രചന: അനിത വിജയൻ
ഹോ.... എന്തൊരു മഴയാണ്...
മഴ തോരാനോളം കാത്തുനിൽക്കാൻ നേരമില്ല.
ഹോസ്പിറ്റലിലെ കാർപോർച്ച്ലേക്ക് ഓടിച്ചെന്നു...
അല്പം മഴനനഞ്ഞെങ്കിലും കുഴപ്പമില്ല.
എൻറെ മകൾ ആതിര, വീട്ടിൽ എന്നെയും കാത്ത് തനിച്ചിരിപ്പുണ്ടാവും.
ഹാൻഡ് ബാഗിൽ നിന്ന് കാറിൻറെ കീ എടുക്കാൻ നേരത്താണ് കാർപോർച്ചിനകത്ത് കയറിക്കൂടിയ ആരെയോ വാച്ച്മാൻ ശകാരിക്കുന്ന ശബ്ദം കേട്ടത്.
എന്താണെന്നറിയാൻ ഞാൻ അങ്ങോട്ടു ചെന്നു.
പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും അവളുടെ കൂടെ എട്ടു വയസ്സോളം പ്രായമുള്ള ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു.
ഇരുവരുടെയും ശരീരത്തിലും വസ്ത്രത്തിലും അഴുക്കുപുരണ്ടിട്ടുണ്ട്.
കാർപോർച്ചിന്റെ ഭിത്തിയുടെ മൂലയിൽ പേടിച്ചു വിരണ്ട് ഇരിക്കുകയായിരുന്നു ഇരുവരും.
തെരുവ് പിള്ളേരാണ് ഡോക്ടറെ, ശല്യങ്ങൾ പോകുന്നുമില്ല. അതും പറഞ്ഞ് വാച്ച്മാൻ കയ്യിലിരുന്ന വടി എടുത്ത് കുട്ടികളെ അടിക്കാൻ ഒരുങ്ങി.
വാച്ച്മാനെ തടഞ്ഞ് ഞാൻ കുട്ടികളുടെ അരികിലേക്ക് ചെന്നു.
പെൺകുട്ടിയുടെ കൈയിലും വസ്ത്രത്തിലും അല്പം രക്തംപുരണ്ടതായി ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്.
അവൾ പേടിച്ചു വിറക്കുന്നുണ്ടായിരുന്നു.
അവളെ തൊടാൻ ശ്രമിക്കവേ എൻറെ കൈ തട്ടിമാറ്റി പിറകിലെ ഭിത്തിയോട് കൂടുതൽ ചേർന്നിരുന്നു.
ഞാൻ അവളെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു. അവൾ ഇരുന്നിടത്തും രക്തം ഉണ്ടായിരുന്നു.
കാലുകൾക്കിടയിൽ മുറുകെ പിടിച്ച് അവൾ ദയനീയമായി കരയാൻ തുടങ്ങി..
കൂടെയുണ്ടായിരുന്ന കുട്ടി അവളെ മുറുകെ പിടിക്കുന്നുണ്ടായിരുന്നു.
"ച്ചെ..." ഒരു നിമിഷം എനിക്ക് എന്നോടും സമൂഹത്തോടും വെറുപ്പ് തോന്നി.
വാച്ച്മാനോട് അവിടെ നിന്നും മാറി നിൽക്കാൻ പറഞ്ഞു..
അവൾക്ക് ആർത്തവം ആണ്.
തെരുവിൽ ജനിച്ചതുകൊണ്ട് തന്നെ അത് പറഞ്ഞു കൊടുക്കാനും മനസ്സിലാക്കി കൊടുക്കാനും ആരുമുണ്ടായിരുന്നില്ല.
രക്തം വരുന്നത് കണ്ട് ഭയന്ന് അനുജനെയും കൂട്ടി ആശുപത്രി ആണെന്ന് കരുതി ഞാൻ വർക്ക് ചെയ്തിരുന്ന ചൈൽഡ് മെൻറൽ കെയറിൽ കയറിയതാണെന്ന് തോനുന്നു.
തെരുവ് കുട്ടികൾ ആയതുകൊണ്ടുതന്നെ ആശുപത്രി അധികൃതർ അകത്തു കയറ്റി കാണില്ല.
മഴ കാരണം ഇരുവരും കാർപോർച്ചിൽ കയറി.
ഞാനെൻറെ ഷാൾ അവളുടെ അരയിൽ കെട്ടി കൊടുത്ത് ഹോസ്പിറ്റലിന് പിറകിലെ പബ്ലിക് ടോയ്ലറ്റിൽ കൊണ്ടിരുത്തി.
എൻറെ സുഹൃത്തായ പീഡിയാട്രീഷൻ ഡോക്ടർ റംസീന വിളിച്ച് കാര്യം പറഞ്ഞു.
അല്പം കഴിഞ്ഞ് സാനിറ്ററി പാഡും കുട്ടിക്ക് പാകമാകുന്ന വസ്ത്രവും വാങ്ങി റംസീന അവിടെ എത്തി.
കുട്ടികളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇരുവരും അച്ഛൻറെ കൂടെ തെരുവിലായിരുന്നു താമസം എന്നറിഞ്ഞു.
