യാമി, Part 2

Valappottukal
യാമി💝0️⃣2️⃣
ഭാഗം♥️02



"നവീനോട് സംസാരിച്ചോ നീ?"
കോഫീ ഷോപ്പിലേ ചൂട് പറക്കുന്ന ചായക്കപ്പ് ചുണ്ടോടു ചേർത്തു കൊണ്ട് ജീന തിരക്കി..

തലയാട്ടി ഇല്ലെന്ന് യാമി അതിനു മറുപടിയും പറഞ്ഞു..

"നിൻറെ മമ്മ ഒരുപാട് സങ്കടപ്പെടുന്നുണ്ട് യാമി..
മോളുടെ കാര്യം പറഞ്ഞു ഇന്നലെ വാണി ഒരുപാട് കരഞ്ഞു.....
ചില വിട്ടുകൊടുക്കലുകൾ നല്ലത് മാത്രമേ വരുത്തുള്ളൂ..
അതും പ്രിയപ്പെട്ടവർക്ക് വേണ്ടി ആകുമ്പോൾ..
ദൈവം മറ്റെന്തെങ്കിലും ഒരു വഴി കണ്ടിട്ട് ഉണ്ടാകും.."

"എനിക്കറിയാം ആന്റി.. അതുകൊണ്ട് തന്നെയാണ് ഇനി ഞാൻ കൂടി ഒരു വേദന ആകണ്ട എന്ന് കരുതുന്നതും..
നഗരം അറിയപ്പെടുന്ന പ്രശസ്ത ഗൈനക് ഡോക്ടർ വരുണി യശോദറിന്റെ പേഴ്സണൽ ലൈഫ് ഒരു വൻ പരാജയം ആണെന്ന് പുറമേ നിന്നും നോക്കുന്നവർക്ക് അറിയില്ല...
സ്നേഹിച്ച്‌ ഒരുമിച്ചവരാണ് ഡാഡിയും മമ്മയും..
അതും ഒന്നും രണ്ടുമല്ല.. പത്തു വർഷത്തെ പ്രണയം...
ഡാഡിക്ക് എന്നും പ്രൊഫഷനോട് മാത്രമായിരുന്നു സ്നേഹം..
സ്വന്തം ഭാര്യയും ഒരേയൊരു മകളുമൊക്കെ അവിടെ സെക്കൻഡറിയും..
ഡാഡി സ്നേഹിക്കുന്നില്ലെന്ന് ഞാൻ ഒരിക്കലും പറയില്ല..
പക്ഷേ ഒരിക്കൽ പോലും എന്റെ ഇഷ്ടങ്ങൾ ഇന്ന് വരെ ഒരു കാര്യത്തിലും ചോദിച്ചിട്ടില്ല..അത് രണ്ടാളും അങ്ങനെ തന്നെ ..
ദാ.. ഇൗ വിവാഹം പോലും..

ഓർത്തുവെക്കാൻ രണ്ടോ മൂന്നോ പേരൊന്നും ഇല്ല.. എന്നിട്ടും എൻറെ പിറന്നാൾ ദിവസം കൂടി ഓർമ്മ ഉണ്ടാകില്ല രണ്ടാൾക്കും..

എങ്ങനെയൊക്കെയോ വളർന്നു എന്നല്ലാതെ..
ഇപ്പോഴും വിഷമമൊന്നുമില്ല കേട്ടോ ആന്റി..
പണ്ടുതൊട്ടേ ഇങ്ങനെയൊക്കെ ശീലിച്ചത് കൊണ്ടാകാം.. ഒപ്പം അവരെ വിഷമിപ്പിക്കാനും ആഗ്രഹമില്ല...

