എൻ ജീവൻ❤️[The Conclusion] ഭാഗം- 11

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 11

ആ കണ്ണുകളുടെ ഉടമ നിവിയുടെ  അടുത്തേക്ക് വരാൻ തുടങ്ങി.
പെട്ടന്ന് ആദി അവിടേക്ക് വന്നു.

"അബിൻ... നീ എപ്പൊ വന്നു?"

"ഡാ ഇവള്..."

ആദി ഉടനെ തിരിഞ്ഞുനോക്കി.

"എന്റമ്മോ... ഇവളോ?! നീ ഇങ്ങോട്ട് വന്നേ..."

ആദി അബിനെ അവിടെന്ന് വേഗം മാറ്റി കൊണ്ടുപോയി.
.....

"രഞ്ജുവേട്ടോ... എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ?"

മരിയയുടെ ചോദ്യം കേട്ടപ്പോഴാണ് അവർ അടുത്തെത്തിയെന്ന് രഞ്ജുവിന് ബോധം വന്നത്.

"ഹേയ്... ഒന്നുല്ലാ... നിങ്ങളെ കണ്ടപ്പോൾ ഇവിടെ നിന്നെന്നെ ഉള്ളു..."

"മ്മ്... മ്മ്മ്... "

മരിയ രഞ്ജുവിനെയും നിവിയെയും നോക്കിക്കൊണ്ട് കളിയാക്കുന്ന രൂപേനെ മൂളി.

"നിനക്കെന്ത് പറ്റി നിവി? അല്ലേൽ എന്റെ ബർത്ത് ഡേക്ക് രാവിലെ മാമിയുടെ ഫോണിൽ നിന്ന് എന്നെ വിളിക്കുന്നതാണല്ലോ... ഇപ്പൊ സ്വന്തമായി ഒരു ഫോൺ കിട്ടിയപ്പോൾ മറന്നോ... മെസ്സേജ് പോലും ചെയ്തില്ല"

രഞ്ജു പറഞ്ഞപ്പോഴാണ് താൻ ബർത്ത് ഡേ വിഷ് ചെയ്തില്ലെന്ന് നിവിക്ക് ഓർമ വന്നത്. അവൾ ഉടനെ തലയിൽ കൈ വെച്ചു.

"സോറി രഞ്ജുവേട്ടാ... 12 മണിക്ക് വിഷ് ചെയ്യണമെന്ന് കരുതിയതാ. പക്ഷേ, ഞാൻ ഓരോന്നാലോചിച്ചു കിടന്ന് ഉറങ്ങിപ്പോയി. പിന്നെ, രാവിലെ കോളേജിൽ വരുന്നതിന്റെ തിരക്കിലായി പോയി. വിഷ് യൂ എ ഹാപ്പി ബർത്ത് ഡേ രഞ്ജുവേട്ടാ..."

നിവി ഉടനെ രഞ്ജുവിന്റെ നേരെ കൈ നീട്ടി. അവൻ ചിരിച്ചുകൊണ്ട് അവളുടെ കൈ പിടിച്ചു.

"എന്താ നിനക്ക് ഇത്രക്കും ആലോചിക്കാൻ?"

"ഒന്നുല്ലാ..."

"ഹ്മ്മ്... ഇന്ന് നിന്നെ കാണാൻ രശ്മി ആന്റിയെ പോലെയുണ്ട്. രണ്ടുപേരും അടുത്ത് നിൽക്കുന്നത് കണ്ടാൽ ട്വിൻസ് ആണെന്നേ ആദ്യം തോന്നുന്നുള്ളു"

നിവി ഒന്നും പറയാതെ അവനെ നോക്കി പുഞ്ചിരി തൂകി. അവൻ നോക്കുംതോറും അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു തുടുക്കാൻ തുടങ്ങി.

"ഹലോ ചേട്ടാ... ഞാനും ഹാപ്പി ബർത്ത് ഡേ..."
പെട്ടെന്ന് മരിയ അങ്ങനെ പറഞ്ഞപ്പോൾ രഞ്ജു പെട്ടെന്ന് തന്റെ നോട്ടം പിൻവലിച്ചു. 

"താങ്ക്സ് മരിയേ..."

"നന്ദി മാത്രേ ഉള്ളോ? നമുക്കൊരു മിട്ടായി പോലും ഇല്ലേ?"

"മരിയക്ക് എന്താ വേണ്ടേ? ഡയറി മിൽക്ക് വേണോ അതോ ഐസ് ക്രീം മതിയോ?"

