അമ്മയുടെ കാമുകനെ തേടി മകൻ യാത്ര പോവുക, എത്ര വിചിത്രം...

Valappottukal

രചന: കണ്ണൻ സാജു

അമ്മയുടെ കാമുകനെ തേടി മകൻ യാത്ര പോവുക ! എത്ര വിചിത്രം !

ksrtc യുടെ സൈഡ് സീറ്റിൽ ഇരുന്നു പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരുന്ന നിവേദ് ചിന്തിച്ചു...

അതെ... ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇങ്ങനൊന്നു... പ്രത്യേകിച്ചും അമ്മയേക്കാൾ അച്ഛനോട് അടുത്തു നിന്നിരുന്ന താൻ അമ്മക്ക് വേണ്ടി ഒരു മക്കളും തയ്യാറാവാത്ത ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി തിരിക്കുമെന്നു..

ചിന്തകൾക്കൊപ്പം നിവേദ് സഞ്ചരിച്ച ksrtc ബസ്സും കാട് കയറി തുടങ്ങിയിരുന്നു.... മനോഹരമായ കാഴ്ചകളും ദുരന്തങ്ങളായ ഓർമകളും... അവിയലും ലഡ്ഡുവും ഒരുമിച്ചു കഴിക്കുന്ന പോലെ രണ്ടും തമ്മിൽ ഒരു ചർച്ചയും ഇല്ല...

നിവേദ് മെല്ലെ തിരിഞ്ഞിരുന്നു.... തല സീറ്റിലേക്ക് ചാരി മെല്ലെ കണ്ണുകൾ അടച്ചു.. മനോഹരമായ കാഴ്ചകളേക്കാൾ നിവേദിന്റെ തലച്ചോറിന് പിന്നിലെ ഓർമകളിലേക്ക് സഞ്ചരിക്കാൻ ആയിരുന്നു താല്പര്യം.

" എല്ലാം ഇതോടെ അവസാനിച്ചു നിവേദ്...  ഇനിയും ഇത് തുടർന്ന് പോവാൻ എനിക്ക് വയ്യ.. എനിക്ക് ഭ്രാന്ത് പിടിക്കും "

പാർക്കിന്റെ ഒരു മൂലയിൽ നിവേദും ഷാഹിനയും തമ്മിൽ തർക്കം മൂത്തു...

" ഇപ്പൊ അങ്ങനായല്ലേ... ഇപ്പൊ നിനക്കെന്നെ വേണ്ടല്ലേ... നൈസ് ആയിട്ടങ്ങു ഒഴിവാക്കുവാണല്ലേ  ???  "

ദേഷ്യം അടക്കാനാവാതെ നിന്നു വിറച്ചു കൊണ്ടു നിവേദ് ഷാഹിനയോടു പറഞ്ഞു....

" നീ എന്ത് വേണേലും കരുതിക്കോ നിവേദ്... എന്റെ മതവും വീട്ടുകാരും എല്ലാം മറന്നു നിന്നെ ഞാൻ സ്നേഹിക്കുമ്പോ, ഇഷ്ടമാണെന്നു പറയുമ്പോ എന്തൊക്കെ വന്നാലും നിന്റെ കൂടെ സന്തോഷത്തോടെ ഉള്ള ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു... പക്ഷെ അന്നത്തെ നീ അല്ല ഇന്നത്തെ നീ ഇപ്പൊ...  നീ ഒരുപാട് മാറിപ്പോയി നിവേദ്... ഇതല്ല ഞാൻ സ്വപ്നം കണ്ട ജീവിതം.. ഇതല്ല ഞാൻ സ്നേഹിച്ച നിവേദ്.. എനിക്ക് നിന്നെ ഇപ്പൊ ഉൾക്കൊള്ളാൻ കഴിയുന്നില്ല... എന്റെ അനിയനോട് പോലും ഞാൻ മിണ്ടുന്നതു നിനക്ക് സംശയം ആണ്.. ഫെയ്സ്ബൂക് പാടില്ല, നമ്പറു മാറ്റിച്ചു, കൂട്ടുകാരുടെ കൂടെ പുറത്തു പോവാൻ പാടില്ല ഇഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കാൻ പാടില്ല...  ഞാനാകെ വീർപ്പുമുട്ടുവാണ് നിവേദ്... എനിക്ക് പറ്റില്ല... "

നിവേദ് കലിയോടെ അടുത്തു കണ്ട ചെടിച്ചട്ടി ചവിട്ടി പൊട്ടിച്ചു....

