മാമ്പഴപുളിശ്ശേരി... ഭാഗം: 02

Valappottukal



രചന: Tina Tnz  & Bradley Bibin

"എനിക്ക് അറിയില്ലായിരുന്നു ദേവി.. അന്ന് നീ ആയിരുന്നു അതെന്നു..ഒരുപാട് കാലം കഴിഞ്ഞില്ലേ കണ്ടിട്ട്.. പെട്ടന്ന് മനസിലായില്ല.   മല്ലികേച്ചിയോട് ചോദിച്ചപ്പോഴാ അറിഞ്ഞത്  കാര്യങ്ങളെല്ലാം.. ഞാനന്ന് ആളറിയാതെയാ അങ്ങനെ..... ന്റെ ദേവി ആണെന്ന് അറിയില്ലായിരുന്നു എനിക്ക്.  തളം കെട്ടി നിന്ന മൗനത്തെ കീറി മുറിച്ചുകൊണ്ട് കണ്ണേട്ടൻ പറഞ്ഞുതുടങ്ങി. 

" എന്റെ ദേവി "എന്ന് കേൾക്കവേ വീണ്ടും ഉള്ളിലേക്ക് കയ്പ് നിറഞ്ഞു,  കൂടെ ഭക്ഷണം തട്ടി മറിച്ച അന്നത്തെ രംഗവും. 

" ആളറിയാതെ ആണെങ്കിലും അന്നത്തെ  നിന്ദിക്കരുത്.. ഒരു നേരം കിട്ടാതെ ആയാലേ അറിയൂ അതിന്റെ വില. "   ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. 
 
" ഞാൻ അറിഞ്ഞുകൊണ്ട് അല്ല... അന്ന് അങ്ങനെ പറ്റിപോയതാ.. " ഞാൻ.... ഞാൻ ക്ഷമ ചോദിച്ചതല്ലേ നിന്നോട് " എന്റെ കൈകളെ കവർന്നു കൊണ്ടു വിറയലോടെ കണ്ണേട്ടൻ പറഞ്ഞു. 

" എത്ര ക്ഷമ ചോദിച്ചാലും  നിങ്ങൾ കാണിച്ച പ്രവർത്തി തെറ്റ് അല്ലാതെ ആകില്ല..എനിക്കത് പൊറുക്കാനും ആവില്ല നിങ്ങളോട് "  ആ കൈകളെ തട്ടിമാറ്റികൊണ്ട് ഞാൻ എഴുന്നേറ്റ് പോകാൻ ഭാവിച്ചു. 

"പൊന്നു... " 

 പിന്നിൽ നിന്നുള്ള ആ വിളി കേൾക്കവേ ഒരു നിമിഷം ഞാൻ തറഞ്ഞു നിന്നു പോയി. പണ്ട്കുട്ടിക്കാലത്തു അച്ഛനും അമ്മയും വിളിക്കുന്നത് കേട്ട് കണ്ണേട്ടൻ വിളിച്ചിരുന്ന പേരാണ്. മിന്നൽ വേഗത്തിൽ ബാല്യകാല ഓർമ്മകൾ തലയിലൂടെ  പാഞ്ഞെത്തിയതും  തൊടിയിലൂടെ കണ്ണേട്ടന്റെ കൈ പിടിച്ചു ഓടി നടന്ന പാവടക്കാരിയുടെ രൂപം മനസ്സിൽ തെളിഞ്ഞു. 

"പൊന്നുവേ...അറിയാതെ പറ്റിയ തെറ്റിന്  വെറുക്കല്ലേ എന്നെ....ഞാൻ വേണമെന്ന് വെച്ച് ചെയ്തത് അല്ല.. അന്നത്തെ സാഹചര്യത്തിൽ അങ്ങനെ പറ്റിപോയതാ.. " എന്റെ മുന്നിൽ വന്നു കൈകൾ കൂട്ടി പിടിച്ചു പറഞ്ഞതും ആ കണ്ണുകളിലേക്ക് ഞാൻ നോക്കി നിന്നു. 

