രചന: ലില്ലി
""എത്രയാടീ നിന്റെ ഒരു രാത്രിയിലെ റേറ്റ്..."
ലഹരിയുടെ മണമുള്ള ആ വാക്കുകൾ തീക്കാറ്റായി എന്റെ നെഞ്ചിലേക്ക് ചിതറിവീണതും അയാളുടെ മുഖത്തേക്ക് ഞാനെന്റെ കൈകൾ ആഞ്ഞു വീശി...
നഗരമധ്യത്തിലുള്ള പ്രധാന പഞ്ചനക്ഷത്ര ഹോട്ടലിന്റെ റിസപ്ഷൻ ആണിതെന്നും..
അയാൾ ഒരു ഗസ്റ്റ് ആയിരുന്നുവെന്നും. ..
ഞാനിവിടെ കേവലമൊരു ജോലിക്കാരി മാത്രമാണെന്നും ഒരുവേള ഞാൻ മറന്നു..
ചുറ്റുമുള്ള കണ്ണുകൾ എല്ലാം അമ്പരപ്പോടെയും ഞെട്ടലോടെയും വിടരുന്നതും അത്ഭുതഭാവത്തോടെ ഞങ്ങളിലേക്ക് നീളുന്നതും ഞാനറിഞ്ഞു....
""എടീ..."" അടുത്ത നിമിഷം അലർച്ചയോടെ അയാളുടെ കയ്യുകൾ എന്റെ കഴുത്തിൽ ബലമായി അമർന്നപ്പോൾ ശ്വാസത്തിനായി ഞാൻ പിടഞ്ഞുപോയി...
മറ്റു സ്റ്റാഫുകളും, ലോബിയിൽ ഇരുന്ന മറ്റ് ഗസ്റ്റുകളും അയാളെ ബലമായി എന്നിൽ നിന്നും അടർത്തി മാറ്റുമ്പോൾ ആ കത്തുന്ന കണ്ണുകൾ എന്നിൽ നേരിയ ഭയം ജനിപ്പിച്ചെങ്കിലും, എന്റെ അഭിമാനത്തെ പരസ്യമായി ചോദ്യം ചെയ്തവന് മുന്നിൽ തോറ്റുകൊടുക്കാനോ കണ്ണീരണിഞ്ഞു ദുർബലയാകാനോ എനിക്ക് മനസ്സില്ലായിരുന്നു...
ഈ ഹോട്ടലിലെ റിസെപ്ഷനിസ്റ്റായി കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ഞാൻ ജോലിചെയ്യുന്നു.. മുഖത്തും ചുണ്ടിലും ചായം പൂശി, ഏത് വികാരങ്ങൾക്ക് മീതെയും പുഞ്ചിരിയുടെ ആവരണമിട്ട് സമ്പന്നരായ അതിഥികളെ സ്വീകരിക്കുന്നവൾ...
ആദ്യമായി നേരിട്ട ദുരനുഭവത്തിന്റെ പകപ്പിൽ ഞാനൊന്ന് ഇടറിപ്പോയി...
ചൂഴ്ന്നുനോട്ടങ്ങളും വശ്യമായ ചിരികളും പലപ്പോഴും കണ്ടില്ലെന്ന് നടിക്കാറായിരുന്നു പതിവ്. ഹോട്ടൽ ജീവനക്കാരികളായ സ്ത്രീകളെല്ലാം ദുർനടപ്പുകാരികൾ ആയിരിക്കാം എന്ന് സമൂഹം ചാർത്തിയ ലേബൽ ഇന്നും മാഞ്ഞിട്ടില്ല എന്ന സത്യം വീണ്ടും എന്നിലേക്ക് മറനീക്കി വന്നു എന്ന് ഞാനറിഞ്ഞു.
വാരിത്തേച്ച ചായങ്ങൾ കഴുകി കളഞ്ഞാൽ, ഒരു കുടുംബത്തിന്റെ അത്താണിയായി നിലകൊള്ളുന്നവളാണ് അവളെന്ന്, അഭിമാനമുള്ള ഒരുവളാണ് അവളെന്ന് സമൂഹം ഒരിക്കൽ പോലും ചിന്തിക്കാറില്ല...
""കാർത്തികാ... എന്റെ ക്യാബിനിലേക്ക് വാ... ""
പരുഷമായ മാനേജരുടെ ആജ്ഞയെ അനുസരണയോടെ കേട്ടുകൊണ്ട് എനിക്കുള്ള അടുത്ത വിധിയെ സ്വീകരിക്കാൻ അയാൾക്ക് പിന്നാലെ ഞാൻ നടക്കുമ്പോഴും എന്റെ മനസ്സ് ശൂന്യമായിരുന്നു...
എല്ലാവരും എന്നെ കുറ്റവാളിയെ പോലെ നോക്കുന്നു എന്ന് ഞാനറിഞ്ഞപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു വേദന നിറഞ്ഞുവന്നു...
സൗത്ത് ഇന്ത്യയിലെ പ്രധാന ബിസിനസ് ഗ്രൂപ്പ് ആയ ശോഭ ഇൻഡസ്ട്രീസിന്റെ തലവൻ ""രാജീവ് മേനോൻ""....
അയാളെയാണ് ഞാൻ കൈനീട്ടി അടിച്ചതെന്ന്...
ഈ ഹോട്ടലിൽ അയാൾക്കും ഷെയർ ഉണ്ടെന്ന്...
എന്നെ കേൾക്കാൻ പോലും മനസ്സില്ലാതെ ഞാൻ എന്തോ വലിയ പാതകം ചെയ്ത പോലെ വേണുസാർ എനിക്ക് നേരെ ചീറുമ്പോൾ നിശബ്ദമായി ജനല്പാളികളിലൂടെ ദൂരേക്ക് നോക്കി ഞാൻ നിന്നു...
എന്നിലെ ശരികളെ ഉറക്കെ പറയുവാൻ ആഗ്രഹിക്കുമ്പോഴും വാക്കുകൾ തൊണ്ടക്കുഴിയിൽ വീണു മരിക്കുന്നു...അവ ജനിച്ചാലും ചാപിള്ളകൾ ആകുമെന്ന് സ്വയം അറിഞ്ഞു കാണണം...
