കൃഷ്ണവേണി 3

Valappottukal
കൃഷ്ണവേണി 3



രചന: സന്തോഷ് അപ്പുക്കുട്ടൻ
വാതിലിൽ മേൽ തുടരെയുള്ള മുട്ട് കേട്ട് കൃഷ്ണ ഞെട്ടിയുണർന്നു.

കിടന്നിട്ട് ഇത്തിരിനേരമല്ലേ ആയുള്ളൂ എന്ന ചിന്തയിൽ ബെഡിൽ നിന്ന് ചാടിയിറങ്ങി അവൾ ഓടി ചെന്ന് വാതിൽ തുറന്നു.

'ഗുഡ് മോർണിങ്ങ് "

മുന്നിലേക്ക് ആവി പറക്കുന്ന ചായകപ്പ് നീട്ടി,വിനു വിഷ് ചെയ്തപ്പോൾ  അവൾ ജാള്യതയോടെ ചുറ്റും നോക്കി.

ജനൽ വിടവിലൂടെ അരിച്ചെത്തുന്ന പ്രകാശം നടുത്തളത്തിൽ ചിത്രം വരയ്ക്കുന്നത് കണ്ട് അവൾ ഒരു ചമ്മലോടെ വിനുവിൻ്റെ നേർക്ക് പാളി നോക്കി.

ഇന്നലെ കണ്ട ആ കൂറ രൂപമായിരുന്നില്ല വിനുവിന് അപ്പോൾ.

താടിയൊക്കെ വടിച്ച്, കുളിച്ച് കുട്ടപ്പനായി നെറ്റിയിൽ നനവ് മാറാത്ത ചന്ദന കുറിയുമായ്...

അവൾ ചായയും വാങ്ങി അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ, അവൻ പോക്കറ്റിൽ നിന്നു പേഴ്സ് എടുത്തു അവൾക്കു നേരെ നീട്ടി.

"ഇതൊക്കെ സൂക്ഷിച്ചു വെക്കേണ്ടേ. ഡൈനിങ്ങ് ടേബിളിനടുത്തെ തറയിൽ അലക്ഷ്യമായി കിടക്കുകയായിരുന്നു "

"സോറി "

അവൾ പേഴ്സ് വാങ്ങി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"സോറി ഒന്നും വേണ്ട. പേഴ്സ് സൂക്ഷിച്ചതിനുള്ള പ്രതിഫലം ഞാൻ എടുത്തിട്ടുണ്ട് "

അതേ പുഞ്ചിരിയോടെ തന്നെ അവൾ വിനുവിനെ നോക്കി നിന്നു.

" അമ്പലത്തിലേക്ക് പോകുമ്പോൾ ഇത്തിരി ചില്ലറ പൈസയുടെ ആവശ്യം ഉണ്ടായിരുന്നു.
അത് ഇതിൽ നിന്നു എടുത്തു "

"അത് സാരല്ല്യ"

അവൾ ചായ ചുണ്ടിലേക്ക് അടുപ്പിച്ച് പറഞ്ഞു.

"സാരമുണ്ടായിട്ടും കാര്യമില്ല. കാരണം കുറച്ചു നാൾ കഴിഞ്ഞാൽ നമ്മളുടെ ഫാമിലികൾ ഒന്നല്ലേ?"

വിനുവിൽ നിന്നുയർന്ന വാചകം കേട്ടതോടെ ചുണ്ടോട് അടുപ്പിച്ച ചായ തുളുമ്പി തറയിൽ വീണു.

"ഈ ചായ ആര് ഉണ്ടാക്കിയതാ?"

മനസ്സിലെ പതർച്ച പുറത്ത് കാട്ടാതിരിക്കാനെന്നവണ്ണം അവൾ ചോദിച്ചു.

" ഞാൻ - എന്താ കൊള്ളൂ ലേ ?"

നീളൻമുടി പിന്നിലേക്ക് ഒതുക്കി ഒരു പ്രത്യേകഭാവത്തോടെ വിനു ചോദിച്ചപ്പോൾ, അവൾ ഒഴിഞ്ഞ ചായക്കപ്പ് അവനു നേരെ നീട്ടി.