" എന്റെ കൂടെ കിടന്നു തരുമ്പോൾ നിനക്കറിയില്ലാരുന്നോടി ഇതൊക്കെ...  അതോ എന്റെ സുഖം പറ്റാഞ്ഞിട്ടാണോ ?? "

ഒരു ജീവച്ഛവം പോലെ ഷാഹിന നിന്നു

" നീ എന്നെ ജീവനായി സ്നേഹിച്ച സമയത്താണ് നിവേദ് നിനക്ക് ഞാൻ എന്നെ തന്നത്... പക്ഷെ പൂർണമായും ഞാൻ നിന്റെ സ്വന്തമായി കഴിഞ്ഞപ്പോൾ നിന്റെ ആറ്റിറ്റ്യൂഡ് മാറി... എന്നെ നീ ഒരു അടിമയെ പോലെ കാണാൻ തുടങ്ങി.. എന്നെ നഷ്ടപ്പെടുമോ എന്നുള്ള ഭയം നിനക്ക് വന്നു തുടങ്ങി.... നീ എന്തൊക്ക തെറിയ എന്നെ വിളിക്കുന്നതെന്ന് നിനക്ക് വെല്ല ബോധവും ഉണ്ടോ???  അതൊക്കെ കേക്കുമ്പോ എന്റെ നെഞ്ചു തകരുവാണ് "

" അത് നീ എനിക്ക് ഫോട്ടോസും വിഡിയോസും ഒന്നും തരാത്തത് കൊണ്ടല്ലേ ?? "

" ഞാൻ തന്നിരുന്നല്ലോ നിവേദ്.. നീ ചോദിച്ചപ്പോ ഒക്കെ ഞാൻ തന്നിരുന്നല്ലോ... അന്നെനിക്ക് നിന്നെ അത്രക്കും വിശ്വാസമായിരുന്നു "

" അപ്പൊ... അപ്പൊ... ഇപ്പൊ നിനക്ക് വിശ്വാസം ഇല്ലെന്നാണോ???  "

" ഓഹ്... അങ്ങനല്ല നിവേദ്....  ഞാൻ കംഫർട്ടബിൾ അല്ല... എനിക്ക് അയക്കാൻ തോന്നുന്നില്ല.. എനിക്കീ ബന്ധം മടുത്തു... നിനക്കിപ്പോ ഞാൻ കാമം തീർക്കാനുള്ള വെറുമൊരു ഉപകരണം മാത്രമാണ്.. പ്ലീസ്.. എന്നെ വെറുതെ വിടണം "

അവൾ കൈ കൂപ്പി നിന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

" കുഴപ്പില്ല... നിന്റെ വാപ്പാന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ട്...  അങ്ങേർക്കു ഞാൻ കുറച്ചു വിഡിയോയും ഫോട്ടോയും ഒക്കെ അയച്ചു കൊടുക്കുന്നുണ്ട്... ഇങ്ങനെയാണോ മോളേ വളർത്തുന്നെന്ന് എനിക്കൊന്നു ചോദിക്കണം "

" നിവേദ്...  നീ എന്നെ ഭീഷണിപ്പെടുത്തുവാണോ ??  "

" ആ അതെ "

" അങ്ങനെങ്ങും ചെയ്‌താൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല നിവേദ്... "

" ജീവിക്കണ്ടടി.. നീ പോയി ചാവ്...  അല്ലേലും എന്നെ പറ്റിച്ചിട്ടു വേറൊരുത്തന്റേം കൂടെ സുഖിക്കാന്നു നീ വിചാരിക്കണ്ട.... "

" നീ ഇപ്പോഴും സംസാരിക്കുന്നതു എന്റെ ശരീരത്തെ പറ്റിയാണ്... ഒരിക്കലെങ്കിലും എന്റെ മനസ്സിനെ കുറിച്ച് ഒന്നോർക്കു നിവേദ് "

" എന്ത് മനസ്സ്...  അല്ലേലും നിനക്കിതു ശീലമാണല്ലോ...  കോളേജിൽ പഠിക്കുമ്പോ ഒരുത്തന്റെ കൂടെ ഹോട്ടൽ മുറി വരെ പോയതല്ലേ നീ.... "

