അന്ന് തന്റെ മുൻ ഭർത്താവിന്റെ രണ്ടാം വിവാഹമാണെന്ന് ഇന്ദുബാല ഓർത്തത്‌...

Valappottukal


രചന: Jisha Raheesh (സൂര്യകാന്തി)

മരപെയ്ത്ത്...


"അമ്മേ അച്ഛന്റെ കല്യാണമാണ് മറ്റന്നാൾ.."


ശ്രിത മൂർച്ചയോടെ പറഞ്ഞെങ്കിലും, പതിഞ്ഞ ചിരിയോടെയായിരുന്നു ഇന്ദുബാലയുടെ മറു ചോദ്യം…


"ആണോ.. ആരാ ആള്..?"


ഈർഷ്യയോടെ,എന്തൊക്കെയോ പിറുപിറുത്തു കൊണ്ട്, ശ്രിത കോൾ കട്ട് ചെയ്തിട്ടും ഇന്ദുവിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല…


പതിയെ,ഉമ്മറത്തെ ചാരു കസേരയിലേയ്ക്ക് തല ചായ്ക്കുമ്പോൾ അവളാലോചിച്ചു..…


"ഉണ്ടോ.. തനിയ്ക്ക് നോവുന്നുണ്ടോ…?"


രണ്ടര പതിറ്റാണ്ടു കാലം കൂടെ കഴിഞ്ഞവനാണ്.. രണ്ടു നാളുകൾക്കു ശേഷം മറ്റൊരു പെണ്ണിനെ ചേർത്തു പിടിയ്ക്കാനൊരുങ്ങുന്നത്…


മുറ്റത്തെ ചരലിലേയ്ക്ക് പതിയ്ക്കുന്ന നേർത്ത മഴത്തുള്ളികളിലേയ്ക്ക് നോക്കിയിരിക്കവേ, ഇന്ദു തന്നോട് തന്നെ ചോദിച്ചു…


ഒന്നും തോന്നുന്നില്ല… ഒന്നും…


വെറുപ്പ് പോലും ഇപ്പോൾ ബാക്കിയായില്ല…


ഡിവോഴ്സിന്റെ വിധി വന്ന നാളിലായിരുന്നു അവസാന കൂടിക്കാഴ്ച്ച…


തനിക്ക് ഡിവോഴ്‌സ് വേണമെന്ന ആവശ്യം ആൾക്ക് അപ്പോഴും ഉൾക്കൊള്ളാനായിരുന്നില്ലെന്ന് തോന്നി..


പതിനെട്ടു തികഞ്ഞയുടനെയുള്ള വിവാഹം…ആദ്യരാത്രിയിൽ തന്നെ ശരിരത്തിൽ ആധിപത്യം സ്ഥാപിച്ചവനോട് തോന്നിയ വികാരം ഭയം മാത്രമായിരുന്നു…


"അവന് പെട്ടെന്ന് ദേഷ്യം വരും, പക്ഷെ വന്നത് പോലെ തന്നെയതങ്ങു പോവേം ചെയ്യും.. മോള് അതിന്റൊരു തഞ്ചത്തിലൊക്കെയങ്ങ് നിന്നാൽ മതി "


എന്ന പ്രശാന്തേട്ടന്റെ അമ്മയുടെ വാക്കുകളുടെ അർത്ഥം, ശരിക്കും മനസ്സിലാക്കിയത് വിവാഹം കഴിഞ്ഞു മൂന്നാം നാളിലായിരുന്നു…


തന്റെ തുടർപഠനത്തിന്റെ കാര്യം പറഞ്ഞപ്പോൾ,അങ്ങനെയൊരു കാര്യമേ നീയിനി ചിന്തിക്കേണ്ടെന്ന വാക്കുകൾ, കോരിയിട്ട കനലുകൾ മനസ്സിനെ പൊള്ളിച്ചപ്പോഴാണ്, വീണ്ടും അതിനെ പറ്റി ഇത്തിരി വാശിയോടെ സംസാരിക്കാൻ തുടങ്ങിയത്…


കരുത്തുറ്റ കൈകൾ കവിളിൽ പതിഞ്ഞപ്പോൾ ഉടലും മനസ്സും ഒരുപോലെ പിടഞ്ഞു പോയിരുന്നു…


ഞാൻ പറയുന്നതിനപ്പുറം നീ സംസാരിക്കാൻ നിൽക്കേണ്ടെന്ന് മുരൾച്ചയോടെ പറഞ്ഞു, പുറത്തേയ്ക്ക് ഇറങ്ങി പോയവനോട് അപ്പോഴും തോന്നിയത് ഭയം മാത്രമായിരുന്നില്ലേ…?


