രചന: Jisha Raheesh (Sooryakanthi)
ബസ്സിറങ്ങി ജംഗ്ഷനിൽ നിന്ന് ഓട്ടോ പിടിക്കാൻ വേണ്ടി നടക്കുമ്പോഴാണ് പപ്പ വിളിച്ചത്.
"മോളൂ എവിടെത്തി..? "
"പപ്പാ, ഞാൻ ബസിറങ്ങി, ഒരു പത്തു മിനിറ്റിനുള്ളിൽ അവിടെയെത്തും. അമ്മയോട് ഫുഡ് എടുത്തു വെക്കാൻ പറ, ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട് "
"അത് പിന്നെ അങ്ങനെയാണല്ലോ, എന്റെ മോൾക്ക് ആനയെ തിന്നാനുള്ള പൂതി പണ്ടേയുണ്ടല്ലോ.. "
"എന്റെ പപ്പാ.. നമിച്ചു.. ഒന്ന് വെച്ചേ.. "
സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ലൈനിൽ ഇട്ടിരിക്കുന്ന ഓട്ടോയുടെ അടുത്ത് ചെന്നത്. ആ ഓട്ടോ ചേട്ടൻ മുൻപിലെ ഓട്ടോ ചൂണ്ടി കാണിച്ചപ്പോൾ സംസാരിച്ചു കൊണ്ടു തന്നെ ലയ അതിലേക്ക് കയറി.
"ന്നാ ശരി പപ്പാ, ദാ ഓട്ടോയിൽ കയറി "
ഫോൺ കട്ട് ചെയ്ത് കൈയിലെ ബാഗ് സീറ്റിൽ വെച്ചതും ഓട്ടോക്കാരൻ തല ചരിച്ചു കൊണ്ട് ചോദിച്ചു.
"എങ്ങോട്ടാ..? "
അപ്പോഴാണ് ലയ ആളുടെ മുഖം കണ്ടത്, അവളുടെ ഭാവം മാറി.
"ചിറയുടെ അപ്പുറത്തെ വളവിൽ… "
ശേ.. ഇയാളായിരുന്നോ.. ശ്രെദ്ധിച്ചില്ല…
പിറുപിറുത്തു കൊണ്ട് ലയ പുറത്തേക്ക് നോക്കിയിരുന്നു.
ശരത് ഇടയ്ക്കെപ്പോഴോ മിററിൽ കൂടെ ലയയുടെ വീർത്ത മുഖം കണ്ടിരുന്നു.. അവന് ചിരിയാണ് വന്നത്.
വീടിന്റെ ഗേറ്റിന് മുൻപിൽ ഓട്ടോ നിർത്തി ഇറങ്ങി, പഴ്സ് കൈയിൽ എടുത്തു കൊണ്ട് ലയ ഗൗരവം വിടാതെ ചോദിച്ചു.
"എത്രയായി..? "
"മുപ്പത് രൂപ.. "
ശരത്തിനു പൈസ കൊടുത്തു ബാഗുമായി ഗേറ്റിനു ഉള്ളിലേക്ക് നടക്കുമ്പോഴും ലയയുടെ മുഖം കനത്തു തന്നെയിരുന്നു.
ഓട്ടോ തിരിക്കുമ്പോൾ ശരത് മനസ്സിലോർത്തു.
കെട്ടിക്കാൻ പ്രായമായി, എന്നിട്ടും ഈ കൊച്ചിന് ഒരു മാറ്റോമില്ല…
തലയൊന്ന് ആട്ടിക്കൊണ്ട്, തൊട്ടടുത്തുള്ള കുഞ്ഞു വീടിന്റെ മുറ്റത്തേക്ക് ശരത് ഓട്ടോ കയറ്റിയിട്ടു.
"ശാരദാമ്മേ.. "
ഒറ്റ വിളിക്കു തന്നെ അമ്മ കോലായിൽ എത്തി.
"ഇന്നെന്താ നേരത്തെ ആണല്ലോടാ? "
"അത് ഇവിടം വരെ ഒരു ഓട്ടം ഉണ്ടായിരുന്നു എന്നാപ്പിന്നെ കഴിച്ചേച്ചും പോവാന്ന് വെച്ചു "
"നീ ചുമ്മാ നമ്പറിടണ്ടാ ചെറുക്കാ, രാവിലെ ആ ഉപ്പുമാവ് കഴിച്ചേച്ചും പോയപ്പോഴേ ഞാൻ കരുതിതാ ഇന്ന് നേരത്തെ വരൂന്ന് "
"ഈ അമ്മേടെ ഒരു കാര്യം. ദേ അപ്പുറത്തെ ആ പരിഷ്കാരി കൊച്ചില്ലേ അത് ആയിരുന്നു ഓട്ടം വിളിച്ചത് "
"ആര് ലയ മോളോ..? "
"ആ അതന്നെ.. അമ്മ ചോറെടുത്ത് വെക്കണുണ്ടോ, വെശന്നിട്ട് കൊടല് കരിയണൂ "
"നീ കൈ കഴുകിയെച്ചും വാ, ഞാൻ ചോറ് വിളമ്പാം "
ശരത് കൈ കഴുകാനായി തുടങ്ങുമ്പോഴാണ് അപ്പുറത്തെ മതിൽക്കെട്ടിനുള്ളിൽ നിന്ന് സ്റ്റീരിയോയിൽ കാതടപ്പിക്കുന്ന ഡപ്പാംകൂത്ത് തുടങ്ങിയത്.