" നിനക്കറിയോ.., അമ്മയുടെ മരണ ശേഷം അച്ഛൻ മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ചതോടു കൂടി ഞാൻ ശ്രീനിലയത്തിന്റെ  പടിയിറങ്ങിയതാണ്. അച്ഛന് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടെന്ന് അറിഞ്ഞു ഹൃദയം പൊട്ടി മരിച്ചതാ എന്റെയമ്മ.അതിനു ശേഷം അവിടെ നിൽക്കാനോ ആ സ്ത്രീയെ അമ്മയെന്ന് വിളിക്കാനോ കഴിയില്ലായിരുന്നു എനിക്ക്.  മാനസികമായി ഞാൻ അച്ഛനിൽ  നിന്ന്  അകന്നു. അന്ന് തറവാട്ടിൽ ഒരുപാട് നാളുകൾക്കു ശേഷം  അമ്മൂട്ടിയുടെ പിറന്നാളിന് വന്നതാ ഞാൻ. മറ്റൊരു സ്ത്രീയിൽ ജനിച്ചത് ആണെങ്കിലും ജന്മം കൊണ്ടു അവളെന്റെ അനിയത്തി അല്ലെ.. അവളെയൊന്നു കാണാൻ വന്നപ്പോൾ ചിറ്റ വളരെ മോശമായി എന്നോട് പെരുമാറി. ഈ കുടുംബത്തിൽ നിൽക്കാനുള്ള അർഹത ഇല്ലന്നും, വലിഞ്ഞു കയറി വന്നവനെന്നും പറഞ്ഞു  എല്ലാവരുടെയും മുന്നിൽ വെച്ച്  അധിക്ഷേപിച്ചു. ഏറ്റവും വേദന തോന്നിയത് അച്ഛനും അത് കേൾക്കെ മിണ്ടാതെ നിന്നു എന്നുള്ളതാണ്.   ആ ദേഷ്യവും അപമാനവും സഹിക്കാൻ പറ്റാതെയാണ് പിന്നാമ്പുറത്തു നിന്ന് മദ്യപിച്ചത്.  അപ്പോഴാണ് നീ എന്നോട് മാറിപോകാൻ പറഞ്ഞത്‌.  ചിറ്റയോടുള്ള ദേഷ്യത്തിനു  ഞാൻ നിന്നോട് വായിൽ വന്നതൊക്കെ പറഞ്ഞു.   ഒരിക്കലും ആ കറിയൊക്കെ തട്ടി കളയണം എന്ന് കരുതിയതല്ല.. അറിയാതെ പറ്റിപോയതാ.. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ഞാൻ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് എനിക്ക് ബോധ്യമായത്... ക്ഷമ പറയാൻ  വന്നപ്പോൾ നീയത് കേൾക്കാൻ കൂടി കൂട്ടാക്കിയില്ല. "

ഒറ്റ ശ്വാസത്തിൽ എല്ലാം  പറഞ്ഞു തീർന്നതും  ഞാനാ മുഖത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി നിന്നുപോയി.  
     
" നീ പറഞ്ഞില്ലേ,  ഭക്ഷണത്തിന്റെ വില അറിയാത്തവൻ ആണ് ഞാനെന്ന്... നല്ല പോലെ അറിഞ്ഞിട്ടുണ്ട്.  ചിറ്റ വന്നതിൽ പിന്നെ പലപ്പോഴും ഞാൻ പട്ടിണി ആയിരുന്നു.  ആ വലിയ വീട്ടിൽ ആരും ഒന്നും അറിഞ്ഞില്ല.  പുറമെ നിന്നു നോക്കുന്നവർക്ക് എന്നെപോലെ ഭാഗ്യവാനായി മറ്റാരും ഇല്ലന്ന് തോന്നും.  എന്നാൽ ഓരോ നിമിഷവും നീറി  നീറിയാണ് ഞാൻ അവിടെ കഴിച്ചു കൂട്ടിയത്.  അമ്മൂട്ടി ജനിച്ചതോടെ അച്ഛൻ എന്റെ കാര്യം തീർത്തും അവഗണിച്ചിരുന്നു.   ഞാനൊരാൾ അവിടെ ഉണ്ടെന്ന് പോലും പലരും മറന്നു. ചില ദിവസങ്ങളിലൊക്കെ  അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് തോന്നി കരഞ്ഞു പോയിട്ടുണ്ട്.  പലപ്പോഴും അച്ഛനോട് എതിർത്തു സംസാരിച്ചതിന്റെ പേരിൽ ഞാൻ എല്ലാവരുടെയും മുന്നിൽ അഹങ്കാരിയായി,  കൊള്ളരുതാത്തവൻ ആയി. ശാസിക്കാനും നിയന്ത്രിക്കാനും ആരും ഇല്ലാതായതോടെ  അല്ലറ ചില്ലറ അടിപിടിയും കേസുമൊക്കെയായി കുറച്ചു നാൾ മുന്നോട്ടു പോയി.   ചിറ്റയുടെ പരിഹാസവും കുത്തുവാക്കുകളും  തീരെ സഹിക്കാൻ പറ്റാതെ ആയപ്പോ അവിടം വിട്ടിറങ്ങി.കുറെ നാൾ പല ഇടതും അലഞ്ഞു തിരിഞ്ഞു നടന്നു.  ഒരു ഫ്രണ്ടിന്റെ കൂടെ ബാംഗ്ലൂർ ആയിരുന്നു കുറച്ചു വർഷം. പിന്നീടാണ് നാട്ടിലേക്ക് തിരികെ വന്നതും കൃഷിയും കാര്യങ്ങളുമായി ഇവിടെ തന്നെ വേരുറപ്പിച്ചതും...

