അഗ്നിയായ് അവൾ 2

Valappottukal
അഗ്നിയായ് അവൾ 2

രചന: Siya Yousaf

എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല.....
മനസ്സു വല്ലാതെ പുകഞ്ഞു നീറുന്ന പോലെ....
സോഹൻ, കട്ടിലിൽ നിന്നെഴുനേറ്റ് ഒരു സിഗരറ്റിന് തിരി കൊളുത്തി.....
തന്നെ വിട്ടൊഴിയാത്ത ചിന്തകളെ പുകച്ചുരുളിലൂടെ ഊതിപ്പറത്താൻ ശ്രമിച്ചുകൊണ്ട് അയാൾ ജനലരികെ നിന്നു....

ഇടയ്ക്കുവച്ച് അയാളുടെ നോട്ടം അരുന്ധതിയിലേക്ക് തെന്നിമാറി..... അവൾ നല്ല ഉറക്കമാണ്.....
'' മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് സുഖിച്ചു ഉറങ്ങുന്നതു കണ്ടില്ലേ.... ശവം !! ''

കാലുതൊഴിച്ചൊന്ന് കൊടുക്കാനാണ് ആദ്യം തോന്നിയത്......
പക്ഷേ.... ,, സംയമനത്തിന്റെ കടിഞ്ഞാൺ എവിടെയോ കൊളുത്തി,  പാതിവഴിയിൽ തങ്ങി നിന്നു. ....

സത്യത്തിൽ ഇവളാരാണ്......?
എന്തായിരിക്കും ഈ വരവിന്റെ ഉദ്ദേശം.......?

ആലോചിക്കുന്തോറും ,, ഉത്തരമില്ലാത്ത ചോദ്യങ്ങളായി അതയാളുടെ തലച്ചോറിനെ വലം വച്ചുകൊണ്ടിരുന്നു.....

ഭീഷണിയുടെ സ്വരം ഇവളിൽ വിലപ്പോകില്ല..... സ്നേഹം നടിച്ച് ഉള്ളറിയുക എളുപ്പവുമല്ല.....
കാരണം ,,,
അവളൊരു സാധാരണ പെണ്ണല്ല  !!
ബുദ്ധികൂർമ്മതയും മനോധൈര്യവും ആവോളമുള്ള പെണ്ണാണ്....... !

ആറു മാസങ്ങൾക്കു മുമ്പാണ് താനവളെ പരിചയപ്പെടുന്നത്.......
അവളുടെ സൗന്ദര്യം തന്നെയാണ്,  തന്നെ അവളിലേക്ക് ആകൃഷ്ടനാക്കിയതും.......
എങ്കിലും,, ഏതൊരു പെണ്ണിനോടുള്ള ഇഷ്ടത്തിന്റേയും അവസാന വാക്ക് തന്റെ കിടപ്പറ മാത്രമാണെന്നുള്ളതു കൊണ്ട് അതിനപ്പുറത്തേക്ക് ഒരു വിവാഹമോ ദാമ്പത്യമോ ഒരിക്കലും തന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല......
ആ തീരുമാനത്തേയാണ് ഒരൊറ്റ ദിവസം കൊണ്ട് ഇവൾ തകിടം മറിച്ചത്......

 ഒരു മുൻപരിചയവുമില്ലാത്തൊരു പെണ്ണിന് ഈ കുടുംബത്തോട് ഇത്രമേൽ ശത്രുത തോന്നാനുള്ള കാരണമെന്തായിരിക്കും.....?
അറിയില്ല.....!

സിഗറ്റിന്റെ അവസാന പുകയും ഊതിവിട്ട്, ആലോചനയോടെ  അയാൾ ബെഡിലമർന്നിരുന്നു.......

