ഹൃദയസഖി, ഭാഗം: 23

Valappottukal
ഹൃദയസഖി, ഭാഗം: 23

അഭിമന്യു പോയിട്ട് നാലു  ദിവസം ആയിരിക്കുന്നു.  എന്തോ ഒഫീഷ്യൽ മാറ്റർ ആണെന്ന് അല്ലാതെ മറ്റൊന്നും കൃഷ്ണ യോട് പറഞ്ഞിരുന്നില്ല.  അവൾ ചോദിച്ചെങ്കിലും ഒന്നും പറയാതെ  ഒഴിഞ്ഞു  മാറിയിരുന്നു.  ഫോൺ ചെയ്തപ്പോൾ തിരികെ വരാൻ അല്പം ദിവസങ്ങൾകൂടി എടുക്കും എന്നും  ഏതോ  ഇൻവെസ്റ്റിഗേഷന്റെ  ഭാഗമായി പോയതാണെന്നും മാത്രം അവൻ മറുപടി നൽകി.
കൃഷ്ണക്ക് അഭിയെ ശരിക്കും മിസ്സ് ചെയ്യാൻ തുടങ്ങി.. കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യമായാണ് ഇരുവരും  പിരിഞ്ഞിരിക്കുന്നത്.
 അഭി ഇല്ലാതെ ഒറ്റയ്ക്ക് നിൽക്കേണ്ടിയിരുന്നില്ല എന്ന്പോലും അവൾക്ക് തോന്നിപ്പോയി. എങ്കിലും അവൾ ചെമ്പകശ്ശേരിയിൽ നിന്നത് എല്ലാവർക്കും സന്തോഷം തന്നെയായിരുന്നു. പഴയ പോലുള്ള വഴക്കുകളോ കുത്തുവാക്കുകളോ കേൾക്കാതെ ഒരു ദിവസം എങ്കിലും ഇവിടെ എല്ലാവരുടെയും സ്നേഹം അനുഭവിച്ചു ജീവിക്കണം എന്നതൊരു മോഹം ആയിരുന്നു. അത് സാധിച്ചതിന്റെ വലിയ സന്തോഷം അവളിൽ  പ്രകടം ആയിരുന്നു. പഴയ കൃഷ്ണവേണിയിൽ നിന്നും ഒരുപാട് ദൂരം എത്തിയത് പോലെ.ഹരിയേട്ടനും മീനു ചേച്ചിയും താനും പഴയ പോലെ ഒരുമിച്ചു ഒരു വീട്ടിൽ.. ഇനിയൊരിക്കലും കഴിയില്ലെന്ന് കരുതിയ കാര്യമാണ്.   ചെമ്പകശ്ശേരിയിൽ തിരികെ വന്നത് സന്തോഷം നൽകുന്നത് ആയിരുന്നു എങ്കിലും അഭിയോടൊപ്പം അവന്റെ വീട്ടിലേക്കെത്താൻ മനസ് തുടിക്കുന്നുണ്ടായിരുന്നു. 

 പിറ്റേ ദിവസം പുലർച്ചെ കൃഷ്ണയുടെ ഫോൺ റിങ് ചെയ്തു.  അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.  നോക്കുമ്പോൾ അഭിയാണ്.പെട്ടന്ന് തന്നെ അവൾ കോൾ അറ്റൻഡ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ   ഇടയ്ക്ക് ഫോൺ ചെയ്യുമെങ്കിലും ജോലിത്തിരക്കിൽ ആയത് കൊണ്ടവൻ അധികം  സംസാരിക്കാൻ നിന്നിരുന്നില്ല.

" ഹലോ അഭിയേട്ടാ എവിടെയാ..." ഫോൺ എടുത്ത ഉടനെയവൾ ചോദിച്ചു.

" ഞാൻ വന്നോണ്ടിരിക്കുവാ...ട്രെയിനിൽ ആണ്... ഏഴു മണിയോടെ എത്തും.."

" എപ്പോഴാ ഇങ്ങോട്ട് വരിക "

"നാളെ വരാം.. "

" എങ്കിൽ ഞാൻ തനിയെ വരട്ടെ.. അല്പം കൂടി കഴിഞ്ഞു ഇറങ്ങിയാൽ  അഭിയേട്ടൻ എത്തുമ്പോഴേക്കും ഞാനും അവിടെ  എത്താം "

" വേണ്ട.. എനിക്കൊരു  ജോലി കൂടി തീർക്കാൻ ഉണ്ട്. അതിനു ശേഷം ഞാൻ വന്നു കൂട്ടികൊണ്ട് വരാം.. അത് വരെ ചെമ്പകശ്ശേരിയിൽ നിന്നാൽ മതി. " അവന്റെ ശബ്ദത്തിൽ നേരിയൊരു വ്യത്യാസം ഉണ്ടായിരുന്നു.

