ദേവ നന്ദനം, Part 21

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖
Part -21
_________

     " ആദ്യം തന്നെ വധു ഒപ്പിട്ടോളൂ.."

    അയാൾ നീട്ടിയ രജിസ്ട്രർ ബുക്കിൽ ഒപ്പിടാൻ വേണ്ടി നന്ദു മുന്നോട്ട് വന്നു. ഒരു നിമിഷം തിരിഞ്ഞ് എല്ലാവരെയും നോക്കി അവൾ പേനയെടുത്ത് അതിൽ ഒപ്പ് വെച്ചു.

" അടുത്തത് വരന് ഒപ്പിടാം "

 ഓഫീസർ പറഞ്ഞതും ശരൺ  മുന്നോട്ട് വന്ന് പേനയെടുത്തു, പിന്നെയത് പതുക്കെ തന്റെ പുറകിൽ നിൽക്കുന്ന ദേവന് നീട്ടിയതും നിറ പുഞ്ചിരിയുമായി വളരെ വേഗത്തിൽ ദേവൻ പേന  വാങ്ങിച്ച് രജിസ്ട്രർ ബുക്കിൽ ഒപ്പിട്ടു.

" നോ......"

     പെട്ടെന്ന്   ഉറക്കെ ശബ്ദം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി.

" എന്താ ആൻവി, ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല അല്ലെ..? "

   
      നന്ദുവിന്റെ പുച്ഛം കലർന്ന ചോദ്യം കേട്ടതും ആൻവിയുടെ മുഖം വിളറി വെളുത്തു .

" ഇനി വധൂ വരന്മാരുടെ ഭാഗത്തു നിന്നും ഈരണ്ട് സാക്ഷികൾ വീതം ഒപ്പിടണം. "

" നന്ദൂ.. ഇതിന്റെ ബാക്കി നമുക്ക്  പുറത്ത് വെച്ച് തീർക്കാം. ഇപ്പോൾ ഇതൊന്ന് നമുക്ക് പൂർത്തിയാക്കാം, പിന്നെ ഇവളെ കൊണ്ട് തന്നെ നമുക്ക് എല്ലാം പറയിപ്പിക്കണം. "

    നിധി തന്റെ ദേഷ്യം കടിച്ചമർത്തി  ആൻവിയെ   തുറിച്ചുനോക്കി കൊണ്ട് നന്ദുവിനോട് പറഞ്ഞു.

      നന്ദുവിന്റെ ഭാഗത്ത്‌ നിന്ന് സാക്ഷികളായി ശരണും നിധിയും ദേവന്റെ ഭാഗത്ത്‌ നിന്ന് സുധിയും വൈശാഖും സാക്ഷി കോളത്തിൽ ഒപ്പിട്ടു.
അതിന് ശേഷം ഓഫീസിന്റെ പുറത്തേക്ക് എല്ലാരും കടന്നതും നിശ്ശബ്ദയായി തല കുമ്പിട്ട് നിൽക്കുന്ന ആൻവിയുടെ കൈയിൽ മുറുകെ പിടിച്ച് വലിച്ച് നിധി ഒരു മരച്ചുവട്ടിൽ കൊണ്ട് നിർത്തി. ഒരു നിമിഷം നിധിയുടെ പ്രവർത്തിയിൽ എല്ലാവരും പകച്ചുവെങ്കിലും അവരുടെ പുറകെ തന്നെ അവരും അവിടെ ചെന്നു.

"  നീ എന്താടീ വിചാരിച്ചത് നിന്റെ കള്ളത്തരം ആരും കണ്ടു പിടിക്കില്ലെന്നോ,ആ ഫോട്ടോ നന്ദുവിന്റെ ഫോണിൽ നീയാണ് അയച്ചതെന്ന് ഞങ്ങൾക്ക് മനസിലായിരുന്നു പൊന്നു മോളെ.. എല്ലാം അറിഞ്ഞിട്ട്  നിന്റെ മുമ്പിൽ അഭിനയിക്കുകയായിരുന്നു ഞങ്ങൾ എല്ലാവരും..." നിധിയുടെ കണ്ണുകളിൽ ആൻവിയെ ചുട്ടെരിക്കാനുള്ള ദേഷ്യം ആളിക്കത്തി.


   " നീ ഇങ്ങനെയൊക്കെ എന്തിനാ ചെയ്തത് എന്ന് ഞാൻ ചോദിക്കുന്നില്ല കാരണം എന്താണെന്ന് ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും അറിയാം. നിന്റെ കണക്ക് കൂട്ടലിൽ എവിടെയാ തെറ്റ് പറ്റിയതെന്ന് അറിയുമോ ആൻവി? ദാ...ദേവേട്ടനൊപ്പം ഇവളുടെ ആ ഫോട്ടം നീ അയച്ചു തന്നപ്പോൾ ഇവരെ ഞാൻ തെറ്റിദ്ധരിക്കും എന്നുള്ള നിന്റെ കണക്ക് കൂട്ടൽ, അവിടെയാണ് നിനക്ക് പിഴച്ചത്." 

നിധിയെ കൈ കൊണ്ട്  ചേർത്ത് പിടിച്ച് നന്ദു പറയുമ്പോഴും തല കുമ്പിട്ട് കണ്ണീരൊലിപ്പിക്കാനെ ആൻവിക്കായുള്ളൂ..