"ഇങ്ങനെ ചോദിച്ചാൽ... ഈൗ... രണ്ടും പോകും..."

"ഓഹ്... ഓക്കേ ഓക്കേ... രണ്ടും വാങ്ങി തരാം. ഉച്ചക്ക് ഇന്റെർവെല്ലിന് രണ്ടുപേരും ക്യാന്റീനിൽ വാ... ഞങ്ങൾക്ക് ലേറ്റ് ആയിട്ടായിരിക്കും. പിന്നെ, ആരുമില്ലാത്തത് കൊണ്ട് നിങ്ങളുടെ ടൈമിന് ഇറങ്ങാം. അപ്പോ ശെരി... ലഞ്ച് കഴിച്ചിട്ട് അങ്ങോട്ടേക്ക് വായോ..."

ശെരിയെന്ന അർത്ഥത്തിൽ മരിയയും നിവിയും തലയാട്ടി. അവരെ നോക്കി ചിരിച്ചുകൊണ്ട് രഞ്ജു അവന്റെ ക്ലാസ്സിലേക്ക് പോയി.

"ഡി മറിയേ?"

"എന്നാ ടി കൊച്ചേ?"

"രഞ്ജുവേട്ടന് ഇന്ന് എന്നെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞാൽ എന്താ?"

"അതിപ്പോ പറയുന്നത് എന്നാത്തിനാ? രഞ്ജുവേട്ടൻ നിന്നെ നോക്കി നിന്ന ആ നിൽപ്പുണ്ടല്ലോ... അത് പോരെ? പിന്നെ, ഇന്ന് വരെ നിന്നിൽ കാണാത്ത ഒരു ഭാവം  ഞാനിന്ന് നിന്നിൽ കണ്ടു"

"അതെന്താ?"

"നാണം... രഞ്ജുവേട്ടൻ നിന്നെ നോക്കിക്കൊണ്ടു നിന്നപ്പോൾ ഈ കവിളൊക്കെ ചുവന്നു തുടുത്തു വരുന്നത് ഞാൻ കണ്ടു മോളേ..."

"ഈൗ... ഈ ഡ്രസ്സ്‌ ഇട്ടത് മുതൽ ചെറുതായി ഒരു നാണമൊക്കെ വരുന്നുണ്ട്. ജീൻസും ഷർട്ടും ഇടുമ്പോൾ ഈ പ്രോബ്ലമൊന്നും ഇല്ലാ. അതെനിക്ക് കൺഫോർട്ട് ആണ്"

"അത് ഈ കോലത്തിൽ നീ ശെരിക്കും പെണ്ണായി മാറി. അതുകൊണ്ടാ... നിസാരം ഒരു ലെഗ്ഗിൻസും ടോപ്പും ഇട്ടപ്പോൾ ഇത്ര നാണം... അപ്പൊ നീ സാരി ഉടുത്തു നിൽക്കുന്ന ദിവസം രഞ്ജുവേട്ടൻ ഇങ്ങനെ നോക്കി നിന്നാലോ?"
മരിയ കളിയാക്കി പറഞ്ഞു.

"പോ അവിടെന്ന്..."
നിവി ചിരിച്ചുകൊണ്ട് അവളുടെ കയ്യിലൊരു നുള്ള് കൊടുത്തു. വൈകാതെ അവരും ക്ലാസ്സിലേക്ക് പോയി.
.....
"എടാ ആദി... നീ എന്നെ എങ്ങോട്ടാ വലിച്ചു കൊണ്ടു പോകുന്നേ?"

"നീ നടക്ക് ആദ്യം... ഞാൻ പറയാം..."
ആദി അബിനെ ഗ്രൗണ്ടിന്റെ അവിടേക്ക് കൊണ്ടു പോയി.

"കയ്യീന്ന് വിടടാ... നീ എന്തിനാ എന്നെ ഇവിടേക്ക് കൊണ്ടു വന്നേ??  ആ പെണ്ണിനെയൊന്നു അടുത്തു കാണാൻ പറ്റിയില്ല"

"ആഹ് ബെസ്റ്റ്... നീ അപ്പൊ അവളുടെ അടുത്തേക്കാണോ നടന്നു പൊയ്ക്കൊണ്ടിരുന്നേ?"

"നിനക്കറിയോ അവളെ?"