"അഭിയേട്ടന് എന്തെങ്കിലും ടെൻഷൻ ഉണ്ടോ " അവൾ സംശയിച്ചു ചോദിച്ചു.

" എന്താ അങ്ങനെ ചോദിച്ചത്.. "

"അങ്ങനെ തോന്നി "

" ഇല്ല... ഞാൻ എത്തിയിട്ട് വിളിക്കാം.. പിന്നെ.. പുറത്തേക്കൊന്നും പോകേണ്ട. ഞാൻ നാളെ വരാം കൂട്ടികൊണ്ട് പോരാൻ "

"മം "  മറുപടിയൊരു മൂളലിൽ ഒതുക്കി അവൾ.  മറുതലയ്ക്കൽ ഫോൺ കട്ട്‌ ആയിരുന്നു. 
പിന്നെ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.അവൾ എഴുന്നേറ്റ് ജനാലക്കരികിൽ എത്തി പുറത്തേക്ക് നോക്കി. ഇരുട്ടാണ്. വെളിച്ചം വീണു തുടങ്ങുന്നതേയുള്ളൂ. പുറത്താകെ  തണുത്തുറഞ്ഞു  നിൽക്കുന്നു. തണുപ്പ് കൂടി വന്നതും കർട്ടൻ വലിച്ചിട്ട് അവൾ  അകത്തേക്ക് തന്നെ കയറി.  കുറച്ചു കഴിഞ്ഞു പുറത്ത് വെളിച്ചം വീണു തുടങ്ങിയതും അവൾ പതിയെ തൊടിയിലേക്ക് ഇറങ്ങി.  അവിടമാകെ ചുറ്റി നടന്നു. കഴിഞ്ഞ ദിവസങ്ങളിലായി എല്ലാവരും തന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ്.  ഇത്ര നാളും കിട്ടാതിരുന്നതൊക്കെ ആവോളം ആസ്വദിച്ചു എന്ന് വേണം പറയാൻ.  എങ്കിലും ഇപ്പോൾ പഴയ പോലെ തനിച്ചു നടക്കാനൊരു മോഹം.  തണുപ്പേറ്റ്‌ ആ വഴികളിലൂടെ നടന്നതും പറഞ്ഞറിയിക്കാൻ ആകാത്തൊരു അനുഭൂതി.  കുറച്ചു നാളുകൾ പിന്നിലേക്ക് പോയത് പോലെ.

തിരികെ എത്തിയപ്പോൾ എല്ലാവരും ഉറക്കം എഴുന്നേറ്റ് വരുന്നതേ ഉള്ളൂ.  അവൾ അടുക്കളയിൽ കയറി ചായ ഇട്ട് ഓരോരുത്തർക്കായി നൽകി.  രവീന്ദ്രന് പൂർണമായും ഭേദമായിരിക്കുന്നു.  തികച്ചും ആരോഗ്യവാനായ അയാൾ ജോലിക്ക് പോകാനും തുടങ്ങിയിരുന്നു. 

  ഹരിയും മീനാക്ഷിയും  അവളെ എപ്പോഴും സന്തോഷമായി നിർത്താൻ ശ്രമിച്ചിരുന്നു.  അവരോടൊപ്പം അവൾ സന്തോഷവതിയും ആയിരുന്നു.  എങ്കിലും അഭിമന്യു അടുത്തില്ലാത്തതിന്റെ എന്തോ ഒരു കുറവ് അനുഭവപെട്ടു.

വൈകുന്നേരം ചെറിയൊരു പർച്ചസിങ്ങിനായി  ടൗണിൽ എത്തിയതായിരുന്നു കൃഷ്ണ. കൂടെ ഹരിയും മീനാക്ഷിയും ഉണ്ടായിരുന്നു. പുറത്തേക്ക് പോകാൻ താൻ ഇല്ലന്ന് പറഞ്ഞെങ്കിലും ഹരിയുടെ നിർബന്ധം മൂലം അവളും കൂടെച്ചെന്നു.  കൃഷ്ണയ്ക്കും അഭിയ്‌ക്കും വേണ്ടി ഹരിയും മീനാക്ഷിയും ചേർന്നു ഡ്രസ്സ്‌ എടുത്തിരുന്നു. കുറച്ചു ഡ്രെസ്സുകളും മറ്റും വാങ്ങി അത്യാവശ്യം ചില വീട്ടുസാധനങ്ങൾ കൂടി വാങ്ങി തിരികെ പോകാമെന്ന ഉദ്ദേശത്തിൽ  അവർ സൂപ്പർ മാർക്കെറ്റിലേക്ക് കയറി.

