അടി "മ"
രചന: തൻസീഹ് വയനാട്
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
"അയാളൊരു ദുഷ്ടനാണ്, "
"എങ്ങനെ? ലൈംഗിക വൈകൃതമുണ്ടോ??
"ഇല്ലാ... "
"തീവ്രവാദിയാണോ? "
"അല്ല "
"ബുദ്ധിഭ്രമം ബാധിച്ചയാളാണോ?"
"അല്ലാ.....പക്ഷേ ചലനം കൊണ്ട്, നോട്ടം കൊണ്ട്, ശബ്ദം കൊണ്ട് മറ്റുള്ളവരുടെ ഹൃദയം വിറപ്പിക്കുന്ന ഒന്നും പോരാത്ത എല്ലാം പോരടിക്കുന്നയൊരു കഥാപാത്രം !ഒരിക്കൽ അയാളുടെ മൂത്തമകൻ തന്നെ രഹസ്യമായിപ്പറഞ്ഞു
"എന്റെ ഉപ്പാടെ ഉമ്മ മരണപ്പെട്ടുപോയി, അവർ ജീവിച്ചിരിക്കുന്നുവെങ്കിൽ മാത്രമേ ഇങ്ങനൊരു ജന്മം ഇനിയുണ്ടാകൂ എന്ന് "
കണ്ടാൽ പറയാത്ത ഹൃദയം കറുത്ത വെളുത്തമുഖമുള്ള ഇളം പച്ച നിറമുള്ള അറുപതുവയസുകാരൻ. കറുത്തവരെ അയാൾക്ക് അറപ്പാണ്, പണമില്ലാത്തവരെ ദരിദ്രരെ അയാൾക്ക് പുച്ഛമാണ്... പക്ഷേ വൃതാനുഷ്ടാനക്കാലത്തു വെളുത്ത ദരിദ്രർക്ക് അരിയും പണവും എത്തിക്കാൻ അയാൾ മറക്കാറുമില്ല. എന്താണു അയാളുടെ സ്വഭാവമെന്ന തിരിച്ചറിവ് മുപ്പത് വർഷമായി കൂടെ ജീവിക്കുന്ന ഭാര്യക്ക് പോലും നിശ്ചയമില്ല. ഓരോ മനുഷ്യനും ഭക്ഷണം കഴിക്കാനും മറ്റൊരാളെ പരിഹസിക്കാനും പടച്ചവന്റെ മുൻപിൽ അഞ്ചുനേരം സുജൂദിൽ പോകാനും മാത്രമുള്ളവരാണെന്നു കരുതുന്നു അയാൾ. അതുകൊണ്ട് തന്നെ കൂലിപ്പണിക്ക് പോകുന്നവരെ കണ്ടൂടാ.. അവർക് നിസ്കാരം ഇല്ലല്ലോ.. നാളെ സുബർഗ്ഗമില്ലാത്ത നായ്ക്കൾ എന്നാണ് അയാൾ അവരെ വിളിക്കുക.
ഭാര്യ എന്നത് മനുഷ്യനാണോ അടിമയാണോ എന്നു തിരിച്ചറിയാൻ അല്പം ബുദ്ധിമുട്ടാണ്. വെച്ചുണ്ടാക്കാനും അടിക്കാനും തൊഴിക്കാനും അയാൾ പറയുന്നത് കേട്ടിട്ട് അക്ഷരം പ്രതി മൂളിക്കേൾക്കാനുമുള്ള വസ്തു. നട്ടപ്പാതിരക്ക് നേരം ഉച്ചയായെന്ന് അയാൾ പറഞ്ഞത് അവർ അംഗീകരിച്ചില്ലെങ്കിൽ കൊന്നു കുഴിച്ചുമൂടും. അതുകൊണ്ട് തന്നെ കാലാതീതമായി അവരും മനസുകൊണ്ട് ക്രൂര തന്നെ.
കണ്ടാൽ കുലീനൻ, വെളുത്ത വസ്ത്രം ധരിച്ച മാന്യൻ. പണക്കാർക്കിടയിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ദീനിയായ മനുഷ്യൻ......
തുപ്പാനും തുമ്മാനും ചിരിക്കാനും കരയാനും അനങ്ങാനും സ്വാതന്ദ്ര്യമില്ലാത്ത ആ വീട്ടിൽ ഇന്നൊരു മരുമകൾ കടന്നുവരാൻ പോവുകയാണ്. അറുപിശുക്കനാണയാൾ. അതുകൊണ്ട് തന്നെ വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാരെപ്പോലും വെട്ടിക്കുറച്ചു. അന്യമതസ്ഥരെ വീട്ടിൽ പോലും കയറ്റാത്ത, അഥവാ കയറിയാൽ അവരിരുന്ന കസേര കത്തിച്ചുകളയുന്ന മഹാന്റെ ഇളയ പുത്രൻ സാഹചര്യം കൊണ്ട് പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിയെ വിവാഹം ചെയ്യുന്ന സുദിനം. മൂത്തവന്റെ ഭാര്യ കൊമ്പത്തുള്ളവളാണ്,, അവൾക്കു നിയമങ്ങളില്ല, നിർദ്ദേശങ്ങളില്ല. അവൾക്കു പണമുണ്ട്. പക്ഷേ ഇന്ന് കയറി വരുന്നവൾ അങ്ങനെയുള്ളവളല്ല. വിവാഹം മുടക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തന്റെ ഇളയപുത്രനോടുള്ള അമിത വാത്സല്യം കാരണം മാത്രം അനുവദിക്കേണ്ടി വന്നു. അയാൾക്ക് മൂത്തപുത്രനോട് അമര്ഷമാണ്. എന്നാൽ ഇളയവനോടില്ല. കേൾക്കുമ്പോൾ ഇതെന്തൊരു കഥയെന്നു ചിന്തിച്ചേക്കാം പക്ഷേ ഇതൊരുള്ള കഥ... ഒരു കൊടും ക്രൂരതയുടെ കഥ...........................
"ഷാഹിദാ... നീ അങ്ങോട്ട് ചെന്നേ.. അവരിറങ്ങാറായെന്ന്.. "
ഊട്ടുപുരയിൽ തിരക്കിലായിരുന്ന ഷാഹിദ നബീസുമ്മയുടെ വാക്കുകൾ കേട്ടതും മ്ലാനത നിറഞ്ഞ മുഖ ഭാവത്തിൽ നബീസുമ്മയെ നോക്കി..
"മ്മ്മ്.. ഇനിയീ മുഖവും വെച്ച് കൊണ്ടാണോ അങ്ങോട്ട് പോകുന്നേ.. ഇക്കോലത്തിൽ നിന്നെയവൾ കണ്ടാൽ എങ്ങനെ സന്തോഷത്തോടെ ഇറങ്ങും.. വെറുതെ അവളെയും വിഷമിപ്പിക്കാൻ... "
ശാസനയോടെയാണ് നബീസുമ്മ പറഞ്ഞതെങ്കിലും വാക്കുകളിൽ പതർച്ച വന്നിരുന്നു..
അവരുടെയെല്ലാം ഓമന മകളായ കുസൃതിയും വായാടിയുമായ ഹാദിയയുടെ വിവാഹ ദിനമാണിന്ന്... എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവളായ ഹാദിയുടെ പിരിഞ്ഞു പോക്കിൽ മനം നിറയെ സങ്കടം ഉണ്ടെങ്കിലും ഈ നിമിഷം വരെ ആരും അത് പുറത്തെടുത്തിട്ടില്ല.. അവർക്കറിയാം അവരുടെ മുഖമൊന്ന് വാടിയാൽ ഹാദിയുടെ കണ്ണുകൾ നിറയുമെന്ന്...
"ഷാഹീ... നീ വിഷമിക്കാതെ.. എല്ലാം കൊണ്ടും നല്ലൊരു ബന്ധമല്ലേ അവൾക്ക് വന്നിട്ടുള്ളത്.. പുത്തൻ പുരയിൽ ഹംസ ഹാജിയുടെ വീട്ടിലേക്കാണ് അവൾ ചെന്ന് കയറുന്നത്, ഒരു പേടിയും വേണ്ട..അവിടെ രാജകുമാരിയെ പോലെ വാഴും നമ്മുടെ ഹാദി മോൾ... നീ വാ... "
നബീസുമ്മയുടെ വാക്കുകൾ ശെരി വെക്കും തരത്തിൽ ഹാദിയുടെ ഉമ്മ ഷാഹിദയുടെ ചുണ്ടിൽ ആശ്വാസത്തിന്റെ വെട്ടം തെളിഞ്ഞു.. എങ്കിലും തനിക്ക് നിഴലായ് കൂടെ നടന്ന് കളിചിരികളാൽ വീട്ടിൽ സന്തോഷം മാത്രം നിലനിർത്തുന്ന പൊന്നു മോളെ ഇനി മുതൽ വിരുന്ന്കാരിയായി കാണേണ്ടി വരുമെന്ന് ഓർത്ത് ആ മാതൃ ഹൃദയം വിതുമ്പി..
