യാമി, Part 16

Valappottukal
യാമി💝1️⃣6️⃣
ഭാഗം 16

റിംഗ് അവളുടെ കയ്യിൽ നിന്നും വാങ്ങിയ ശേഷം ആദി അവളെ ഒന്ന് നോക്കി....
പ്രതീക്ഷയോടെ നിൽക്കുന്ന കണ്ണുകളിൽ നോക്കി ചിരിയോടെ അവൻ പറഞ്ഞു തുടങ്ങി

"ഒരിക്കൽ എങ്കിലും ഞാൻ നിന്നിൽ ഏതെങ്കിലും രീതിയിലുള്ള പ്രതീക്ഷ തന്നിട്ട് ഉണ്ടോ ഗുഡിയാ...
പ്രണയിക്കുന്നത് തെറ്റല്ല...
പക്ഷേ.. വിധി എന്ന് ഒന്നുണ്ട്...
അത് പോലെ ഒക്കെ നടക്കൂ... അല്ലേ മമ്മ..."

ജീന ചിരിയോടെ തലയാട്ടി...

"എനിക്ക് ഗുഡിയയെ ഒരുപാട് ഇഷ്ടമാണ്..."
അത് കേൾക്കെ അവളുടെ മുഖം സന്തോഷത്താൽ വിടർന്നു...
ഭാവമാറ്റം അറിയിക്കാതെ എന്നോണം യാമിയുടെ കണ്ണുകൾ മറ്റെവിടെയോ ആയിരുന്നു ആ സമയം..

"പക്ഷേ... അതിനു പ്രണയം എന്ന അർത്ഥം ഇല്ല...
നല്ലൊരു സൗഹൃദം മാത്രമേ ഉള്ളൂ...
അതിൽ നീ വിള്ളൽ വീഴ്ത്തിയാൽ ഒരിക്കലും നിൻറെ മുൻപിൽ ഞാൻ ഇനി വരില്ല...."
ഇൗ തവണ ഗുഡിയയേക്കാൾ ഞെട്ടിയത് യാമി ആയിരുന്നു...

"എന്റെ മനസ്സിലും ഉണ്ടടി ഒരു ചെറിയ പ്രണയം...
വിധി എനിക്ക് മുന്നിൽ വില്ലൻ ആയി വന്നില്ലെങ്കിൽ ഒരിക്കൽ ഞാൻ എന്റെ പ്രണയം അവളോട് തുറന്നു പറയും ഗുഡിയാ...
അവൾക്ക് മുന്നിൽ മാത്രം...."

നിറഞ്ഞു വന്ന ഗുഡിയയുടെ കണ്ണുകൾ നോക്കി എന്ത് പറയണം എന്നറിയാതെ ആദി പതറി...

"ഇൗ സൗഹൃദം എന്നും ഇങ്ങനെ തന്നെ ഉണ്ടാകണം...
അവിടെ പ്രണയം കടന്നു വന്നാൽ നമ്മൾ രണ്ടാളും മാറുമടോ..ആദിക്ക് ഗുഡിയ എന്നും നല്ലൊരു സുഹൃത്ത് ആയാൽ മാത്രം മതി..."

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുമ്പോൾ ചുറ്റും നിന്നവർക്ക് ഒക്കെ അതൊരു വേദന നൽകി...
മിലൻ ആണ് ആദ്യം മുന്നിലേക്ക് വന്നത്..

"അയ്യേ നീ കരയുവാ.. ഇൗ പ്ലാനും പൊക്കി കൊണ്ട് വന്നപൊഴെ ഞാൻ പറഞ്ഞത് അല്ലായിരുന്നോ നിന്നോട് ഇത് ചീറ്റും എന്ന്..
അപ്പൊൾ എന്തായിരുന്നു ആത്മവിശ്വാസം..
ആ പോട്ടെ നാറി നാണം കെട്ട് ആദ്യത്തെ അനുഭവം അല്ലല്ലോ.. നമ്മുടെ ആദി അല്ലേ വിട്ടേക്ക്..."
മിലൻ അവളുടെ തോളിൽ തട്ടി പറഞ്ഞു..

