കാണാൻ വന്നത് മൂത്തവളെ ആണെങ്കിലും അവർക്ക് ഇഷ്ട്ടപ്പെട്ടത് ഇളയവളെയാ.

Valappottukal
കാണാൻ വന്നത് മൂത്തവളെ ആണെങ്കിലും അവർക്ക് ഇഷ്ട്ടപ്പെട്ടത് ഇളയവളെയാ.


"കാണാൻ വന്നത് മൂത്തവളെ ആണെങ്കിലും അവർക്ക് ഇഷ്ട്ടപ്പെട്ടത് ഇളയവളെയാ. അവർക്ക് സ്ത്രീധനമായിട്ട് ഒന്നും കൊടുക്കണ്ട,  പക്ഷെ ഇളയ മോളെ മതിയെന്നാ അവര്.... "
   പുരുഷോത്തമന്റെ അവിടേം ഇവിടേം തൊടാതെ ഉള്ള സംസാരം കേട്ടപ്പോൾ സുശീലനു എന്ത് പറയണമെന്നറിയാത്ത ഭാവമായിരുന്നു.
  മൂത്തവൾ നിൽക്കുമ്പോൾ ഇളയവളെ കെട്ടിച്ചു വിടുക. അതോർക്കുമ്പോൾ സുശീലന്റെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു.  പക്ഷെ,  ഇനിയും മൂത്തവളുടെ കഴിയാൻ കാത്തിരുന്നാൽ എത്രനാൾ...?
  ഇടതു കാലിന് ചെറിയ മുടന്തുള്ളതുകൊണ്ട് മൂത്തവളായ ശരണ്യക്ക് വരുന്ന ആലോചനകളെല്ലാം എവിടേം എത്താതെ പോകുന്നു.  അനിയത്തിയായ ചാരുലതക്കും വിവാഹപ്രായമായി .  പക്ഷെ,  ചേച്ചിയുടെ എന്തെങ്കിലും ആകട്ടെ എന്നും കരുതി കാത്തിരുന്നു .   ശരണ്യയെ വരുന്ന ആർക്കും ബോധിക്കുന്നതുമില്ല. 
എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ വിഷമസ്ഥിതിയിലായിരുന്നു സുശീലൻ.

  " നിങ്ങൾ എന്തെങ്കിലും ഒരു തീരുമാനം പറയൂ.. എന്നിട്ട് വേണം അത് അവരെ അറിയിക്കാൻ..  ഞാൻ പറയുകയാണെങ്കിൽ ഇപ്പോൾ ഇളയതിന്റെ നടക്കട്ടെ... അത് കഴിയുമ്പോഴേക്കും മൂത്തവൾക്ക് പറ്റിയ നല്ല ഒരു ആലോചന ഞാൻ കൊണ്ടുവരാം.. അതോർത്തു നിങ്ങൾ ഈ ആലോചന വേണ്ടെന്ന് വെക്കേണ്ട,  നല്ല കൂട്ടരാണ് . വിട്ട് കളയണ്ടന്നെ ഞാൻ പറയൂ   "
   
      സുശീലനു അറുത്തു മുറിച്ച ഒരു മറുപടി പറയാൻ കഴിയാതെ ഇരിക്കുമ്പോൾ ആണ് വാതിൽക്കൽ ശരണ്യയുടെ ശബ്ദമുയർന്നത്,

 " അച്ഛാ,  ഇത് വേണ്ടെന്ന് വെക്കേണ്ട, ചാരുവിന്റെ എങ്കിലും നടക്കട്ടെ.  ഈ മുടന്തൻകാലുമായി നടക്കുന്ന എനിക്ക് കല്യാണം ശരിയാകുന്നത് വരെ കാത്തിരുന്നാൽ അവളുടെ ജീവിതം കൂടി ഇതിനിടയിൽ തകർന്നു പോകും.  എന്റെ വിധിയുടെ കൂട്ട് പിടിക്കാൻ എന്തിനാ അവളെ കൂടി.. 
ഇത് നടക്കട്ടെ അച്ഛാ,  പുരുഷേട്ടാ,  അവരോട് സമ്മതം പറഞ്ഞോളൂ.. അച്ഛനെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം.  "

അതും പറഞ്ഞവൾ നനഞ്ഞുതുടങ്ങിയ കണ്ണുകളിൽ ഒരു പുഞ്ചിരിയുടെ പ്രകാശം വരുത്തി പതിയെ ഉള്ളിലേക്ക് നടന്നു. 

   മകളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ ഇരിക്കുന്ന സുശീലന് നേരെ പുരുഷോത്തമൻ കൈ നീട്ടി.

" അപ്പൊ പറഞ്ഞപോലെ.. ആദ്യം ഇളയവളുടെ നടക്കട്ടെ. ഞാൻ അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു ശരിയാക്കി മുഹൂർത്തവും കുറിച്ച് വരാം..  തീരുമായമായ സ്ഥിതിക്ക് എന്തിനാ വൈകിക്കുന്നത്. അല്ലെ "
     പുരുഷോത്തമന്റെ വാക്കുകൾക്ക് ഒരു മൂളലിൽ മാത്രം മറുപടി ഒതുക്കുമ്പോൾ അയാളുടെ മനസ്സിൽ മുഴുവൻ അവളായിരുന്നു.
    ശരണ്യ........

