രുദ്രാക്ഷ, ഭാഗം: 2

Valappottukal Page


രചന: ദേവ സൂര്യ
തിരികെ ഫ്ലാറ്റിലേക്ക് വരുമ്പോൾ ഇരുവർക്കുമിടയിൽ മൗനം സ്ഥാനം പിടിച്ചിരുന്നു...കരഞ്ഞു വീർത്ത രുദ്രയുടെ കൺപോളകൾ പറയുന്നുണ്ടായിരുന്നു... 
ഭൂതകാലം അവനായി പറഞ്ഞു കൊടുത്തു എന്നത്.... 

അപ്പാർട്മെന്റിന് താഴെയുള്ള..പാർക്കിങ്ങിൽ എത്തിയപ്പോൾ...രുദ്ര പതിയെ അവനെയൊന്ന് നോക്കി...

""ദേ സാറിന്റെ കണ്ണിലും കരട് വീണോ??... ""

രുദ്ര ഉള്ളിലെ വേദന മറന്ന്...കരഞ്ഞു കലങ്ങിയ ദേവന്റെ കണ്ണുകൾ നോക്കി കുസൃതിയോടെ ചോദിച്ചു... 

അവൻ നിറഞ്ഞു തൂക്കിയ കണ്ണുകളാൽ അവളെയൊന്നു നോക്കി...പിന്നീട് പതർച്ചയോടെ നോട്ടം പുറത്തേക്ക്  മാറ്റി...

""എന്റെ കഥ കേട്ടിട്ട് ഇത്രയും സങ്കടം വന്നോ സർ...എല്ലാം വിധിയാണ് സർ... ആഗ്രഹിച്ചത് അർഹിക്കാത്തവളാണ് ഞാൻ.... ദൈവത്തിന് പോലും വേണ്ടാത്തവൾ... ""

അവളൊന്നു വിതുമ്പി...അവൻ ഒന്നും മിണ്ടിയില്ല...പതിയെ വേദന നിറഞ്ഞൊരു പുഞ്ചിരി മാത്രം സമ്മാനിച്ചു...

തിരികെ റൂമിൽ എത്തിയതും അവൾ പതർച്ചയോടെ സോഫയിലേക്ക് വീണു...പോയകാലങ്ങൾ മനസ്സിലേക്ക് ഓടിയെത്തി...

""ഏയ്യ്...ശരണ്യ എന്ത് രസം ആയിരുന്നു ല്ലേ...
മ്യൂസിയം കാണാൻ....അവിടെന്ന് പോരാനെ തോന്നുന്നില്ലായിരുന്നു...""

ടൂർ പോയ ഇടത്ത്.. രാത്രി ഫുഡ്‌ കഴിച്ചു...കൈ കഴുകാനായി പോകുമ്പോൾ ശരണ്യയോട് സംസാരിച്ചു വരുമ്പോൾ ആയിരുന്നു..രണ്ടു ആളുകൾ അവർക്ക് കുറുകെ നിൽക്കുന്നത് ശ്രദ്ധിച്ചത്...മറ്റുള്ള കുട്ടികൾ കഴിച്ചു എഴുന്നേറ്റിട്ടില്ലാത്തത് കാരണം...ആരും അത് കണ്ടിരുന്നില്ല...ഒഴിഞ്ഞു മാറി നടന്നപ്പോൾ...ശരണ്യയോട് അനാവശ്യം പറയുന്നത് കേട്ടു....ദേഷ്യം ഇരിച്ചു  കയറി...അവരുടെ കൂട്ടത്തിൽ ഒരുത്തന്റെ കരണം നോക്കി ഒരെണ്ണം കൊടുത്തു...

""നിനക്കുള്ളത് തരും ഞാൻ....നോക്കിയിരുന്നോ...""

എന്നയാൾ കൈ മുഖത്തോട് ചേർത്ത് പറയുമ്പോൾ ഒരിക്കലും വിചാരിച്ചില്ല...തന്റെ സ്വപ്നങ്ങളെ അയാൾ നിമിഷനേരം കൊണ്ട് തല്ലി തകർക്കുമെന്ന്...

""ഏയ്യ്...ശരണ്യ...ഞാൻ എന്റെ ഹാൻഡ് ബാഗ്...കഴിച്ച ഹോട്ടലിൽ വച്ച് മറന്നു...നീ റൂമിലോട്ട് പൊക്കോ...ഞാൻ എടുത്തിട്ട് ഇപ്പൊ വരാം...""