രണ്ടാളുടെയും വഴക്ക് ഒഴിഞ്ഞ ഒരു സമയം കണ്ടിട്ടില്ല കുറച്ചുനാൾ മുൻപുവരെ..
ആ കണക്കിന് നോക്കുമ്പോൾ ഇപ്പോൾ കുറെയൊക്കെ സമാധാനം ഉണ്ട്..
നേരിട്ട് കാണുന്ന സാഹചര്യങ്ങൾ രണ്ടാളും പരമാവധി ഒഴിവാക്കുന്നതായി തോന്നാറുണ്ട് ഇപ്പോൾ...
എന്നെ കരുതി മാത്രമാണ് ചേർന്ന് പോകുന്നതെന്നും എനിക്ക് അറിയാം.."

"യാമി മോളേ.."

"അയ്യോ.. ഞാൻ വെറുതെ പറഞ്ഞന്നേയുള്ളൂ..
സെന്റി അടിച്ചു ബോറടിക്കിയല്ലേ..
ഈ വിവാഹവും എന്തെങ്കിലും മനസ്സിൽ കാണാതെ ഡാഡി ഉറപ്പിച്ചത് ആകാൻ വഴിയില്ല...
ഒന്നുകിൽ എന്നെ സുരക്ഷിതമായി ഏൽപ്പിക്കാൻ പറ്റുന്ന കരങ്ങൾ ആണ് നവീൻറെ എന്ന് ഡാഡിക്ക് തോന്നി കാണും അല്ലേൽ...

മകളുമായി കെട്ടു ഉറപ്പിച്ചിരിക്കുന്ന അനന്തരവൻ കോടിക്കണക്കിന് ആസ്തിയുള്ള തറവാട്ടിലെ ഒരേയൊരു ആൺതരിയാണ്‌.. അത് കൊണ്ടും..
ഇതിൽ ആദ്യത്തേത് ആകണം എന്ന് മാത്രമേ എനിക്ക് പ്രാർത്ഥന ഉള്ളൂ..."
യാമി ചിരിച്ചു..

"വാണി പറഞ്ഞ അറിവ് വച്ച് നവീൻ നല്ല പയ്യനാണ് മോളെ....
നല്ല കാര്യപ്രാപ്തി ഉള്ള കുട്ടി..
നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണെന്നും അവൾ പറഞ്ഞു.."

"ചേർച്ച തമ്മിൽ കാണുന്നതിൽ ഉള്ള ഭംഗി മാത്രം ആകരുത് ആൻറി..
മനസ്സുകൾ തമ്മിൽ കൂടി ആകണം...
അല്ലെങ്കിൽ എന്റെ ഡാഡിയും മമ്മയും പോലെ ആയി പോകും..
പിന്നെ നവീനും ഞാനും ഇപ്പോൾ കണ്ടിട്ട് ഏതാണ്ട് ഏഴ് എട്ട് വർഷം ആകുന്നു.. ആൻറിക്ക് അറിയാലോ എല്ലാ വെക്കേഷനും  ഞാൻ ഇവിടെ തന്നെ ആയിരിക്കും.. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം ഡാഡിയും മമ്മിയും പോയിട്ട് വരും..
ഇതിപ്പോൾ ഇത്ര നാളുകൾക്ക് ശേഷം ആണ് എല്ലാവരെയും കാണാൻ പോകുന്നത്..
അതിൻറെ ഒരു എക്‌സൈറ്റ്‌മെന്റിൽ ആണ് ഞാൻ ഇപ്പൊൾ.."

"എല്ലാവരെയും കാണുന്നതിലെയോ അതോ നവീനെ കാണുന്നതിലെയോ..?"
മറുപടിക്ക് പകരം അവള് ചിരിച്ചു..

"അതൊക്കെ വിട്..
കിച്ചൂസ്‌ എവിടെ? കുറെ ദിവസമായി അവന്റെ കാര്യം കേട്ടിട്ട്.. പുതിയ എന്തേലും കുഴപ്പം ഉണ്ടാക്കിയൊ?

