എന്റെ കുഞ്ഞിന്റെ ഭാഗ്യമാണ് മോളെ പോലൊരു കൊച്ചിനെ ഭാര്യയായി കിട്ടാൻ പോകുന്നതെന്ന് പറഞ്ഞു വിവാഹത്തിന് വാക്കുറപ്പിച്ചു ആറു മാസം മുന്നേ ജനനിയുടെ കൈയ്യിൽ ഇട്ടുകൊടുത്ത വള നിർദ്ദാക്ഷണ്യം ഊരിയെടുക്കുമ്പോൾ ശാരദയമ്മ പറയുന്നുണ്ടായിരുന്നു നിന്നെ പോലൊരു പെങ്കൊച്ചിനെ ഇനി എങ്ങനാ കുടുംബത്തു കയറ്റുകയെന്നു... അശ്രീകരം പിടിച്ച ഈ തറവാട്ടിൽ കാലുകുത്തിയാൽ മൂന്നു കുളിച്ചേ വീട്ടിൽ ചെന്നു കേറാവൂ എന്ന് പറഞ്ഞു അവർ ആ ഉമ്മറപ്പടികൾ ഇറങ്ങിപോകുമ്പോൾ സ്വന്തം മകളുടെ ദുർവിധിയോർത്തു തേങ്ങി കരയാൻ മാത്രമേ മാധവൻ മാഷ്‌ക്കും ദേവകി ടീച്ചർക്കും കഴിയുമായിരുന്നുള്ളൂ...
എന്നാൽ ജനനിയുടെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീരു പോലും വീണില്ല... കരയാൻ കണ്ണീർ ബാക്കി ഇല്ലായിരുന്നു എന്ന് വേണം പറയാൻ...
നാടും നാട്ടാരും കൊട്ടിഘോഷിച്ച പരിയാരം പീഡനക്കേസിലെ ഇരക്ക് കരയാൻ ഉള്ള അവകാശവും ഇല്ലാതായി കഴിഞ്ഞിരുന്നു...
അച്ഛനെയും അമ്മയെയും നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചിട്ട് അവൾ അകത്തേക്ക് ഓടികേറി... നേരെ ചെന്നു ബെഡിൽ മുഖം പൂഴ്ത്തി കരയുമ്പോൾ കഴിഞ്ഞ ഒൻപതു വർഷത്തെ തന്റെ ശ്രീയേട്ടനോടുള്ള പ്രണയവും ഇനി തനിക്ക് ഇല്ലെന്ന തിരിച്ചറിവ് അവളെ തളർത്തി... ഈ സാഹചര്യത്തിൽ അവൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ശ്രീയേട്ടന്റെ ഒരു തലോടലിനായിരുന്നു..ഒന്ന് ചേർത്ത് നിർത്തി നിനക്കൊന്നും ഇല്ല പെണ്ണെ.. ഞാൻ കൂടെ ഉണ്ടെന്ന് പറയുമെന്ന് വെറുതെ അവൾ വ്യാമോഹിച്ചു...
അല്ലേലും ശ്രീയേട്ടനെ തെറ്റ് പറയാൻ പറ്റില്ലല്ലോ... എന്നെപോലെ ഒരു പെണ്ണിന് ജീവിതം തരാൻ ആരും തയാറാവില്ല...
പ്രേമിക്കുന്ന സമയത്ത് മറ്റുള്ള കാമുകി കാമുകൻമാരെ പോലെ പല ചാപല്യങ്ങളും കാണിക്കാൻ ശ്രീയേട്ടൻ മുതിർന്നിട്ടും അതിനൊക്കെ എതിർത്തു നിന്നത് താൻ ആണെന്ന് അവൾ ഓർത്തു... അന്നൊക്കെയും താൻ പറഞ്ഞിരുന്ന ഒരു വാചകം ഉണ്ട്...
"ശ്രീയേട്ടന്റെ ഭാര്യയായി വലതുകാലെടുത്തു വെച്ച് ആ വീട്ടിലേക്ക് വരുമ്പോൾ എല്ലാ അർത്ഥത്തിലും പരിശുദ്ധ ആയിരിക്കണം ഞാൻ... "
ഇന്ന് ആ പരിശുദ്ധി ഇല്ലാത്ത തന്നെ പോലൊരു പെണ്ണിനെ വേണ്ടെന്ന് വെച്ചതിൽ ഒരു തെറ്റും ഇല്ലെന്ന് അവൾ സ്വയം ആശ്വസിക്കാൻ ഒരു വിഫലശ്രമം നടത്തി... എത്രയൊക്കെ പറഞ്ഞു പഠിപ്പിക്കാൻ നോക്കിയാലും മനസിന്റെ പിടച്ചിൽ മാറില്ലല്ലോ... അതങ്ങനെ നിർത്താതെ പെയ്തു കൊണ്ടേ ഇരുന്നു...