"എല്ലാവരിൽ നിന്നും അകന്ന് എന്റേത് മാത്രമായ ഒരു ലോകത്തിൽ ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നു ഞാൻ പിന്നീട്. . ആർക്കെന്നോ  എന്തിനെന്നോ  ഒരു നിശ്ചയവും ഇല്ലാതെ കടിഞ്ഞാൽ ഇല്ലാത്ത ജീവിതം.  എല്ലാവരോടും ദേഷ്യം മാത്രം ആയിരുന്നു എനിക്ക്.  മറ്റുള്ളവരുടെ  മുന്നിൽ ഞാനൊരു ധിക്കാരിയും അഹങ്കാരിയുമായി മാറാൻ അധികം താമസം ഉണ്ടായിരുന്നില്ല. കുടുംബത്തിലെ ഒരു ആഘോഷത്തിനോ വിശേഷത്തിനോ പോലും  എന്നെ വിളിക്കാതെ ആയപ്പോഴാണ് ഞാൻ അവർക്കൊക്കെ അത്ര മാത്രം വെറുക്കപ്പെട്ടവനായി മാറിയോ എന്ന് ചിന്തിച്ചു തുടങ്ങിയത്.  ശ്രീനിലയത്തിലെ വിഷ്ണു എന്ന പേര് മാത്രമേ എനിക്ക് സ്വന്തമായുള്ളു എന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ അപ്പോഴേക്കും എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. "

ആൾ നിറ കണ്ണുകളോടെ പറയവേ എന്റെ തൊണ്ടയിൽ ഒരു കനം അനുഭവപെട്ടു.  
ശ്രീനിലയത്തിലെ അമ്മ മരിച്ചതിൽ പിന്നെ ഞാൻ കണ്ണേട്ടനെ കണ്ടിട്ടുണ്ടായിരുന്നില്ല.  നാളുകൾ കഴിയവേ ആൾ നാടു വിട്ടെന്നും പിന്നീട് തിരികെയെത്തിയെന്നും ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു. കൂടുതലൊന്നും അറിയാൻ എനിക്കും അന്ന് താല്പര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. 

 "അച്ഛനും അമ്മയും പോയതിനു ശേഷം ചെറിയച്ഛന്റെയും  ചെറിയമ്മയുടെയും  സംരക്ഷണയിൽ  നീ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്ന് ഞാനും വിശ്വസിച്ചു.
എന്നാൽ  എന്റെ ധാരണ തെറ്റാണെന്ന് മനസിലായത്  അന്ന് നിന്നെ  കലവറയിൽ വെച്ച് കണ്ടപ്പോഴാണ്.   സ്വന്തം വീട്ടിൽ മറ്റുള്ളവരുടെ ഔദാര്യത്തോടെ കഴിയുന്നതിന്റെ വേദന അറിഞ്ഞവനാ ഞാൻ.. എന്നെ പോലെ തന്നെ നിന്റെ ജീവിതവും ഹോമിക്കപ്പെടുന്നു എന്നറിഞ്ഞപ്പോൾ  ഞാനാകെ തകർന്നു പോയി."

"അവിടെ നിന്നും നിന്നെ രക്ഷിക്കണമെന്നും 
  കൂടെ കൂട്ടണം എന്നും ഉള്ളിൽ തീരുമാനിച്ചു.  എന്തോ.. ജീവിക്കാനൊരു കൊതി തോന്നിപോയി നിന്നോടൊപ്പം. പക്ഷെ വീട്ടുകാർക്ക് പോലും വേണ്ടാത്ത ഞാൻ നിന്റെ മുന്നിലേക്ക് എങ്ങനെ വന്നു നിക്കും.. അതിനുള്ള എന്ത് യോഗ്യതയാ എനിക്കുള്ളത്?അവിടെയും കൂടി ഞാൻ തഴയപ്പെടേണ്ടി  വരുന്നത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.  "

 "ഇടയ്ക്കൊന്ന് കാണണം എന്ന്  കരുതുമ്പോഴും എന്റെ മനസിനെ ഞാൻ നിയന്ത്രിച്ചു.  നീ പോകുന്നിടത്തൊക്കെ നിഴൽ പോലെ ഉണ്ടായിരുന്നു.  അവിടെ വീട്ടിലെ അവസ്ഥ തീരെ ദുസ്സഹം ആണെന്ന് മനസിലായപ്പോൾ  ഇനിയും നിന്നെ അവിടെ നരകിക്കാൻ വിട്ടു കൊടുക്കാൻ എനിക്ക് വയ്യായിരുന്നു. 
 അത്കൊണ്ട് മാത്രമാ ഞാൻ അന്ന് വീട്ടിൽ വന്നു വിവാഹം ആലോചിച്ചത്..എന്നാൽ അവിടെയും എനിക്ക് അപമാനമാണ് നേരിടേണ്ടി വന്നത്.. എന്നെപ്പോലൊരാളുടെ ഒപ്പം ജീവിക്കാൻ താല്പര്യം ഇല്ലന്ന് നീ കൂടി പറഞ്ഞതോടെ  വീണു കിടക്കുന്നവനെ വീണ്ടും ചവിട്ടുന്നത് പോലെയായി.  ഇത്രയേറെ  വെറുക്കപ്പെടാനും മാത്രം ശപിക്കപ്പെട്ട ജന്മം ആയിപോയി എന്റേത് "

