എൻ ജീവൻ❤️[The Conclusion] ഭാഗം- 4

Valappottukal


"അച്ഛമ്മേ..."

"ഹാ... അച്ഛമ്മയുടെ മുത്ത് വന്നല്ലോ... വിശക്കുന്നുണ്ടോ?  അച്ഛമ്മ മോൾക്ക് പാപ്പം തരാട്ടോ..."

"വേണ്ട അച്ഛമ്മേ... അച്ഛൻ എനിക്ക് ചിക്കൻ ബിരിയാണി വാങ്ങി തന്നു"

"ആണോ രെച്ചു?"

"അതെ അമ്മേ... ട്രെയിനിൽ നിന്നും ഇറങ്ങിയതും ഇവൾക്ക് ചിക്കൻ ബിരിയാണി വേണമെന്ന് വാശി പിടിച്ചു. പിന്നെ, നല്ലൊരു ഹോട്ടലിൽ കയറി വാങ്ങിക്കൊടുത്തു. കൂടെ ഞങ്ങളും കഴിച്ചു. എന്നിട്ടാ ടാക്സിക്ക് വിളിച്ചത്..."

"എന്നിട്ട് മോള് എല്ലാം കഴിച്ചോ?"

"ഇല്ല അച്ഛമ്മേ... കുറച്ചു കഴിഞ്ഞതും എന്റെ വയറിൽ സ്ഥലം തീർന്നു. പിന്നെ,  ബാക്കി രെച്ചുമ്മയാ കഴിച്ചത്..."

"ആഹാ... കൊള്ളാം..."

"രെച്ചു... ഈ ചെറിയ  ബാഗ് പിടിച്ചോ... ബാക്കി ഞാൻ എടുത്തുകൊണ്ട് വരാം"
കാറിൽ നിന്നും ഒരു ബാഗെടുത്ത് കാർത്തി രശ്മിയുടെ കയ്യിൽ കൊടുത്തു. ബാക്കി ബാഗുകളുമായി അവൻ അകത്തേക്ക് കയറിയപ്പോൾ  സോഫയിലിരുന്ന് ടി.വി. കണ്ടുകൊണ്ടിരിക്കുന്ന ആളെ കണ്ട് ആശ്ചര്യപ്പെട്ടു.

"ചെറിയച്ഛൻ..."
അറിയാതെ കാർത്തി പറഞ്ഞു പോയി.

"ആഹ്... ഞാൻ മോനെ കാത്തിരിക്കുകയായിരുന്നു"

"ഇവൻ ഇന്നലെ വൈകുന്നേരം വന്നതാ... നീ ഇല്ലെന്ന് അറിഞ്ഞപ്പോൾ പോകാനിറങ്ങിയതാ... പക്ഷേ,  ഞാൻ വിട്ടില്ല. പിന്നെ, മണികണ്ഠനും  കൂടി ഇവിടേക്ക് വന്നു. അവൻ രാവിലെയായപ്പോൾ കടയിലേക്ക് പോയി"
ഇത്രയും പറഞ്ഞുകൊണ്ട് കൃഷ്ണൻ മുകുന്ദന്റെ അടുത്ത് വന്ന് തോളിൽ കയ്യിട്ടിരുന്നു. കാർത്തിക്കു ആ കാഴ്ച കണ്ടപ്പോൾ ഉള്ളിൽ വല്ലാതെ സന്തോഷം തോന്നി.

'രെഞ്ചുവിന്റെ നൂല്കെട്ട് ചടങ്ങിനാണ് ചെറിയച്ഛൻ അവസാനമായി ഇവിടേക്ക് വന്നത്. പിന്നെ,  നിവിയുടെ നൂല്‌ക്കെട്ടും ഫസ്റ്റ് ബർത്ത് ഡേ സെലിബ്രേഷനും  മറ്റും എറണാകുളത്ത് വെച്ചായതിനാൽ വന്നിരുന്നില്ല. ഇപ്പോൾ റോഡിൽ വെച്ച് കാണുമ്പോൾ ചിരിക്കുന്നതല്ലാതെ എന്നോടൊന്നും ചോദിച്ചിട്ടുമില്ല... പറഞ്ഞിട്ടുമില്ല... മനോജിന്റെ കാര്യം പോലും...  ഇതുപോലെ പണ്ട് കഴിഞ്ഞിരുന്നെങ്കിൽ അവൻ  എനിക്കൊരു നല്ല സഹോദരനാകുമായിരുന്നു... രക്തബന്ധങ്ങൾ തമ്മിൽ എത്ര പിണക്കങ്ങളും ശത്രുതയും ഉണ്ടെങ്കിലും അവരുടെ ഉള്ളിൽ എവിടെയെങ്കിലും ഒരു ഇത്തിരി സ്നേഹം കാണും..."
കാർത്തി ആലോചിച്ചു നിൽക്കുന്നത് കണ്ട് മുകുന്ദൻ എണീറ്റ് അവന്റെ അടുത്തേക്ക് വന്നു.

"എന്താ മോനെ ആലോചിച്ചു നിൽക്കുന്നെ? പതിവില്ലാതെ ഇവിടെ വന്നിരിക്കുന്ന എന്നെ കണ്ടിട്ടാണോ?"

"ഏയ്... എന്താ അച്ഛാ ഇന്നലെ ഞാൻ വിളിച്ചപ്പോൾ ചെറിയച്ഛൻ വന്ന കാര്യം പറയാത്തത്?"

"അത് മോനെ... നിങ്ങൾ ഇന്നലെ കല്യാണത്തിന്റെ തിരക്കിലായിരുന്നില്ലേ.... പിന്നെ,  ഇന്ന് തന്നെ വരുമല്ലോ... അപ്പോൾ കാണട്ടെ എന്ന് കരുതി. അല്ലേടാ? "
കൃഷ്ണൻ മുകുന്ദനെ നോക്കി പറഞ്ഞു.

"മ്മ്... ചെറിയച്ഛൻ ചുമ്മാ വന്നതല്ലെന്ന് മനസ്സിലായി. എന്തോ അത്യാവശ്യകാര്യമാണ്. എന്തായാലും പറയ് ചെറിയച്ഛാ ..."