" നിവേദ് പ്ലീസ്.. നീ എന്നെ ഇഷ്ടമാണെന്നു പറഞ്ഞ അന്ന്... അന്ന് നിന്നോടു ഞാൻ തുറന്നു പറഞ്ഞതാണ്, എനിക്ക് അഞ്ചു വയസുള്ളപ്പോ എന്റെ കസിൻ എന്നെ മിസ്യൂസ് ചെയ്തത് മുതൽ എന്റെ ആദ്യ പ്രണയവും അവനൊപ്പം അന്ന് റൂമിൽ പോയതും.. അന്ന് എന്റെ പാസ്ററ് ഒന്നും നിനക്കൊരു പ്രശ്നം അല്ലെന്നും പറഞ്ഞാണ് നീ എന്നെ സ്നേഹിച്ചത്.. ഒന്നും മറച്ചു വെച്ചു ഞാൻ നിന്നെ ചതിച്ചിട്ടല്ലടാ... എന്റെ അവസ്ഥ ആണ്.. പ്ലീസ്.. എന്നെ ഒന്ന് മനസ്സിലേക്ക്... "

" നാളെ ഞാൻ വീട്ടിലേക്കു വരുന്നുണ്ട്... ആത്മഹത്യ ചെയ്യാൻ തയ്യാറായി ഇരുന്നോ "

നിവേദ് നടന്നകന്നു....

പെണ്ണായി ജനിച്ചതിൽ ഒരിക്കൽ കൂടി വേദനയോടെ അവൾ അവൻ നടന്നകലുന്നതും നോക്കി നിന്നു

" ഈ സമൂഹം സ്ത്രീകൾക്ക് ജീവിക്കാൻ ഉള്ളതല്ല... നരകിക്കാൻ ഉള്ളതാണ്.. ഇഞ്ചിഞ്ചായി നരകിക്കാൻ "

അവളുടെ മനസ്സ് അവളോട് പറഞ്ഞു കൊണ്ടേ ഇരുന്നു...

നിവേദ് ബൈക് സ്റ്റാർട്ട് ചെയ്തതും അവനു കാൾ വന്നു..... അമ്മയുടെ ഹോസ്പിറ്റലിൽ നിന്നും ആണ്...

നിവേദ് ഹോസ്പിറ്റലിൽ എത്തി... അമ്മയുടെ മുറിയിലേക്ക് കയറുമ്പോൾ അവന്റെ കൈകൾ വിറച്ചിരുന്നു... പന്ത്രണ്ടു കൊല്ലങ്ങൾക്കു ശേഷം ആദ്യമായാണ് അമ്മയെ കാണാൻ പോവുന്നത്... അതെ അച്ഛൻ ആത്മഹത്യ ചെയ്ത ആ രാത്രി അവിടെ നിന്നും അച്ഛമ്മയുടെ കൈ പിടിച്ചു പടിയിറങ്ങിയതാണ്... പിന്നീടൊരിക്കലും അവരെ കാണാൻ കൂട്ടാക്കിയിട്ടില്ല... അച്ഛൻ മരിക്കാൻ കാരണം അവരാണെന്ന തോന്നൽ... കണ്മുന്നിൽ തീഗോളമായി അച്ഛൻ ഓടി നടക്കുന്നത് അവനു ഇപ്പോഴും ഓർമയുണ്ട്...

അവൻ അടുത്തേക്ക് ചെന്നു... അവർ നല്ല മയക്കത്തിൽ ആണ്...  ഇനി ഏതാനും നാളുകൾ കൂടിയേ ഉള്ളൂ എന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞപ്പോൾ കണ്ടേക്കാം എന്ന് കരുതി... പക്ഷെ പ്രതീക്ഷിച്ചതിലും മോശമായിരുന്നു അവരുടെ സ്ഥിതി...

തലയിൽ ഒരു തരി മുടി പോലും ഇല്ല... ശരീരം മെലിഞ്ഞൊണങ്ങി ഇരിക്കുന്നു... ഒരു പക്ഷെ നേഴ്സ് ഇതാണ് അമ്മയുടെ മുറി എന്ന് പറഞ്ഞിരുന്നില്ലെങ്കിൽ തനിക്കു അവരെ തിരിച്ചറിയാൻ കഴിയുമായിരുന്നോ എന്ന് സംശയം ആണ്...