""നീ ചെയ്തത് തെറ്റാണെന്ന് ഞാൻ പറയില്ല മോളേ... എന്നാലും അവരെ പോലെയുള്ള വലിയ വലിയ ആളുകളോട് പിടിച്ചു നിൽക്കാൻ നമുക്ക് പറ്റുവോ... ""
വയൽ വരമ്പിലൂടെ വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന സുമചേച്ചിയുടെ വാക്കുകൾക്കും മറുപടി നൽകാനാകാതെ കാറ്റിൽ ഉലയുന്ന തെങ്ങോലകളെയും പറന്നകലുന്ന കൊറ്റികളെയും നോക്കി ഞാൻ നടന്നു...
മനസ്സ് ഇപ്പോഴും അയാളുടെ കലങ്ങിയ കണ്ണുകളിൽ ഉറഞ്ഞുകൂടിയ ദേഷ്യത്തിന്റെ നെരിപ്പോടുകളിൽ വീണ് പുകയുകയായിരുന്നു..
ഇന്ന് ആദ്യമായല്ല അയാളെ കാണുന്നത്...
കഴിഞ്ഞ കുറേ മാസങ്ങളായി ഇടയ്ക്കിടയ്ക്ക് ഹോട്ടലിലേക്ക് വരികയും 104 ആം നമ്പർ റൂം തന്നെ വേണമെന്ന് ബാലിശമായി ആഗ്രഹിക്കുകയും ചെയ്യുന്നൊരാൾ...
ആതിഥേയ മര്യാദകളോടെ നോക്കി പുഞ്ചിരിച്ചാൽ പോലും മുഖം തരാത്ത,
മുപ്പത് വയസ്സിനോടടുത്ത സുമുഖനായൊരാൾ...
പക്ഷേ ഇന്ന് അയാളുടേതായ റൂം, മുൻപേ ബുക്കിങ് ചെയ്യാത്തതിനാൽ മറ്റൊരു ഗസ്റ്റിനു കൊടുക്കേണ്ടി വന്നു...
കാര്യം സൗമ്യമായി സംസാരിച്ചു മറ്റൊരു റൂം അയാൾക്കായി നൽകാം എന്ന് ഞാൻ പറഞ്ഞപ്പോൾ എന്തൊക്കെയോ ദേഷ്യത്തോടെ സംസാരിച്ചു... വാക്കുകൾ പരിധി വിട്ടു തുടങ്ങിയപ്പോൾ ഇടയ്ക്കെപ്പോഴോ എന്റെയും ക്ഷമയുടെ കടിഞ്ഞാണുകൾ പൊട്ടിയിരുന്നു.തിരിച്ചും എന്തൊക്കെയോ മറുപടി ഞാനും പറഞ്ഞു...
ഒരുപക്ഷെ കേവലമൊരു ഹോട്ടൽ ജീവനക്കാരി അയാളോട് എതിർത്തു സംസാരിച്ചത് ഉൾക്കൊള്ളാൻ ആയിക്കാണില്ല... അല്ലെങ്കിൽ സ്വയം ജയിക്കാനായി വാക്കുകൾക്ക് തീവ്രത കൂട്ടിക്കൊണ്ട് എന്നെ തീർത്തും അപമാനിക്കാനുള്ള വഴികൾ അയാൾ തേടുകയായിരുന്നു...
മനസ്സ് ചിന്തകളുടെ കൂമ്പാരങ്ങൾക്ക് മേൽ വീണലിഞ്ഞപ്പോൾ, ജനലഴികളിൽ കൈചേർത്തു വയൽക്കാറ്റേറ്റ് ഞാൻ നിന്നു....
"" വന്നോടീ അവള്...കണ്ട ഹോട്ടലിൽ ഒക്കെ പോയി അഴിഞ്ഞാടീട്ട് വന്നോ നിന്റെ മോള്... ""
മുറ്റത്തേക്ക് നീട്ടി തുപ്പി നാല് കാലിൽ കയറി വന്ന അച്ഛന്റെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി...
കിട്ടുന്ന കാശ് മുഴുവൻ കള്ള് കുടിച്ചു നശിപ്പിച്ചു ഭാര്യയെയും മക്കളെയും പോറ്റാത്ത മറ്റൊരാൾ..എന്റെ അച്ഛൻ..
ഈ ജോലികൊണ്ടാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നതെന്ന സത്യം മനസ്സിലേക്ക് വന്നടിഞ്ഞപ്പോൾ ഒരുപക്ഷേ നാളെ ആ പിടിവള്ളിയും കൈവിട്ടു പോകുമല്ലോ എന്ന് ഞാൻ വേദനയോടെ ഓർത്തുപോയി...
അഞ്ചു വർഷമായി ഒരു ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരുവിധം നല്ല ശമ്പളവുമുള്ള ജോലിയായിരുന്നു.. ഒരുപക്ഷെ അത് നഷ്ടമായാൽ ചിലപ്പോൾ..എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഞാനുഴറി..
അപ്പോഴും ചെയ്തത് തെറ്റായിപ്പോയി, വേണ്ടിയിരുന്നില്ല, എന്നൊന്നും എന്റെ മനസ്സാക്ഷി എന്നെ ചോദ്യം ചെയ്തില്ല...
""ഇന്നോടെ തന്റെ ഇവിടുത്തെ സേവനം അവസാനിച്ചു... നാളെ മുതൽ വേറെ ജോലി വല്ലതും നോക്കിക്കോ... ഇനി താൻ ഇങ്ങോട്ട് വരണ്ടാ... ""
പ്രതീക്ഷിച്ചിരുന്നുവെങ്കിലും അടുത്ത ദിവസം വേണുസാർ പറഞ്ഞ വാക്കുകൾ കേൾക്കെ കാതുകൾ വിറച്ചുപോയി...
""അയാള് തന്നെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ...എന്തായാലും ഒന്ന് സൂക്ഷിച്ചോ....ആളാണ് നിന്നെ ഇനി ഇവിടെ കാണാൻ പാടില്ലെന്ന് എം.ടി യോട് പറഞ്ഞത്...""
എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നലിൽ എന്റെ ഹൃദയം പിടയുന്നത് ഞാനറിഞ്ഞതും മൗനമായി തലകുലുക്കി ബാഗുമായി തിരികെ നടക്കാനൊരുങ്ങി...
""എടൊ താനൊന്ന് നിന്നെ...""
""എന്താണ് സാർ... ""
തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞപ്പോൾ ശബ്ദം ചിലമ്പിച്ചുപോയി...
""പരസ്യമായി, ഇവിടെ ഉള്ള എല്ലാ സ്റ്റാഫുകൾക്കും മുന്നിൽ വച്ച് അയാളുടെ കാലിൽ പിടിച്ചു മാപ്പ് പറയാൻ ഇയാള് തയ്യാറാണോ??.""