 പർച്ചെസിങ് ഒക്കെ കഴിഞ്ഞു  മൂവരും ചെമ്പകശ്ശേരിയിലേക്ക് തിരിച്ചു.  ഹരിയാണ് ഡ്രൈവ് ചെയ്തത്. മീനാക്ഷിയും കൃഷ്ണയും പിൻസീറ്റിൽ ഇരുന്നു. കാറിൽ ഇരുന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ 14 മിസ്സ്ഡ് കാൾ.   ഏട്ടത്തിമാരും അച്ഛനും മാറി മാറി വിളിച്ചിട്ടുണ്ട്.  അവൾക്ക് ഉള്ളിലൊരു ഭയം തോന്നി. ഉടനെ തന്നെ അവൾ വീണയെ  തിരികെ വിളിച്ചു.
 " ഹലോ.. കൃഷ്ണേ "

" ചേച്ചി... .

" നീ എവിടെയായിരുന്നു.. എത്ര തവണ വിളിച്ചു.. " അവരുടെ വാക്കുകളിൽ പരിഭ്രമം ഉണ്ടായിരുന്നതായി കൃഷ്ണയ്ക്ക് തോന്നി.

" ഫോൺ സൈലന്റ് ആയിരുന്നു.. കോൾ വന്നത് അറിഞ്ഞില്ല..എന്താ ചേച്ചി "

" അത്.... അഭിമന്യുവിന് ചെറിയൊരു അപകടം ഉണ്ടായി...

"അപകടമോ... "

" അതെ..ഇപ്പോ സിറ്റി ഹോസ്പിറ്റലിൽ ആണ്... "
കൃഷ്ണയുടെ  കയ്യിൽ നിന്ന് ഫോൺ ഊർന്നു താഴേക്ക് പോയി.

"എന്താ... എന്ത് പറ്റി " ഹരി കാർ സൈഡിലേക്ക് ഒതുക്കി ചോദിച്ചു. 

"കൃഷ്ണേ.. ആരാ വിളിച്ചത്.. എന്താ ഉണ്ടായത് "മീനാക്ഷി അവളുടെ തോളിൽ പിടിച്ചു കുലുക്കി.

" അഭിയേട്ടന് എന്തോ അപകടം ഉണ്ടായി.." അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. മീനാക്ഷി പെട്ടന്ന് തന്നെ താഴെ നിന്നു ഫോൺ എടുത്തു വീണയോട് സംസാരിച്ചു.

" സിറ്റി  ഹോസ്പിറ്റലിൽ ആണ്.. വേഗം പോവാം ഹരിയേട്ടാ.. " അവൾ വെപ്രാളത്തോടെ പറഞ്ഞു.  പെട്ടന്ന്  തന്നെ അവൻ കാർ തിരിച്ചു നിമിഷങ്ങൾക്കകം ഹോസ്പിറ്റലിൽ എത്തി. അവർ ചെല്ലുമ്പോഴേക്കും പ്രതാപനും ജാനകിയും ഉൾപ്പെടെ എല്ലാവരും ഉണ്ടായിരുന്നു. കൂടെ മറ്റാരൊക്കെയോ ഉണ്ട്.  ചില പോലീസുകാരും കൂടി നിൽക്കുന്നുണ്ട്.  കൃഷ്ണയെ കണ്ടതും സ്വപ്ന വന്നു അവളെ ചേർത്ത് പിടിച്ചു.

" എന്താ ഉണ്ടായത്.. " ഹരി അന്വേഷിച്ചു

" ആക്രമണം ആണ്.  കത്തി കൊണ്ട് പിന്നിൽ നിന്ന് കുത്തിയതാ.."

"ആര് "

"ശ്രീജിത്ത്‌.. !"
 കൃഷ്ണയിൽ ഒരു നടുക്കം ഉണ്ടായി.  അവൾ തളർന്നു അടുത്തുള്ള കസേരയിൽ ഇരുന്നു. 

" അയാൾ ജയിലിൽ അല്ലെ. " ഹരി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു

" ജയിൽ ചാടി ഇന്നലെ രാത്രി.. അഭി അതറിഞ്ഞ് അവനെ തിരക്കി പോകുന്ന വഴിയാണ് സംഭവം.. വഴിയിൽ വെച്ച് ഇരുവരും സംഘർഷം ഉണ്ടാകുകയും അവൻ കത്തി കൊണ്ട് കുത്തുകയും ചെയ്തു. " കൂടെ ഉണ്ടായിരുന്ന പോലീസുകാരൻ പറഞ്ഞു.

ജാനകി കസേരയിൽ ഇരുന്നു തേങ്ങിക്കൊണ്ടിരുന്നു. കരച്ചിലടക്കി  അവരെ ആശ്വസിപ്പിച്ചുകൊണ്ട് പ്രതാപനും.  അർജുനും അനിരുദ്ധും ICU വിനു മുന്നിൽ നിലയുറപ്പിച്ചിരിക്കയാണ്.  സ്വപ്ന കൃഷ്ണയുടെ കൈകളെ മുറുകെ പിടിച്ചു അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കയാണ്.