"പറയാം മോനെ... യാത്ര പോയി വന്നതല്ലേ... ആദ്യം പോയി കുളിച്ചിട്ടൊക്കെ വാ... എന്നിട്ട് സംസാരിക്കാം. ഞാനിവിടെ തന്നെയുണ്ടാകും"

"മ്മ്... ശെരി..."
കാർത്തി മെല്ലെ തലയാട്ടിക്കൊണ്ട് പറഞ്ഞു. എന്നിട്ട് ബാഗുകളുമായി റൂമിലേക്ക് പോയി.

"മോളൂട്ടിയേ... ഈ അപ്പൂപ്പനെ അറിയാമോ?"

മുകുന്ദൻ നിവിയെ അടുത്ത് വിളിച്ചിട്ട് ചോദിച്ചു. അറിയില്ലെന്നുള്ള രീതിയിൽ നിവി ചുമൽ കുലുക്കി കാണിച്ചു.

"അറിയണമെങ്കിൽ വല്ലപ്പോഴും ഇങ്ങോട്ട് വരണം. അല്ലേ മോളെ?"

കൃഷ്ണൻ നിവിയെ എടുത്ത് ഇടുപ്പിൽ വെച്ചു.

"ആരാ അച്ഛാച്ചാ ഈ അപ്പൂപ്പൻ?"

"ഇതോ? ഇത് മോളുടെ അപ്പൂപ്പനാ... അച്ഛാച്ചന്റെ അനിയൻ..."

"അനിയനോ?"

"അതെ"

"കൃഷ്ണേട്ടാ... നിവി മോള് പോയി മേലു കഴുകട്ടെ..."
രേവതി പറഞ്ഞു.

"ഓ... ഞാനത് മറന്നു... മോള് അമ്മയുടെ കൂടെ പോയി കുളിച്ചിട്ട് വാ..."

കൃഷ്ണൻ നിവിയെ താഴെ നിർത്തി. മുകുന്ദൻ രശ്മിയെ നോക്കി ചിരിച്ചു. അവളും തിരിച്ചൊന്നു ചിരിച്ചുകൊണ്ട് നിവിയുമായി റൂമിലേക്ക് ചെന്നു.

വൈകുന്നേരം ചായയൊക്കെ കുടിച്ചുകഴിഞ്ഞ് സംസാരിക്കാനായി മുകുന്ദൻ കാർത്തിയേയും കൊണ്ട് മുറ്റത്തേക്കിറങ്ങി. കുറച്ചു നേരത്തേക്ക് മുകുന്ദൻ മൗനമായി നിന്നു. എന്നിട്ട് പറയാൻ തുടങ്ങി.

"മോനെ കാർത്തി... എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം..."

"സഹായമോ?"

"അതെ. മണികണ്ഠന്  കല്യാണപ്രായം ആകാറായി. ഇവിടെ അടുത്തുള്ളൊരു ബാങ്കിൽ വൈകാതെ ജോലി കിട്ടുമെന്നാ അവൻ പറയുന്നെ. പിന്നെ,  അവന് ഒരു പെൺക്കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ അന്വേഷിച്ചായിരുന്നു. നല്ല കുടുംബമാ... അവർക്കെല്ലാവർക്കും അവനെ വല്യ ഇഷ്ടാ... അവൻ നേരത്തെ പെൺവീട്ടുകാരുമായി സംസാരിച്ചിരുന്നു. അവർക്കിപ്പോൾ വേഗം കല്യാണം നടത്തണമെന്നാ... പെൺകുട്ടിയുടെ ജാതകത്തിൽ എന്തോ അങ്ങനെയുണ്ടത്രെ... ഞാൻ പറഞ്ഞു വരുന്നത് ആൺ വീടായാലും കല്യാണത്തിനൊക്കെ ചെലവുണ്ടല്ലോ... പൈസ കയ്യിൽ കരുതിയേ പറ്റു..."

"ചെറിയച്ഛന് പൈസ വേണമെങ്കിൽ അത് നേരെ പറഞ്ഞാൽ പോരെ? മണികണ്ഠൻ എന്റെയും അനിയനല്ലേ? "

"മ്മ്... അവന് നിന്നെ വല്യ കാര്യമാണെന്ന് എനിക്കറിയാം. എന്റെ നല്ല പ്രായത്തിൽ രണ്ടുപേർക്കും അത്യാവശ്യം വസ്തുക്കളൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട്. പക്ഷേ,  ഞാനിപ്പോൾ ഒരാളുടെ കാര്യം മാത്രം നോക്കിയാൽ മതിയല്ലോ. നിങ്ങളുടെ വീടിന് പുറകുവശത്ത് തൊഴുത്തിന്റെ അവിടെയായിട്ട് കുറച്ചു വസ്തു ഇല്ലേ?"

"ആഹ്... ഉണ്ട്. അത്...?"

"അത് നിങ്ങൾ എടുത്തിട്ട് എനിക്ക് കുറച്ചു പൈസ വേണം..."

"ചെറിയച്ഛാ..."

"അതെ മോനെ... ഞാനത് മൂത്തവന് കൊടുക്കണമെന്ന് വിചാരിച്ചതാ. ഇനി അതിന്റെ ആവശ്യമില്ല. മണികണ്ഠനെങ്കിലും നന്നായി ജീവിക്കുന്നത് കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ... എന്തായാലും ആ വസ്തു വിൽക്കാൻ തന്നെ തീരുമാനിച്ചു. അപ്പോൾ പിന്നെ വേറെ വല്ലവർക്കും കൊടുക്കുന്നത് എന്തിനാ? ഈ വീടും വസ്തുവും മോനുള്ളതല്ലേ... അതും കൂടി മോന്റെ പേരിൽ ഇരിക്കട്ടെ"

"ചെറിയച്ഛൻ അച്ഛനോട് പറഞ്ഞിരുന്നോ?"

"മ്മ്... മോൻ തീരുമാനിക്കട്ടെ എന്ന് പറഞ്ഞു"
അപ്പോഴേക്കും കൃഷ്ണൻ അവരുടെ അടുത്ത് വന്നു.