മനസ്സിലാകാത്ത പോലെ മുഖം ചുളിച്ചു ഞാൻ ഒരു ചുവടു കൂടി വേണുസാറിനരികിലേക്ക് വച്ചു...
""ആ, അത് തന്നെ... രാജീവൻ സാറിന്റെ കാല് പിടിച്ചു മാപ്പ് പറയുക...ഇവിടെ തന്നെ ജോലിയും തുടരുക...ഒരു കണക്കിന് ആള് തനിക്ക് നല്ലൊരു ഓപ്ഷൻ അല്ലേ തന്നത്..""
""പറ്റില്ല സാർ... അയാളാണ് എന്റെ കാല് പിടിക്കേണ്ടത്...പണവും പദവിയും ഉണ്ടെന്ന് വച്ചു പെണ്ണിന്റെ മാനത്തിനു വില ചോദിച്ചാൽ ഇനിയും അയാൾ എന്റെ കയ്യുടെ ചൂടറിയും... പറഞ്ഞു കൊടുത്തേക്ക് മുതലാളിയോട്.... '""
എടുത്തടിച്ചപോലെ എന്റെ വാക്കുകൾക്ക് മുന്നിൽ അയാളൊന്ന് അമ്പരന്നുപോയി...
"" എങ്കിൽ വരാനുള്ളതൊക്കെ അനുഭവിക്ക്... നിന്നെ ഇനി എങ്ങും ജോലിക്ക് എടുക്കില്ല... അയാളുടെ ഹോൾഡ് അറിയാല്ലോ...""
അവസാനമായി ആ വാക്കുകളിൽ ഉള്ളൊന്നു പുകഞ്ഞു...തിരികെ നടക്കുമ്പോൾ ഒരായിരം ചിന്തകൾ എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു...
വീട്ടിലേക്ക് ചെന്നു കസേരയിലേക്ക് ബാഗും വലിച്ചെറിഞ്ഞു കട്ടിലിലേക്ക് ഞാൻ വീണു... ആധിയോടെ അമ്മവന്നെന്റെ മുടിയിൽ തഴുകിയതും ആ നെഞ്ചിലേക്ക് വീണു ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് ഉള്ളിലെ ഭാരം ഇറക്കി വച്ചു അല്പനേരമങ്ങനെ കിടന്നപ്പോൾ ഒരാശ്വാസം പോലെ തോന്നിയെനിക്ക്...
തലയുയർത്തി അമ്മയുടെ മുഖത്തേക്ക് നോക്കിയതും രണ്ട് കാതിലും കമ്മൽ ഇടുന്ന ഭാഗത്തുള്ള മുറിവുകളിലേക്ക് എന്റെ കണ്ണുകൾ ചെന്നു നിന്നു...
വിറ്റ് കള്ള് കുടിക്കാൻ ആകെയുള്ള ഒരു തരി സ്വർണ്ണം കൊടുക്കാൻ അമ്മ വിസമ്മതിച്ചപ്പോൾ അച്ഛൻ ചെയ്തതാണെന്ന്..പാവം കണ്ണുകൾ കലങ്ങി കവിളിൽ അടികൊണ്ട പാടുകളുമായി എന്നെ ആശ്വസിപ്പിക്കുന്നു... നെഞ്ച് വിങ്ങി പൊട്ടി ഞാൻ നിലവിളിച്ചു കരഞ്ഞു പോകുമെന്ന് തോന്നി...
അച്ഛൻ... പവിത്രമായ ആ വാക്കിനോട് തീർത്തും അവജ്ഞ തോന്നിപ്പോയി....
"" എന്റെ മോള് അമ്മ പറയുന്നത് കേൾക്കുവോ. തെറ്റാണേൽ എന്നോട് പൊറുക്ക് മോളേ.
നീയോരു പെൺകുട്ടിയാ, എന്തേലും അവർ ചെയ്‌താൽ ഒന്ന് ചോദിക്കാൻ പോലും ആരും ഇല്ല നമ്മൾക്ക്... നിനക്ക് താഴെ ഒരു അനിയത്തീം ഉണ്ട്, മക്കള് ഒരുവട്ടം അയാളോട് ക്ഷമ പറഞ്ഞേക്ക്, ഇനി നമുക്ക് ആ ജോലീം വേണ്ട...പെണ്മക്കളെ ഓർത്തുള്ള പെറ്റ വയറിന്റെ ആധിയാണെന്ന് മോള് ചിന്തിച്ചാൽ മതി... ""
അമ്മയെന്റെ കവിളിൽ തലോടി പറഞ്ഞു കൊണ്ട് മുറിവിട്ട് പുറത്തേക്ക് പോയതും സംഭരിച്ച ധൈര്യം ചോർന്നൊഴുകി പോകുന്നു എന്ന് ഞാനറിഞ്ഞു...
ദീർഘനേരത്തെ ചിന്തകൾക്കൊടുവിൽ എന്നിലെ സ്ത്രീയെ, എന്നിലെ ആദർശങ്ങളെ തോൽപ്പിച്ചു കൊണ്ടു ഞാനൊരു തീരുമാനത്തിലെത്തി...
സ്വയം തോറ്റു കൊടുക്കാൻ...
സാഹചര്യങ്ങൾ മനുഷ്യനെ ദുർബലരാക്കും എന്ന് ഞാനാദ്യമായി അറിഞ്ഞു...
അടുത്ത ദിവസം, എല്ലാ സ്റ്റാഫുകൾക്കും നടുവിലായുള്ള സോഫയിൽ കാലിൻമേൽ കാൽകയറ്റി വിജയചിരിയോടെ ഇരിക്കുന്ന രാജീവനിൽ ഒരുവേള എന്റെ കണ്ണുകൾ ഉടക്കി...
എല്ലാവരും ഒരു കാഴ്ചവസ്തുവിനെ പോലെ എന്നെ കണ്ണുകൾകൊണ്ട് ഉഴിയുന്നു...വയ്യ ഈ നിമിഷം പിടഞ്ഞു വീണു മരിക്കാൻ ആഗ്രഹിച്ചു പോകുന്നു...
കണ്ണുകൾ നിയന്ത്രണമില്ലാതെ നിറയുന്നതും കണ്ണീരുപ്പിന്റെ രുചികൾ നാവിലേക്ക് ചെന്നടിയുന്നതും ഞാനറിഞ്ഞു...