""ടാ ഒറ്റക്ക് പോവണ്ട...ഞാനും വരാം...""

""ഏയ്യ്...വേണ്ട ടാ...അല്ലേലെ ലേറ്റ് ആയി...നീ എനിക്ക് വേണ്ടി അറ്റെൻഡന്റ്സ് ഒപ്പിട്ടാൽ മതി...അപ്പോഴേക്കും എടുത്ത് ഞാൻ എത്തിക്കോളാം...""

ശരണ്യയോട് പറഞ്ഞു...ബാഗ് എടുക്കാനായി തിരികെ ഹോട്ടലിലേക്ക് പോകുമ്പോൾ വഴികൾ വിജനമായിരുന്നു....ബാഗും എടുത്ത് തിരിഞ്ഞതെ ഓർമയുള്ളു...എന്തോ മുഖത്തിന്‌ കുറുകെ വീഴുന്നതും താൻ ബോധം മറയുന്നതും അറിഞ്ഞു....

പിന്നീട് ബോധം വീഴുമ്പോൾ...വായമൂടി കെട്ടി
ഒരു ഇരുൾ വീണ മുറിയിൽ...ഒന്നങ്ങാൻ പോലുമാവാതെ...ഏറെ നേരത്തിന് ശേഷം വന്ന ഒരുവൻ....ആ മദ്യത്തിന്റെ ഗന്ധം....ആ വിയർപ്പ് തുള്ളികൾ...വായിൽ തിരുകിയ തുണിക്കിടയിലൂടെ അലറി വിളിച്ചു കരഞ്ഞു..

കല്യാണം കഴിഞ്ഞു ആദ്യരാത്രി....വിച്ചേട്ടൻ മാത്രം കാണണം എന്നാഗ്രഹിച്ച തന്റെ ശരീരം..നാണത്തോടെ വിച്ചേട്ടനായി മാത്രം നൽകേണ്ട തന്റെ ശരീരം... ആരോടോ ഉള്ള വാശി പോലെ കടിച്ചു കീറുന്നത് ഒന്നങ്ങാൻ പോലുമാവാതെ ഒഴുകുന്ന കണ്ണുനീരോടെ നോക്കി കിടന്നു....ആ മുഖം പോലും ഇരുട്ടിൽ ഒന്ന് കാണാതെ...ആ ഗന്ധം മാത്രം അറിഞ്ഞു...ആ ബലിഷ്ഠമായ കൈകൾ തന്നെ വല്ലാതെ തളർത്തിയിരുന്നു....ഒടുവിൽ കിതപ്പോടെ തന്നിലേക്ക് വീഴുന്നതിനോടൊപ്പം...അയാൾ തനിക്കായി നീട്ടിയ നോട്ട്കെട്ടുകൾ കാൺകെ...ചെറുതേങ്ങലുകൾ പുറത്തേക്ക് ഉതിർന്നു വന്നു....

അല്പനേരത്തിന് ശേഷം...അയാൾ മുറിവിട്ട് പോയപ്പോൾ...എങ്ങനെയെങ്കിലും ആ മുറിയിൽ നിന്ന് പുറത്ത് കടക്കണം എന്നെ മനസ്സിൽ ഉണ്ടായിരുന്നുള്ളു...ഒരുപക്ഷെ അയാളെ പോലെ ഇനിയും പലരും വരുന്നതിന് മുൻപ്...എങ്ങോട്ടെങ്കിലും പോകണം....

അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങൾ വാരിചുറ്റി...വേച് വേച്...അവിടെന്ന് പോകുമ്പോൾ...മനസ്സ് ആർത്തു വിളിക്കുകയായിരുന്നു...
വിച്ചേട്ടന്റെ ചിരിച്ച മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നു....

""ഏയ്യ്...രുദ്രേ....നീയിത് എവിടെ ആയിരുന്നു??... ""

തന്നെ കണ്ടപാടെ ശരണ്യയുടെ ചോദ്യത്തിന് പൊട്ടിക്കരച്ചിലോടെ ആ മാറിലേക്ക് വീണു...
ഇനിയെന്ത് എന്ന ചോദ്യം മാത്രം ബാക്കിയാക്കി....

