രചന : AmMu Malu AmmaLu
എന്റെ അമ്മു നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ ഞാൻ ആവശ്യത്തിനെ പാടുള്ളൂ എല്ലാം എന്ന്.. എത്ര പറഞ്ഞാലും കേക്കില്ലവള് എന്നിട്ട് കിടന്ന് മോങ്ങിക്കോളും..
എന്റമ്മൂ നീയൊന്നീ കരച്ചില് നിർത്തുന്നുണ്ടോ..
കട്ടിലിൽ കിടന്ന് കരയുന്ന അമ്മുവിന്റെ കയ്യിൽ പിടിച്ചെണീപ്പിക്കാൻ ഞാനാവുന്നതും നോക്കി.
അമ്മിക്കല്ലിനു കാറ്റുപിടിച്ച കണക്കെ അവളതെ കിടപ്പ് തന്നെ കിടക്കുന്നത് കണ്ടപ്പോ എനിക്കടിമുടിയരിച്ചു കയറി.
" ആ എന്നാ നീ എന്താച്ചാ ചെയ്യ്.. കുറച്ചൊക്കെ ബാക്കിയുള്ളൊരു പറയുന്നതിന് വില കൊടുക്കണം അല്ലേൽ ഇങ്ങനെ ഇരുന്ന് കരയാൻ മാത്രമേ നിനക്ക് നേരമുണ്ടാകൂ അമ്മു. ".. പറയാനുള്ളത് ഞാൻ പറഞ്ഞു ഇനിയെന്താന്ന് വെച്ചാ നീ തന്നെ ചെയ്യ്.
അതും പറഞ്ഞ് ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി.
കുറച്ചു നേരം അതേ കിടപ്പിൽ കിടന്നവൾ കരഞ്ഞു.. ശേഷം പതിയെ എണീറ്റ് കണ്ണ് തുടച്ച് അമ്മ പറഞ്ഞ കാര്യങ്ങൾ ഓർത്തങ്ങനേ ഇരുന്നു..
"അതിന് എവിടേലും പോണെങ്കിൽ രാവിലെ നേരത്തും കാലത്തുമൊക്കെ എണീക്കണം.. അല്ലാതെ ഒരുങ്ങി കെട്ടി ഇറങ്ങിയിട്ട് പണിയൊന്നും ചെയ്യാതെ പോകുവല്ല വേണ്ടത്..
എന്താത് ഇത്രേം കാലം ഒരിടത്തേക്കും എന്റെ പണികൾ ഒരുങ്ങാതെ എവിടേക്കും പോയിട്ടില്ല ഞാൻ..
ഒരു വീടായാൽ രാവിലെ പണികളൊക്കെ ഒരുക്കണം.. എന്താ നിനക്കതൊന്നും അറിയില്ലേ.. വീട്ടീന്നാരും അതൊന്നും പറഞ്ഞു തന്നിട്ടില്ലേ.. "
കല്യാണം കഴിഞ്ഞതിനു ശേഷം ഇന്ന് ആദ്യമായിട്ടാണ് ഏട്ടന്റെ കൂടെ ഒരു സിനിമക്ക് പോകുന്നത്.. സൺഡേ ആയതു കൊണ്ട് എണീക്കാൻ അല്പം വൈകിയിരുന്നു. ന്നാലും പണികളൊക്കെ അമ്മേന്റെ കൂടെ ചെയ്ത് തീർത്തിട്ടാണല്ലോ ഞാൻ പോയത്. എന്നിട്ടും അമ്മയെന്തിനാ തന്നോട് അങ്ങനെ പറഞ്ഞതെന്നോർത്തോർത്തവൾ കൊച്ചു കുട്ടികളെപ്പോലെ വീണ്ടും കിടന്നു കരയാൻ തുടങ്ങി.. കരച്ചിലിന്റെ ശബ്ദം ഇടയ്ക്കിടെ കൂടാൻ തുടങ്ങിയപ്പോൾ ഞാൻ വീണ്ടും മുറിയിലേക്ക് ചെന്നവളുടെ വായ പൊത്തിപ്പിടിച്ചു കണ്ണുരുട്ടി കാണിച്ചു.
അപ്പഴും അവളുടെ ഏങ്ങലടിയിൽ മാറ്റം ഒന്നുമുണ്ടായിരുന്നില്ല..
രാവിലത്തെ പ്രാതൽ കഴിക്കാനായി ഇരിക്കുമ്പോളായിരുന്നു ഞാൻ പോകുന്ന കാര്യം അമ്മൂനോട് പറയുന്നത് പോലും.