നീറുന്ന നെഞ്ചോടെ മെല്ലെ തലയുയർത്തി ഞാൻ ആ മുഖത്തേക്ക് നോക്കിയതും എന്റെ നിറകണ്ണുകളിലേക്ക് അയാളുടെ നോട്ടം ആഴ്ന്നിറങ്ങുന്നത് ഞാനറിഞ്ഞപ്പോൾ ആളുടെ മുഖത്ത് വിരിഞ്ഞ ഭാവം തിരിച്ചറിയാനാകുമായിരുന്നില്ല...
പതിയെ കുനിഞ്ഞു ആ കാലുകളിലേക്ക് ഞാൻ സ്പർശിക്കും മുന്നേ എന്നിൽനിന്നൊരിറ്റ് കണ്ണീർ അയാളുടെ കാലുകളിലേക്ക് അടർന്നു വീണു....
അടുത്ത നിമിഷം അയാൾ ചാടിയെഴുനേറ്റ് ഒന്നും മിണ്ടാതെ കാറ്റുപോലെ പുറത്തേക്ക് പാഞ്ഞു പോകുന്നതും എന്ത് പറ്റിയെന്നറിയാതെ എല്ലാവരും പരസ്പരം മിഴിച്ചു നിൽക്കുന്നതും ഞാനറിഞ്ഞു...
സാരിത്തലപ്പാൽ മുഖം പൊത്തി നിർവികാരതയോടെ ഞാനും അവിടെ നിന്നും പടിയിറങ്ങി...
റോഡരികിലൂടെ ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ വേണുസാറിന്റെ കാൾ വന്നിരുന്നു...
എന്തായാലും മാപ്പൊന്നും പറയേണ്ടി വന്നില്ലല്ലോ എന്ന്...എന്നെ ജോലിക്ക് തിരികെ വിളിക്കണമെന്ന് പറഞ്ഞ് രാജീവൻ സാറ് ആ നിമിഷം മുതൽ റൂമിൽ കയറി കതകടച്ചതാണെന്ന്...
ഇനി അവിടേക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുകയും, കഴിയുമെങ്കിൽ അയാളോട് ഇനി ഉപദ്രവിക്കരുതെന്ന് പറയാനും ഞാൻ വേണുസാറിനോട് പറഞ്ഞു...
തിരികെയുള്ള മറുപടി കേൾക്കാൻ തയ്യാറാകാതെ ഫോൺ കട്ട് ചെയ്തു ഞാൻ വെയ്റ്റിംഗ് ഷെഡിന്റെ തടി ബഞ്ചിലേക്കിക്കുമ്പോളും മനസ്സ് പട്ടം പോലെ ലക്ഷ്യമില്ലാതെ എന്നിൽ നിന്നും എവിടേക്കോ പറന്നകലുകയായിരുന്നു.. ..
പെട്ടന്ന് അയാളിലുണ്ടായ ഭാവമാറ്റം അതെന്തിനായിരുന്നു എന്ന് ഞാൻ ദീർഘമായി ചിന്തിച്ചുവെങ്കിലും കരണമറിയാനെനിക്കായില്ല..
പിന്നീടുള്ള ദിവസങ്ങൾ ജോലി തേടി ഞാൻ അലയുകയായിരുന്നു... ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഹോട്ടൽ എക്സ്പീരിയൻസും പറഞ്ഞു ഓഫീസുകൾ തോറും ഞാൻ കയറിയിറങ്ങി...
മാസങ്ങൾ കടന്നു പോയി...
ഒന്ന് രണ്ട് തവണ വേണുസാർ നിർബന്ധപൂർവ്വമെന്നെ തിരികെ വിളിച്ചുവെങ്കിലും അവസാനം അവസാനം തിരികെ ചെല്ലാൻ അയാൾ അപേക്ഷിക്കുന്നപോലെ തോന്നി എനിക്ക്...
നിരസിക്കുമ്പോളും എന്തിനാണ് എനിക്ക് വേണ്ടി അയാൾ ഇങ്ങനെ സംസാരിക്കുന്നത് എന്ന സംശയം എന്നിൽ മുറുകി വന്നു...
തൊട്ടടുത്തൊരു തുണിക്കടയിൽ തൽക്കാലത്തേക്ക് സെയിൽസ് ഗേൾ ആയി ഞാൻ പോയി തുടങ്ങി....ഇടയ്ക്കിടയ്ക്ക് ചില ഇന്റർവ്യൂസ് ഒക്കെ അറ്റൻഡ് ചെയ്യാനും ഞാൻ ശ്രമിച്ചുവെങ്കിലും അവയെല്ലാം പരാജയത്തിലേക്ക് കൂപ്പുകുത്തി...
ഒരിക്കൽ കുന്നുകൂട്ടിയിട്ട തുണിത്തരങ്ങൾ മടക്കിവയ്ക്കുന്ന തിരക്കിൽ എനിക്ക് സമീപത്തുകൂടി നടന്നകന്ന ആളിലേക്ക് അത്ഭുതത്തോടെ ഞാൻ നോക്കിനിന്നുപോയി...
തിരിഞ്ഞു നിന്ന് ഒരു നിമിഷം എന്നെ നോക്കി നിൽക്കുന്ന രാജീവ്സാറിലേക്ക് എന്റെ കണ്ണുകൾ ഉടക്കി നിന്നു.. ആ കണ്ണുകൾ എന്നോടെന്തോ പറയുന്ന പോലെ...
പെട്ടന്ന് പോക്കറ്റിൽ നിന്നും കയ്യെടുത്ത് മുടി ഒതുക്കി വയ്ക്കുകയും തൊട്ടടുത്തു നിൽക്കുന്ന സൂപ്പർവൈസറോട് എന്തോ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്നതും ഞാനറിഞ്ഞു...
ചില ദിവസങ്ങൾ കടന്നു പോകെ
""ശ്രീ ചൈത്രാ മെഡിക്കൽ കോളേജിൽ നിന്നും റിസപ്ഷനിസ്റ്റായി നിയമിച്ചുകൊണ്ടുള്ള ഓഫർ ലെറ്റർ എന്നെ തേടി വന്നതും സന്തോഷത്താൽ എന്റെ ഹൃദയം ആർത്തിരമ്പി...
അമ്മയെ ഇറുക്കെ കെട്ടിപ്പുണർന്നു സന്തോഷം പങ്ക് വച്ചപ്പോൾ കാര്യമറിയാതെ എന്റെ അനുജത്തി മിഴിച്ചു നിൽക്കുന്നത് കാൺകെ അവൾക്ക് നേരെ ലെറ്റർ നീട്ടി പിടിച്ചു...