     പ്രതാപചന്ദ്രനോട് ഫോണിലൂടെ സംസാരിച്ചു കഴിഞ്ഞ് ഊർമ്മിള കിടക്കാനൊരുങ്ങി.....
ഇവിടെ നടന്നതൊന്നും അവർ ഭർത്താവിനെ അറിയിച്ചിട്ടില്ല......
എല്ലാം നേരിൽ പറയുന്നതാണ് നല്ലതെന്ന് അവർക്കു തോന്നി...... അദ്ധേഹം വന്നു കഴിഞ്ഞാൽ കാര്യങ്ങൾക്കെല്ലാം ഒരു നീക്കുപോക്കുണ്ടാകും......
അതുവരെ അരുന്ധതിയെ സഹിച്ചേ പറ്റൂ.....
അങ്ങനെ മനസ്സിലുറപ്പിച്ചിരുന്നതാണ്.....
പക്ഷേ....,,,
കുറച്ചു മുമ്പ് അവൾ തന്നോടു പറഞ്ഞ വാക്കുകൾ......
അതിലെന്തൊക്കോ മറഞ്ഞിരിക്കുന്ന പോലെ......
അവൾക്ക് തന്നെ കുറിച്ച് എന്തെല്ലാമോ അറിവുകളുണ്ട്..... അതവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു.......
അവളുടെ ഓരോ വാക്കും നോക്കും അത്രക്ക് തീക്ഷ്ണമായിരുന്നു.......
അങ്ങനെയെങ്കിൽ അവളെ പേടിക്കേണ്ടിയിരിക്കുന്നു.......
മനസ്സിൽ ആശങ്കകളുടെ വേലിയേറ്റവുമായി , ചങ്കിടിപ്പോടെ അവർ കണ്ണുകളടച്ചു......

            ൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭

നട്ടുച്ച നേരം.....
ഊർമ്മിള കുളിക്കാൻ ബാത്റൂമിൽ കയറിയ സമയം......
സോഹനാണെങ്കിൽ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു  പോയ പോക്കാണ്.... തിരിച്ചെത്തിയിട്ടില്ല.....
അരുന്ധതി ശബ്ദം കേൾപ്പിക്കാതെ ഊർമ്മിളയുടെ മുറിയിലേക്ക് കയറി.....
ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം മുറിക്കത്ത് ചെറിയൊരു പരിശോധന നടത്തി......
നിരാശയോടെ പൂട്ടിക്കിടന്ന അലമാരയുടെ താക്കോൽകൂട്ടത്തിനു വേണ്ടി കണ്ണും കരങ്ങളും പരതി നടന്നു. .....
പെട്ടന്നാണ് പിന്നിലൊരു കാൽപെരുമാറ്റം.....
അവളൊരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.......
വാതിലിൽ ചാരിനിന്ന് ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്നു സോഹൻ.......

 നിന്റെ വരവിന്റെ ഉദ്ദേശം എന്താണെന്ന് ഇപ്പോ പിടികിട്ടി......

മനസ്സിലായില്ല.....

മോഷണം.....!
കിട്ടാവുന്നതൊക്കെ കൈക്കലാക്കി മുങ്ങാനുള്ള പരിപാടിയായിരുന്നല്ലേടീ കള്ളീ.....

അവളെന്തെങ്കിലും പറയും മുമ്പേ , എന്താടാ മോനേ എന്നു ചോദിച്ച് ഊർമ്മിള അവർക്കിടയിലേക്ക് കടന്നു വന്നു......
അരുന്ധതിയെ മുറിയിൽ കണ്ടതും അവരിൽ കോപം ഇരച്ചു കയറി.....

നിനക്കെന്താടീ എന്റെ മുറിയിൽ കാര്യം.....? ഞാനില്ലാത്ത തക്കം നോക്കി എന്തായിരുന്നു ഇവടെ പരിപാടി....?
കളവോ അതോ പരിശോധനയോ......
നീയൊക്കെ ഏതു തരക്കാരിയാണെന്ന് കണ്ടാലറിഞ്ഞൂടേ......

അതുവരെ മിണ്ടാതിരുന്ന അരുന്ധതി അവരെ നോക്കിയൊന്ന് ചിരിച്ചു. ..... ആ ചിരിയിൽ സർവ്വവും അവരോടുള്ള പുച്ഛമായിരുന്നു.......

അന്യരുടെ അർഹതയില്ലാത്ത മുതലൊന്നും ആഗ്രഹിക്കുന്ന ശീലം എനിക്കില്ല..... ഞാനത് പഠിച്ചിട്ടുമില്ല.....!
മാത്രമല്ല  ,, അത്യാവശ്യം കള്ളൻമാർ ഈ കപ്പലിൽ തന്നെയുള്ളപ്പോൾ ഇനിയെന്തിനാ അധികം.....
അല്ലേ ആന്റീ......