മാധവമാഷും ദേവകി ടീച്ചറും ഇതൊക്കെയും കണ്ടു മുറിക്ക് പുറത്ത് നിൽപ്പുണ്ടായിരുന്നു... മകളെ ആശ്വസിപ്പിക്കാൻ പോകാൻ ഒരുങ്ങിയ ടീച്ചറെ തടഞ്ഞു കൊണ്ടു മാഷ് പറഞ്ഞു...
കരയട്ടെ അവൾ... കരഞ്ഞു കരഞ്ഞു കണ്ണീർ നിക്കുമ്പോ പിന്നെ ചിന്തിക്കാൻ തുടങ്ങും.. ഇന്ന് അവസാനിച്ചു എന്ന് വിചാരിക്കുന്ന അവളുടെ ജീവിതം യദർത്ഥത്തിൽ അന്നാണ് തുടങ്ങാൻ പോകുന്നെ...
എന്നാലും മാഷേ... നമ്മുടെ കുട്ടി...
അതേ ദേവകി അവൾ നമ്മുടെ കുട്ടി തന്നെയാണ്... അങ്ങനെ തളരാൻ സമ്മതിക്കുമോ... എന്തായാലും നിർഭയയെ പോലെ..., സൗമയെ പോലെ..., ജിഷയെ പോലെ... വെറുമൊരു ചാനൽ എസ്‌ക്ലൂസിവ് ആയി തീരാൻ എന്റെ മകളുടെ ജീവിതം ഞാൻ വിട്ടുകൊടുക്കില്ല ദേവകി... അവളെ ഈ നിലയിൽ എത്തിച്ചവരെ പാഠം പഠിപ്പിച്ചിരിക്കും... അതിനു എനിക്ക് ഒരു ആൺ മകൻ വേണമെന്നില്ല... എന്റെയും നിന്റെയും മുപ്പത് വർഷത്തെ അധ്യാപന ജീവിതം ഉണ്ടല്ലോ... അതിൽ ഉണ്ട് എല്ലാം...
ശരിയാണ്... ഒരു അധ്യാപകൻ എന്നതിനെക്കാൾ മാധവൻമാഷ് പലർക്കും മാർഗദർശി ആയിരുന്നു... ആ ശിക്ഷണത്തിൽ വളർന്നു വന്ന കുറെയേറെപ്പേർ ഉണ്ടായിരുന്ന കൊണ്ടാവും അധികം താമസം ഇല്ലാതെ തന്നെ കോടതിയിൽ ജനനിയുടെ കേസ് എത്തിയതും കൊമ്പത്തെ വക്കീൽ വന്നിട്ട് പോലും പ്രതികളെ ഊരിക്കൊണ്ടു പോകാൻ പറ്റാത്തതും...
ഇത്രയും വർഷം ഭാര്യയും ഭർത്താവും സ്കൂളിൽ ജോലി ചെയ്തിട്ടും എന്ത് സമ്പാദിച്ചു എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടി ആയിരുന്നു അത്... അല്ലെങ്കിലും ശിഷ്യഗണം എന്നും ഏതൊരു അധ്യാപകനും വിലമതിക്കാൻ ആവാത്ത സ്വത്ത് തന്നെ ആണല്ലോ...
*************************************
റൂമിലേക്ക് കയറിയപ്പോഴേ മാധവമാഷും ദേവകിടീച്ചറും കണ്ടു ജനലിലൂടെ തെക്കേപ്പുറത്തെ ചെമ്പകത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ജനനിയേ...
അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഒന്ന് ചുമച്ചിട്ട് അദ്ദേഹം പറഞ്ഞു തുടങ്ങി...