ഓ ഇനി ചെവിതല കേൾപ്പിക്കത്തില്ല..
കൈയ്യിൽ വെള്ളമെടുത്തു മുഖം കഴുകുന്നതിനിടെ ശരത് പിറുപിറുത്തു.
"എന്റെ കുഞ്ചൂ, നീ വന്നു കയറിയപ്പോഴേക്കും തൊടങ്ങിയോ, ആ ശബ്ദം ഒന്ന് കുറച്ചു വെക്ക് പെണ്ണേ, മനുഷ്യന് തല വേദനിക്കണൂ "
"ഇങ്ങിനെയൊരു അമ്മ, ഇത്രേം കൊല്ലം ഡെൽഹീൽ താമസിച്ചിട്ടും ഒരു മാറ്റോമില്ല "
"എന്താ ഇവിടൊരു കലാപം..? "
"ഇതു കണ്ടോ സുരേട്ടാ വന്നു കയറീട്ട് വേഷം പോലും മാറ്റിട്ടില്ലാ, ആ പാട്ടും വെച്ചിരിക്കയാണ് "
ലയ അച്ഛനെ നോക്കി കണ്ണിറുക്കി കാണിച്ചു. അയാൾ ചിരിച്ചു.
മേലേടത്തെ പാർവതിയമ്മയുടെ ഒരേയൊരു ആൺതരിയായിരുന്നു സുരേന്ദ്രൻ. കോളേജിൽ ഒപ്പം പഠിച്ച അനാഥയായ രമയെ അയാൾ വിവാഹം കഴിച്ചതോടെ ഉള്ള ബന്ധങ്ങളൊക്കെ അകന്നു പോയി.
ഡൽഹിയിൽ ആയിരുന്നു സുരേന്ദ്രന് ജോലി. അയാൾ എത്ര നിർബന്ധിച്ചിട്ടും കേൾക്കാതെ പാർവ്വതിയമ്മ അവർക്കൊപ്പം പോവാതെ തറവാട്ടിൽ തന്നെ നിന്നു. സമയം കിട്ടുമ്പോഴൊക്കെ സുരേന്ദ്രനും കുടുംബവും തറവാട്ടിൽ വന്നു നിന്നു. തൊട്ടടുത്ത വീട്ടിൽ ശാരദാമ്മയും മകനും അമ്മയ്ക്ക് എന്ത് സഹായത്തിനും കൂടെയുണ്ടെന്നതായിരുന്നു സുരേന്ദ്രന്റെ ധൈര്യം.
ശരത് ജനിച്ചു രണ്ടു വയസ്സാവുന്നതിന് മുൻപേ മരിച്ചതാണ് അവന്റെ അച്ഛൻ..
ലയ കൗമാരത്തിലേക്ക് കടന്നപ്പോഴാണ് പാർവ്വതിയമ്മ മരിച്ചത്. കാത്തിരിക്കാൻ ആരും ഇല്ലാതായതും ബിസിനസ്സിന്റെ തിരക്കുകൾ കൂടി വന്നതും കാരണം സുരേന്ദ്രനും കുടുംബവും നാട്ടിലേക്ക് പോവാതായി.
ലയ ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുമ്പോഴാണ് സുരേന്ദ്രൻ ഡൽഹിയിലെ ബിസിനസ് ഒക്കെ വിട്ടു തറവാട്ടിൽ താമസമാക്കാൻ തീരുമാനിച്ചത്. നാട്ടിൻപുറത്തെ ജീവിതം ഒട്ടും ഇഷ്ടപ്പെടാത്ത ലയ കുറേ വാശി പിടിച്ചു നോക്കിയെങ്കിലും എപ്പോഴും മകളുടെ ശാഠ്യത്തിനു മുമ്പിൽ മുട്ടുമടക്കിയിരുന്ന സുരേന്ദ്രന്റെ ഇത്തവണത്തെ തീരുമാനം ഉറച്ചതായിരുന്നു.