ഊർമ്മിളയെ കനപ്പിച്ചൊന്നു നോക്കിയ ശേഷം അരുന്ധതി മുറിക്കു പുറത്തിറങ്ങി.....

ഊർമ്മിളയുടെ മുഖം വിളറി വെളുക്കുന്നത് സോഹനറിഞ്ഞു.....

എന്താ മമ്മീ അവളങ്ങനെ പറഞ്ഞത്.....? എന്തോ മനസ്സില് വച്ച് സംസാരിക്കുന്നതു പോലെ.......

ആവോ.... ആർക്കറിയാം.... നീയതൊന്നും കാര്യാക്കണ്ട.....

 സോഹന് തല്ക്കാലത്തേക്കുള്ള മറുപടിയും കൊടുത്ത് ഊർമ്മിള കതകടച്ചു.....
എന്നാൽ ആ മറുപടി സോഹന് തൃപ്തികരമായി തോന്നിയില്ല..... ഒരുനിമിഷം സംശയിച്ചു നിന്ന അയാൾ,, ശരവേഗത്തിൽ മുകളിലേക്കോടി......

സത്യം പറയണം..... നീയെന്തിനാ മമ്മീടെ മുറിയിൽ കയറിയത്.....??

ചെന്നപാടെ സോഹൻ അരുന്ധതിയെ ചോദ്യം ചെയ്തു.....

കക്കാൻതന്നെ..... അല്ലാതെന്തിനാ......
അവൾ കൂസലില്ലാതെ പറഞ്ഞു.

അത് നുണ.... എനിക്കറിയേണ്ടത് സത്യമാണ്..... അതു നീ പറഞ്ഞേ തീരൂ......

നിങ്ങളൊക്കെ കൂടിയല്ലേ എന്നെ കള്ളിയാക്കിയത്...... പിന്നെന്താ ഇപ്പോഴൊരു സംശയം.......??

കള്ളിയൊക്കെ തന്നെയാണ്..... പെരുങ്കള്ളി.....!
പക്ഷെ...,,, ഇന്നു നീ ചെന്നത് മോഷണത്തിനല്ല... നിനക്ക് മറ്റെന്തോ ഉദ്ദേശമുണ്ടായിരുന്നു...... നിന്റെ ഓരോ വാക്കും മമ്മിയിൽ വല്ലാതെ ചലനം സൃഷ്ടിക്കുന്നുണ്ട്...... മമ്മി നിന്നെ ഭയക്കുന്നതു പോലെ......
നീ എന്തു പറഞ്ഞാണ് മമ്മിയെ ഭീഷണിപ്പെടുത്തിയതെന്ന് എനിക്കറിയണം.... അതു പറയാതെ നീ ഒരടി മുന്നോട്ടു വെക്കില്ല,
പറയെടീ പുല്ലേ......

സോഹന്റെ ശബ്ദമുയർന്നതും, അരുന്ധതി നിശ്ശബ്ദയായി....... പിന്നെ പറഞ്ഞു ;

നിങ്ങൾ പറഞ്ഞതു ശരിയാണ്..... എന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു..... അതു ഞാൻ പറയും...   പക്ഷേ,,, അതിനു മുന്‍പ്  എനിക്കു നിങ്ങളെ മറ്റൊരു സത്യം അറിയിക്കാനുണ്ട്.....
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കാത്തൊരു സത്യം...... നഗ്നമായ സത്യം......
നിങ്ങളതു വിശ്വസിച്ചേ പറ്റൂ.....

അവളൊന്നു നിറുത്തി, സോഹനെ നോക്കി....
അയാളുടെ മുഖത്ത് അവളോടുള്ള ദേഷ്യമെന്ന വികാരത്തിനു പകരം ,അവളെ കേൾക്കാനുള്ള വ്യഗ്രതയാണ് കണ്ടത്......

സോഹൻ.....
അവൾ പതിയെ വിളിച്ചു.....

അയാളുടെ ലോകം അവളിലേക്കു മാത്രമായി ചുരുങ്ങി.....

ഊർമ്മിള നിങ്ങളുടെ മമ്മിയല്ല......!
ഇലഞ്ഞിക്കൽ പ്രതാപചന്ദ്രന്റെ ഭാര്യയുമല്ല....!