"കാർത്തി... നീയെന്ത് തീരുമാനിച്ചു?"

"അച്ഛാ ഞാൻ..."

"ഞാൻ ഇവനോട് പറഞ്ഞതാ ഇതിന്റെ ആവശ്യമൊന്നുമില്ലെന്ന്. പക്ഷേ,  ഇവൻ സമ്മതിക്കുന്നില്ല"

"മോൻ പറയ്... വേറെ ആർക്കും കൊടുക്കാൻ താല്പര്യമില്ല. അതിന് ഇപ്പോഴത്തെ വിലക്ക് മൊത്തം സെന്റിന് എന്തു കിട്ടും അത് മതി എനിക്ക്. അല്ലാതെ കൂടുതലൊന്നും തന്നാൽ ഞാൻ വാങ്ങിക്കത്തില്ല. എത്ര കിട്ടുമെന്ന് ഞാൻ കുറച്ചു പേരെ വസ്തു കാണിച്ചിട്ട് ചോദിച്ചിരുന്നു. അളവും കാര്യങ്ങളും നോക്കി അവർ വില പറഞ്ഞു. അപ്പോൾ അതിന് ന്യായമായി എന്ത് വില കിട്ടുമെന്ന് ഏകദേശം എനിക്കറിയാം. മോന് സമ്മതമല്ലേ?"

കാർത്തി ഉടനെ കൃഷ്ണനെ നോക്കി.

"എനിക്കെതിർപ്പൊന്നുമില്ല. എതിർത്തിട്ടും കാര്യമില്ലാലോ..."

"ഹ്മ്മ്... ചെറിയച്ഛന് എന്ന് പൈസ വേണം? "

"ഏഹ്? അപ്പോൾ മോന് സമ്മതമാണോ? ഹോ... ഞാൻ പറയാം മോനെ... പിന്നെ, മണികണ്ഠന്റെ നിർബന്ധപ്രകാരം ഞാൻ അവന്റെയൊപ്പം പെണ്ണിനെയൊന്നു കാണാൻ പോയെന്നേ ഉള്ളു. ഒരു ദിവസം നമുക്ക് എല്ലാവർക്കുമായി പോയി കാണാം. എന്ത് പറയുന്നു ഏട്ടാ? "

"എന്നാ പോകേണ്ടതെന്ന് നീ പറഞ്ഞാൽ മതീടാ... ഞങ്ങൾ റെഡിയാണ്..."

"അപ്പോൾ ശെരി. ഞാൻ പറയാം. എന്നാൽ ഞാൻ പോട്ടെ ഏട്ടാ?"

"ശേ... ഇന്നും കൂടി ഇവിടെ നിൽക്കടാ..."

"പിന്നീടൊരു ദിവസം വരാം. ഇപ്പോൾ കടയിൽ പോകേണ്ട ആവശ്യമുണ്ട്. പോട്ടെ മോനെ?"

"ശെരി ചെറിയച്ഛാ..."
കാർത്തി തലയാട്ടി.

"നിവി... അതല്ലേ പേര്? നിവി മോളേ... അപ്പൂപ്പൻ പോവാട്ടോ... പിന്നൊരു ദിവസം വരാം"
മുകുന്ദൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. 
രശ്മിയും നിവിയും രേവതിയും മുൻവശത്തേക്ക് വന്നു.

"അപ്പൂപ്പൻ പോവാണോ? ഓക്കേ,  റ്റാറ്റാ..."
നിവി കൈ വീശി കാണിച്ചു. മുകുന്ദൻ പെട്ടന്ന് പോക്കറ്റിൽ നിന്നും ഒരു നൂറു രൂപയെടുത്ത് നിവിയുടെ കയ്യിൽ കൊടുത്തു.

"അപ്പൂപ്പൻ പെട്ടെന്നിങ്ങോട്ട് വന്നപ്പോൾ മോൾക്കൊന്നും വാങ്ങിച്ചില്ല. അച്ഛനോട്‌ പറഞ്ഞ് പാപ്പം വാങ്ങി തരാൻ പറയണേ..."

"പറയാലോ... അച്ഛാ കണ്ടോ..."
നിവി ആ നോട്ടെടുത്ത് പൊക്കി കാണിച്ചു. കാർത്തി ചെറുതായൊന്നു പുഞ്ചിരിച്ചു. നിവി നോട്ട് രശ്മിയുടെ കയ്യിൽ കൊടുത്തു. മുകുന്ദൻ രശ്മിയോടും യാത്ര ചോദിച്ചു. രേവതിയെ മൗനമായി നോക്കിചിരിച്ചുകൊണ്ട് അയാൾ അവിടെ നിന്നും ഇറങ്ങി.

"പണ്ട് നമ്മുടെ വസ്തുവും കൂടി അവന് വേണമെന്നും പൈസ തരാമെന്നും പറഞ്ഞവനാ ഇപ്പോൾ പോകുന്നെ... കാലം... അത്....  ചിലതൊക്കെ മനുഷ്യനെ മാറ്റും... ഹാ... "
ഒരു നെടുവീർപ്പു വിട്ടുകൊണ്ട് കൃഷ്ണൻ അകത്തേക്ക് കയറി. കാർത്തി അവിടെ തന്നെ നിന്നു.

'അച്ഛൻ പറഞ്ഞത് ശെരിയാണ്... ചെറിയച്ഛനിപ്പോൾ പണ്ടത്തെ ആളേ അല്ലാ. മനോജ്‌ ജയിലിൽ ആയത് മുതലാണ് ഈ മാറ്റം. അവനെയോർത്ത് ഉള്ളിലൊരുപാട് നീറുന്നുണ്ട് പാവം... അവൻ പോയതോടെ ഒറ്റക്കായത് പോലെയാ സംസാരവും... നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ മുഴുവനും അവന് വേണ്ടിയായിരുന്നല്ലോ... ഹാ... അവൻ ഇനിയെങ്കിലും മാറിയാൽ മതിയായിരുന്നു...'
ഓരോന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കാർത്തിയും അകത്തേക്ക് പോയി.

