വരാൻ പോകുന്നത് അവളുടെ മോനാണെന്ന് അവൾ ഉറപ്പിച്ചിരിന്നു...

Valappottukal


രചന: മണ്ടശിരോമണി

"ശ്രീയേട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ?" അഭിരാമി എനിക്കുനേരെ നോക്കികൊണ്ട് ചോദിച്ചു. 


  "എന്തേ?" ഞാൻ അവളെ നോക്കി കൊണ്ട് മൊബൈലിൽ നിന്നും കണ്ണെടുത്തു. 


   "എനിക്കിങ്ങനെ ഒരു ഫോട്ടോ എടുക്കണം"  അത് പറയുംബോൾ അവളുടെ കണ്ണുകൾ താൻ പറയുന്നത് ആരെങ്കിലും കേൾക്കുമോ എന്ന പേടിയിൽ ചുറ്റും നോക്കുന്നുണ്ടായിരുന്നു. കാരണം വേറെ ഒന്നുമല്ല ഈ നിറവയറുമായി അവൾക്ക് സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കണം എന്നാണ് പറഞ്ഞത്. അത് എന്റെ അമ്മയോ മറ്റോ കേട്ടാൽ ഉള്ള നാണക്കേട് ഓർത്തിട്ടാണ് അവൾ അങ്ങനെ നോക്കുന്നത്. അവളുടെ ആവിശ്യം കേട്ട് എനിക്കു ചിരിയാണ് വന്നത്. 


  "എന്താ ചിരിക്കാൻ?" അവൾ ഗൗരവത്തോടെ ചോദിച്ചു. 

ഒരു വർഷത്തോളം ആയിരുന്നു ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇപ്പൊഴും കുട്ടിക്കളി മാറാത്ത അവളുടെ പ്രകൃതം അത് ഇടയ്ക്കൊക്കെ എന്നെ ദേഷ്യം പിടിപ്പിക്കുമെങ്കിലും ഇപ്പോൾ എനിക്കു ചിരിയാണ് വന്നത്. 


   "ഫോണിലെടുത്താൽ മതിയോ?" ഞാൻ അവളുടെ മുഖത്ത് നോക്കി അങ്ങനെ ചോദിച്ചെങ്കിലും അവൾക്ക് നിർബന്ധം സ്റ്റുഡിയോ ഫോട്ടോ തന്നെ വേണമെന്ന്. വല്ലപ്പോഴും മാത്രമേ അവൾ ഇങ്ങനെ ആഗ്രഹം പറയാറുള്ളൂ. അതുകൊണ്ട് തന്നെ ഞാൻ അടുത്ത ദിവസം തന്നെ പോകാം എന്നു സമ്മതിച്ചു. 


   രാവിലെ അവൾ എന്റെ കൂടെ വരാൻ ഒരുങ്ങുന്നത് കണ്ടപ്പൊഴേ അമ്മ വഴക്ക് തുടങ്ങിയിരുന്നു. നിറവയറുമായി ബൈക്കേൽ പോകുന്നത് ഒന്നും അമ്മയ്ക്ക് ഇഷ്മല്ല. ഒടുവിൽ അവളുടെ മുഖം കണ്ടപ്പോൾ അമ്മ സമ്മതിക്കുകയായിരുന്നു. 

  "പെണ്ണിനേം കൊണ്ട് മെല്ലെ പോയാൽ മതി" എന്നോട് പലതവണ അതു പറഞ്ഞതിനു ശേഷമാണ് അമ്മ അകത്തേക്ക് തിരിച്ചു പോയത്. 


   "രാവിലെ ചീത്ത കേട്ടപ്പോൾ സമാധാനം ആയോ?"  ബൈക്ക് ഓടുന്നതിനിടെ ഞാൻ ചോദിച്ചു. 


  "അതിനിപ്പൊ എന്താ? അമ്മ അല്ലേ..." അവൾ നിസാരമായി പറഞ്ഞു. അല്ലേലും അവൾ അങ്ങനെയേ പറയുള്ളൂ. അനാഥാലയത്തിൽ വളർന്ന അവൾക്ക് എന്റെ അമ്മ അവളുടെ അമ്മ ആവുകയായിരുന്നു. അവളുടെ ലോകം എന്നിലേക്കും എന്റെ വീട്ടിലേക്കും ചുരുങ്ങുകയായിരുന്നു. 