കള്ളം..... പച്ചക്കള്ളം....
ഇതൊക്കെ നിന്റെ അടവാണ്...... നിന്നെ അംഗീകരിക്കാൻ മനസ്സുകാണിക്കാത്തതിന്റെ ദേഷ്യം...... ഞങ്ങളെ തമ്മിൽ അകറ്റാനുള്ള സൂത്രം..... ഈ കുടുംബം ശിഥിലമാക്കാനുള്ള ആവേശം.......
ഞാനിതു വിശ്വസിക്കുമെന്ന് നീ കരുതണ്ട.....
ഞാൻ ചവിട്ടി പുറത്താക്കുന്നതിനു മുമ്പ് മര്യാദക്ക് ഇവിടെ നിന്ന് ഇറങ്ങിക്കോ..... ഇല്ലെങ്കിൽ.......

അയാൾ, കേട്ടതൊന്നും ദഹിക്കാനാവാതെ ഭിത്തിയിൽ ആഞ്ഞിടിച്ചു.....

നിങ്ങളീ പറഞ്ഞതൊക്കെ നിങ്ങളുടെ വിശ്വാസം..... എന്നുകരുതി എല്ലാ വിശ്വാസങ്ങളും സത്യമാകണമെന്നില്ല..... അതാദ്യം മനസ്സിലാക്കുക......
എന്റെ വെറുംവാക്കു കൊണ്ടൊന്നും നിങ്ങളെ വിശ്വസിപ്പിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം..... അങ്ങനെയെങ്കിൽ, എനിക്കിത് നിങ്ങളെ കണ്ടുമുട്ടിയ അന്നുതന്നെ പറയാമായിരുന്നു...... പക്ഷേ,  എനിക്കു വേണ്ടത് തെളിവായിരുന്നു..... അതിനു വേണ്ടിത്തന്നെയാണ് ഞാനിന്ന് ആ മുറിയിൽ കയറിയതും.......

അവിടെ..... അവിടെ എന്തിരിക്കുന്നു ഇത്രവല്ലാത്ത തെളിവിന്.....?

രോഷത്തോടെ അയാൾ ചോദിച്ചതിനു മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു......

ഉണ്ട്..... തെളിവുണ്ട്......
ഒരച്ഛൻ , തന്റെ കോടികൾ വിലവരുന്ന സ്വത്തു വകകൾ അയാളുടെ ഒരേയൊരു മകളുടേയും അവൾക്ക് പിറക്കാനിരുന്ന കുഞ്ഞിന്റേയും പേരിൽ എഴുതി തയ്യാറാക്കി വച്ചൊരു വിൽപത്രം.....!!

വിൽപത്രമോ.....? എനിക്കറിയില്ല.....
ഇനി അങ്ങനൊന്ന് ഇവിടെ ഉണ്ടെങ്കിൽ തന്നെ   എനിക്കതുമായിട്ടെന്താ ബന്ധം........??

സോഹൻ ജിജ്ഞാസയോടെ ചോദിച്ചു......

ആ വിൽപത്രത്തിൽ പറഞ്ഞ 'പിറക്കാനിരുന്ന കുഞ്ഞ് ' നിങ്ങളാണ്......!
ആ വിൽപത്രം എഴുതുന്ന സമയത്ത് നിങ്ങളുടെ അമ്മ, നിങ്ങളെ ആറുമാസം ഗർഭിണിയായിരുന്നു.......!

അവളുടെ വാക്കുകൾ കേൾക്കേ,, അതെല്ലാം തള്ളണോ അതോ കൊള്ളണോ എന്ന സംശയത്തിലായിരുന്നു സോഹൻ......
അതു മനസ്സിലാക്കി അവൾ പറഞ്ഞു;

നിങ്ങൾക്കെന്നെ വിശ്വസിക്കാം അവിശ്വസിക്കാം..... അതു നിങ്ങളുടെ ഇഷ്ടം.
പക്ഷേ ,,, ഒന്ന് അറിഞ്ഞിരിക്കുക...
നിങ്ങളിത് അവഗണിക്കുന്തോറും നിങ്ങളുടെ  പോക്ക് അപകടത്തിലേക്കാണ്...... സത്യങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ടു പോയാൽ  നഷ്ടങ്ങൾ സംഭവിക്കാതെ നോക്കാം....
ബി കെയർ ഫുൾ......