"പോടാ പട്ടി.."
പ്രതീക്ഷിക്കാതെ ഉള്ള വിളിയിൽ മിലൻ ഒന്ന് പകച്ചു.. ശേഷം ചമ്മലോടെ ചുറ്റിനും നോക്കി...

"ടാ.. അവള് അർത്ഥം മനസ്സിലാക്കി തന്നെ ആണോ പട്ടി എന്ന് എന്നെ വിളിച്ചത്.."
ആദിക്ക് മാത്രം കേൾക്കാൻ പാകത്തിന് മിലൻ തിരക്കി

"തീർച്ചയായും.."
ആദി ചിരിയോടെ പറഞ്ഞു...

"എന്നാലും ഞാൻ അവളുടെ ബോസ്സ് അല്ലേ ആദി.."
മിലൻ ദയനീയമായി തിരക്കി

"മുതലാളി തൊഴിലാളി സമത്വം ഒക്കെ ആവേശത്തിന്റെ പുറത്ത് ജോലി സ്ഥലത്ത് കൊണ്ട് വരുമ്പോൾ ആലോചിക്കണമായിരുന്നു ഇങ്ങനെ പണി കിട്ടും എന്ന്..."

"ആദി.."
ഗുഡിയ വിളിച്ചു...

"ഞാൻ ചെയ്തത് തെറ്റ് ആയി പോയെങ്കിൽ മാപ്പ്...
മിലൻ പറഞ്ഞ പോലെ ഒരു ആവേശത്തിന് ചെയ്തത് ആണ്...എങ്കിലും മനസ്സിൽ നിന്നോട് ഒരുപാട് സ്നേഹം ആണ് എനിക്ക്..."
അവന്റെ കയ്യിലിരുന്ന മോതിരം തിരികെ വാങ്ങി അവള് ജീനയ്ക്ക് അരികിൽ എത്തി..

"സോറി ആൻറി... എന്നെ ഒരു ചീത്ത കുട്ടി ആയി കാണരുത്.. ആദിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്... അതുകൊണ്ടാണ് ഇത്ര ധൈര്യം കാണിച്ച് അവനോട് തുറന്നു പറഞ്ഞതും.. പക്ഷേ അവൻ പറഞ്ഞതുപോലെ  പ്രണയത്തിനപ്പുറം എനിക്ക് അവന്റെ സൗഹൃദവും എന്നും വേണം...
അതുരണ്ടും കിട്ടുന്ന ഒരു നാൾ വരുമായിരിക്കും അല്ലേ.. അതുവരെ ഞാൻ കാത്തിരിക്കാം..."
ജീന അവളുടെ മുഖം കയ്യിൽ എടുത്ത് നെറുകയിൽ മുത്തി...

"അവൻ പറഞ്ഞത് പോലെ വിധി എന്ന് ഒന്നുണ്ട് മോളെ..
ഇന്നാർക്ക് ഉള്ളത് ഇന്നാൾ എന്ന് ദൈവംതമ്പുരാൻ എഴുതി വച്ചിട്ടുണ്ട്...
അത് എത്ര കാലം കഴിഞ്ഞ് ആണെങ്കിലും നമ്മളെ തേടി വരും..."
ചിരിയോടെ അവളെ നോക്കിയ ശേഷം ജീന യുടെ കണ്ണുകൾ യാമിക്ക് അരികിലെത്തി..
മറ്റേതോ ചിന്തകളിൽ അവള് അസ്വസ്ഥത ആകുന്നത് അവർ ശ്രദ്ധിച്ചു..