""എന്താ അമ്മേടെ കുട്ടിക്ക്...ടൂർ പോയി വന്നപ്പോൾ മുതൽ അമ്മ ശ്രദ്ധിക്കാണതാ...""

അടച്ചിട്ട മുറിക്കുള്ളിൽ ഇരിക്കുമ്പോൾ വാത്സല്യത്തോടെ വന്നു ചോദിച്ചപ്പോൾ...പറയാതിരിക്കാൻ ആയില്ല....എല്ലാം കെട്ട് കഴിഞ്ഞതും...പൊട്ടിക്കരഞ്ഞു ചേർത്ത് പിടിക്കാനേ ആ പാവം സ്ത്രീക്ക് കഴിഞ്ഞുള്ളു...

""നീയെന്താ വീട്ടിലേക്ക് വരാത്തത് രുദ്രേ...എത്ര ദിവസായി ഞാൻ കാത്ത് ഇരിക്കുന്നു ന്ന് അറിയുമോ.... ""

ഒഴിഞ്ഞു മാറി നടന്നതിനവസാനം...കോളജിലേക്ക് തിരഞ്ഞു വന്ന വിച്ചേട്ടൻ...കുട്ടികൾക്കിടയിൽ നിന്നും കയ്യിൽ കയറി പിടിച്ചു കൊണ്ട് ചോദിച്ചു...

""കാത്തിരിക്കാൻ മാത്രം നിങ്ങൾ എന്റെ ആരാ...പറയ്....ആരാന്ന്...""

കൈ തട്ടിയെറിഞ്ഞു...വിച്ചേട്ടന് നേരെ കയർക്കുമ്പോൾ....മനസ്സിൽ താൻ ആയിരം തവണ മരിച്ചു കഴിഞ്ഞിരുന്നു....

പിന്നീട് പലതവണകളിലായി തന്നോടായി സംസാരിക്കാൻ വരുന്ന വിച്ചേട്ടനെ ഒരോ  വാക്കുകൾ കൊണ്ടും വേദനിപ്പിച്ചു....ഒടുവിൽ..ഒരുവനെ വിച്ചേട്ടന് മുൻപിൽ കാണിച്ചു കൊടുത്തു വീറോടെ പറഞ്ഞു....

""എന്റെ പ്രണയം ഇവനാണ്...പേര് 
വൈശാഖ്...എന്ന്....""

മുഖത്ത് കിട്ടിയ പ്രഹരത്തെക്കാൾ...തന്നെ വേദനിപ്പിച്ചത്...ആ നിറഞ്ഞ കണ്ണുകൾ ആയിരുന്നു...വിശ്വസിപ്പിക്കാനായി പലതും ചെയ്തു...ഉറ്റ സൗഹൃദമായ വൈശാഖുമായി.താൻ പ്രണയത്തിൽ ആണെന്ന് വരുത്തി തീർത്തു...ഒടുവിൽ അമ്മായിക്കും അമ്മാവനും താൻ ഒരു ശത്രുവിനെ പോലെയായി...മനസ്സാകെ മരവിച്ചിരിക്കുമ്പോൾ ആയിരുന്നു...ഇവിടെ പഠിപ്പിക്കാൻ ഒരാളെ വേണമെന്ന് അറിഞ്ഞത്...ഒരു വാക്കൻസി ഉണ്ട് എന്നറിഞ്ഞത്...അവിടെ നിന്ന് എങ്ങെനെയെങ്കിലും മാറി നിൽക്കണം എന്നെ അന്ന് മനസ്സിൽ ഉണ്ടായിരുന്നുള്ളു...പിന്നീട് ആരുടേയും സമ്മതത്തിനായി കാത്തിരുന്നില്ല...
ഇവിടേക്ക് വന്നിട്ടും...വിച്ചേട്ടന്റെ ഓർമകളും...
ആ ബലിഷ്ഠമായ കൈകളും...ആ ഗന്ധവും തളർത്തിയ...രണ്ട് വർഷങ്ങൾ.....