" എനിക്കൊരു ജോലി കൂടി തീർക്കാൻ ഉണ്ട്..എന്നിട്ട് വന്നു നിന്നെ കൂട്ടിക്കൊണ്ട് വരാം " രാവിലെ തന്നോട് പറഞ്ഞ അഭിയുടെ വാക്കുകൾ അവളുടെ മനസിലേക്ക് ഓടിയെത്തി... ശ്രീജിത്തിന്റെ കാര്യം ഓർത്തായിരുന്നു അഭിയേട്ടൻ അങ്ങനെ പറഞ്ഞത്.  രാവിലെ സംസാരത്തിൽ ഉണ്ടായിരുന്ന ടെൻഷന്റെയും  കാരണക്കാരൻ ശ്രീജിത്ത്‌ തന്നെ. കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.  ഇരുകൈകളാലും  മുഖം മറച്ചു അവൾ കരഞ്ഞു.  അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുറ്റുമുള്ളവർ കുഴങ്ങി. ഹരി കൃഷ്ണയുടെ അരികിലേക്ക് വന്നു . ഒന്നും പറയാൻ അവനും കഴിഞ്ഞില്ല.. അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് അവനും തൊട്ടരികിലായി മീനുവും ഇരുന്നു.

" അഭിയേട്ടനോടൊപ്പം ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. ആ സ്നേഹവും കരുതലും എല്ലാം അനുഭവിച്ചു വരുന്നതേ ഉള്ളൂ. കൈക്കുമ്പിളിൽ ദാനമായി തന്ന ജീവിതം തട്ടിയെടുക്കുകയാണോ ഈശ്വരാ " അവൾ മനസ്സിൽ ചോദിച്ചു. " താലിയിൽ കൈകൾ പിടിമുറുക്കി. മരവിപ്പ്  അവളെ ചൂഴ്ന്നിരുന്നു. മനസും ശരീരവും വേകുന്നത് പോലെ.  എല്ലാവരും അസ്വസ്ഥതെയോടെ നിൽക്കുകയാണ്.  ഇടയ്ക്ക് വാതിൽ തുറന്ന് ഒരു നഴ്സ് പുറത്ത് വന്നതും ഹരി ചെന്നു വിവരം അന്വേഷിച്ചു. 

" ഒരു ഇമ്മീഡിയറ്റ് സർജറി വേണ്ടി വരും "  നഴ്സ് അകത്തേക്ക് പോയതിന് പിന്നാലെ ഹരി എല്ലാവരോടുമായി പറഞ്ഞു.
ഉടനടി സർജറിക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്തു. തുടർന്നു പ്രാർത്ഥനയുടെ മണിക്കൂറുകൾ ആയിരുന്നു. കൃഷ്ണയെ ഓർത്തു ഹരിയ്ക്കും മീനുവിനും  വേദന തോന്നി.  നിയന്ത്രണം വിട്ട് ചില നേരത്തവൾ പൊട്ടിക്കരഞ്ഞു.  തേങ്ങലുകൾ ഉയർന്നു കേൾക്കാമായിരുന്നു.

മണിക്കൂറുകൾക്ക് ശേഷം ICU വാതിൽ തുറക്കപ്പെട്ടു. ഡോക്ടർ പുറത്തേക്ക് വന്നു. "സർജറി കഴിഞ്ഞു അപകടനില തരണം ചെയ്തിട്ടുണ്ട്.. ഇപ്പോൾ സെഡേഷനിൽ ആണ് "
 അപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. വീണ്ടും പ്രാർത്ഥനയോടെ എല്ലാവരും കാത്തിരുന്നു. ഓരോ നിമിഷവും ഒരു യുഗം പോലെ കടന്നുപോയി. രാത്രി ഇരുട്ടി വെളുക്കുന്നത് വരെ ആരും ഉറങ്ങിയില്ല.  ഒരുപോള കണ്ണടക്കാതെ എല്ലാവരും കാത്തിരുന്നു.  പിറ്റേന്ന് രാവിലെയാണ് അഭിയെ കാണാൻ അവസരം ഉണ്ടായത്. ജാനകിയും പ്രതാപനും അകത്തുകയറി കണ്ടതിനുശേഷമാണ് കൃഷ്ണ കയറിയത്. അവളെ പ്രതീക്ഷിച്ച് എന്നപോലെ അഭി  വാതിൽക്കലേക്ക് നോക്കി കിടക്കുകയായിരുന്നു. കൃഷ്ണ അവനു  അരികിലായി വന്നിരുന്നു.  കരഞ്ഞു കലങ്ങിയ കണ്ണുകളും ഉറക്കക്ഷീണം ഉള്ള മുഖവുമായി അവൾ ഒറ്റ ദിവസംകൊണ്ട് തളർന്നു പോയ പോലെ. അഭിയുടെ മുൻപിൽ അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ശ്രമത്തെ വിഫലമാക്കി കൊണ്ട് കണ്ണീർ  വീണ്ടും ഇറ്റു വീണു. 