"  ഞാൻ ഈ ലോകത്ത് വേറെ ആരെ  സംശയിച്ചാലും എന്തിന് ഏറെ പറയുന്നു ഈ എന്നെ തന്നെ സംശയിച്ചാലും എന്റെ നിധിയെ ഒരിക്കലും  സംശയിക്കില്ല എന്നുള്ളത് ഞങ്ങളെ ഇത്രയും നാൾ കണ്ടിട്ടും നിനക്ക് മനസ്സിലായില്ലെന്ന് ഓർക്കുമ്പോഴാ എനിക്ക് അത്ഭുതം. അന്ന് സാറിന്റെ പുതിയ വീടിന്റെ ഗൃഹ പ്രവേശനം കഴിഞ്ഞ് നമ്മളെല്ലാവരും ബാൽക്കണിയിൽ ഇരിക്കുമ്പോൾ ദേവേട്ടന്റെ കൈ മുറിഞ്ഞ സംഭവം നടന്ന് ഞാൻ താഴെ ഗാർഡനിൽ  ഒറ്റയ്‌ക്ക്‌ നിൽക്കുമ്പോഴാണ് എന്റെ ഫോണിൽ മെസ്സേജ് വരുന്നത്. ഫോൺ തുറന്ന് നോക്കിയ ഞാൻ ആ ഫോട്ടോ കണ്ടതും എനിക്ക്  സത്യം പറഞ്ഞാൽ ദേഷ്യം തന്നെയാണ് തോന്നിയത്..പക്ഷെ അത് നീ കരുതിയത്  പോലെ അവരെ സംശയിച്ചത് കൊണ്ടല്ല, എന്നോട് പറയാതെ ഇവൾ എന്തിന് ദേവേട്ടനെ കണ്ടൂ എന്ന കാരണത്താൽ ആണ്.എന്നാലും ബാൽക്കണിയിൽ അങ്ങനൊരു സംഭവം നടന്നു കഴിഞ്ഞ് കുറച്ച് സമയത്തിനകം തന്നെ എനിക്ക് അങ്ങനൊരു ഫോട്ടം അയച്ചു തരണമെങ്കിൽ ആ ഫോട്ടം അയച്ചു തന്നെയാളുടെ ഉദ്ദേശം ഞാനും ദേവേട്ടനും അടുക്കരുത് എന്ന് തന്നെയാണെന്ന് ഞാൻ ഊഹിച്ചു. അയച്ചു തന്ന നമ്പർ നോക്കിയപ്പോൾ അത് ബാംഗ്ലൂർ  സിം നമ്പർ തന്നെയാണെന്ന് എനിക്ക് മനസിലായി. എന്നെ വ്യക്തമായി അറിയുന്ന നമ്മുടെ കൂട്ടത്തിലെ  ആരോ ആണ് ഇങ്ങനൊരു പണി ഒപ്പിച്ചത്തെന്നും എനിക് മനസ്സിലായിരുന്നു. ഞങ്ങൾ ഒന്നിക്കുന്നത് ഇഷ്ടമില്ലാത്ത ആൾ ഞങ്ങളുടെ കൂട്ടത്തിൽ ഒരാളാണെന്ന് മനസിലാക്കിയതും എന്റെ സംശയം സ്വാഭാവികമായും ശരണിലേക്കായി


        കുറച്ച് നേരം കഴിഞ്ഞ് നിധി എന്റെ അടുത്ത് വന്നെങ്കിലും ഞാൻ അപ്പോൾ അവളോട് അതിനെ കുറിച്ചൊന്നും പറഞ്ഞില്ല, കാരണം രാത്രി കിടക്കുമ്പോൾ അവളോട് സംസാരിച് ശരണിനെ കയ്യോടെ പൊക്കാമെന്നായിരുന്നു എന്റെ പ്ലാൻ.എന്നാൽ വൈശാഖ് സാറിന്റെ വീട്ടിൽ എത്തിയതും നടന്നത് മറ്റൊന്നായിരുന്നുവല്ലോ..

 എന്റെ ദേവേട്ടൻ എന്നെ ചതിച്ചതല്ല എന്ന് മനസ്സിലാക്കിയ നിമിഷങ്ങൾ..ഓടിച്ചെന്ന് എന്റെ പ്രാണനെ കെട്ടിപ്പിടിക്കാൻ  ഉള്ളം തുടിച്ചുവെങ്കിലും  പെട്ടെന്നാണ് ഞങ്ങളെ പിരിയ്ക്കാൻ ശ്രമിക്കുന്ന കൂടെ നിൽക്കുന്ന ശത്രുവിനെ കുറിച്ച് ഓർമ വന്നത്.അതു കൊണ്ട് തന്നെ എനിക്ക് ദേവേട്ടനോടും നിധിയോടും ദേഷ്യം ഉള്ളത് പോലെ എല്ലാവരുടെയും മുമ്പിൽ അഭിനയിക്കേണ്ടി വന്നു.

      അന്ന് രാത്രി എന്റെ നിധിയെ ഒഴിവാക്കി വേറെ മുറി തിരഞ്ഞെടുക്കുമ്പോൾ എനിക്ക് അറിയാമായിരുന്നു, ആ രാത്രി എനിക്കും അവൾക്കും ഉറങ്ങാൻ കഴിയില്ലെന്ന്. അതു കൊണ്ട് തന്നെയാണ് എല്ലാവരും ഉറങ്ങിയ ശേഷം ഞാൻ അവളുടെ റൂമിൽ പോയതും പ്രതീക്ഷിച്ച പോലെ തന്നെ ഉറങ്ങാതെ കട്ടിലിൽ ചാരി കിടന്ന് കരയുകയായിരുന്നു പാവം. ഞാൻ പതിയെ ചാരിയ വാതിൽ തുറന്ന് അവളുടെ അടുത്ത് പോയി ഇരുന്നു.

  "  മോളെ നിധീ...."

" എന്തിനാ നീ ഇപ്പോൾ ഇങ്ങോട്ട് വന്നത്? നിന്നെ ചതിച്ച കൂട്ടുകാരിയല്ലേ ഞാൻ,അതു കൊണ്ടല്ലേ നീ വേറെ റൂമിൽ മാറിക്കിടന്നത്.പിന്നെ ഇപ്പോൾ എന്തിനാ ഈ ദുഷ്ടയായ നിധിയെ കാണാൻ വന്നത് ? " കരഞ്ഞു കൊണ്ട് തന്റെ പരിഭവങ്ങൾ തീർക്കുകയായിരുന്നു നിധി.

