അയാളുടെ ഭാര്യയെ സ്വന്തമാക്കി തിരിച്ചു കൊടുക്കുന്ന ആത്മാർത്ഥ സുഹൃത്ത്‌...

Valappottukalരചന: സിന്ധു മനോജ്‌

സഹനം 
===================

ഗേറ്റുതുറന്ന് വേവലാതിയോടെ ഇരുൾ ചിതറിക്കിടക്കുന്ന മുറ്റത്തേക്ക് കയറിയപ്പോൾ വിനോദ് ഇനിയും എത്തിയിട്ടില്ല എന്നയറിവ്‌ ഒരേ സമയം ഉള്ളിലൊരു സമാധാനവും അതിലേറെ പരിഭ്രാന്തിയും നിറച്ചു.

ബാഗിൽ നിന്നും താക്കോലെടുത്തു വാതിൽ തുറക്കാൻ ഒരുങ്ങുമ്പോഴാണ് ഫോൺ അടിച്ചു തുടങ്ങിയത്.

"കിച്ചു, അച്ഛനാണെന്ന് തോന്നുന്നു.ഫോൺ എടുത്തോ. അമ്മ വാതിൽ തുറക്കട്ടെ."

ബാഗ് കിച്ചുവിന്റെ കയ്യിൽ കൊടുത്ത് ഇന്ദു വാതിൽ തുറന്നു.

നോക്കു അമ്മാ.. അച്ഛനല്ല വേറാരോ ആണ്.

കിച്ചു നീട്ടിപ്പിടിച്ച ഫോണിലേക്ക് നോക്കിയപ്പോൾ അവളൊന്നു കണ്ണുമിഴിച്ചു.

"അഭി കാളിംഗ്."

കിച്ചുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാൾ ബട്ടൺ അമർത്താൻ തുടങ്ങിയതും അത് നിശബ്ദമായി.

കിച്ചൂട്ടാ, പോയ്‌ കുളിച്ചു ഡ്രസ്സ്‌ മാറ്റിക്കോ. അച്ഛൻ വരുമ്പോൾ നമ്മൾ നേരത്തെയെത്തി എന്നുതന്നെ പറഞ്ഞേക്കണേ. അല്ലേൽ ഇന്നതിനാകും അമ്മയോട് വഴക്ക്.

കിച്ചുവിനെ ബാത്‌റൂമിൽ കയറ്റി അവൾ വേഗം ഡ്രസ്സ്‌ മാറ്റി ഒരു നൈറ്റി എടുത്തിട്ടു.

ചപ്പാത്തിക്കുള്ള മാവ് കുഴക്കുമ്പോൾ വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി.

"കുഞ്ഞൂ, നീ വീടെത്തിയോ"

അഭിയുടെ പതിഞ്ഞ ശബ്ദം കാതിൽ വല്ലാത്ത അമ്പരപ്പുളവാക്കി.

ഞൊടി നേരം കൊണ്ട്,പുഴക്കരയിലെ മഹാഗണി മടിയിലേക്ക് കൊഴിച്ചിട്ട കുഞ്ഞിലകൾ ഓളപ്പരപ്പിലേക്കെറിഞ്ഞ്, അവ കുണുങ്ങിക്കുണുങ്ങി ഒഴുകിപ്പോകുന്നതും നോക്കിയിരുന്ന വൈകുന്നേരങ്ങൾ ഒരു കുഞ്ഞുകാറ്റായി പാറി വന്ന് അവളെ ചുറ്റിപ്പിടിച്ചു.

ഒരു യാത്രപറച്ചിലിന്റെ ഇടവേള പോലുമില്ലാതെ, ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്ന് മനസ്സുകൾ പരസ്പരം പറഞ്ഞുറപ്പിച്ചത് ഒരൊറ്റ നോട്ടം കൊണ്ടു മാത്രമായിരുന്നു.

വർഷങ്ങൾ ഓടി മറഞ്ഞത് എത്ര പെട്ടന്നായിരുന്നു.

തമ്മിൽ കാണാതെ, ഒരു വാക്കുപോലും മിണ്ടാതെ ഒരു ദിവസംപോലും തള്ളി നീക്കാൻ കഴിയില്ലന്ന് വാശി പിടിച്ച ഇന്നലെകൾ.