"രണ്ടാളും ഇന്ന് വീട്ടിൽ ഉണ്ട്.. ഉടക്കില് ആണ്..
പപ്പായ്ക്ക്‌ ഇൗ വെക്കേഷൻ ഗോവ യ്ക്ക്‌ പോകണം മോനാണെങ്കിൽ കേരളത്തിലും.... ഇതിന്റെ ഇടയ്ക്ക് കിടന്നു വലയാൻ ഞാനും...
രണ്ടിനെയും രണ്ട് വഴിക്ക് പറഞ്ഞു വിട്ടിട്ട് ഞാൻ വേളാങ്കണ്ണിക്ക് വിട്ടാലോ എന്ന് ആലോചിച്ച് ഇരികുവാ..."

"ഇങ്ങനെ സന്തോഷമായിട്ട് ജീവിക്കാനും ഒരു ഭാഗ്യം ഉണ്ടാകണം... നിങ്ങളുടെ ഈ ലൈഫ് കാണുമ്പോൾ എനിക്ക് ശരിക്കും അസൂയയാണ് തോന്നുന്നത്..
അങ്കിളിനോട് പറഞ്ഞേര് ഒരു ദിവസം ഞാൻ വരുന്നുണ്ട് അങ്ങോട്ടേക്ക് എന്ന്..
അന്നെനിക്ക് കിച്ചുവിനെയും എന്തായാലും കാണണം.. ഇത്തവണ പിടിതരാതെ എന്നെ കാണാതെ പോകാൻ  സമ്മതിക്കില്ലന്ന് കൂടി പറഞ്ഞേക്ക്‌...

ഞാൻ ഇറങ്ങുകയാണ്... ലേറ്റ് ആയി...
അവര് വരും മുന്നേ വീട്ടിലെത്തിയില്ലെങ്കിൽ രണ്ടാളും ഇന്ന് വഴക്കിടുന്നത് അതിൻറെ പേരിൽ ആകും...
വരട്ടെ ആൻറി.."

തലയാട്ടി ചിരിച്ചുകൊണ്ട് ജീന അവളെ യാത്രയാക്കി...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

പതിവില്ലാതെ യാശോദരറിനെയും, വാണിയെയും ഡൈനിംഗ് ടേബിളിൽ ഒന്നിച്ചു കണ്ടു യാമി അന്തിച്ചു നിന്നു...

"വാ യാമി മോളെ"
യശോദറിന്റെ വിളി കൂടി കേട്ടപ്പോൾ അവളുടെ ഞെട്ടൽ പൂർത്തിയായി..

അവള് സംശയത്തിൽ മമ്മയെ ഒന്ന് നോക്കി..
അവരുടെ ചിരി കൂടി ആയപ്പോൾ യാമി യുടെ മനസ്സും നിറഞ്ഞു...

ഓടി അടുത്ത യാമി സന്തോഷത്തോടെ ഡാഡിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. ഒപ്പം വാണിക്കും..
"ഇനി നിങ്ങള് ചാകാൻ പറഞ്ഞാലും ഞാൻ കേൾക്കും ഡാഡി.."
അവള് പറഞ്ഞു..

'തൽക്കാലം അതൊന്നും വേണ്ട... മോളോട്‌ മമ്മ നവീൻറ കാര്യം പറഞ്ഞിരുന്നല്ലോ... ഡാഡി മോളുടെ അഭിപ്രായം ചോദിക്കാതത്തിൽ മോൾക്ക് സങ്കടം ഉണ്ടോ.."

"ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു.. പക്ഷേ ദാ.. ഇൗ നിമിഷം അത് മാറി.. നിങ്ങള് ഇങ്ങനെ എന്നും സന്തോഷത്തോടെ ഇരുന്നാൽ മതി യാമിക്ക്..."
അവള് ചിരിച്ചു..

"ഹോസ്പിറ്റലിൽ ഞങൾ ലീവ് പറഞ്ഞു.. മറ്റെന്നാളത്തേക്ക്‌ ടിക്കറ്റും ബുക്ക് ചെയ്തു..
മോള് കല്യാണത്തിന് രണ്ട് ദിവസം മുന്നേ അങ്ങ് വന്നാൽ മതി ക്ലൈമറ്റ് ഒക്കെ പെട്ടെന്ന് മാറി ആ സമയത്ത് അസുഖം ഒന്നും വരുത്തി വയ്ക്കണ്ടാല്ലോ..."

