യാമി, Part 26

Valappottukal
യാമി💝2️⃣6️⃣
ഭാഗം❤️ 26

വാണി മുറിയിലേക്ക് ചെല്ലുമ്പോൾ യാമി ഫോണിൽ എന്തോ കണ്ടിരിക്കുകയായിരുന്നു...
അവരുടെ വരവ് പന്തിയല്ലെന്ന് കണ്ടതും യാമി ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു...

അവളെ കൈക്ക് പിടിച്ച് വലിച്ച് ദേഷ്യത്തിൽ വാണി മുറിക്ക് പുറത്തേക്കിറങ്ങി....
സെറ്റിയിൽ തലകുമ്പിട്ട് ഇരിക്കുകയായിരുന്ന യശോദറിന് മുൻപിലേക്ക് വാണി അവളെ കൊണ്ട് ചെന്ന് നിർത്തി...

"നോക്കടീ.. അങ്ങോട്ടേക്ക്...
ഇരുപത്തി മൂന്ന് വർഷം ഉണ്ണാനും ഉടുക്കാനും തന്നു വളർത്തി വലുതാക്കിയ മനുഷ്യൻ ആണ് യാമി ഇൗ തകർന്നിരിക്കുന്നത്...
ഞങ്ങൾക്ക് രണ്ടാൾക്കും വേണ്ടാത്ത എന്ത് ആഗ്രഹമാടി നിനക്ക് വേണ്ടത്.. ഇത് വരെ നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ?
നിന്നെ വളർത്തിയതിന്റെ കണക്ക് പറയുന്നില്ല..
ഡാഡിയുടെ ശരികളും നീ കാണണ്ട...
മകളെ മറ്റൊരുത്തൻ ഒപ്പം കാണാൻ പറ്റാത്ത സാഹചര്യത്തിൽ കാണേണ്ടി വരുന്ന ഞങ്ങളുടെ അവസ്ഥ നീ ഒന്ന് ചിന്തിക്ക്..ഏത് പേരന്റ്സ് ആണത് സഹിക്കുക..."

"നൂറായിരം പ്രശ്നങ്ങൾ ഉണ്ട് ഞങൾക്കിടയിൽ പക്ഷേ യദുന്റെ കണ്ണൊന്നു കലങ്ങിയാൽ എനിക്ക് സഹിക്കാൻ കഴിയില്ല യാമി..അത് ഞാനീ താലിക്ക് നൽകുന്ന വില കൊണ്ടാണ്...
ആ ചെറുക്കൻ നിൻറെ മുന്നിൽ വച്ചല്ലെ ഡാഡിയെ അത്രയും പറഞ്ഞത്..
ഇന്നലെ കണ്ട അവനു വേണ്ടി നീ ഞങ്ങളെ തള്ളി പറഞ്ഞു...
ഒരു തവണ നിനക്ക് തടയാമായിരുന്നില്ലെ.. ഡാഡിയുടെം‍ മമ്മയുടേയും സന്തോഷം മാത്രം നോക്കി ജീവിച്ച മോൾ എന്ന് മുതലാണ് ഇങ്ങനെ മാറി തുടങ്ങിയത്..

ഇങ്ങനെ ആണ് പോക്കെങ്കിൽ നിന്നാണെ സത്യം നീ ഇനി ഞങ്ങളുടെ മരണം കൂടി താമസിക്കാതെ കാണും.."
അവളുടെ നെറുകയിൽ കൈ വച്ച് പറഞ്ഞ ശേഷം,
മുഖം പൊത്തി വാണി കരഞ്ഞു പോയിരുന്നു...

യാമിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല....
ചെയ്യുന്നതിലെ ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാതെ അവളും കുഴഞ്ഞു....ഒരു നിമിഷം മനസ്സ് പോലും കൈവിട്ടു പോയി... വാ വാക്കുകൾ അവളെ പൊള്ളിച്ചു...

തലയ്ക്ക് കൈ താങ്ങി ഇരിക്കുന്ന യദുവിനരികിലേക്ക് യാമി ചെന്നയാളുടെ കാലിനരികിലായി ഇരുന്നു കൊണ്ട് കൈകൾ കൂട്ടി പിടിച്ചു കരഞ്ഞു..

