പുതിയൊരു പെണ്ണു വന്നാൽ ഏട്ടനു ഞങ്ങളോട്ടുള്ള സ്നേഹം കുറയുമോ....

Valappottukal


രചന: കരി മലർ

ഏട്ടനു വിവാഹാലോചന വന്നിട്ടുണ്ട്...

 കുഞ്ഞാറ്റയുടെ ഉള്ളിൽ ഒരു ആന്തൽ.

ഇത്ര പെട്ടെന്ന് എന്തിനാ വിവാഹം? അവൾ ആലോചിച്ചു .

ഏട്ടന്റെ ചങ്കിടിപ്പാണ് ഈ കുഞ്ഞിപ്പെങ്ങൾ ... അമ്മ മരിച്ച ശേഷം ഏട്ടനും അച്ഛനുമായിരുന്നു എല്ലാം ... ഏട്ടൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ഈ ജീവിതം...

പെണ്ണിന്റെ ഫോട്ടോ കണ്ടു. അത്ര സുന്ദരിയൊന്നും അല്ല.

ഏട്ടനു എങ്ങനെ ഇഷ്ടപ്പെട്ടു? കുറേ മുടി കണ്ടിട്ടായിരിക്കും...

ഇനി പുതിയൊരു പെണ്ണു വന്നാൽ ഏട്ടനു ഞങ്ങളോട്ടുള്ള സ്നേഹം... ഓർക്കുമ്പോൾത്തന്നെ ഒരു ഭയം...

"നാളെ പെണ്ണുകാണാൻ പോവാണ്. അവന് ലീവ് ഇല്ലല്ലോ. നമുക്ക് പോവാം " അച്ഛൻ തലേന്ന് രാത്രിയാണ് പറഞ്ഞത്.

" പെട്ടെന്നു പറഞ്ഞാൽ എങ്ങനെയാ... എനിക്ക് നാളെ പറ്റില്ല " കുഞ്ഞാറ്റ കയർത്തു.

" അയ്യോ മോളേ... അങ്ങനെ പറയല്ലേ..."

"എല്ലാരും എല്ലാം ഉറപ്പിച്ചല്ലേ... "അവൾ മുഖം ഊത്തിപ്പിടിച്ചു.

പിറ്റേന്ന് പെണ്ണിന്റെ വീട്ടിലെത്തി.

പെണ്ണ് കുഞ്ഞാറ്റയെ നോക്കി പുഞ്ചിരിച്ചു. അവൾ കണ്ട ഭാവം വച്ചില്ല.

"വല്ല്യ നാണം കുണുങ്ങിയാ... അയ്യേ... " അവളുടെ അഭിപ്രായം അച്ഛന്റെ മുഖത്തു നോക്കി പറഞ്ഞു.

അന്ന് വൈകീട്ട് ഏട്ടന്റെ ഫോൺ.

"ഏട്ടത്തിയമ്മയെ ഇഷ്ടായോടീ ".

"ഓ... ഏട്ടത്തിയമ്മയോ?.എല്ലാം ഒറപ്പിച്ചല്ലേ?

" അപ്പോ എന്റെ അനിയത്തിക്കുട്ടി ഒന്നും അറിഞ്ഞില്ലേ ... "

"ഉവ്വ്.എനിക്ക് തലവേദനിക്കുന്നു. "അവൾ ഫോൺ വച്ചു.

പിറ്റേന്ന് മറ്റൊരു കോൾ.

"ഹലോ കുഞ്ഞാറ്റക്കുട്ടി എന്നെ മനസ്സിലായോ ..?"

ഫോണിൽ ഏട്ടത്തി ... സംസാരിക്കാൻ താല്പര്യമില്ലായിരുന്നു അവൾക്ക്... എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.

അങ്ങനെ വിവാഹം ദിനം എത്തി.

"ഒന്നു ഉഷാറാവ് കുഞ്ഞാറ്റക്കുട്ടി " അമ്മായിമാർ അവളെ കളിയാക്കി.

ഏട്ടത്തി നിലവിളക്ക് പിടിച്ച് അകത്ത് കയറിയപ്പോൾ തട്ടി വീഴാതിരിക്കാൻ സാരി പിടിച്ചു കൊടുക്കാൻ പോലും കുഞ്ഞാറ്റയ്ക്ക് ഇഷ്ടം ഇല്ലായിരുന്നു.

വിവാഹ പാർട്ടിയും കഴിഞ്ഞ് ആളും ആരവങ്ങളും ഒഴിഞ്ഞു.

രാത്രി വധൂവരന്മാർ മണിയറയിലേക്ക് കയറി.

സമയം രാത്രി പന്ത്രണ്ട് മണി.

കുഞ്ഞാറ്റയുടെ മുറിയുടെ വാതിലിൽ ഒരു തട്ടൽ

"ആരാ ഈ സമയത്ത് ?"

അവൾ വാതിൽ തുറന്നു...

"ഹാപ്പി ബർത്ത്ഡേ കുഞ്ഞാറ്റേ "......

കൈയിൽ കേക്കുമായി ഏട്ടത്തി ... കുറേ സമ്മാനങ്ങളുമായി ഏട്ടൻ
പിന്നെ അമ്മായിമാരും അച്ഛനും ...

കുഞ്ഞാറ്റയ്ക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു.

"ഏട്ടത്തീ ഞാൻ..". കുഞ്ഞാറ്റ ഏട്ടത്തിയെ കെട്ടിപ്പിടിച്ചു.

"ഏട്ടത്തിയമ്മ എന്നു വിളിച്ചോളൂ.. " അവൾ തിരുത്തി.

"അയ്യേ നീ എന്തിനാ കരയണേ?"ഏട്ടൻ കളിയാക്കി.

"ഇത്രേം നാളായിട്ടും പെങ്ങമ്മാരെ പൊന്നു പോലെ കൊണ്ടു നടക്കണ ഈ അച്ഛന്റെ മക്കളല്ലേടീ നമ്മൾ... "ഏട്ടൻ അവളെ നെഞ്ചോട് ചേർത്തു.

ആ കുടുംബത്തിൽ സന്തോഷത്തിന്റെ പുതിയൊരു അധ്യായം അന്ന്‌ ആരംഭിച്ചു.


രചന: കരി മലർ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top