ആളുടെ കണ്ണ് നിറഞ്ഞു അത് പറഞ്ഞതും എന്റെ നെഞ്ചകം വിങ്ങി.  
കുറച്ചു നേരത്തേക്ക് തലയിലൊരു മരവിപ്പ് പോലെ തോന്നിയെനിക്ക്.  ഞാനറിയാതെ ഇത്രയേറെ കാര്യങ്ങൾ സംഭവിച്ചിരുന്നോ.. ഞാൻ ചിന്തിച്ചുകൂട്ടിയതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് യാഥാർഥ്യം എന്ന തിരിച്ചറിവ് എന്നെ ചുട്ടു പൊള്ളിച്ചു. 
എന്റെ കൺകോണിലൊരു നീരുറവ പൊട്ടിപ്പുറപ്പെട്ടു. കണ്ണേട്ടനെ തെറ്റിദ്ധരിച്ചതിലുള്ള കുറ്റബോധവും പേറി ആ നീരുറവ താഴേക്ക് പതിക്കവേ 
  ആൾ മുറി വിട്ടു പുറത്ത് ഇറങ്ങിയിരുന്നു.  

  പതിയെ ഞാനാ വീടുമായി ഇണങ്ങി തുടങ്ങി.  ചെറുതെങ്കിലും ഭംഗിയോടെ സൂക്ഷിച്ചു പോരുന്ന വീടും പരിസരവും.  പിന്നാമ്പുറത്തു മുഴുവൻ കൃഷിയും മറ്റുമാണ്. 

" ഒക്കെ വിഷ്ണുവിന്റെ പരിശ്രമം ആണ് മോളെ.. ശ്രീനിലയത്തിൽ നിന്ന് ഇറങ്ങിയതിൽ പിന്നെ ഒരു തരം വാശിയായിരുന്നു അവനു,  എങ്ങനെയെങ്കിലും അധ്വാനിച്ചു സ്വന്തം കാലിൽ നിക്കണമെന്നും  സ്വന്തമായി ഒരു വീട് പണിയണം എന്നതുമൊക്കെ.  ഒക്കെ നടത്തിയെടുത്തു അവൻ.  ഈ കാണുന്നതൊക്കെ വിഷ്ണുവിന്റെ വിയർപ്പിന്റെ ഫലം ആണ്.  " വീട്ടിൽ നിന്നിറങ്ങി കൃഷിയിടത്തേക്ക് നടക്കുന്നതിനിടയിൽ ജാനകിയമ്മ പറഞ്ഞുകൊണ്ടിരുന്നു.  

" അല്പം വാശിയും ദേഷ്യവും കൂടുതൽ ഉള്ള കൂട്ടത്തിലാ അവൻ.  ചെറുപ്പം മുതലേ സ്നേഹവും പരിഗണനയും ഒന്നും കിട്ടാതെ വളർന്നു വന്നതല്ലേ.. അതിന്റെയാ ഈ ചൊടിപ്പൊക്കെ. എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടിയെടുത്താ ശീലം. എന്ന് വെച്ച് മോളെ കല്യാണം കഴിച്ചത് അങ്ങനെ വാശിപ്പുറത്ത് ഒന്നുമല്ല കേട്ടോ.  ആഗ്രഹിച്ചു കൂടെ കൂട്ടിയത് തന്നെയാ നിന്നെ " എന്റെ നെറുകയിൽ തലോടിക്കൊണ്ട് അവർ പറഞ്ഞു.  

" കല്യാണത്തിന് പോലും  തറവാട്ടിൽ നിന്ന് ആരെയും വിളിക്കേണ്ട എന്നായിരുന്നു അവനു.    അച്ഛനും മകനും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ പരസ്യമായ രഹസ്യമാണെങ്കിലും നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടിയാകണം ശ്രീനിലയത്തിൽ അവന്റെ അച്ഛനും ചിറ്റയും ഉൾപ്പെടെ എല്ലാവരും കല്യാണത്തിന് ചുക്കാൻ പിടിച്ചത്. 

കല്യാണദിവസം പോലും പേരിനു മാത്രം അച്ഛനും അമ്മയും എന്ന സ്ഥാനത്തു നിന്നതും വേഗം തന്നെ അവർ തിരികെ പോവുകയും ചെയ്തതിന്റെ പൊരുൾ അപ്പോഴാണ് എനിക്ക് മനസിലായത്. 