"അസ്സലായിട്ടുണ്ട് ചേട്ടാ "

ചായക്കപ്പും വാങ്ങി തിരിച്ചു പോകുമ്പോൾ, അവൻ ഒരു നിമിഷം തിരിഞ്ഞു നിന്നു.

"ഈ വേഷം സൂപ്പറാ. ഇതങ്ങ് സ്ഥിരമാക്കിയാലോ?"

വിനു ചോദിച്ചപ്പോൾ അവൾ ചമ്മലോടെ തല കുനിച്ചു.

കിച്ചനിലേക്ക് കടന്ന വിനുവിനെ പുറത്തേക്ക് കാണാതെ ആയപ്പോൾ, അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു.

മുന്നിൽ കണ്ട ദൃശ്യം കണ്ട് അവൾക്ക് വിശ്വസിക്കാനായില്ല.

തലയിൽ ഒരു തോർത്ത് മുണ്ട് വട്ടംകെട്ടി, പലകയിൽ ചപ്പാത്തി പരത്തുന്ന വിനുവിനെ രണ്ട് നിമിഷത്തോളം അവൾ നോക്കി നിന്നു.

" ഞാൻ പരത്തി തരാം ചേട്ടാ"

അവൾ വിനുവിൻ്റെ അടുത്തേക്ക് ചെന്നതും അവൻ തടഞ്ഞു.

" അതിഥി ദേവോ ഭവ: എന്നല്ലേ? അപ്പോൾ പിന്നെ അവരെ കൊണ്ട് പണിയെടുപ്പക്കാൻ പാടുണ്ടോ?"

അതും പറഞ്ഞ് ഒരു മൂളിപ്പാട്ടോടെ അവൻ ചപ്പാത്തി പരത്താൻ തുടങ്ങി.

"അമ്മയെവിടെ?"

അവൾ ചുറ്റും നോക്കി ചോദ്യത്തോടൊപ്പം വിനുവിൻ്റെ നേർക്ക് നോട്ട മയച്ചു.

"അമ്മ കുളിയും ജപവുമൊക്കെ കഴിഞ്ഞ് ഇത്തിരി നേരാവും പുറത്തു വരാൻ "

അവൻ ഒരു ചിരിയോടെ അവൾക്കു നേരെ നോട്ട മയച്ചു.

" സെർവൻ്റിനെ നിർത്താൻ മടിയാ.
ഇങ്ങിനെ ഭക്ഷണമുണ്ടാക്കി അമ്മയ്ക്ക് കൊടുക്കുന്ന സുഖം കിട്ടില്ലല്ലോ?"

അവൾ പുഞ്ചിരിച്ചു കൊണ്ട് ചുറ്റും നോക്കി.

എത്ര വലിയ കിച്ചൻ!

എല്ലാം ഭംഗിയോടും, ചിട്ടയോടും കൂടി അടക്കിവെച്ചിരിക്കുന്നു.

" ഇത്രയും വലിയ വീട്ടിൽ വിനുവും, അമ്മയും എങ്ങിനെ കഴിയുന്നു?"

പുഞ്ചിരിയോടെ അവൾ ചോദിച്ചപ്പോൾ, അവൻ ചപ്പാത്തിയിൽ നിന്ന് ശ്രദ്ധ തിരിക്കാതെ പറഞ്ഞു.

"ഇനി ഞങ്ങൾ രണ്ടു പേർ മാത്രമല്ലല്ലോ -പുതിയ ഒരാൾ വരാൻ പോകുന്നില്ലേ?"

വിനുവിൻ്റെ ചോദ്യം കേട്ടതും, കൃഷ്ണയുടെ ചുണ്ടിലെ ചിരി മാഞ്ഞു.

ഇന്നലെ രാത്രി അമ്മയും, മോനും തമ്മിലുള്ള സംസാരത്തിൻ്റെ തുടർച്ചയായാണ് വിനു പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി.

എന്തു പറയണമെന്നറിയാതെ അവൾ നിൽക്കുമ്പോൾ, വിനുവിൻ്റെ ശബ്ദം വീണ്ടും ഉയർന്നു.

" ഇങ്ങിനെ അമാന്തിച്ചു നിൽക്കാതെ വേഗം
ഫ്രഷാക്.' നമ്മൾക്കു പോകണ്ടെ?