രണ്ടു മാസം കഴിഞ്ഞ് മണികണ്ഠന്റെ വിവാഹം കാർത്തി മുന്നിൽ നിന്ന് ഭംഗിയായി നടത്തി കൊടുത്തു.
  ❤️❤️❤️❤️❤️❤️❤️❤️❤️❤️
"ഡേറ്റിനു ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ... ഇപ്പോഴേ അഡ്മിറ്റ് ചെയ്യണോ? കാർത്തിക്കിന് ടെൻഷൻ ആണോ? ഏഹ്?"

"അത് ഡോക്ടർ... ഞാൻ..."

"ഏട്ടനിന്ന് രാവിലെയൊരു സ്വപ്നം കണ്ടു. ഞാൻ പ്രസവിച്ചെന്ന്. അല്ലേ ഏട്ടാ?"
രശ്മി കാർത്തിയെ  നോക്കി കളിയാക്കി ചിരിച്ചു.

"രണ്ടു മൂന്നു ദിവസം കഴിഞ്ഞാലും ഇങ്ങോട്ട് തന്നെ വരണ്ടേ ഡോക്ടർ? "

"എനിക്ക് മനസ്സിലാകും. കാർത്തിക്കിന്റെ  ടെൻഷൻ. ഞാൻ ചെക്ക് ചെയ്തിട്ട് പെട്ടന്ന് ഡെലിവറിക്കുള്ള പോസ്സിബിളിറ്റിയൊന്നും കാണുന്നില്ല. ലാസ്റ്റ് ഇവിടെ വന്ന് ചെക്ക് ചെയ്തപ്പോൾ കുഞ്ഞിന്റെ തല തിരിഞ്ഞു വന്നിരുന്നു. നമുക്ക് വേണമെങ്കിൽ ഒരു സ്കാനിംഗ് നോക്കാം. പിന്നെ,  എനിക്കിന്ന് ഒരു സിസേറിയൻ ഉണ്ട്. അത് കഴിഞ്ഞിട്ട് ഞാൻ ഇങ്ങോട്ടേക്ക് വരാം. ഓക്കേ?"

"ശെരി ഡോക്ടർ..."
ഡോക്ടർ അവിടെ നിന്നു പോയതും ബെഡിൽ രശ്‌മിയുടെ അടുത്തായി കാർത്തി വന്നിരുന്നു.

"രെച്ചു... നിനക്ക് എന്തേലും കഴിക്കാൻ വേണോ?"

"എനിക്കൊന്നും വേണ്ടാ... ആഹ് വേണം..."

"പറയ്..."

"ഗുലാബ്..."

"ഗുലാബോ? ഏത്? ഗുലാബ് ജാമുനോ? "

"ഹാ... അത് തന്നെ"

"ങേ? നിനക്കിപ്പോൾ മധുരമത്ര ഇഷ്ടമല്ലാലോ..."

"ആഹ്... എന്തോ... ഇപ്പോൾ തോന്നുന്നു... നിവി വയറ്റിലായിരുന്നപ്പോൾ എപ്പോഴും മധുരമുള്ളത് എന്തേലും കഴിച്ചു കൊണ്ടിരിക്കാൻ തോന്നും. ദേ ഇപ്പൊ വയറ്റിൽ കിടക്കുന്ന ആൾക്ക് പുളിയും എരിവുമൊക്കെ മതിയായിരുന്നു. എന്താണാവോ ഇപ്പോ എന്നെക്കൊണ്ട് ഇത് തോന്നിച്ചേ?"

"കുഞ്ഞാവക്ക് ബോറടിച്ചു കാണും രെച്ചുമ്മേ..."

"അപ്പോൾ ഇത് മോളായിരിക്കും..."
കാർത്തി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

"അയ്യടാ... ഇത് മോൻ തന്നെയാ..."

"ശേ... ഇവിടെ കിടന്ന് തർക്കിക്കല്ലേ മക്കളേ... ആണായാലും പെണ്ണായാലും നമുടെ കുഞ്ഞാ... രണ്ടുപേർക്കും ഒരു കുഴപ്പവും വരാതെ ഇരുന്നാൽ മതിയായിരുന്നു. കുഞ്ഞ് നല്ല ആരോഗ്യത്തോടെ  വരാൻ ദൈവത്തോട് പ്രാർത്ഥിക്ക് രണ്ടുപേരും..."

"ഞാൻ ചുമ്മാ പറഞ്ഞതാ അമ്മേ... ആണായാലും പെണ്ണായാലും ഒരുപോലെയാ..."

"വാവക്ക് ഗ്ലാമറും വേണ്ടേ അച്ഛമ്മേ? "

"അതൊക്കെ കാണും മോളെ..."

"എന്തൊക്കെ പറഞ്ഞാലും ഇത് ആൺക്കുഞ്ഞാ... കാരണം ഇവൻ ഇവന്റെ അച്ഛനെ പോലെ സൈലന്റാണ്. കുറച്ചു മാത്രേ ചവിട്ടും തൊഴിയൊക്കെ ഉള്ളു. പാവമാ..."
രശ്മി കാർത്തിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

"അപ്പൊ ഞാനോ രെച്ചുമ്മേ?"

"അത് മോളുടെ അമ്മയെ പോലെ... എപ്പോ നോക്കിയാലും ഇടി... ചവിട്ട്... ചിലപ്പോൾ പിണങ്ങിക്കിടക്കും. അല്ലേ രെച്ചു?"
കാർത്തി ചോദിച്ചത് കേട്ട് രശ്മി തന്റെ കവിൾ വീർപ്പിച്ചു കാണിച്ചു.

"വാങ്ങിക്കുന്നെങ്കിൽ പോയി വാങ്ങിക്ക് കാർത്തി..."

 "ശെരി. ഞാനിപ്പോൾ വാങ്ങി വരാം"

"ഞാനും വരാം അച്ഛാ..."

"മ്മ്... വാ..."
കാർത്തി നിവിയേയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കിറങ്ങി.