എന്നിട്ടും വഴിപിരിഞ്ഞൊഴുകേണ്ടി വന്ന രണ്ടു മഴത്തുള്ളികൾ.

വർഷങ്ങൾക്കു ശേഷം, സോഷ്യൽ മീഡിയ എന്ന ചതുരക്കൂടിനുള്ളിൽ കണ്ടുമുട്ടിയപ്പോൾ വല്ലാതെ പകച്ചു പോയ്‌.അഭിയെ വീണ്ടുമൊരിക്കൽ കൂടി കാണാനാകുമെന്നു ഒരിക്കലും കരുതിയിരുന്നില്ല.

പഴയ കൂട്ടുകാരെ കണ്ടുപിടിക്കാനുള്ള ശ്രമം അവിടെ തുടങ്ങുകയായിരുന്നു. ഒരാളിൽ നിന്നും അടുത്തയാളിലേക്ക്.

കളിയും ചിരിയുമായി മണിക്കൂറുകൾ നീളുന്ന ഗൂഗിൾ മീറ്റിലോ, വാട്ട്സാപ്പ് ചാറ്റിലോ ഒരിക്കൽ പോലും അഭി തന്നോട് മിണ്ടാൻ ശ്രമിച്ചിട്ടില്ല എന്നവൾ ഓർത്തു.

അവനോടു മാത്രമായുള്ള സ്നേഹാന്വേഷണങ്ങൾ രണ്ടു നീല ശരികൾക്കുള്ളിൽ അനാഥമായി കിടന്നു.

നമുക്കൊന്ന് കൂടിയാലോ പഴയപോലെ നമ്മുടെ പുഴക്കരയിൽ. പ്രദീപിന്റെ ചോദ്യം  എല്ലാരും ഒരേ മനസ്സോടെ ഏറ്റുചൊല്ലിയപ്പോൾ, ഇന്നത്തെ പകൽ ജനിക്കുകയായിരുന്നു. കാലം തങ്ങൾക്കായി കാത്തു വെച്ച സ്നേഹ നിമിഷങ്ങൾ.

വിനോദ് സമ്മതിക്കില്ല എന്നറിയാവുന്നതുകൊണ്ട് വരുമെന്നോ, വരില്ലെന്നോ ഉറപ്പു പറയാതെ എല്ലാറ്റിൽ നിന്നും സ്വയം ഒഴിഞ്ഞു മാറി.

"ഇന്ദൂ, നീ വരാതിരിക്കരുത്.നിന്റെയാ 'നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ 'ഒന്നൂടെ കേൾക്കണം ഞങ്ങൾക്ക്."

സുനിതയുടെ നിർബന്ധം കേട്ടപ്പോൾ സത്യത്തിൽ ചിരി വന്നു. ഒരു മൂളിപ്പാട്ടെങ്കിലും പാടിയിട്ട് വർഷങ്ങളായിരിക്കുന്നു. എല്ലാം ആ മഹാഗണിച്ചോട്ടിൽ കളഞ്ഞു വെച്ചിട്ടല്ലേ വിനോദിന്റെ താലിക്കു വേണ്ടി തല കുനിച്ചത്.

വിനോദ് അക്കമിട്ടു നിരത്തിയ നിബന്ധനകൾക്കു കീഴെ മനസ്സുകൊണ്ട് ഒപ്പിട്ട് കൊടുത്ത് പോകാനുള്ള അനുമതി തേടുമ്പോൾ സ്വയം വല്ലാതെ പുച്ഛം തോന്നി.

അടിമയെപ്പോലെ ഒരു ജീവിതം.

"കുഞ്ഞൂ, നീയെന്താ മിണ്ടാത്തെ.ഞാൻ ചോദിച്ചത് കേട്ടില്ലേ."

അഭിയുടെ ചോദ്യം  ഒരു നിമിഷം ഓർമ്മപ്പെയ്ത്തിലേക്കൊരു കുട നിവർത്തി.

"ആ... ഞാനെത്തി അഭീ.നിങ്ങൾ പിരിഞ്ഞില്ലേ ഇതുവരെ.

