അഞ്ജനമിഴികളിൽ, Part 13

Valappottukal
അഞ്ജനമിഴികളിൽ❣️
ഭാഗം- 13

"നീ എന്താ ഈ പറയുന്നേ?"

"ആഹാ... നന്ദകുമാർ എപ്പോൾ എത്തി?"

"ഇ..ഇപ്പോൾ എത്തിയതേ ഉള്ളു അരവി..."

"മ്മ്... ദേ അഞ്ജന മോള് വന്നല്ലോ..."

"അച്ഛാ..."

അഞ്ജന ചെന്ന് നന്ദകുമാറിനെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും സൂര്യയും അവിടേക്ക് വന്നു.

"അച്ഛൻ വെറുതെ വന്നതാണോ?"

"അ..ആഹ് അതെ. ഇവിടൊരു സുഹൃത്തിന്റെ വീട്ടിൽ പോയതാ. അപ്പോൾ മോളെയും ഒന്നു കണ്ടിട്ട് പോകാമെന്ന് കരുതി"

"ആണോ? അച്ഛൻ ഇരിക്ക്. ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് എടുക്കാം..."

"അയ്യോ വേണ്ട മോളെ... ഞാൻ കഴിച്ചായിരുന്നു. വീട്ടിൽ നിന്നും കഴിച്ചു. പിന്നെ അവനും എന്നെ കഴിപ്പിച്ചു"

"എങ്കിൽ ഒരു ചായ എങ്കിലും കുടിക്ക് അച്ഛാ..."

എന്നും പറഞ്ഞ് അഞ്ജന അടുക്കളയിലേക്ക് പോയി. ആ സമയം സത്യനാഥും സൂരജും കൂടി വന്നു. അരവിന്ദൻ അവരെ നന്ദകുമാറിന് പരിചയപ്പെടുത്തി കൊടുത്തു. ഇടക്കിടക്ക് നന്ദകുമാർ പദ്മിനിയെ നോക്കി അസ്വസ്ഥതപ്പെടുന്നതും ഇടക്ക് സൂര്യയിലേക്ക് നോട്ടം ചെല്ലുന്നതും അർജുൻ ശ്രദ്ധിച്ചു. ചായ കുടിച്ചശേഷം അയാൾ വേഗം അവിടെ നിന്നും ഇറങ്ങി. കുറച്ചു ദൂരം കഴിഞ്ഞ്  ഓടിച്ചിരുന്ന സ്കൂട്ടി നിർത്തി നന്ദകുമാറിന്റെ  ചേട്ടൻ നന്ദകിഷോറിനെ വിളിച്ച് പദ്മിനിയെ കണ്ട കാര്യവും അവൾ അയാളോട് സംസാരിച്ചതൊക്കെ പറഞ്ഞു.

"ഏഹ്?! എന്ത്?! നമ്മുടെ മോളോ?! അത് എന്താ അവൾ ഉദേശിച്ചേ?? "

"എനിക്കറിയില്ല ഏട്ടാ... "

"നീ ജോലി ചെയ്ത് കൊണ്ടു വരുന്ന പണം തികയുന്നില്ല എന്ന് പറഞ്ഞല്ലേ അവൾ വേറെ ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയത്... പിന്നെ തിരിച്ചു വന്നിട്ട് നിന്റെ കുട്ടി അവളുടെ വയറ്റിൽ ഉണ്ടെന്നും പറഞ്ഞു. അന്ന് നീ ആട്ടിയോടിച്ചപ്പോൾ മിണ്ടാതെ പോയതല്ലേ... നിന്റെ കുഞ്ഞായിരുന്നുവെങ്കിൽ അത് തെളിയിച്ചിട്ട് നിന്റെ ഒപ്പം കഴിയണമായിരുന്നു. എന്നിട്ട് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ നമ്മുടെ മോള് പോലും..."