"ഈ നന്ദു ഈ ലോകത്ത് ആരെ അവിശ്വസിച്ചാലും എന്റെ നിധിയെ അവിശ്വസിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ നിധീ..? എന്റെ ജീവിതം തന്നെ തിരിച്ചു നൽകിയത് എന്റെ നിധിയല്ലേ.. അങ്ങനെയുള്ളപ്പോൾ ഞാൻ എങ്ങനെയാണ് എന്റെ ഈ കൂട്ടുകാരിയെ തെറ്റിദ്ധരിക്കുക ? "  നിധിയുടെ മുഖം  കൈക്കുമ്പിളിലാക്കി കലങ്ങിയ മിഴികളോടെ നന്ദു പറഞ്ഞു.

" പിന്നെ...നീ എന്തിന് ഇങ്ങനെയൊക്കെ ചെയ്തു നന്ദൂ..?  എനിക്കൊന്നും മനസിലാകുന്നില്ല. "  ഒഴുകി വന്ന കണ്ണുനീർ തുടച്ച് അതിയത്തോടെ നിധി നന്ദുവിന്റെ കണ്ണുകളിൽ നോക്കി.

" അഭിനയിക്കുകയായിരുന്നു ഞാൻ എല്ലാവരുടെയും മുമ്പിൽ മറഞ്ഞു നിൽക്കുന്ന ശത്രുവിനെ കണ്ടു പിടിക്കാൻ .."  നന്ദു അവളുടെ മൊബൈലിൽ ഫോട്ടോ കിട്ടിയത് മുതൽ തനിക്ക് തോന്നിയ സംശയങ്ങളോക്കെയും നിധിയോട് പറഞ്ഞു.

      ഉം..നിന്റെ സംശയങ്ങൾ ശരിയാണെന്ന് എനിക്കും തോന്നുന്നുണ്ട്  നന്ദൂ..ദേവേട്ടന്റെ കൈ മുറിഞ്ഞ സംഭവത്തിന് തൊട്ട് പിന്നാലെയല്ലേ ഈ ഫോട്ടോ നിന്റെ മൊബൈലിൽ കിട്ടിയത്. അപ്പോൾ ഇത് അയച്ച ആൾ, നിങ്ങൾ വീണ്ടും ഒരുമിക്കരുതെന്ന് കരുതുന്ന നമ്മുടെ കൂട്ടത്തിൽ പെട്ട ഒരാൾ തന്നെയാവണം. നിനക്ക് ആരെയെങ്കിലും സംശയമുണ്ടോ നന്ദൂ.? "

" യെസ്, ശരൺ ..അവനെയാ എനിക്ക് സംശയം. "

" എനിക്കും അവനെ തന്നെയാ ഡൗട്ട്. നീ വീണ്ടും ദേവേട്ടനെ സ്നേഹിക്കുമോ എന്ന ഭയന്ന് കാണും. നിന്നെ നഷ്ടപെടുമോ എന്ന തോന്നലാവാം അവനെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്. ബട്ട്, അവന് ആ ഫോട്ടോ എങ്ങനെ കിട്ടി, അതാ എന്റെ സംശയം. "

" യെസ്, അത് തന്നെയാ എനിക്കും അറിയേണ്ടത്, ആ ഫോട്ടോയിൽ കണ്ടതിനെ കുറിച്ച്. നീ എപ്പോഴാ ദേവേട്ടനെ ബീച്ചിൽ വെച്ച് കണ്ടത്. ? "

" പറയാം നന്ദൂ..അന്ന് ഓഫീസിൽ വെച്ച് നിനക്ക്‌ ബോധം നഷ്ടപ്പെട്ടപ്പോൾ ദേവേട്ടൻ നിന്റെ അടുത്ത് വന്നതും നിന്നെ കെയർ ചെയ്തതും ഒന്നും എനിക്ക് ഇഷ്ടമായില്ല.അപ്പോഴൊക്കെ ദേവേട്ടനോടുള്ള തെറ്റിദ്ധാരണ   ആയിരുന്നുവല്ലോ മനസ് നിറയെ.അതു കൊണ്ട് തന്നെ വൈശാഖ് സാറിന് നിങ്ങളെക്കുറിച്ചെല്ലാം അറിയാം എന്ന് മനസ്സിലാക്കിയ ഞാൻ സാറിന്റെ ക്യാബിനിൽ ചെന്ന്  സർ ഫ്രീ ആവുമ്പോൾ കുറച്ച്  സംസാരിക്കാൻ ഉണ്ടെന്നും പുറത്തെവിടെയെങ്കിലും വെച്ച് കാണാം എന്നും പറഞ്ഞു. അപ്പോൾ സാർ തന്നെയാ പറഞ്ഞത് ആഫ്ടർ നൂൻ ബീച്ചിൽ വെച്ച് കാണണമെന്ന്. നിന്നെ അന്ന് ഫ്ലാറ്റിൽ  കൊണ്ട് വിട്ട ശേഷം ഞാൻ കാണാൻ പോയത് സാറിനെയായിരുന്നു. 
എന്നാൽ അവിടെ സാറിനോടൊപ്പം  ദേവേട്ടനും ഉണ്ടായിരുന്നു.ദേവേട്ടനെ കണ്ടതും എന്റെ സകല നിയന്ത്രണങ്ങളും വിട്ടു.ഉള്ളിലുള്ള ദേഷ്യവും വെറുപ്പും കാരണം ദേവേട്ടന്റെ മുന്നിൽ ചെന്ന് വളരെ ക്രൂരമായി വായിൽ  തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. ഒരാണിനും കേട്ട് നിൽക്കാൻ പറ്റാത്ത വിധത്തിലായിരുന്നു  അന്നത്തെ എന്റെ സംസാരം. എല്ലാം കേട്ട് നിന്നതല്ലാതെ ആ പാവം ഒരക്ഷരം എന്നോട് എതിർത്തു പറഞ്ഞില്ല. എന്നാൽ എല്ലാം കേട്ട് നിന്ന വൈശാഖ് സാർ എന്നെ പിടിച്ച് സാറിന്റെ മുമ്പിൽ നിർത്തി തന്നു എന്റെ കരണം പുകയ്ക്കുന്ന തരത്തിൽ ഒരെണ്ണം. "

 " ങേ..സാർ നിന്നെ തല്ലിയോ..?"