"ആദി.. നീ ഒരുപാട് സമാധാനിക്കണ്ട...
നിൻറെ പുറകെ നല്ലൊരു ശല്യം ആയിട്ട് ഞാൻ ഇനിയും ഉണ്ടാകും...
പക്ഷേ ഇതിൻറെ പേരിൽ കരഞ്ഞു കൂവി നടക്കാൻ ഒന്നും എന്നെ കിട്ടുകയുമില്ല..
പിന്നെ ഇന്ന് മുതൽ ഞാൻ മാത്രം ആണ് നിൻറെ ബെസ്റ്റ് ഫ്രണ്ട് നീ എന്റെയും...കേട്ടല്ലോ..."
ആദി ചിരിയോടെ ഗുഡിയയെ നോക്കിയ ശേഷം യാദൃ്ചികമായി യാമി നിന്ന ഭാഗത്തേക്ക് നോക്കി..
അപ്പോഴേക്കും അവള് ഉള്ളിലേക്ക് പോയിരുന്നു..

എല്ലാവരും തിരികെ പോയ ശേഷം യാമിയും ജീനയും ചേർന്ന് അവിടമാകെ വൃത്തി ആക്കി...
അപ്പോഴൊക്കെ മൗനം ആയിരുന്നു യാമിക്ക്..

കുറച്ചു സമയം അവളെ ഒറ്റയ്ക്ക് വിടാം എന്ന് തോന്നി യതും ജീന അവളോട് പറഞ്ഞു..

"ആന്റി പോവാണ് മോളെ.. നീ കിടന്നോ...
സമയം ഒരുപാട് വൈകി..എന്തേലും ഉണ്ടെങ്കിൽ വിളിക്കണം.. മ്..
ഗുഡ് നൈറ്റ്.."
നെറ്റിയിൽ അമർത്തി ചുംബിച്ചു ജീന അവരുടെ ഫ്ലാറ്റിലേക്ക് പോയി..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

ആളും പേരും ഒഴിഞ്ഞപ്പൊൾ മനസ്സ് തുറന്ന് യാമി യൊന്നു കരഞ്ഞു...
കാരണങ്ങൾ ഒരുപാട് ഉണ്ടായിരുന്നു ആ കണ്ണീരിനു പിന്നിൽ...

ഒഴുകി ഇറക്കി കളഞ്ഞ വിഷമങ്ങൾക്ക്‌ ശേഷം പതിയെ ബാൽകണിയുടെ വാതിൽ തുറന്നു ബെഡ് എടുത്ത് താഴെ വിരിച്ചു ആകാശം നോക്കിയവൾ കിടന്നു...

ആദിയുടെ ഓരോ വാക്കുകളും എന്തൊക്കെയോ വേദന അവൾക്ക് വീണ്ടും വീണ്ടും നൽകുനുണ്ടായിരുന്നു...
മനസ്സ് അവനു വേണ്ടി കൊതിക്കും പോലെ...
അരുത് എന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും കേൾക്കാതെ..
അവന്റെ സാനിദ്ധ്യം സൗഹൃദം കടന്നും ഉള്ളിൽ കയറി കൂടുന്നത് അവള് അറിയുകയായിരുന്നു....

പക്ഷേ...
പ്രണയം എന്ന ഒറ്റ പദത്തിൽ നഷ്ടപ്പെടുത്താൻ കഴിയില്ല അവനോട് ഉള്ള ആ സൗഹൃദം...

ആദി ഗുഡിയയൊട് പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടി വന്നു...
തനിക്ക് ഉള്ള മറുപടിയും ഇത് തന്നെ ആകില്ലേ...

"ഞങ്ങൾക്ക് ഇടയിലെ സൗഹൃദത്തിന് വിള്ളൽ വീണാൽ ആദിയെ എന്നേക്കുമായി നഷ്ടപ്പെടും എനിക്ക്..."
കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകി...

"വേണ്ട.. പ്രണയതിനപ്പുറം എനിക്ക് ഇന്ന് ആവശ്യം നിൻറെ സൗഹൃദം മാത്രമാണ് ആദി...
എന്റെ ഉള്ളിൽ തോന്നിയ ആഗ്രഹം അവിടെ തന്നെ ഇല്ലാതെ ആകട്ടെ.."