"ഏട്ടാ അത്... "

"നീ എന്തിനാടാ ടെൻഷനടിക്കുന്നേ?  നിനക്ക് രണ്ടു മക്കളേ ഉള്ളു. അഞ്ജനയും അഞ്ജലിയും. അവൾ പറഞ്ഞതങ്ങ് മറന്ന് നീ നിന്റെ കാര്യം നോക്ക്. ഞാൻ വെക്കുവാ... എനിക്ക് ദേഷ്യം വന്നിട്ട് വയ്യ..."
നന്ദകിഷോർ ഉടൻ കാൾ കട്ട്‌ ചെയ്തു.

നന്ദകുമാറിന് ആണേൽ ജോലി സ്ഥലത്ത് ചെന്നിട്ടും പദ്മിനി പറഞ്ഞത് തന്നെ ചെവിയിൽ കേട്ടുക്കൊണ്ടിരുന്നു... വൈകുന്നേരം അഞ്ചു മണി ആകാറായപ്പോൾ  ഒരു അൺനോൺ നമ്പറിൽ നിന്നും നന്ദകുമാറിന് കാൾ വന്നു.

"ഹെലോ... ഇത് ഞാനാ പദ്മിനി... എനിക്കൊന്നു നേരിൽ കാണണം തനിച്ച്... കുറച്ചു കാര്യങ്ങൾ സംസാരിക്കണം... ഇപ്പോൾ ഓഫീസിൽ നിന്നും ഇറങ്ങാറായില്ലേ? സ്ഥലം ഞാൻ പറയാം... ഓക്കേ?"

"എ..എനിക്കൊന്നും കേൾക്കണ്ട. നീ പറയുന്നയിടത്തേക്ക് വരാൻ സൗകര്യവുമില്ല "

"എങ്കിൽ നിങ്ങൾക്ക് സൗകര്യമുള്ള ഒരു സ്ഥലത്തേക്ക് ഞാൻ വരാം. നിങ്ങളുടെ വീട്ടിലേക്ക്. ആഹ്... ചോദിക്കാൻ വിട്ടുപോയി... താങ്കളുടെ രണ്ടാം ഭാര്യക്ക് സുഖം തന്നെയല്ലേ? ഭർത്താവിന്റെ ആദ്യഭാര്യയെ കാണുമ്പോൾ സന്തോഷം ഉണ്ടാകുമെങ്കിൽ സന്തോഷിക്കട്ടെ. ഞാൻ വൈകിട്ട് അവിടേക്ക് വരാം..."

"വേണ്ടാ പദ്മിനി... ഞാൻ നീ പറയുന്നയിടത്തേക്ക് വരാം..."

"ആഹാ... പദ്മിനി എന്നൊക്കെ വിളിക്കാൻ അറിയാലേ... ഹ്മ്മ്... രണ്ടാം ഭാര്യയോട് നല്ല സ്നേഹമാണെന്ന് തോന്നുന്നു. ഹ്മ്മ്... ഞാനൊരു അഡ്രസ്സ് ഇപ്പോൾ മെസ്സേജ് അയക്കാം. അങ്ങോട്ട്‌ വന്നാൽ മതി. ഒരു ആറു മണിക്ക്"
അത്രയും പറഞ്ഞ് പദ്മിനി കാൾ കട്ട്‌ ചെയ്തു. നന്ദകുമാർ നന്ദകിഷോറിനെ കാൾ ചെയ്യാൻ പോയതും പദ്മിനിയുടെ മെസ്സേജ് വന്നു.

ഏട്ടനെ വിളിച്ചു പറഞ്ഞാൽ ചിലപ്പോൾ പോകാൻ സമ്മതിക്കില്ല.  ആദ്യം അവൾക്ക് എന്താ എന്നോട് പറയാനുള്ളതെന്ന് കേൾക്കട്ടെ. എന്നിട്ട് ഏട്ടനോട് പറയാം.
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നന്ദകുമാർ ഓഫീസിൽ നിന്നും ഇറങ്ങി പദ്മിനി മെസ്സേജ് അയച്ച അഡ്രസ്സിലേക്ക് പോകാൻ തീരുമാനിച്ചു.
ആറു മണിക്ക് മുന്നേ തന്നെ അയാൾ അവിടെയെത്തി. ഒരു വലിയ ഹോട്ടൽ ആയിരുന്നു അത്. അതിന്റെ പ്രൗഢി കണക്കാക്കി ഒരു ഫോർ സ്റ്റാർ ഹോട്ടൽ എന്ന് പറയാം.