 "മക്കൾ ഉപേക്ഷിച്ചു പോയതോടെ ആരോരും ഇല്ലാതായ എന്നെ  സംരക്ഷിച്ചു പോകുന്നത് പോലും  അവനാണെന്നു " ജാനകിയമ്മ പറഞ്ഞപ്പോൾ   അത്ഭുതത്തോടെ  എന്റെ കണ്ണുകൾ ഉച്ചവെയിലത്തു പാടത്തു കിളയ്ക്കുന്ന കണ്ണേട്ടനിലേക്ക് നീണ്ടു.  
   ആളെക്കുറിച്ച് ഇത്ര നാളും മനസ്സിൽ പ്രതിഷ്ഠിച്ച രൂപം പാടെ  പൊളിഞ്ഞു വീഴുന്നത് ഞാനറിയുന്നുണ്ടായിരുന്നു. 

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അറിയുകയായിരുന്നു കണ്ണേട്ടനെ. 
മറ്റുള്ളവർക്ക് മുന്നിൽ തികഞ്ഞ അഹങ്കാരിയും തന്നിഷ്ടക്കാരനുമായി തോന്നിക്കുമ്പോൾ ആൾ എന്റേത് മാത്രം ആവുകയായിരുന്നു.   
 
കണ്ണേട്ടനെ തെറ്റിദ്ധരിച്ചതിൽ ക്ഷമാപണം നടത്താൻ  ചെന്നപ്പോഴും അത് കേൾക്കാൻ പോലും തയ്യാറാകാതെ  " ഇനിയെന്നും എന്നോടൊപ്പം നീ  ഉണ്ടായാൽ മാത്രം  മതിയെന്ന് " പറഞ്ഞു ആളെന്നെ  തിരികെ അയക്കുകയാണ് ചെയ്തത്. 

 വീണ്ടും പഴയ പോലെ തൊടിയിലും കൃഷിയിടങ്ങളിലും ഒരുമിച്ചു നടന്നും , ഒരുപാട് വർത്തമാനം പറഞ്ഞും,  ചിരിച്ചും കളിച്ചും ദിവസങ്ങൾ മുന്നോട്ട് പോകവേ,  എന്നോ നഷ്ടമായ ബാല്യകാലത്തിന്റെ നിറക്കൂട്ടുകൾ ഞങ്ങളിൽ നിറയുന്നതായി ഞാൻ മനസിലാക്കി.   

  നഷ്ട്ടപ്പെട്ടതെന്തോ തിരികെ കിട്ടിയ ഒരു കുഞ്ഞിന്റെ  കിട്ടിയ ആവേശം ആയിരുന്നു കണ്ണേട്ടന്.   പകൽ വയലിലെ ജോലി കഴിഞ്ഞു എത്രയും വേഗം മടങ്ങി വരും.  തിരികെ വരവേ രാഘവൻ ചേട്ടന്റെ  കടയിൽ നിന്ന് പതിവായി എന്തെങ്കിലും വാങ്ങികൊണ്ടേ  വരാറുള്ളൂ. അപ്പോഴൊക്കെ  പലഹാരപൊതിയുമായി വരുന്ന അച്ഛനെ  കാത്തു ഉമ്മറപ്പടിയിൽ  നിക്കുന്ന കുഞ്ഞു ദേവിയായി ഞാൻ മാറുകയായിരുന്നു .ഭൂതകാലത്തിലെ നല്ല ഓർമകളായി മനസ്സിൽ താലോലിച്ചു സൂക്ഷിച്ചതെല്ലാം  വീണ്ടും എനിക്ക് മുന്നിൽ തുറക്കപ്പെട്ടു. 

ഞാൻ ആവശ്യപ്പെടാതെ തന്നെ എനിക്ക് വേണ്ടുന്നതെല്ലാം ചെയ്തു തന്നു കണ്ണേട്ടനും,  ആളുടെ മനസറിഞ്ഞു വിഭവങ്ങൾ വെച്ചുണ്ടാക്കി ഊട്ടി ഞാനും   സ്നേഹം കൊണ്ട് അന്യോന്യം വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു.
 സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇരുവരുടെയും  ഹൃദയം വെമ്പൽ കൊള്ളുമ്പോൾ  ഇത് പ്രണയം മാത്രമല്ല  അതിനും അപ്പുറമെന്തോ ആണെന്ന് എന്റെ ഉള്ളം പറയുന്നുണ്ടായിരുന്നു. 