" എങ്ങോട്ട്?"

കൃഷ്ണയുടെ ശബ്ദം വിളറിയിരുന്നു.

"നമ്മൾ തൻ്റെ വീട് വരെ ഒന്നു പോകുകയാണ് "

"എന്തിന്?"

കൃഷ്ണയുടെ ശബ്ദം ഉയർന്നതും, വിനു അവളെ നോക്കി.

" വീടുകാണണമെന്ന് പറഞ്ഞാൽ സന്തോഷത്തോടെ അവരെ വരവേൽക്കുകയല്ലേ വേണ്ടത്. അല്ലാതെ ഇങ്ങിനെ വലിയ ശബ്ദത്തിൽ എന്തിനാണോ എന്നാ ചോദിക്കാ?"

വിനുവിൻ്റെ ചോദ്യം കേട്ടതും ഒരു ചമ്മിയ ചിരി അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

"അതല്ല.വെറുതെ ചോദിച്ചതാ"

"വെറുതെ ചോദിക്കാൻ നിന്നിട്ട് സമയം കളയല്ലേ. വേഗം ഫ്രഷായി വാ - അമ്മ കുളി കഴിഞ്ഞു വന്നാൽ പിന്നെ എല്ലാം എടുപിടീന്ന് ആവും കാര്യങ്ങൾ "

അവൻ ശബ്ദത്തിൽ പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം അവൻ്റെ അടുത്തേക്ക് നീങ്ങി നിന്നു.

"ചേട്ടാ - ഇന്നലെ ചേട്ടനും അമ്മയും രാത്രി ഡൈനിങ് ടേബിളിലിരുന്നു സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു"

കൃഷ്ണയുടെ വാക്കുകൾ കേട്ടപ്പോൾ അവൻ ചിരിയോടെ അവളെ നോക്കി.

"എല്ലാം മനസ്സിലായിട്ടാണോ പിന്നെ എന്തിനാ നമ്മൾ വീട്ടിലേക്ക് പോകുന്നതെന്ന് ചോദിച്ചത് ഝാൻസി റാണി ?"

"അതല്ല "

നിറയുന്ന മിഴികളോടെ അവൾ വിനുവിനെ നോക്കി.

"പിന്നെ? "

"ഒരാൾക്ക് എന്നോടു വല്ലാത്ത ഇഷ്ടമാണ്. "

മുഖം താഴ്ത്തി അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.

" കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ഏത് ഒരു ചെറുപ്പക്കാരനും ഒന്ന് ഇഷ്ടപ്പെടും. അത് സ്വഭാവികം "

കല്ലിൽ ചപ്പാത്തി മറിച്ചിട്ടു അവൻ മായാത്ത ചിരിയോടെ അവളെ നോക്കി.

" അത് പക്ഷെ ഹൃദയം തൊട്ടുള്ള, മനസ്സറിഞ്ഞുള്ള പ്രണയം ആയിരിക്കണമെന്നില്ല എപ്പോഴാണ് നഷ്ടപ്പെടുന്നതെന്നറിയാത്ത, ഒരു ഗ്യാരണ്ടിയുമില്ലാത്ത സൗന്ദര്യം കണ്ടുള്ള വെറും ആകർഷണം"

വിനു, തണുത്തു തുടങ്ങിയ ചായ വലിച്ചു കുടിച്ചു കൊണ്ട് തുടർന്നു.

" ആ സൗന്ദര്യം നഷ്ടപ്പെട്ടാൽ അതോടെ തീർന്ന് ആ പ്രണയം. ഇന്നേ വരെ കണ്ട ജീവിതത്തിലൊക്കെ ഞാൻ കണ്ടത് അങ്ങിനെയാണ്."

അവൻ പറയുന്നതും കേട്ട് അവൾ മിണ്ടാതെ നിന്നു.

" അതു പോട്ടെ. തനിക്ക് ഇഷ്ടമാണെന്ന് അയാളോട് തുറന്നു പറഞ്ഞിട്ടുണ്ടോ?"