" ദുഷ്ടൻ, അടിച്ചപ്പോൾ മുതൽ ഇളകാൻ തുടങ്ങിയതാണ് എന്റെ ഈ അണപ്പല്ല്. " നിധി വലത് കവിളിൽ കൈ വെച്ച് പറഞ്ഞു.

" ഹ ഹ ഹ അത് നിനക്ക്‌ ഒന്ന് കിട്ടേണ്ടത് തന്നെയാ...എന്നിട്ട് ബാക്കി പറ. "

" എന്റെ കരണം പുകച്ചിട്ട് സാർ എനിക്ക് പറഞ്ഞു തന്നു ദേവേട്ടന്റെ ജീവിതത്തിൽ ഉണ്ടായതും നിങ്ങൾ പിരിയാൻ ഇടയാക്കിയ കാരണങ്ങളുമൊക്കെ.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് എന്തോ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.കുറച്ചു മുമ്പ് വരെ ദേവേട്ടന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ എനിക്ക് കുറ്റബോധം തോന്നിയ ഞാൻ ദേവേട്ടന്റെ മുമ്പിൽ ചെന്ന് ആ രണ്ട് കൈകളും കൂട്ടുപിടിച്ച് മാപ്പ് പറഞ്ഞു.നിനക്ക് ഫോട്ടോ അയച്ച ആൾ അപ്പോഴായിരിക്കും ആ ഫോട്ടോ എടുത്തത്, ബട്ട് വൈശാഖ് സാറും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലോ,നിനക്ക്‌ ഫോട്ടോ അയച്ചു തന്നെയാൾ അത് കട് ചെയതിട്ടായിരിക്കും അയച്ചത് ."

" അപ്പോൾ നീ നേരത്തെ തന്നെ സത്യങ്ങളെല്ലാം അറിഞ്ഞിരുന്നുവല്ലേ .  അതാണല്ലേ കുറച്ചു നാളായി നീ ദേവേട്ടന്റെ പക്ഷം ചേർന്ന് എന്നോട് സംസാരിച്ചത്."

" ഇപ്പോൾ നിനക്കും മനസ്സിലായല്ലോ ദേവേട്ടൻ നിന്നെ ചതിച്ചതല്ല എന്ന്. ഇനി എന്താ നിന്റെ പ്ലാൻ ? "

"പ്ലാൻ എന്താണെന്ന് വെച്ചാൽ എന്നെയും എന്റെ ദേവേട്ടനെയും വീണ്ടും പിരിക്കാൻ ശ്രമിച്ചത് ആരായാലും അയാളെ പുറത്ത്  കൊണ്ടു വരണം. നാളെ രാവിലെ തന്നെ ഞാൻ ശരണിനോട് എനിക്ക് അവനെ ഇഷ്ടമാണെന്ന രീതിയിൽ സംസാരിക്കാം.അപ്പോൾ മനസിലാക്കാം അവനാണൊ ഇതിന് പിന്നിൽ എന്ന്‌.അതിന് ശേഷം എന്താ വേണ്ടത് എന്ന് നമുക്ക് ദേവേട്ടനോട് ആലോചിച്ചിട്ട് തീരുമാനിക്കാം. തൽക്കാലം എല്ലാവരുടെയും മുമ്പിൽ നമ്മൾ ശത്രുക്കൾ ആയി അഭിനയിക്കുന്നു. ഓകെ ? "

" ഓകെ. ഡൺ.."

" അങ്ങനെ ഞാനും നിധിയും പ്ലാൻ ചെയ്ത പ്രകാരം ഞാൻ പിറ്റേ ദിവസം രാവിലെ ശരണിനെ കണ്ട് സംസാരിച്ചു. എന്നാൽ ശരണിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞു. അവനോട് ഇഷ്ടമാണെന്ന രീതിയിൽ  സംസാരിച്ച എന്നെ അവൻ കുറെ വഴക്ക് പറഞ്ഞു.ഇത്രയധികം എന്നെ സ്നേഹിക്കുന്ന ദേവേട്ടന്റെ സത്യാവസ്ഥ അറിഞ്ഞിട്ടും കേവലം ഒരു ഫോട്ടോയുടെ പേരിൽ ആ മനുഷ്യനെ തള്ളികളയുന്നു എന്ന് പറഞ്ഞ് എന്നെ അവൻ ഒരുപാട് ഉപദേശിക്കുകയും വഴക്ക് പറയുകയും ആണ് ചെയ്തത്. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശരൺ അല്ലെങ്കിൽ ആര് ഇത് ചെയ്തു എന്നുള്ള ചിന്ത എന്റെ ഉള്ളിൽ ഭീതി ഉയർത്തി.


എന്റെ മുഖഭാവം കണ്ടിട്ടാവണം അവൻ എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു.ചിലപ്പോൾ ശരണിനോട് പറഞ്ഞാൽ അവന് എന്തെങ്കിലും കണ്ട് പിടിക്കാൻ പറ്റിയാലോ എന്ന് കരുതി ഞാൻ എന്റെ ഉളളിൽ തോന്നിയ സംശയങ്ങളൊക്കെ അവനോട് പറഞ്ഞു.എന്നാൽ അത് കേട്ടതും ശരൺ അവന്  ഒരാളെ സംശയം ഉണ്ടെന്ന് പറഞ്ഞു.  അവൻ പറഞ്ഞ പേര് കേട്ടതിന്റെ ഞെട്ടലിൽ എനിക്ക് ശരീരം ആകെ തളരുന്ന പോലെ തോന്നി. കാരണം അവൻ പറഞ്ഞ പേര് നിന്റേതായിരുന്നു ആൻവി. "

       " എനിക്ക് എങ്ങനെ മനസിലായി എന്നാവും അല്ലേ ആൻവി, നീ ഇപ്പോൾ ചിന്തിക്കുന്നത് ? "  ചുവന്ന് കലങ്ങിയ കണ്ണുകളോടെ ശരണിന്റെ  മുഖത്തേക്ക് നോക്കിയ ആൻവിയെ നോക്കി ശരൺ  പുച്ഛത്തോടെ ചോദിച്ചു .