ഇരുവരുടെയും അമ്മ ജീവിച്ചിരിപ്പില്ല. ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തിവരുകയായിരുന്നു അവർ.
അച്ഛൻ കുട്ടികളുടെ കാര്യത്തിൽ ഒട്ടും ശ്രദ്ധാലുവായിരുന്നില്ല.
ഇരുവർക്കും വിദ്യാഭ്യാസമോ അടിസ്ഥാനസൗകര്യങ്ങളൊന്നും നൽകിയിരുന്നില്ല.
കുട്ടികളുടെ പിതാവ് സ്ഥിരം മദ്യപാനിയും ആണ്.
പിന്നീട് ഇരുവരുടെയും പിതാവിൻറെ സമ്മതത്തോടെ കുട്ടികളെ സർക്കാറിൻറെ കീഴിലുള്ള ഒരു ഓർഫനേജിലേക്ക് മാറ്റി.
അന്ന് ഈ സംഭവങ്ങൾക്കിടയിൽ എൻറെ മകൾ കാത്തിരിക്കുന്ന കാര്യം സത്യത്തിൽ ഞാൻ മറന്നു പോയി.
മൊബൈൽ ഫോൺ സൈലൻറ് ആയതുകൊണ്ട് തന്നെ ആതിര പലതവണ ഫോണിൽ വിളിച്ചിരുന്നതൊന്നും ഞാൻ അറിഞ്ഞില്ല.
വീട്ടിൽ ചെന്നാൽ അവളുടെ കയ്യിൽ നിന്നും ഒരെണ്ണം കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
പക്ഷേ ഇത്തവണ തല്ലു മാത്രമല്ല വയറുനിറയെ ഉപദേശവും കിട്ടി.
അതിൽ ഒരു ഉപദേശം ചിരി അടക്കി പിടിച്ചാണ് കേട്ടത്.
നാട് നന്നാക്കി മതിയായില്ലെങ്കിൽ ഓട്ടോറിക്ഷ പിട്ച്ച് മൈക്കിൽ വിളംബരം ചെയ്യ്., നാട് മുഴുക്കെ നോട്ടീസും കൊടുക്ക്. ആർക്കെങ്കിലും എന്തെങ്കിലും സഹായം വേണോ? ആർക്കെങ്കിലും എന്തെങ്കിലും സഹായം വേണം? അമ്മയ്ക്ക് ആളെ കിട്ടാതിരിക്കില്ല.
അവൾക്ക് കേരളത്തിലേക്ക് വരുന്നത് വലിയ ഇഷ്ടമാണ്. എൻറെ അമ്മയെയും അച്ഛനെയും കാണാൻ മാസത്തിൽ ഒരുതവണയെങ്കിലും ഞാൻ കേരളത്തിൽ വരാറുണ്ട്.
കേരളത്തിൽ പോകാനുള്ളതുകൊണ്ട് നേരത്തെ വരാമെന്ന് ആതിരയോട് പറഞ്ഞിരുന്നു അതാണ് അവളെ ഇത്രയേറെ ചൊടിപ്പിച്ചത്.
മകളെയും കൂട്ടി യാത്ര പുറപ്പെട്ടു പളനിയിൽ നിന്നും പാലക്കാട് എത്തിയപ്പോഴേക്കും നേരം നന്നേ ഇരുട്ടിയിരുന്നു.
കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതുകൊണ്ട് തന്നെ റോഡുകൾ വിജനമായിരുന്നു.
ഭക്ഷണത്തിനും വെള്ളത്തിനുമായി അല്പം പ്രയാസപ്പെട്ടു.
പാലക്കാട് നിന്നും കോഴിക്കോട് വീട്ടിലെത്തിയപ്പോഴേക്കും പുലർച്ചെ മൂന്നു മണി ആയിരുന്നു.
അമ്മയും അച്ഛനും ഉറങ്ങാതെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.
അമ്മമ്മയേയും മുത്തശ്ശനെയും കിട്ടിയാൽ പിന്നെ ആതിരയ്ക്ക് എന്നെ വേണ്ട.
രണ്ടു പേരെയും കൂട്ടി അവൾ അകത്തേക്ക് ചെന്നു.
രാത്രി ഉറങ്ങാൻ കിടന്നപ്പോഴും ആ പന്ത്രണ്ടുകാരിയുടെ മുഖം ആണ് എൻറെ മനസ്സിൽ വന്നത്.
അവളെപ്പോലെ ആർത്തവ സമയത്ത് തൻറെ സ്വകാര്യത മറക്കാൻ പാടുപെടുന്ന എത്രയോ സഹോദരിമാർ തെരുവിൽ ജീവിക്കുന്നുണ്ടെന്ന ബോധ്യം എന്നെ വല്ലാതെ അലട്ടി.
എനിക്ക് 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ആർത്തവം ഉണ്ടായത്,
അതിനു മുൻപു തന്നെ ചേച്ചിമാരുടെ അനുഭവങ്ങളിൽ നിന്ന് ആർത്തവം എന്താണെന്നത് ഞാൻ മനസ്സിലാക്കിയിരുന്നു.