വിനുവിൻ്റെ ചോദ്യത്തിന് ഇല്ലായെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

" അപ്പോ പിന്നെ പ്രശ്നമില്ല. ആ പ്രണയം ഇവിടെ വെച്ച്, മനസ്സിൽ കുഴിച്ചുമൂടുക "

"അതു പറ്റില്ല "

കൃഷ്ണയുടെ മനസ്സിൽ നിന്നു അറിയാതെ ഉയർന്ന ശബ്ദമായിരുന്നു അത്.

വിനു രണ്ടു നിമിഷം കണ്ണടച്ചു നിന്നു.

ആ ചുണ്ട് ഇളകുന്നത് കാത്ത് അവളും!

" ആട്ടെ ചെക്കൻ എന്തു ചെയ്യുന്നു?"

ഒടുവിൽ പതിയെ കണ്ണ് തുറന്ന് അവൻ ചോദിച്ചു.

"ബിവറേജിലാ ജോലി "

അത് പറഞ്ഞപ്പോൾ വിനുവിൻ്റെ ചുണ്ടിൽ പരിഹാസത്തിൻ്റെ ഒരു ചിരിയുതിർന്നതു പോലെ അവൾക്കു തോന്നി.

"എനിക്കും ഇഷ്ടമുണ്ടായിരുന്നില്ല ഇങ്ങിനെയൊരു ബന്ധത്തിന്. പക്ഷേ അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തന്നെ "

അവൻ ഒന്നു നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.

" പ്രഷറും, ഷുഗറും, ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ട് അമ്മയ്ക്ക്. ഇനിയും അമ്മയുടെ ആഗ്രഹത്തെ കണ്ടില്ലെന്ന മട്ടിൽ നടന്നാൽ അത് പിന്നെ ഒടുവിൽ ഒരു തീരാവേദനയായലോ? ഒരിക്കലും വീട്ടാൻ പറ്റാത്ത കടമായി മാറിയാലോ?"

വിനുവിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത മട്ടിൽ കൃഷ്ണ നിന്നു.

മൗനം അവർക്കിടയിൽ നിമിഷങ്ങളോളം തങ്ങി നിന്നു.

കുക്കറിൻ്റെ വിസിൽ കേട്ട് ചിന്തയിൽ നിന്നുണർന്ന കൃഷ്ണ, വിനുവിനെ നോക്കാതെ തിരിഞ്ഞു നടന്നു.

"താൻ ഒരു കാര്യം ചെയ്യ്.
അമ്മയോടു എല്ലാം തുറന്നു പറയൂ. ഞാൻ പറഞ്ഞാൽ ഇതിൽ നിന്ന് ഒഴിവാകുവാൻ കള്ളം പറയുന്നതാണെന്ന് വിചാരിക്കും"

പിന്നിൽ നിന്നു വിനുവിൻ്റെ പറച്ചിൽ കേട്ട നേരം, ഒരു കടമ്പ കടന്നെന്ന ആശ്വാസത്തോടെ അവൾ അവനു നേർക്ക് തിരിഞ്ഞു നടന്നു.

" വിനുവിന് എന്നെക്കാളും പഠിപ്പും, വിവരവും, ഭംഗിയുമുള്ള ഒരു പെണ്ണിനെ  കിട്ടും "

അത് കേട്ടതോടെ ചിരിച്ചു കൊണ്ട് അവൻ അവൾക്കു നേരെ കൈകൂപ്പി .

" അയ്യോ പൊന്നേ. ആ ഡയലോഗ് കേൾക്കുമ്പോൾ ചിരിക്കാനാണ് തോന്നുന്നത്?"

അവൾ മൊരിഞ്ഞ ഒരു ചപ്പാത്തിയെടുത്ത് അവനെ ചോദ്യഭാവത്തോടെ നോക്കി.

" തേച്ചു പോകുന്ന പെണ്ണുങ്ങളുടെ ക്ലീഷേ ഡയലോഗ് ആണത്. അതു കേട്ടാൽ എനിക്ക് ഞാനൊരു പരാജിതനായ കാമുകനാണെന്ന് തോന്നിപ്പോകും."

അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു.