കണ്ണ് തുറക്കുമ്പോൾ അവർ തന്നെ തിരിച്ചറിയുമോ ??? അതുവരെ കാത്തു നിക്കാൻ മനസ്സ് വന്നില്ല.. വിളിക്കാം എന്ന് അവൻ തീരുമാനിച്ചു... എന്ത് വിളിക്കണം...
ഒടുവിൽ സകല ധൈര്യവും സംഭരിച്ചു അവൻ വിളിച്ചു

" അമ്മേ "

"അമ്മേ "

അവർ കണ്ണുകൾ തുറന്നു... ഒരു നിമിഷം അവനെ അങ്ങനെ നോക്കി നിന്നു....

ഞാനാ അമ്മേ നിവേദ്.....

അവരുടെ മുഖം മെല്ലെ തെളിഞ്ഞു...

ഇവിടെ ഇരിക്കാൻ അവർ ആംഗ്യം കാണിച്ചു..

നിവേദ് ഇരുന്നു....

ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാൻ ഹോസ്പിറ്റലിൽ നിന്നും നലകിയ കോട്ടും മാസ്കും ധരിച്ചിരുന്ന നിവേദിനോട് മാസ്ക് മാറ്റാൻ അവർ ആവശ്യപ്പെട്ടു... അങ്ങനെ ഒരു വ്യാഴ വട്ട കാലത്തിനു ശേഷം തന്റെ മകനെ അവർ കണ്ടു.... അവരുടെ കണ്ണുകൾ നിറഞ്ഞു..

നിവേദിന്റെ മനസ്സും അലിഞ്ഞു... അവൻ അമ്മയുടെ കൈകൾ പിടിച്ചു... മാപ്പു പറഞ്ഞു.  ഇരുവരും പതിയെ സംസാരിച്ചു തുടങ്ങി...

" അച്ഛനെ അമ്മ കുറ്റം പറയില്ല...  അമ്മയോട് ആദ്യരാത്രി തന്നെ അച്ഛൻ ചോദിച്ചിരുന്നു, നിനക്ക് ആരെയെങ്കിലും ഇഷ്ടമായിരുന്നോ അവരുമായി എങ്ങനെ ഉള്ള റിലേഷൻ ആയിരുന്നു എന്നൊക്കെ.... പക്ഷെ അന്നത്തെ എന്റെ വിവരക്കേടും അനുഭവക്കുറവും മൂലം എനിക്ക് ഒന്നും ഇല്ലായിരുന്നു എന്ന് ഞാൻ കള്ളം പറഞ്ഞു... അടുത്തറിയുമ്പോൾ എല്ലാം തുറന്നു പറയാം എന്ന് ഞാൻ കരുതി... നീയുണ്ടായി ഒരു വര്ഷം കൂടി കഴിഞ്ഞാണ് അച്ഛൻ ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിൽ വരുന്നതും അമ്മയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതും... അങ്ങനെ അച്ഛനും അമ്മയും ഒരുപാടു അടുത്തു... അച്ഛന്റെ ഏറ്റവും വലിയ പ്രത്യേകത ആയിരുന്നു ആരും കള്ളം പറയാൻ പാടില്ലെന്നുള്ളത്... എന്ത് തെറ്റ് ചെയ്താലും അച്ഛനോട് ഉള്ളത് പോലെ പറഞ്ഞാൽ അച്ഛൻ ക്ഷമിക്കുമായിരുന്നു... അങ്ങനെ ഒരുപാടു സംസാരിച്ച ഒരു ദിവസം ഞാൻ എന്റെ പ്രണയത്തെ കുറിച്ച് അച്ഛനോട് പറഞ്ഞു "

അന്ന് പത്താം ക്ലാസ്സിൽ പഠിക്കുമ്പോ ആയിരുന്നു ആദ്യമായി മുഹമ്മദിനെ ഞാൻ കാണുന്നെ...  ഞാൻ പാല് കൊടുക്കാൻ വീടുകളിൽ പോവുമ്പോ മദ്രസയുടെ മുന്നിൽ സൈക്കിളുമായി അവൻ കാത്തു നിക്കുന്നുണ്ടാവും... ആദ്യം ഒക്കെ എനിക്ക് അവനൊരു ശല്യമായി തോന്നിയിരുന്നു... അത്രക്കും വികൃതി ആയിരുന്നു അവൻ സ്കൂളിലും..