ആർത്തവ കാലഘട്ടത്തിൽ പല ചടങ്ങുകളിൽനിന്നും ദൈവങ്ങൾക്ക് മുന്നിലും ഞാൻ മാറ്റി നിർത്തപ്പെട്ടിരുന്നു.
ആർത്തവം എന്നത് ദൈവം സ്ത്രീകൾക്ക് നൽകിയ ശാപമാണെന്ന് പോലും പലരിൽ നിന്നും ഞാൻ കേട്ടു വളർന്നു.
പലവിധ അനുഭവങ്ങളിൽ നിന്ന് ആർത്തവ കാലഘട്ടം സ്ത്രീകളുടെ മോശം സമയം ആണെന്ന് പോലും ഞാൻ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു.
എൻറെ മകൾക്ക് ഇന്ന് 16 വയസ്സുണ്ട്.
അവളുടെ എത്രയോ ആർത്തവ ഘട്ടങ്ങൾ കടന്നു പോയിരിക്കുന്നു.
ഞാനൊരു സൈക്യാട്രിസ്റ്റ് ആയതുകൊണ്ട് തന്നെ ആ സമയത്ത് അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തെ കുറിച്ച് മറ്റാരെക്കാളും എനിക്ക് നന്നായി അറിയാം.
എല്ലാ ദിവസത്തെ പോലെ തന്നെയും ഒരു സാധാരണ ദിവസമായി ആർത്തവ കാലഘട്ടങ്ങളും അവളിൽ നിന്ന് കടന്നു പോകും. ആ സമയങ്ങളിൽ അകറ്റി നിർത്തപ്പെടാൻ കല്പിക്കുന്ന ഒന്നിക്കുറിച്ചും ഞാൻ അവളക്ക് പഠിപ്പിച്ച് കൊടുത്തിട്ടില്ല എന്നതാണ് സത്യം.
അങ്ങനെ അകറ്റി നിർത്താൽ കൽപ്പിക്കുന്നവയെ ജീവിതത്തിൽ നിന്നുതന്നെ അകറ്റിനിർത്താൻ ഞാൻ അവളെ പഠിപ്പിച്ചു.
ആർത്തവം എന്നത് ഒരു സ്ത്രീയുടെ പൂർണ്ണതയാണെന്നും വരുംതലമുറയെ വാർത്തെടുക്കാൻ പ്രകൃതി നൽകിയ വിലമതിക്കാനാവാത്ത കരുത്താണ് എന്നതും അവൾ വിശ്വസിക്കുന്നു.
സ്ത്രീയുടെ ആർത്തവം ആശുദ്ധിയായി തോന്നുന്നവർ അറിയുന്നുണ്ടോ.
അതേ ആർത്തവകാരിയുടെ വയട്ടിൽ ആർത്തവ രക്തത്തിന് പകരം ഒമ്പതു മാസക്കാലം കിടന്നുറങ്ങിയിട്ടുണ്ട് എന്ന്.
അതേ ആർത്തവ രക്തമാണ് തൻറെ ശരീരത്തിൽ ഓടുന്നത് എന്ന്.
രചന: Dr. അനിത വിജയൻ
..............................................................
ആർത്തവം ഉണ്ടാകുന്ന സമയത്ത് സ്ത്രീ അനുഭവിക്കുന്ന വേദനകളും മാനസിക പിരിമുറുക്കങ്ങളും മനസ്സിലാക്കി അവളുടെ കൂടെ കരുത്തായി നിൽക്കാനും അവളെ മനസ്സിലാക്കി പ്രവർത്തിക്കാനും കഴിയുന്നവരാണ് യഥാർത്ഥ മനുഷ്യൻ.
മലവും മൂത്രവും ശരീരത്തിൽ പേറി നടക്കുന്നവരാണ് നാം.
അതുകൊണ്ട് നമ്മൾ ആരും അശുദ്ധർ ആവുന്നില്ല. അതു വിസർജ്യം ആയി പുറത്തു വന്നാൽ കഴുകി വൃത്തിയാക്കുന്നു.
ആർത്തവവും അതുപോലെ എന്ന് കരുതിയാൽ മാത്രം മതി, വിസർജ്യം പോലെ കണ്ട്രോൾ ചെയ്തു നിർത്താൻ സാധിക്കാത്തതുകൊണ്ട് സാനിറ്ററി പാഡോ തുണിയോ ഉപയോഗിച്ച് പുറത്തുകാണിക്കാതെ തടഞ്ഞുനിർത്തുന്നു എന്നുമാത്രം.
ആർത്തവ കാലഘട്ടം സ്ത്രീയുടെ എന്നത്തെയും പോലെ സാധാരണ ഒരു ദിവസം മാത്രമാണെന്ന് അത് പുതുതലമുറയെ പറഞ്ഞു പഠിപ്പിക്കാത്തിടത്തോളം കാലം സ്ത്രീ പുരുഷ സമത്വം എന്നത് നമ്മളിൽ നിന്നും എന്നും അകലെയായിരിക്കും...
ഷെയർ ചെയ്യണേ...
രചന: അനിത വിജയൻ