" ഇനിയും തേപ്പ് വാങ്ങാൻ എൻ്റെ ഹൃദയത്തിന് ശക്തിയില്ല കുട്ടീ"

അവൻ ഒരു പ്രത്യേകഭാവത്തോടെ പറഞ്ഞപ്പോൾ, കൃഷ്ണ ചിരിച്ചു കൊണ്ട് ചപ്പാത്തി കഴിച്ചു തുടങ്ങി.

" ഭവതി പല്ലു,തേച്ചിട്ടില്ല"

വിനു ചിരിയോടെ പറഞ്ഞപ്പോൾ, കൃഷ്ണ അവനെ നോക്കി ഒന്നു കണ്ണു വിടർത്തി.

" പകുതി വരെ കഴിച്ചിട്ടാണോ പറയുന്നത്?

അവളുടെ ചോദ്യം കേട്ട് അവൻ അമ്പരന്നു നിൽക്കുന്നത് കണ്ടതോടെ അവളിലെ കൃത്രിമ ഭാവം ഊർന്നു വീഴുകയും, അതോടൊപ്പം പൊട്ടിച്ചിരി ഉയരുകയും ചെയ്തു.

അതേ സമയം തന്നെയാണ് രണ്ട് കാറുകൾ ഗേറ്റ് കടന്നു വരുന്നത് അവർ ജാലകപ്പഴുതിലൂടെ കണ്ടത്.

"നിങ്ങൾ ഇവിടെ കളിച്ചു ചിരിച്ചു നിൽക്കാതെ വേഗം പോയി വസ്ത്രം മാറ് കുട്ടികളെ? കൃഷ്ണയുടെ വീട്ടിലേക്ക് പോകാനായി ഇളയച്ഛൻ്റെയും അമ്മാവൻ്റെയും കാറുകൾ ഗേറ്റ് കടന്നു വരുന്നുണ്ട് "

അമ്മയുടെ സ്വരം പിന്നിൽ നിന്ന് ഉയർന്നതോടെ, ഒന്നും സംസാരിക്കാനാകാതെ കൃഷ്ണ വിനുവിനെ നോക്കി.

" നിൻ്റെ ചേട്ടൻമാരോട് വിളിച്ചു പറഞ്ഞപ്പോൾ, പെണ്ണുകാണുന്നത് വീഡിയോ കോളിൽ കാണിക്കാൻ പറഞ്ഞു. അനിയത്തിയെ കാണാൻ ചേടത്തിമാർക്കാണ് വല്ലാത്ത തിടുക്കം "

അതും പറഞ്ഞ് കൃഷ്ണയുടെ കവിളിൽ ഒന്നു നുള്ളികൊണ്ട് പുറത്തേക്ക് പോയപ്പോൾ, കൃഷ്ണ ചോര വറ്റിയ മിഴികളോടെ വിനുവിനെ നോക്കി.

ആ നോട്ടം കണ്ടില്ലെന്നു നടിച്ച് വിനുവും പോയപ്പോൾ, എല്ലാം തകർന്നവളെ പോലെ അവൾ നിന്നു.

ഈ അവസാന നിമിഷം തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞാൽ ആയമ്മയുടെ നെഞ്ച് തകർന്ന് എന്തെങ്കിലും സംഭവിച്ചാൽ....

രണ്ട് ദിവസത്തെ പരിചയമുള്ളുവെങ്കിലും, മനസ്സിലങ്ങിനെ പറ്റി ചേർന്നിരിക്കുകയാണ് അമ്മ.

കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അമ്മ പുനർജനിച്ചതാണോ എന്നു പോലും തോന്നിയിട്ടുണ്ട്.

ആ മാതൃവാത്സല്യത്തിൻ്റെ ഭസ്മസുഗന്ധം ഇപ്പോഴും തനിക്കു ചുറ്റും അലയടിക്കുന്നുണ്ട്.

ആയമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഒന്നും നിഷേധിക്കാൻ കഴിയില്ല തനിക്ക് .

അതു കൊണ്ട് തന്നെയാണ് വിനു പലവട്ടം കണ്ണു കാണിച്ചിട്ടും, ആയമ്മയുടെ അടുത്തെത്തുമ്പോൾ പറയാൻ വരുന്നത് മറന്നു പോകുന്നത് .