""എന്റെ ചുന്ദരി ചേച്ചിയെ ആരാ ജോലിക്ക് എടുക്കാത്തത്... "" കൊഞ്ചലോടെ അവളെന്റെ കവിളിൽ നുള്ളി...
ദിവസങ്ങൾ പിടിതരാതെ ഓടിമറഞ്ഞപ്പോൾ പുതിയ ജോലിയും ജീവിതവുമൊക്കെ എന്നിൽ സന്തോഷം പകർന്നു നൽകുന്നവയായിരുന്നു...
ഒരു ദിവസം ക്ഷേത്രത്തിൽ തൊഴുത് അൽത്തറയിലേക്ക് നീളുന്ന പടവുകൾ ഇറങ്ങവേ എനിക്കരികിലേക്ക് വിലകൂടിയ ഒരു കാർ വന്നു നിന്നതും പിന്നിലേക്ക് ഞാൻ മാറി...
കസവുസാരി ഉടുത്ത് പ്രായമേറിയ ഒരമ്മ ചിരിയോടെ ഡോർ തുറന്ന് എനിക്കരികിലേക്ക് വന്നതും വിടർന്ന കണ്ണുകളോടെ അവരെ ഞാൻ നോക്കി നിന്നു.... നെറ്റിയിൽ ചാർത്തിയ ഭസ്മവും ചുണ്ടിൽ വിടർന്ന വാത്സല്യമേറിയ ചിരിയും...
""മോൾക്കെന്നെ അറിയാൻ വഴിയില്ല...പക്ഷേ മോളേ ഈ അമ്മയ്ക്ക് അറിയാട്ടോ... ""
വീണ്ടും മനസ്സിലാകാതെ ഞാൻ നിശബ്ദമായി ചെറുചിരിയോടെ നിന്നു....
"" ആളെ പറഞ്ഞാൽ..അമ്മയോട് നീരസം ഒന്നും വയ്ക്കരുത്.... ഞാൻ രാജീവന്റെ അമ്മയാണ്...""
എന്റെ കൈകൾ കവർന്നു എന്നോടത് പറഞ്ഞതും ഒരു നിമിഷം എന്റെ ചുണ്ടിലെ ചിരി മാഞ്ഞപ്പോൾ ആ മുഖവും മങ്ങുന്നത് ഞാനറിഞ്ഞു...
"" അവൻ മോളോട് ചെയ്തതും പറഞ്ഞതും ഒക്കെ അമ്മ അറിയാൻ അല്പം വൈകിപ്പോയി...
എന്റെ മോന് വേണ്ടി ഞാൻ മോളോട് ക്ഷമ ചോദിക്കുവാട്ടോ... ""
""അയ്യോ അമ്മേ...അങ്ങനെ ഒന്നും പറയല്ലേ... അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ... ഞാൻ അതെല്ലാം അന്നേ മറന്നു...അന്ന് ജോലി ഉപേക്ഷിച്ചെങ്കിലും ഇപ്പോൾ അതിലും സന്തോഷം ആണ്... എല്ലാം ഒരു നിമിത്തം മാത്രമാ... ""
എന്തോ ആ അമ്മയുടെ രണ്ട് കൈകളും ഞാൻ ചേർത്തു പിടിച്ചുപോയി...മകന്റെ തെറ്റിന് ക്ഷമചോദിക്കുന്ന അമ്മമനസിനോട് ബഹുമാനം തോന്നിയെനിക്ക്...
ചിരിയോടെ എന്റെ കവിളിൽ തഴുകി ഇനിയും നമ്മൾ കാണും എന്ന് പറഞ്ഞ് യാത്ര പറഞ്ഞ ആ അമ്മയെ ചിരിയോടെ ഞാൻ നോക്കി നിന്നുപോയി....
ഒരുദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള ഒതുക്കുകല്ലുകൾ ചവിട്ടുമ്പോൾ മുറ്റത്ത് നിന്നും ഇടവഴിയിലേക്ക് വന്ന കാർ എനിക്ക് മുന്നിലേക്ക് നിർത്തി...
ഒരുവേള ഭയത്തോടെ പിന്നിലേക്ക് ആഞ്ഞു വീഴും മുന്നേ തൊട്ടടുത്തുള്ള മതിലിൽ കൈകുത്തി ഞാൻ നിന്നു...
ഡ്രൈവർ സീറ്റിനടുത്തേക്ക് പാഞ്ഞു ചെന്ന് ഡോർ വലിച്ചു തുറന്നതും ആളെ കണ്ട് ഞാൻ ഞെട്ടലോടെ പിന്നിലേക്ക് മാറി...
ഗൗരവത്തോടെ അയാൾ പുറത്തേക്കിറങ്ങിയതും എന്നിലേക്ക് തന്നെ ആ കണ്ണുകൾ തറഞ്ഞു നിൽക്കുന്നു എന്ന് ഞാനറിഞ്ഞു...
"" തനിക്കെന്താ എന്റെ വീട്ടിൽ കാര്യം...""
ഒരുനിമിഷം ശ്വാസം വലിച്ചെടുത്തു വീറോടെ അയാൾക്ക് നേരെ ഞാൻ ശബ്‍ദം ഉയർത്തി...
""ആഹാ... നിന്റെ ഈ വീറും വാശിയും... അതാണ് എനിക്ക് ഇഷ്ടം... ""
വഷളമായ ചിരിയോടെ കണ്ണിറുക്കി അയാളത് പറഞ്ഞതും തികഞ്ഞ അവജ്ഞയോടെ ഞാൻ മുഖം തിരിച്ചു....
"""നോക്കട്ടെ നിന്റെ കൈ മുറിഞ്ഞൊ??... ""
മതിലിൽ ഉരഞ്ഞു തൊലി പോയ കൈത്തണ്ടയിൽ അയാൾ കടന്നു പിടിച്ചപ്പോൾ അറപ്പോടെ ആ കൈകൾ കുടഞ്ഞെറിഞ്ഞു...
""തൊട്ടുപോകരുത്... എന്നേ തൊടാൻ തനിക്കെന്താ അധികാരം... ""
അടുത്ത നിമിഷം എന്റെ കൈകൾ ബലമായി പിടിച്ചു വച്ചു ആ മുറിവിലേക്ക് മെല്ലെ ഊതിയപ്പോൾ ഞാൻ നിശ്ചലയായി നിന്ന് പോയി...