"അമ്മേ... എന്റെ ഹാൻഡ് ബാഗിൽ നിന്നും ഫോണെടുത്ത് തന്നേ... പെട്ടെന്നിറങ്ങിയപ്പോൾ സീതമ്മയെ വിളിച്ചു പറഞ്ഞില്ല. ഏതായാലും ഏട്ടൻ ഇനിയെന്റെ ഡെലിവറി കഴിഞ്ഞിട്ടേ ഇവിടെ നിന്നും വീട്ടിലേക്കുള്ളുവെന്നാ തോന്നുന്നെ..."

രേവതി ഫോണെടുത്ത് രശ്മിക്ക് കൊടുത്തു.

"ശോ... ഇതിനകത്ത് റേഞ്ച് ഇല്ലേ? കാൾ കട്ട്‌ ആയി പോയി. ദേ നോ സിഗ്നൽ കാണിക്കുന്നു"

"മോളിങ്ങ് താ... ഞാൻ മുറിക്കു പുറത്തിറങ്ങിയിട്ട് വിളിച്ചു നോക്കാം"

രശ്മിയുടെ കയ്യിൽ നിന്നും ഫോൺ തിരികെ വാങ്ങി രേവതി റൂമിനു വെളിയിൽ ഇറങ്ങി. രശ്മി ബെഡിൽ തന്നെയിരുന്നു. പെട്ടന്ന് അവൾക്ക് വയറിനു താഴെ നനയുന്നത് പോലെ ഫീൽ ചെയ്തു.  തനിക്ക് തോന്നിയതായിരിക്കുമെന്ന് അവൾക്ക് തോന്നി. പക്ഷേ,  അത് തോന്നലല്ലെന്ന് വൈകാതെ തന്നെ അവൾക്ക് ബോധ്യമായി. രശ്മി ഉടനെ എണീറ്റു. ബെഡിൽ നനവ് പടർന്നിട്ടുണ്ട്. അടിവയറിൽ എവിടെയൊക്കെയോ ഞരമ്പുകൾ മുറുകുന്നത് പോലെ...

"അമ്മേ..."
വയർ പൊത്തിപ്പിടിച്ചുകൊണ്ട് അവൾ വിളിച്ചു. രശ്മിയുടെ വിളി കേട്ട് രേവതി ഓടി വന്നു.

കാർത്തിയും നിവിയും പുറത്ത് നിന്നും വന്നപ്പോൾ റൂമിലാരെയും കണ്ടില്ല. അവനാകെ ഭയന്നു. അപ്പോഴവിടെ ഒരു നേഴ്സ് വന്നു.

"രശ്മിയുടെ ഹസ്ബൻഡ് അല്ലേ? രശ്മിക്ക് കുറച്ചു കഴിഞ്ഞ് ഡെലിവറി നടക്കുമെന്നാ തോന്നുന്നെ. വാട്ടർ ബ്രേക്ക്‌ ആയി. പെയിനും വന്ന് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അവിടെ നടത്തിക്കുവാ..."
അത്രയും പറഞ്ഞ് നേഴ്സ് അവിടെ നിന്നും പോയി. നിവിക്ക് കാര്യം മനസ്സിലാകാതെ കാർത്തിയുടെ മുഖത്തേക്ക് നോക്കി.

"എന്താ അച്ഛാ രെച്ചുമ്മക്ക് പറ്റിയേ?"

"ഏഹ്? ഒന്നുല്ലാ... കുഞ്ഞാവ വരാൻ പോവാ... അതാ നേഴ്സ് ആന്റി പറഞ്ഞിട്ട് പോയേ..."

"ആണോ? ഹായ്... കുഞ്ഞാവ വരുന്നേ..."
നിവി തുള്ളിച്ചാടി കൊണ്ട് പറഞ്ഞു.
.......
ലേബർ റൂമിൽ കയറ്റി അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡെലിവറി കഴിഞ്ഞെന്നും പറഞ്ഞ്  ഒരു നേഴ്സ് വെളുത്ത ടവ്വലിൽ പൊതിഞ്ഞ് കുഞ്ഞിനെ കൊണ്ടു വന്നു. രേവതിയാണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത്.

"അച്ഛമ്മേ... താഴ്ത്തി പിടിക്ക്. എനിക്ക് കണ്ടൂടാ..."

"ദാ കണ്ടോ..."

"ഹായ് വാവക്കുട്ടാ... നോക്ക്... ചേച്ചിയാ വിളിക്കുന്നേ... നല്ല രസം കാണാൻ... അല്ലേ അച്ഛമ്മേ?  അയ്യോ വാവ ഉറങ്ങുവാണോ?"

കാർത്തി ടെൻഷനടിച്ച് ഇരിക്കുവായിരുന്നു. അവൻ വേഗം എണീറ്റ് വന്നു. സീത അവന് കുഞ്ഞിനെ കൈമാറി.

"ആൺക്കുട്ടിയാണേ..."
നേഴ്സ് പറഞ്ഞു.

രശ്മി ആഗ്രഹിച്ചത് പോലെ ആൺക്കുട്ടിയാണല്ലോ എന്നോർത്തപ്പോൾ സന്തോഷം കൊണ്ട് കാർത്തിയുടെ കണ്ണ് നിറഞ്ഞു. അവളെ ഒന്നു കാണാൻ അവന്റെ ഉള്ളം തുടിച്ചു.

"സിസ്റ്റർ... രശ്മി...?"
     ❤️❤️❤️❤️❤️❤️❤️❤️
"നിവി... നീ എവിടെയാ?"

"അച്ഛാ... ചേച്ചി ഫോണുമായി  പുറത്തേക്ക് പോകുന്നത് കണ്ടു"

"ഹ്മ്മ്... മോനെന്താ യൂണിഫോം ഇടാത്തേ? നിനക്ക് സ്കൂളിൽ പോകാൻ സമയമായില്ലേ? വേഗം പോയി റെഡി ആവാൻ നോക്ക്..."

"ഞാൻ ദേ പോവാ അച്ഛാ..."

"മ്മ്... അമ്മേ... ഇവർക്ക് കൊണ്ടുപോകാനുള്ള ഫുഡ്‌  റെഡി ആയോ?"