 "കുഴപ്പമില്ല.. ഞാൻ ഒക്കെയാണ്..." അവളുടെ കൈകളെ കവർന്നുകൊണ്ട് അഭി പറഞ്ഞു.
 വീണ്ടും കണ്ണുനീർ ഒഴുകി...

 "കുഴപ്പമില്ലെന്നെ .." അവൻ ചിരിയോടെ പറഞ്ഞു.. കൈയ്യെത്തിച്ചു അവളുടെ കവിളുകളെ തലോടി.  കുറച്ചു നേരം കൂടി അവന്റെ അടുത്തിരുന്ന് അതിനു ശേഷം അവൾ പുറത്തേക്ക് ഇറങ്ങി. 

 ഹരിയും മീനാക്ഷിയും തലേന്നു മുതൽ അവളോടൊപ്പം ഉണ്ടായിരുന്നു.. അവരും അകത്തുകയറി അഭിമന്യുവിനെ കണ്ടതിനുശേഷം കൃഷ്ണ ഇരുവരെയും നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞു വിട്ടു.
 
 ആന്തരിക അവയവങ്ങൾക്ക് മുറിവേറ്റിരുന്നില്ല.  അത്  കൊണ്ട് തന്നെ അധികം പേടിക്കേണ്ട കാര്യം  ഉണ്ടായിരുന്നില്ല. എന്നാൽ മുറിവ് അല്പം ആഴത്തിൽ ആയിരുന്നു .  എല്ലാവരും  ശരിക്കൊന്നു  ഭയന്ന് പോയിരുന്നു. പ്രത്യേകിച്ച് കൃഷ്ണ.. ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുമെന്ന് അഭിമന്യു മുൻകൂട്ടി പറഞ്ഞിട്ടുള്ളതാണ്... അവയൊക്കെ മനോധൈര്യത്തോടെ നേരിടാൻ പലകുറി പറഞ്ഞിട്ടുമുള്ളതാണ്.. പക്ഷേ എന്നിട്ടും താൻ  തളർന്നു പോയി.. അവൾ മനസ്സിൽ ഓർത്തു.

 തുടർന്നുള്ള ദിവസങ്ങളിലും അവൾ തന്നെയാണ് ഹോസ്പിറ്റലിൽ കൂടെ നിന്നത്. ജാനകിയും പ്രതാപനും  അവന്റെ ചേട്ടന്മാരും ഒക്കെ ദിവസവും വന്നിരുന്നു. പക്ഷേ അവന്റെ  അരികിൽ നിന്നും മാറാൻ കൃഷ്ണ  കൂട്ടാക്കിയില്ല. കൂടെ നിന്ന് ശുശ്രൂഷിച്ചു. ആദ്യത്തെ കുറച്ച് ദിവസം നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പതിയെ അത് മാറി.
ഒരാഴ്ച ആശുപത്രിയിൽ തന്നെ ആയിരുന്നു.  പലരും ഇടയ്ക്കിടെ വരികയും കാണുകയും ചെയ്യുന്നുണ്ടായിരുന്നു.  ചില ഉദ്യോഗസ്ഥന്മാർ നിരന്തരം വന്നുകൊണ്ടിരുന്നു.  ഹോസ്പിറ്റലിൽ ആയിരുന്നെങ്കിലും അവന്റെ മനസ് മറ്റു പലതിന്റെയും പിറകിൽ ആണെന്ന് കൃഷ്ണയ്ക്ക് വ്യക്തമായി.
" കൂടിപ്പോയാൽ ഒരാഴ്ച അതിനുള്ളിൽ ഡിസ്ചാർജ് ആകാം.." ഒരു വൈകുന്നേരം ഡോക്ടർ  ഇരുവരോടും പറഞ്ഞു.ആ സമയം  ഹരിയും മീനാക്ഷിയും അവരോടൊപ്പം ഉണ്ടായിരുന്നു.

 അവർ സംസാരിച്ചിരിക്കുമ്പോൾ  തന്നെ ഒരു പോലീസുകാരൻ അകത്തേക്ക് കയറിവന്നു.

" ശ്രീജിത്ത് എവിടെ ഉണ്ടെന്നുള്ള ലൊക്കേഷൻ കിട്ടിയിട്ടുണ്ട് സർ.."