""ദേ...ഇത്രേ ഉള്ളൂ നീ...അതോണ്ട് അധികം നിന്ന് തിളയ്ക്കാതെ വീട്ടിൽ കയറിപ്പോ.... ഒരു കടം ബാക്കി ഉണ്ട്... നീ അന്ന് ഈ കവിളിൽ തന്നത്... എല്ലാത്തിനും കൂടി ഈ രാജീവൻ ഒരു കണക്ക് വയ്ക്കും...എത്ര കൂട്ടി കുറച്ചാലും ആകെ തുക കിട്ടാത്ത ഒരു കണക്ക്.... കാത്തിരുന്നോ നീ... ""
ദേഷ്യത്താൽ ചുവന്ന മുഖവുമായി കാറിലേക്ക് കയറി ഡോർ വലിച്ചടച്ചതും മുഴങ്ങുന്ന ഒച്ചയിൽ ഞാൻ കണ്ണുകൾ മുറുക്കി അടച്ചു...
പതിവില്ലാതെ ഉമ്മറത്ത് വെളിവോടെ ഇരിക്കുന്ന അച്ഛൻ അന്നെനിക്ക് പതിവില്ലാത്ത കാഴ്ചയായിരുന്നു..പക്ഷെ പിന്നീട് അമ്മയിൽ നിന്നറിഞ്ഞ കാര്യങ്ങൾ തീർത്തും ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു...
രാജീവന്റെ ഭാര്യ പദവി....
ഹൃദയം അരുതാത്തതെന്തോ കേട്ട പോലെ വേഗത്തിൽ മിടിച്ചു... പ്രതികാരത്തിനായി അയാൾ എന്റെ ജീവിതം പകരം ചോദിച്ചിരുന്നു എന്ന് ഞാനറിഞ്ഞപ്പോൾ ശരീരം തളർന്നു വീഴുമെന്നു ഞാൻ ഭയന്നുപോയി...
അയാളുടെ അമ്മയും സഹോദരിയും വന്നിരുവെന്നും അവർ മറ്റൊരു കാറിൽ വന്നതിനാൽ ആദ്യമേ തിരികെ പോയി എന്ന് പറഞ്ഞപ്പോൾ ഒന്നും തിരിച്ചറിയാനാകാതെ ഞാനിരുന്നു...
അച്ഛൻ അയാളുടെ പണത്തിൽ കണ്ണ് മഞ്ഞളിച്ചു എന്ന് പറയാം, പക്ഷേ അമ്മയും അനുജത്തിയും പോലും അവർക്ക് മുന്നിലേക്ക് എന്റെ ജീവിതം വലിച്ചെറിയാൻ നിർബന്ധിച്ചപ്പോൾ ഞാൻ സർവ്വം തകർന്നു പോയിരുന്നു...
എന്നും കുടുംബത്തിന് വേണ്ടി മാത്രമായൊരുന്നു എന്റെ ജീവിതവും തീരുമാനങ്ങളും...ഇവിടെയും ഞാനെതിർത്തില്ല.. എല്ലാത്തിനും ഒരു മൂളലിൽ സമ്മതമറിയിച്ചു സ്വപ്നനാടകയെ പോലെ ഞാൻ നിന്നു....
പിന്നീട് രാജീവനെ ഞാൻ കണ്ടില്ല... അമ്മയും അനുജത്തിയും ഇടയ്ക്ക് വീട്ടിലേക്ക് വന്നിരുന്നു.. പാവങ്ങളാണവർ...
ശുദ്ധഗതിക്കാർ..അവർക്കും അറിയില്ല മകന്റെ ലക്ഷ്യമെന്താണെന്ന്...
രാജീവനേക്കാൾ ഒരുപാട് ഇളയതാണ് അനുജത്തി നന്ദിനി എന്ന നന്ദൂട്ടി...ഇപ്പോൾ പത്താം ക്ലാസ്സിൽ പടിക്കുന്നതെ ഉള്ളൂ... ഒരു സുന്ദരി കുട്ടി...പണത്തിന്റെയോ പദവിയുടെയോ ഹുങ്കില്ലാത്തവർ... അമ്മ എന്റെ അമ്മയ്‌ക്കൊപ്പം ഞങ്ങളുടെ കുഞ്ഞു വീടിന്റെ അടുക്കളയിലേക്ക് സഹായിക്കാൻ വന്നപ്പോൾ ആ മനസ്സ് ഞാൻ മനസ്സിലാക്കി...
"" എന്റെ ഏട്ടൻ പാവമാ ചേച്ചി... അച്ഛൻ ഞങ്ങളെ വിട്ട് പോയതിനു ശേഷമാ ഏട്ടൻ ഇങ്ങളെ ദേഷ്യം ഒക്കെ...എപ്പോളും ബിസിനസ്സും തിരക്കും ഒക്കെയാ...എന്നാലും അമ്മയും ഞാനും എന്നൊക്കെ പറഞ്ഞാൽ ജീവനാ... ""
അവളുടെ കൊച്ച് കുട്ടികളെ പോലെ ഉള്ള സംസാരം ഞാൻ ചിരിയോടെ കേട്ടിരുന്നു...അവൾക്കറിയില്ലല്ലോ ഏട്ടന്റെ തനി ഗുണം...
""ചേച്ചി എന്ത് എണ്ണയാ ഈ മുടീൽ തേക്കുന്നെ...എന്തോരം മുടിയാ... ഞാൻ കണ്ണ് വച്ചു...""
""ചേച്ചി മോൾക്ക് എണ്ണ കാച്ചിതരാട്ടോ...""
കുറുമ്പൊടെ അവൾ ചോദിച്ചതും അവളുടെ കവിളിൽ ഞാൻ കൈചേർത്തു പറഞ്ഞു....
ജാതകം പത്തിൽ പത്ത് പൊരുത്തമുണ്ടെന്ന്.പൊരുത്തം മനസ്സുകൾ തമ്മിലല്ലേ വേണ്ടതെന്നു പുശ്ചത്തോടെ ഞാനോർത്തുപ്പോയി...വരുന്ന ആഴ്ച ക്ഷേത്രത്തിൽ വച്ചു അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചൊരു ചടങ്ങ്... അത് കഴിഞ്ഞു അടുത്ത ദിവസം അവരുടെ വീട്ടിൽ റിസപ്ഷൻ നടത്തണമെന്ന്... എല്ലാം രാജീവന്റെ തീരുമാനം ആയിരിക്കും എന്ന് ഞാനോർത്തുകൊണ്ട് മരിച്ച മനസ്സും ജീവനുള്ള ശരീരവുമായി ഞാൻ ദിവസങ്ങൾ എണ്ണി...