"ഡാഡി സോറി... ഞാൻ അറിയാതെ ചെയ്ത് പോയത് ആണ് ഒക്കെ.. നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് ഒന്നും യാമിക്‌കും വേണ്ട..സോറി ഡാഡി..."
മുഖം കയ്യോടു ചേർത്ത് കരയുമ്പോൾ ആദി മാത്രമായിരുന്നു മനസ്സിൽ..
സോറി... ആദി എനിക്ക് പറ്റുന്നില്ല..
പുറമേ ഉള്ളതിനേക്കാൾ ആയിരം മടങ്ങ് ശക്തിയിൽ ഉള്ളം തേങ്ങി....

കൈ വിടുവിച്ചു യദു അവളുടെ നെറുകയിൽ തലോടി...
തോളിൽ പിടിച്ച് ഉയർത്തി അവളെ മുകളിലേക്ക് കയറ്റി ഇരുത്തി..
അപ്പോഴും കരയുകയായിരുന്നു യാമി..

"സാരമില്ല.. തെറ്റ് പറ്റിയത് ഡാഡി ക്ക് ആണ്...
മോളെ മനസ്സിലാക്കാൻ ഡാഡി ഒരുപാട് വൈകി പോയി.. ഇനിയെങ്കിലും എനിക്ക് എല്ലാം തിരുത്തണം.. മോൾ എന്നോട് ക്ഷമിക്ക്‌.."
അന്തിച്ചു നോക്കുന്ന യാമിയെ വിട്ട്
അയാള് എഴുന്നേറ്റ് വാണിക്ക് അരികിലെത്തി കൈകൾ കൂപ്പി നിന്നു...
"ചില തോൽവികൾ ആണ് വാണി തിരിച്ചറിവുകൾ ഉണ്ടാക്കുന്നത്...മാപ്പ്...."
അവരെന്തെങ്കിലും തിരികെ പറയും മുൻപേ അയാള് വാതിൽ തുറന്നു പുറത്തേക്ക് പോയിരുന്നു.....

യശോദർ പോയതും വാണി യാമിക്ക് അരികിലെത്തി...
ചുമലിൽ കൈകൾ പിടിച്ചു കൊണ്ടവളെ നെഞ്ചോട് ചേർത്തു..
അമ്മയുടെ മാറിൽ വീണു കരയുമ്പോൾ മുന്നോട്ട് ഇനി എന്ത് എന്നതിനെ കുറിച്ച് ഒരു വക്തതയും ഉണ്ടായിരുന്നില്ല.. യാമിക്ക്..

"സമ്മതിക്കും മോളെ.. നിൻറെ യാത്ര മമ്മ സമ്മതിപ്പിക്കാം യദു വിനെ കൊണ്ട്..."
ആദിയോട് മമ്മയ്ക്ക്‌ ഒരു ദേഷ്യവും ഇല്ല.. പക്ഷേ ഞങ്ങൾക്ക് വലുത് നീ മാത്രം ആണ്..
കല്യാണം മുടങ്ങിയത് നവീന്റെ തെറ്റ് കൊണ്ട് ആയിരുന്നില്ല.... സത്യങ്ങൾ ഒക്കെ മോളറിഞ്ഞെ തീരൂ..."

വാക്കുകൾക്ക് ആശ്വാസം കണ്ടെത്താൻ കഴിയാത്ത എന്തോ ഒന്ന് ആ നിമിഷങ്ങളിൽ ഒക്കെ അവളുടെ ഉള്ളിൽ കിടന്നു നീറി......

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

മുറിയിൽ നിന്നും പുറത്തേക്ക് വരുമ്പോഴാണ് യാമി ഡൈനിംഗ് ഹാളിൽ സംസാരവും ചിരിയും കേൾക്കുന്നത്..
അടുത്തേക്ക് ചെല്ലാതെ അവള് അത് ശ്രദ്ധിച്ച് അവിടെ തന്നെ നിന്നു...
യശോദർ വരുണിയുമായി സംസാരിക്കുന്നത് ആണ് കേൾക്കാൻ കഴിഞ്ഞത്...
രണ്ടാളും ഇരിക്കുനിടത്തേക്ക്‌ നോക്കിയ യാമിക്ക് കണ്ണുകളെ വിശ്വസിക്കാൻ ആയില്ല...
യാശോദര് വാരി കൊടുക്കുന്ന ഭക്ഷണം കഴിക്കുകയാണ് അവർ....
മനസ്സ് നിറഞ്ഞത് കണ്ണീരായി പുറത്തേക്ക് എത്തി.....