കേസിന്റെ വിധി വന്നിട്ട് ഒരു മാസം ആയില്ലേ മോളെ... ഇനിയും നീ ഇങ്ങനെ ഇവിടെ ചടഞ്ഞു കൂടി ഇരിക്കണോ...? കോളേജിലേക്ക് പൊയ്ക്കൂടേ... അവിടെ നിന്ന് സാറുമാർ വിളിക്കുവല്ലേ...
പെട്ടെന്ന് കോളേജിന്റെ പേര് കേട്ടപ്പോൾ ജനനിയിൽ ഒരു ഞെട്ടൽ ഉണ്ടായി.. പരിയാരം മെഡിക്കൽ കോളേജ്... തന്റെ ജീവിതം ചവിട്ടിയരക്കപെട്ട ആ നശിച്ച കോളേജ് ഡേ ദിവസം ഒന്നുകൂടി അവളുടെ മുൻപിൽ തെളിഞ്ഞു...
അത് മനസിലാക്കിയെന്നവണ്ണം മാധവൻമാഷ് പറഞ്ഞു..
ഇത്രയും കാലം മോളെ ഒന്നിനും ഈ അച്ഛനും അമ്മയും നിര്ബന്ധിച്ചില്ല.. പക്ഷെ ഇനി അത് പറ്റില്ല... ഇങ്ങനെ പാഴാക്കി കളയാൻ ഉള്ളതല്ല എന്റെ കുട്ടിയുടെ ജീവിതം...
അച്ഛാ.. അത് പിന്നെ..
ഒന്നും പറയണ്ട ന്റെ കുട്ടി... ഞങ്ങളില്ലേ നിന്റെ കൂടെ...മോള് ആഗ്രഹിച്ചതല്ലേ ഒരു ഡോക്ടർ ആവാൻ.. നിന്റെ ആ സ്വപ്നത്തിനു ഇനി ഒരു ആറു മാസത്തെ സമയം മാത്രം ആണ് ബാക്കി ഉള്ളത്... ന്റെ കുട്ടി അത് നേടണം...
അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം ജനനി മുടങ്ങിപ്പോയ പഠനം
പൂർത്തീകരിക്കാനായി കോളേജിലേക്ക് തിരിച്ചു വരാൻ ഇറങ്ങി...
അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും ഒരു ചെറിയ ഭയം അവൾക്കുള്ളിൽ ഉണ്ടായിരുന്നു... അച്ഛന്റെ വിശ്വസ്തൻ വിശ്വൻ ആണ് ജനനിയെ റയിൽവേ സ്റ്റേഷൻ ആക്കാൻ വന്നത്..
സ്റ്റേഷൻ എത്രയപ്പോഴേക്കും സിഗ്‌നനിൽ വണ്ടി നിർത്തിയ സമയം ഒരു ഇടുങ്ങിയ റോഡ് സൈഡിൽ ഒരു ചെക്കനെയും അയാളുടെ കൈയിൽ കിടന്ന് പിടയുന്ന ഒരു പെൺകുട്ടിയെയും ജനനിയുടെ ശ്രദ്ധയിൽ പെട്ടു..എന്നാൽ അയാൾ ആ പെന്കുട്ടിയെ ബാലക്കാരമായി പിടിച്ചു കൊണ്ടു പോകുകയാണെന്ന് അവൾക്ക് മനസിലായി... അപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു..
ജനനി താൻ കണ്ട കാഴ്ച വിശ്വനോട് പറഞ്ഞു...
മോളതൊന്നും നോക്കണ്ട.. ട്രെയിൻ സമയം ആയിന്നു പറഞ്ഞു അയാൾ വണ്ടി നിർത്താതെ പോന്നു...
വണ്ടി നിർത്തു വിശ്വേട്ടാ...
എന്തിനാ മോളെ... വയ്യാവേലി ആയിരിക്കും... വെറുതെ വേണ്ടാത്ത പണിക്കു പോയിട്ട് തലേ കേറ്റി വെക്കണോ..??
വിശ്വേട്ടനോട് വണ്ടി നിർത്താൻ അല്ലെ പറഞ്ഞേ...ഇന്നിപ്പോ വിശ്വവേട്ടൻ ചിന്തിച്ച പോലെ തന്നെ ആയിരിക്കും അല്ലെ അന്ന് എന്റെ കാര്യത്തിലും എല്ലാവരും ചിന്തിച്ചിട്ടുണ്ടാവുക... ഒരാൾ എങ്കിലും മറുത്തൊന്നു ചിന്തിച്ചിരുന്നു എങ്കിൽ ഇന്നെന്റെ ഈ വനവാസം ഒഴിവാക്കാമായിരുന്നു അല്ലെ...