"അതിനെന്താ ഇവിടേം അവിടേം തമ്മിൽ അധികം ക്ലൈമറ്റിന്റെ പ്രശ്നം വരില്ലല്ലോ.. ഞാൻ നിങ്ങൾക്ക് ഒപ്പം വരാം ഡാഡി.."
അവള് യശോദറിന്റെ തോളിലേക്ക് ചാഞ്ഞു..

"വേണ്ടാടാ.. ഞങൾ പോയി ഒക്കെ ഒന്ന് റെഡി ആയിട്ട് വിളിക്കാം... ഇവിടുത്തെ പോലെ ഫ്രീ ആയി നടക്കാൻ ഒന്നും അവിടെ എത്തിയാൽ ഒക്കില്ല.. മുത്തശ്ശി സ്ട്രിക്ട് ആണെന്ന് അറിയാലോ.. സുബ്ബാമ്മ ഉണ്ട് ഇവിടെ മോൾക്ക് കൂട്ടിന്... "

"മ്.. "
അവള് ചിരിച്ചു സമ്മതം അറിയിച്ചു..

വാണിയെ ഒന്ന് നോക്കിയിട്ട് അയാള് പതിയെ മുറിയിലേക്ക് നടന്നു....

"എന്താ മമ്മ ഇത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല"

"എനിക്കും.."
വരുണി എന്തോ ഓർത്ത് ഒന്ന് നെടുവീർപ്പിട്ടു...

"വാര്യതത് നിന്നും വൈകിട്ട് മുത്തശ്ശൻ വിളിച്ചിരുന്നു..
നവീൻ കല്യാണത്തിന് സമ്മതം പറഞ്ഞത്രേ..
അത് അറിഞ്ഞപ്പോൾ തൊട്ട് യദു ആകെ സന്തോഷത്തിൽ ആണ്..."

"അത് കൊള്ളാലോ പെണ്ണിന്റെയും ചെറുക്കന്റേം സമ്മതം ചോദിക്കും മുന്നേ കല്യാണം ഉറപ്പിച്ച നല്ല ബെസ്റ്റ് കാർണവന്മാര്..
പക്ഷേ.. മമ്മ എന്നോട് പ്രോമിസ് ചെയ്തത് ആണ് എനിക്ക് നവീനോടു സംസാരിക്കാൻ അവസരം ഉണ്ടാക്കി തരാമെന്ന് മറക്കണ്ട..."
അവള് ചിരിച്ചു..

"അത് ഞാൻ ഏറ്റു..
പിന്നേ.. ഞങൾ ഇവിടെ ഇല്ലേലും യാമിക്ക്‌ അറിയാലോ ഡാഡിയുടെ കണ്ണും കാതും ഇവിടെ തന്നെ ഉണ്ടാകും..
നേരത്തെ..."

"നേരത്തെ വീട്ടിൽ കയറണം, ആവിശ്യം ഇല്ലാതെ കറങ്ങി നടക്കരുത്.. ഫ്രണ്ട്സ്നേ ആരെയും വീട്ടിലേക്ക് വിളിക്കരുത്... ഞാൻ എങ്ങും പോകരുത്... ക്യാമറ ഉണ്ട്..
ഡാഡിക്ക് ഇഷ്ടമല്ല....
ഇതൊക്കെ അല്ലാതെ പുതിയത് എന്തെങ്കിലും ഉണ്ടോ..
ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങള് ഇവിടെ ഉള്ളപ്പോൾ ഞാൻ ചെയ്തത് നിങ്ങൾക്ക് അറിയുമോ..
പിന്നെ എന്തിനാ മമ്മ ഇടയ്ക്ക് ഇടയ്ക്ക് എന്നെ ഇത് ഇങ്ങനെ ഓർമിപ്പിക്കുന്നത്.."