പദ്മിനി എന്തിനാ എന്നെ ഇത്രയും വലിയ ഹോട്ടലിൽ വരാൻ പറഞ്ഞത്...? ! "
നന്ദകുമാർ ആലോചിച്ചുകൊണ്ടിരിക്കെ പദ്മിനിയുടെ  മെസ്സേജ് വന്നു. റെസ്റ്റോറന്റിൽ ചെന്നിരിക്കാനായിരുന്നു അതിൽ പറഞ്ഞിരുന്നത്. അവിടെ പരിചയക്കുറവ് ആയതിനാൽ അയാൾ ചുറ്റും നോക്കി. അവിടെത്തെ ഒരാൾ വന്ന് കാര്യം തിരക്കി. ആ ആൾ റെസ്റ്റോറന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി അകത്തേക്ക് ഡോർ തുറന്നു കൊടുത്തു. മടിച്ചുകൊണ്ട് നന്ദകുമാർ അകത്തേക്ക് കയറി. പദ്മിനി അല്ലാതെ  വേറെയാരും ഉണ്ടായിരുന്നില്ല.

"വരണം മിസ്റ്റർ നന്ദകുമാർ. ഇവിടെ  ഇരിക്കണം"
താൻ ഇരിക്കുന്നതിന്റെ  ഓപ്പോസിറ്റ് സീറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ട് അവർ  പറഞ്ഞു. അയാൾ പതിയെ നടന്ന് അവിടെ ചെന്നിരുന്നു.

 സ്ലീവ്‌ലെസ് ബ്ലൗസും മുഖത്ത് ചമയങ്ങളും മുടിയൊക്കെ കളർ ചെയ്ത് പദ്മിനി ആകെ മാറിയിരിക്കുന്നു... പണ്ട് ഇതുപോലെ സ്ലീവ്‌ലെസ് ബ്ലൗസ് ഇട്ടതിന് ഞാൻ ഇവളെ തല്ലിയിട്ടുണ്ടല്ലോ... പഴയ ഓർമ്മകൾ നന്ദകുമാറിന്റെ മനസ്സിലേക്ക് ഓടിയെത്തി.

"എന്താ ഇരുന്ന് ആലോചിക്കുന്നേ?  ഞാൻ ഈ ഹോട്ടലിൽ വന്നാൽ ഇവിടെ അങ്ങനെ ഇരിക്കാറില്ല. ഞാനും സത്യേട്ടനും പൂളിന്റെ അടുത്തുള്ള റെസ്റ്റോറന്റിലേ ഇരിക്കാറുള്ളു. ഇപ്പോൾ നമുക്ക് തമ്മിൽ സംസാരിക്കാൻ വേണ്ടി ഇവിടെ അറേഞ്ച് ചെയ്തതാ..."

"നിനക്ക് എന്താ എന്നോട് പറയാൻ ഉള്ളത്? വേഗം പറയ്"

"ഓഹോ വന്നപ്പോഴേക്കും തിരിച്ചു പോകാൻ ധൃതി ആയോ? ഒരഞ്ചു മിനിറ്റ് ഇവിടെ ഇരിക്കണം മിസ്റ്റർ. ഓഹ്... വീട്ടിൽ രണ്ടാം ഭാര്യയും മോളും ഒറ്റക്കാണല്ലോ... ഇപ്പോൾ നല്ല പണക്കാരനായി അല്ലേ?  മൂത്ത മോളുടെ കല്യാണം നല്ല ആർഭാടമായി തന്നെയാണ്  നടത്തിയതെന്നൊക്കെ ഞാൻ അറിഞ്ഞു..."