ഉവ്വെടീ... എല്ലാം നല്ല ഫോമിലായി ഇന്ന്. നീ പോയേപ്പിന്നെ കുപ്പി രണ്ടെണ്ണം കൂടി പൊട്ടിച്ചു..പെണ്ണും പിടക്കോഴിയുമായി വന്നവന്മാരൊക്കെ പെട്ടു. അവളുമാര് ഇവിടുന്നേ തെറി വിളിച്ചാ എല്ലാറ്റിനേം ചുരുട്ടി കൂട്ടി എടുത്തോണ്ട് പോയെ. ബാക്കി വീട്ടിൽ ചെന്നിട്ട് കൊടുത്തോളും..ഹഹഹ

"അല്ല.. നിന്റെ കെട്ട്യോൻ എത്തിയില്ലേ ഇതുവരെ.'

ഇല്ല. ചിലപ്പോൾ ലേറ്റാകുമായിരിക്കും.

"ജോലിത്തിരക്കോ, അതോ കാമുകിയുടെ ഇന്നത്തെ സൽക്കാരം കഴിയാത്തതുiകൊണ്ടോ..?"

അഭിയുടെ പെട്ടന്നുള്ള ചോദ്യത്തിൽ അവളൊന്നു പകച്ചു.

ഞാനറിഞ്ഞു എല്ലാം.
എന്നെ പെണ്ണുകെട്ടിക്കാനുള്ള ശ്രമത്തിലല്ലേ നിങ്ങളൊക്കെ. രജിതയോട് ഞാൻ സംസാരിച്ചിരുന്നു.കാരണം നമ്മുടെയിഷ്ടം പണ്ടേ അവൾക്കറിയാം. അവളെ എത്രമാത്രം സ്നേഹിക്കാൻ ആകുമെന്ന് എനിക്കുറപ്പില്ല. അതുകൊണ്ടു തന്നെ തുറന്നൊരു സംസാരം ആവശ്യമാണെന്ന് തോന്നി. അവളാ നിന്നെക്കുറിച്ചു എല്ലാം പറഞ്ഞതും.

ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

എന്തിനാ കുഞ്ഞൂ ഇത്രയുമൊക്കെ സഹിക്കുന്നേ. ഇറങ്ങി പോന്നൂടെ നിനക്ക്.

"എങ്ങോട്ട് ഇറങ്ങി പോകണം ഞാൻ. കടമകളും,കടപ്പാടുകളുമൊക്കെ തീർത്തു ഇനി ഞങ്ങൾക്കിവിടെ റോളൊന്നുമില്ല എന്നും പറഞ്ഞു തിരിഞ്ഞു നടക്കുന്ന വീട്ടുകാരുടെയടുത്തേക്കോ അതോ തെരുവിലേക്കോ."

"ഒന്നുമില്ലെങ്കിലും നിനക്ക് അത്യാവശ്യം വിദ്യാഭ്യാസമില്ലേ. തത്കാലം ചെറിയൊരു ജോലിയുമുണ്ട്. ഒരു വീടെടുത്തു മോനെയും കൊണ്ട് അവിടുന്ന് മാറണം. നിന്നെക്കാൾ ലോക പരിചയം കുറഞ്ഞ സ്ത്രീകൾ ഒറ്റക്ക് ജോലി ചെയ്ത് അന്തസ്സായി ജീവിക്കുന്നുണ്ട് ഇവിടെ."

"കിച്ചുമോന് അച്ഛനെ വല്യ ഇഷ്ടാ. അവന്റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല എന്നത് അവനൊരു പ്രശ്നമല്ല. വീടെടുത്തു മാറിയാലോ എന്ന് പറയുമ്പോഴൊക്കെ എനിക്ക് അച്ഛനേം വേണം അമ്മയേം വേണം എന്ന ഒരേ പല്ലവി.അവനുവേണ്ടി എല്ലാം സഹിക്കാൻ ഞാൻ തീരുമാനിച്ചു."

നല്ല തീരുമാനം. കെട്ടിയവൻ പണിയെടുത്തു ഉണ്ടാക്കുന്നതെല്ലാം വല്ല പെണ്ണുങ്ങൾക്കും ചിലവിനു കൊടുക്കുന്നു എന്നറിഞ്ഞിട്ടും മോന് വേണ്ടി സഹിക്കാൻ ഇറങ്ങിയെക്കുന്നു. അവളെയും അവനെയും നിന്റെ ബെഡ്‌റൂമിൽ ഒന്നിച്ചു കാണേണ്ടി വന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ അവന്റെ ശാരീരികവും, മാനസികവുമായ പീഡനങ്ങൾക്ക് അടിമയെപ്പോലെ നിന്ന്കൊടുക്കുന്നു.നാണംകെട്ടവൾ.നിന്നെക്കുറിച്ച് പുച്ഛം തോന്നുന്നു എനിക്ക്.നാളെ ഈ മോനും നിന്നെ തള്ളിപ്പറയും. നോക്കിക്കോ.