അവർക്ക് ഇടയിലെ സന്തോഷത്തെ മുറിക്കണ്ട എന്നുകരുതി തിരിഞ്ഞു നടന്ന യാമിയെ യദു പെട്ടെന്ന് വിളിച്ചു...

മടിച്ചു നിന്നെങ്കിലും അവള് അടുത്തേക്ക് ചെന്നു...
അടുത്ത് തന്നെ കസേര വലിച്ചിട്ടു അയാള് അവളെ രണ്ടാൾക്കും നടുവിലായി ഇരുത്തി..
ആദ്യത്തെ ഉരുള യദു അവൾക്ക് നേരെ നീട്ടുമ്പോൾ മുൻപിൽ ഉള്ളത് ഒന്നും കാണാൻ കഴിയാത്ത വിധം കണ്ണീർ കാഴ്ചയെ മറച്ചു കളഞ്ഞിരുന്നു.....

അടുത്തത് ചിരിയോടെ വാണി അവൾക്ക് നൽകി...
കരച്ചിലോടെ യദുവിന്റെ മാറിലേക്കവൾ വീഴുമ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞു വന്നു.....

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

ബാൽക്കണിയിൽ പഴയത് പോലെ ബെഡ് ഇട്ടു അതിൽ കിടക്കുകയാണ് ആദിയും യാമിയും..
അന്ന മോളുടെ ബർത്ത് ഡേ ആണ് വിഷയം..
ചെയ്യാൻ ഉള്ള ജോലികളുടെ ഒരു ഷോർട്ട് ലിസ്റ്റ് ഉണ്ടാക്കി ആദി യാമിയെ വായിച്ചു കേൾപ്പിച്ചു കൊണ്ടിരിക്കുകയാണ്...

വായിച്ചു തീർന്നു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആണ് അവനു മനസ്സിലായത് യാമി ഇൗ ലോകത്ത് അല്ലെന്ന്...

മുകളിലേക്ക് നട്ടിരിക്കുന്ന കണ്ണുകളിൽ നീർത്തിളക്കം കണ്ട് ആദി അവളെ തന്നെ നോക്കി കുറച്ച് സമയം കിടന്നു...

"എന്താടോ വല്യ ആലോചന.."

ചോദ്യം കേട്ടപ്പോൾ യാമി തിരിഞ്ഞു അവനെ നോക്കി...
വെറുതെ തെളിച്ചമില്ലാതെ ഒന്ന് ചിരിച്ചു....
"അറിയില്ല ആദി... അത്ര പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെടാൻ പോകുന്ന തോന്നൽ...
നെഞ്ചിനുള്ളിൽ കൊത്തി വലിക്കുന്ന ഒരു വേദന.. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്ന പോലെ..."

"ഇൗ അരുതാത്തത് എന്ന് പറയുന്നത് എന്താണ്...
നിൻറെ തീരുമാനങ്ങൾ നിൻറെ കയ്യിൽ ആണ്.. ശരിയെന്ന് തൊന്നുന്നവ മാത്രം വിവേകത്തോടെ ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ..."
ആദി പറഞ്ഞു...

"എതിർക്കാൻ കഴിയുന്നില്ല ആദി ഡാഡിക്ക് മുൻപിൽ...
തോറ്റു പോവുന്നത് പോലെ...
ജീവിതം ഇങ്ങനെ തോറ്റു തോറ്റു മടുത്തു..."
യാമി അപ്പോഴേക്കും കരഞ്ഞിരുന്നു...

"അയ്യേ എന്തായിത്...താൻ ഒന്നുവില്ലേലും പുറത്തൊക്കെ പഠിച്ച് എത്ര ബോൾഡ് ആയി വളർന്ന കുട്ടിയാടോ?
ഓർമ ഉണ്ടോ തനിക്ക് നമ്മൾ ആദ്യമായി കണ്ട ദിവസം?
അന്ന് നിൻറെ പിറകിൽ മനഃപൂർവം ഞാൻ വന്നു ഇടിച്ചത് ഓർമയുണ്ടോ...തന്റെ ഒരു നോട്ടം ഉണ്ടായിരുന്നു അന്ന് ഹോ... ദൈവമേ..."
ആദി ചിരിച്ചു...
അവളുടെ മൂഡ് ഒന്ന് തൽക്കാലം മാറ്റണം എന്ന ഉദ്ദേശം ആയിരുന്നു അവനു...