പിന്നീട്...ദേവൻ സാർ വന്നതിന് ശേഷമാണ്...ആ സൗഹൃദം തനിക്കായി കിട്ടിയതിൽ ശേഷമാണ്...പലതും താൻ മറക്കാൻ പഠിച്ചത്....കഴിഞ്ഞ ദിവസം അമ്മ വിളിച്ചപ്പോൾ ആണ് അറിയുന്നത്...വിച്ചേട്ടന്റെ കല്യാണം ആണ് എന്ന്...മനപ്പൂർവം തന്നോട് പറയാൻ വൈകിപ്പിച്ചതാണ് പാവം...ഇനിയും വേദന നൽകേണ്ട എന്നോർത്ത്...

മൂന്ന് വർഷം വേണ്ടി വന്നു...ആ മനസ്സിൽ നിന്ന് തന്നെ വേരോടെ പിഴുത് എറിയാൻ എന്ന് തോന്നുന്നു...അറിയാതെ ചുണ്ടിൽ ചെറുചിരി വിരിഞ്ഞു...വേദന നിറഞ്ഞ ചെറുപുഞ്ചിരി....

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണരുന്നത്...ഇന്നലെ ഓർമകളുടെ തടവറയിൽ നിന്നെപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണതായിരുന്നു...

""കുഞ്ഞാ അച്ഛൻ...നീ വേഗം ഒന്ന് വായോ..""

കണ്ണീരോടെയുള്ള അമ്മയുടെ സ്വരം കേൾക്കെ കൈകൾ വിറച്ചു...കണ്ണുകൾ നിറഞ്ഞു...സൈലന്റ് അറ്റാക്ക് ആണെത്രേ..
തന്നെ കാണണം എന്ന് വാശി പിടിക്കുന്നു...

മിഴിനീരോടെ എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നപ്പോൾ....ഓർമവന്ന മുഖം ദേവൻ സാറിന്റെ ആണ്....

""എന്താ ടീച്ചറെ...എന്തിനാ കരയുന്നെ??""....

ഉറക്കച്ചടവോടെ ഡോർ തുറന്ന് ചോദിക്കുന്നത് കേട്ടപ്പോൾ...അടക്കി നിർത്തിയ കരച്ചിൽ വിതുമ്പലായി പുറത്തേക്ക് വന്നിരുന്നു...

""ടീച്ചർ വിഷമിക്കാതെ....നമുക്ക് പോയി കാണാം...""

തലയിൽ തലോടി പറയുന്നത് കേട്ടപ്പോൾ...
ചുണ്ടുകൾ വീണ്ടും വിതുമ്പി പോയി....ആ നെഞ്ചിൽ അറിയാതെ ചാഞ്ഞു പോയി....

യാത്രയിൽ മുഴുവൻ....ആ ചുളിവ് വീണ മുഖം കാണാനുള്ള ആകാംഷ മാത്രമായിരുന്നു...ഒളിച്ചോട്ടത്തിനിടയിൽ...
മനപ്പൂർവം കണ്ടില്ല എന്ന് നടിച്ച രണ്ട് മുഖങ്ങൾ...വീണ്ടും ചുണ്ടുകൾ വിതുമ്പി പോയി...ആ കയ്യിൽ തൂങ്ങി അമ്പലപ്പറമ്പിലൂടെ നടന്നതും...വൈകിട്ട് മുറ്റത്ത് വരുന്ന ആ എം.80 യുടെ ശബ്‌ദത്തിനായുള്ള കാത്തിരിപ്പും ഓർമയിൽ വന്നതും....കണ്ണുകൾ വീണ്ടും പേമാരി പോലെ പെയ്തിറങ്ങി...

""ഒന്നുമില്ല ടീച്ചറെ...അച്ഛൻ സുഖമായി ഇരിക്കുന്നുണ്ടാവും...""

കയ്യിൽ പിടിച്ചു ആശ്വസിപ്പിക്കുന്ന സാറിനെ കണ്ടതും....ഒരിറ്റ് ആശ്വാസം തന്നിൽ മൂടുന്നതറിഞ്ഞു....

""അമ്മേ....""

വിതുമ്പലോടെ അമ്മയുടെ മാറിലേക്ക് ചായുമ്പോൾ...ആ ചുളിവ് വീണ കൈകളും വിതുമ്പലോടെ ഐ.സി.യു വിലേക്ക് വിരൽ ചൂണ്ടിയിരുന്നു....