കഴുത്തിൽ താലി കെട്ടിയവന്റെ നിഴലിലാണ് പെണ്ണിന്റെ ജീവിതമെന്നു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു പഠിപ്പിച്ച അമ്മയോട് എതിർക്കാൻ നിന്നില്ല…


ഒന്നിനോടും… ആരോടും…


പ്രശാന്തേട്ടന് ചായ ഇഷ്ടമല്ല… താനും കാപ്പി കുടിച്ചു തുടങ്ങിയിരുന്നു… ഇഷ്ടപ്പെടാൻ ശ്രെമിച്ചിരുന്നു…


പ്രശാന്തേട്ടന് പച്ചമുളകരച്ച ചട്ണിയാണ് ദോശയ്ക്ക് വേണ്ടത്.. തനിക്കേറെ ഇഷ്ടമായിരുന്ന തക്കാളി ചട്ണിയുടെ രസം പതിയെ നാവിൻ തുമ്പിൽ നിന്നും മാഞ്ഞിരുന്നു…


തന്റെ ഇഷ്ടങ്ങൾ എവിടെയൊക്കെയോ ചിതറിക്കിടന്നിരുന്നു… ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കൊഴിയവേ,മനസ്സ് മരവിപ്പിലേക്ക് കൂപ്പു കുത്തി തുടങ്ങിയതോടെ, ഇഷ്ടങ്ങളെയും താൻ ഉപേക്ഷിച്ചിരുന്നുവല്ലോ…


ആ ജീവിതത്തിലേയ്ക്ക് ശ്രിത മോള് കൂടെ കടന്നു വന്നതോടെ,പ്രശാന്തേട്ടൻ ഇത്തിരി മയപ്പെട്ടിരുന്നു.. അതൊരു ആശ്വാസം തന്നെയായിരുന്നു…


ശ്രിതയ്ക്കും അച്ഛനോട് പ്രിയം തന്നെയായിരുന്നു…


പക്ഷെ…


എപ്പോഴൊക്കെയോ,തനിക്ക് പരിചിതമല്ലാത്ത സുഗന്ധങ്ങൾ പ്രശാന്തേട്ടന്റെ വസ്ത്രങ്ങളിലും ശരീരത്തിലുമുണ്ടാവാറുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും തന്റെ വെറും തോന്നലാണെന്ന് വെറുതെ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രെമിച്ചു…


തനിക്ക് മാത്രം അവകാശപ്പെട്ടത് മറ്റാരൊക്കെയോ പങ്കിടുന്നുണ്ടെന്ന് സമ്മതിക്കാൻ മനസ്സ് മടിച്ചു…


തെളിവ് സഹിതം കണ്ടുപിടിച്ചെങ്കിലും 'നിനക്ക് സംശയരോഗം കൂടെ തുടങ്ങിയോടി'യെന്ന ആക്രോശത്തിനപ്പുറം വാക്കുകൾ തൊണ്ടയിൽ തന്നെ കുടുങ്ങി നിന്നു…


ഇനി പ്രണയിക്കാനും, ഇഷ്ടപ്പെടാനും ശ്രെമിക്കേണ്ടത് പോലുമില്ലല്ലോയെന്ന ചിന്തയിൽ മനസ്സ് ആശ്വാസം കണ്ടെത്തിയിരിക്കണം…


ഉത്തമഭാര്യയുടെ വേഷം കെട്ടിയാടാനായി ആത്മാവിനെ പോലും താനെന്നേ പണയം വെച്ചിരുന്നുവല്ലോ…


ഒരിക്കൽ മോള് പോലും ചോദിച്ചു..