നബീസുമ്മ ഷാഹിദയുടെ കൈകൾ പിടിച്ച് ഊട്ടുപുരയിൽ നിന്നും നടന്നു.. വിടവാങ്ങലിനായ് തന്നെ കാത്ത് നിൽക്കുന്ന ഹാദിയെ കണ്ട് കണ്ണുകൾ നിറഞ്ഞു കവിയാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഷാഹിയെ നബീസുമ്മ അവരുടെ മുന്നിലേക്ക് നിർത്തി...
"പോയി വരാം ഉമ്മാ.. അസ്സലാമു അലൈകും "
പുഞ്ചിരി കൈവിടാതെ ഹാദി പറഞ്ഞത് കേട്ട് ഷാഹിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.. ഉള്ളിലൊരു കടലോളം സങ്കടം ഒളിപ്പിച്ചു വെച്ച് പുറമെ ചിരിക്കുന്ന മകളെ വാത്സല്യത്തോടെ അവർ പുണർന്നു..ചെന്ന് കയറുന്ന വീട്ടിൽ തന്റെ മകൾ പൂർണ്ണ സന്തോഷവതിയായിരിക്കുമെന്ന് അറിയാമെങ്കിലും അവരുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു..
തൊട്ടടുത്ത നാട്ടിലേക്കാണ് ഹാദിയെ വിവാഹം കഴിപ്പിച്ചയക്കുന്നത്.. ഉപ്പയില്ലാത്ത, വളരെ താഴ്ന്ന കുടുംബത്തിൽ പെട്ട ഹാദിക്ക് സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത ബന്ധം ആയിരുന്നു ഇത്.. അയൽ നാട്ടിലെ,, പേര് കൊണ്ടും പെരുമ കൊണ്ടും അറിയപ്പെടുന്ന കുടുംബമാണ് പുത്തൻ പുരയ്‌ക്കൽ കുടുംബം. അവിടുത്തെ രണ്ടാണ്മക്കളിൽ ഇളയവൻ ഹാമിസ് ആണ് ഹാദിയെ കണ്ട് ഇഷ്ടപ്പെട്ട് കല്യാണത്തിനായി മുന്നിട്ട് വന്നത്.. പറയത്തക്ക കുടുംബ മഹിമയൊന്നും തങ്ങൾക്കില്ലാത്തത് കൊണ്ട് തന്നെ ഷാഹിദ ആദ്യമൊന്ന് പകച്ചു.. പക്ഷേ.. മകളുടെ മനസ്സിലും ഇഷ്ടം കുടിയേറിയതിനാലും ഹംസ ഹാജി നേരിട്ടു വന്ന് വിവാഹാലോചന നടത്തിയതിനാലും ഷാഹിദ സമ്മതം മൂളി... കല്യാണമടുക്കാറായ നാൾ വരെ ഷാഹിദയുടെ മനസ്സിൽ തീക്കനൽ ആയിരുന്നു.... അവരുടെ മുന്നിൽ തങ്ങൾ ഒന്നുമല്ലെന്ന വിചാരം ഷാഹിദയെ തളർത്തിയിരുന്നു.. അപ്പോഴൊക്കെ അവർക്ക് താങ്ങായി ഷാഹിദയുടെ ഉമ്മ നബീസ കൂടെ നിന്നു.. നാട്ടിലെ പാവപ്പെട്ടവർക്ക് തുണയാകുന്ന കാരുണ്യവനായ ദീനിയായ ഹംസ ഹാജിയുടെ വീട്ടിൽ ഹാദി സന്തോഷത്തോടെ ജീവിക്കുമെന്ന് ഇടയ്ക്കിടെ നബീസുമ്മ പറയുമായിരുന്നു... ഹംസ ഹാജിയെ കുറിച്ച് അറിയാവുന്നത് കൊണ്ട് തന്നെ ഷാഹിദ ആശ്വാസം പൂണ്ടു.. ഒരുപ്പയുടെ സ്നേഹം എന്തെന്ന് ഹംസ ഹാജിയിലൂടെ തന്റെ മകൾ അനുഭവിക്കുമെന്നോർത്ത് ഷാഹിദ സന്തോഷിച്ചു....
കണ്ണീരോടെ മകളെ പറഞ്ഞയക്കുമ്പോഴും അവളുടെ ഇരു കയ്യിലും പിടിച്ച് അവർക്ക് പറയാൻ ഉണ്ടായിരുന്നതും അതായിരുന്നു..
"മോള് ഉമ്മയെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ട കേട്ടോ.. നീ സന്തോഷത്തോടെ ആണേൽ ഈ ഉമ്മയും സന്തോഷവതിയാണ്... നല്ല കുടുംബത്തിലേക്കാണ് മോള് ചെന്ന് കയറുന്നത്.. സ്വന്തം മോളെ പോലെയേ അവർ നിന്നെ കാണൂ.. ഉപ്പാന്റെ സ്നേഹം എന്തെന്ന് മോളിനി അറിഞ്ഞു തുടങ്ങും.. പോയി വാ.. "
മിഴികൾ നിറച്ച് നെറ്റിയിൽ ഉമ്മ കൊടുത്ത് ഷാഹിദ മോളെ കാറിൽ കയറ്റി... കല്യാണം ആർഭാടമാക്കി നടത്തേണ്ടെന്നും ആ പണം പാവപ്പെട്ടവർക്ക് നൽകുന്നതാണ് പുണ്യം എന്നുമുള്ള ഹംസ ഹാജിയുടെ നിലപാട് കാരണം കല്യാണ പെണ്ണിന്റെ കൂടെ പെണ്ണിന്റെ ബന്ധുക്കൾ പോകുന്നത് വേണ്ടെന്ന് വെച്ചു...
കണ്ണുകൾ തുടച്ച് തന്നെ ഉമ്മ യാത്രയാക്കുമ്പോൾ ഹാദിയുടെ ഹൃദയം വെന്തുരുകുകയായിരുന്നു..ഉള്ളിൽ ആർത്തു കരഞ്ഞ് ചുണ്ടിലെ പുഞ്ചിരി മായാതെ നിലനിർത്തി എങ്കിലും തന്റെ കൂടപ്പിറപ്പിന്റെ കണ്ണുകളിൽ നനവ് കണ്ടതും അത് വരെ പിടിച്ചു വെച്ച കണ്ണുനീരെല്ലാം കവിളിലൂടെ ഒലിച്ചിറങ്ങി.. ഇക്കാക്കയെ കെട്ടിപിടിച്ചു കൊണ്ട് കരയുമ്പോൾ ആ നെഞ്ചിലെ സ്നേഹം മുഴുവൻ അവൾ ആ ഒരൊറ്റ നിമിഷത്തിൽ അറിഞ്ഞു.. സാഹോദര്യ ബന്ധത്തിലേറെ ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലെ ആയിരുന്നു.. എല്ലാം തുറന്നു പറഞ്ഞ് ശീലമുള്ള ഹാദിയും പറയാതെ തന്നെ എല്ലാം മനസ്സിലാക്കാൻ കഴിവുള്ള ഷാനിദും.. ഹാമിസിനെ യാദർശ്ചികമായി കണ്ട നാൾ മുതലും വിവാഹാലോചനയുമായി വന്നത് മുതലും തന്റെ പെങ്ങളുടെ മനസ്സിൽ കയറി കൂടിയ ഇഷ്ടം ഷാനിദ് മനസ്സിലാക്കിയിരുന്നു.. നേരത്തെ പരിചയമുള്ള ഹാമിസും ഷാനിദും വിവാഹാലോചനയുമായി മുന്നോട്ട് പോയി.. ഹാമിസിന്റെ ഉപ്പയുടെ സമ്മതം കൂടി കിട്ടിയതോടെ കാര്യങ്ങൾ പെട്ടന്നായി..
തന്റെ കൂടെ കളിച്ചു വളർന്ന് കുസൃതി കാണിക്കാറുള്ള പെങ്ങൾ വീട് വിട്ട് പോകുന്നതിന്റെ വിഷമം മുഴുവൻ ഷാനിദിന്റെ മുഖത്ത് നിഴലിച്ചിരുന്നു.. അവളെ ഇനിയും കരയിക്കേണ്ട എന്ന തീരുമാനത്തിൽ ഷാനിദ് അവളെ കാറിൽ കയറ്റി...
