പകൽക്കിനാവ്.🌿🌿 ഭാഗം -2

Valappottukal


രചന: അഞ്ജു തങ്കച്ചൻ 


താലികെട്ടിയ പുരുഷനെ അത്രവേഗം ഉപേക്ഷിക്കാനുള്ള മനസ്സ് പെണ്ണുങ്ങൾക്ക്‌ ഇല്ലാഞ്ഞിട്ടാകുമോ താനിങ്ങനെ അയാൾക്ക്‌ അനുകൂലമായി ഒക്കെ ചിന്തിക്കുന്നത്? എന്തോ ഒന്നും മനസിലാകുന്നില്ല. അവൾ ആലോചനയോടെ കട്ടിലിൽ ഇരുന്നു.


നാളെ മുതൽ ജോലിക്ക് പോകണം. 


എന്തായാലും കുറച്ച് ദിവസങ്ങൾ കൂടെ നോക്കാം. ഭർത്താവിന് ചിലപ്പോൾ മാറ്റം ഉണ്ടായെങ്കിലോ,എടുത്ത് ചാടി ഒരു തീരുമാനം എടുത്തുവെന്ന് പിന്നീട് തനിക്കും തോന്നരുതല്ലോ.


അന്ന് വൈകുന്നേരം ജോലിക്കാരി ശാന്തിക്കൊപ്പം തൊടിയിലെ പച്ചക്കറികൾക്ക് വെള്ളം ഒഴിച്ചു കൊണ്ടിരിക്കുമ്പോഴാണ്  മതിലിനപ്പുറത്ത്,ആ വീട്ടുമുറ്റത്ത്‌ നിന്നും,ഇരുനിറത്തിൽ മെലിഞ്ഞ, ഐശ്വര്യംനിറഞ്ഞ ഒരമ്മ, കൈയിൽ ഒരു പാത്രവും ആയി പറമ്പിലേക്ക് ഇറങ്ങുന്നത് കണ്ടത്.


അവൾ ആകാംഷയോടെ അവരെ നോക്കി. 


പറമ്പിൽ അവരുടെ ഭർത്താവ് ആണെന്ന് തോന്നുന്നു,കപ്പ നടുകയാണ്. അയാൾ ഏകദേശം അമ്പത്തഞ്ച് വയസ് പ്രായം തോന്നുന്ന,അൽപ്പം വണ്ണമുള്ള ശരീരപ്രകൃതി ഉള്ള ആളാണ് 


ഭാര്യ അരികിലേക്ക് ചെന്നതും അയാൾ പണി നിർത്തി . വിയർത്ത ശരീരം തലയിൽ കെട്ടിയ തുവർത്ത് അഴിച്ചു തുടച്ചുകൊണ്ട് അടുത്തുള്ള വലിയൊരു കല്ലിൽ ഇരുന്നു. അവർ എന്തോ പാത്രത്തിൽ നിന്നും എടുത്ത് ഭർത്താവിന് കൊടുക്കുന്നതും . അവർ എന്തോ പറഞ്ഞ് ഉറക്കെ ചിരിക്കുന്നതും കണ്ടപ്പോൾ അവൾക്ക് വല്ലാത്ത അസൂയ തോന്നി. 

അവരോട് ഒന്ന് സംസാരിക്കാൻ അവൾക്കു തോന്നി. പിന്നാമ്പുറത്ത് കൂടെ നടന്ന് അവൾ അവരുടെ പറമ്പിൽ എത്തി. 

 

അവളെ കണ്ട് അവർ മുഖമുയർത്തി 


ഞാൻ ദാ ആ വീട്ടിലെയാ. അവൾ പറഞ്ഞു.


ആഹാ...വരൂ മോളെ ഇവിടെ ഇരിക്ക്.

ദാ.... ഇത് കഴിക്കു ആ മനുഷ്യൻ ചൂടുള്ള ഇലയട അവൾക്ക് നേരെ നീട്ടി...

തേൻ തുള്ളികൾ ഇറ്റുവീഴും പോലെ എത്ര മധുരതരമായാണ് അവരുടെ സംസാരം.അവൾക്ക് ഉള്ളം നിറഞ്ഞത് പോലെ തോന്നി.


മോളുടെ പേരെന്താണ്? സ്ത്രീ ചോദിച്ചു.


ശ്രീനന്ദ.


നല്ല പേര്.


അവൾ ചിരിച്ചു.


ദേ... മോളേ ഇവൾക്കുണ്ടല്ലോ പെൺകുട്ടികളെ വലിയ ഇഷ്ട്ടമാണ്.അയാൾ പറഞ്ഞു.


ഓ...ഈ പറയുന്ന ആൾക്ക് ഇഷ്ട്ടമില്ലായിരിക്കും അല്ലേ?? കേട്ടോ മോളേ,ഞാൻ ഗർഭിണി ആയിരുന്ന സമയത്ത്  ചേട്ടൻ വയറിൽ തലവച്ച്‌ ഏത് നേരോം അച്ഛന്റെ പൊന്നൂട്ടീ എന്ന് വിളിയായിരുന്നു.