""മൂന്നേ മൂന്ന് മാസം, എനിക്ക് നിന്നെ ഒന്ന് വേണം...നീ അനുഭവിക്കും, അറിയും ഈ രാജീവനെ...എന്നിട്ട് പടിയിറക്കും എന്നെന്നേക്കുമായി... ""
കല്യാണ തലേന്ന് എനിക്കണിയാൻ സ്വർണ്ണവും പുടവയും ഒക്കെ ഔദാര്യമായി വാങ്ങി വന്ന രാജീവന്റെ വാക്കുകൾ കേൾക്കെ എന്നിൽ ഉയർന്ന പതർച്ചയെ ഞാൻ ഒതുക്കിവച്ചു ...
""ഈ ഔദാര്യം ഒക്കെ പണം മുടക്കി വാങ്ങി തന്ന്, എന്നിലെ പെണ്ണിനെ ചവിട്ടി അരച്ചിട്ട്, മൂന്നാം മാസം പടിയിറക്കേണ്ട കാര്യമില്ലായിരുന്നു രാജീവൻസാറേ....
ഇന്ന്, ഈ നിമിഷം നിങ്ങൾക്കൊപ്പം ഞാൻ വരാം... ഈ ശരീരമാണ് വേണ്ടതെങ്കിൽ എടുത്തോളൂ... ""
ഉറച്ച ശബ്ദത്തോടെ അയാൾക്കുമുന്നിൽ തല ഉയർത്തി ഞാൻ ചോദിച്ചതും... ആ കണ്ണുകൾ കുറുകി, മറുപടി നൽകാതെ അയാൾ വേഗം പിന്തിരിഞ്ഞ് നടന്നതും എന്റെ കണ്ണുകൾ സജലമായി...
സ്വർണ്ണക്കര മുണ്ടിൽ തേജസ്സാർന്ന രാജീവന്റെ മുഖത്തേക്ക് ഞാൻ നോക്കി നിന്നപ്പോൾ ആ കണ്ണുകളും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഒഴുകുന്ന പോലെ തോന്നിയെനിക്ക്...
ആ താലി എന്റെ ഹൃദയത്തിൽ പറ്റിച്ചേർന്നു കിടക്കുമ്പോഴും എന്റെ നെറുകയിൽ ചുവപ്പണിഞ്ഞ വിരലുകളുടെ തണുപ്പെന്നെ പൊതിയുമ്പോളും ഇനിയെന്തന്ന ചോദ്യത്തിന് മുന്നിൽ പകപ്പോടെ നിൽക്കാനേ എനിക്കയുള്ളു...
കൊട്ടാരസദൃശ്യമായ ആ വീടിന്റെ പടികൾ വലതുകാൽ ചവിട്ടി ഞാൻ കയറുമ്പോളും അർഹമല്ലെങ്കിലും അറിയാതെ ഈ ജീവിതം തകർന്നു പോകരുതേ എന്ന് ഞാൻ ആശിച്ചുപോയി... വേണ്ട ഒന്നും ആഗ്രഹിക്കുന്നില്ല ഞാൻ... അതിവേഗം ചിരിയുടെ മൂടുപടം അണിഞ്ഞു...രാജീവനെ പിന്നീട് ഞാൻ കണ്ടില്ല... എന്നെ നീചമായി ആക്രമിക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാകും അയാളെന്ന് ഞാനോർത്തു...
മേശയ്ക്ക് മുകളിൽ തണുത്ത് പാടകെട്ടിയ പാലുമായി അയാളെയും കാത്ത് ഞാനിരുന്നു... സമയം പത്രണ്ടിനോടടുത്തപ്പോൾ തുറന്നിട്ട വാതിലിനരികിൽ അമ്മ വന്നു നിന്നപ്പോൾ ആ മുഖത്ത് പുഞ്ചിരി ആയിരുന്നു...
""മോള് അവനെ കാത്തിരിക്കേണ്ട... ക്ഷീണം കാണും കിടന്നോട്ടോ... ""
ഞാൻ ചിരിയോടെ തല കുലുക്കിയതും വാതിൽ ചാരി അമ്മ പുറത്തേക്ക് പോയി...
കണ്ണുകൾ അടഞ്ഞു വന്നപ്പോൾ മെല്ലെ ഞാൻ തല ചായ്ച്ചു... ഇടയ്ക്കെപ്പോഴോ വാതിലിൽ ശക്തമായി തട്ടുന്നത് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്...
""ഹാപ്പി ബർത്ത്ഡേ ചേച്ചീ....""
മുഴക്കത്തോടെ പൊട്ടിത്തെറിച്ചു എന്നിലേക്ക് വീണ വർണ്ണക്കടലാസുകൾ കാൺകെ ഞാൻ അമ്പരന്നുപോയി....നന്ദൂട്ടി, അമ്മ, കുട്ടിപ്പട്ടാളങ്ങൾ, അമ്മായിമാർ,....
ശെരിയാണ്, ഇന്നെന്റെ ജന്മദിവസം ആണെന്ന് ഇവർ എങ്ങനെ അറിഞ്ഞു.... ആദ്യരാത്രിയിൽ ബർത്ത്ഡേ ആഘോഷിക്കുന്ന ആദ്യത്തെ പെണ്ണാകും ഞാൻ എന്ന് ആരോ കൌണ്ടർ അടിക്കുമ്പോഴും അറിയാതെ എന്റെ കണ്ണുകൾ ആ മുഖത്തെ ചുറ്റിനും തേടികൊണ്ടിരുന്നു...
ദൂരെ മാറി ഭിത്തിയിൽ ചാരി നിന്ന് ഗൗരവമാർന്ന മുഖത്തോടെ ആള് മൊബൈലിൽ കുത്തുകയാണ്...
ആദ്യ കഷ്ണം മുറിച്ചതും രാജീവനരികിലേക്ക് നടന്നു ചെന്ന് അയാൾക്ക് നേരെ നീട്ടി...
ഭാവഭേദം ഒന്നുമില്ലാതെ വാ തുറന്നു അത് കഴിച്ചപ്പോൾ എന്റെ വിരലുകളിന്മേൽ ആ ചുണ്ടുകൾ മെല്ലെ മുത്തുന്ന പോലെ തോന്നിയെനിക്ക്...
മുറിയിലേക്കുള്ള പടികൾ കയറും മുന്നേ അമ്മ എനിക്കരികിലേക്ക് വന്നു...
"" എന്റെ മോനെയും ഈ കുടുംബവും മോൾടെ കയ്യിലേക്ക് തരുവാ ഞാൻ...