വിശ്വന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഇരുട്ടിലേക്ക് മറഞ്ഞ ആ രൂപത്തെ പിന്തുടരാൻ ഇറങ്ങി...ഒടുക്കം അവൾ പാലത്തിനു താഴെ നിന്നു ഒരു പെൺകുട്ടിയുടെ ഞരക്കം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു...
അമാവാസി നാളിലെ ആ ഇരുട്ടിലും അവൾ കണ്ടു ഒരു പെൺകുട്ടിയെ പിച്ചിചീന്താൻ ശ്രമിക്കുന്ന ഒരു നരാധമനെ... ഒരിറ്റു ശ്വാസത്തിനായി അവന്റെ താഴെ കിടന്ന് പിടയുന്ന ആ പെൺകുട്ടിയിൽ അവൾ കണ്ടത് അന്നത്തെ ആ രാത്രിയിലെ ജനനിയെ തന്നെ ആയിരുന്നു... മറ്റൊന്നും ചിന്തിക്കാതെ അടുത്ത് കണ്ട കമ്പി പാര എടുത്തു അവൾ അയാളുടെ തലക്ക് അടിച്ചു..പ്രതീക്ഷിക്കാതെ ഏറ്റ പ്രഹരത്തിൽ താഴെ വീണുപോയ അയാളെ അവൾ തലങ്ങും വിലങ്ങും തല്ലി.. ആക്രോശിച്ചു കൊണ്ടു തന്നിലേക്ക് തിരിഞ്ഞ അയാളെ ജനനി അടിനാഭിക്ക് ചവിട്ടി... അപ്പോഴേക്കും രണ്ടു മൂന്നു പേരെ കൂട്ടി വിശ്വനും അങ്ങോട്ടേക്ക് എത്തിയിരുന്നു...
താഴെ കൂനിക്കൂടി മുഖം പൂഴ്ത്തിയിരുന്നു കരയുന്ന ആ പെൺകുട്ടിയെ ജനനി ചേർത്തു നിർത്തി ആശ്വസിപ്പിച്ചു... ചേച്ചി എന്ന് വിളിച്ചവൾ അവളിലേക്ക് ആർത്തലച്ചു പെയ്തു... ആരോ തെളിച്ച മൊബൈൽ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ മുഖം കണ്ട ജനനിയിൽ അറിയാതെ തന്നെ ഒരു ഞെട്ടൽ ഉണ്ടായി... അത് ശ്രീക്കുട്ടി ആയിരുന്നു... ശ്രീയേട്ടന്റെ ഒരേയൊരു അനിയത്തിക്കുട്ടി...
അപ്പോഴേക്കും വിളിച്ചു പറഞ്ഞത് അനുസരിച്ചു പോലീസ് സ്ഥലത്തു എത്തിയിരുന്നു... പുതിയ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ പാഞ്ഞെത്തിയ പത്രക്കാരുടെ കഴുകൻ ക്യാമറകണ്ണുകളുടെ വിശപ്പടക്കാൻ ശ്രീകുട്ടിയെ വിട്ടുകൊടുക്കാതെ ജനനി ചേർത്തു നിർത്തി...
***********************************
സ്വന്തം മകളുടെ മാനവും ജീവനും രക്ഷിച്ച ജനനിയെ തേടി ഒരിക്കൽ കൂടി ആ തറവാടിന്റെ പടി ചവിട്ടുമ്പോൾ ശാരദാമ്മയുടെ തല അപമാനഭാരത്താൽ താഴ്ന്നിരുന്നു... എന്തിന്റെ പേരിലാണോ ജനനിയെ തള്ളിപ്പറഞ്ഞത് അതേ ദുർവിധിയിൽ നിന്നും തന്റെ മകളെ രക്ഷിക്കാൻ ഇതേ ജനനി തന്നെ വേണ്ടി വന്നു എന്ന തിരിച്ചറിവ് കുറ്റബോധത്താൽ നീറിപുകയറുന്ന അവരുടെ മനസിനെ ഒന്നുകൂടി കുത്തിനോവിച്ചു...