"നീ ഇങ്ങനെ വിളിച്ചു കൂവണ്ട എന്റെ കാർത്തിയേ...  എനിക്കറിയാം. നിനക്ക് ഓഫീസിൽ പോകാൻ സമയമായില്ലേ...  നിവി മോളെയും നിക്കുവിനെയും വന്നു  കഴിക്കാൻ പറയ്. പിള്ളേരിത് വരെ ഒന്നും കഴിച്ചില്ല.
അടുക്കളയിൽ നിന്നും രേവതി വിളിച്ചു പറഞ്ഞു.

"ശോ... കഴിച്ചില്ലേ... എന്റെ രെച്ചു... നീ ഉണ്ടായിരുന്നുവെങ്കിൽ ഇവർ രണ്ടുപേരും  എപ്പോഴേ റെഡി ആയേനെ"

"ഇപ്പോൾ പറഞ്ഞിട്ട് കാര്യമുണ്ടോ മോനേ...  മോള് നേരത്തേ പോയില്ലേ..."

"ഹ്മ്മ്..."
ഒന്നു മൂളിക്കൊണ്ട് കാർത്തി പുറത്തേക്കിറങ്ങി.

📸📸

"ഇതെവിടെന്നാ ഫോട്ടോ എടുക്കുന്ന ശബ്ദം? ഹാ... മനസ്സിലായി... സെൽഫിപ്പുള്ളേ..."

"അച്ഛാ..."

"എന്റെ ദൈവമേ... താഴെ ഇറങ്ങ് നിവീ... ആ കൊമ്പിനു അത്ര ബലമില്ല"

"എന്നെ താങ്ങാനുള്ള ബലമൊക്കെ ഇതിനുണ്ടച്ഛാ... ഫോട്ടോ എടുക്കുമ്പോൾ ഈ കണിക്കൊന്ന ബാക്ക്ഗ്രൗണ്ടിന് അടിപൊളിയാ.അച്ഛന് പേടിയാണേൽ ഞാനിപ്പോൾ ഇറങ്ങാം"
എന്നും പറഞ്ഞ് നിവി മരത്തിൽ നിന്നും താഴെ ഇറങ്ങി കാർത്തിയുടെ അടുത്തേക്ക് ചെന്നു.

"അച്ഛൻ പേടിച്ചു പോയോ?"

"എന്നാലും എന്റെ നിവിയേ... ഇങ്ങനെ മരത്തിലൊന്നും കേറി സെൽഫി എടുക്കല്ലേ... ഇപ്പോൾ ഓരോന്നും ഇങ്ങനെ സെൽഫി എടുക്കാൻ നോക്കുന്നതാ കൂടുതൽ അപകടം വരുത്തി വെക്കുന്നത്. ന്യൂസിലൊക്കെ കാണിക്കുന്നതല്ലേ"

"ഇനി ഇങ്ങനെ കേറില്ലച്ഛാ... ഇപ്പോൾ കണിക്കൊന്ന പൂത്ത് നിന്നതോണ്ടാ ഞാൻ..."

"ഹ്മ്മ്... പിന്നേ... ഫോൺ സൈലന്റിലിടാൻ മറക്കണ്ട"

"ശോ... ഓർമ്മിപ്പിച്ചതിന് താങ്ക്സ് അച്ഛാ... ഉമ്മാ... "
നിവി കാർത്തിയുടെ കവിളിലൊരു ഉമ്മ കൊടുത്തിട്ട് വേഗം അകത്തേക്ക് കയറി.

"പോയിരുന്ന് വേഗം ബ്രേക്ക്‌ ഫാസ്റ്റ് കഴിക്ക് നിവി..."

"ദേ ഇപ്പൊ കഴിക്കാം അച്ഛാ..."

"നിക്കൂ... നീ റെഡി ആയോ?"

"ആഹ് ചേച്ചി..."

"എന്നാൽ ഇവിടെ ഇരിക്കെടാ. അച്ചമ്മേ... ഫുഡ്‌ കൊണ്ടു വായോ..."

"ദാ വരണൂ..."
രേവതി അവർക്ക് കഴിക്കാനുള്ള ആഹാരവും കൊണ്ടു വന്നു.

"എന്താ അച്ഛമ്മേ ബ്രേക്ക് ഫാസ്റ്റ്?"

"ദോശയും തക്കാളി ചമ്മന്തിയും"

"തക്കാളി ചമ്മന്തിയോ?"

"എന്താ മോൾക്ക് വേണ്ടേ?"

"വേ...വേണം..."

"പിന്നെന്താ ഒരു ആലോചന?"

"ഒന്നുല്ല അച്ഛമ്മേ... അച്ഛമ്മ പോയി എനിക്കുള്ള ബൂസ്റ്റ്‌ എടുത്തോണ്ട് വാ...
എടാ... ഞാനിന്ന് നിന്നെ സ്കൂളിൽ ഡ്രോപ്പ് ചെയ്യട്ടെ?"

"ഡ്രോപ്പ് ചെയ്യാനോ? എങ്ങനെ? "

"എനിക്ക് സ്കൂട്ടി ഉണ്ടല്ലോ"

"സ്കൂട്ടി എടുക്കാൻ സമ്മതിക്കോ?"

"അച്ഛനെ സോപ്പിട്ടു നോക്കാം. നീ വേഗം കഴിക്ക്..."

കഴിച്ചു കഴിഞ്ഞ് നിവി കാർത്തിയുടെ അടുത്തേക്ക് ചെന്നു.

"ഞാൻ സോക്സ് ഇട്ടു തരട്ടെ അച്ഛാ?"

"ഏഹ്? "

"അല്ലാ... ഷൂസ് കെട്ടി തരട്ടെ?"

"നിവിയേ... കാര്യം പറയ്"

"അല്ലാ... അച്ഛൻ തനിയെ ചെയ്യുന്നത് കൊണ്ട് ചോദിച്ചതാ..."

