊഞ്ചിക്കണം.


അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ആയി. വിവാഹം കഴിഞ്ഞിട്ട് അധികം നാളുകൾ ആയിട്ടില്ല ഇപ്പോഴേ ഒരു കുട്ടിയെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല.


രാജീവ് ആണെങ്കിൽ, പങ്കാളിയാണെന്ന ഒരു പരിഗണന പോലും തരുന്നില്ല. ചില രാത്രികളിൽ യാതൊരു പ്രണയവും ഇല്ലാത്ത, എന്തോ കടമയെന്ന പോലുള്ള ഇണചേരലുകൾ...


ജീവിതത്തോട് വെറുപ്പും, മടുപ്പും തോന്നുന്നു.


ഇതായിരുന്നോ താൻ ആഗ്രഹിച്ച ജീവിതം. ഇങ്ങനാണോ എല്ലാവരുടെയും വിവാഹജീവിതം?


അല്ല... അപ്പുറത്തെ വീട്ടിലെ  ആ അച്ഛനും, അമ്മയും ഈ പ്രായത്തിലും എന്തൊരു സ്നേഹവും, കരുതലും പങ്കുവയ്ക്കുന്നവരാണ്. സത്യത്തിൽ അവരെ കാണുമ്പോൾ അസൂയ തോന്നും.

അങ്ങനൊരു ജീവിതമല്ലേ താൻ ആഗ്രഹിച്ചത്.തന്റെ കിനാവുകളിൽ അങ്ങനെ ഒരു കൊച്ചുകുടുംബമാണ് ഉള്ളത്.


                 *******


നിനക്ക് ജോലിക്ക് പോകണം എന്ന് പറഞ്ഞിട്ട് പോകുന്നില്ലേ. രണ്ട് ദിവസം കഴിഞ്ഞപ്പോൾ രാജീവ് ശ്രീനന്ദയോട് ചോദിച്ചു 


പോണമെ ന്നുണ്ട് അമ്മ സമ്മതിക്കുന്നില്ല.


അത് സാരമില്ല. ജോലിക്കു പൊയ്ക്കോ.

എനിക്ക്,ഞാൻ ജോലിയെടുത്ത കാശ് വെറുതെ ചിലവാക്കുന്നത് ഇഷ്ട്ടമല്ല 


നിനക്ക് വേണ്ടുന്നത് നീ ഉണ്ടാക്കിക്കോളണം.എന്നോട് ഒരു കാര്യവും പറഞ്ഞേക്കരുത്.


അവൾക്ക് അവജ്ഞ തോന്നി. എന്തൊരു മനുഷ്യനാണിത്, സ്വന്തം ഭാര്യയോടാണ് പറയുന്നത് എന്ന് പോലുമില്ല.


ഇയാളുടെ ചിലവിൽ ജീവിച്ചാൽ, തിന്നുന്നതിനും ഇയാൾ കണക്കുപറയും.


ഒരു ജോലി നേടാൻ അത്ര പ്രയാസം ഒന്നുമില്ല. അതിനുള്ള യോഗ്യതയും കഴിവും തനിക്കുണ്ട്.


പിന്നെ, താനുണ്ടാക്കിയ സൗഹൃദവലയം ഇയാൾക്ക് അറിയില്ല, ചാകാൻ പോലും തയ്യാറായി കൂടെ ഒരുപാട് സുഹൃത്തുക്കൾ തനിക്കുണ്ട്. അവരോട് ജോലി ഒഴിവുകളെക്കുറിച്ച് ചോദിക്കണം.

അവൾ മനസ്സിൽ ഉറപ്പിച്ചു.


പിറ്റേന്ന് ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞ് രാജീവ് ജോലിക്കായി ഇറങ്ങിയതും,അവൾ ഓടി അടുത്തേക്ക് ചെന്നു. ഞാനും വരുന്നുണ്ട്, എന്നെ ടൗണിൽ ഇറക്കിയാൽ മതി അവൾ ഡോർ തുറന്ന് കയറി ഇരുന്നു.


ഒരു ജോലിക്കാര്യത്തിന് വേണ്ടിയാ അവൾ ചിരിയോടെ അവനെ നോക്കി.


അയാളുടെ മുഖം കനത്തു തന്നെ ഇരുന്നു.

എനിക്ക് എന്റെ വണ്ടിയിൽ വേറെ ആരും കയറുന്നത് ഇഷ്ട്ടമല്ല.


അവൾ പകപ്പോടെ അയാളെ നോക്കി.


ഇറങ്ങ്, വേണമെങ്കിൽ ഒരു ഓട്ടോ വിളിച്ചു പോകൂ.


അവൾ കാറിൽ നിന്നിറങ്ങി.