ഒരു മനസാക്ഷികുത്തും കാണിക്കാതെ അന്ന് ജനനിയുടെ കൈയിൽ നിന്നും ഊരിയെടുത്ത വള വീണ്ടുമൊരിക്കൽ കൂടി അവളിലേക്ക് വെച്ചു നീട്ടുമ്പോൾ അത് വേണ്ടെന്ന് വെയ്ക്കാൻ ജനനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല... ആ സമയം മകളുടെ കണ്ണിൽ കണ്ട നിശ്ചയദാർഢ്യത്തിന്റെ തിളക്കം മാധവമാഷിനെയും ദേവകിടീച്ചറിനേയും മറുത്തൊന്നും പറയാൻ കഴിയാതാക്കി...
ഒരു ക്ഷമ പറച്ചിലിന് ഒരുങ്ങിയ ശാരദാമ്മയെ തടഞ്ഞു കൊണ്ടവൾ പറഞ്ഞു തുടങ്ങി...
ഇത് പഴയ ജനനി തന്നെ ആണ്...ഞാൻ മാറിയിട്ടൊന്നും... മൂന്നു തെരുവുനായ്ക്കൾ കടിച്ചു കീറിയ അതേ ശരീരം തന്നെ ആണ് എനിക്ക് ഇപ്പോഴും.. കുടുംബത്തിൽ കയറ്റാൻ കൊള്ളാത്ത അശ്രീകരം...അതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല..മാറ്റം വന്നിട്ടുണ്ട് എന്റെ മനസിന്... ചിന്തകൾക്ക്... കാഴ്ചപ്പാടിന്.. എന്നെകൊണ്ട് ഇനി ഒന്നിനും കൊള്ളില്ലെന്ന് വിചാരിച്ചു ഇനിയുള്ള ജീവിതം എങ്ങനെയൊക്കെയോ ജീവിച്ചു തീർക്കാം എന്നാ കരുതിയെ.. പക്ഷെ എനിക്ക് ചെയ്യാൻ ഇനിയും കുറെയേറെ ഉണ്ടെന്ന് മനസിലായി... അതിനു ഒരു ആന്തുണയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. ഇനി അങ്ങനെ എന്തേലും ചിന്ത വരുവാണേൽ ഒരു വികലാന്ഗനെ കെട്ടാൻ എനിക്ക് തീര്ത്തും താല്പര്യം ഇല്ല…അമ്മയുടെ മകന് നട്ടെല്ലിന്റെ കുറവുള്ളത് ഞാൻ അറിയാതെ പോയല്ലോ...
മോളെ ജനനി...
ജനനി അല്ല... പുനർജനി... ഇനി അതാണ് എന്റെ നാമം.. എന്നെപോലെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ജീവിതം ഇല്ലാണ്ടായി പോയ കുറേപ്പേരുണ്ട് നമ്മുടെ നാട്ടിൽ... അവർക്കൊരു പുനർജ്ജന്മം കൊടുക്കാൻ കഴിയുവെങ്കിൽ അതിനായി നീക്കി വെക്കുവാന് എന്റെ ബാക്കി കാലം...
തലകുനിച്ചു ഇറങ്ങി പോകുന്ന ശാരദാമ്മയെ നോക്കി ഉമ്മറക്കോലായിൽ തന്നെ ജനനിയും അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു... മകളുടെ രണ്ട് വശങ്ങളിലും അഭിമാനത്തോടെ കൈ ചേർത്ത് പിടിച്ചു തല ഉയർത്തി തന്നെ.. അകത്തു ന്യൂസ് ചാനലിൽ ബ്രേക്കിങ് ന്യൂസ് സ്ക്രോൾ ചെയ്യുന്നുണ്ടായിരുന്നു അപ്പോൾ..
"ഈ വർഷത്തെ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പ്രതേക പുരസ്‌കാരം മലയാളി പെൺകുട്ടി ജനനി മാധവന്....!!!"
പോലീസ് എഫ്. ഐ. ആറിലേയും കോടതി മുറയിലെയും ഒരു നമ്പർ മാത്രം ആയിതീരമായിരുന്ന ഒരു ജീവന്റെ പുനർജ്ജന്മം തന്നെ ആയിരുന്നു അത്...
എല്ലാ അർത്ഥത്തിലും ഏത് യാതനയും സഹിച്ചു ഭൂമിയോളം താഴ്ന്നിരുന്ന ജനനിയുടെ പുനർജ്ജന്മം..
(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ....)
രചന: ഗീതു സജീവൻ
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