 "എവിടെ "അഭി  ബെഡിൽ നിന്ന് എഴുന്നേറ്റു.

 "അവന്റെ  വീടിനടുത്തുള്ള പരിസരങ്ങളിൽ ഒക്കെ കഴിഞ്ഞദിവസം ചെന്നിരുന്നു എന്നാണ് അറിഞ്ഞത്.. ഇപ്പോൾ ടൗണിനടുത്ത ഉള്ളത് ആയിട്ടാണ് വിവരം കിട്ടിയിരിക്കുന്നത്. പ്രദീപ് സർ  അവിടേക്ക് തിരിച്ചിട്ടുണ്ട്.."

 "മം.. താൻ പൊയ്ക്കോ." അയാൾ സല്യൂട്ട് ചെയ്തു പുറത്തേക്ക് പോയി.   അയാളെ പറഞ്ഞു വിട്ടതിനു ശേഷം അഭി ആർക്കോ ഫോൺ ചെയ്തു.

" പ്രദീപേ..ഇപ്പോ ഒന്നും ചെയ്യേണ്ട.. അവന്റെ ലൊക്കേഷൻ വളഞ്ഞാൽ മതി..അറസ്റ്റ് ചെയ്യേണ്ട, പക്ഷെ  കയ്യിൽ നിന്ന് പോകരുത് " അവൻ ഫോണിലൂടെ സംസാരിക്കുന്നത് കേട്ട് ഹരിയും കൃഷ്ണയും പരസ്പരം നോക്കി.

" അവനെ കണ്ടു പിടിച്ചു എന്ന് മറ്റാരും  അറിയാൻ പോലും പാടില്ല..കൂടെയുള്ളവരോട് റോങ് ഇൻഫർമേഷൻ എന്ന് പറഞ്ഞു തിരികെ അയച്ചേക്ക് "   അഭി ദൂരെ നിന്നാണ് സംസാരിച്ചതെങ്കിലും അവന്റെ വാക്കുകൾക്ക് ഹരിയും അതോടൊപ്പം കൃഷ്ണയും ഒരുപോലെ കാതോർത്തു.

" കിട്ടിയോ അവനെ " അഭി തിരികെ വന്നതും ഹരി ചോദിച്ചു.

" മം.. ലൊക്കേഷൻ കിട്ടി.. "
അപ്പോഴേക്കും അനിരുദ്ധ് അകത്തേക്ക് കയറി വന്നിരുന്നു. കുറച്ചു ദിവസങ്ങളായി രാത്രിയിൽ അവനാണ് അഭിയോടൊപ്പം നിന്നിരുന്നത്.

"എങ്കിൽ  നീ വീട്ടിൽ പൊയ്ക്കോ കൃഷ്ണേ... " അനിരുദ്ധ് അഭിയുടെ അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

" സാരമില്ല ഏട്ടാ.. ഞാൻ നിന്നോളാം ഇന്ന്  "

" അതെന്താ...  "

" സാരമില്ല.. ഞാൻ നിന്നോളം " അഭിയുടെ സംസാരം കേട്ടതും അവൾക്ക് ഉള്ളിൽ ഭയം തോന്നിയിരുന്നു.  ശ്രീജിത്തിനെ അന്വേഷിച്ചു അവൻ ഹോസ്പിറ്റലിൽ നിന്നു വല്ലതും പോകുമോ എന്നൊരു ചെറിയ പേടി അവളിൽ ഉടലെടുത്തു.

" കുഴപ്പമില്ല കൃഷ്ണേ.. നീ പോയിട്ട് നാളെ വന്നാൽ മതി.. വരുമ്പോൾ അമ്മയെയും കൂട്ടിക്കോ "
അവൾ അഭിയെ നോക്കി.  അവൻ കൂടി നിർബന്ധിച്ചതോടെ അവൾ വീട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തിയിട്ടും അവൾക്കൊരു സമാധാനം ഉണ്ടായിരുന്നില്ല.  ഇനിയുമെന്തെങ്കിലും  അരുതാത്തതു സംഭവിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു.  അവിടെ  അനിരുദ്ധ് ഉണ്ടല്ലോ എന്നോർത്ത് ഒരു സമാധാനം തോന്നി. രാത്രി ഫോൺ ചെയ്തപ്പോഴും അഭി  സാധാരണ രീതിയിലാണ് സംസാരിച്ചത്.. പേടിക്കാനൊന്നുമില്ല എന്ന് അവൾ മനസ്സിനെ  പറഞ്ഞു പഠിപ്പിച്ചു.