    "നിനക്ക് വിശക്കുന്നില്ലേ?'' ഫോട്ടോ വാങ്ങി ഇറങ്ങുംബോഴാണ് ഞാൻ ചോദിച്ചത്. 


  "ഇല്ലല്ലോ. ശ്രീയേട്ടന് ഉണ്ടോ?" അവൾ മറുപടിയോടെ എന്നെ നോക്കി. 


   "എനിക്കും എന്റെ മോൾക്കും വിശക്കുന്നുണ്ട് എന്നാണ് പറഞ്ഞത്." ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു. 


   "മോളോ? ഏതു മോൾ?"  പതിവില്ലാത്ത എന്റെ സംസാരം കേട്ട് അവൾ എന്റെ മുഖത്തേക്കു തന്നെ നോക്കി. ഒടുവിൽ ഞാൻ ഉദ്ദേശിച്ചത് അവളെ അല്ലെന്നും  അവളുടെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനെ ആണ് മോളെന്നു വിളിച്ചത് എന്നും മനസിലായതോടെ ചമ്മിപ്പോയി പാവം. ആൾക്കൂട്ടത്തിനിടയിൽ എന്നോടൊരു വാക്കു പോലും പറയാൻ പറ്റാത്തത് കൊണ്ടാവണം മുന്നോട്ടു നടക്കുന്നതിനിടയിൽ കൈത്തണ്ടയിൽ തെളിഞ്ഞ അവളുടെ നഖക്ഷതതങ്ങൾ എന്നെ നോക്കി "വേണ്ടാത്തത് പറഞ്ഞിട്ടല്ലെ" എന്ന ഭാവത്തിൽ ചിരിച്ചു. 


   വീട്ടിലെത്തി ഉമ്മറത്ത് മൊബൈൽ നോക്കി ഇരിക്കുംബോഴും അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ അതിലായിരുന്നു എന്റെ ശ്രദ്ധ. 


   "എന്താ ചിരിക്കുന്നേ" ഓരോ തവണ ഞാൻ ചിരിക്കുംബോഴും അടുത്ത് വന്ന് ചോദിക്കും. 


   "നിന്നോടല്ല ചിരിച്ചത്" ഞാനതു പറയുംമ്പൊഴേക്കും അവളുടെ മുഖത്ത് ഞാനെന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായി. അമ്മ അകത്ത് ഉള്ളത് കൊണ്ടു തന്നെ മറുപടി പറയാൻ പറ്റാത്തത് കൊണ്ട് പലപ്പൊഴും അവൾ പ്രതികരിച്ചിരുന്നത് കൈനഖമുപയോഗിച്ചായിരുന്നു. 


   "ശ്രീയേട്ടാ" പതുക്കെ എന്റെ അരികിലേക്ക് ചേർന്നു കിടന്നു കൊണ്ട് അവൾ എന്നെ വിളിച്ചു. 


   "ഉം" ഉറക്കത്തിലേക്ക് വഴുതിവീഴും മുമ്പ് ഞാൻ ഒരു മൂളലോടെ അവളെ നോക്കി. 


  "മോളാണെന്ന് ആരാ ശ്രീയേട്ടനോട് പറഞ്ഞെ?" ഇടയ്ക്കിടെ അവളോട് മോളാണെന്ന് പറയുന്നത് കൊണ്ടാവണം അവൾക്ക് സംശയം . 


‌  "അതു ഞാൻ ഫോൺ വിളിച്ചപ്പോൾ അങ്ങനെയാ പറഞ്ഞെ"  അവളുടെ സംശയത്തെ ഞാൻ നിസാരമാക്കി കളഞ്ഞതോടെ ദേഷ്യപ്പെട്ട് എനിക്കൊരു കുത്തു തന്ന് തിരിഞ്ഞു കിടക്കുകയാണ് അവൾ ചെയ്തത്. പിണക്കത്തിന്റെ തുടക്കം! 

രാവിലെ കണ്ണുതുറക്കുംബോൾ എന്റെ കൈക്കുള്ളിൽ ഒതുങ്ങി ഒരു കുഞ്ഞിനെ പോലെ കിടക്കുകയായിരുന്നു അവൾ. 

അപ്പൊ പിണക്കം?