"രണ്ടാം ഭാര്യ എന്ന് അംബികയെ സംബോധന ചെയ്യണ്ട. നിന്നെ കെട്ടുന്നതിനു മുൻപ് അവളെയാ ഞാൻ എന്റെ ഭാര്യ ആയി മനസ്സിൽ വരിച്ചത്"

"ആയിരിക്കാം... പക്ഷേ, ശരീരം കൊണ്ട്... ഹാ... ഞാൻ പറയുന്നില്ല. എന്തിനാ ഇങ്ങോട്ട് വരാൻ പറഞ്ഞതെന്ന് പറയാം... സൂര്യ... ഇന്ന് രാവിലെ കണ്ടു കാണുമല്ലോ...  എന്റെ മോളാണ്. അല്ല... നമ്മുടെ മോളാണ്"

"നമ്മുടെ മോളോ?  ആ കുട്ടി എങ്ങനെ നമ്മുടെ മോളാകും??"

"ഒച്ച വെക്കണ്ട. അന്ന് നിങ്ങളുടെയൊപ്പമുള്ള ജീവിതം മടുത്ത് ഞാൻ മറ്റൊരാളുടെ കൂടെ പോയെന്നുള്ളത് ശെരിയാ... പക്ഷേ, നിങ്ങളുടെ കുട്ടി എന്റെ വയറ്റിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം  ഞാൻ ഉടനെ തന്നെ തിരിച്ചു വന്നു. പക്ഷേ,  നിങ്ങൾ എന്നെ വളരെ മോശമായ വാക്കുകൾ കൊണ്ടെന്നെ ആട്ടിപ്പായിച്ചു. ആ നാട്ടിൽ നിന്ന് എവിടേലും പോകാമെന്ന് കരുതി റെയിൽവേ സ്റ്റേഷനിൽ പോയ ഞാൻ അവിടെ തളർന്നു വീണു. അന്ന് എന്നെ സഹായിച്ചത് എന്റെ സത്യേട്ടനാ... അന്ന് അദ്ദേഹത്തിന്റെ ഒപ്പം മോനും ഉണ്ടായിരുന്നു. ഭാര്യ മരിച്ച സമയമായിരുന്നു അത്...  ഞാൻ ആഗ്രഹിച്ചത് പോലൊരു ലൈഫ് എനിക്ക് തന്നതും സത്യേട്ടനാ..."

"ഇപ്പോൾ നീ എന്തിനാ സൂര്യ നമ്മുടെ മോളാണെന്നുള്ള കാര്യം എന്നോട് പറഞ്ഞത്?? "

"സൂര്യയുടെ എല്ലാ കാര്യങ്ങളും നോക്കിയത് സത്യേട്ടനാ... ഇപ്പോൾ അവൾ സ്വന്തം കാലിൽ നിൽക്കാറായി. പക്ഷേ,  അവളുടെ ഒരു ആഗ്രഹം മാത്രം നടന്നില്ല. അർജുൻ... ആ ആഗ്രഹം നടക്കുന്നതിനു മുൻപ് നിങ്ങളുടെ മകൾ കയറി വന്നു. ഞാൻ അവരുടെ കല്യാണം എങ്ങനെയെങ്കിലും നടത്തിയേനെ... എനിക്ക് ആവശ്യം അതാണ്... അർജുന്റെയും സൂര്യയുടെയും കല്യാണം"

"നീ എന്താ പറഞ്ഞു വരുന്നേ?"