ആ വിളി കേൾക്കുമ്പോൾ വയറ്റിൽ ഉള്ള ആൾ കിടന്ന് നല്ല ചവിട്ടും തരും. 

എന്നിട്ട് ഉണ്ടായത് ആൺകുഞ്ഞ്. അവർ വായ പൊത്തിച്ചിരിച്ചു.


അതിന് എന്റെ ചെറുക്കന് എന്താടീ ഒരു കുഴപ്പം. നല്ല മിടുമിടുക്കൻ അല്ലേ?


അങ്ങനെ അങ്ങ് പറഞ്ഞു കൊടുക്ക്‌ അച്ഛാ... കൈയിൽ ഒരു  വലിയ കപ്പ് നിറയെ ചായയുമായി വന്ന ആൾ പറഞ്ഞു.


ആ...മോളെ ഇതാണ് ഞങ്ങളുടെ ഒരേയൊരു മകൻ. പേര് ദേവദത്ത്.


അവൾ അയാൾക്ക്‌ നേരെ നോക്കി ചിരിച്ചു.


ഞാൻ പോട്ടെ, വീട്ടിൽ അമ്മ തിരക്കും.


ശരി മോളേ...


അവൾ വീട്ടിലേക്ക് ചെന്നതും, കമല മുഖം കറുപ്പിച്ചു, ശ്രീനന്ദയോട് ഞാൻ പറഞ്ഞതല്ലേ അവിടേക്ക് പോകരുതെന്ന്.


അമ്മക്ക് ഇഷ്ടമില്ലെങ്കിൽ അമ്മ പോകണ്ട. ഞാനൊന്ന് പോയി എന്ന് വച്ച് ഒന്നും സംഭവിച്ചില്ലല്ലോ.


അവൾ മുറിയിലേക്ക് പോയി.


ഓഹോ തർക്കുത്തരം പറയാനും തുടങ്ങി അല്ലേ, ദേഷ്യം കൊണ്ട് അവരുടെ മുഖം ചുവന്നിരുന്നു.


പിറ്റേന്ന് മുതൽ അവൾ ജോലിക്ക് പോയി തുടങ്ങി.


അവളുടെ സുഹൃത്തായ വിവേകും അവിടെയാണ് ജോലി ചെയ്യുന്നത്. അവനാണ് ജോലി ഒഴിവിനെക്കുറിച്ച്‌ പറഞ്ഞതും. കോളേജിൽ ഒരുമിച്ച് പഠിച്ചവർ ആയതുകൊണ്ട് തന്നെ വളരെ അടുത്ത സുഹൃത്തുക്കൾ ആണവർ.


അതവൾക്ക് വലിയ ആശ്വാസം ആയിരുന്നു.


ജോലിക്ക് പോയിത്തുടങ്ങിയതോടെ അവൾക്ക് അല്പം സമാദാനം തോന്നി. വീട്ടിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും ഉളള ഏക ആശ്വാസമാണ് ഈ ജോലി.


പിറ്റേന്ന് രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് കൊണ്ടിരുന്നപ്പോഴാണ്,അമ്മ പറഞ്ഞത്.

രാജീവേ ജോലിക്കാരി ശാന്തിക്ക് ഇനിമുതൽ വരാൻ പറ്റില്ലെന്ന് അവളുടെ മോള് മാസം തികഞ്ഞു നിൽക്കുകയാണെന്ന്.


അതേതായാലും നന്നായി.

ഇവിടെ അതിനുംമാത്രം ജോലി ഒന്നുമില്ലല്ലോ. ഉള്ള ജോലി ഇവിടുള്ളവർക്ക് ചെയ്യാവുന്നതേ ഉളളൂ.. രാജീവ്‌ പറഞ്ഞു.


എനിക്ക് പ്രായം ആയില്ലേടാ, കാലിനും കൈക്കും ഒക്കെ വല്ലാത്ത വേദനയാ.


പറ്റില്ലെങ്കിൽ അമ്മ ചെയ്യണ്ട.


ശ്രീനന്ദ കഴിച്ച് കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോൾ ശാന്തി പോകാൻ നിൽക്കുകയാണ് 


ചേച്ചീ.. പോകല്ലേ ഒന്ന് നിൽക്ക്. ഇപ്പോൾ വരാം.


അവൾ മുറിയിലേക്ക് പോയി. അലമാരയിൽ നിന്നും കുറച്ച് പണമെടുത്തു.


ദാ... ചേച്ചി. മോൾക്ക്‌ മാസം തികഞ്ഞു നിൽക്കുകയാണെന്നല്ലേ പറഞ്ഞത്.ഇത് വച്ചോളൂ.


എനിക്ക് ശമ്പളം തന്നാരുന്നു മോളേ..


അത് കുഴപ്പം ഇല്ല, ഇതും കൂടെ ഇരിക്കട്ടെ.


വേണ്ട മോളേ...