    നീണ്ടു സമൃദ്ധമായ മുടിയിഴകൾ ഭംഗിയായി വെട്ടിയൊതുക്കി  രൂപമാറ്റം വരുത്തിയതിനോടൊപ്പം  ആളുടെ സ്വഭാവത്തിനും രൂപാന്തരം വന്നിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു.  പഴയ ദേഷ്യവും വാശിയുമൊക്കെ കുറഞ്ഞു  ആളങ്ങു മാറിപ്പോയെന്ന് ജാനകിയമ്മ ചിരിയോടെ പറയുമ്പോൾ ഞാനുമാ  ചിരിയിൽ പങ്കു ചേരും. ആ മാറ്റത്തിന് ഞാനാണ് കാരണമെന്ന് ചിന്തിക്കവേ ഉള്ളിലൊരു സുഖമുള്ള അനുഭൂതി നിറയും. 

ഓരോന്നോർത്തു നിൽക്കവേ പൊട്ടിച്ചെടുത്ത  മാമ്പഴവുമായി കണ്ണേട്ടൻ അകത്തേക്കു വന്നിരുന്നു. 

" എന്താ തനിയെ നിന്ന് ചിരിക്കുന്നത് " 
  
എന്റെ മുഖത്തെ ചിരിയുടെ കാരണം കണ്ണേട്ടനാണെന്നു അറിയാവുന്നതല്ലേ.. അതോ അറിയാത്തതായി നടിക്കുന്നതോ ! 
ഒന്നുമില്ലെന്ന് പറഞ്ഞു   ആളുടെ കയ്യിൽ നിന്ന് മാമ്പഴവും വാങ്ങി അകത്തേക്ക് കയറവെ കണ്ണേട്ടന്റെ  മുഖത്തു വിരിഞ്ഞ ഗൗരവം കലർന്ന ചിരി ഞാൻ ഒളികണ്ണാലെ കണ്ടിരുന്നു.   

പൊന്നുവേ..നീ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ ഏറ്റവും സ്വാദ് ഏതിനാ എന്ന് അറിയോ " ആൾ എന്നോടൊപ്പം  അകത്തേക്ക് കയറവെ ചോദിച്ചു.   

ഞാൻ അറിയില്ലെന്ന്  തലയാട്ടി. 

" മാമ്പഴപുളിശ്ശേരിക്ക് "

"അതെന്താ അങ്ങനെ " 

"എന്റെ അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന  അതെ സ്വാദാണ് നീ വെയ്ക്കുന്ന മാമ്പഴപുളിശ്ശേരിക്കും.  അമ്മയെ ഓർമ വരും അന്നേരം .  

കുറച്ചു നേരത്തേക്ക് ആൾ നിശബ്ദമായി. 

" എന്റെ അമ്മയും ഇത് പോലെ ആയിരുന്നു.    വീട്ടിൽ എല്ലാവർക്കും വേണ്ടുന്നത് വെച്ചുണ്ടാക്കി സർവസമയവും അടുക്കളയിൽ തന്നെ ആയിരുന്നു. എല്ലാവരും അകത്തളത്തിൽ ഇരുന്ന് കഴിക്കുമ്പോൾ അമ്മയോടൊപ്പം ഞാൻ അടുക്കളയിൽ ചെന്നെ കഴിക്കാറുള്ളു.  അന്നേരം അമ്മ ചോറിലേക്ക് ഒഴിച്ചു തരുന്ന മാമ്പഴപുളിശ്ശേരിക്ക് ഒരു പ്രത്യേക രുചിയാണ്.  അമ്മ പോയതിൽ പിന്നെ ഞാനാ രുചി അറിയുന്നത് നിന്റെ കൈകൊണ്ട് ഉണ്ടാക്കിയത് കഴിക്കുമ്പോഴാ പൊന്നു. " 

  ആളത്‌ പറയവേ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. 

" ഇന്നത്തെ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ട് "  
 
"എന്താ  കണ്ണേട്ടാ "

" ഇന്ന് എന്റെ പിറന്നാൾ ആണ് പൊന്നുവേ.."

ഞാൻ കണ്ണുകൾ വിടർത്തി ആളെ നോക്കിയിരുന്നു. 

" പണ്ടൊക്കെ  സാധാരണ ഒരുപാട് വിഭവങ്ങൾ ഒരുക്കി ആഘോഷിക്കാറുണ്ടായിരുന്നു പിറന്നാളിന്.  അമ്മ പോയതിൽ പിന്നെ ഞാൻ പോലും ഈ ദിവസം മറന്നിരുന്നതാണ്. എന്നാൽ ഇപ്പോ എന്റെ കൂടെ നീ ഉണ്ടല്ലോ.. ഈ ദിവസം നിന്റെ കൈ കൊണ്ടു ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ വല്ലാത്തൊരു മോഹം തോനുന്നു..  ഉണ്ടാക്കില്ലേ നീ? "

 ആളത് പറഞ്ഞതും എന്റെ ഉള്ളിൽ നിന്നു നിശബ്ദമായൊരു  ഏങ്ങൽ ഉയർന്നിരുന്നു. 