' അമ്മ എന്തിനാണ് ഇങ്ങനെ സഹിച്ചും ക്ഷമിച്ചും നിൽക്കുന്നത് അമ്മയ്ക്ക് ഒഴിവാക്കി പൊയ്ക്കൂടേ'യെന്ന്…


വേലയും കൂലിയും ഒന്നുമില്ലാത്തവൾ...കയറി ചെല്ലാൻ സ്വന്തം വീടും, അച്ഛനും അമ്മയും ഉണ്ടെങ്കിലും അതിനൊരു വിരുന്നുകാരിയുടെ പരിവേഷം മാത്രമേ നൽകാവൂവെന്ന് അവരും നിഷ്കർഷിച്ചിരുന്നുവല്ലോ…


കാലം കടന്നു പോവുമ്പോൾ, ശ്രെമിച്ചിരുന്നതെല്ലാം,ഉള്ളിൽ ഉറഞ്ഞു കൂടിയിരുന്ന വെറുപ്പ് പുറത്തേയ്ക്ക് വരാതിരിക്കാൻ മാത്രമായിരുന്നു…


ശ്രിതയുടെ വളർച്ചയ്ക്കൊപ്പം മനസ്സ് കല്ലാക്കി കൂടെ നിന്നു..


"നിനക്കൊരു കല്യാണാലോചന വരുമ്പോൾ അച്ഛൻ കൂടെ വേണം മോളെ.. ചൂണ്ടിക്കാണിക്കാൻ ഒരച്ഛനില്ലെങ്കിൽ പെൺകുട്ടികൾക്ക് നല്ലൊരു ആലോചന പോലും വരില്ല…"


അമ്മയുടെ വാക്കുകൾ അതേപടി ശ്രിതയോട് ആവർത്തിച്ചപ്പോൾ അവൾ പുച്ഛത്തോടെ ചുണ്ടൊന്ന് കോട്ടിയിരുന്നു..…


തന്റെ സഹോദരങ്ങളുടെ ജീവിതം, പുറമെ മാത്രമല്ല,അകമെയും ശാന്തമാണെന്ന് അറിയാവുന്നത് കൊണ്ടാവും തറവാട് വീട് തന്റെ പേരിൽ തന്നെ എഴുതി വെക്കണമെന്ന് അമ്മ നിർബന്ധം പിടിച്ചത്..


അമ്മയുടെ മരണശേഷം,ശ്രിതയുടെ കല്യാണ ആവശ്യങ്ങൾക്കായി,വീടുൾപ്പടെ വിൽക്കാമെന്ന് പ്രശാന്തേട്ടൻ പറഞ്ഞെങ്കിലും അതിനു മാത്രം താൻ തടസ്സം നിന്നിരുന്നു.. ആദ്യമായി…ഇഷ്ടമായിട്ടില്ലെന്ന് അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു...അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണാണ്...


പകരം,വീടിനു പുറമെ തന്റെ പേരിൽ കിട്ടിയ  സ്ഥലം വിറ്റു… ശ്രിതയുടെ ആവശ്യത്തിനെടുത്തതിന്റെ ബാക്കി പൈസ, നിന്റെ പേരിൽ ബാങ്കിൽ ഇട്ടാൽ പോരെയെന്ന്, തന്റെ ചേച്ചി തന്നോടായി ചോദിച്ചപ്പോൾ,പ്രശാന്തേട്ടന്റെ അഭിമാനം വൃണപ്പെട്ടിരുന്നു.. അത് കൊണ്ട് മാത്രമാണ് ആ കാശ് തന്റെ പേരിൽ ബാങ്കിൽ കിടക്കുന്നത്…


ഒരു പരിധി വരെ,ഇന്ന് ഈ കോലായിൽ, മഴയും കണ്ടു, തനിയ്ക്കിഷ്മുള്ളൊരു പാട്ടും കേട്ട്,ചൂട് കട്ടൻ ചായയും മുൻപിൽ വെച്ച് താനിങ്ങനെ ഇരിക്കുന്നതിന് കാരണവും…


ശ്രിതയുടെ വിവാഹം കഴിഞ്ഞതിന് ശേഷവും പ്രശാന്തേട്ടന്റെ ജീവിതരീതികളിലോ സ്വഭാവത്തിലോ മാറ്റമൊന്നും വന്നിരുന്നില്ല…., .