കണ്ണുകളടച്ച് തന്നെ യാമി കിടന്നു....
അവന്റെ മുഖം ഓർക്കെ സങ്കടത്തിന്റെ ഇടയിലും ഉണ്ടായിരുന്നു അവളുടെ ചുണ്ടുകളിൽ തെളിഞ്ഞു നിന്ന ഒരു പുഞ്ചിരി ....അവനു മാത്രം നൽകാൻ കഴിയുന്ന സ്നേഹത്തിന്റെ നിറഞ്ഞ പുഞ്ചിരി..

എന്തോ ഒച്ച കേട്ടാണ് യാമി കണ്ണുകൾ തുറക്കുന്നത്...
ബാൽക്കണിയുടെ അരമതിൽ ചാടി വരുന്ന ആളെ കണ്ട് അവളൊന്നു ഞെട്ടി...

"ആദി നീ എങ്ങനെ ഇത് വഴി?
നിനക്ക് എന്നെ വിളിച്ചു കൂടാരുന്നോ ഒന്ന്?"
അവള് തിരക്കി..

"ഫോൺ എടുത്ത് എന്റെ മോൾ ഒന്ന് നോക്ക് എത്ര തവണ ആണ് വിളിച്ചതെന്ന്?
പിന്നെ ഇൗ വഴി വന്നു മുന്നേ തൊട്ട് നല്ല ശീലം ആണ്  എനിക്ക്..."
ഉള്ളിൽ കയറി കൈ രണ്ടും തൂത്ത് കൊണ്ട് അവൻ പറഞ്ഞു...

"ആഹാ.. വല്യ സെറ്റപ്പ് ഒക്കെ ആണല്ലോ.."
താഴെ ഇട്ടിരിക്കുന്ന ബെഡിൽ നോക്കി പറഞ്ഞ ശേഷം അനുവാദതിന് കാത്ത് നിൽക്കാതെ ആദി ഒറ്റ ചാട്ടത്തിന്  അതിൽ കിടന്നു..
"ഹാ നല്ല ക്ഷീണം...."

"എഴുന്നേറ്റ് പോകുന്നുണ്ടോ ആദി.. എനിക്ക് ഉറങ്ങണം..."
അവന്റെ കിടപ്പ് നോക്കി അവള് പറഞ്ഞു...

"ആഹാ..അത് കൊള്ളാലോ.. എന്റെ ഫ്ലാറ്റ്.. എന്റെ ബെഡ്.. ഇനി ഞാൻ എവിടെ പോകാൻ നീ വേണേൽ ഇവിടെ വന്ന് കിടക്ക്..."
അവനു അരിക് ചൂണ്ടി കാട്ടി ആദി പറഞ്ഞു..

"ഞാൻ ഇപ്പൊൾ ജീന ആൻറിയെ വിളിക്കും.."

"മമ്മയൊട് ഞാൻ പറഞ്ഞിട്ട് ആണ് വന്നത് ഇന്ന് നിൻറെ ഒപ്പം ആണെന്ന്..."
ആദി ചിരിയോടെ എഴുന്നേറ്റ് ബെഡിൽ ഇരുന്നു..

ദേഷ്യത്തിൽ ചവിട്ടി തുള്ളി അടുത്ത് കണ്ട കസേരയിലേക്ക് ഇരുന്നു അവള് ഇരുളിലേക്ക് കണ്ണുകൾ നാട്ടി...

തിരക്കുകൾ ഒക്കെ ഒഴിഞ്ഞു നഗരം ഉറക്കത്തിലേക്ക് പതിയെ വഴുതി വീഴുകയാണ്...
വിളക്കുകൾ ഒക്കെ പേരിനു മാത്രം അങ്ങിങ്ങായി തെളിഞ്ഞു നിൽക്കുന്നു...

"ഞാൻ വന്നത് തനിക്ക് ഇഷ്ടം ആയില്ലേ.."
ആദി യുടെ ചോദ്യം കെട്ട് അവള് സ്വയം ഒന്ന് ആലോചിച്ചു...