പെട്ടന്നുണ്ടായ ഉൾപ്രേരണയാൽ കണ്ണേട്ടനെ വാരി പുണർന്നു നെറ്റിയിൽ ചുണ്ടുകൾ അമർത്തവെ എന്നിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണുകൊണ്ടിരുന്നു.. ഒരു കുഞ്ഞിനെ പോലെ എന്റെ മാറോട് ചേർന്ന് നിന്ന കണ്ണേട്ടനോടു അന്നേരം എന്റെ ഉള്ളിൽ നിറഞ്ഞു നിന്നത്  വാത്സല്യം തന്നെ  ആയിരുന്നു. ജാനകിയമ്മ വന്നു നോക്കുംവരെ  ഞങ്ങൾ ആ നിൽപ്പ്  തുടരുകയായിരുന്നു.  ജാള്യതയോടെ വേഗം    ഞങ്ങൾ അടർന്നുമാറവേ ഒന്നും കാണാത്ത പോലെ അവർ പിൻവാങ്ങിയിരുന്നു. 

" നമുക്ക് സദ്യ ഒരുക്കാം കണ്ണേട്ടാ.. " ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം  സാരിയുടെ തുമ്പ് ഏണിൽ കുത്തി ആവേശത്തോടെ ഞാനത് പറഞ്ഞതും ആൾ തിളക്കമാർന്ന കണ്ണുകളോടെ എന്നെ നോക്കി നിന്നു.  

 ഇത് വരെ ഇല്ലാത്തൊരു വേഗത എന്നിൽ   ഉടലെടുക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.  ഒരുപാട് പേർക്ക് സദ്യ ഒരുക്കി പരിചയം ഉണ്ടെങ്കിലും ഇന്ന് ആദ്യമായി അടുക്കളയിൽ കയറുന്നത് പോലെയൊരു തോന്നൽ.എങ്ങനെയാ എവിടുന്നാ തുടങ്ങേണ്ടത്  എന്നൊരു ശങ്ക. 
    

പച്ചക്കറി അരിയാനും മറ്റുമായി കണ്ണേട്ടനും എന്നോടൊപ്പം കൂടിയതോടെ ഉണ്ടായ ആവേശത്തിന്  അതിരില്ലായിരുന്നു. ഓരോന്നു ചോദിച്ചറിഞ്ഞും  കറികൾക്ക് ചേരുവകൾ ചേർത്തും ആൾ അവസാനം വരെ എന്റെ കൂടെ നിന്നു. അവിയലും തോരനും സാമ്പാറും പച്ചടിയും മാമ്പഴപുളിശ്ശേരിയും  തുടങ്ങി രണ്ടു തരം പായസവും ഉണ്ടാക്കി. എല്ലാം തയ്യാറാക്കി തീരുമ്പോഴേക്കും  കണ്ണേട്ടൻ തൂശനില മുറിച്ചുകൊണ്ട് വന്നിരുന്നു.കണ്ണേട്ടന് വിളമ്പി കൊടുത്തിട്ടു കഴിക്കുന്നത് കാണാൻ നിന്ന എന്നെ   ആളുടെ  അരികിലായി പിടിച്ചു ഇരുത്തി. "ഇന്ന് ഒരുമിച്ചു കഴിക്കാമെന്ന് "പറഞ്ഞു  എനിക്കും ഭക്ഷണം വിളമ്പി തരവേ കൗതുകത്തോടെ ഞാനത് നോക്കി ഇരുന്നു

നിന്റെ കൈകൊണ്ടുണ്ടാകുന്ന മാമ്പഴപുളിശ്ശേരിക്ക് ഒരു പ്രത്യേക സ്വാദാണെന്നു കണ്ണേട്ടൻ പറയുമ്പോൾ   മാമ്പഴത്തിന്റെ മധുരത്തിനോടൊപ്പം  അതിൽ ഞാനെന്റെ സ്നേഹവും ചാലിച്ചാണ് വിളമ്പിയതെന്നു ഞാൻ ചെറു ചിരിയോടെ ഓർത്തു. 

സന്ധ്യക്ക്‌ ഞങ്ങൾ ഒരുമിച്ചു അമ്പലത്തിൽ പോയി തൊഴുതു.  മുന്നോട്ട് ജീവിക്കാൻ പ്രതീക്ഷകൾ കൈ വന്നത് കൊണ്ടാവണം വർഷങ്ങൾക്ക് ശേഷം ഞാൻ മനസറിഞ്ഞു ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു.  തിരികെ വരുമ്പോൾ ജാനകിയമ്മ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.  