 പിറ്റേന്ന് രാവിലെ തന്നെ അവൾ എഴുന്നേറ്റു ഹോസ്പിറ്റലിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എല്ലാവർക്കും ചായ ഇട്ടു  നൽകിയതിനുശേഷം ഒരു കപ്പ് ചായയുമായി അവൾ ടേബിളിനു  അരികിൽ വന്നിരുന്നു. വെറുതെ പത്രം  ഒന്നു  മറിച്ചു  നോക്കവെയാണ് ആ  വാർത്തയിൽ അവളുടെ  കണ്ണുടക്കിയത്.. ഒരു നിമിഷം  അവൾ  സ്തംഭിച്ചു പോയി..

ജയിൽ ചാടിയ പ്രതി മരിച്ച  നിലയിൽ

 അവൾ ഒന്ന് പാളി നോക്കിയതേയുള്ളൂ ശ്രീജിത്തിന്റെ ഫോട്ടോ കണ്ടതും ചായക്കപ്പ് താഴെ വെച്ച് അവൾ വിറയ്ക്കുന്ന  കൈകളോടെ  പത്രം എടുത്തു.
 വാക്കുകൾ വ്യക്തമാകുന്നില്ല.. അക്ഷരം എല്ലാം മങ്ങി പോകുന്നതുപോലെ... തന്റെ കണ്ണ് നിറയുകയാണോ... അല്ല....  ഒന്നും വ്യക്തമായി വായിക്കാൻ കഴിയുന്നില്ല... പക്ഷേ ഒരു കാര്യം കൃഷ്ണയ്ക്ക് ഉറപ്പ്  ആയി ശ്രീജിത്ത് മരിച്ചിരിക്കുന്നു.. പക്ഷേ എങ്ങനെ...? "
 തലേന്ന് രാത്രി അഭിയേട്ടന്റെ വാക്കുകളിൽ ചെറിയൊരു സൂചനയുണ്ടായിരുന്നു..... അഭിയേട്ടൻ ആകുമോ... ശ്രീജിത്തിനെ....! കൃഷ്ണ കണ്ണുകൾ തിരുമ്മി വീണ്ടും പത്രവാർത്തയിലേക്ക് തിരിഞ്ഞു.

 പ്രതാപനും ജാനകിയും അവൾക്ക് അരികിലേക്ക് വന്നിരുന്നു.

 "എന്താ മോളെ ഇന്നത്തെ പ്രധാന വാർത്തകൾ.." സോഫയിൽ ഇരുന്നു കൊണ്ട് അയാൾ ചോദിച്ചു.
 കൃഷ്ണ ഒന്നും പറയാതെ പത്രം  അയാൾക്ക് നേരെ നീട്ടി.. പ്രതാപന്റെ  കണ്ണുകൾ ആദ്യം ഉടക്കിയത് ആ വാർത്തയിൽ തന്നെയായിരുന്നു.  കൃഷ്ണയെ ഒന്ന്  നോക്കിയതിനുശേഷം കണ്ണട ഉറപ്പിച്ച് അയാൾ അല്പം ഉറക്കെ പത്രം വായിച്ചു.

 ജയിൽ ചാടിയ പ്രതിയെ  മരിച്ച നിലയിൽ കണ്ടെത്തി.
 രണ്ടാഴ്ചകൾക്ക് മുമ്പ് ജയിൽചാടിയ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലെത്തുപാടം സ്വദേശിയായ ശ്രീജിത്ത് ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ യാണ് കാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച വരികയാണ്.  ഏതാനും ദിവസങ്ങൾക്കു മുൻപാണ് ശ്രീജിത്ത് ജയിൽ ചാടിയത്. പോലീസ് ഊർജിതമായി ശ്രീജിത്തിനെ  അന്വേഷിച്ചു വരികയായിരുന്നു.എന്നാൽ ഇന്ന് രാവിലെ ഹോട്ടൽ മുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി.

 പത്രവായന കഴിഞ്ഞതും ജാനകിയും പ്രതാപനും പരസ്പരം നോക്കി. സ്വപ്നയും വീണയും വാർത്തയറിഞ്ഞ് അവർക്കരികിൽ എത്തിയിരുന്നു..
 എല്ലാവരുടെയും മുഖത്ത് എന്തെന്ന് നിർവചിക്കാൻ ആകാത്ത ഭാവം  പ്രകടമായിരുന്നു. ആരും പരസ്പരം ഒന്നും സംസാരിച്ചില്ല..
 കൃഷ്ണ തലകുനിച്ചു ഇരുന്നു.  അവളുടെ ഉള്ളിൽ പലതരം ചിന്തകൾ കടന്നു പോയി.

 "എന്തായാലും ആ ദുഷ്ടനു  ഉള്ള ശിക്ഷ ദൈവം  തന്നെ കൊടുത്തു.. "ജാനകി ദീർഘനിശ്വാസത്തോടെ  പറഞ്ഞു..