ഇക്കാക്കയെ നോക്കി വിതുമ്പലോടെ അവൾ കാറിൽ ഇരുന്ന് തലതാഴ്ത്തി... ജനിച്ചു വളർന്ന വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് പോകുന്ന പെണ്ണിന്റെ മനോവിഷമം മനസ്സിലാക്കി ഹാമിസ് അവളുടെ കൈകളിൽ മുറുകെ പിടിച്ച് താൻ കൂടെ ഉണ്ടല്ലോ എന്ന അർത്ഥത്തിൽ അവളെ നോക്കി.. ആ ഒരു നോട്ടം മാത്രം മതിയായിരുന്നു അവൾക്ക്....
ഹാമിസിന്റെ വീട്ടിൽ കാർ നിർത്തുമ്പോൾ അന്ധാളിപ്പോടെ ആയിരുന്നു ഹാദി ചുറ്റും നോക്കിയത്.. വലുപ്പമേറെയുള്ള ആ വീട് കണ്ട് അവളുടെ ഉള്ളിലൊരു കാളൽ ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം.. വലിയ തറവാട്ടുകാർ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം അവൾ പ്രതീക്ഷിച്ചിരുന്നില്ല....ഹാമിസിന്റെ ഉമ്മ വന്ന് വീടിന്റെ അകത്തേക്ക് കൂട്ടി കൊണ്ട് പോകുമ്പോഴും അവളുടെ ഹൃദയം മിടിപ്പ് വർധിപ്പിച്ചു കൊണ്ടേയിരുന്നു.. വിലകൂടിയ സോഫയിൽ അവളെ ഇരുത്തിയതും ഹാദിയുടെ കണ്ണുകൾ ചുറ്റും പരതി... ഹാമിസിന്റെ ജേഷ്ഠന്റെ ഭാര്യയും മറ്റ് കുടുംബങ്ങളും അവൾക്ക് ചുറ്റും കൂടി നിൽക്കുന്നുണ്ടായിരുന്നു.. ആഭരങ്ങൾ കൊണ്ട് മൂടിയ ജേഷ്ഠന്റെ ഭാര്യയിൽ ആയിരുന്നു ഹാദിയുടെ മിഴികൾ.. പേരിന് അല്പം മാത്രം ആഭരണങ്ങൾ ഉള്ള തന്നിലേക്ക് നോക്കാൻ തന്നെ അവൾ പേടിച്ചു.. എന്നാൽ ഉമ്മയുടെ സ്നേഹത്തോടെയുള്ള സംസാരത്തിലും പെരുമാറ്റത്തിലും ആ പേടി അവളിൽ നിന്നും അകന്ന് പോയി . കേട്ടത് പോലെ തന്നെ ആ കുടുംബത്തിന്റെ സ്വഭാവശുദ്ധി എന്തെന്ന് അവൾ അറിഞ്ഞു തുടങ്ങി.. അതിലവൾ ഒരുപാട് സന്തോഷിച്ചു...
ഹാദിയെയും കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ച ഉടനെ തന്നെ ഷാനിദ് അവർക്ക് പിറകെ യാത്ര തിരിച്ചിരുന്നു.. പെണ്ണിന്റെ കൂടെ ആരെങ്കിലും വേണമെന്ന ഷാഹിദയുടെ ഉമ്മയുടെ നിർബന്ധം ആയിരുന്നു ഷാനിദിന്റെ പോക്ക്....
ഹാമിസിന്റെ വീട്ടിൽ ഷാനിദ് എത്തിയപ്പോഴേക്കും ഹാദിയെ അകത്തേക്ക് കയറ്റിയിരുന്നു.. ഹാമിസ് ഷാനിദുമായി പന്തലിൽ സംസാരിച്ചിരുന്നു... തന്റെ പെങ്ങളെ നന്നായി നോക്കണമെന്ന് ഷാനിദ് പറയാതെ പറയുമ്പോൾ ഹാദിയെ പൊന്നു പോലെ നോക്കുമെന്ന് ഹാമിസ് ഉറപ്പ് നൽകി...
തനിക്ക് ചുറ്റും കൂടിയവർ ഒന്ന് മാറി നിന്നതും ഹാദിയുടെ കണ്ണുകൾ പുറത്തേക്ക് ചലിച്ചു.. അവിടെ ഹാമിസുമായി സംസാരിച്ചിരിക്കുന്ന തന്റെ ഇക്കാക്കയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. തനിക്കൊപ്പം ആരും വരുന്നില്ലെന്ന് അറിഞ്ഞപ്പോൾ അവൾക്കാകെ സങ്കടം വന്നിരുന്നു.. എങ്കിലും അവളത് പുറത്ത് കാണിച്ചിരുന്നില്ല..
ഇക്കാക്കയെ അവിടെ കണ്ട സന്തോഷത്തിൽ ഹാദി സോഫയിൽ നിന്നും എണീറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും പെട്ടന്ന് ഹംസ ഹാജി അവളുടെ മുന്നിൽ വന്നു നിന്നു..
"എങ്ങോട്ടാ.... "
ഗൗരവം നിറഞ്ഞ വാക്കുകൾ കേട്ട് ഹാദി ഒന്ന് പതറി...
"അത്.... ഇക്കാക്ക.. "
"ഇക്കാക്ക ഒക്കെ പൊയ്ക്കോളും നീ അകത്തേക്ക് ചെല്ല്... "
അത് മാത്രമേ അയാൾ പറഞ്ഞുവെങ്കിലും ഹാദിയുടെ വയറ്റിലൊരു കാളൽ രൂപപ്പെടാൻ അത് മാത്രം മതിയായിരുന്നു.. തിരിച്ചെന്ത് പറയണം എന്നറിയാതെ നിൽക്കുന്ന ഹാദിയെ ഒരു നോട്ടം നോക്കി കൊണ്ട് ഹംസ ഹാജി പുറത്തേക്ക് നടന്നു... ആ ഒരൊറ്റ നോട്ടത്തിൽ ഹാദി അടിമുടി വിറച്ചു... പുത്തൻ പുരയ്‌ക്കൽ ഹംസ ഹാജി എന്ന കാരുണ്യവാനായ മഹാനെ കുറിച്ച് ഈ നിമിഷം വരെ കേട്ട കാര്യങ്ങൾ ഒരു ചീട്ട് കൊട്ടാരം പോലെ തകർന്നടിയാൻ താമസം വന്നില്ല...
താൻ അറിഞ്ഞ ഹംസ ഹാജി അല്ല അല്പം മുന്നേ തന്നെ അധികാര സ്വരത്തിൽ ആജ്ഞാപിച്ചതെന്ന ചിന്ത അവളെയാകെ അസ്വസ്ഥയാക്കി......
അകത്തു നടന്നതൊന്നും അറിയാതെ പെങ്ങൾക്ക് കിട്ടിയ ഭാഗ്യത്തിൽ മനസ്സ് നിറഞ്ഞ് സന്തോഷിക്കുകയായിരുന്നു ഷാനിദ്...
"ഹാമിസ്.. എന്നാൽ ഞാൻ ഇറങ്ങട്ടെ.. അവിടെ ഉമ്മ വിഷമിച്ചിരിക്കുകയാവും അങ്ങോട്ട് ചെല്ലട്ടെ....ഹാദിയെ ഒന്ന് കണ്ടിട്ട് വരാം.. യാത്ര പറയട്ടെ "
ഹാമിസിനോട് അതും പറഞ്ഞ് അകത്തേക്ക് കയറാൻ നിന്ന ഷാനിദിന്റെ മുന്നിലേക്ക് ഹംസ ഹാജി വന്ന് നിന്നു...
"അവൾ വേഷം മാറാൻ മുകളിലേക്ക് പോയിരിക്കുവാണ്.. ഇനി നിന്നെ കണ്ടാൽ അപ്പോ കരച്ചിൽ തുടങ്ങും.. അത് കൊണ്ട് കാണാതിരിക്കുന്നതല്ലേ നല്ലത്... അവൾക്കൊരു കുഴപ്പവും വരില്ല... നീ വീട്ടിലേക്ക് ചെല്ല് "
മയത്തോടെയുള്ള ഹാജിയുടെ വാക്കുകൾ കേട്ട് ഷാനിദിന്റെ മനസ്സ് വേദനിച്ചു എങ്കിലും ഹാജി പറയുന്നതാണ് ശെരിയെന്ന് അവനും തോന്നി... തന്നെ കണ്ടാൽ അവൾ കരയുമെന്നുറപ്പാണ്.. അതിനാൽ പോവുകയാണ് നല്ലതെന്ന് അവൻ തീരുമാനിച്ചു.... അകത്തേക്കൊന്ന് പാളി നോക്കി കണ്ണുകൾ നിറച്ച് പുഞ്ചിരിയോടെ സലാം പറഞ്ഞ് ഷാനിദ് തിരിഞ്ഞു നടന്നു.. തന്റെ കൂടപ്പിറപ്പിനെ കണ്ട് യാത്ര പറയാൻ കഴിയാത്തതിൽ മനസ്സ് നൊന്ത് ഷാനിദ് വീട്ടിലേക്ക് തിരിച്ചു....