             ----------------------------------------
.കല്യാണ തലേന്ന് മുടന്തൻ കാലുമായി ഓടിനടക്കുന്ന ശരണ്യയെ കണ്ടപ്പോൾ ദിനേശന് ഒന്ന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.   പാചകപ്പണിക്ക് വന്നതായിരുന്നു ദിനേശൻ.  പേര് കേട്ട ദഹണ്ണപണിക്കാരൻ. വയസ്സ് 32 ആയിട്ടേ ഉള്ളുവെങ്കിലും പണിയിലുള്ള ആത്മാർത്ഥതയും വൃത്തിയും സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കാനുള്ള കഴിയും അവന്റെ പേരിനെ വാനോളം ഉയർത്തിയിരുന്നു. 
  മുടന്തി ആണെങ്കിലും ആ കാലും വെച്ച് ഓടി നടക്കുന്ന ശരണ്യയെ ദിനേശൻ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ രാഘവന്റെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
  " ന്താ ദിനേശാ,  ആ കുട്ടിയെ ങ്ങനെ നോക്കുന്നത്.  ഒരു മുടന്തിയെയും വെറുതെ വിടരുത് ട്ടോ...  "
  ഊറിച്ചിരിച്ചുകൊണ്ടുള്ള രാഘവന്റെ സംസാരം ദിനേശന് അത്ര പിടിച്ചില്ലെങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ രാഘവനെ നോക്കി,

  " ന്റെ രാഘവേട്ടാ,  നിങ്ങൾക്ക് ഈ വിചാരമേ ഉള്ളൂ...   വയ്യാത്ത കാലും വെച്ച് ആ കുട്ടി ഓടി നടക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം.  എത്ര ഊർജ്വസ്വലയായിട്ടാ ആ കുട്ടി ഓടിനടക്കുന്നത്..  ആർക്കും ഒന്ന് നോക്കി നിൽക്കാൻ തോന്നും. "

" ന്റെ മോനെ  അത് ഈ വീട്ടിലെ തന്നെ മൂത്ത കുട്ടിയ. പക്ഷെ,  മുടന്തി ആയത് കൊണ്ട് ആരും കെട്ടിക്കൊണ്ട് പോകുന്നില്ല.  ഇപ്പോൾ ഈ നടക്കാൻ പോകുന്ന കല്യാണവും ഈ മോൾക്ക് വന്ന ആലോചനയാണ് . പക്ഷെ,  അവർക്ക് ഇഷ്ടമായത് ഇളയവളെ ആണ്..  അതാണ് നാളെ നടക്കാൻ പോകുന്നത്.  നീ പറഞ്ഞപോലെ വയ്യാത്ത കാലും വെച്ച് ചിരിച്ചുകൊണ്ട് ഓടി നടക്കുന്ന ആ മോളുടെ മനസ്സിൽ ഇപ്പോൾ എത്ര സങ്കടം ഉണ്ടാകുമെന്നറിയോ...
   എല്ലാം ഉള്ളിലൊതുക്കുകയാവും പാവം..  അല്ലേലും ദൈവം ഇങ്ങനെ ഓരോരുത്തരെ ജനിപ്പിക്കും. കണ്ണീരു കുടിപ്പിക്കാൻ മാത്രമായി"
   
രാഘവേട്ടൻ പറഞ്ഞു നിർത്തുമ്പോൾ ദിനേശന്റെ മനസ്സിലും ഒരു നൊമ്പരം മുളപൊട്ടിയിരുന്നു.

   " എന്ത് ചെയ്യാം രാഘവേട്ടാ.. ഓരോരുത്തർക്കും ദൈവം ഓരോ വിധിയല്ലേ കൊടുക്കുന്നത്. എനിക്ക്  തന്നത് അച്ഛനെയും അമ്മയെയും ഒറ്റയടിക്ക് അങ്ങ് മേലോട്ട് എടുത്ത് എന്നെ അനാഥനാക്കിയിട്ടല്ലേ.. അതുപോലെ എല്ലാവർക്കും ഓരോ തരത്തിൽ ആകും പ്രശ്നങ്ങൾ.."

രാഘവൻ ഒന്ന് മൂളുക മാത്രം ചെയ്തു,

"  പക്ഷെ,  രാഘവേട്ടാ,  കണ്ണുനീർ മാത്രം കുടിക്കാൻ വിധിക്കപ്പെട്ട കുട്ടിക്ക് നമുക്ക് കുറച്ചു സന്തോഷം കൊടുക്കാൻ കഴിഞ്ഞാൽ അത് നല്ലതല്ലേ...  "

എങ്ങനെ എന്ന മട്ടിൽ,  ഇവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയാതെ രാഘവൻ ദിനേശനെ നോക്കി.