 "ചിലപ്പോഴൊക്കെ ദൈവം മനുഷ്യനിലൂടെ യുമാണ് ജാനകി പ്രവർത്തിക്കുന്നത്..." പ്രതാപൻ മറ്റെന്തോ ചിന്തിച്ചു കൊണ്ട് പറഞ്ഞു...
 അയാളുടെ വാക്കുകളിൽ എന്തോ ഒളിഞ്ഞിരിക്കുന്നതായി  കൃഷ്ണയ്ക്ക് തോന്നി..

 "അവനെ കൊണ്ടുള്ള ശല്യം തീർന്നല്ലോ... അതുതന്നെ വലിയ സമാധാനം.. "പ്രതാപൻ ഒന്ന് നിശ്വസിച്ചു.

 "ഞാൻ അഭിയേട്ടന്റെ  അടുത്ത് പോയിട്ട് വരാം.. അവൾ കൂടുതൽ സംസാരിക്കാൻ നിക്കാതെ വേഗം തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
 അഭിയേട്ടൻ ആകുമോ ചെയ്തത്... പക്ഷേ എങ്ങനെ.. ഭക്ഷ്യവിഷബാധ മൂലമല്ലേ മരിച്ചത്... അവൾ സ്വയം ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി....
 അഭിയേട്ടൻ ആകില്ല .. അച്ഛൻ പറഞ്ഞതുപോലെ ദൈവം നൽകിയ ശിക്ഷ ആകാം ... അവൾ സ്വയം ആശ്വസിച്ചു കൊണ്ട് ഹോസ്പിറ്റൽ എത്തി.
 ചെല്ലുമ്പോൾ ഹരി അഭിയോടൊപ്പമുണ്ടായിരുന്നു

 "ഹരിയേട്ടൻ എപ്പോഴാ എത്തിയത്.." അവള്  ചോദിച്ചു.

 "ഞാൻ രാവിലെ തന്നെ എത്തി.. നീ അറിഞ്ഞില്ലേ ശ്രീജിത്തിനെ കാര്യം.."

" പത്രത്തിൽ കണ്ടിരുന്നു. "

 "ഞങ്ങൾ അക്കാര്യം സംസാരിക്കുകയായിരുന്നു".. കയ്യിലിരുന്ന ന്യൂസ് പേപ്പർ മടക്കി വെച്ചു കൊണ്ട് അഭിമന്യു പറഞ്ഞു.

"എനിവേ  ആ ചാപ്റ്റർ ക്ലോസ് ആയി.."

മം.. അവളൊന്നു മൂളി.

 അനിരുദ്ധ് മുറിയിലേക്ക് കടന്നുവന്നു. 

 "അടുത്ത ആഴ്ച തന്നെ ഡിസ്ചാർജ് ഉണ്ടാകുമോ ഹരി.. "

"ഉറപ്പായും... ഡ്യൂട്ടി ഡോക്ടർ വന്നു കഴിഞ്ഞാൽ എല്ലാം കൃത്യമായി പറയും.. ഇപ്പോൾ തന്നെ അഭി ok ആണല്ലോ.. " അവൻ പറഞ്ഞു

"എങ്കിൽ ഞാൻ വീട്ടിലേക്ക് തിരിക്കട്ടെ.." അയാൾ യാത്ര പറഞ്ഞു ഇറങ്ങി 

 അഭിമന്യുവിന്നോട് സംശയങ്ങൾ ചോദിക്കാൻ ഉണ്ടെങ്കിലും ഹരി പോയിട്ടാകാം  എന്ന് കൃഷ്ണ  കരുതി..

 "ചായകുടിച്ചിരുന്നോ " അവൾ അഭിയോട് ചോദിച്ചു

 "ഞങ്ങൾ  രണ്ടുപേരും കുടിച്ചിട്ടില്ല.." ഹരിയാണ്  പറഞ്ഞത്.

"ഞാൻ പോയി ചായ വാങ്ങിക്കൊണ്ട് വരാം".അവൾ ഫ്ലാസ്കുമായി പുറത്തേക്കിറങ്ങി..
 
അവൾ പുറത്തേക്ക് ഇറങ്ങി കുറച്ചു കഴിഞ്ഞതും ഹരി അഭിയ്ക്ക് അഭിമുഖമായി വന്നിരുന്നു.  അഭി കൈകൾ മാറോടു  കെട്ടി അവനെ തന്നെ നോക്കി. ഹരിയുടെ മുഖത്തു ഗൂഢമായ ഒരു ചിരി ഉണ്ടായിരുന്നു.. ആ ചിരി അഭിമന്യുവിന്റെ മുഖത്തും കണ്ടു. ഇരുവർക്കും മാത്രം  അറിയാവുന്ന എന്തോ ഉള്ളത് പോലെ

( തുടരും )

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....

രചന: ടീന

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top