ഒരു ദിവസം അമ്മക്ക് സ്കൂൾ വിട്ടിറങ്ങുന്ന സമയം പീരിയഡ്‌സ് ആയി.. അന്ന് ഇതുപോലെ പാഡ്സ് ഒന്നും കിട്ടില്ല... തുണിയല്ലേ... പക്ഷെ ബ്ലീഡിങ് ആയതു ഞാൻ അറിഞ്ഞിരുന്നില്ല.. പാവാടയുടെ പിൻവശം മുഴുവൻ ചോരക്കളറായി....  ആണ്പിള്ളേര് പിന്നിൽ വന്നു കമന്റടിച്ച തുടങ്ങിയപ്പോഴാണ് അമ്മ അത് ശ്രദ്ധിക്കുന്നതു തന്നെ

അവളുടെ തൊണ്ട ഇടറി.....  നിവേദ് വെള്ളം ഗ്ലാസ്സിൽ പകർന്നു അവളെ എണീപ്പിച്ചിരുത്തി വെള്ളം കൊടുത്തു...

എന്ത് ചെയ്യണം എന്നറിയാതെ ഞാനും കൂട്ടുകാരിയും പകച്ചു നിന്നു.. രണ്ടര കിലോമീറ്റർ നടക്കണേ വീട്ടിലേക്കു... അപ്പോഴാണ് മുഹമ്മദ്‌ വരുന്നേ...

" എന്താടാ ഇതിനു മാത്രം ചിരിക്കാൻ... ??  നിന്റെ വീട്ടിലും പെണ്ണുങ്ങൾ ഒന്നും ഇല്ലേ ???  "

മുഹമ്മദിനെ ഭയമായിരുന്ന ചെറുക്കൻമാർ ചിതറി ഓടി...

" വാ ഞാൻ കൊണ്ടു വിടാം "

അവന്റെ വാക്കുകൾ കേട്ടു ഞാൻ അത്ഭുദത്തോടെ അവനെ നോക്കി....

മുഹ്‌ഹമ്മദ് സൈക്കിൾ എടുത്തു...

" തെങ്ങിൻ തോപ്പ് വഴി പോവാം.. ആരും കാണില്ല പേടിക്കണ്ട താൻ "

അങ്ങനെ ആദ്യമായി ഞാൻ ഒരാളുടെ സൈക്കിളിനു പിന്നിൽ കയറി... തെങ്ങിൻ തോപ്പ് പകുതി കഴിഞ്ഞതും മഴ പെയ്തു... മുഹമ്മദും ഞാനും തേങ്ങാപ്പുരയുടെ ഉള്ളിൽ കയറി നിന്നു

" അല്ല ഇങ്ങക്കിതു വരൂന്നു നേരത്തെ അറിയാന്മേലെ ???  "

നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ടു എനിക്ക് ചിരി വന്നു

" അല്ല ന്റെ പൊരേല് ഞാൻ ഒരാണും ഓരു എട്ടു പെണ്ണുങ്ങളും ആണെ... അവര് സ്കൂളിലേക്ക് പോവുമ്പോ ഉമ്മ തുണി കൊടുത്തു വിടണ കാണാം.. "

" എനിക്ക് വരണ്ട സമയം ആയിലായിരുന്നു.. എന്തെന്നറിയില്ല... "

" മൂപ്പരിങ്ങനെ പറയാൻണ്ടൊക്കെ വന്നാ ന്താ ചെയ്യാലെ... "

ഞാൻ അറിയാതെ ചിരിച്ചു പോയി...

കുറച്ചു നേരം രണ്ട് പേരും ഒന്നും മിണ്ടാതെ നിന്നു...

എടി... എനിക്ക് നിന്നെ ഇഷ്ടാണ്....

ഞാൻ ഒന്നും മിണ്ടിയില്ല...

നിനക്കോ... ???

അവിടെ നിന്നും ഞങ്ങളുടെ ബന്ധം ആരംഭിച്ചു.. എന്നും വൈകുന്നേരം കുറച്ചു നേരങ്ങളിൽ ഞങ്ങളവിടെ കൂടും... ഞാനും മുഹമ്മദും പിന്നെ കുറെ തേങ്ങകളും മാത്രം... എന്നും വൈകുന്നേരം ഓരു കുമ്പിൾ നിറയെ നാരങ്ങ മിടായിയും ആയി മുഹമ്മദ്‌ വരും... അവനതു വായിൽ വെച്ചു തരുമ്പോൾ ഉള്ള ഓരു സ്വാദുണ്ടായിരുന്നു.. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാൻ മുഹമ്മദിന് സ്വന്തമായിരുന്നു....