  " എന്നാൽ കേട്ടോ, നിന്റെ മനസിൽ ദേവ് സാറിനോട് തോന്നിയ ഇഷ്ടം എനിക്ക്  മുമ്പേ തന്നെ മനസിലായതാ. "

 ശരണിനെ വാക്കുകൾ  ആൻവിയുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടാക്കി.

    " അന്ന് വൈശാഖ് സാറിന്റെ പാരന്റസിന്റെ ആനിവേഴ്സറി ഡേ ദേവ് സാറിന്റെ ഫോട്ടോ നീ മൊബൈലിൽ എടുത്തപ്പോൾ അത് സാറിനോട് തോന്നിയ ആരാധന മാത്രമാണെന്നാ ഞാൻ വിചാരിച്ചത്. എന്നാൽ പിറ്റേന്ന് ഓഫീസിൽ വന്നിട്ട് മൊബൈലിൽ തന്നെ നോക്കി സ്വയം മറന്നിരിക്കുന്ന നിന്നെ കണ്ടപ്പോൾ അതിൽ അതിനു മാത്രം എന്താണെന്ന് അറിയാനുള്ള ആകാംഷ കൊണ്ട് നീ പോലും അറിയാതെ ഞാൻ  നിന്റെ പുറകിൽ വന്ന് നോക്കിയപ്പോൾ കണ്ടത് ദേവ് സാറിന്റെ ഫോട്ടോയിൽ  നോക്കി ലയിച്ചിരിക്കുന്ന തന്നെയാണ്.വൈശാഖ് സാറിന്റെ കൂടെ ദേവ് സാറും ഓഫീസിൽ വന്നപ്പോൾ തന്റെ കണ്ണിലെ ആ തിളക്കം ഞാൻ കണ്ടതാണ് ആൻവി. എന്നാൽ നന്ദന ബോധമില്ലാതെ കിടന്നപ്പോൾ ദേവ് സാറിന് അവളോടുള്ള അടുപ്പം കണ്ട്  ആ കണ്ണിലെ തിളക്കത്തിന് പകരം അസൂയയും ദേഷ്യവും നിറയുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു. നിധി പറഞ്ഞത് കേട്ട് നന്ദനയുടെയും ദേവ് സാറിന്റെയും ഭൂതകാലം മനസിലാക്കിയപ്പോൾ നിന്റെ മുഖത്ത് പടർന്ന നിരാശയും വിഷമവും ഞാൻ മനസിലാക്കിയിരുന്നു. എന്നാൽ ഇതൊന്നും ഞാൻ കാര്യമാക്കിയിരുന്നില്ല, കാരണം ഇഷ്ടം  അത് ആർക്കും ആരോടും തോന്നാം,,എനിക്ക് നന്ദനയോട് തോന്നിയ പോലെ. എന്നാൽ നന്ദനയുടെയും ദേവ് സാറിന്റെയും കഥയറിഞ്ഞപ്പോൾ നീയും എന്നെപ്പോലെ ആ ചിന്ത മനസിൽ നിന്ന് പിഴുത് മാറ്റിയിട്ടുണ്ടാകും എന്ന് ഞാൻ കരുതി. എന്നാൽ എന്റെ ആ ധാരണ തെറ്റാണെന്ന് എനിക്ക് മനസ്സിലായത്  ഇവിടെ വന്ന് വൈശാഖ് സാറിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിനിടെയെയാണ്. അന്ന് സാറിന്റെ കസിൻ സിസ്റ്റർ ദേവ് സാറിനെ തന്നെ നോട്ടമിട്ട് നടന്നപ്പോൾ നിന്റെ കണ്ണിൽ ദേഷ്യം ആളിക്കത്തുന്നത് കണ്ട് ഞാൻ അതിശയിച്ചു പോയിരുന്നു. അന്ന് നിങ്ങൾ ഫുഡ് കഴിക്കുന്നതിനിടെ ആ പെണ്കുട്ടിയെ നീ കാൽ വെച്ച് വീഴ്ത്തിയത് ആര് കണ്ടില്ലെങ്കിലും ഞാൻ കണ്ടിരുന്നു കേട്ടോ.."

  ഈ കാര്യങ്ങളൊക്കെയും ഞാൻ നന്ദനയോട് പറഞ്ഞപ്പോൾ ഈ പാവത്തിനത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷെ അപ്പോഴും ആ ഫോട്ടോ നന്ദനയുടെ മൊബൈലിൽ സെൻഡ് ചെയ്തത് നീയാണെന്ന് ഞങ്ങൾ തീർത്തും വിശ്വസിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ നീ പോലും അറിയാതെ നിന്റെ മൊബൈൽ പരിശോധിച്ചപ്പോഴാണ്  നന്ദനയുടെ മൊബൈലിലേക്ക് അയച്ച അതേ ഫോട്ടോ നിന്റെ മൊബൈലിലും ഞാൻ കണ്ടത്. ആ ഫോട്ടോ ഡിലീറ്റ് ആക്കാത്തത് മണ്ടത്തരമായി പോയി എന്ന് നിനക്ക് ഇപ്പോൾ തോന്നുന്നുണ്ടാവും അല്ലെ.?  അല്ല, അതിന് നീ ഒരിക്കലും പിടിക്കപ്പെടില്ല എന്നല്ലേ വിചാരിച്ചു നിന്നത്, അല്ലെ..?"

       ഇപ്പോൾ എന്ത് പറയുന്നു ആൻവി? ശരൺ  പറഞ്ഞത് കേട്ടല്ലോ, ഞങ്ങൾ തെളിവ് സഹിതമാണ് നിന്നെ പിടികൂടിയത്‌. സത്യം അറിഞ്ഞ ശേഷം ഞങ്ങളൊക്കെ നടത്തിയ ഒരു ചെറിയ നാടകമായിരുന്നു  പിന്നെ നടന്നതൊക്കെ, നീ എന്ന വഞ്ചകിയെ കണ്ടെത്താൻ. "

     നന്ദുവിന്റെ വാക്കുകൾ ആൻവിയുടെ ഉള്ളിൽ ഒരു ഇടുത്തി പോലെ വീണു. പൊട്ടി കരഞ്ഞു കൊണ്ട്  അവൾ നിലത്ത് മുട്ട് കുത്തിയിരുന്നു.