ഇത്തിരി വാശിക്കാരനാ,പക്ഷേ മോള് കരുതും പോലെ വലിയ ദുഷ്ടൻ ഒന്നും അല്ലവൻ...
മോള് ജോലി ഉപേക്ഷിച്ചു പോയപ്പോളൊക്കെ അവൻ വല്ലാതെ വിഷമിച്ചു, കാര്യങ്ങളൊക്കെ അന്ന് എന്നോട് പറഞ്ഞതാ..
മോളേ വന്നു കാണാനും സംസാരിക്കാനും എന്നെ നിർബന്ധിച്ചു ക്ഷേത്രത്തിൽ വിട്ടത് രാജീവനാ...""
ഒരു നിമിഷം അമ്മയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ ഞാൻ നിന്നുപോയി...
""സത്യത്തിൽ മോൾക്ക് പുതിയ ജോലി വാങ്ങി തന്നതും അവനാട്ടോ... അവന്റെ അച്ഛനെ പോലെയാ,എടുത്തുചാട്ടം വളരെ കൂടുതലാ... പക്ഷേ കണ്ണടയ്ക്കും വരെ ആ കൈവെള്ളയിലാ എന്നെ കൊണ്ടുനടന്നത്...
ഇതൊക്കെ അമ്മ പറഞ്ഞത്, സമയം എടുത്താലും അവനെ മോള് മനസ്സുകൊണ്ട് അംഗീകരിക്കണം...നിന്നോട് എന്തൊക്കെയോ കള്ളം പറഞ്ഞു പേടിപ്പിച്ചു വച്ചേക്കുവാണെന്ന് പറഞ്ഞിട്ടുണ്ട്... ചെല്ല്, പോയി മനസ്സ് തുറന്ന് സംസാരിക്ക്... അവനൊട് അങ്ങ് ക്ഷമിച്ചേക്ക് മോളേ... പാവം ചെക്കനാ... ""
സത്യങ്ങൾ അറിഞ്ഞു ഒന്ന് ചലിക്കാൻ പോലുമാകാതെ നിൽക്കുന്ന എന്റെ കവിളിൽ പിച്ചി അമ്മയത് പറഞ്ഞതും യാന്ത്രികമായി ഞാൻ പടികൾ കയറി...
കട്ടിലിന്റെ നടുവിലായി തലയ്ക്കു പിന്നിൽ കൈ ചേർത്തു കിടക്കുന്ന രാജീവനെ ഒരു നിമിഷം ഞാൻ നോക്കി നിന്നതും എന്റെ ഹൃദയം വല്ലാതെ പിടഞ്ഞുലയുന്നത് ഞാനറിഞ്ഞു...
എന്നെ കണ്ടതും ഒരു വശത്തേക്ക് നീങ്ങി കിടന്നപ്പോൾ ഞാനും അരികിലേക്ക് കിടന്നു കണ്ണുകൾ അടച്ചു...എന്തിനെന്നറിയാതെ ഇമകൾ താണ്ടി കണ്ണുനീർ കവിളുകൾ നനയ്ക്കുന്നത് ഞാനറിഞ്ഞു...
""ടീ ഇങ്ങോട്ട് കയറി കിടക്കാൻ...""
കൈ വിടർത്തി വച്ചു ഗൗരവത്തോടെയാണത് പറയുന്നതെങ്കിലും ആ കൺകോണിൽ വിടർന്നു നിൽക്കുന്ന കുസൃതി ചിരിയെ ഞാൻ ആദ്യമായി കാണുകയായിരുന്നു...
മെല്ലെ ഞാനാ കൈത്തണ്ടയിലേക്ക് കവിൾ ചേർത്ത് വച്ചതും ഇരു കൈകളാലും ചുറ്റി പിടിച്ചു നെഞ്ചിലേക്ക് ചേർത്തു കിടത്തി....
നെറ്റിയിൽ ചേർന്ന അധരങ്ങൾ മെല്ലെ താഴ്ന്നുവന്നു എന്റെ കണ്ണുകളിലും കവിളുകളിലും ഉമ്മവച്ചപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി...
""പേടിച്ചു പോയോ?""
ചിരിയോടെയുള്ള ആ ചോദ്യത്തിന് എന്റെ കവിളുകൾ കെറുവോടെ വീർത്തു...
""അന്ന് ഞാൻ അങ്ങനെ പറഞ്ഞതിന് എന്നോടങ്ങ് ക്ഷമിച്ചേക്ക് പെണ്ണേ...
അന്ന് നിന്റെ കണ്ണീര് ദേ ഈ നെഞ്ചിലേക്കാ വീണത്...കാല് പിടിക്കാൻ പറഞ്ഞെങ്കിലും ആ നിമിഷം വരെ നീ അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല...
പിന്നെ എന്നെ അടിക്കാൻ ധൈര്യം കാണിച്ചവളെ വെറുതെ വിടാൻ പറ്റില്ലല്ലോ.. നിന്നെ ഇങ്ങനെ ഈ താലിച്ചരടിൽ കെട്ടി ഇട്ട് സ്നേഹിച്ചിട്ട്....നീ അടിച്ച കവിളിൽ നിന്നെക്കൊണ്ടു ഉമ്മ വെപ്പിച്ച്, എന്റെ അഞ്ചാറ് പിള്ളാരേം പെറീപ്പിച്ച് പകരം വീട്ടാം എന്ന് കരുതി...""
എന്റെ നെറുകയിൽ തഴുകി കുസൃതി ചിരിയോടെ ആളത് പറയുമ്പോൾ കണ്ണെടുക്കാതെ ഞാൻ നോക്കി ഇരുന്നുപോയി...
""ഇനി പറ...നിന്റെ രാജീവേട്ടനെ നിനക്ക് ഇഷ്ടമാണോന്ന്...??""
ഒരു പ്രത്യേക താളത്തിൽ എന്നെ നെഞ്ചോരം ചേർത്ത് പറഞ്ഞപ്പോൾ അറിയാതെ ഞാൻ പൊട്ടിചിരിച്ചുപോയി....
സ്നേഹത്തോടെ ആ കവിളിൽ ഞാനെന്റെ ആദ്യ ചുംബനം നൽകിയപ്പോൾ പകരമായി ഒരായിരം ചുംബങ്ങളാലെ മൂടുകയായിരുന്നു...
ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ...
രചന: ലില്ലി
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഷെയർ ചാറ്റിൽ ഫോളോ ചെയ്യൂ....
(ശുഭം)