ഷാനിദ് പോയി കഴിഞ്ഞതും ഹാദി ജനലിന്റെ അരികിൽ നിന്നും മറഞ്ഞു നിന്നു... കണ്ണുകൾ ധാര ധാരയായി ഒഴുകാൻ തുടങ്ങിയിരുന്നു..
എന്ത് കൊണ്ട് ഉപ്പ അങ്ങനെ പറഞ്ഞെന്ന ചിന്ത അവളെ തളർത്താൻ തുടങ്ങി.. ഇക്കാക്ക പോകുന്നത് പുച്ഛത്തോടെ നോക്കിയ ഹംസ ഹാജിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു തന്നെ നിന്നു... എന്തൊക്കെയാണ് തനിക്ക് ചുറ്റും നടക്കുന്നതെന്നറിയാതെ അവളുടെ മനസ്സ് കലുഷിതമായി കൊണ്ടേയിരുന്നു........
കല്യാണത്തിന്റെ തിരക്കൊഴിഞ്ഞതും ഹാദിയെ വേഷം മാറാനായി മുറിയിലേക്ക് കൊണ്ട് പോയി... പുറമെ ചിരിക്കുന്നെങ്കിലും അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു.... വേഷം മാറി താഴേക്ക് എത്തിയ ഹാദിയെ ഉമ്മ വീട് കാണിക്കാനായി കൂടെ കൂട്ടി... ജേഷ്ഠൻ വീട് വെച്ച് പോയതിനാൽ ഹംസ ഹാജിയും ഭാര്യ സുഹറയും ഇളയ മകനായ ഹാമിസും മാത്രമായിരുന്നു ആ വീട്ടിൽ താമസം..... വീടും അയൽക്കാരെയും എല്ലാം പരിചയപ്പെട്ടും മറ്റുമായി നേരം കടന്നു പോയി.. തങ്ങൾക്കായി ഒരുക്കിയ മുറിയിൽ കയറി ബെഡിൽ ഇരിക്കുമ്പോൾ ഹാദിയുടെ മനസ്സ് തീർത്തും ശാന്തമായിരുന്നു.. തന്റെ ഉമ്മയെ പോലെയാണ് ഹാമിസിന്റെ ഉമ്മയും എന്ന തോന്നൽ അവളെ കുളിരണിയിപ്പിച്ചു.. ഉപ്പയുടെ പെരുമാറ്റം അവളിൽ നിരാശ ഉണ്ടാക്കി എങ്കിലും താൻ വിചാരിക്കുന്ന പോലെ ഒന്നുമില്ലെന്നവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...
ഉമ്മ പറഞ്ഞ,,, നാട്ടിൽ അറിയപ്പെടുന്ന ഹംസ ഹാജിയെയും താൻ മണിക്കൂറുകൾക്ക് മുന്നേ കണ്ട ഹംസ ഹാജിയെയും ഓർത്ത് ഇരിക്കുമ്പോൾ ആണ് ഹാമിസ് മുറിയിലേക്ക് വന്നത്..
കണ്ട പാടേ ഇഷ്ടം തോന്നിയ തന്റെ പെണ്ണിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഹാമിസിന്റെ മനസ്സിൽ സന്തോഷം പൂവിട്ടിരുന്നു... പാവപ്പെട്ട കുടുംബത്തിൽ നിന്നായത് കൊണ്ട് തന്നെ ഉപ്പ സമ്മതിക്കുമോ എന്നൊരു ഭയം ആദ്യമൊക്കെ അവനുണ്ടായിരുന്നു.. ഒരുപാട് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കാറുള്ള ഉപ്പയുടെ അടുത്ത് ഇങ്ങനെയൊരു ആവശ്യവുമായി ചെല്ലുമ്പോൾ ഉള്ളിൽ പ്രതീക്ഷയേറെ ഉണ്ടായിരുന്നു.. ഒരു യതീം കുട്ടിയുടെ കല്യാണത്തിന്റെ അന്ന് നാട്ടിലെ പ്രമുഖരുടെ കൂടെ ഉപ്പ നിൽക്കുമ്പോൾ ആണ് ഹാമിസ് യത്തീമായ ഹാദിയ യെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഉള്ള കാര്യം തുറന്നു പറഞ്ഞത്.. എതിർത്തൊന്നും പറയാതെ മകന്റെ തീരുമാനത്തിൽ ഹംസ ഹാജി കൂടെ നിന്നു..അതിലൂടെ ഹംസ ഹാജിയെ കുറിച്ചുള്ള മതിപ്പ് എല്ലാവരിലും വർധിച്ചു.....
ഒരു സ്വപ്നം പോലെ എല്ലാം ഓർത്തെടുത്ത ഹാമിസ് ഹാദിയുടെ തൊട്ടടുത്തിരുന്നു.. ഹാമിസിന്റെ സാമിപ്യം ഹാദിയുടെ മനസ്സിൽ സന്തോഷം ജനിപ്പിച്ചു.. അത് വരെ ഉണ്ടായിരുന്ന വിഷമങ്ങൾ എല്ലാം അവൾ മായ്ച്ചു കളഞ്ഞു...
"ഇക്കാക്കയെ വിളിക്കണോ "
താൻ അങ്ങോട്ട് പറയാൻ വിചാരിച്ച കാര്യം ഹാമിസ് പറഞ്ഞത് കേട്ടതും സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു... ഫോൺ വാങ്ങി ഇക്കാക്കയെ വിളിച്ച് ഹാദി സംസാരിക്കുമ്പോൾ ഹാമിസ് അവളുടെ കണ്ണിലെ തിളക്കം നോക്കി ഇരിക്കുകയായിരുന്നു...
ഇക്കാക്കയുടെ ശബ്ദം ഒന്ന് കേട്ടപ്പോൾ ആണ് ഹാദിയുടെ മനസ്സ് ശാന്തമായത്... തന്റെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞതിൽ ഹാമിസിനോടുള്ള ഇഷ്ടം അവളിൽ വർധിച്ചു...... സന്തോഷത്തോടെ അവൾ ഹാമിസിന്റെ നെഞ്ചിലേക്ക് ചാഞ്ഞു....
ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുമ്പോൾ തന്നിൽ വന്ന് ചേർന്ന ഭാഗ്യം തന്റെ മനസ്സിനടിത്തട്ടിനെ വരെ കരയിക്കാൻ ശേഷിയുള്ളതായിരുന്നു എന്ന് ഹാദി അറിഞ്ഞിരുന്നില്ല......
ഉന്മേഷത്തോടെയാണ് പിറ്റേ ദിവസത്തെ ഹാദി വരവേറ്റത്.. പുതിയ വീട്ടിലെ തന്റെ ആദ്യത്തെ ദിനം ആയതിനാൽ തന്നെ ചെറിയ പേടി ഉണ്ടായിരുന്നു എങ്കിലും കൂടെ നിന്ന് എല്ലാം പറഞ്ഞു തരുന്ന ഉമ്മയുടെ സാമിപ്യം അവളുടെ മനസ്സിലെ പേടിയെ എടുത്തു കളഞ്ഞു... കല്യാണം അടുപ്പിച്ച് അത്യാവശ്യം പാചകം ഒക്കെ ഹാദിയുടെ ഉമ്മ അവളെ പഠിപ്പിച്ചിരുന്നു... അതിനാൽ അവൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല...
"മോള് ഉപ്പാക്ക് ചായ കൊണ്ട് കൊടുക്ക് "
ഹംസ ഹാജിക്ക് നേരത്തെ എണീറ്റ് കാലി ചായ പതിവുള്ളതിനാൽ ഹാദി ചായ കാച്ചി ഒരു കപ്പിൽ ഒഴിച്ച് ഉപ്പാക്ക് കൊണ്ട് കൊടുക്കാനായി ഹാളിലേക്ക് നടന്നു.. തലേന്നത്തെ സംഭവം അവൾ മറന്നു തുടങ്ങിയതിനാൽ സന്തോഷത്തോടെ ആയിരുന്നു അവൾ ഉപ്പാന്റെ അടുത്തേക്ക് ചെന്നത്... പത്രം വായിച്ചിരിക്കുന്ന ഉപ്പാന്റെ നേർക്കവൾ ചായ നീട്ടി.. പുഞ്ചിരിയൊട്ടും ഇല്ലാത്ത ആ മുഖത്തേക്കവൾ ഒരു പ്രാവശ്യം മാത്രമേ നോക്കിയുള്ളൂ... അവളുടെ കണ്ണുകൾക്കൊപ്പം തലയും താഴ്ന്നു...