     " വഞ്ചകി എന്നു വിളിക്കല്ലേ നന്ദന..നിങ്ങളൊക്കെ പറഞ്ഞത് ശരി തന്നെയാണ്,ഞാൻ തന്നെയാ ഇതൊക്കെ ചെയ്തത്.എന്നാൽ അത്‌ ഒരിക്കലും തന്റെയും നിധിയുടെയും ഫ്രണ്ട്ഷിപ് കളയാനോ ദേവ്സാറിന്റെയും നിന്റെയും ജീവിതത്തിൽ ഒരു വില്ലത്തി ആയി വരാൻ വേണ്ടിയോ അല്ല.

     ദേവ് സാറിനോട് തോന്നിയ ഒരു ഇഷ്ടം, അതാണ് ആ ഫോട്ടോ അയയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്. പക്ഷെ അത് അയച്ചു  കഴിഞ്ഞ് പിന്നീട് ഉണ്ടായ സംഭവങ്ങൾ കണ്ട് എനിക്ക് കുറ്റബോധവും തോന്നിയിരുന്നു.

         നിങ്ങൾക്ക് ഓർമയുണ്ടോ നന്ദന, മുമ്പോരിക്കൽ ഞാൻ നിന്നോടും നിധിയോടും പറഞ്ഞിരുന്നു,എനിക്ക് എന്റെ മനസിലുള്ള ഒരു ആഗ്രഹത്തെ  കുറിച്ച്. അതായത് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എന്റെ മനസിൽ കയറികൂടുന്ന  പുരുഷനെ മാത്രമേ ഞാൻ വിവാഹം ചെയ്‌യുള്ളൂ എന്ന്. ആ പറഞ്ഞ പോലെ ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ മനസിൽ കയറിയതാണ് ദേവ് സാർ. അന്ന് വൈശാഖ് സാറിന്റെ പാരന്റസിന്റെ ആനിവേഴ്സറി ഫങ്ങ്ഷൻ ആയ ദിവസം ദേവ് സാറിനെ ആദ്യമായി കണ്ടപ്പോൾ തന്നെ സാർ എന്റെ മനസിൽ കയറിയിരുന്നു.

       എന്നാൽ നന്ദനയുടെയും സാറിന്റെയും പാസ്റ്റ്‌ നിധി പറഞ്ഞ് കേട്ടപ്പോൾ എനിക്ക് കടുത്ത നിരാശയാണ് തോന്നിയത്.    അതിലുപരി സാർ മാരിഡ് ആയിരിക്കുമോ എന്ന ചിന്തയും എന്നെ വല്ലാതെ അലട്ടിയിരുന്നു. അന്ന് തനിക്ക്  സുഖമില്ലാത്തത് കൊണ്ട് നിങ്ങൾ രണ്ട് പേരും ഹാഫ് ഡേ ലീവ് എടുത്ത് പോയതിന് ശേഷം അവിചാരിതമായി ഞാൻ വൈശാഖ്  സാർ ദേവ് സാറിന് ചെയ്യുന്ന ഫോൺ കാൾ കേൾക്കാനിടയായി. നിധി തന്നോട് പുറത്ത് വച്ച് കാണാൻ പറ്റുമോ എന്ന്  ചോദിച്ചതും  ബീച്ചിൽ വെച്ച് നമുക്ക് രണ്ട് പേർക്കും നിധിയെ കാണാമെന്നും വൈശാഖ് സാർ ദേവ് സാറിനോട് പറഞ്ഞു.

    ദേവ് സാറിനെ കുറിച്ച് എന്തെങ്കിലും ചോദിക്കാനായിരിക്കും വൈശാഖ് സാറിനെ കാണണമെന്ന് നിധി  പറഞ്ഞിട്ടിണ്ടാവുക എന്നത് എനിക്കുറപ്പായിരുന്നു  അതു കൊണ്ട് തന്നെ സാർ ഇറങ്ങിയതിന്റെ പിന്നാലെ തന്നെ ഞാനും തല വേദന എന്ന് പറഞ്ഞ് ഓഫീസിൽ നിന്നും  ഇറങ്ങി .ബീച്ചിൽ എത്തി നിങ്ങൾ കാണാതെ വളരെ ദൂരത്ത് നിന്ന് നിങ്ങളെ നിരീക്ഷിക്കുകയായിരുന്നു ഞാൻ.

       ആദ്യം ദേവ് സാറിനോട് ദേഷ്യപ്പെട്ട് സംസാരിച്ച നിധി പിന്നെ ദേവ് സാറിന്റെ കൈ പിടിച്ചു ക്ഷമ പറയുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നി, ദേവ് സാറിന്റെ ഭാഗത്ത്‌ സത്യമുള്ള എന്തോ കാര്യം നിധി മനസിലാക്കി എന്ന്. എന്തു കൊണ്ടോ , പ്രത്യേക ഉദ്ദേശം ആ സമയം ഇല്ലാതിരുന്നിട്ടും നിധിയുടെ ക്ഷമാപണം പറഞ്ഞുള്ള ആ നിൽപ്പ് ഞാൻ എന്റെ ക്യാമറയിൽ പകർത്തി.
   