ഡിഗ്രി ഫൈനൽ ഇയർ എക്സാം ആയിരുന്നു അതുകൊണ്ട് സുരേന്ദ്രനും ഭാനുവും നാട്ടിലേക്ക് മടങ്ങി പിന്നെയും രണ്ടു മാസം കഴിഞ്ഞാണ് ലയ നാട്ടിലെത്തിയത്.
വന്നിട്ട് രണ്ടു ദിവസമായെങ്കിലും ശാരദാമ്മയെ മാത്രമേ ലയ കണ്ടുള്ളൂ. സഖാവും നാട്ടിലെ പൊതുപ്രവർത്തകനുമായ ശരത്തിനെ പറ്റി പറയുമ്പോൾ നൂറു നാവാണ് സുരേന്ദ്രന്. ശാരദാമ്മയുടെ വീട്ടിൽ ഇടയ്ക്കിടെ ഓട്ടോ വന്നു പോവുന്നത് കണ്ടിട്ടുണ്ടെങ്കിലും ആളെ കണ്ടിട്ടില്ല ലയ.
എത്രയായാലും ഓട്ടോക്കാരനല്ലേ എന്ന പുച്ഛവും ലയയുടെ മനസ്സിലെവിടെയോ ഉണ്ടായിരുന്നു.
ഡൽഹിയിൽ നിന്ന് വന്നു മൂന്നാമത്തെ ദിവസം സുരേന്ദ്രൻ പുറത്തു പോയ തക്കം നോക്കി അമ്മ പറഞ്ഞിട്ട് കേൾക്കാതെ സ്കൂട്ടിയുമെടുത്തു പുറത്തേക്കിറങ്ങിയതായിരുന്നു ലയ.
ടൗണിൽ പോയി ചെറിയൊരു ഷോപ്പിംഗ് കഴിഞ്ഞു മെയിൻ റോഡിൽ നിന്ന് തിരിഞ്ഞു അടുത്ത വളവിലേക്കെത്തിയതും ഒരു ഓട്ടോ കയറി വന്നു. നേരേ അതിനു പോയി ചാർത്തി കൊടുത്തു. ചെവിയിൽ തിരുകിയ ഇയർ ഫോൺ തെറിച്ചു വീണു.
ഓട്ടോ ഡ്രൈവറെ കണ്ടപ്പോൾ അവളുടെ മുഖമൊന്നു വിടർന്നു. ഇരുനിറമെങ്കിലും നിറയെ പീലികളുള്ള ചെമ്പൻ കണ്ണുകളും കട്ടത്താടിയുമൊക്കെയായി ഒരു ചുള്ളൻ...പക്ഷേ പുള്ളിക്കാരന്റെ മുഖത്തെ ഗൗരവഭാവത്തിന് ഒരു കുറവുമില്ല. തെറിച്ചു വീണ ലയയുടെ ഇയർ ഫോൺ കൈയിലെടുത്താണ് അയാൾ പറഞ്ഞത്.
"എന്റെ കൊച്ചേ ഇങ്ങനെ പോയാൽ നേരേ മോളിലോട്ടങ്ങു പോവാം, ഇതുമ്മേൽ പോവുമ്പോഴെങ്കിലും ഈ കുന്ത്രാണ്ടമൊക്കെ ഒന്ന് ഊരി വെച്ചൂടെ "
അയാളുടെ സംസാരം ലയയ്ക്ക് അങ്ങ് പിടിച്ചില്ല.
"താൻ വലിയ വർത്തമാനമൊന്നും പറയണ്ട, വണ്ടിയ്ക്ക് വല്ലോം പറ്റിയിട്ടുണ്ടെങ്കിൽ എത്രയാണെന്ന് പറഞ്ഞാൽ ആ കാശങ്ങു തന്നേക്കാം "
"പൈസ കൊറേയുണ്ടെങ്കിൽ കൊച്ചതെടുത്ത് ദേ ആ ചിറയിൽ കൊണ്ടു പോയി കളിവള്ളം ഉണ്ടാക്കി കളിയ്ക്ക്.. "
അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് അയാൾ പറഞ്ഞു.
"കുറേ പഠിച്ചത് കൊണ്ടോ, മോഡേൺ വസ്ത്രങ്ങൾ ധരിച്ചത് കൊണ്ടോ കാര്യമൊന്നുമില്ല.. സംസ്‍കാരം എന്നൊന്നുണ്ട്.. അത് മനസ്സിലാക്കി തന്നെ വളരണം.. "
പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ടാണ് അയാൾ ഓട്ടോയിലേക്ക് കയറിയത്. ദേഷ്യത്തോടെ ലയ വിളിച്ചു പറഞ്ഞു.
"ഡോ… എന്റെ ഇയർ ഫോൺ തന്നിട്ട് പോടോ"
അയാൾ ഓട്ടോ സ്റ്റാർട്ട് ആക്കി പോയതും വായിൽ വന്ന അസഭ്യമൊക്കെ വിളിച്ചു പറഞ്ഞു ലയ നിലത്താഞ്ഞു ചവിട്ടി.