ഒരിക്കൽ തെങ്ങു കയറാൻ വന്ന വേലായുധൻ ചേട്ടൻ ഞങ്ങളെ തേങ്ങാ പുരയിൽ കണ്ടു... നാട്ടുകാർ കാര്യങ്ങൾ അറിഞ്ഞു... തമ്മിൽ തല്ലി കലാപം ഉണ്ടാവാതിരിക്കാൻ രാത്രിക്കു രാത്രി വാപ്പ മുഹമ്മദിനെ നാട് കടത്തി.. ഞാൻ മുറിയിലും ആയി... പിന്നെ അച്ഛനുമായുള്ള കല്ല്യാണം..

ഇത് ഞാൻ പറഞ്ഞത് മുതൽ അച്ഛന് എന്നോട് ദേഷ്യമായി.. പറയാൻ അവസരം തന്നിട്ടും പറയാതെ ഞാൻ എല്ലാം മറച്ചു വെച്ചെന്നായി... പിന്നെ കുടി ആയി.. സംശയം ആയി.... അങ്ങനെ ഓരു നാൾ......

അവളുടെ കണ്ണുകൾ നിറഞ്ഞു...

പക്ഷെ മോന്റെ അച്ഛന് സ്വന്തം ആയതിനു ശേഷം അമ്മ മനസുകൊണ്ട് പോലും മറ്റൊരാളെ സങ്കല്പിച്ചിട്ടില്ല.. പക്ഷെ അച്ഛന് സംശയം ആയിരുന്നു.. കൊച്ചച്ചൻ പോലും എന്നോട് മിണ്ടുന്നതു സംശയം ആയിരുന്നു... ഒരു പെണ്ണ് ആത്മാർത്ഥമായി സ്നേഹിക്കുന്ന പുരുഷൻ അവളെ സംശയിക്കുമ്പോളും തെറി വിളിക്കുമ്പോഴും ഒന്നും ചെയ്യിക്കാതെ കെട്ടി പൂട്ടി  വെക്കുമ്പോഴും ഒക്കെ അവളുടെ മനസ്സ് എത്ര വേദനിക്കും എന്നറിയുമോ... താലി എന്നൊരു ചങ്ങല ഉള്ളതുകൊണ്ട് എങ്ങും പോവില്ലെന്ന വിശ്വാസം.. എന്റെ മോനേ ഞാൻ കാണണം എന്ന് പറഞ്ഞത് അതിനാണ്..

നീ നാളെ ഒരു വിവാഹം കഴിക്കുമ്പോൾ, നിന്റേതായി ഒരാൾ വരുമ്പോൾ അവൾ നിന്റേതായിന് ശേഷം നിന്റേതു മാത്രം ആയിരിക്കണം എന്ന് നീ വിശ്വസിക്കുക... പെണ്ണായി ജനിച്ചവർക്കെല്ലാം വിവാഹത്തിന് മുൻപ് ഈ സമൂഹം ഒരു കറുത്ത ഭൂതകാലം തരാറുണ്ട്... ഇനി അഥവാ അവളെ വിശ്വസിച്ചും സ്നേഹിച്ചും മുന്നോട്ടു പോവാൻ കഴിഞ്ഞില്ലെങ്കിൽ അവളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിട്ടു നിന്നെ മനസ്സിലാക്കുന്ന ഒരു പെണ്ണിനെ കണ്ടെത്തുക.. ഉം... മോൻ കാരണം നാളെ ഒരു പെൺകുട്ടിയുടെയും കണ്ണ് നിറയില്ലെന്നു മോൻ അമ്മക്ക് വാക്ക് തരണം...

നിവേദിന്റെ കണ്ണുകൾ നിറഞ്ഞു

" എന്താടാ??? "

" ഒന്നും ഇല്ലമ്മ "

അവൻ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു....

" അമ്മക്ക് വാക്കു തരില്ലേ നീ???  "

" ഉം...  എന്റെ അമ്മയാണെ സത്യം, ഞാൻ കാരണം ഇനി ഒരിക്കലും ഒരു പെണ്ണിന്റെയും കണ്ണ് നന്നായില്ല "

അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു...

" മതി. ഇനി അധികം സ്‌ട്രെയിൻ എടുക്കണ്ട... ബാക്കി നാളെ മിണ്ടാം... "

നഴ്സ് നിവേദിനെ പുറത്തിറക്കി... കുറച്ചു നേരം അവൻ ഹോസ്പിറ്റൽ വരാന്തയിൽ അങ്ങനെ ഇരുന്നു...