ഓഫീസും സുഹൃത്തുക്കളും, ഇടയ്ക്കിടെയുള്ള,പാതിരാത്രി കഴിഞ്ഞിട്ടും തീരാത്ത മീറ്റിംഗുകളും…


ഒഫീഷ്യൽ ടൂറിനു പുറമെ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകളും…


അന്നൊരു ഞായറാഴ്ച വൈകുന്നേരം ശ്രിത ദീപക്കിനൊപ്പം വന്നിരുന്നു..


പ്രശാന്തേട്ടനൊപ്പം സംസാരിച്ചിരുന്ന അവർക്കായി ചായയുമായി വന്നതായിരുന്നു താൻ.. ചായക്കപ്പുകൾ ഓരോരുത്തർക്കായി കൊടുക്കുന്നതിനിടെയാണ് ദീപക് എന്തോ ചോദിച്ചത്.. ഒരു നിമിഷാർദ്ധം ശ്രെദ്ധയൊന്ന് പാളിയപ്പോൾ,കയ്യിലെ ചായ കപ്പൊന്ന് തെന്നി.. ചൂടുള്ള ചായ പ്രശാന്തേട്ടന്റെ കൈത്തണ്ടയിലാണ് വീണത്…


വേവലാതി പടർന്നു കയറാൻ തുടങ്ങുന്ന നിമിഷമായിരുന്നു ഇടത് കവിൾ പുകഞ്ഞത്..


"എവിടെ നോക്കിയാടി… ഒരു കാര്യം മര്യാദക്ക് ചെയ്യാൻ അറിയില്ല…"


ആ അലർച്ച ചെവിയിൽ പതിച്ചു…


 ദീപക്ക് സ്തംഭിച്ചു പോയിരുന്നു..മുൻപും ആവർത്തിച്ചിട്ടുള്ള കാഴ്ചയാണെങ്കിലും ദീപക്ക് ഒപ്പമുള്ളത് കൊണ്ടാവാം ശ്രിത വിളറി വെളുത്തിരിക്കുന്നുണ്ട്…


ഒരക്ഷരമുരിയാടാതെ തിരിഞ്ഞു നടക്കുമ്പോൾ മനസ്സിലെ മരവിപ്പ് പൂർണ്ണമായിരുന്നു…


ചുറ്റുമൊന്ന് നോക്കുക പോലും ചെയ്യാതെ പടികൾ കയറി ടെറസ്സിൽ ചെന്നിരുന്നു…


പല വട്ടം ആളുകൾക്ക് മുന്നിൽ വാക്കുകൾ കൊണ്ട് അപമാനിച്ചിട്ടുണ്ട്.. പരിഹസിച്ചിട്ടുണ്ട്… ഒരു വിഡ്ഢിയെ പോലെ മുഖത്തെടുത്തണിഞ്ഞ പുഞ്ചിരിയുമായി നിന്നിട്ടേയുള്ളൂ..


ഉള്ളിൽ എന്തൊക്കെയോ പൊട്ടിച്ചിതറുന്നുണ്ടായിരുന്നു…


"അമ്മേ…?"


ശ്രിത അരികിൽ വന്നിരുന്നു.. തെല്ലു നേരത്തെ നിശബ്ദതയ്ക്ക് ശേഷം പറഞ്ഞു…


"ശ്രിത... എനിയ്ക്ക് ഒറ്റയ്ക്കൊന്ന് ഇരിക്കണം.."


"അമ്മേ.. ഞങ്ങൾ ഇറങ്ങുവാണ്.…"


അവളുടെ ശബ്ദം പതിഞ്ഞിരുന്നു.. വെറുതെയൊന്ന് മൂളിയതേയുള്ളൂ…


വെറുതെ അങ്ങനെയിരുന്നു… രാത്രി ഏറെയായിട്ടും.. ഭക്ഷണസമയം ആയപ്പോൾ താഴെ നിന്ന് വിളി കേട്ടെങ്കിലും അനങ്ങിയില്ല..


എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും, ദേഹോപദ്രവം ഏൽപ്പിച്ചാലും, ഒന്നും സംഭവിക്കാത്തത് പോലെയാണ് പ്രശാന്തേട്ടന്റെ പെരുമാറ്റം.. താനും അങ്ങനെ തന്നെ ആവണം.. പതിവുകളൊന്നും മുടങ്ങാനും പാടില്ല….