ശരത്തിനെ പറ്റിയുള്ള അച്ഛന്റെ തള്ള് കേൾക്കുമ്പോൾ അയാളോട് അച്ഛനും കുറച്ചു ആരാധനയുണ്ടോയെന്ന് തോന്നി പോവാറുണ്ട്.
ഒരു ദിവസം ശരത് വന്നിട്ടുണ്ടെന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടാണ് ആളെ ഒന്നു കാണാലോന്ന് വെച്ച് ഓടി ചെന്നത്.
അന്നത്തെ ആ ഓട്ടോക്കാരൻ….ലയയുടെ മുഖം ഇരുണ്ടു...ഇതായിരുന്നോ അച്ഛന്റെ മാനസപുത്രൻ..
പുച്ഛത്തോടെ ചുണ്ട് കോട്ടിക്കൊണ്ട് ലയ അകത്തേക്ക് നടന്നു.
അന്ന് തൊട്ട് ഇന്നുവരെ അയാളോട് ശത്രുതാമനോഭാവം മാത്രമേ കാട്ടിയിട്ടുള്ളൂ. എപ്പോഴെങ്കിലും മുഖാമുഖം വന്നാൽ ലയ പുച്ഛത്തോടെ മുഖം തിരിച്ചു.
"ദേ അമ്മാ, ഞാൻ വന്നിട്ട് മൂന്നു ദിവസമായി പപ്പായ്ക്കു എന്താ പറ്റിയെ, ഏത് സമയവും ഒരാലോചന..? "
"അത്.. അത് കുഞ്ചൂ, അച്ഛന് ചെറിയൊരു തലവേദന.ഞങ്ങൾ ഉച്ചയ്ക്ക് ഒന്ന് ഡോക്ടറെ കാണിക്കാൻ പോവാണ്.. "
ലയയ്ക്ക് മുഖം കൊടുക്കാതെയാണ് രമ അത് പറഞ്ഞത്.അതുകൊണ്ട് തന്നെ അവരുടെ നിറഞ്ഞ കണ്ണുകൾ അവൾ കണ്ടില്ല.
ഉച്ചയ്ക്ക് ശേഷം പപ്പയും അമ്മയും പോയി കഴിഞ്ഞു, കുറച്ചു സമയം ടീവി കണ്ടു ലയ സോഫയിൽ കിടന്നു ഉറങ്ങിപ്പോയി. പിന്നെ കണ്ണു തുറന്നപ്പോഴേക്കും സന്ധ്യയായിരുന്നു.
അവൾ ചെന്നു പൂമുഖവാതിൽ തുറന്നതും ശരത്തിന്റെ ഓട്ടോ ഗേറ്റ് കടന്നു വന്നതും ഒരുമിച്ചായിരുന്നു. അതിൽ നിന്ന് ശരത്തും ശാരദാമ്മയും ഇറങ്ങി. ലയ ചോദ്യഭാവത്തിൽ അവരെ നോക്കി.
"അത് മോളെ, പപ്പയുടെ കാർ ചെറുതായി എവിടെയോ ഒന്ന് തട്ടി, പപ്പയും അമ്മയും ഹോസ്പിറ്റലിൽ ആണ് "
ശാരദാമ്മ പറഞ്ഞു തീരുന്നതിനു മുൻപേ ലയ ചോദിച്ചു.
"എന്റെ പപ്പയും അമ്മയും…? "
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
"അവർക്കൊന്നുമില്ല, മോള് വേഗം വാ, നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം "
ഓട്ടോയിൽ ശാരദാമ്മയുടെ തോളിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു ലയ.
ഹോസ്പിറ്റലിൽ എത്തിയതും ശരത്തിന്റെ കൂട്ടുകാർ ആരൊക്കെയോ വന്നു അവനോട് സംസാരിക്കുന്നത് അവൾ കണ്ടു.
ചിറകറ്റ പക്ഷിയെ പോലെ ഐ സിയൂ വിന്റെ മുൻപിലുള്ള കസേരകളിലൊന്നിൽ ശാരദാമ്മയുടെ തോളിൽ മുഖം ചായ്ച്ചു ലയ ഇരിക്കുന്നത്, ബ്ലഡിന്റെയും മറ്റു കാര്യങ്ങളുടെയും അറേഞ്ച്മെൻറ്സിനായി ഓടി നടക്കുന്നതിനിടയിലും ശരത് കണ്ടിരുന്നു.
രമ ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു. സുരേന്ദ്രന്റെ സർജറി നടന്നു കൊണ്ടിരിക്കുന്നു. ഇന്റേർണൽ ബ്ലീഡിങ് ഉള്ളത് കൊണ്ട് സർജറി കഴിഞ്ഞാലും വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് ഡോക്ടർ ആദ്യമേ പറഞ്ഞിരുന്നു.