ചായ ഒരിറുക്ക് കുടിച്ച ഹംസ ഹാജി ദേഷ്യത്തിൽ കപ്പ് മേശയിൽ വെച്ചു...കയ്യിലെ പത്രം സോഫയിലേക്കിട്ട് അവളെ രൂക്ഷമായി നോക്കി...
"കെട്ടിലമ്മ ചമഞ്ഞ് ഇവിടെ കൂടാമെന്നാണോ ഭാവം.. വായിൽ വെക്കാൻ കൊള്ളാവുന്ന ഒന്നും ഉണ്ടാക്കാൻ പഠിക്കാതെയാണോ കെട്ടിയെടുത്തിരിക്കുന്നത്.. വലിയ വീടും കുടുംബവും ആയത് കൊണ്ട് സുഖവാസം ആവുമെന്ന് കരുതി കാണും അല്ലേ... മര്യാദക്ക് ചായ പോലും ഉണ്ടാക്കാൻ അറിയില്ല.. നാശം... !"
തനിക്കിഷ്ടമല്ലാത്ത ബന്ധത്തോടുള്ള അമർഷം മുഴുവൻ വാക്കുകളിലും നോട്ടത്തിലും പ്രകടമാക്കി കൊണ്ട് ദേഷ്യത്തോടെ ഹംസ ഹാജി എണീറ്റു പോയി.... ഈ സമയമത്രയും
ഒരടി അനങ്ങാൻ ആവാതെ പകച്ചു നിൽക്കുവായിരുന്നു ഹാദി.. ഉരുണ്ടു വന്ന കണ്ണുകളെ കണ്ണുനീർ വലയം ചെയ്യാൻ താമസം വന്നില്ല... വിതുമ്പുന്ന ചുണ്ടുകളോടെ അവൾ ചായ കപ്പ് കയ്യിലെടുത്തു...
"ഐവാ..... ഹാദി കുട്ടീ... ചായ അടിപൊളി... "
ഇക്കാക്കയുടെ വാക്കുകൾ കാതിൽ അലയടിച്ചതും വിതുമ്പലോടെ അവൾ തന്റെ കയ്യിലിരിക്കുന്ന ചായയിലേക്ക് നോക്കി മിഴികൾ നിറച്ചു...ഉമ്മയോ ഹാമിസോ ഒന്നും കേട്ടിട്ടില്ലെന്ന് ഉറപ്പിച്ച് ചുറ്റും നോക്കി കൊണ്ടവൾ കണ്ണുകൾ തുടച്ച് അടുക്കളയിലേക്ക് പോയി... ഉമ്മ കാണാതെ ചായ ബേസിലേക്ക് ഒഴിക്കുമ്പോൾ എന്തിനെന്നില്ലാതെ അവളുടെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു.....
അവിടുന്നങ്ങോട്ട് ഓരോ ജോലി ചെയ്യുമ്പോഴും അവളുടെ മനസ്സ് വെപ്രാളപ്പെട്ടു കൊണ്ടിരുന്നു... ഹംസ ഹാജിയുടെ മുന്നിലേക്ക് ചെല്ലാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല. ഉമ്മക്കൊപ്പം നിന്ന് പാചകത്തിന് സഹായിക്കും എന്നല്ലാതെ തന്റെ കൈകൾ കൊണ്ട് പാചകം ചെയ്യാൻ അവൾ ഭയപ്പെട്ടു....
കല്യാണം കഴിഞ്ഞ് മൂന്നാം നാൾ ആയിരുന്നു സൽക്കാരം നിശ്ചയിച്ചിരുന്നത്.. തന്റെ മണിമാളികയിൽ എല്ലാവരും ഒത്തു കൂടുന്നതൊന്നും ഹംസ ഹാജിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല... വീട്ടിലെ വില കൂടിയ വസ്തുക്കൾക്ക് കേട് പാട് സംഭവിക്കുമോ എന്ന ആകുലത കാരണമാണ് കല്യാണം പോലും വീട്ടിൽ വെച്ച് നടത്താതെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയത്... അതും ചെലവ് ചുരുക്കലിന്റെ ഭാഗമായി വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചു......
സൽക്കാരം നടത്തേണ്ട എന്ന തീരുമാനത്തിൽ തന്നെ ആയിരുന്നു ഹംസ ഹാജി.. പക്ഷേ... ബന്ധുക്കളുടെ നിർബന്ധം കാരണം മനസ്സില്ലാ മനസ്സോടെ അയാൾക്ക് സമ്മതിക്കേണ്ടി വന്നു...കരിയോ പുകയോ തന്റെ വീടിനെ പൊതിഞ്ഞ് വീടിന്റെ തനിമ നഷ്ടപ്പെടാതിരിക്കാൻ സൽക്കാരത്തിനുള്ള ഭക്ഷണം വീട്ടിൽ വെച്ച് പാകം ചെയ്യാൻ അയാൾ സമ്മതിച്ചില്ല... പുറത്ത് നിന്ന് വാങ്ങാമെന്ന അയാളുടെ തീരുമാനത്തെ ആരും എതിർത്തില്ല... ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്നുള്ളതിനാൽ ആണ് ഭക്ഷണം വരുത്തിക്കുന്നെതെന്ന ധാരണയായിരുന്നു മറ്റുള്ളവർക്ക്... പക്ഷേ... അയാളുടെ മനസ്സിൽ യഥാർത്ഥത്തിൽ എന്താണ് ഉള്ളതെന്ന് ഹാദി മാത്രം തിരിച്ചറിഞ്ഞു.... തന്റെ കുടുംബം അയാളുടെ വീട്ടിലേക്ക് വരുന്നത് ഇഷ്ടമല്ലെന്ന് ഉമ്മയോടുള്ള വാക്കുകളിൽ നിന്നും അവൾ മനസ്സിലാക്കി....
മാത്രമല്ല അവരെല്ലാം വന്ന് പോയതിന് ശേഷം അവളെ കൊണ്ട് തന്നെ വീട് മുഴുവൻ ക്ലീൻ ചെയ്യിക്കാനും അയാൾ മറന്നില്ല......
മറ്റുള്ളവരുടെ മുന്നിൽ നല്ലപിള്ള ചമഞ്ഞു നടക്കുന്ന ഹംസ ഹാജി ഹാദിയുടെ മുന്നിൽ മാത്രം തന്റെ തനി നിറം വെളിപ്പെടുത്തി... അവളെ അയാൾക്കിഷ്ടമില്ലാത്തത് തന്നെയായിരുന്നു കാരണം.. നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും പെരുമാറ്റത്തിലും അയാളത് പ്രകടമാക്കുമ്പോൾ ഹാദിയുടെ മനസ്സ് കൂടുതൽ മുറിപ്പെട്ടു കൊണ്ടിരുന്നു...
ദിവസം കഴിയും തോറും ഹംസ ഹാജി എന്ന എല്ലാവർക്കും പ്രിയപ്പെട്ട തണൽ മരത്തിന്റെ യഥാർത്ഥ രൂപം അവളുടെ മുന്നിൽ തെളിയപ്പെട്ടു..
പുറമെ നല്ല പേരുള്ള അകത്ത് ദുഷിച്ച മനസ്സുള്ള അയാളെ അവൾ അടിമുടി വെറുത്തു..
ഓരോ ദിവസത്തിലെയും ഓരോ കാര്യങ്ങൾക്കും കർശന നിലപാടുള്ള അയാളുടെ നിയമങ്ങൾ അവൾക്ക് പൊള്ളുന്ന പോലെ തോന്നി.. എത്ര രുചിയോടെ ഭക്ഷണം പാകം ചെയ്‌താലും കുറവ് കണ്ടു പിടിക്കലായിരുന്നു അയാളുടെ വിനോദം.... തരം കിട്ടുമ്പോൾ അവളുടെ കുടുംബത്തെ താഴ്ത്തി കെട്ടാനും അയാൾ മറക്കാറില്ല.....
അയാളുടെ ഓരോ പ്രവർത്തിയിലും മനസ്സേറെ വിഷമിച്ചിട്ടും ഇതൊന്നും ഹാമിസ് അറിയാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.. ഉപ്പയെ ദൈവ തുല്യമായി കാണുന്ന, സ്നേഹിക്കുന്ന ഹാമിസ് ഒരുപക്ഷെ ഇതൊന്നും വിശ്വസിക്കാതെ തനിക്ക് നേരെ തിരിയുമോ എന്നവൾ ഭയപ്പെട്ടിരുന്നു.....
കല്യാണം കഴിഞ്ഞ് ഒരു മാസം പെട്ടന്ന് കഴിഞ്ഞു പോയി.. ജയിലറക്ക് സമം ആയ ആ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് പോകാൻ അവളുടെ മനസ്സ് കൊതിച്ചു.. ഹാമിസ് സമ്മതം അറിയിച്ചു എങ്കിലും ഉപ്പയോട് ചോദിക്കാൻ പറഞ്ഞത് അവളുടെ ഉള്ളിൽ വീണ്ടും ഭീതി ജനിപ്പിച്ചു....