പുലരുവോളം ഇരുന്ന ഇരിപ്പിൽ മനസ്സിൽ തീരുമാനങ്ങൾ ഉറച്ചിരുന്നു…


ഒരു ബാഗിൽ കയ്യിൽ കിട്ടിയതൊക്കെയെടുത്തിറങ്ങി…തറവാടിന്റെ മുൻപിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ മനസ്സിനെ ഒരു തണുപ്പ് പൊതിയാൻ തുടങ്ങുന്നത് പോലെ….


പിന്നെയും കോലാഹലങ്ങൾ..ചോദ്യം ചെയ്യലുകൾ, വാദപ്രതിവാദങ്ങൾ...നിനക്കവിടെ എന്തു കുറവുണ്ടായിട്ടാണെന്ന ചോദ്യങ്ങൾ….


കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല…


എനിക്കിനിയും ഈ നാടകം തുടരാനാവില്ലെന്ന് ഉറപ്പിച്ചു പറയുമ്പോൾ പ്രശാന്തേട്ടന്റെ മുഖത്തെ അമ്പരപ്പ് താൻ കണ്ടിരുന്നു…


'നിനക്ക് എന്തെങ്കിലുമൊരു കുറവ് ഞാൻ വരുത്തിയോ 'എന്ന ആ ഭാവം ആത്മാർത്ഥമായിട്ട് തന്നെയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ചിരിയാണ് വന്നത്…


'എനിക്കെന്തായിരുന്നു കുറവെന്ന്' ഒരിക്കലും ആ മനുഷ്യന് മനസ്സിലാക്കാനാവില്ലെന്നും, ദാമ്പത്യമെന്നത് അടിമ ഉടമ ബന്ധമല്ലെന്നത് ,അയാൾക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമാണെന്നും എനിക്കറിയാമായിരുന്നു…


സ്വാഭാവികമായും പഴി മുഴുവനും എനിക്ക് മാത്രമായിരുന്നു.. തങ്കപ്പെട്ടൊരു മനുഷ്യനെ ഉപേക്ഷിച്ചു പോന്ന എന്നിലവർ അവിഹിതബന്ധം വരെ ആരോപിച്ചിരുന്നു…


പ്രത്യേകിച്ചു വിഷമമോ സങ്കടമോ ഒന്നും തോന്നിയില്ല.. പക്ഷെ ഒരിക്കൽ മാത്രം…


"അമ്മയ്ക്കൊന്ന് അഡ്ജസ്റ്റ് ചെയ്ത് നിന്നൂടായിരുന്നോ . ഇതിപ്പോൾ ദീപുവേട്ടന്റെ റിലേറ്റീവ്സൊക്കെ ചോദിക്കുമ്പോൾ ഞാനെന്താ പറയാ…"


എല്ലാമറിയാവുന്നവൾ തന്നെ അങ്ങനെ ചോദിച്ചപ്പോൾ മനസ്സൊന്നു പൊള്ളി…


പക്ഷെ എന്നിട്ടും പതറിയില്ല….പിന്മാറിയതുമില്ല...


മഴ പെയ്തൊഴിഞ്ഞ ആകാശത്തിലേയ്ക്ക് മിഴികളുയർത്തി ഇന്ദുബാല ആലോചിച്ചു…


ആ വൈകുന്നേരം അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കിൽ ആ തടവറയിൽ നിന്നും തനിയ്‌ക്കൊരു മോചനം ഉണ്ടാവുമായിരുന്നോ…?


ഈ വീടിങ്ങനെ തന്നെ കാത്തിരിക്കാൻ ഇല്ലായിരുന്നുവെങ്കിൽ അവിടെ നിന്നും ഇറങ്ങാൻ താൻ ധൈര്യപ്പെടുമായിരുന്നോ…?


അറിയില്ല…


ഒന്നറിയാം… വൈകിപ്പോയി… ഇതായിരുന്നു ശരി….


അന്ന്,അതിരാവിലെ ഇന്ദുബാല അമ്പലത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ മഴ പൂർണ്ണമായും തോർന്നു കഴിഞ്ഞിരുന്നു..