രാത്രി വൈകിയാണ് സർജറി കഴിഞ്ഞത്.അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല, ഇപ്പോൾ കാണാനും സാധിക്കില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ, ശാരദയോടും ലയയോടും മുറിയിലേയ്ക്ക് പൊയ്ക്കൊള്ളാൻ ശരത് പറഞ്ഞു. ലയ അവിടെ നിന്ന് എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. ശാരദയ്ക്ക് വയ്യ എന്നറിയാവുന്നത് കൊണ്ട്, അവരെ അവൾ നിർബന്ധിച്ചു റൂമിലേക്ക് പറഞ്ഞയച്ചു. ഒറ്റയ്ക്കവളെ അവിടെ ഇരുത്തി പോവാൻ തോന്നാത്തത് കൊണ്ട് ശരത്തും അവിടെയിരുന്നു. പ്രതിമയെപ്പോലെ ഇരിക്കുന്ന ലയയുടെ കവിളിലൂടെ ഒഴുകി കൊണ്ടിരുന്ന കണ്ണീർ മാത്രമായിരുന്നു അപ്പോഴും അവളിൽ ജീവൻ അവശേഷിക്കുന്നുവെന്നതിന് തെളിവ്.
പുലർച്ചെ എപ്പോഴോ ഐ സി യൂ വിന്റെ വാതിൽ തുറന്നു സിസ്റ്റർ സുരേന്ദ്രന്റെ ബൈസ്റ്റാൻഡറെ വിളിച്ചപ്പോൾ ലയ പിടഞ്ഞെഴുന്നേറ്റു.
"ആരാ ശരത്? .. ഒന്ന് രണ്ടു തവണ ബോധം വന്നപ്പോഴൊക്കെ ചോദിച്ചത് അയാളെയാണ് "
തെല്ലമ്പരപ്പോടെയാണ് ശരത് പറഞ്ഞത്.
"ശരത് ഞാനാണ്.. ഇത് അദ്ദേഹത്തിന്റെ മകളാണ് ലയ "
ലയയെ നോക്കി ശരത് പറഞ്ഞതും, സിസ്റ്റർ അവളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.
"എന്തായാലും ചോദിച്ചത് ശരത്തിനെയാണ് "
"ശരത്തേട്ടൻ കയറിക്കോളൂ.. "
നേർത്ത ശബ്ദത്തിൽ ലയ പറഞ്ഞെങ്കിലും തെല്ലൊന്ന് മടിച്ചാണ് ശരത്ത് ഉള്ളിലേയ്ക്ക് കയറിയത്. ഉരുകുന്ന മനസ്സുമായി ആ വാതിലിന് മുൻപിൽ കാത്തു നിൽക്കുമ്പോൾ സിസ്റ്റർ വന്നു അവളെയും അകത്തേക്ക് വിളിച്ചു, അവർ തന്ന കോട്ടിട്ട്, മാസ്കും ധരിച്ചു കൈ കഴുകി ഉള്ളിൽ കയറിയപ്പോൾ ശരീരത്തിൽ പലതരത്തിലുള്ള ട്യൂബുമായി തലയിലും നെഞ്ചിലുമൊക്കെ കെട്ടുമായി കിടക്കുന്ന പപ്പയെ കണ്ടതും ലയയുടെ കാലുകൾ തളർന്നു.
അടഞ്ഞു പോവുന്ന കണ്ണുകൾ ആയാസപ്പെട്ട് തുറന്നു അയാൾ അവളെ നോക്കി. തണുത്ത വിരലുകൾ വലംകൈയിൽ അമർന്നതിനേക്കാൾ ലയ ഞെട്ടലോടെ നോക്കിയത്, ആ കൈ ശരത്തിന്റെ കൈയിലേക്ക് തന്റെ വലം കൈ ചേർത്തു വെച്ചപ്പോളാണ്.
"കു.. ഞ്ചൂ.. പപ്പയ്ക്ക്.. നി..ന്നെ ഏൽപ്പിക്കാൻ മറ്റാര്.. മറ്റാരുമില്ല… നിനക്ക്.. തരാനും ഇതിലും വലുതൊന്നുമില്ല… നിന്റെ.. സന്തോഷ...ങ്ങൾക്ക് കാവ..കാവലായി ഇവനുണ്ടാവും… "
ഇടറി വീണ വാക്കുകളിൽ പകച്ചു നിന്ന ലയയെ കണ്ണുകൾ വലിച്ചു തുറന്നു അയാൾ നോക്കി.