"നിങ്ങളുടെ മോള് അഞ്ജന... അവൾ അർജുന്റെ ലൈഫിൽ നിന്നും പോകണം. എന്നന്നേക്കുമായി... ഇതുവരെ സൂര്യക്ക് വേണ്ടി അവളുടെ അച്ഛൻ എന്ന നിലയിൽ നിങ്ങൾ ഒന്നും ചെയ്തില്ല. ഞാൻ അന്ന് വന്നതിൽ പിന്നെ ബുദ്ധിമുട്ടിക്കാനും വന്നിട്ടില്ല.  സൂര്യയുടെ മനസ്സ് വേദനിക്കുന്നത് ഇനി എനിക്ക് കാണാൻ വയ്യ. നിങ്ങൾ എന്നെ ഓർക്കണ്ട. അവളെ മാത്രം ഓർത്താൽ മതി. നിങ്ങളുടെ മൂത്തമകൾ സൂര്യയാണ്. അഞ്ജന അല്ല. അത് ഇനി മുതൽ ഓർമ വേണം. പിന്നെ, ഈ കാര്യം എങ്ങനെയെങ്കിലും നടത്തിയേ മതിയാകൂ... അവരെ തമ്മിൽ അകറ്റണം. നിങ്ങളുടെ രണ്ടാം ഭാര്യക്ക്... ഓ സോറി... അംബികക്ക് നിങ്ങൾ എന്നെ കല്യാണം കഴിച്ചതിന്റെ ദേഷ്യം മാറിയിട്ടില്ലാലേ... അതൊക്കെ ഞാൻ അറിഞ്ഞു. അപ്പോൾ നമുക്കൊരു കുട്ടി കൂടെ ഉണ്ടെന്ന് അവൾ അറിഞ്ഞാൽ??? നിങ്ങൾക്ക് സംശയം ഉണ്ടേൽ നമ്മുക്കൊരു DNA ടെസ്റ്റ്‌ നടത്താം. എന്താ? പക്ഷേ,  അതിനു മുൻപ് നിങ്ങൾക്ക്  നിങ്ങളുടെ അംബികയെ നഷ്ട്പ്പെടും. അപ്പോൾ ഓക്കേ ബൈ... ഞാൻ പറഞ്ഞതെല്ലാം ഒന്നു ഇവിടെ ഇരുന്ന് നന്നായി ആലോചിക്ക്. എന്നിട്ട് തീരുമാനിക്ക്..."
ഇത്രയും പറഞ്ഞ ശേഷം പദ്മിനി എണീറ്റു പോയി. ഒരക്ഷരം മിണ്ടാനാകാതെ നന്ദകുമാറും. നല്ല എസിയിലും അയാൾ നന്നായി വിയർത്തു. നെഞ്ചിൽ കൈ വെച്ചുകൊണ്ട് നന്ദകുമാർ കണ്ണടച്ചു ഇരുന്നു.
********* ---------------- *********
"എടാ... നീയൊക്കെ രണ്ടും പറഞ്ഞത് ശെരി തന്നെയാണോ?  സൂരജ് ആ വീട്ടിൽ കയറി പോകുന്നത് കണ്ടോ?"

"കണ്ടതുകൊണ്ടല്ലേ ഞാൻ പറഞ്ഞെ... അല്ലേടാ യദു?"

"അതെ... ഞാനും ഇന്നലെ രാത്രി കണ്ടു. പക്ഷേ,  ആരാ ആ വീട്ടിലെന്ന് അന്വേഷിച്ചില്ല. നല്ല പണക്കാരാ വീട് കണ്ടിട്ട്... നീ അവരെ പറ്റി അന്വേഷിച്ചോ ലിന്റോ?"

"ഇല്ലടാ... ഇവനെയും കൂടി കാണിച്ചുകൊടുത്തിട്ട് അന്വേഷിക്കാമെന്ന് വിചാരിച്ചു"

"ആ ബെസ്റ്റ്... അവൻ എന്നും വരുമെന്ന് ഉറപ്പാണോ?"

"അവൻ വന്നില്ലേലും നിനക്ക് വീട് കാണാലോ..."

"ശോ... നിന്നെയൊക്കെ കൊണ്ട് ഞാൻ തോറ്റു. ബാക്കിയുള്ളവരോട് വിളിച്ചു അന്വേഷിക്കാമായിരുന്നു. ഇന്നൊരു ഡീലിന്റെ മീറ്റിംഗ് കഴിഞ്ഞേ ഉള്ളു. സൈൻ ഇടണോ വേണ്ടയോ എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോഴാ ഇവൻ വിളിച്ചേ..."

"അത് വിട്... നീ വേഗം അങ്ങോട്ട്‌ കാറോടിക്ക്..."

"ഓടിക്കുവല്ലേ... ഈ വഴി അധികം വെളിച്ചമില്ലാലോ..."

"നിർത്ത് നിർത്ത്... ഇവിടെ നിർത്ത്. ബാക്കി നമുക്ക് അങ്ങോട്ട്‌ നടന്നു പോകാം..."