കാറിലിരിക്കുമ്പോഴും, അവളുടെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നത് ആരും കാണാതെ അവൾ തുടച്ചു.

കാറിലിരിക്കുന്നവർ അത്ഭുതത്തോടെ -തന്നെ നോക്കുന്നത് അവൾ കണ്ടില്ലെന്നു നടിച്ചു.

വിദൂരതയിലേക്ക് നോക്കി ഡ്രൈവ് ചെയ്യുന്ന വിനുവിനെ അവൾ ഒന്നു പാളി നോക്കിയെങ്കിലും ആ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.

മലകളും, കുന്നുകളും, പാടങ്ങളും താണ്ടി, കാറുകൾ ഹൈവേയിലേക്ക് പ്രവേശിച്ചതും, ഒരു ജ്വല്ലറിക്കു മുന്നിൽ കാർ നിർത്തി.

കൃഷ്ണയുടെയും, വിനുവിൻ്റെയും വിരലിന് പാകമായ മോതിരങ്ങൾ അയാൾ എടുത്തതും., അയാളെ കടുപ്പിച്ചൊന്നു നോക്കി അവൾ കാറിലേക്ക് തന്നെ ഓടി കയറി.

വീടും, സ്ഥലവും, പരിസരവും കണ്ട് ഇഷ്ടപ്പെടാതെ അമ്മ,തിരിച്ചു പോകണമേ എന്നായിരുന്നു അവളുടെ പ്രാർത്ഥന!

രണ്ടാം കെട്ടുക്കാരൻ തന്ത നാലു കാലിൽ നിൽക്കുമ്പോഴായിരിക്കണം വീട്ടിലേക്ക് കയറി ചെല്ലേണ്ടത് എന്ന് അവൾ മനമുരുകി ആശിച്ചു.

അവളുടെ ചിന്തകളെ ഭേദിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട് ആയപ്പോഴും, അവൾ പ്രാർത്ഥനയിലേക്ക് തന്നെ തിരിച്ചെത്തി.

സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴാണ് അവൾ, തങ്ങളുടെ വണ്ടിക്ക് ചാരെ ചേർന്നു വന്നു നിൽക്കുന്ന ബുള്ളറ്റിനെ ശ്രദ്ധിച്ചത്.

അയാൾ ഹെൽമെറ്റ് എടുത്ത് തല കുടഞ്ഞതും, ഒരു നിമിഷം അരികിലെ കാറിൽ ഇരിക്കുന്ന കൃഷ്ണയെ കണ്ടു അമ്പരന്നു.

നോട്ടം കൂട്ടിമുട്ടിയതും, അവൾ വേദനയോടെ തല കുമ്പിട്ടിരുന്നു.

പച്ച കത്തിയതും വണ്ടികളോരോന്ന് മുന്നോട്ട് എടുത്ത് കുറച്ചു കഴിഞ്ഞപ്പോൾ അവൾ തലയുയർത്തി നോക്കി.

അസംഖ്യം വാഹനങ്ങൾക്കിടയിൽ അഭിയുടെ ബുള്ളറ്റും മുങ്ങി പോയെന്ന് മനസ്സിലായപ്പോൾ ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പ് അവളിൽ നിന്നുയർന്നു.

കണ്ണടച്ചു സീറ്റിൽ ചാരി കിടക്കെ, തൻ്റെ ഹൃദയം മിടിക്കുന്നതു പോലെ ഒരു ശബ്ദം കേട്ട് അവൾ കണ്ണു തുറന്നു.

കുറെ നേരം ചെവിയോർത്തതിന് ശേഷം അവളുടെ മിഴികൾ റിയർവ്യൂ മിററിലേക്ക് പാളി വീണപ്പോഴാണ് അവൾ ആ കാഴ്ച കണ്ട് കണ്ണീരണിഞ്ഞത്.

അകലെ നിന്ന് തങ്ങളുടെ കാറിനെ ലക്ഷ്യമാക്കി വരുന്ന അഭിയുടെ ബുള്ളറ്റ് കണ്ടവൾ, വല്ലാത്തൊരു വേദനയോടെ സീറ്റിലേക്ക് ചാരിയിരുന്നു.
അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top