ഹാമിസ് ജോലിക്ക് പോയ സമയം വീട്ടിലെ ജോലികൾ എല്ലാം തീർത്ത ഹാദി ഉപ്പയോട് എങ്ങനെ സമ്മതം ചോദിക്കുമെന്ന ചിന്തയിൽ ഇരിക്കുമ്പോൾ ആണ് ഹാദിയുടെ ഉമ്മയുടെ കാൾ അവളുടെ ഫോണിലേക്ക് വന്നത്.. ഉമ്മയാണെന്ന് കണ്ടതും അവളുടെ മുഖം വിടർന്നു.. ഫോൺ അറ്റൻഡ് ചെയ്ത് അവൾ ഉമ്മയോട് സംസാരിച്ചു കൊണ്ടിരുന്നു.. സാധാരണ ഒരുപാട് നേരം സംസാരിക്കാൻ കഴിയാറില്ല.. ഹംസ ഹാജിയുടെ നോട്ടം അവളിലേക്കെത്തുമ്പോൾ അവൾ വേഗം ഫോൺ വെക്കും... ഒരു ദിവസം ഫോണിൽ കൂടുതൽ സമയം ചിലവഴിച്ചെന്ന പേരിൽ അയാളുടെ കരങ്ങൾ അവളുടെ കൈകളിൽ അമർന്നതിന്റെ പാട് ഇപ്പോഴും മാഞ്ഞു പോയിരുന്നില്ല...
ഇപ്രാവശ്യം അവൾ പേടി കൂടാതെ ഉമ്മയോട് സംസാരിച്ചു... ഹംസ ഹാജിയും ഭാര്യയും അടുത്ത ബന്ധു വീട്ടിലേക്ക് പോയിരിക്കുവാണ്.. ആ ധൈര്യത്തിലാണ് അവൾ മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണത്തിൽ മുഴുകിയത്....
പുറത്ത് കാളിങ് ബെൽ അമരുന്ന ശബ്ദം കേട്ട് ഹാദി പെട്ടന്ന് ഫോൺ വെച്ച് താഴേക്കോടി. വാതിൽ തുറന്നു കൊടുത്ത ഹാദി തല താഴ്ത്തി മാറി നിന്നതും പെട്ടന്നാണ് അയാളുടെ ബലിഷ്ഠ കൈകൾ അവളുടെ മുഖത്തേക്ക് പതിച്ചത്... ഒട്ടും പ്രതീക്ഷിക്കാത്തത് ആയതിനാൽ തന്നെ അവൾ പിന്നിലേക്ക് വേച്ചു നിന്നു....
"എവിടെ ആയിരുന്നു അസത്തെ...വെള്ളം നിറഞ്ഞു പോകുന്നത് കണ്ടില്ലേ.... "
ദേഷ്യത്തോടെ അയാളത് പറയുമ്പോൾ ഹാദി കൈകൾ മുഖത്തു വെച്ച് കണ്ണുകൾ നിറച്ചു നിന്നു... ടാങ്ക് നിറഞ്ഞൊലിച്ചത് അവൾ ശ്രദ്ധിച്ചിരുന്നില്ല.. ഉമ്മയും അവളെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ അവളാകെ തളർന്നു... വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് ഇനി മേലാൽ ഇതാവർത്തിച്ചാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കി ഉപ്പയും ഉപ്പാക്ക് പിറകെ ഉമ്മയും പോകുമ്പോൾ,, വേദന കൂടി വരുന്ന കവിളിൽ നിന്നും കൈകൾ മാറ്റാതെ ഹാദി പൊട്ടിക്കരഞ്ഞു.....
പക്ഷേ.. കരയാൻ പോലും അവകാശം ഇല്ലാത്ത ആ വീട്ടിൽ അവളുടെ തേങ്ങൽ വീഴാതിരിക്കാൻ ശ്രമിച്ചു കൊണ്ടവൾ റൂമിലേക്ക് ഓടി പോയി... തലയിണയിൽ മുഖം പൊത്തി കരയുമ്പോൾ ഹാമിസിനോട് എന്ത് പറയുമെന്ന ചിന്തയിൽ ആയിരുന്നു അവൾ.....
വൈകുന്നേരം ഹാമിസ് വരുമ്പോൾ ഹാദി മുറിയിൽ കിടക്കുകയായിരുന്നു... തലവേദനയാണെന്ന് പറഞ്ഞ് ഹാദി ഒഴിഞ്ഞു മാറിയപ്പോൾ കൂടുതൽ ഒന്നും ചോദിക്കാനും അവൻ ശ്രമിച്ചില്ല.. ഉപ്പ തല്ലിയ കവിളിലെ പാട്
മറച്ചു പിടിച്ചത് കൊണ്ട് ഹാമിസ് അത് കണ്ടതുമില്ല.. ഹാദിയുടെ മനസ്സ് വിങ്ങി പൊട്ടുന്നതുമവൻ അറിഞ്ഞില്ല.. ഇത്രയും ദിവസം അവൾ അനുഭവിച്ച യാതനകളുടെ ഒരംശം പോലും അവൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല... തന്റെ പെണ്ണ് ഒത്തിരി സന്തോഷത്തിൽ ആണെന്ന ധാരണയിൽ ആയിരുന്നു അവൻ...
രാത്രി കാലങ്ങളിൽ വാതോരാതെ സംസാരിക്കാറുള്ള ഹാമിസ് ഒരിക്കൽ പോലും ഇവിടെ നിനക്ക് സുഖമല്ലേ എന്നൊരു വാക്ക് അവളോട് ചോദിച്ചിരുന്നില്ല.....അത് കൊണ്ട് തന്നെ ഉള്ള് തുറന്നു സംസാരിക്കാൻ അവൾ ശ്രമിച്ചതുമില്ല..........
പിറ്റേന്ന് രാവിലെ കവിളിൽ ഭാരിച്ച വേദനയോടെ ആയിരുന്നു ഹാദി അടുക്കളയിൽ കയറിയത്.. കവിളിലെ പാട് കണ്ടാൽ ചോദ്യം വരുമെന്നതിനാൽ വീട്ടിലേക്കുള്ള പോക്ക് രണ്ടു ദിവസം കഴിഞ്ഞാവാം എന്നവൾ തീരുമാനിച്ചു......
ഹംസ ഹാജിയുടെ പ്രഹരം ലഭിച്ചത് മുതൽ ഓരോ കാര്യത്തിനും പ്രത്യേക ശ്രദ്ധയായിരുന്നു ഹാദിക്ക്.. പക്ഷേ.. എത്ര ശ്രദ്ധ കൊടുത്താലും അയാളുടെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തെ തളർത്തി കൊണ്ടിരുന്നു..... ആദ്യമൊക്കെ ഉമ്മയുടെ പെരുമാറ്റവും സംസാരവും അവൾക്ക് ആശ്വാസം ആയിരുന്നുവെങ്കിൽ പിന്നെ പിന്നെ ഉമ്മയുടെ യഥാർത്ഥ രൂപവും അവൾക്ക് മനസ്സിലായി തുടങ്ങി.. ഭർത്താവ് പറഞ്ഞതിന്റെ അപ്പുറം പോകാത്ത,,, അയാൾ നിർമിച്ച നിയമങ്ങൾ അനുസരിച്ച് എതിർത്തൊരു വാക്ക് പോലും പറയാത്ത ആളാണ് ഉമ്മയെന്ന് അവൾ അറിഞ്ഞു.....
താനും ഇനിയീ ചട്ട കൂടിനകത്ത് ജീവച്ഛവമായി ജീവിക്കേണ്ട കാര്യം ഓർത്ത് അവളുടെ ഹൃദയം ഓരോ നിമിഷവും നീറി പുകഞ്ഞു......
ഹാദിയുടെ മനസ്സിലെ മുറിവോ നീറ്റലോ അവൾ വീട്ടിൽ അനുഭവിക്കുന്നതോ ഒന്നും ഹാമിസ് അറിഞ്ഞതേയില്ല....എന്നാൽ സത്യങ്ങൾ ഒരുപാട് കാലമൊന്നും മറച്ചു വെക്കാൻ കഴിയില്ല എന്ന വാക്യം യാഥാർഥ്യമാവാൻ അധിക നാൾ വേണ്ടി വന്നില്ല......
കല്ല്യാണം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടു.... ഒരു ദിനം ഉച്ചക്കാണ് ആണ് ആ സംഭവം വീട്ടിൽ അരങ്ങേറിയത്.....