ഞാനിനി ഈ ജീവിതത്തിൽ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല അഭി. അതുകൊണ്ട് തന്നെ നിരാശപ്പെടേണ്ടി വരില്ല എന്നാ എന്റെ വിശ്വാസം.

ശരി.. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. കൂടുതലൊന്നും ഞാൻ പറയുന്നില്ല എങ്കിലും അവസാനമായ് ഒന്നുകൂടെ ചോദിക്കട്ടെ ഞാൻ.

ചോദിക്കൂ അഭി

"നിന്നോളം ആരെയും സ്നേഹിച്ചിട്ടില്ല ഞാൻ. അതുകൊണ്ടാണെന്ന് തോന്നുന്നു വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞു പോയിട്ടും നിന്നെ മറക്കാനോ,നിന്റെ ഓർമ്മകളിൽ നിന്ന് ഒരു മോചനം നേടാനോ എനിക്ക് കഴിയാത്തത്. കിച്ചുമോന്റെ അച്ഛന് പകരമാകാൻ എനിക്കാകുമോ എന്നറിയില്ല. എങ്കിലും നിന്നെപ്പോലെ അവനെയും സ്നേഹിക്കാൻ എനിക്ക് കഴിയും. എന്റെ കൂടെ വന്നൂടെ നിനക്ക്. നിന്നെ വരിഞ്ഞു മുറുക്കുന്ന നീരാളിക്കൈകളിൽ നിന്ന് ഒരു മോചനം നേടാൻ ഒന്ന് ശ്രമിച്ചൂടെ നിനക്ക്."

"വേണ്ട അഭി, അതൊന്നും ശരിയാകില്ല. രജിതയെ നിറഞ്ഞ മനസ്സോടെ സ്നേഹിക്കാൻ ശ്രമിക്കൂ. അവൾക്കും നിന്നെ ഒത്തിരി ഇഷ്ടാ.നഷ്ടപ്പെട്ടുപോയ ഇന്നലെകളുടെ സന്തോഷങ്ങളെല്ലാം അവളിലൂടെ തിരിച്ചെത്തും. ഞാനിന്ന് നിനക്ക് പാകമാകാത്ത കുപ്പായമാ. വലിച്ചെറിഞ്ഞു കളഞ്ഞേക്ക്. അല്ലെങ്കിൽ ഒരു തീക്കനലിൽ എരിച്ചു കളഞ്ഞേക്ക്. "

മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഫോൺ കട്ട്‌ ചെയ്തു. പിന്നെയത് സ്വിച്ഓഫ്‌ ആക്കി അടുക്കള സ്ലാബിൻമേൽ വെച്ചു.

 വിനോദ് ഇന്നും മിനിയുടെ കൂടെ ആയിരിക്കും. മരിച്ചു പോയ കൂട്ടുകാരനോടുള്ള സ്നേഹം അയാളുടെ ഭാര്യയെ സ്വന്തമാക്കി തിരിച്ചു കൊടുക്കുന്ന ആത്മാർത്ഥ സുഹൃത്ത്‌.

കണ്ണുനീർ തുള്ളികൾ വീണു കുഴഞ്ഞ ചപ്പാത്തിമാവിലേക്കു നോക്കിയപ്പോൾ, ഇന്നത്തെ വഴക്കിന് ചപ്പാത്തിക്ക് ഉപ്പ് കൂടിയല്ലോ എന്നൊരു കാരണം ഉണ്ടാക്കിയിട്ടതോർത്ത് അവൾക്ക് ചിരി വന്നു.. ചിരി പൊട്ടിച്ചിരിയാകുന്നതും പിന്നെയത് അലറിക്കരച്ചിലാകുന്നതും അറിയാതെ അവൾ മാവ് കുഴച്ചുകൊണ്ടേയിരുന്നു.അവസാനമില്ലാത്ത കണ്ണുനീർതുള്ളികൾ ചേർത്ത്.

രചന: സിന്ധു മനോജ്‌
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top