"ഇത്.. ഇത്.. ഞങ്ങളുടെ ആഗ്രഹ..മാണ്.. അ..മ്മ.. അവസാന.. ശ്വാസത്തിലും.. ന്നോട്.. ആവശ്യപ്പെ..ട്ടത് ഇതാണ്.. കുഞ്ചൂനെ.. ശരത്തിനെ.. ഏൽപ്പിക്കാൻ.. പി..ന്നെ.. "
അയാളുടെ വാക്കുകൾ മുറിഞ്ഞു പോവുന്നതിനോടൊപ്പം കണ്ണുകൾ അടഞ്ഞു പോവുന്നതും, നെഞ്ച് ക്രമാതീതമായി ഉയർന്നു പൊങ്ങുന്നതും കണ്ടപ്പോൾ ലയ ഉറക്കെ വിളിച്ചു.
"പപ്പാ.. "
ഐ സി യൂ വിന്റെ ഉള്ളിൽ നിന്ന് ഇത്തിരി ബലം പ്രയോഗിച്ചു അവളെയും ചേർത്ത് പിടിച്ചാണ് ശരത് പുറത്തേക്കിറങ്ങിയത്. വാതിൽ അടഞ്ഞതും ലയ എല്ലാം മറന്നു ശരത്തിന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു.ഒടുവിൽ കരഞ്ഞു തളർന്ന അവളെ പതിയെ കസേരയിലേക്കിരുത്തി അവൻ ഫോൺ എടുത്തു ശാരദയെ വിളിച്ചു.
കുറച്ചേറെ കഴിഞ്ഞാണ് വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കിറങ്ങിയത്. അയാളുടെ മുഖഭാവത്തിൽ നിന്ന് തന്നെ കാര്യങ്ങൾ മനസ്സിലാക്കാമായിരുന്നു.
ഇത് വരെ കാണുകയോ, കേൾക്കുകയോ ചെയ്യാത്ത ആരൊക്കെയോ ചുറ്റിനും കൂടി ആശ്വാസവാക്കുകൾ പറഞ്ഞതൊന്നും ലയ അറിഞ്ഞതേയില്ല. ഇടയ്ക്കെപ്പോഴൊക്കെയൊ തനിക്ക് നേരേ വന്ന സഹതാപം നിറഞ്ഞ നോട്ടത്തിനോടൊപ്പമുള്ള പിറുപിറുക്കലുകളും അവളുടെ കാതിലെത്തിയില്ല.
മൂന്നാം ദിവസം, ആശ്വസിപ്പിക്കാൻ തിരക്കുകൂടിയവരൊക്കെ ചടങ്ങുകളൊക്കെ കഴിയുന്നതിനു മുൻപേയും പിൻപേയുമായി ധൃതിയിൽ യാത്ര പറഞ്ഞിറങ്ങിയതും ലയ ശ്രെദ്ധിച്ചിരുന്നില്ല. അവസാനം ശാരദാമ്മയും ശരത്തും അവന്റെ ചില കൂട്ടുകാരും മാത്രം ബാക്കിയായി...
വൈകുന്നേരം അവളുടെ മുറിയിലെ കട്ടിലിൽ ശാരദാമ്മയുടെ മടിയിൽ തല വെച്ചു കിടക്കുമ്പോഴാണ് ശരത്ത് കയറി വന്നത്. കട്ടിലിന്റെ ഓരത്ത് ഇരുന്നു കൊണ്ട് അവൻ പറയുമ്പോഴും ലയ കണ്ണുകളടച്ചു തന്നെ കിടന്നു.
"ലയ... ഇനിയെങ്കിലും താൻ അറിയേണ്ട ചില കാര്യങ്ങളുണ്ട്. സുരേന്ദ്രൻ സാർ ഡൽഹിയിലെ ബിസിനസെല്ലാം തകർന്നാണ് നാട്ടിൽ തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ പേരിലുള്ള തറവാടടക്കം മറ്റെല്ലാം കേസിൽ പെട്ടിരുന്നു. തന്റെ പപ്പയും അമ്മയും അന്ന് പോയത് വക്കീലിനെ കാണാനാണ്. വിധി പ്രതികൂലമായത് കൊണ്ട് അപ്പീലിന് പോവാനുള്ള കാര്യങ്ങൾ കൂടെ ചെയ്തിട്ട് അവർ തിരികെ വരുമ്പോഴാണ്… "
ഒന്ന് നിർത്തി അവൻ ലയയെ ഒന്ന് നോക്കി, അവൾ അപ്പോഴും കണ്ണു തുറന്നില്ല.
"ഞാൻ പറഞ്ഞു വന്നത് ഇതാണ്. ചടങ്ങുകൾ കഴിഞ്ഞ ഉടനെ ഇറങ്ങാം എന്ന വാക്കിലാണ് ഇത്രയും ദിവസം നീട്ടിക്കിട്ടിയത്. ലയയ്ക്ക് ഇനി ഇവിടെ താമസിക്കാൻ പറ്റില്ല. ഇന്ന് ഇറങ്ങണം "
ലയ പിടഞ്ഞെഴുന്നേറ്റു.