ഹംസ ഹാജിയുടെ ആജ്ഞ പ്രകാരം അന്ന് വീട്ടിൽ ബിരിയാണി ആയിരുന്നു ഉണ്ടാക്കിയത്... ഉമ്മാക്ക് സുഖം ഇല്ലാത്തതിനാൽ ഹാദി തനിച്ച് പാകം ചെയ്യേണ്ടി വന്നു... ഹംസ ഹാജിയുടെ തൃപ്തിക്കനുസരിച്ച് അയാൾക്ക് വേണ്ട രുചിയോടെ പാകം ചെയ്യുക എന്നത് അവളെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടം ആയിരുന്നു... കൈകൾ വിറച്ചു കൊണ്ടല്ലാതെ ഓരോ ജോലികളും ചെയ്യാൻ അവൾക്ക് കഴിഞ്ഞില്ല.....കൃത്യനിഷ്ഠ പാലിക്കുന്ന ഹംസ ഹാജിക്ക് ളുഹർ നമസ്കാരം കഴിഞ്ഞ ഉടനെ ഭക്ഷണം ടേബിളിൽ കാണണമായിരുന്നു... വെപ്രാളം കൊണ്ട് തന്നെ അഞ്ചു മിനുട്ട് ലേറ്റ് ആയാണ് ഹാദി ഭക്ഷണം കൊണ്ട് വെച്ചത്.....വെള്ള വസ്ത്ര ധാരിയായ അയാളുടെ മുഖം ദേഷ്യം കൊണ്ട് ഇരുണ്ട് മൂടുന്നത് ഇടം കണ്ണാലെ നോക്കി വിറക്കുന്ന കൈകളാലെ അവൾ അയാൾക്ക് ഭക്ഷണം വിളമ്പി... ഒരു ഒരുള വായിലേക്ക് വെച്ചതും അയാളുടെ കൈകൾ ചുരുണ്ടു വന്നു... നീട്ടി തുപ്പിയ ഭക്ഷണം അവളുടെ വസ്ത്രത്തിലേക്ക് തെറിച്ചു... ഞെട്ടലോടെ ഹാദി ഒരടി പിന്നിലേക്ക് നിന്നതും അയാളുടെ കരങ്ങൾ അവളുടെ പുറം പൊളിച്ചു.....
"ഇനിയും നേരാവണ്ണം വെച്ചുണ്ടാക്കാൻ അറിയില്ലേ നിനക്ക്... ഏത് നേരത്താണാവോ നിന്നെ പോലെയൊരു നാശത്തെ വീട്ടിൽ കയറ്റാൻ തോന്നിയത്..... പണ്ടവുമില്ല പണവുമില്ല.. പറയാനൊരു കുടുംബ മഹിമ പോലുമില്ല..... എങ്കിൽ പിന്നെ വീട്ടിലേക്കൊരു ഉപകാരം ആവട്ടെ എന്ന് കരുതുമ്പോൾ വൃത്തിയോടെ വെടിപ്പായി ഒരു ജോലിയും ചെയ്യാനും അറിയില്ല........ശവം...."
കസേര ശക്തിയായി പിന്നിലേക്ക് നീക്കി ഹംസ ഹാജി അവൾക്ക് മുന്നിൽ നിന്ന് അലറി..... പെണ്ണിന്റെ കരച്ചിലോ ചിരിയോ ശബ്ദമോ ആ വീട്ടിൽ മുഴങ്ങാൻ പാടില്ലെന്ന അയാളുടെ കർശന നിയമം ഒരു നിമിഷം വിസ്മരിച്ച ഹാദി കണ്ണിൽ വെള്ളം നിറച്ച് അയാളെ നോക്കി.. അവളുടെ കണ്ണുനീർ കണ്ട് അയാളുടെ കോപം ആളിക്കത്തി....
"അശ്രീകരം... കിടന്ന് മോങ്ങുന്നോ..,"
അവളെ രൂക്ഷമായി നോക്കിയ ഹംസ ഹാജി ടേബിളിൽ ഇരുന്ന ചൂട് വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് ആഞ്ഞൊഴിച്ചു....
ആാാാ....
ഹംസ ഹാജിക്ക് കുടിക്കാൻ ചൂട് വെള്ളം മാത്രമേ പറ്റൂ എന്നതിനാൽ അവൾ ആദ്യമേ ചൂട് വെള്ളം കൊണ്ട് വെച്ചിരുന്നു.. ഭക്ഷണം കഴിച്ച് കഴിയുമ്പോഴേക്കും ചൂട് കുറയാതിരിക്കാൻ ചൂട് കൂടിയ വെള്ളമാണ് സാധാരണ കൊണ്ട് വെക്കാറുള്ളത്... അതും അയാളുടെ നിർദേശം തന്നെയായിരുന്നു...
ചൂട് വെള്ളം മുഖത്തെ പൊള്ളിച്ചതും കൈകൾ മുഖത്തു പൊത്തി കൊണ്ട് ഹാദി ആർത്തു..... ഇന്നേവരെ അയാളുടെ വീട്ടിൽ ഒരു പെണ്ണിന്റെ ശബ്ദം ഉയർന്നിട്ടില്ല.. അതിനാൽ തന്നെ അയാൾക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.. ഹാദിയുടെ മുഖത്തേക്ക് അയാളുടെ ബലിഷ്ഠ കൈകൾ ആഞ്ഞു പതിഞ്ഞതും ഹാദിയുടെ ബോധം മറഞ്ഞ് അവൾ നിലത്തേക്ക് വീണു..........
"എന്റെ വീട്ടിൽ എന്റെ സമ്മതമില്ലാതെ ഒരു പെണ്ണിന്റെ ശബ്ദവും ഉയർന്നു പോകരുത്... "
പുച്ഛത്തോടെ ദേഷ്യത്തോടെ അതും പറഞ്ഞ് വീണു കിടക്കുന്ന അവളെ അറപ്പോടെ അയാൾ നോക്കി.. മുന്നോട്ട് പോകാൻ മുന്നിൽ തടസ്സമായി കിടന്ന അവളുടെ കാലുകളെ തന്റെ കാൽ കൊണ്ട് തട്ട് കൊടുത്ത് നീക്കി കൊണ്ടയാൾ പുറത്തേക്ക് പോയി.....
ഹംസ ഹാജി പോയതും അടുക്കള ഭാഗത്ത് നിന്നും അയൽ വീട്ടിലെ ആയിഷുമ്മ ഓടി വന്ന് ഹാദിയുടെ തല അവരുടെ മടിയിൽ വെച്ചു.... ഹാമിസിന്റെ ഉമ്മ സുഹറക്ക് സുഖം ഇല്ലെന്ന് അറിഞ്ഞ് കാണാൻ വന്നതായിരുന്നു ആയിഷുമ്മ.. അപ്പോഴാണ് ഹാളിൽ നിന്നും ഹംസ ഹാജിയുടെ ഉയർന്ന ശബ്ദം അവർ കേട്ടത്..... കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ അവർ ഹാദിയെ തട്ടി വിളിച്ചു എങ്കിലും ശക്തമായ പ്രഹരം ലഭിച്ചതിനാൽ അവൾക്ക് ബോധം വന്നില്ല.... ഉടനെ തന്നെ അവർ അവളെ അവിടെ കിടത്തി തന്റെ വീട്ടിലേക്ക് ചെന്ന് അവരുടെ മക്കളെയും കൊണ്ട് ഹംസ ഹാജിയുടെ വീട്ടിലെത്തി.. എന്നാൽ ഇവിടെ കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞ് ഹംസ ഹാജി അവരെ പിന്തിരിപ്പിച്ചു.. വീട്ടിലേക്ക് കയറാൻ തന്നെ അയാൾ സമ്മതിച്ചില്ല... ആ സമയം അവരിലൊരാൾ ഹാമിസിന് വിളിച്ച് വിവരം പറഞ്ഞു.... ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവർ ഹംസ ഹാജിയുടെ എതിർപ്പ് അവഗണിച്ചു കൊണ്ട് വീട്ടിലേക്ക് കയറി, ബോധം മറഞ്ഞ് കിടക്കുന്ന ഹാദിയെ എടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി........
അയൽക്കാരെല്ലാം എല്ലാം അറിഞ്ഞിട്ടും ഹാദി ഹോസ്പിറ്റലിൽ ആയിട്ടും അയാളിൽ ഒരു തരി പോലും കുറ്റബോധം ഉണ്ടായില്ല.. മറിച്ച് അവൾ കാരണം നാട്ടുകാർ കയറിയിറങ്ങിയ വീട് ശുദ്ധി കലശം നടത്തുന്ന തിരക്കിൽ ആയിരുന്നു അയാൾ.....