അപമാനഭാരമാണോ, അതോ മറ്റെന്തെങ്കിലുമാണോ അറിയില്ല, തൊണ്ടക്കുഴിയിൽ ഒരു കരച്ചിൽ ഉരുണ്ടുകൂടുന്നു. കണ്ണുകൾ പുകഞ്ഞു ചുടുകണ്ണുനീർ ഒഴുകിയിറങ്ങുന്നു.


പാടില്ല. തോറ്റുകൊടുക്കാൻ പാടില്ല. അവൾ വഴിയിലേക്ക് നടന്നു. വഴിയിൽ വാഹനങ്ങളുടെയും മനുഷ്യരുടെയും തിരക്ക്.


ഉച്ചയോടു കൂടിയാണ് അവൾ വീട്ടിൽ മടങ്ങി എത്തിയത്.


മോളിത് എവിടെയായിരുന്നു, ഇത്രയും നേരം?


എനിക്ക് ജോലി കിട്ടി അമ്മേ,എന്റെ ഒരു സുഹൃത്തിന്റെ കമ്പനിയിൽ. നാളെ മുതൽ പോയിത്തുടങ്ങണം.


അവൾ അവരുടെ മുഖത്തു നോക്കാതെ മുറിയിലേക്ക് പോയി.


അമ്മയും മോനും മനുഷ്യകുലത്തിൽ പെട്ടവർ ആണെന്ന് തോന്നുന്നില്ല. ഒരു മനുഷ്യരെയും കാണരുത് അവർക്ക്.


എന്തായാലും ഇക്കാര്യങ്ങൾ വീട്ടിൽ അറിയിക്കണം, അവർ കണ്ടുപിടിച്ചു തന്നതാണല്ലോ ഭർത്താവിനെ. നല്ല കുടുംബം ആണത്രേ, ചെറുക്കനാണെങ്കിൽ നല്ല യോഗ്യനും. ഹും...ഇവറ്റകളുടെ മനസ്സ് മനസിലാക്കണമെങ്കിൽ, ഇവിടെ വന്ന് താമസിച്ചു നോക്കാൻ പറയണം.


ഹൊ..ആരെയും പ്രണയിക്കാൻ തോന്നിയില്ലല്ലോ, എന്തൊരു മണ്ടിയാണ് താൻ.


അമ്മ കിടന്നുറങ്ങിയ നേരം നോക്കി,അവൾ വീട്ടിൽ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു.


മോൾക്ക്‌ ശരിയെന്നു തോന്നുന്നത് ചെയ്‌തോ, ഇവിടെ നിനക്ക് നിന്റെ മുറി എന്നും ഉണ്ടാകും എപ്പോൾ പോരണമെന്ന് തോന്നിയാലും പോരേ,അച്ഛൻ പറഞ്ഞത് കേട്ടതും അവൾക്ക് സമാദാനമായി.


പക്ഷെ വിവാഹം കഴിഞ്ഞ് അധികം ആകും മുൻപ് മടങ്ങി പോയാൽ അത് തന്റെ സഹോദരനെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ എന്ന് അവൾക്ക് പേടി തോന്നി.


സഹോദരന് വിവാഹലോചനകൾ നടക്കുന്ന സമയമാണ്. താനവർക്ക് ഒരു ബാധ്യത ആകാൻ പാടില്ല.


ഇവിടെ വേറെ കുഴപ്പം ഒന്നുമില്ല, കെട്ടിയോന് അയാളുടെ കാര്യം മത്രേ ഉളളൂ എന്നേയുള്ളൂ...

ഇവിടെ പിടിച്ച് നിൽക്കണോ?ഒറ്റയ്ക്ക് ജീവിക്കാനുള്ള മനക്കരുത്ത് തനിക്കുണ്ടോ?

ഉചിതമായ ഒരു തീരുമാനം എടുക്കാനാവാതെ അവൾ ഉഴറി.


എന്തായാലും കുറച്ചൂടെ നോക്കാം, പറ്റില്ലെന്ന് തോന്നിയാൽ ആർക്കും ഒരു ബാധ്യതയും ആകാതെ ഒരു വീട് വാടകക്ക് എടുത്ത് മാറാം. ഒരുപക്ഷെ രാജീവിന്റെ സ്വഭാവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഉള്ളിൽ തന്നോട് സ്നേഹം ഉണ്ടെങ്കിലോ?


താലി കെട്ടിയ പുരുഷനെ അത്രവേഗം ഉപേക്ഷിക്കാനുള്ള മനസ് പെണ്ണുങ്ങൾക്ക്‌ ഇല്ലാഞ്ഞിട്ടാകുമോ താനിങ്ങനെ അയാൾക്ക്‌ അനുകൂലമായി ഒക്കെ ചിന്തിക്കുന്നത്? എന്തോ ഒന്നും മനസിലാകുന്നില്ല. അവൾ ആലോചനയോടെ കട്ടിലിൽ ഇരുന്നു.


ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top