"അറിയാമെന്നോ? കൊള്ളാം..."
ഇതുവരെയുള്ള കാര്യങ്ങൾ ആദി അബിനോട് പറഞ്ഞു.

"ആഹാ... ഇത്രയും നടന്നോ? അപ്പോൾ അവളുടെ മറ്റവൻ ആണോ അത്?"

"ആടാ... അത് അവനാ..."

"ഹ്മ്മ്... പെണ്ണ് ആള് കൊള്ളാലോ... അവളെ പറ്റി വേറെയൊന്നും അന്വേഷിച്ചില്ലേ?"

"ഇല്ലാ... എന്തിനാ വെറുതെ ഒരു പെണ്ണിന്റെ കയ്യീന്ന് തല്ലു മേടിക്കുന്നേ?"

"ശേ... നീയൊക്കെ എവിടെത്തെ ആണാടാ? ഇങ്ങോട്ട് കിട്ടിയാൽ അതിന്റെ ഇരട്ടി കൊടുക്കണ്ടേ? പക്ഷേ,  എന്തോ... അവളെ ഉപദ്രവിക്കാൻ തോന്നുന്നില്ല"

"പിന്നെ?"

"ഞാനവളെ സ്നേഹിക്കാൻ പോണൂ... സ്നേഹിച്ച് സ്നേഹിച്ച് കൊല്ലും. എന്തോ ഇതുവരെ കണ്ട പെൺപിള്ളേരിൽ നിന്നും അവളൊരു വേറിട്ട ഗ്ലാമറാ... അവള് ഈ അബിന് സ്വന്തമായി ഇരിക്കട്ടെടാ... മറ്റവൻ വരുമ്പോൾ നമുക്ക് അപ്പൊ നോക്കാം. എന്ത് പറയുന്നു?"
അബിൻ തന്റെ നീണ്ടു വളർന്നു കിടക്കുന്ന താടിയിൽ വലിച്ചുകൊണ്ട് ഒരു കള്ളച്ചിരിയോടെ ആദിയോട് ചോദിച്ചു.

"സ്നേഹിക്കുകയോ കൊല്ലുകയോ എന്താന്ന് വെച്ചാൽ ചെയ്തോ... അതൊക്കെ നിന്റെ ഇഷ്ടം. പക്ഷേ, എന്റെ കൈ പിടിച്ച് തിരിച്ച ആ പന്ന മോന് നല്ലത് കൊടുക്കണം. നമ്മുടെ കോഷിക്കിട്ട് കൊടുത്ത അവൾക്കും..."

"ഹ ഹ ഹാ...."
അബിൻ ഉടനെ പൊട്ടിച്ചിരിച്ചു.

"നീ എന്തിനാടാ ചിരിക്കുന്നെ?"

"ചിരിക്കാതെ പിന്നെ? തിരിച്ചു കൊടുക്കാൻ ഉള്ളത് അപ്പോൾ തന്നെ കൊടുക്കണം. അവൻ അങ്ങനെ പറഞ്ഞിട്ട് പോയപ്പോൾ നീ പേടിച്ചില്ലേ??"

"അ..അത് പിന്നെ... ചെറുതായി..."

"ചെറുതായാലും വലുതായാലും പേടി തോന്നിയോ?"

"അത് അബിനേ..."

"മതി മതി... ഇനി ഒന്നും ഇങ്ങോട്ട് പണയാൻ വരണ്ട. അവളെ ഞാൻ എടുത്തോളാം. എന്നതാ അവളുടെ പേര്?"

"അത്... പേര് മറന്നെടാ..."

"ഓഹ്.... സാരല്ല... ഞാൻ അവളെ നേരിട്ട് പരിചയപ്പെട്ടോളാം... ഫസ്റ്റ് അവർ ആരാ വരുന്നേ?"

"ഇന്ന്... ഫസ്റ്റ് അവർ... ആഹ്... ഐസക് സർ ആണെന്ന് തോന്നുന്നു"

"ആഹ്... ആരായാലും എനിക്കെന്താ... നീ വാ..."

അബിനും ആദിയും അവരുടെ ക്ലാസ്സിലേക്ക് ചെന്നു.
.......

നിവിയും മരിയയും ക്ലാസ്സിലേക്ക് ചെന്നപ്പോൾ അവിടെ ഇരുന്ന എല്ലാവരുടെയും കണ്ണുകൾ നിവിയിലേക്ക് പോയി. ബാക്ക് ബെഞ്ചിലിരിക്കുന്ന പെൺക്കുട്ടികൾ നിവിയെ അടിമുടി നോക്കി.