സോഹനെ നോക്കി ഒന്നു കണ്ണടച്ചു കാണിച്ചശേഷം അരുന്ധതി തിരിഞ്ഞു നടന്നു....

ഒന്നു നിൽക്ക്......

അയാളുടെ ആജ്ഞ വന്നതും അവൾ പെട്ടന്ന് നിന്നു.....

നീ പറഞ്ഞതു പോലെ അങ്ങനൊരു ഡോക്യുമെന്റ് ഇവിടെയുണ്ടെങ്കിൽ , നീ പറഞ്ഞതൊക്കെ ഞാൻ വിശ്വസിക്കും......
അതല്ല മറിച്ചാണെങ്കിൽ, അതു നിന്റെ മരണത്തിനായിരിക്കും......!

അതിനു മുമ്പ് എനിക്കൊന്നറിയണം.....,,,
ഇതിനിടയിൽ നിന്റെ റോളെന്താണെന്ന്.....
നിന്നെ , ഇവിടേക്ക് അയച്ചതാരാണെന്ന്......
നിന്റെ ലക്ഷ്യമെന്താണെന്ന്......!!!

അരുന്ധതി ,  സോഹന് അഭിമുഖമായി തിരിഞ്ഞു നിന്നു.....

ഞാനിപ്പോൾ പറഞ്ഞ സത്യത്തെ നിങ്ങളെന്ന് തിരിച്ചറിയുന്നുവോ , ഉൾകൊള്ളുന്നുവോ.... അന്നു ഞാൻ നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തന്നിരിക്കും.....
കേൾക്കാനുള്ള മനസ്സു കാണിക്കുമെങ്കിൽ ,,, എനിക്ക് പറയാനുണ്ട് ഒരുപാട്......
തല്ക്കാലം ഒന്നുമാത്രം അറിയുക, ഞാൻ നിങ്ങൾക്കു ശത്രുവല്ല..... മിത്രമാണ് !!

         ൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭

പേ പിടിച്ച നായ കണക്കെ, മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയായിരുന്നു ഊർമ്മിള.......
ഇരുന്നിട്ട് ഇരിപ്പുറക്കാത്ത അവസ്ഥ......
എന്തായാലും ഒന്നുറപ്പാണ് , അരുന്ധതി ഇവിടേക്കു വന്നത് വെറുമൊരു മരുമകളായിട്ടല്ല...... അവളുടെ ലക്ഷ്യം മറ്റെന്തോ ആണ്......

വാലിനു തീ പിടിച്ചുള്ള ഓട്ടത്തിനിടയിലാണ് കോളിങ് ബെൽ മുഴങ്ങിയത്.......
ധൃതിയിൽ ചെന്ന് വാതിൽ തുറന്നു നോക്കി....
മുന്നിലതാ പ്രതാപചന്ദ്രൻ......!

ഇതെന്താ പെട്ടന്ന്.... ഒന്നു പറയുകപോലും ചെയ്യാതെ.......

അവർ ചോദിച്ചു.....

അത്തരം കാര്യങ്ങളാണല്ലോ ഇവിടെ നടക്കുന്നത്..... അപ്പോ പിന്നെ വന്നല്ലേ പറ്റൂ....

അയാളുടെ സംസാരത്തിൽ നിന്ന്,, വിവരങ്ങളൊക്കെ ആരോ ചോർത്തി കൊടുത്തിട്ടുണ്ടെന്ന് മനസ്സിലായി......

എവിടെ അവൾ.........??
നമ്മുടെ പുതിയ മരുമകൾ..... വിളിക്ക്.....
ഞാനവളെ കൺനിറച്ചൊന്ന് കാണട്ടെ.....

അയാൾ പറഞ്ഞതും ,  സ്റ്റെപ്പിറങ്ങി താഴേക്കു വന്ന അരുന്ധതി പറഞ്ഞു;

ഞാനിവിടെത്തന്നെയുണ്ട് അങ്കിൾ..... എന്നെ, മതിയാവോളം കണ്ടോളൂ......

ആ ശബ്ദം കേട്ടിടത്തേക്ക്  നോട്ടം പതിഞ്ഞതും ,  അയാളുടെ മുഖം വിവർണ്ണമായി......

അരുന്ധതി.....!

അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.......
അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top