ഫോണെടുത്തു ഷാഹിനയെ വിളിച്ചു...

" ഹെലോ "

" എവിടെയാ ???  "

" വീട്ടിൽ "

" വിഷമായോ?  "

" ഉം "

" സോറി...  നിനക്ക് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാം ഷാഹിന... നീ ആഗ്രഹിക്കുന്നണ്ടങ്കിൽ ഒരു നല്ല സുഹൃത്തായി എന്നും ഞാൻ കൂടെ ഉണ്ടാവും... നമ്മുടെ ഓർമ്മകൾ എല്ലാം ഫോണിനൊപ്പം ഞാൻ മനസ്സിൽ നിന്നും മായ്ച്ചു കളയുവാണ്... എന്നെ ശപിക്കരുത്...  മാപ്പ്. "

" നിവേദ്....  കൂടെ ഉണ്ടാവും.. നല്ല സുഹൃത്തായി "

" ശരിടി "

അവൻ ഫോൺ വെച്ചു.. അമ്മയുടെ നാട്ടിലേക്കു വണ്ടി കയറി.. മുഹമ്മദിന്റെ വീട്ടുകാരെ തിരക്കി... ഉമ്മയും വാപ്പയും മരിച്ചെന്നും പെങ്ങന്മാർ എല്ലാം കല്ല്യാണം കഴിഞ്ഞു പോയെന്നും അറിഞ്ഞു... അഞ്ചു പേരെ തപ്പി.. അഞ്ചു പേരും ഗൾഫിൽ.. ഒരാൾ മലപ്പുറത്ത്‌ ഉണ്ടന്നറിഞ്ഞു... അവിടെ തേടിപ്പിടിച്ചു ചെന്നു.. അപ്പോഴാണ് അറിയുന്നത് ആ സംഭവത്തിന്‌ ശേഷം മുഹമ്മദ്‌ വീട്ടിലേക്കു തിരിച്ചു വന്നിട്ടില്ലെന്ന്.. ഉമ്മയും ആയി വിളിക്കാറുണ്ടായിരുന്നു... ഇടക്കെപ്പോഴോ കല്ല്യാണം കഴിഞ്ഞെന്നറിഞ്ഞു.. ഹൈറേഞ്ചിൽ എവിടേയോ ആണ്... അന്ന് വിളിച്ചിരുന്ന ബൂത്തിലെ നമ്പർ ഉമ്മയുടെ പഴയ ഡയറിയിൽ നിന്നും കിട്ടി.. അത് വെച്ചു അന്വേഷിച്ചു നിവേദ് കുന്നിനു മുകളിൽ ഉള്ള ആ ചെറിയ വീടിനു മുന്നിൽ എത്തി... അവിടെ പതിനഞ്ചു വയസു തോന്നിപ്പിക്കുന്ന പെൺകുട്ടി വിറകു അടുക്കി വെക്കുന്നുണ്ടായിരുന്നു

" ആരാ?  "

അവനെ മനസ്സിലാവാതെ അവൾ ചോദിച്ചു

" മുഹമ്മദിന്റെ വീട് ?? "

" വാപ്പി "

അവൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു...

മെലിഞ്ഞൊട്ടി ചുമ്മച്ചുകൊണ്ടു ഒരാൾ പുറത്തേക്കു വന്നു...

ആരാ ???  മനസ്സിലായില്ല...

നിവേദ് മുഹമ്മദിനോട് നടന്നതെല്ലാം പറഞ്ഞു... മകൾ ആയിഷ എല്ലാം കേട്ടു കൊണ്ടു നിന്നു... നിവേദ് പറഞ്ഞു കഴിഞ്ഞതും മുഹമ്മദ്‌ അവനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.. ആയിഷയുടെ കണ്ണുകളും നിറഞ്ഞിരുന്നു...

" അമ്മ കാണണം എന്നൊന്നും പറഞ്ഞില്ല.. പക്ഷെ എനിക്കറിയാം ആ മനസ്സ്...  എന്റെ കൂടെ വരണം "

മുഹമ്മദ്‌ ആയിഷയെ നോക്കി

" മ്മക്ക് പോവാം വാപ്പി "

" അവൾക്കറിയാം ആ വിഷമം... അമ്മ ഇല്ലാത്ത കുട്ടിയാണേ... "

മുഹമ്മ്ദ് പറഞ്ഞു... ശേഷം ആയിശുവിന്‌ നേരെ തിരിഞ്ഞു...