"നിൻറെ ഡാഡി ഇങ്ങനെ ആണ് അത് എന്താണെന്ന് ചോദിച്ചാൽ മമ്മയ്ക്കും ഉത്തരം ഇല്ല ...ഞാൻ കാണുന്ന നാൾ മുതൽ യദു ഇങ്ങനെ തന്നെ ആണ് മോളെ..
അത്, ഇന്നത്തെ ഇൗ ഡോക്ടർ യശോദറിനും മുൻപ് തൊട്ടേ...."

പടികൾ കയറി യശോദറിൻെറ മുറിയിലേക്ക് നടക്കുന്ന വാണിയെ അവള് സന്തോഷത്തോടെ നോക്കി നിന്നു..
എങ്കിലും ഉള്ളിന്റെ ഒരു കോണിൽ നടക്കാതെ പോയ ആഗ്രഹങ്ങളുടെ കൂട്ടത്തിൽ വലിച്ച് എറിയപെട്ട മറ്റൊരു സ്വപ്നം കൂടി മാറ്റി വച്ചു...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

എട്ട് വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് ഇന്നവൾ എത്തുകയാണ്...
യശോദർ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടും അവള് മനഃപൂർവം ഒഴിഞ്ഞു മാറി യാത്ര ട്രെയിനിൽ തന്നെ ആക്കി...

സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ വാര്യത്തെ ഡ്രൈവർ ഗോപി അവളെ കാത്ത് അവിടെ ഉണ്ടായിരുന്നു...
ആളെ മനസ്സിലാക്കിയതും അയാള് അവൾക്ക് അരികിൽ എത്തി ചിരിയോടെ ബാഗും സാധനങ്ങളും  വാങ്ങി പിടിച്ചു വണ്ടി കിടക്കുന്നിടതേക്ക്‌ നടന്നു..

"മോൾക്ക് എന്നെ മനസ്സിലായോ.."
വണ്ടി നീങ്ങി തുടങ്ങിയപ്പോൾ ഗോപി തിരക്കി..

"അത് എന്ത് ചോദ്യമാണ് അങ്കിളെ... ഡാഡി കാണാതെ വാര്യത്തേ ഒട്ടു മിക്ക മാവിലും പ്ലാവിലും ഒക്കെ ഞാൻ കയറ്റിയിട്ട്‌ ഉള്ള ആളല്ലേ..."

യാമിയുടെ പറച്ചിൽ കേട്ട് ഗോപി വീണ്ടും ചിരിച്ചു..
"വീട്ടിൽ ആകെ കല്യാണ തിരക്ക് ആണ്..ഇനി ഒന്ന് രണ്ട് ദിവസം കൂടി അല്ലേ ഉള്ളൂ... മോൾ എന്താ വരാൻ ഇത്രയും താമസിച്ചത്...മുത്തശ്ശി യദു കുഞ്ഞിനെ അതിന്റെ പേരിൽ കണക്കിന് ശകാരിച്ചു.."

"അത് എനിക്ക് കുറച്ച് ജോലി ഉണ്ടായിരുന്നു അവിടെ.. പഠിച്ചതിന്റെ ഒക്കെ ആയിട്ട്..."
അവള് കള്ളം പറഞ്ഞു ഒഴിഞ്ഞു..

"നവി കുഞ്ഞു നാളയെ എത്തൂ.. ബിസിനസ്സിന്റെ എന്തോ കാര്യമായി പുറത്ത് ആണ്..."

"അല്ല ഗോപി അങ്കിളെ.. ഈ നവീൻ ആളെങ്ങനെ ചൂടനാ.."
ചിരിച്ചു കൊണ്ട് യാമി തിരക്കി..

"ഹേയ്.. ഇല്ല പാവമാണ് മോളെ..."
അയാളും അവൾക്ക് ഒപ്പം ചിരിച്ചു

കണ്ണുകളടച്ച് അവള് സീറ്റിലേക്ക് ചാരി കിടന്നു.. പഴയ കാലത്തെ നിറം മങ്ങാത്ത ചില ഓർമകളിലേക്ക് മനസ്സ് പായിച്ചു..