"എങ്ങോട്ട്…? "
ശരത് അവളെയും ശാരദാമ്മയെയും ഒന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു.
കൈയിൽ കിട്ടിയതൊക്കെ ഒരു ബാഗിൽ കുത്തി നിറച്ചു വീട് പൂട്ടി, ശരത്തിന്റെ പിന്നാലെ ശാരദയുടെ ഒപ്പം അവരുടെ വീട്ടിലേക്ക് നടക്കുമ്പോൾ ലയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആ ചെറിയ വീട്ടിൽ ശാരദാമ്മയുടെ മുറിയിൽ അവൾ ഒതുങ്ങിക്കൂടി. രണ്ടാമത്തെ ദിവസവും ലയ ഭക്ഷണം വേണ്ടെന്നു പറയുന്നത് കേട്ടാണ് ശരത് റൂമിലേക്ക് വന്നത്.
"ലയ, നിറഞ്ഞ മനസ്സോടെ തന്നെയാണ് തന്നെ ഞങ്ങൾ ഇങ്ങോട്ട് കൂട്ടിയത്.. പക്ഷേ കാര്യങ്ങളൊക്കെ തിരിച്ചറിഞ്ഞു വേണം താനും പെരുമാറാൻ… ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടായി മാറരുത് "
ഒട്ടും മയമില്ലായിരുന്നു അവന്റെ വാക്കുകൾക്ക്. ശാരദാമ്മ എന്തോ പറയാൻ വന്നെങ്കിലും ശരത്തിന്റെ മുഖം കണ്ടപ്പോൾ ഒന്നും മിണ്ടിയില്ല.
ഇത്തിരി കഴിഞ്ഞു, ഭക്ഷണം കഴിച്ചു പാത്രങ്ങൾ അടുക്കളയിൽ കൊണ്ട് പോയി കഴുകി വെക്കുന്ന ലയയെ അവൻ കണ്ടു. പതുക്കെ അവൾ അടുക്കളയിൽ ശാരദയെ സഹായിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്‌തെങ്കിലും ശരത്തിനു അവളോടുള്ള പെരുമാറ്റത്തിൽ മാറ്റമൊന്നും വന്നില്ല.
എപ്പോഴോ ഒരിക്കൽ ശാരദ ചോദിച്ചപ്പോൾ പറയുന്നത് കേട്ടു.
"കൊച്ചുകുട്ടിയൊന്നുമല്ലല്ലോ, ആദ്യം ആ വകതിരിവോടെ പെരുമാറാൻ പറ അമ്മേടെ ലയ മോളോട്.. "
നാട്ടിലെല്ലാവരുടെയും കണ്ണിലുണ്ണിയും എല്ലാവരോടും ചിരിച്ചു കളിച്ചു സംസാരിക്കുന്നവനുമായ സഖാവ് തന്നോട് മാത്രം എന്താണിങ്ങനെയെന്ന് ലയ ആലോചിക്കാതിരുന്നില്ല.
ഒരു ദിവസം അടുക്കളയിൽ നിൽക്കുമ്പോൾ ശരത് വിളിക്കുന്നത് കേട്ട് തെല്ലത്ഭുത്തോടെയാണ് ലയ ചെന്നത്.
"തനിക്ക് ബി എഡിന് വയനാട്ടിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട് "
ലയ മിണ്ടാനാവാതെ നിന്നതേയുള്ളൂ.
"ഞാൻ അപ്ലിക്കേഷൻ അയച്ചിരുന്നു. കോളേജ് അദ്ധ്യാപികയുടെ ജോലിയൊന്നും ആരും വീട്ടിൽ കൊണ്ടു തരില്ല, പഠിച്ചു തന്നെ വാങ്ങണം "
"അതിന്.. അതിനുള്ള കാശ്.. "
"ഒരാളെ ബി എഡിനൊക്കെ പഠിപ്പിക്കാൻ ഓട്ടോക്കാരനും പറ്റും "
തെല്ലു പരിഹാസത്തോടെയായിരുന്നു മറുപടി.
തിരിഞ്ഞു നടക്കുന്നതിനിടയിൽ കേട്ടു.