     പിന്നീട് നമ്മളെല്ലാവരും ഇങ്ങോട്ട് വന്നപ്പോൾ മുതൽ ദേവ് സാറിന്റെ കൂടെയുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയായിരുന്നു. ദേവ് സാറിനോടുള്ള ഇഷ്ടം എന്റെ മനസിൽ കൂടി വന്നതല്ലാതെ കുറഞ്ഞില്ല.
അങ്ങനെയുള്ളപ്പോഴാണ് അന്ന് ബാൽക്കണിയിൽ വെച്ച് സാറിന്റെ കൈ മുറിയുന്നതും നന്ദന സ്വയം മറന്ന് സാറിന്റെ അടുത്തേക്ക് ഓടിയതും മുറിവിൽ സാരിതുമ്പു കൊണ്ട് ചുറ്റിയതും. ആ ഒരു നിമിഷം എനിക്ക് മനസിലായി എത്ര വെറുപ്പ് കാണിച്ചാലും നന്ദനയുടെ ഉള്ളിൽ ഇപ്പോഴും ദേവ് സാറിനോടുള്ള സ്നേഹം ഉണ്ടെന്ന്. ആ ഒരു തിരിച്ചറിവ് എന്നെ വല്ലാതെ ആസ്വസ്ഥയും സ്വാര്ഥയും ആക്കി മാറ്റി എന്ന്  വേണമെങ്കിൽ പറയാം.ദേവ് സാറിനെ എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ചിന്ത എന്നെ കൊണ്ടെത്തിച്ചത് അന്നത്തെ ആ ഫോട്ടോയിലേക്കാണ്. പിന്നെ ഒന്നും നോക്കിയില്ല ആർക്കും അറിയാത്ത എന്റെ വേറെ സിം നമ്പറിൽ നിന്ന് നന്ദനയുടെ ഫോണിലേക്ക് ഞാൻ ആ ഫോട്ടോ സെൻഡ് ചെയ്തു.  ആ ഒരു സമയം പിടിക്കപ്പെടുമോ എന്ന ചിന്തയേക്കാളും എന്റെ മനസിൽ വന്നത് ആ ഫോട്ടോ കണ്ട് വീണ്ടും ദേവ് സാറിനെ അവിശ്വസിച് ഒരിക്കലും അടുക്കാത്ത  രീതിയിൽ സാറിൽ നിന്ന് നന്ദന അകലുമല്ലോ എന്ന  ക്രൂരമായ ചിന്ത മാത്രമായിരുന്നു.
     
പക്ഷെ അന്ന് സാറിന്റെ സത്യാവസ്ഥ എല്ലാവരുടെയും മുന്നിൽ ബോധ്യപ്പെടുത്തിയപ്പോൾ നന്ദനയെ പിരിഞ്ഞ് സാർ അനുഭവിച്ച മാനസിക വിഷമങ്ങളും തകർച്ചയും പറഞ്ഞു കേട്ടപ്പോഴാണ് ഞാൻ ചെയ്തത് വലിയ ഒരു തെറ്റാണെന്ന് എനിക്ക് മനസ്സിലായത്. അതിനേക്കാൾ ഏറെ എന്റെ മനസ്സിനെ വേദനിപ്പിച്ചത് ആ ഫോട്ടോയെ ചൊല്ലി നിധിയും നന്ദനയും അകന്നപ്പോഴാണ്. എല്ലാവരും അസൂയയോടെ നോക്കിക്കാണുന്ന ഫ്രണ്ട്ഷിപ് തകർക്കാൻ ഞാൻ ഒരിക്കലും   വിചാരിച്ചിരുന്നില്ല . പിന്നീടൊരിക്കൽ എല്ലാം തുറന്ന് പറഞ്ഞ് നിങ്ങളുടെ സൗഹൃദം പഴയപോലെയാക്കണം എന്ന് ഞാൻ തീരുമാനിച്ചു .അതു പോലെ തന്നെ മനസ്സിൽ മൊട്ടിട്ട ദേവ് സാരിനോടുള്ള ഇഷ്ടവും ഞാൻ പതിയെ മറക്കാൻ ശ്രമിച്ചു

 പക്ഷെ തീരെ പ്രതീക്ഷിക്കാതെയായിരുന്നു നന്ദന ശരനുമായിട്ടുള്ള വിവാഹ കാര്യം എല്ലാവരോടും പറയുന്നത് . നന്ദനയുടെ തീരുമാനം എന്നെ ശരിക്കും ഞെട്ടിച്ചു  കളഞ്ഞു . എല്ലാം ചെയ്തത് ഞാനാണെന്നും ദേവ് സാറും നിധിയും നിരപരാധികൾ ആണെന്ന് പറയാൻ എന്റെ ഉള്ളിൽ ആഗ്രഹം  ഉണ്ടായിരുന്നുവെങ്കിലും എല്ലാം തുറന്ന് പറഞ്ഞ് കഴിഞ്ഞാൽ എല്ലാവരും എങ്ങനെ പ്രതികരിക്കും എന്നുള്ള ഭയം എന്നെ അതിനാനുവദിച്ചില്ല. എന്നാൽ ഇവിടെ വെച്ച് ശരണിന് പകരം ദേവ് സാർ ആണെന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഷോക്ക് ആയിപോയി. പ്രതീക്ഷിക്കാത്ത സംഭവങ്ങൾ മുന്നിൽ നടന്നപ്പോൾ ആകെ എന്റെ മനസ് മുഴുവൻ കലങ്ങി മറിഞ്ഞു. ആ ഒരു ടെൻഷനിലാണ് എന്റെ ശബ്‌ദം പെട്ടെന്ന് ഉയർന്നതും.

     പക്ഷെ നന്ദന, ഒരു കാര്യം താൻ വിശ്വസിക്കണം, സാറിന്റെ സത്യാവസ്ഥ അറിഞ്ഞു കഴിഞ്ഞ് വർഷങ്ങളോളം തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് സാർ എന്നറിഞ്ഞപ്പോൾ മുതൽ  എന്റെ മനസിൽ തോന്നിയ ആ തെറ്റായ വിചാരത്തെ മറക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഇന്നിവിടെ നിങ്ങളുടെ മാരേജ് ആണ് നടക്കുന്നത് എന്നറിഞ്ഞെങ്കിൽ കൂടി ഞാനത് മുടക്കാൻ ശ്രമിക്കില്ലായിരുന്നു. കാരണം ചെയ്തു പോയ തെറ്റിന് ഓരോ   നിമിഷവും പശ്ചാതാപിക്കുന്നുണ്ട് ഞാനിപ്പോൾ."

  പൊട്ടിക്കരഞ്ഞു കൊണ്ട് ആൻവി കുറ്റസമ്മതം നടത്തി എല്ലാം തുറന്ന് പറഞ്ഞപ്പോൾ എല്ലാവരുടെയുള്ളിലും അവളോടുള്ള ദേഷ്യത്തിന് പകരം സഹതാപം തോന്നി.