"ഇത്രയും വർഷം ഞാൻ ഒറ്റക്ക് തന്നെയല്ലേ മോളേ ഇതൊക്കെ ചെയ്തേ... അച്ഛന്റെ ചക്കര കാര്യം പറയ്"

"അച്ഛാ..."

"ഓ... വിളി കേട്ടു. ഇനി പറയ്"

"അതേ... ഞാൻ ഇന്ന് സ്കൂട്ടി എടുത്തോണ്ട് പൊയ്ക്കോട്ടേ അച്ഛാ..."

"ങേ? സ്കൂട്ടിയോ? അത്രേം ദൂരമോ? കോളേജിൽ പോകാൻ അച്ഛൻ വണ്ടി റെഡി ആക്കാമെന്ന് പറഞ്ഞപ്പോൾ മോളല്ലേ സമ്മതിക്കാത്തത്. ബസ്സിൽ പൊയ്ക്കോളാമെന്നല്ലേ പറഞ്ഞെ.  എന്തേ? ഇപ്പോൾ ബസ്സിൽ പോകണ്ടേ?"

"ഇന്നൊരു ദിവസത്തേക്ക് അച്ഛാ... പ്ലീസ്... പ്ലീസ്... കോളേജിൽ ഫസ്റ്റ് ഡേ അല്ലേ... ഒരു ആഗ്രഹമച്ഛാ സ്കൂട്ടിയും കൊണ്ട് കോളേജിൽ പോകാൻ... പ്ലീസ്..."

"സൂക്ഷിച്ചു ഓടിക്കോ?? "

"ഞാൻ അച്ഛന്റെ മോളല്ലേ... സൂക്ഷിക്കാതെ ഇരിക്കോ..."

"ഹ്മ്മ്... പൊയ്ക്കോ... അവിടെ എത്തിയിട്ട് എന്നെ വിളിക്കണം. മെസ്സേജും അയക്കണം. കേട്ടോ"

"എന്റെ പുന്നാര അച്ഛൻ... ഉമ്മാാ..."

കാർത്തിക്കൊരു ഉമ്മ കൊടുത്തിട്ട് നിവി വേഗം ഓടിപ്പോയി. എന്നിട്ട് അവളുടെ ബാഗും എടുത്തുകൊണ്ട് വന്നു.

"ഡാ... വേഗം വന്ന് കയറാൻ നോക്ക്. അച്ഛന്റെ മനസ്സ് ചിലപ്പോൾ മാറിയാലോ... "

"ദേ ഇപ്പൊ വരാം. അച്ചമ്മേ... വാട്ടർ ബോട്ടിൽ..."

"നീയെന്താ നേഴ്സറിയിൽ പോകുവാണോ വാട്ടർ ബോട്ടിലും തൂക്കിയിട്ട്?? "

"കുടിക്കാൻ വെള്ളം  കൊണ്ടുപോകുന്ന കുപ്പിയെ പറഞ്ഞതാ... ഹൊ..."

"ഞാൻ ചുമ്മാ പറഞ്ഞതാടാ നിന്നെയൊന്നു ദേഷ്യം പിടിപ്പിക്കാൻ... നീ ദേഷ്യപ്പെടുമ്പോൾ അച്ഛനെ പോലെയുണ്ട്"

"ഇതാ മോനേ... നിവി മോളേ... മോൾക്ക് ഉച്ചക്ക് കഴിക്കാനൊന്നും വേണ്ടേ?"

"വേണ്ട അച്ചമ്മേ... ഇന്ന് ജസ്റ്റ്‌ ക്ലാസ്സ്‌ തുടങ്ങുന്നതേ ഉള്ളു. ഫുൾ ഡേ കാണാത്തൊന്നുമില്ല. അഥവാ ഉണ്ടെങ്കിൽ ഞാൻ കാന്റീനിൽ നിന്നും കഴിച്ചോളാം"

"മ്മ്... ശെരി"

"അപ്പോൾ റ്റാറ്റാ... ഉമ്മാ... അച്ഛാച്ചൻ എവിടെ?"

"കടയിൽ പോയി മോളേ..."

"ശേ... പോയോ? ഞാൻ കണ്ടില്ലാലോ... സാരല്ല. കടയിൽ കേറി കണ്ടോളാം..."

അപ്പോഴേക്കും കാർത്തിക്കു പോകാനുള്ള ജീപ്പ് വന്നു. ജീപ്പിന്റെ പിന്നാലെ തന്റെ ആക്റ്റീവയുമായി നിവിയും...
അവരുടെ കടയിൽ കയറി നാല് ഡയറി മിൽക്ക് വാങ്ങി അതിലൊരെണ്ണം നിക്കുവിന് കൊടുത്തു. അവനെ  സ്കൂളിൽ ഡ്രോപ്പ് ചെയ്തിട്ട് അവൾ നേരെ കോളേജിലേക്ക് പോയി. കോളേജ് ഗേറ്റിനു മുന്നിലായി സ്കൂട്ടി ഒന്നു നിർത്തി.

"വൗ... മൈ കോളേജ്..."
നിവി ഒരു പുഞ്ചിരിയോടെ സ്കൂട്ടി അകത്തേക്ക് കയറ്റി.

ഇതേ സമയം കാക്കനാട് സെൻട്രൽ ജയിലിൽ നിന്നും ഒരാൾ  പുറത്തിറങ്ങി. വേറെ ആരുമല്ല മനോജ്‌. തന്നെ കാത്ത് നിൽക്കാൻ ആരും ഇല്ലെന്ന സത്യം അവനിൽ വേദനയുണ്ടാക്കി. അവിടെ പുറത്തെ ബേസ്മെന്റിൽ അവൻ ഇരുന്നു. എവിടേക്ക് പോകുമെന്നറിയാതെ അവൻ റോഡിലേക്ക് നോക്കി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഓഫീസിൽ ഒരു ഫയൽ തെരഞ്ഞു ക്കൊണ്ടിരിക്കുമ്പോൾ  കാർത്തിയുടെ മൊബൈൽ റിങ്ങ്  ചെയ്തു. മൊബൈൽ എടുത്ത് ആരാന്ന് നോക്കിയതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. കാൾ ആൻസർ ചെയ്ത് മൊബൈൽ ചെവിയോട് ചേർത്ത് പിടിച്ചു.