"ഗുഡ് മോർണിംഗ് നിവി... ഞാനും ഈ ക്ലാസ്സിലുള്ളതാ... അന്ന് സീനിയർസ് പ്രോഗ്രാം വെച്ച ദിവസം വന്നതാ... പിന്നെ, എനിക്ക് പനിയായി. അതാ വരാത്തത്"
ക്ലാസ്സിലെ ഒരു പയ്യൻ നിവിയുടെ അടുത്തേക്ക് വന്ന് പറഞ്ഞു.

"തന്റെ പേരെന്താ?"
മരിയയാണ് ചോദിച്ചത്.

"എന്റെ പേര് നിവിൻ. നിവിൻ സാമുവേൽ..."

"ഹാ... നിവിൻ പോളിയൊന്നുമല്ലല്ലോ... ഇങ്ങോട്ട് മാറി നിൽക്ക്. ഞങ്ങൾക്ക് ഇരിക്കണം"

"ഓ സോറി..."
നിവിൻ ബെഞ്ചിന്റെ അവിടെ നിന്നും മാറി കൊടുത്തു. അപ്പോഴേക്കും വിശാലും അലനും അവരുടെ അടുത്ത് വന്നു.

"നിവി... ഇന്ന് തന്റെ ബർത്ത് ഡേ ആണോ? കൈവരിയുടെ അവിടെ നിന്നപ്പോൾ നിങ്ങളെ കണ്ടതാ... നിവിയെ ആദ്യം മനസ്സിലായില്ല. പിന്നെ,  കൂടെ മരിയയെ കണ്ടപ്പോഴാ സൂക്ഷിച്ചു നോക്കിയേ... ഇന്ന് മറ്റെന്തെങ്കിലും സ്പെഷ്യൽ ഡേ ആണോ?"
നിവി പതിവുപോലെ ഒന്നും പറയാതെ വിശാലിനെ നോക്കി ചിരിച്ചു.

"ഇവിടെ വേറെയും ഗേൾസുണ്ട്. അവരോടൊന്നും ഇങ്ങനെ പോയി നിന്ന് സംസാരിക്കുന്നത് കാണാറില്ലലോ... അതെന്താ വിശാലേ?"

"ഏയ്... ഞാനെല്ലാവരോടും മിണ്ടാറുണ്ട്. മരിയ ശ്രദ്ധിക്കാത്തതാ..."

"അല്ലേലും മറിയാമ്മക്ക് അൽപ്പം ശ്രദ്ധക്കുറവുണ്ട്"

"താൻ ഇവിടെ നിന്ന് എന്നെ ചൊറിയാതെ പോയേ... തനിക്ക് ആരേലും ചൊറിയണമെന്ന് നിർബന്ധമാണെങ്കിൽ ദേ ബാക്ക് ബെഞ്ചിൽ ഇരിപ്പുണ്ട് ഒന്നല്ല നാലെണ്ണം. അങ്ങോട്ട്‌ പോ..."

"അവിടെ പോയി ചൊറിഞ്ഞാൽ എന്റെ പല്ലും നഖവും മാത്രേ ബാക്കി വക്കത്തുള്ളു. ബാക്കിയെല്ലാം ആ യക്ഷികള് കടിച്ചു പറിക്കും. അതില് കണ്ണിൽ വാലിട്ടെഴുതിയ ഒരു യക്ഷിയുണ്ട്. അവളാണ് മെയിൻ യക്ഷി"

"ഓഹ്... അപ്പോൾ അവരെ ചൊറിയാൻ പോയോ?"

"ഏയ് ഇല്ലാ... മറ്റുള്ളവരോട് പെരുമാറുന്നത് കാണാലോ... പിന്നെ എന്തിനാ അടുത്ത് പോണേ?"

"പതുക്കെ പറയെടാ... നീ പറഞ്ഞ കണ്ണിൽ വാലിട്ടെഴുതിയ യക്ഷി ബെഞ്ചിൽ നിന്ന് എണീറ്റു. ഇങ്ങോട്ടായിരിക്കും ചിലപ്പോൾ..."
വിശാൽ പതിയെ അലന്റെ ചെവിയിൽ പറഞ്ഞു.

"അപ്പൊ ശെരി... മറിയാമ്മേ... ഇന്റർവെൽ ആകുമ്പോൾ ഞാൻ ചൊറിയാൻ വരാട്ടോ..."