അല്ലേ തുമ്മിയതും തുപ്പിയതും പോലും അമ്മയുമായി ഷെയർ ചെയ്യുന്ന അവൾ ഇക്കാര്യം മാത്രം നേരത്തെ അമ്മയോട് പറയാത്തതിലുള്ള ദേഷ്യം ആയിരുന്നു വന്നു കയറിയപ്പോൾ മുതൽ അമ്മ അവളോട് തീർത്തതെന്ന് അറിയാമെങ്കിലും പെട്ടന്ന് വീട്ടുകാരെ ചേർത്ത് പറഞ്ഞപ്പോൾ മനസ്സിൽ അടക്കിപ്പിടിച്ച സങ്കടങ്ങളെല്ലാം പുറത്തേക്കവളറിയാതെ തന്നെ ഒഴുകിയെത്തിയിരുന്നു.
"വീട്ടിൽ അമ്മയും അച്ഛയും ഒക്കെ നിന്നെ ഇത്രയധികം ലാളിച്ചു വളർത്തിയത് കൊണ്ടാ അമ്മു ഇവിടെ അമ്മയെന്തെങ്കിലും പറയുമ്പോളേക്കും നിനക്കിത്ര സങ്കടം.. "ഞാനതും പറഞ്ഞവളുടെ മുടിയിഴകളിലൂടെ കയ്യോടിച്ചപ്പോളായിരുന്നു അവളോർമകളിൽ നിന്നുമുണർന്നത്..
ഏട്ടാ ഞാൻ... ഏങ്ങലടിച്ചു കൊണ്ട് നിറകണ്ണുകളോടെ എനിക്ക് മുഖാന്തരമിരുന്നവൾ പറയാൻ തുടങ്ങവേ ഞാൻ അവളുടെ വായ പൊത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
തൊട്ടതും പിടിച്ചതും ഒക്കെ അമ്മയോട് പറയാൻ നിക്കണ്ടാന്ന് നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ.. അപ്പൊ എന്നും തലയാട്ടി കേൾക്കും എന്നിട്ടോ ചെയ്യുന്നത് നേരെ തിരിച്ചും. അവിടത്തെ പോലെ അല്ല ഇവിടെ, അവിടെ നീ എന്ത് കാണിച്ചാലും ചെയ്താലും നിന്റെ വീടും വീട്ടുകാരുമാണ്..പക്ഷേ ഇവിടെ നീ വന്നുകയറിയവൾ ആണ്.. അതിന്റെ മാറ്റമുണ്ട്.. അപ്പൊ നീ എത്ര കണ്ടു മനസ്സ് തുറന്നാലും ചിലപ്പോൾ അമ്മക്കത് മനസ്സിലായിക്കൊള്ളണമെന്നില്ല..അതുകൊണ്ടാ ഞാൻ എപ്പോളും പറയാറുള്ളത് ഇവിടെ ആവശ്യത്തിന് സംസാരം മാത്രമേ ആരോടായാലും പാടുള്ളുവെന്ന്..
സ്വന്തം വീട്ടിൽ നീ എങ്ങനെയോ ആയിക്കൊള്ളട്ടെ പക്ഷേ, കയറി വരുന്ന വീട്ടിൽ നമുക്ക് എന്തിനും ഒരു പരിധിയുണ്ടമ്മു അതുകൊണ്ട് ഇനിയെങ്കിലും ഞാൻ പറയുന്നതൊന്നു മനസ്സിലാക്കു നീ..
എന്നിട്ട് പോയി കണ്ണൊക്കെ കഴുകി നല്ല കുട്ടിയായിട്ട് വന്നേ നമുക്കുറങ്ങണ്ടേ എനിക്ക് നാളെ പണിയുള്ളതാ.. അതും പറഞ്ഞൊരു വിധം ഞാനവളെ സമാധാനിപ്പിച്ചു കിടത്തി.
അങ്ങനെ ഓരോന്ന് പറഞ്ഞ് എപ്പോളോ ഉറക്കത്തിലേക്ക് വഴുതിവീണു ഞങ്ങൾ.
പിറ്റേന്ന് പതിവുപോലെ അവൾ രാവിലെ 5മണിക്ക് തന്നെ എണീറ്റു കുളിച്ച് അമ്മക്കൊപ്പം അടുക്കളയിൽ കയറി..
പിന്നാലെ എന്നത്തേയും പോലെ ഞാനും കഴിക്കാനായി വന്നിരിക്കുമ്പോൾ അടുക്കളയിൽ നിന്നും പതിവില്ലാതെ അടക്കിപ്പിടിച്ച വർത്തമാനവും ചിരിയും കേട്ട് ഞാൻ അവിടേക്ക് ചെല്ലുമ്പോൾ അവളമ്മയോട് ഇന്നലെ കണ്ട സിനിമയുടെ കഥ പറഞ്ഞ് ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്.
അത് കണ്ടതും എന്റെ ചിന്തയിൽ ആ പഴയ ചൊല്ലുണർന്നു
" പോത്തിന്റെ ചെവിയിൽ കിന്നരം ഓതിയിട്ട് എന്താ കാര്യം " എന്ന്.. 😁
രചന : AmMu Malu AmmaLu
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....