"ഹെലോ..."

"ഹലോ... കമ്മീഷണർ സർ ബിസി ആണോ?"

"അതെ. എന്താ കാര്യം?"

"എനിക്കൊന്നു  എന്റെ ഭർത്താവിനോട്  സംസാരിക്കണമായിരുന്നു. അദ്ദേഹം എപ്പോഴാ ഫ്രീ ആവുകയെന്ന് പറഞ്ഞാൽ നന്നായിരുന്നു..."

"ആണോ? മ്മ്.. സംസാരിച്ചോ... കെട്ടിയോനെ കുറച്ചു നേരത്തേക്ക് ഫ്രീ ആക്കാം. എന്തേ?"
എന്നും പറഞ്ഞ് കാർത്തി ചിരിച്ചു.

"ഓഹ്... സർ കളിയാക്കുവാണോ? എങ്കിൽ ഞാൻ ഫോൺ വെക്കുവാ"

"രെച്ചു..."

"മ്മ്..."

"പിണങ്ങല്ലേടി പെണ്ണേ... നിന്റെ കെട്ടിയോൻ സിറ്റി പോലീസ് കമ്മീഷണർ ആണെന്ന് അറിയാലോ. പണ്ടത്തേക്കാളും
ഒരു നൂറു കൂട്ടം പണിയുണ്ട്. ഒരു ഫയൽ നോക്കിക്കൊണ്ടിരിക്കുന്ന സമയത്താ നീ വിളിച്ചത്. നീ എന്തിനാ വിളിച്ചതെന്നറിയാം... രണ്ടു പേരെയും ബ്രേക്ക്‌ ഫാസ്റ്റ് കഴിപ്പിച്ചിട്ടാ വിട്ടത്"

"ഓഹ്... ഞാനിപ്പോൾ ഇവിടെ നിന്നും  ഇറങ്ങിയതേ ഉള്ളു. അപ്പോൾ ജസ്റ്റ്‌ ഒന്നു വിളിച്ചതാ"

"എങ്ങനെയുണ്ടായിരുന്നു കല്യാണം?"

"എങ്ങനെയുണ്ടായിരുന്നുവെന്ന് ഞാനെന്റെ കെട്ടിയോൻ വീട്ടിൽ വരുമ്പോൾ പുള്ളിയോട് പറഞ്ഞോളാം. കമ്മീഷണർ ചെന്ന് ഫയൽ തപ്പിയാട്ടെ"
എന്നും പറഞ്ഞ് രശ്മി കാൾ കട്ട്‌ ചെയ്തു.

'രെച്ചു ഇപ്പോഴും ആ പഴയ രെച്ചു തന്നെ'
കാർത്തി മൊബൈലിൽ ഇട്ടേക്കുന്ന രശ്മിയുടെ വാൾപേപ്പർ നോക്കി സ്വയം പറഞ്ഞു.

അപ്പോഴൊരു കോൺസ്റ്റബിൾ അവിടേക്ക് വന്നു.

"സർ..."

"യെസ്..."

"സർ... സർ നോക്കുന്ന ഫയൽ ഇവിടെയില്ല"

"പിന്നെ അത് എവിടെ പോയി?"

"ആ ഫയൽ SI ഷിബു സാറിന്റെ കയ്യിലാണ്"

"അതെങ്ങനെ ഷിബുവിന്റെ കയ്യിലെത്തി?"

"അത്...  ഇന്നലെ വന്ന് എടുത്തുകൊണ്ട് പോയി. പുള്ളിക്ക് ഒരു ചേട്ടനുണ്ട്. സ്വന്തമായി ബാറൊക്കെ ഉള്ള ആളാ... അയാളുടെ മൂത്ത മകന്റെ  ഡീറ്റെയിൽസ് അതിലുണ്ട്. ഡ്രഗ് അഡിക്ട് ആയിരുന്നു. ആ പയ്യന്റെ പേരിൽ കുറച്ചു കേസുകൾ ഉണ്ട്"

"എപ്പോഴത്തെ കേസ് ആണ്?"
കാർത്തി ചോദിച്ചതും S.I. ഷിബു അവിടേക്ക് വന്നു.

"സുകുമാരൻ പൊയ്ക്കോളൂ... ഞാൻ പിന്നെ വിളിച്ചോളാം..."

"ഓക്കേ സർ..."
കോൺസ്റ്റബിൾ കാർത്തിയെ സല്യൂട്ട് ചെയ്തിട്ട് അവിടെ നിന്നും പോയി. ഷിബു ഒരു ചിരിയോടെ കാർത്തിയുടെ അടുത്തേക്ക് വന്നു.
    ❤️❤️❤️❤️❤️❤️❤️❤️❤️
"ഹെലോ ചേച്ചി... അതേ... ഇവിടെ M.Sc.കമ്പ്യൂട്ടർ സയൻസ് ബ്ലോക്ക്‌ എവിടെയാ?"

"ഇയാള് M.Sc. CS ആണോ?"

"ഏയ്... ഞാൻ B.Sc കെമിസ്ട്രിയാ..."

"പിന്നെ എന്തിനാ M.Sc. CS ന്റെ ബ്ലോക്ക്‌ ചോദിക്കുന്നേ?"

"ചേച്ചിക്ക് അറിയാമെങ്കിൽ പറഞ്ഞു താ..."

"ഹ്മ്മ്... ഇവിടുന്ന് വലത്തോട്ട് പോകുമ്പോൾ ഒരു വാകമരം കാണാം. അതിന്റെ അവിടെ നിന്നും ഇടത്തോട്ട് പോയി സ്റ്റെയർ കേറിയാൽ CS ആയി"

"ഓക്കേ താങ്ക്സ് ചേച്ചി..."

നിവി അവിടെ നിന്നും വേഗത്തിൽ അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങി. അതിനേക്കാൾ വേഗത്തിൽ അവളുടെ ഹൃദയവും മിടിക്കാൻ തുടങ്ങി...
(തുടരും)
©ഗ്രീഷ്മ. എസ്

To Top