"ലാലേട്ടൻ പറഞ്ഞത് പോലെ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ ഞാൻ അങ്ങോട്ട് കേറി മാന്തും. പറഞ്ഞേക്കാം..."

"സാരല്ല.... മാന്ത് കിട്ടിയാൽ ഞാൻ ഇൻജെക്ഷൻ എടുത്തോളാം... പോരെ?"

"ഈ ചെക്കൻ..."
മരിയ പിറുപിറുത്തോണ്ട് ബെഞ്ചിൽ നേരെ ഇരുന്നു.

"എന്താണ് രണ്ടും കൂടി?"
നിവി ചോദിച്ചു.

"ഒരു യക്ഷി ഇങ്ങോട്ട് വരുന്നുണ്ട്. മൈൻഡ് ചെയ്യണ്ട. ദേ അച്ചുവും വിച്ചുവും ഒരുമിച്ചെത്തിയല്ലോ..."

"നിവി കുട്ടി ഇന്ന് കൂടുതൽ സുന്ദരിക്കുട്ടിയായല്ലോ... ബർത്ത് ഡേ ആണോടാ?"
വിഷ്ണുപ്രിയ ചോദിച്ചു.

"ഏയ്... ചുമ്മാ ഒന്നു ഒരുങ്ങിയെന്നേ ഉള്ളു"

"നല്ല ഭംഗി ഇന്ന് കാണാൻ. ജിമിക്ക കൊള്ളാലോ... പുതിയതാണോ?"

"ഞാനും ചോദിക്കാൻ വന്നതാ... ഇതേതാ നിവി ഈ ജിമിക്ക? ഞാൻ കണ്ടിട്ടില്ലാലോ..."

"ഞാനിത് രെച്ചുമ്മയുടെ അടുത്ത് നിന്നും അടിച്ചു മാറ്റിയതാ..."

"ഓഹോ... നിവി സാധനങ്ങള് അടിച്ചു മാറ്റലൊക്കെ ഉണ്ടോ?"

'ഈ യക്ഷി ഇവിടെ നിന്ന് സംസാരം ശ്രദ്ധിക്കുവായിരുന്നോ?'
മരിയ മനസ്സിൽ പറഞ്ഞു.

നിവിക്ക് അത് കേട്ട് ദേഷ്യം വന്നെങ്കിലും അവൾ ഒന്നും മിണ്ടാതെ ഇരുന്നു.

"ഇന്ന് ആരെ കാണിക്കാനാ അണിഞ്ഞൊരുങ്ങി വന്നത്?"


"നമുക്കൊന്ന് സ്റ്റാഫ് റൂമിൽ പോയി വരാം. അവിടെ വെച്ച് ഞാൻ പറയാം. ആരെ കാണിക്കാണെന്ന്... ഓക്കേ?"
നിവി പെട്ടന്ന് എണീറ്റിട്ട് ദേഷ്യത്തോടെ പറഞ്ഞു.

നിവിയുടെ ദേഷ്യം കണ്ടപ്പോൾ അവള് ഒന്നും മിണ്ടാതെ തിരിച്ചു പോയി. മരിയ ബാക്കിലേക്ക് തിരിഞ്ഞു അവളെ നോക്കി ചിരിച്ചു.
ഉച്ചക്ക് അവർ രണ്ടുപേരും ക്യാന്റീനിൽ പോയി. അവിടെ രഞ്ജുവും ആദർശും ഇരിക്കുന്നുണ്ടായിരുന്നു. മരിയയ്ക്കും നിവിക്കും രഞ്ജു ഐസ് ക്രീം വാങ്ങി കൊടുത്തു. ഈ സമയം നിവിയെ കാണാൻ അബിൻ ക്ലാസ്സിലേക്ക് വന്നിരുന്നു. അവളെ കാണാത്തതിനാൽ തിരിച്ചു പോയി. ഉച്ചക്ക് ശേഷം അവർക്ക് ക്ലാസ്സില്ലായിരുന്നു. ആയതിനാൽ ക്യാന്റീനിൽ നിന്നും ഐസ് ക്രീം കഴിച്ചിട്ട് അവർ രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരം ഒരു അഞ്ചു മണി കഴിഞ്ഞപ്പോൾ കാർത്തി ഒഴികെ എല്ലാവരും രഞ്ജുവിന്റെ വീട്ടിലേക്ക് പോയി. കാർത്തി ഒരു എട്ടു മണിയാകുമ്പോൾ അവിടെ എത്താമെന്ന് രശ്മിയെ വിളിച്ചു പറഞ്ഞു. പറഞ്ഞത് പോലെ കാർത്തി വന്നു. പക്ഷേ, യൂണിഫോമിലാണെന്ന് മാത്രം. വൈകാതെ തന്നെ രഞ്ജു കേക്ക് മുറിച്ച് ആഘോഷിച്ചു. പുറത്തു നിന്ന് രാജീവ്‌ ഫുഡ്‌ ഓർഡർ ചെയ്തിരുന്നു. എല്ലാവരും സംസാരിച്ചിരിക്കുന്ന സമയത്ത് നിവി അവിടെന്ന് മുങ്ങി. ആരും കാണാതെ നേരെ രഞ്ജുവിന്റെ റൂമിലേക്ക് ചെന്നു.