  നിലത്തു മുട്ട് കുത്തിയിരുന്ന് കണ്ണ് പൊത്തി കരയുന്ന ആൻവിയുടെ ഷോള്ഡറിൽ ഒരു കരസ്പർശം വീണപ്പോൾ അവൾ പതിയെ മിഴികളുയർത്തി നോക്കി. ശരണായിരുന്നു അത്.അവൻ അവളെ പതിയെ പിടിച്ചെഴുന്നേല്പിച് തനിക്കഭിമുഖമായി നിർത്തി.

 "ആൻവി, ചെയ്തു പോയതിൽ നിനക്ക്‌ കുറ്റബോധം തോന്നുന്നുവെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ പാപ പരിഹാരവും.പിന്നെ നീ അത്ര വലിയ ദുഷ്ടയൊന്നും അല്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. സ്നേഹം പിടിച്ചു വാങ്ങിക്കാൻ പറ്റുന്ന ഒന്നല്ല എന്ന് ദേവ്സാറിന്റെയും നന്ദനയുടെയും ജീവിതത്തിൽ നിന്ന് തന്നെ നമുക്ക്‌ മനസിലായതല്ലേ, എത്ര വൈകിയാണെങ്കിലും അത് അർഹിക്കുന്നവരുടെ അടുത്ത്   തന്നെ ചെന്ന് നിൽക്കും. എനിക്ക് നന്ദനയോട് തോന്നിയ പോലെ ഒരു ചെറിയ ഇൻഫാക്‌ച്ചുവേഷൻ തനിക്ക് ദേവ് സാറിനോടും തോന്നി. പറഞ്ഞു വരുമ്പോൾ നമ്മൾ രണ്ട് പേരും ഏകദേശം ഒരേ പോലെ തന്നെയാണ്.
       സോ, തനിക്ക് എന്നെ ഉൾക്കൊള്ളുവാൻ പറ്റുമെങ്കിൽ തന്റെ ഈ തെറ്റെല്ലാം പൊറുത്തു തന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുവാൻ എനിക്ക്  താല്പര്യമുണ്ട് . ആലോചിച്ചിട്ട് ഒരു മറുപടി പറഞ്ഞാൽ മതി. "

    ശരൺ പറയുന്നത് കേട്ടതും എല്ലാവരും കിളിപോയ അവസ്ഥയിൽ ആയി.

  " ഇവൻ ആള് കൊള്ളാമല്ലോ, ക്രിട്ടിക്കൽ സിറ്റുവേഷനിൽ പോലും എന്ത് കൂളായിട്ടാ ഒരു പ്രപ്പോസൽ നടത്തിയത് എന്ന് നോക്കിയേ..? "

     കണ്ണ് രണ്ടും പുറത്തേക്ക് തള്ളി ശരണിനെ തന്നെ നോക്കിക്കൊണ്ട് സുധി പറഞ്ഞു. "

" അതേ, അവനെ ചുണക്കുട്ടി എന്നു വിളിക്കാം. ഒരു മടിയും കൂടാതെ ഈ സിറ്റുവേഷനിലും  അവൻ അവന്റെ തീരുമാനം അവളെ അറിയിച്ചു. അതാണ് ഹീറോയിസം. "
   

   നിധി പറഞ്ഞത് കേട്ടപ്പോൾ ദേവൻ സുധിയെയും വൈശാഖിനെയും ഇടക്കണ്ണിട്ട് നോക്കി ചിരിച്ചു.

  ഒരു നിമിഷം ശരൺ പറഞ്ഞത് കേട്ട് തരിച്ചു നിന്നുവെങ്കിലും പിന്നെ ഒരു പൊട്ടികരച്ചിലോട് കൂടി അവൾ ശരണിന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു. രണ്ട് കൈകളാലും അവളെ നെഞ്ചോടടക്കി  ചേർത്ത് പിടിച്ചപ്പോൾ അറിയാതെ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു .

   
"അപ്പോൾ ഇവർ രണ്ട് പേരും സെറ്റ് ആയി അല്ലെ നന്ദൂസെ.." ദേവൻ അവരെ തന്നെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന നന്ദുവിനോട് പറഞ്ഞു.

" അതേ ദേവേട്ടാ, അവർ തമ്മിൽ നല്ല ചേർച്ചയാ..എനിക്ക് സന്തോഷായി."


" എന്നാൽ എന്റെ നന്ദൂസിന് ഇനിയും സന്തോഷം തരുന്ന രണ്ട് കാര്യങ്ങളുണ്ട്. "

" അതെന്താ ദേവേട്ടാ? "

    തുടരും....

   രചന: അഞ്ജു വിപിൻ

       ഇന്നലെ എന്നെ പിച്ചിയും, മാന്തിയും,ചുവർ ചിത്രമാക്കിയവരും, കൊട്ടേഷൻ കൊടുത്തവരും ഇവിടെ കമോൺ...😑😏

      ഇപ്പോ എന്ത് പറയുന്നു, ദേവേട്ടൻ ഫാൻസൊക്കെ 😎ഞാൻ പറഞ്ഞതല്ലേ എന്നെ പറഞ്ഞതൊക്കെ മാറ്റി പറയിപ്പിക്കും എന്ന്..😝

        ബൈ ദു ബൈ, നാളെ നമ്മളെ ദേവ നന്ദനത്തിന്റെ ലാസ്റ്റ് പാർട് ആയിരിക്കും എന്ന് ഈ അവസരത്തിൽ കുറച്ചു വിഷമത്തോടെയാണെങ്കിലും അറിയിക്കികയാണ് സൂർത്തുക്കളെ..🙃അതു കൊണ്ട്, ഒരു മടിയും കാണിക്കാതെ ലൈക്കും ഷെയറും വാരിക്കോരി തന്നൊളിൻ...😜 ഇതുവരെ ലൈക്ക് ചെയ്യാത്തവരും ചെയ്യണേ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top