ഹാദി ഹോസ്പിറ്റലിൽ ആയ വിവരം അറിഞ്ഞ് ഹാമിസും ഹാദിയുടെ വീട്ടുകാരും അങ്ങോട്ട് കുതിച്ചു.. അയൽക്കാർ പറഞ്ഞ കഥ ഒന്നും വിശ്വസിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല.. തന്റെ ഉപ്പ അങ്ങനെയൊക്കെ ചെയ്യുമെന്നത് അവനെ കൊണ്ട് ഉൾകൊള്ളാൻ കഴിയുന്നതായിരുന്നില്ല... അതിനാൽ തന്നെ അവനത് എതിർത്തു....
പക്ഷേ... ബോധം വീണ ഹാദിയിൽ നിന്നും കേട്ട കാര്യങ്ങൾ അവനെ സ്തബ്ധനാക്കി.....
"എല്ലാം ഞാൻ മറച്ചു വെച്ചതാണ്.. സഹിക്കാവുന്നതിലും അപ്പുറം ഞാൻ സഹിച്ചിട്ടുണ്ട്.. ഓരോ ദിവസവും ഉപ്പാന്റെ ക്രൂരതകൾ കൂടിയിട്ടേ ഉള്ളൂ.....വിലകൂടിയതെല്ലാം ഇക്ക എനിക്കായി സമ്മാനിക്കുമ്പോൾ ഒരിക്കൽ പോലും വീട്ടിൽ എന്റെ അവസ്ഥ മനസ്സിലാക്കാനോ ചോദിക്കാനോ ഇക്ക ശ്രമിച്ചിട്ടില്ല.... മനസ്സറിഞ്ഞു സന്തോഷിക്കാൻ കഴിഞ്ഞില്ലേൽ ഒരുപാട് സ്നേഹം കിട്ടിയിട്ടെന്തിനാ.... "
ഹാമിസിന് മുന്നിൽ കണ്ണീരോടെ ഹാദി അത് പറയുമ്പോൾ ഷാനിദ് അവളെ ചേർത്ത് പിടിച്ച് തലോടി.. കണ്ണീരോടെ ഷാഹിദ അരികിൽ ഇരുന്നു..... ഹാമിസ് ഒരു വാക്ക് പോലും മിണ്ടാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു... പലപ്പോഴും അവളുടെ ദേഹത്ത് കാണപ്പെടാറുള്ള പാടുകളും മുറിവും എങ്ങനെ വരുന്നുവെന്ന സത്യം അവൻ തിരിച്ചറിഞ്ഞു...
ഇത്രയൊക്കെ തന്റെ പെണ്ണ് വീട്ടിൽ അനുഭവിച്ചിട്ടും താൻ ഒന്നും അറിഞ്ഞില്ലല്ലോ എന്ന ചിന്തയിൽ അവൻ കുറ്റബോധത്താൽ അവൻ തകർന്നു.... ഒപ്പം ഓർമ വെച്ച നാൾ മുതൽ ഉപ്പയുടെ മാഹാത്മ്യം സ്വയം കണ്ടും മറ്റുള്ളവർ പറഞ്ഞ് കണ്ടും കേട്ടും വളർന്ന് ഒടുവിൽ അതെല്ലാം പച്ച കള്ളമായിരുന്നെന്ന് അറിഞ്ഞതിനാൽ അവന്റെ ഹൃദയം നീറി...
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ ഹാദി അവളുടെ വീട്ടിലേക്ക് പോയി.... അവളെ തന്റെ വീട്ടിലേക്ക് വിളിക്കാനായി അവൻ ശ്രമിച്ചെങ്കിലും ഷാനിദ് അതിന് സമ്മതിച്ചില്ല.... വർധിച്ച ഹൃദയ ഭാരത്തോടെ അവൻ വീട്ടിലേക്ക് യാത്ര തിരിച്ചു.... ഗേറ്റ് കടന്ന് ചെല്ലുമ്പോൾ തന്റെ വീടിന്റെ മുന്നിലെ ആൾക്കൂട്ടമാണ് ഹാമിസ് കണ്ടത്... സംഭവം അറിഞ്ഞ് അയൽവാസികൾ തടിച്ചു കൂടിയതാണ്... പുത്തൻ പുരയ്‌ക്കൽ ഹംസ ഹാജിയുടെ യഥാർത്ഥ രൂപം ഓരോരുത്തരായി അറിഞ്ഞു തുടങ്ങി... കൂട്ടത്തിൽ ആരോ ഗാർഹിക പീഡനത്തിന്റെ പേരിൽ ഹംസ ഹാജിക്കെതിരെ പോലീസിൽ കംപ്ലയിന്റ് ചെയ്തു...
പോലീസ് വന്ന് ഉപ്പയെ കൊണ്ട് പോകുമ്പോൾ തടയാനോ മറുത്തൊരു വാക്ക് പറയാനോ ആവാത്ത അവസ്ഥയിൽ ആയിരുന്നു ഹാമിസ്..
ഹാദിയിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുത്ത പോലീസ് ഹംസ ഹാജിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ അടച്ചു....
ഇനിയൊരിക്കലും ഹാദിക്ക് വിഷമിക്കേണ്ടി വരില്ലെന്നും അവളുടെ കണ്ണുകൾ നിറയ്ക്കില്ലെന്നും ഉറപ്പ് കൊടുത്ത് കൊണ്ട് ഹാമിസ് ഹാദിയെ തന്റെ വീട്ടിലേക്ക് കൊണ്ട് വന്നു......അവൾ അനുഭവിച്ച ക്രൂരതകളുടെ സാക്ഷികളായ വീട്ടിലെ ഓരോ ഇടവും പിന്നീട് ഹാദിയുടെ പുഞ്ചിരി തൂകും മുഖം മാത്രം കാണാൻ തുടങ്ങി....
ഇനിയൊരു തെറ്റ് തന്റെ ഭാഗത്ത് നിന്നുണ്ടാവാതിരിക്കാൻ ഹാദിയുടെ നിഴലായ് അവൾക്കൊരു താങ്ങായി തണലായ് എന്നെന്നും ഹാമിസ് നിലകൊണ്ടു........
*അവസാനിച്ചു*
അതേ.... അങ്ങനെയും ചിലരുണ്ട്.... പെണ്ണെന്നാൽ ചില ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും തങ്ങളുടെ ആജ്ഞകൾ പാലിക്കാൻ ഉള്ളവർ ആണെന്നും ധരിക്കുന്നവർ..... അവർ സമൂഹത്തിൽ മാന്യൻമാർ ആയിരിക്കാം.. അവരുടെ യഥാർത്ഥ രൂപം അറിയുന്നത് വീട്ടിലെ നാല് ചുമരുകൾക്കും ആ ചുമരുകൾക്കുള്ളിൽ മാത്രം തളക്കപ്പെട്ട പെൺ വർഗത്തിനും മാത്രമായിരിക്കും... മഹർ നൽകിയവർ മാത്രം ആവണം എന്നില്ല പെണ്ണിനെ അടിമയാക്കി വെക്കുന്നത്.....കഥയിലെ പോലെ ഒരുപാട് ഹംസ ഹാജിമാർ ഉണ്ടാവും....
ഇതൊരു സങ്കല്പ്പിക കഥയാവണം എന്നില്ല.. പലതും മൂടിവെച്ച് പുറമെ സന്തോഷം അഭിനയിച്ച് ജീവിക്കുന്ന നമ്മളിൽ പലരുടെയും യഥാർത്ഥ ജീവിതം ആയിരിക്കാം.. കുടുംബത്തിന്റെ സന്തോഷത്തിന് മുൻഗണന നൽകി എല്ലാമവർ സഹിക്കുമ്പോൾ മഹർ നൽകിയവൻ പോലും ഒന്നും അറിയണം എന്നില്ല.... അറിയിക്കാൻ അവർ ശ്രമിക്കാറില്ല.. കുന്നോളം സ്നേഹം കൊണ്ട് മൂടുമ്പോഴും കുന്നിക്കുരുവോളമെങ്കിലും സങ്കടം ഓരോ പെണ്ണിന്റെ ഉള്ളിലും ഉണ്ടാവും.. അവർ പറയാതെ അതറിഞ്ഞ് അവർക്ക് തുണയായ് നിൽക്കുന്നവൻ ഉണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും അവർ തരണം ചെയ്യും.......
ഭാര്യ,, മരുമകൾ എന്നാൽ ആരുടേയും കളിപ്പാവയല്ല... അവർക്കുമുണ്ട് വേദനിപ്പിച്ചാൽ നീറുന്നൊരു ഹൃദയം... ആ ഹൃദയത്തെ മുറിപ്പെടുത്തുന്ന കാര്യങ്ങളെ കണ്ടെത്തി പരിഹരിച്ച് അവരുടെ കൂടെ സന്തോഷത്തിലും സങ്കടത്തിലും പങ്കു ചേർന്ന് ഉത്തമ ജീവിതം നയിക്കാൻ സമൂഹത്തിലെ ഓരോരുത്തർക്കും സാധിക്കട്ടെ.........
രചന: തൻസീഹ് വയനാട്
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