"മനപൂർവ്വമോ?"
കരഞ്ഞിരുന്ന യാമി അത് കേട്ടതും കൂർപ്പിച്ച് അവനെ ഒന്ന് നോക്കി..
"തീർന്നിട്ടില്ല.. തന്റെ മുറിയിൽ അന്ന് പപ്പിയെ കയറ്റി വിട്ടതും മനഃപൂർവം ആയിരുന്നു.. നീയുമായി ഒന്ന് മുട്ടാൻ..."

അത് കൂടി കേട്ടപ്പോൾ യാമി അടുത്ത് കിടന്ന തലയണ എടുത്ത് അവനെ തല്ലാൻ തുടങ്ങി..
"ആദി.. ഐ ഹേറ്റ് യു... ദുഷ്‌ടാ..."

"നിർതത്‌... നിർത്ത്... തീർന്നില്ല.. ഒന്നും ഏൽകാതെ ആയപ്പോൾ ആണ് അന്ന മോളെ ഇറക്കി കളിച്ചത്..അവള് എന്നെക്കാൾ നന്നായി തകർത്തു..."

ഇനി ഒന്നും കേൾക്കാൻ വയ്യാതെ യാമി ചെവി പൊത്തി ഇരുന്നതും.. അവൻ അത് പിടിച്ച് മാറ്റി വീണ്ടും ഓരോന്ന് പറഞ്ഞു..
സഹികെട്ട് യാമി അടുത്ത് കിടന്ന സാധനങ്ങൾ ഒക്കെ വലിച്ച് അവനെ എറിഞ്ഞു...

ഒച്ചയും ചിരിയും കേട്ടാണ് വാണി മുറിക്ക് പുറത്തേക്ക് വന്നത്... ആദ്യമായാണ് അവർ യാമിയുടെ മറ്റൊരു മുഖം കാണുന്നത്...ചിരിച്ചും കളിച്ചും ആദി യുമായി തല്ലുണ്ടാക്കിയും ഇരിക്കുന്ന യാമിയെ കണ്ടതും അവരുടെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു..ആദിയൊട് അത് വരെ ഉണ്ടായിരുന്ന വിദ്വേഷം ഒക്കെ പതിയെ അലിഞ്ഞു തുടങ്ങിയിരുന്നു അവർക്ക്...

തല്ലും വഴക്കും ഒക്കെ കഴിഞ്ഞു തളർന്നു വീണ്ടും യാമി ബെഡിലേക്ക് വീണു...
കൂടെ ആദിയും...

ഒറ്റ നക്ഷത്രം മിന്നി നിൽക്കുന്ന ആകാശത്തേക്ക് രണ്ടാളും നോക്കി കിടന്നു...
നിലാവ് ഉദിച്ചിരുന്നില്ല അന്ന്...കൂരിരുട്ട് മാത്രം..
പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലും കടന്നു ചെല്ലാത്ത എവിടെയും ഇരുട്ട് മാത്രം...

വാക്കുകൾക്ക് പ്രസക്തി ഇല്ലാതെ വീണ്ടും രണ്ടാൾക്കിടയിലും മൗനം നിറഞ്ഞു....
അത് മനസ്സിനെയും വല്ലാതെ തളർത്തി...
രണ്ടാളും പതിയെ നിദ്രയെ പുൽകി....

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

സമയം ഏറെ വൈകിയാണ് യശോദർ ഫ്ലാറ്റിലേക്ക് മടങ്ങി എത്തിയത്...
ബാൽക്കണി യുടെ വാതിൽ തുറന്നു കിടനത്  അടയ്ക്കാൻ ചെല്ലുമ്പോഴാണ്.. യാമി പുറത്ത് കിടന്നു ഉറങ്ങുന്നത് ശ്രദ്ധിച്ചത്.. കുറച്ച് മാറി ആദിയും...

മാറി കിടന്ന ബെഡ് ഷീറ്റ് എടുത്ത് അയാള് അവളെ നന്നായി പുതപ്പിച്ചു...
മുഖത്തേക്ക് വീണു കിടന്ന മുടി പതിയെ ഒതുക്കി വച്ചു നെറ്റിയിൽ മുത്തി..
കർക്കശക്കാരനായ യശോദർ വാര്യത് എന്ന വ്യക്തിയുടെ മുഖപടം ഒറ്റ നിമിഷം കൊണ്ട് അഴിഞ്ഞു വീണു നിമിഷങ്ങൾക്ക് അകം അയാള് യാമി എന്ന മകളുടെ അച്ഛൻ മാത്രമായി മാറി....