ഇത് വരെ ആദിയുടെ സാനിദ്ധ്യം ആഗ്രഹിച്ചിരുന്ന തനിക്ക് പെട്ടെന്ന് എന്താണ് സംഭവിച്ചത്..
അവനോട് കാട്ടുന്ന അകൽച്ചയുടെ കാരണം വ്യക്തമാണ്...
ഒരുപക്ഷേ ഇൗ വേദന അവനിലും ഉണ്ടാക്കും എന്ന ചിന്ത അവളുടെ മനസ്സിനെ ശാന്തം ആക്കാൻ ശ്രമിച്ചു..
ഇല്ല ആദി എന്നും നീ എനിക്ക് എന്റെ നല്ലൊരു സുഹൃത്ത് മാത്രം ആകും.. അങ്ങനെ മതി..മനസ്സിനെ വീണ്ടും വീണ്ടും പറഞ്ഞു പഠിപ്പിച്ചു...

കുറച്ച് നേരത്തിനു ശേഷം തെല്ലൊരു പരിഭവത്തോടെ ആദിയെ നോക്കി അവള് പറഞ്ഞു...
"ഇനി ഞാനും അന്ന മോളും എന്തിനാ... പുതിയ ബെസ്റ്റ് ഫ്രണ്ട്സ് ഒക്കെ ആയല്ലോ..."

മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു...

"ടി ഞാൻ അത് ആ പൊട്ടി കാളിയെ സമാധാനിപ്പിക്കാൻ ഇറക്കിയ നമ്പർ അല്ലേ...എനിക്ക് നിങ്ങള് രണ്ടാളും കഴിഞ്ഞേ ഉള്ളൂ വേറെ ആരും.."

"സത്യം"
യാമി കൈ നീട്ടിയതിന് ഒപ്പം തിരക്കി..

"സത്യം..."
കൈകൾ അവളുടെ കൈപത്തിയിൽ ഒരുനിമിഷതിനുള്ളിൽ മുറുക്കി ബെഡ്ഡിലേക്ക് ആദി യാമിയെ വലിച്ച് ഇട്ടു...

ഒരു നിമിഷം പതറി പോയെങ്കിലും ആദി ഒരു കൈ അകലത്തിൽ ആണ് കിടക്കുന്നത് എന്ന് കാൺകെ അവൾക്ക് സമാധാനം ആയി...

താരം പൂത്ത് നിൽക്കുന്ന വാനം നോക്കി രണ്ടാളും കിടന്നു....
"ഗുഡിയയോട് ഇത് വരെ ഒരിഷ്ടവും തോന്നിയിട്ട്‌ ഇല്ലേ ആദിക്ക്‌..."
യാമി തിരക്കി...

"ഇല്ലെന്ന് പറഞ്ഞാല് തെറ്റാകും.. അവളുടെ കണ്ണുകളിലെ പ്രണയം മുൻപേ ഞാൻ തിരിച്ചറിഞ്ഞിടടുണ്ട് യാമി..
പക്ഷേ.. ഉള്ളിൽ മറ്റൊരാൾക്ക് എന്നോ സ്ഥാനം നൽകി പോയി...
കൈ വിട്ടു പോയെന്ന് തോന്നിയ പല നിമിഷങ്ങളിലും അത് പൂർവാധികം ശക്തിയോടെ എന്നിലേക്ക് തന്നെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു....
അതിനായുള്ള കാത്തിരിപ്പ് ആണ് ഇനി...
നഷ്ടപ്പെട്ടാലും ആദിയുടെ ഉള്ളിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം അത് മാത്രം ആകും...
പലപ്പോഴും പ്രണയം അല്ലെന്ന് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും എന്തോ അതിനു കഴിയുന്നിലടോ..."

"അപ്പൊൾ വൺ വേ ആണല്ലേ.."
യാമി ചിരിച്ചു...

"അതിനാ പെണ്ണേ സുഖം..."

"അപ്പോ ആ ആളോട് ആദിക്ക് സൗഹൃദം ഇല്ലെ..."
യാമിയുടെ കണ്ണുകളിൽ പലതും അറിയാനുള്ള ആഗ്രഹം ആദി വായിച്ച് അറിഞ്ഞു.....

(തുടരും...)
ശ്രുതി💝

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top