" എത്ര നാൾകൂടിയ മോനെ ഇത്ര സന്തോഷത്തോടെ ഞാൻ കാണുന്നതെന്ന്" പറഞ്ഞു ജാനകിയമ്മ ചിരിച്ചപ്പോൾ ആ കണ്ണുകൾ എന്നെ തേടിയെത്തി. ഞങ്ങളെ ഇരുവരെയും ചേർത്ത് നിർത്തി തലയിൽ തഴുകവേ ഒരു അമ്മയുടെ സ്നേഹം മാത്രമല്ല അനുഗ്രഹങ്ങളും കൂടിയാണ് അവർ ചൊരിഞ്ഞതെന്നു എനിക്ക് തോന്നിപോയി.  

" എന്റെ പിറന്നാളായിട്ട് നിനക്ക് ഞാനെന്താ പൊന്നുവേ സമ്മാനം തരേണ്ടത് "
രാത്രി കണ്ണേട്ടന്റെ നെഞ്ചിൽ ചാരി  കിടക്കവേ ആൾ എന്റെ കാതോരം വന്നു ചോദിച്ചു. 

"എനിക്ക് ഒന്നും വേണ്ട... എന്നും ഈ നെഞ്ചിൽ ചേർന്ന് ഇങ്ങനെ കിടന്നാൽ മാത്രം മതിയെന്ന് "പറയുമ്പോൾ കണ്ണേട്ടന്റെ കൈകൾ കുറുമ്പൊടെ എന്നെ ചുറ്റിപിടിച്ചിരുന്നു. 
 

     ശൂന്യമെന്നു  ഞാൻ കരുതിയ ജീവിതത്തിന് ഒരുപാട് വർണങ്ങൾ വന്നു  നിറഞ്ഞത് പോലെ.  ഒരിക്കൽ നിർത്തിയിടത്തു നിന്ന് വീണ്ടും തുടങ്ങണമെന്നും ,  കണ്ണേട്ടന്റെ കൈ പിടിച്ചു ഇനിയുമേറെ ദൂരം മുന്നോട്ടു പോകണമെന്നും ഒരു ജന്മം മുഴുവൻ ഒരുമിച്ചു ആ സ്നേഹച്ചൂടേറ്റ്‌ ജീവിക്കണമെന്നും വല്ലാത്ത കൊതി തോന്നി.   മറ്റുള്ളവർ അഹങ്കാരിയും തന്നിഷ്ടക്കാരനുമായി മുദ്രകുത്തിയ  കണ്ണേട്ടനെ എന്റേത് മാത്രമെന്ന് പറഞ്ഞു ഞാൻ  തീവ്രമായി അടക്കിപ്പിടിച്ചു.    അപ്പോഴൊക്കെ ഞാൻ അറിയുകയായിരുന്നു ഈ ലോകത്തെ ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന്. ഇങ്ങനെ സ്നേഹവും, വാത്സല്യവും, പ്രണയവും,  ഭ്രാന്തും എല്ലാം സമാസമം ചേർന്നു കളങ്കമില്ലാതെ ഒഴുകുന്നൊരു പുഴയായി ഞങ്ങളുടെ ജീവിതം പരിണമിക്കവേ ആ പുഴയുടെ ഒഴുക്കിനോടൊപ്പം ഞങ്ങളും നീന്തിക്കൊണ്ടിരുന്നു.

മത്സരിച്ചു സ്നേഹിച്ചു മുന്നേറുമ്പോഴും  ഇടയ്ക്കിടെ കണ്ണേട്ടൻ   ചെറിയ പരിഭവം  നടിക്കാറുണ്ട്.  എന്നാൽ അസ്സലൊരു മാമ്പഴപുളിശ്ശേരി വെക്കുന്നത് വരെയേ  ഈ പരിഭവത്തിനു ആയുസ്സുള്ളൂ  എന്നെനിക്കറിയാമല്ലോ.  
ആളുടെ കൊച്ചു കൊച്ചു പിണക്കങ്ങൾ  ആസ്വദിച്ചു ഞാനും എന്റെ ചെറിയ കുറുമ്പുകൾ ഇഷ്ട്ടപ്പെട്ടു കണ്ണേട്ടനും, അങ്ങനെ സ്നേഹിച്ചു ലാളിച്ചും  മുന്നോട്ട് പോകുമ്പോഴും എനിക്ക് ഏറ്റവും കൃതജ്ഞത തോന്നുക ഞങ്ങൾ തമ്മിൽ ഒന്നിക്കാൻ ഇടയായ, ഞങ്ങളുടെ ചെറിയ പിണക്കങ്ങൾക്ക്  മധ്യസ്ഥനായി നിൽക്കുന്ന  മാമ്പഴപുളിശ്ശേരിയോടാണ്. കണ്ണേട്ടനെ എനിക്ക് സ്വന്തമാക്കി തന്ന  അതിന്റെ പ്രണയ മധുരത്തോടാണ്.               ( അവസാനിച്ചു )
ലൈക്ക് ചെയ്ത് 2 വരി അഭിപ്രായങ്ങൾ കുറിക്കണേ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top