അമ്പലത്തിലേയ്ക്കുള്ള പടവുകൾ കയറുമ്പോഴാണ് എതിരെ വരുന്നയാളെ കണ്ടത്…


ദേവൻ മാഷ്…


"ഇന്ദുബാല വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു…"


"ഹാ.. കുറച്ചൂസായി.. മാഷ്ക്ക് സുഖമല്ലേ..?"


നേർത്തൊരു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു.. ഭംഗി അല്പം പോലും കുറഞ്ഞിട്ടില്ലാത്ത ആ ചിരി…


"സുഖം…"


പിന്നെയൊന്നും ചോദിക്കാനോ പറയാനോ ഇല്ലായിരുന്നു…ഒന്ന് നോക്കി തലയാട്ടി ദേവൻ മാഷ് നടന്നു…


ഒരു കൗമാരക്കാരിയുടെ മൗനരാഗം…


മാനം കാണാതെ വെച്ച മയിൽ പീലി തുണ്ട് പോലെ മനസ്സിൽ തുടങ്ങി അവിടെ തന്നെ അവസാനിച്ച ഇഷ്ടം..….


ഒരു പുഞ്ചിരിയ്ക്കോ,മൂന്നാല് വാചകങ്ങൾക്കോ, അപ്പുറത്തേയ്ക്ക് നീളാത്ത പരിചയക്കാരി… ദേവൻ മാഷിന് അത് മാത്രമായിരുന്നു താനെപ്പോഴും…


ഒന്ന് നിശ്വസിച്ചു,അമ്പലക്കെട്ടിനകത്തേയ്ക്ക് കയറുമ്പോൾ,ശ്രിത മടിച്ചു മടിച്ചു തന്നോട് ചോദിച്ച കാര്യം ഓർത്തു...


"അമ്മ… അമ്മേടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..?"


ചിരിയടക്കി പിടിച്ചു കൊണ്ടാണ് തിരിച്ചു ചോദിച്ചത്…


"ഉണ്ടെങ്കിൽ…?"


അവളുടെ മുഖത്തെ ദയനീയത കണ്ടതും ഉള്ളൊന്ന് പിടച്ചു…


പേടിയുണ്ടവൾക്ക്.. സമൂഹം അടക്കിപ്പിടിച്ചു സംസാരിക്കുന്നത് അവളെ പറ്റിയും ആവും…


അച്ഛനും അമ്മയും വേർപിരിഞ്ഞു, രണ്ടു പേരും വേറെ വിവാഹവും കഴിച്ചു….


മറ്റുള്ളവർക്ക് കുത്തി രസിക്കാൻ മറ്റെന്തെങ്കിലും വേണോ…


"അമ്മ ഈ ജീവിതത്തിൽ ഹാപ്പിയാണ് ശ്രിത... ഇത് മതിയെനിക്ക്.."


അത്രയേ പറഞ്ഞുള്ളൂ…


ഒരിക്കലും പ്രണയിച്ചിട്ടില്ലാത്ത, പ്രണയിക്കപ്പെട്ടിട്ടില്ലാത്ത,ഒരുവളുടെ മനസ്സ് തന്നിലപ്പോഴും ബാക്കിയായിരുന്നു…


പക്ഷെ വേണ്ടാ…


ആർക്കും വേണ്ടിയും വേണ്ടെന്ന് വെയ്ക്കുന്നതുമല്ല…


എപ്പോഴൊക്കെയോ കൂട്ടി വെച്ച,കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സഫലമാവുമ്പോൾ കിട്ടുന്ന സന്തോഷം.. അത് മതിയെനിക്ക് ഇനിയുള്ള കാലം…


അമ്പലത്തിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ആരോ പറയുന്നത് കേട്ടു…


"അതാ മേലേടത്തെ ഇന്ദുബാലയാ…"


"ഏത്…?ആ ഭർത്താവ് ഒഴിവാക്കിയ പെണ്ണോ…?"


ഇന്ദുവിന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല...