വേണം.. അവൾ നിർബന്ധപൂർവ്വം അവരുടെ കൈയിൽ പിടിപ്പിച്ചു.


അത് മോളേ....


എന്താ ചേച്ചീ?


ഇവിടുത്തെ അമ്മയാണ് എന്നോട് പറഞ്ഞത് ഇനിമുതൽ ജോലിക്ക് വരണ്ട എന്ന്.അല്ലാതെ എന്റെ മോൾക്ക്‌ മാസം തികഞ്ഞു നിന്നിട്ടൊന്നും അല്ല. അവൾക്കിപ്പോ നാല് മാസം ആയതേ ഉളളൂ. അതുമാത്രമല്ല അവൾ ഭർത്താവിന്റെ വീട്ടിലാണ്.


കുഞ്ഞിനെക്കൊണ്ട് ജോലി എടുപ്പിക്കാനുള്ള അടവാണ്.അതിനാ എന്നെ പറഞ്ഞു വിടുന്നത്.മോള് ജോലിക്ക് പോകുന്നത് അവർക്ക് ഇഷ്ട്ടമല്ല അതാണ് കാര്യം.


എനിക്ക് മറ്റെവിടെ എങ്കിലും ജോലി കിട്ടും.പക്ഷെ മോൾ സൂക്ഷിക്കണം.


അവർ പോയതും,അവൾ ആലോചനയോടെ നിന്നു.


താനൊരു ഉറച്ച തീരുമാനം എടുത്തേ പറ്റൂ.

എന്തും സഹിച്ചു താൻ നിൽക്കുമായിരുന്നു താലി കെട്ടിയ പുരുഷൻ ഒരൽപമെങ്കിലുംതന്നെ സ്നേഹിച്ചിരുന്നെങ്കിൽ.


പക്ഷെ അയാൾക്ക്‌ തന്നോട് ഒരു സ്നേഹവും ഇല്ല. അയാൾക്ക്‌ ചില രാത്രികളിൽ മാത്രമാണ് ഭാര്യയെ ആവശ്യം.അയാൾക്ക്‌ ഒരു മാറ്റവും വരാൻ പോകുന്നില്ല.


പിന്നെന്തിന് ഇവിടെ നിൽക്കണം.


ഇന്ന് ജോലിക്കായി പോയിട്ട്,ഇങ്ങോട്ട് തിരിച്ച്‌ വരാതിരിക്കുന്നതാണ് നല്ലത്.നല്ലൊരു ഹോസ്റ്റലോ അല്ലെങ്കിൽ വാടകക്ക് വീടോ കിട്ടുന്നത് വരെ ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ നിൽക്കാവുന്നതേ ഉളളൂ.സഹോദരന്റെ വിവാഹം കഴിയുന്നത് വരെ ഏതായാലും സ്വന്തം വീട്ടിലേക്കു പോകുന്നില്ല.


അവൾ ഉറച്ച തീരുമാനത്തിൽ എത്തി.


എടുക്കാൻ പ്രേത്യേകിച്ച്‌ ഒന്നുമില്ല,ആഭരണങ്ങൾ ലോക്കറിൽ വച്ചത് നന്നായി.പിന്നെയുള്ളത് വസ്ത്രങ്ങളാണ്,അത് എടുക്കുന്നില്ല.എല്ലാം എടുത്ത് കൊണ്ട് ഇറങ്ങാൻ നോക്കിയാൽ ഒരുപക്ഷെ ഇവർ വിട്ടില്ലെന്ന്‌ വരും.


സമയം കളയാതെ കുളിച്ചൊരുങ്ങി അവൾ ഇറങ്ങി.


പോകും മുൻപ് അവൾ തിരിഞ്ഞു നോക്കി.ഒത്തിരി സ്വപ്നങ്ങളുമായി വന്ന് കയറിയ വീടാണ്.പക്ഷെ ഇതൊരു നരകമാണ്.


ബലമായി ഭാര്യയെ ഭോഗിച്ച ഭർത്താവിന് മുന്നിൽ ആദ്യദിവസം തന്നെ ഭയന്നു പോയ,സ്വപ്‌നങ്ങൾ തകർന്ന് പോയ ഒരു പെണ്ണ് നിശബ്ദമായി പടിയിറങ്ങുകയാണ്.


അന്ന് പതിവില്ലാത്ത വിധം അവൾക്ക് സന്തോഷം തോന്നി.ഒരിടത്തും അടിയറവ് പറയാനുള്ളതല്ല ഒരു പെണ്ണിന്റെ ജീവിതം.


അവൾ മുന്നോട്ടു നടന്നു. 

പെട്ടന്നാണ് കണ്ണുകളിൽ ഇരുട്ട് മൂടുന്നത് പോലെ തോന്നിയത്..കാലുകൾക്ക് വല്ലാത്ത ഭാരം,ചുറ്റിലും കറങ്ങുന്നത് പോലെ...


താഴേക്ക് വീഴാൻ പോയ അവളെ പൊടുന്നനെ രണ്ട് കരങ്ങൾ താങ്ങി.


  ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top