ചുറ്റും കൂടി നിന്നവർക്കിടയിൽ ഒരു നോക്ക് കണ്ടു...വിച്ചേട്ടനെയും...വിച്ചേട്ടന്റെ പെണ്ണിനേയും...ആ കണ്ണുകളിൽ തന്നോട് ദേഷ്യം ഇല്ലാത്ത പോലെ..എന്തോ സഹതാപമാണോ....അതോ തന്റെ തോന്നൽ മാത്രമാണോ...ആവോ അറിയില്ല....

ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടു...കിടക്കയിൽ അവശനായി കിടക്കുന്ന അച്ഛനെ...ആ കൈകളിൽ പിടിച്ചപ്പോൾ..
ആ കണ്ണുകളും നിറയുന്നതറിഞ്ഞു...

""അച്ഛേടെ കുട്ടിക്കും വേണ്ടേ ഒരു ജീവിതം...""

അവശതയോടെ പറയുന്ന സ്വരത്തോട്...വിതുമ്പലോടെ വേണ്ട എന്ന് തലയാട്ടി...

""അച്ഛ ഇന്ന് വേദനക്കുന്നത് ന്റെ കുട്ടിയെ കുറിച്ചാലോചിച്ചാണ്....അച്ഛേടെ ആഗ്രഹം സാധിച്ചു തരുവോ...അല്ലേൽ ഒരുപക്ഷെ അച്ഛക്ക്...അത് ഒരിക്കലും കാണാൻ പറ്റിയില്ലെങ്കി...""

പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ...ആ ചുണ്ടുകൾ കൈകളാൽ മൂടി...

""നിക്ക് സമ്മതം ആണച്ഛ....""

എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല...അപ്പോൾ അച്ഛന്റെ മുഖം മാത്രമാണ് മനസ്സിൽ തെളിഞ്ഞത്....

""കൂടെ വന്ന പയ്യൻ...നല്ലവനാണ്...ദേവൻ എന്നോ മറ്റോ ആണ് പേര്...ആൾടെ വീട്ടിൽ ഒന്ന് പോയി സംസാരിക്കട്ടെ...""

അച്ഛയുടെ അസുഖം ഒന്ന് ബേധമായപ്പോൾ..തന്റെ കല്യാണം ആയി വീട്ടിലെ പ്രധാന ചർച്ച...ദേവൻ സാറിന്റെ പേര് അമ്മയുടെ വായിൽ നിന്ന് വീണപ്പോൾ ഞെട്ടലോടെ ആണ് കേട്ടത്....ഇതറിയുമ്പോൾ സാറിന്റെ പ്രതികരണം ആയിരുന്നു പേടി....

""എനിക്ക് സമ്മതം ആണ് രുദ്ര ടീച്ചറെ....""

തനിച്ച് കിട്ടിയപ്പോൾ...വിതുമ്പലോടെ തന്റെ അവസ്ഥ പറഞ്ഞപ്പോൾ...ലഭിച്ച മറുപടി തന്നെ ഒരുപാട് തളർത്തുന്ന പോലെ....

""സാറേ...അപ്പോ ആ പെൺകുട്ടി??...""

""ടീച്ചറുടെ വിച്ചേട്ടന് ഞാൻ കൊടുത്ത വാക്കാണ്....വിഷ്ണുവിന്റെ രുദ്രാക്ഷയെ 
വഴിയിൽ കളയില്ല ഈ ദേവൻ എന്ന്...""

പറഞ്ഞ വാക്കുകൾ കേട്ടതും...ഒന്നും മനസ്സിലായില്ലെങ്കിലും...മനസ്സാകെ തളരുന്ന പോലെ....ഒരു പ്രതിമ പോലെ മണ്ഡപത്തിൽ ഇരിക്കുമ്പോളും...ആ താലി കഴുത്തിൽ വീഴുമ്പോളും....തന്നോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ഉള്ള പോലെ....

""ടീച്ചർക്ക് ഞാൻ എന്നും നല്ല സുഹൃത്ത് ആയിരിക്കും...""

സീമന്തരേഖയിൽ കുംകുമം അണിയിക്കുമ്പോൾ ചെവിയോരം പറഞ്ഞ വാക്കുകൾ കേൾക്കെ...ചുണ്ടിൽ തന്നോട് തന്നെ തോന്നുന്ന പുച്ഛം നിറഞ്ഞ ചെറുപുഞ്ചിരി വിരിഞ്ഞു....

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top