അമ്പലത്തിൽ നിന്നും ഇന്ദുബാല വീട്ടിലേയ്ക്ക് വന്നു കയറി അധികനേരമാവുന്നതിനു മുൻപേ തന്നെ മഴ വീണ്ടും തുടങ്ങിയിരുന്നു…


ഉച്ചയ്ക്ക്,കുത്തരി ചോറും,പ്രശാന്തിന് ഒട്ടും ഇഷ്ടമല്ലാതിരുന്ന കോവയ്ക്ക തോരനും ഉണ്ടാക്കി.. അതിനൊപ്പം മോര് കാച്ചിയതും അയല മുളകിട്ടതും കൂട്ടി ഊണ് കഴിച്ചപ്പോൾ പണ്ടെന്നോ ആസ്വദിച്ചൊരു രുചി നാവിൻ തുമ്പിൽ എത്തിയിരുന്നു…


മഴ തോർന്നപ്പോൾ തൊടിയിലാകെ നടന്നു.. മൂവാണ്ടൻ മാവിന് താഴെ വീണു കിടന്നിരുന്ന പഴുത്ത മാങ്ങകൾ ഉണർത്തിയ പഴയൊരോർമ്മയിൽ പുഞ്ചിരിച്ചു…ഒരിക്കലും തിരിച്ചു വരാത്ത ബാല്യകാലം ഉള്ളിൽ സുഖമുള്ളൊരു നോവ് തന്നു കൊണ്ടിരുന്നു...


തിരികെ വന്നു,ചായക്കൂട്ടുകളും ക്യാൻവാസുകളും നിറഞ്ഞ മുറിയിലേയ്ക്ക് കയറുമ്പോൾ, ഇവിടെ വന്നു,ആദ്യമായി ഇതൊക്കെ കണ്ടപ്പോൾ ശ്രിതയുടെ മുഖത്തുണ്ടായ അത്ഭുതം ഓർമ്മ വന്നു..…


"അമ്മ ഇത്രയും നന്നായി വരയ്ക്കുമായിരുന്നോ …?"


വെറുതെ ചിരിച്ചതേയുള്ളൂ...


"അമ്മയ്ക്ക് ഇതെല്ലാം ചേർത്തൊരു എക്സിബിഷൻ നടത്തിക്കൂടെ..?"..


ആവേശത്തോടെയുള്ള ശ്രിതയുടെ ചോദ്യത്തിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ…


"ഇതെല്ലാം ഞാൻ എന്റെ സന്തോഷത്തിനു വേണ്ടി മാത്രം ചെയ്യുന്നതാണ് ശ്രിത.... എന്റെ മനസ്സിന്റെ തൃപ്തി.. അത്രേയുള്ളൂ.."


ശ്രിതയുടെ മുഖം മങ്ങിയത് കണ്ടപ്പോൾ കൂട്ടിച്ചേർത്തു


"എന്നെങ്കിലും, ഇനി ഞാൻ,അങ്ങനെയും ആലോചിച്ചു കൂടായ്കയില്ല.."


വിവാഹം കഴിഞ്ഞ നാളുകളിലൊന്നിൽ  ഇന്ദുവിന്റെ മുറിയിൽ കണ്ട ചായക്കൂട്ടുകളും ആത്മസംതൃപ്തിയോടെ വരച്ചെടുത്ത ചിത്രങ്ങളും കണ്ടു പുച്ഛത്തോടെ പ്രശാന്ത് പറഞ്ഞിരുന്നു..


"വെറുതെ സമയം കളയാനായിട്ട് ഓരോരോ കോപ്രായങ്ങൾ… "


അതിൽ പിന്നെയാ ചായക്കൂട്ടുകളെ ഇന്ദുബാല മറവിയിലേയ്ക്ക് തള്ളി വിട്ടിരുന്നു… തിരികെ ഈ പടി കയറി വരുന്നത് വരെ..


ഇടയ്ക്കിടെ,ജാലകവാതിലിലൂടെ നോക്കി, മഴയുടെ താളത്തിനൊത്ത്,ക്യാൻവാസിൽ പ്രസരിപ്പോടെ,വർണ്ണക്കൂട്ടുകൾ ചാലിച്ച ചിത്രം പൂർത്തിയാക്കുമ്പോൾ ഇന്ദുവിന്റെ ചുണ്ടുകളിലൊരു മൂളിപ്പാട്ട് തങ്ങി നിന്നിരുന്നു…


അന്ന് തന്റെ മുൻ ഭർത്താവിന്റെ രണ്ടാം വിവാഹമാണെന്ന് ഇന്ദുബാല ഓർത്തത്‌ പോലുമില്ലായിരുന്നു...

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

To Top