'ശേ... രഞ്ജുവേട്ടന് ഗിഫ്റ്റ് ഒന്നും ഞാൻ വാങ്ങിയില്ലല്ലോ... ഇനിയിപ്പോ എന്നോട് ചോദിക്കുമോ? എന്നും ഇവിടെ വെച്ചല്ലേ കൊടുക്കുന്നെ... ഇന്ന് ചോദിച്ചാൽ എന്ത് പറയും'

നിവി ആലോചിച്ചുകൊണ്ട് നിൽക്കവേ രഞ്ജു അവിടേക്ക് വന്നു.

"ആഹ്... എവിടെ എനിക്കുള്ള ബർത്ത് ഡേ ഗിഫ്റ്റ്? കയ്യും വീശിയാണല്ലോ ഇങ്ങോട്ട് കേറി വന്നേ... വിഷ് ചെയ്യാൻ മറന്നത് പോലെ ഇതും മറന്നോ? ഏഹ്?"

"അത് രഞ്ജുവേട്ടാ... ഞാൻ..."

"പറയ്... വാങ്ങിച്ചില്ലാലേ... സാരല്ല. ഞാൻ ചുമ്മാ പറഞ്ഞതാ. ഗിഫ്റ്റ് തന്നില്ലെങ്കിലും വിഷ് ചെയ്യാൻ മറക്കാതെ ഇരുന്നാൽ മതി. താഴേക്ക് വാ... ഫുഡ്‌ കൊണ്ടു വന്നിട്ടുണ്ട്. പിന്നേ... കഴിച്ചു കഴിഞ്ഞിട്ട് എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്"

"എന്താ രഞ്ജുവേട്ടാ..."

"ആദ്യം നീ വന്ന് കഴിക്ക്... വാ..."
രഞ്ജു റൂമിൽ നിന്നും പോകാനൊരുങ്ങി. പെട്ടന്ന് നിവി അവന്റെ കയ്യിൽ കേറി പിടിച്ചു.

"എന്താടി?"

"അത്..."

"അത്...??"

"എന്റേൽ ഇപ്പൊ ഗിഫ്റ്റ് ഒന്നും തരാനില്ല. പക്ഷേ..."

"പക്ഷേ? നീ വേഗം പറഞ്ഞേ... എന്നെ ഇപ്പൊ താഴെ അന്വേഷിക്കും..."

നിവി ഉടനെ അവനോട് ചേർന്ന് നിന്ന് അവന്റെ കവിളിലൊരു ഉമ്മ കൊടുത്തു.

"ഇതാ എന്റെ ബർത്ത് ഡേ ഗിഫ്റ്റ്..."
എന്നും പറഞ്ഞ് നിവി നാണത്തോടെ ഓടിപ്പോകാനൊരുങ്ങി. എന്നാൽ രഞ്ജു അവളുടെ കയ്യിൽ മുറുകെ പിടിച്ചു അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി.
(തുടരും
©ഗ്രീഷ്മ. എസ്
ബാക്കി നാളെ നാളെ നാളെ....
എന്നെ നോക്കണ്ട....
🏃‍♀️🏃‍♀️🏃‍♀️🧖‍
ഇന്ന് ഇത്രയും കൊണ്ട് അഡ്ജസ്റ്റ് ആകണേ... റൊമാൻസ് പാർട്ടുകൾ വരാൻ ഇരിക്കുന്നതേ ഉള്ളു.
ഒന്നു തുടങ്ങി വെച്ചെന്നെ ഉള്ളു😜.
തിരുത്തിയിട്ടില്ല കേട്ടോ😬

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top