"പഠിക്കാൻ കഴിവുണ്ടായിട്ടും കാര്യമൊന്നുമില്ല ചിലപ്പോഴൊക്കെ ഭാഗ്യം കൂടെ വേണം "
ശരത്തേട്ടൻ പോയി കഴിഞ്ഞപ്പോഴാണ് ശാരദാമ്മ, ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ കോളേജിന്റെ റാങ്ക് സ്വപ്നമായിരുന്ന ആ സഖാവിന്റെ കഥ പറഞ്ഞത്. പരീക്ഷയ്ക്ക് ദിവസങ്ങൾക്കു മുൻപാണ് ശാരദാമ്മയ്ക്ക് ഒരാക്സിഡന്റ് പറ്റുന്നത്. അതിൽ പിന്നെ അമ്മയെ ജോലിയ്ക്ക് വിടാതെ ശരത് സ്ഥിരമായി ഓട്ടോയിൽ പോയി തുടങ്ങി. ശാരദാമ്മ നിർബന്ധിച്ചിട്ട് മുടങ്ങി പോയ പരീക്ഷ എഴുതിയെങ്കിലും തുടർന്നു പഠിക്കാൻ അവൻ തയ്യാറായില്ല.
വയനാട്ടിലേക്ക് ശരത്തിനൊപ്പമാണ് പോയത്. അത്യാവശ്യത്തിന് മാത്രം സംസാരം. ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞു അവളെ ഹോസ്റ്റലിൽ വിട്ടു തിരിച്ചു പോവാൻ തുടങ്ങുമ്പോഴാണ് ഒരു മൊബൈലും കുറച്ചു കാശും ശരത് അവളെ ഏല്പിച്ചത്.
ശരത്തിന്റെ ഫോണിൽ നിന്ന് ഇടയ്ക്കിടെ ശാരദാമ്മ വിളിച്ചെങ്കിലും അവൻ ഒരു തവണ പോലും സംസാരിച്ചില്ല. ലീവിന് അവൾ നാട്ടിൽ വരുമ്പോഴും ശരത് പഴയ പടി തന്നെയായിരുന്നു. അവളെ കൊണ്ടു വിടാനും മറ്റുമായി അവനവിടെ വരുന്നത് കണ്ടു ഫ്രണ്ട്‌സ് കളിയാക്കാൻ തുടങ്ങിയപ്പോഴാണ് കല്യാണം കഴിക്കാൻ പോവുന്ന ചെറുക്കനാണെന്ന് പറഞ്ഞത്.
പരീക്ഷ തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപ് ലയ വീട്ടിൽ വന്നു കിടക്കുന്നതിനു തൊട്ടു മുൻപാണ് ശാരദ പറഞ്ഞത്.
"മോളോടൊരു കാര്യം പറയാൻ ശരത് പറഞ്ഞിരുന്നു. അവന്റെയൊരു കൂട്ടുകാരനുണ്ട് രാഹുൽ, വാട്ടർ അതോറിറ്റിയിലെങ്ങാണ്ട് ജോലിയുണ്ട്. രാഹുലിന് മോളെ ഇഷ്ടമാണ്, വിവാഹം കഴിച്ചു കൊടുക്കുവോന്ന് ചോദിച്ചത്രേ.. "
ശാരദയോട് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ലയയുടെ കണ്ണുകൾ നിറഞ്ഞോഴുകി.
രാവിലെ ശാരദ അമ്പലത്തിൽ പോയി കഴിഞ്ഞാണ് ലയ ശരത്തിനു മുന്പിലെത്തിയത്.
"ശരത്തേട്ടാ..? "
അവനൊന്നു തിരിഞ്ഞു നോക്കി.
"എന്നെ പഠിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പഠിപ്പിക്കണ്ട, പക്ഷേ എനിക്ക് വേണ്ടി ആരെയും കല്യാണം ആലോചിക്കണ്ട. എന്റെ മനസ്സിൽ ഒരാളുണ്ട്. ഓരോട്ടക്കാരൻ.. എനിക്ക് അയാളെ മതി "
പറഞ്ഞതും ലയ തിരികെ നടന്നു.
"ഒന്ന് നിന്നേ.. "
ശരത് അവളുടെ അരികെയെത്തി.
"എന്താ ഉദ്ദേശം? "
അവളൊന്നും മിണ്ടിയില്ല.
"മനസ്സിലെന്തേലും കൂട്ടി വെച്ചിട്ടുണ്ടേൽ അതങ്ങ് തൂത്തു കളഞ്ഞേരെ. ഇപ്പോൾ തോന്നുന്ന ഈ ആരാധനയൊന്നുമല്ല ജീവിതം.. "
പതിവ് പോലെ പരുഷമായിരുന്നു വാക്കുകൾ.
ഉച്ചയ്ക്ക് ഉണ്ണാൻ വന്നപ്പോൾ, ഏറെ കഴിഞ്ഞിട്ടും ലയയെ കാണാതിരുന്നപ്പോഴാണ് അവൻ അന്വേഷിച്ചത്.
"അവള് നിന്നോട് പറഞ്ഞില്ലായിരുന്നോ, ഏതോ കൂട്ടുകാരി വിളിച്ചിരുന്നു, പെട്ടെന്നങ്ങ് ചെല്ലാൻ "