   ഇങ്ങനെ എത്ര പിണക്കങ്ങൾ എന്റെ കൈക്കുള്ളിൽ കിടന്നു ഇല്ലാതായിട്ടുണ്ട്. അതൊക്കെ വെച്ചു നോക്കുമ്പോൾ ഇതൊരു പിണക്കമേ അല്ലല്ലോ. 


    ഒരു സന്ധ്യയിൽ ആയിരുന്നു ഒരു രഹസ്യം പോലെ അവൾ അവളുടെ ജീവിതത്തിൽ നടന്ന ഒരു ആത്മഹത്യാ ശ്രമത്തിന്റെ കഥ എന്നോടു പറഞ്ഞത്. കൈ ഞരബ് മുറിഞ്ഞ പാട് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ചോദിച്ചതായിരുന്നു അത്.


   "ഇപ്പൊ അങ്ങനെ ചെയ്യുമോ?"  ആത്മഹത്യ ശ്രമത്തിന്റെ കഥ മുഴുവൻ കേട്ടപ്പോൾ ഞാനങ്ങോട്ട് ചോദിച്ചു.


  "ഇല്ല" അവൾ എന്റെ മുഖത്തേക്കു നോക്കാതെ പറഞ്ഞു. 


  "അതെന്താ?" ഒരു കൗതുകത്തിനാണ് ഞാൻ ചോദിച്ചത്. 


   "അന്നെനിക്ക് ആരും ഉണ്ടായിരുന്നില്ല. ഇപ്പൊ എനിക്ക് ശ്രീയേട്ടനുണ്ട് അമ്മ ഉണ്ട് പിന്നെ എനിക്ക് വല്യ ഒരു ആഗ്രഹോം ഉണ്ടു"  സംസാരത്തിനിടയിൽ തന്നെ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. 


  "എനിക്ക് ശ്രീയേട്ടന്റെ കുഞ്ഞിന്റെ അമ്മ ആകണം"  ഞാനെന്തെങ്കിലും ചോദിക്കും മുന്നെ തന്നെ അവൾ പറഞ്ഞു. ചേർത്തു പിടിക്കുംബൊഴും അവളുടെ കണ്ണീർ തുടച്ചു കൊടുക്കുംബൊഴും എന്റെ ഉള്ളും നിറയുകയായിരുന്നു. 


    xxx 


  "അഭീ നീ ഇതു കണ്ടില്ലെ."  ഉമ്മറത്ത് ഒരു നാല് വയസുകാരി ഫോൺ എടുത്തു കളിക്കുന്നത് കണ്ടതോടെ ശ്രീ അകത്ത് നോക്കി ഒച്ചയെടുത്തു. 

അതോടെ അകത്ത് നിന്നും ഓടി വന്ന അഭി കുറച്ച് നേരം അതു നോക്കി നിന്നു. 


  "നിങ്ങള് തന്നെ അല്ലെ ഇതൊക്കെ പഠിപ്പിച്ചേ?" അഭി നിഷ്കളങ്കതയോടെ ശ്രീയോടു ചോദിച്ചു. 


   "ഞാനോ?"  ശ്രീക്ക് കാര്യം മനസിലായില്ല. 


"ആ ഞാൻ തന്നെ. ഓർമ്മയില്ലേ അന്ന് എന്നോട് പറഞ്ഞത് ഇവള് വയറ്റിൽ കിടന്നു ഫോൺ വിളിച്ചു എന്നൊക്കെ. ഇനി സഹിച്ചോ അല്ലാതെന്താ"  അതും പറഞ്ഞ് അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി. 

    

   "ആ പിന്നെ എന്റെ മോനെ ഞാൻ ആ ശീലമൊന്നും പഠിപ്പിക്കുന്നില്ല കെട്ടോ" അകത്തേക്ക് നടക്കുന്നതിനിടയിൽ വയറിൽ കൈ വെച്ചുകൊണ്ട് അവൾ   ചിരിച്ചു . വരാൻ പോകുന്നത് അവളുടെ മോനാണെന്ന് അവൾ ഉറപ്പിച്ചിരിന്നു. അമ്മയുടെ ചിരി കണ്ട് കൗതുകത്തോടെ ഒരു നാല് വയസുകാരിയും അതിശയത്തോടെ ശ്രീയും....!

To Top