അവിടെ നിന്നും എഴുന്നേറ്റതും യദുവിന്റെ നോട്ടം പതിയെ ആദിയിൽ ചെന്നു തറച്ചു..
അത് വരെ ഉണ്ടായിരുന്ന ശാന്ത സ്വഭാവം വിട്ട് അയാളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി...

ഉള്ളിലെ വെറുപ്പിനെ ഒതുക്കി നിർത്തി യാമിയെ ഒന്നുകൂടി നോക്കിയ ശേഷം അയാള് ഉള്ളിലേക്ക് നടന്നു...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

യശോദർ പോയെന്ന് മനസ്സിലായതും ആദി മെല്ലെ കണ്ണുകൾ തുറന്നു...
അനുവാദമില്ലാതെ രണ്ടു തുള്ളി കണ്ണീർ ഇരു ചെന്നിയിലേക്കും ഒഴുകി ഇറങ്ങി...

ശാന്തമായി ഉറങ്ങുന്ന യാമിയെ നോക്കിയ ശേഷം എഴുനേറ്റു പാരപറ്റിന് അടുത്തേക്ക് അവൻ നടന്നു നീങ്ങി...
ചാടി താഴേക്ക് ഇറങ്ങാം എന്ന് കരുതിയെങ്കിലും ഉദ്ദേശം പിൻവലിച്ചു വാതിലിനടുത്തേക്ക് നടന്നു

ആദി..
പുറത്തേക്ക് ഉള്ള വാതിൽ തുറക്കും മുൻപേ പിറകിൽ നിന്നും വിളി കേട്ടവൻ തിരിഞ്ഞു നോക്കി..
പിറകിൽ നിന്നുള്ള വിളി കേട്ട് ആദി തിരിഞ്ഞു നോക്കി..
വരുണിയെ കണ്ടതും അവനൊന്നു ചിരിച്ചു..

"മോനോട് കുറച്ച് സംസാരിക്കണം ആയിരുന്നു.."

"എന്താ ആന്റി പറഞ്ഞോളൂ..."

"ഇത്ര കാലം വളർത്തിയിട്ടും ഞാൻ അറിയാത്ത ഒരു യാമി മോളെ ആണ് കുറച്ച് ദിവസങ്ങളായി കണ്ട് കൊണ്ടിരിക്കുന്നത്...
സന്തോഷവും സമാധാനവും ഒക്കെ എന്റെ മോൾ അറിയുന്നത് പോലും ഇപ്പോഴാണ്...
ആന്റിക്ക് അറിയാം അത് മോൻ അവളിൽ ഉണ്ടാക്കിയ മാറ്റം ആണെന്ന്...
നവീൻ മാത്രമാണ് യാമിയുടെ ഇപ്പോഴത്തെ പ്രശ്നം..
സത്യത്തിൽ അതും ഒരു തെറ്റിദ്ധാരണ ആയിരുന്നു....
യാമി അറിയും മുൻപേ അതൊക്കെ ആദി അറിയണമെന്ന് എനിക്ക് തോന്നി...."

"കല്യാണത്തിന് മുൻപ് അവർക്ക് രണ്ടാൾക്കും തുറന്നു സംസാരിക്കാൻ ഒരവസരം ഞങൾ എല്ലാവരും ചേർന്നു നൽകിയിരുന്നെങ്കിൽ യാമി ഇന്ന് നവിക്ക് ഒപ്പം ഉണ്ടാകുമായിരുന്നു..."

"അപ്പൊൾ അന്ന് നടന്നതൊക്കെ കള്ളം ആണെന്ന് ആണോ ആന്റി പറയുന്നത്...വിവാഹ പന്തലിൽ വച്ച് അവൻ തന്നെ അല്ലേ യാമിയെ വേണ്ടെന്ന് വിളിച്ചു പറഞ്ഞത്..."
ആദി തികട്ടി വന്ന ദേഷ്യം ഉള്ളിൽ തന്നെ ഒതുക്കി