" ഇതാരെന്നറിയുവോ... നിന്റെ ഇക്കയാണ്... ഇനി അനക്ക് ആരും ഇല്ലന്ന് പറയരുത് "

നിവേദിനെ തൊട്ടു കൊണ്ടു നിറകണ്ണുകളോടെ മുഹമ്മദ്‌ പറഞ്ഞു...

അവർ ഹോസ്പിറ്റലിൽ എത്തി.. ആവേശത്തോടെ നിവേദ് മുന്നിൽ നടന്നു.. അമ്മക്ക് ഇന്നൊത്തിരി സന്തോഷം ആവും.. ഒരു മകനെന്ന രീതിയിൽ ഒന്നും ചെയ്യാൻ തനിക്കു കഴിഞ്ഞില്ല... ഇതെങ്കിലും എന്റെ അമ്മക്ക് വേണ്ടി എനിക്ക് ചെയ്യണം.. പക്ഷെ മുറിക്കു മുന്നിൽ ചെന്നതും എല്ലാവരും കൂട്ടം കൂടി നിക്കുന്നത് അവർ കണ്ടു.. നിവേദ് ഓടി മുറിയിലേക്ക് എത്തി... അവിടെ അമ്മ ചലനമില്ലാതെ കിടക്കുന്നുണ്ടായിരുന്നു...

ഒരലറലോടെ നിവേദ് മുട്ടുകുത്തി നിലത്തേക്കിരുന്നു... ആളുകളെ തള്ളി മാറ്റി മുഹമ്മദ്‌ അകത്തേക്ക് വന്നു... ഒരു കാലത്തു തന്റെ സ്വപ്ന സുന്ദരി ആയിരുന്നവൾ വിരൂപയായി ചേതനയറ്റു കിടക്കുന്നതു കണ്ടു അവന്റെ കണ്ണ് നിറഞ്ഞു.. ആയിഷ കണ്ണുകൾ മിഴിച്ചു നിന്നു..

മുഹമ്മദ്‌ അവളുടെ അരികിലേക്ക് ചെന്നു... അവളുടെ മുഖത്തേക്ക് തന്നെ നോക്കി..

നിവേദ് പൊട്ടി കരഞ്ഞു കൊണ്ടിരുന്നു...

മുഹമ്മദിന്റെ കണ്ണുനീർ തുള്ളികൾ അവളുടെ മുഖത്ത് വീണു.. ഹൃദയം നുറുങ്ങുന്ന വേദനയോടെ മുഹമ്മദ്‌ അവളെ നോക്കി.. ഒരിക്കൽ താൻ ഒരുപാട് സന്തോഷത്തോടെ ചുംബിച്ചിരുന്ന നെറ്റിയിൽ ഹൃദയം തകർന്നു ഉമ്മ വെക്കുവാനായി മുഹമ്മദ്‌ കുനിഞ്ഞു.. എന്നാൽ തന്റെ ചുണ്ട് അവളുടെ നെറ്റിയിൽ മുട്ടും മുന്നേ മുഹമ്മദിന്റെ ഹൃദയ താളം നിലച്ചു.. അവൻ മറിഞ്ഞു നിലത്തേക്ക് വീണു...

ആയിഷ ഓടി വന്നു വീണു കിടക്കുന്ന മുഹമ്മദിനെ നോക്കി... ഡോക്ടർ അയ്യാളുടെ കൈ പിടിച്ചു നോക്കി...

നിവേദിനെ നോക്കി ജീവനോടെ ഇല്ലന്ന് തലയാട്ടി.... അവൻ ആയിഷയെ നോക്കി.. അവൾ പകച്ചു നിൽക്കുന്നു...

നിവേദ് എണീറ്റു അവളുടെ അരികിലേക്ക് ചെന്നു.. തോളിൽ കൈ വെച്ചു.. പൊട്ടി കരഞ്ഞുകൊണ്ട് ആയിഷ അവനെ കെട്ടിപ്പിടിച്ചു... തന്റെ അനിയത്തിയെ ചേർത്തു പിടിച്ചു സ്വന്തം സങ്കടം ഉള്ളിൽ ഒതുക്കി നിവേദ് അവളെ ആശ്വസിപ്പിച്ചു.
ലൈക്ക് ഷെയർ ചെയ്യണേ...
😊
സ്നേഹം  ❤️
രചന: കണ്ണൻ സാജു

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top