അതൊക്ക പറയാം എന്ന മട്ടിൽ ദിനേശൻ തലകുലുക്കി ഒന്ന് പുഞ്ചിരിച്ചു..

          ----------------------------------

 " ചെക്കനെ നിങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ.  ഇവിടെ മുന്നേ  കഴിഞ്ഞ കല്യാണത്തിന്റെയും പാചകക്കാരൻ ഇവനായിരുന്നല്ലോ.. അതുകൊണ്ട് മുഖവുരയില്ലാതെ കാര്യം പറയാം.  ഈ ദിനേശന് നിങ്ങളുടെ മോളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.  ഇവന് ചോദിക്കാനും അന്വോഷിക്കാനും ഒന്നും വേറെ ആരുമില്ല. അച്ഛനും അമ്മയും മരിച്ചു,  പിന്നെ ഉള്ളത് ഞങ്ങളൊക്കെ ആണ്..  ഇനിയുള്ള ജീവിതത്തിൽ കൂട്ടായി ഇവിടുത്തെ മോളെ നിങ്ങൾ സന്തോഷപൂർവ്വം നൽകുകയാണെങ്കിൽ... "

രാഘവന്റെ ഓരോ വാക്കും വളരെ സന്തോഷത്തോടെ ആയിരുന്നു സുശീലൻ കേട്ടത്.
 " എനിക്ക് പൂർണ്ണസമ്മതം ആണ്...  നാടറിയുന്ന ഒരു പാചകകാരന്റെ ഭാര്യയായി എന്റെ മോൾ വരുന്നത് എനിക്ക് സന്തോഷമേ ഉള്ളൂ... 
പക്ഷെ,  അവളോട് ഒരു അഭിപ്രായം ചോതിക്കണ്ടേ..  അതുകൊണ്ട് പെണ്ണും ചെക്കനും തമ്മിൽ ഒന്ന് സംസാരിക്കട്ടെ. "
 അത് മതിയെന്ന അർത്ഥത്തിൽ രാഘവനും തലയാട്ടി "

അവർ സംസാരിക്കട്ടെ... അതന്നെ ആണ് അതിന്റെ ശരി "
          --------------------------------------

    എന്റെ പേര് ദിനേശൻ.. ജോലി പിന്നെ നിങ്ങൾക്കൊക്കെ അറിയാലോ..  എനിക്ക് ഇയാളെ ഇഷ്ട്ടമാണ്.  ഇയാളുടെ തീരുമാനം കൂടി അറിഞ്ഞാൽ... "

" ചേട്ടൻ സഹതാപം കൊണ്ടാണോ എന്നെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്?
ആണെങ്കിൽ എനിക്ക് താല്പര്യം ഇല്ല.. എനിക്ക് ആവശ്യം സഹതാപമുള്ള കണ്ണുകളും അതിന്റ കൂടെ കിട്ടുന്ന സ്നേഹവുമില്ല,  കാരണം അത് എപ്പോ വേണമെങ്കിലും തീരാം.  "

"  ഒരിക്കലുമല്ല ശരണ്യ...  സഹതാപം ഇല്ലെന്നു ഞാൻ പറയുന്നില്ല   പക്ഷെ,  തന്റെ കാലിന്റെ  പ്രശ്നം കണ്ടു തോന്നിയ ഒരു  സഹതാപ സ്നേഹം  അല്ല മനസ്സിൽ..  ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവനാണ് ഞാൻ . അനിയത്തിയുടെ കല്യാണത്തിന് തന്നെ കണ്ടപ്പോൾ  എന്റെ ജീവിതത്തിലേക്ക് എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കാളിയാവാനും ഷെയർ ചെയ്യാനും തന്നെ കൊണ്ട് പറ്റുമെന്ന് തോന്നി.  അങ്ങനെ ജീവിക്കാൻ കഴിഞ്ഞാൽ തന്റെ പ്രശ്നം എന്റെയും എന്റെ പ്രശ്നം തന്റെയും അല്ലെ,  അപ്പൊ തന്റെ വയ്യാത്ത ഈ ഇടതു കാലിന്റെ ഭാഗത്തു ഞാൻ ഉണ്ടാകുമെടോ..  എന്നും എപ്പോഴും "

 അവന്റെ വാക്കുകളിലെ സന്തോഷവും ആത്മാർത്ഥതയും തിരിച്ചറിയാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നു...  താൻ ആഗ്രഹിച്ച പോലെ ഉള്ള ഒരു പങ്കാളിയാകാൻ അയാൾക്ക് കഴിയുമെന്നും അവൾക്ക് ഉറപ്പുണ്ടായിരുന്നു..

 രണ്ടു പേരുടെയും എല്ലാം ചോദ്യങ്ങൾക്കും ഉത്തരമായി  അവസാനം ഒരു പുഞ്ചിരിയിൽ ഒതുക്കുമ്പോൾ  ജീവിക്കാൻ അവൾ  തീരുമാനമെടുത്തിരുന്നു
     ഒരു സദ്യവെപ്പുകാരന്റെ  ജീവിതസഖിയായി.

രചന: ഗുൽമോഹർ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top