വാര്യത്തെ കുട്ടികൾക്ക് ഇടയിൽ യാമി എന്നും കൗതുകം ആയിരുന്നു...
പട്ട് പോലത്തെ മുടിയും.. വിടർന്ന കൺപീലി നിറഞ്ഞ കണ്ണുകളും, വരുണിയുടെ തനി പകർപ്പ് തന്നെ...

വല്ലപ്പോഴും മാത്രം നാട്ടിൽ എത്തുന്നതിനാൽ കൂട്ടുകാരും അധികം ഉണ്ടായിരുന്നില്ല...
അമ്മയുടെ രൂപ സാദൃശ്യം എങ്കിലും അച്ചനിലെ സ്വഭാവം ആയിരുന്നു അവൾക്ക്..
ആരുമായും പെട്ടെന്ന് അടുക്കില്ല..
ഒരുപക്ഷേ ചെറുപ്പം മുതൽ യശോദറിൽ നിന്നും ശീലിച്ചതും അത് തന്നെ ആകും...

ഒരു വേനൽ അവധിയ്ക്ക് വാര്യത്തെ മറ്റു കൊച്ച് മക്കൾക്ക് ഒപ്പം യാമിയും കൂടി... ചേറിലും വരമ്പിലും ഒക്കെ ആയി അവളും കളിച്ചു നടന്നു... അന്ന് നവീനും ഉണ്ടായിരുന്നു കൂടെ... അവളുടെ ആദ്യത്തെ അനുഭവം..
പക്ഷേ തിരികെ വീട്ടിൽ എത്തിയതും മകളുടെ രൂപം കണ്ട് യശോദർ ഉറഞ്ഞു തുള്ളി...
പെരുമരകമ്പ് ഒന്ന് ഒടിഞ്ഞ് തീരും വരെ അയാള് അവളെ തല്ലി... തടസ്സം നിൽക്കാൻ ചെന്ന വാണിക്കും കിട്ടി...

എല്ലാരുടെയും മുന്നിൽ അപമാനിതയായതിൻെറ ഫലമോ.. യശോദറിന്റെ വാശിയോ.. അറിയില്ല...
പക്ഷേ... അതായിരുന്നു അവസാനത്തെ നാട്ടിലേക്ക് ഉള്ള വരവ്...
    കൗമാരത്തിലേക്ക് കടന്ന ആ നാളുകളിൽ ഒന്നിൽ പോലും നവീൻ ഉണ്ടായിരുന്നില്ല മനസ്സിൽ.. തിരിച്ചും..
പക്ഷേ മറ്റുള്ളവർക്ക് ഇടയിൽ നിന്നും വത്യസ്ഥൻ ആക്കുന്ന എന്തോ ഒന്ന് അന്നേ അവനിൽ യാമി തിരിച്ചറിഞ്ഞിരുന്നു...

വേദന കൊണ്ട് നീറി കുളകടവിലെ പടിയിൽ ഇരുന്നു തേങ്ങിയ അവളുടെ കൈയിൽ പച്ച ഇലകളുടെ എന്തോ ഒരു കൂട്ട്‌ അവൻ കൊണ്ട് ഏൽപ്പിച്ചു...
"വേദന മാറും നീ പുരട്ടിക്കോ..."

പറഞ്ഞ ശേഷം മുഖത്ത് പോലും നോക്കാതെ തിരിഞ്ഞു അവൻ പടവുകൾ ഓടി കയറി...
അവർക്കിടയിൽ ഉണ്ടായ ആദ്യത്തെയും അവസാനത്തെയും സംസാരവും അത് മാത്രം ആയിരുന്നു..

"മോളെ വീടെത്തി..."
ഗോപി വിളിച്ചപ്പോഴാണ് യാമി കണ്ണുകൾ തുറന്നത്...

(തുടരും..)
ശ്രുതി❤️

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top