"നിഷേധിക്കുന്നില്ല.. ആ തെറ്റിനുള്ള ശിക്ഷ ദൈവം തന്നെ അവനു കൊടുത്തു കഴിഞ്ഞു...
മരിച്ച് ജീവിച്ചു വന്നതാണ് എന്റെ കുഞ്ഞിപ്പോൾ..
കല്യാണം ആലോചിച്ച സമയം തന്നെ അവൻ പറഞ്ഞിരുന്നു അങ്ങനെ ഒരു ബന്ധം ഉണ്ടെന്ന്.. എല്ലാവരും ചേർന്നു തമ്മിൽ സംസാരിക്കാൻ പോലും അവസരം ഉണ്ടാക്കാതെ യാമിയെയും നവീനെയും അകറ്റി നിർത്തി....
ഒടുക്കം യാമിയുടെ ജീവിതം താൻ കാരണം തകർന്നു എന്ന് പറഞ്ഞു ആ പെൺകുട്ടി തന്നെ അവന്റെ ജീവിതത്തിൽ നിന്നും പിൻമാറി കൊടുത്തു....
അവളുടെ കല്യാണവും കഴിഞ്ഞു...
അത്രയേ ഉണ്ടായുള്ളൂ ആ പ്രണയത്തിന് ആയുസ്സ്..
ആരാ ആദി ഇവിടെ തെറ്റുകാർ... ഒരിക്കലും യാമിയൊ നവീനോ അല്ല...
ആകെ തകർന്നു പോയിരുന്നു അവൻ...
ഒരു സൂയിസൈഡ് അറ്റെമ്പറ്റ് നടത്തിയത് കാരണം അവനെ തറവാട്ടിൽ നിന്നും എല്ലാവരും ചേർന്നു മാറ്റി... ഞാൻ അറിഞ്ഞപ്പൊഴും ഒക്കെ വൈകി..."

ഒക്കെ കേട്ട് ആദി ആകെ വിയർത്തു...

"തെറ്റ് തിരുത്താൻ ഒരവസരം വേണം എന്ന് അവൻ എന്റെ കാലിൽ വീണു കരഞ്ഞു പറഞ്ഞു...
യദുവിൻെറ വാശി ഞാൻ കണ്ടില്ല ആദി..
എന്റെ മുൻപിൽ അവന്റെ കരയുന്ന മുഖം മാത്രമേ ഉണ്ടായുള്ളൂ... യാമി യുടെ ജീവിതം അവൻ കാരണം നശിക്കരുത് എന്ന്..."
കണ്ണുകൾ തുടച്ച ശേഷം വാണി തുടർന്നു...

"അവളുടെ ഇഷ്ടം പോലെ പുറത്ത് പോകുന്നതിനു അവനു ഒരു തടസവും ഇല്ല...
എല്ലാത്തിനും കൂടെ ഉണ്ടാകും എന്നും പറഞ്ഞു...
യാമിയുടെ സങ്കടം കണ്ട് ദൈവമായിട്ട്‌ ആണ് ഇങ്ങനെ ഒക്കെ സംഭവിപ്പിച്ചത്...
ഒരു പക്ഷെ നവീൻ എന്റെ മോളുടെ ഭാഗ്യം ആകും...
ഇന്ന് വരെ ഉള്ള അവളുടെ എല്ലാ സങ്കടങ്ങൾക്കും ദൈവം കൊടുത്ത നിധി...
എനിക്ക് അറിയാം ആദി നിങ്ങൾക്ക് ഇടയിൽ നല്ലൊരു സൗഹൃദം മാത്രമാണ് ഉള്ളത് എന്ന്...
അല്ലേ മോനെ...."

വാണിയുടെ ചോദ്യത്തിൽ അവനൊന്നു പതറി...
എങ്കിലും അത് മറച്ചു പിടിച്ചു അവരെ നോക്കി ചിരിയോടെ പറഞ്ഞു..

"ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല ആൻറി..കേട്ടത് ഒക്കെ സത്യം ആണെങ്കിൽ നല്ല കാര്യം തന്നെ...ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് യാമിക്ക്‌...
എനിക്ക് ഉറപ്പുണ്ട് നവീന് അവളുടെ മനസ്സ് അറിയാൻ കഴിയും...
അവരാണ് ചേരേണ്ടത്..
അവൾക്ക് ഒരു നല്ല ഫ്രണ്ട് ആയി ഇപ്പോഴത്തെ പോലെ തന്നെ ഞാൻ ഉണ്ടാകും എന്നും.."

വാണിയെ നോക്കി വരണ്ട ഒരു ചിരിയോടെ ആദി പുറത്തേക്ക് ഇറങ്ങി ....
ഓടി ഒളിക്കാൻ ഒരിടം ആയിരുന്നു അവനാ നിമിഷം വേണ്ടിയിരുന്നത്...

തുടരും...
ശ്രുതി💝
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top