അവർ മൂന്നുപേരും കാറിൽ നിന്നും ഇറങ്ങിയതും മുന്നിൽ ഒരു ജീപ്പ് വന്ന് നിന്നു. നല്ല  തടിയുള്ള ആളുകൾ ആയിരുന്നു അവരൊക്കെ.

"ഡാ... അർജുൻ... ഇതൊക്കെ ആരാ? കണ്ടിട്ട് ഗുണ്ടകൾ ആണെന്ന് തോന്നുന്നു"

"നിങ്ങളിലാരാ അർജുൻ?"

"ഞാനാ... "

"ആഹാ... പൊന്നു മോൻ ഒന്നിങ്ങു വന്നേ... നമുക്ക് ഒരു കൊട്ടേഷൻ കിട്ടിയിട്ടുണ്ട്"

"ങേ?! ഡാ അർജുൻ അവന്മാരെ ചെന്ന് ഇടിച്ചു ശെരിയാക്കടാ... നീ ബോക്സിങ് ചാമ്പ്യൻ അല്ലേ? "

"നിനക്ക് പ്രാന്താണോ ലിന്റോ? ബോക്സിങ് എന്ന് പറഞ്ഞാൽ ഒറ്റക്കൊറ്റക്ക് ഇടിക്കുന്നതാ. അല്ലാതെ കൂട്ടത്തോടെ അല്ല. നീ പോകല്ലേ അർജുൻ..."

"പിന്നേ... ഭയങ്കര കൂട്ടം... നാലും മൂന്നും ഏഴു പേർ... നീ പൊളിക്ക് മുത്തേ..."

ഇത് കേട്ടതും അർജുൻ ഷർട്ടിന്റെ കൈ മേലോട്ട് തെറുത്തു വെച്ചു.

"ഡാ ഈ പ്രാന്തന്റെ വാക്ക് കേട്ടിട്ട് നീ ഇടിക്കാൻ പോകല്ലേ... നീ അർജുനാണ് അല്ലാതെ അല്ലു അർജുൻ അല്ലാ... ഇത്രയും പേരൊക്കെ ഇടിച്ച് മാസ്സ് കാണിക്കാൻ..."

"സിനിമയിൽ അല്ലു അർജുന് മാത്രമല്ല ഈ അർജുനും മാസ്സ് കാണിക്കാൻ അറിയാം... അതിന് ചങ്കുറപ്പും കൈക്കരുത്തും മതി... ഇവർ കുറച്ചല്ലേ ഉള്ളു..."

"എന്താടാ നീയൊക്കെ സംസാരിക്കുന്നെ?"
ഈ ചോദിച്ചവനിട്ട് അർജുൻ ഉടൻ തന്നെ നാഭിക്കിട്ട് തൊഴിച്ചു. ഇത് കണ്ട് വേറെ ഒരുത്തൻ അടിക്കാൻ വന്നപ്പോൾ അവന്റെ നെഞ്ചത്ത് കൈ മുട്ട്കൊണ്ട് ഇടിച്ച് നിർത്തി. പിന്നെ അങ്ങോട്ട്‌ അർജുൻ എല്ലാവരെയും എടുത്തിട്ട് ഇടിക്കാൻ തുടങ്ങി.

"ഡാ യദു... അർജുൻ ഇടിക്കുന്നത് കണ്ട് എനിക്കും ഇടിക്കാൻ കൊതിയാകുന്നുഡാ... "

"ഹാ... ഇപ്പോൾ എനിക്കും ചെറുതായി തോന്നുന്നു..."

ലിന്റോയും യദുവും അർജുന്റെ അടുത്ത് പോയി ഗുണ്ടകളെ ഇടിക്കാൻ തുടങ്ങി. ഏകദേശം എല്ലാവരെയും അവർ ഒതുക്കി. ഒരുത്തന്റെ കോളറിൽ പിടിച്ചുകൊണ്ടു നിൽക്കുന്ന സമയത്ത് അർജുന് ഒരു കാൾ വന്നു.

"ചേട്ടാ ഒരു മിനിറ്റ്... ഒരു കാൾ വരുന്നുണ്ട്. സംസാരിച്ചു കഴിഞ്ഞിട്ട് നമുക്ക് കണ്ടിന്യൂ ചെയ്യാം. ഓക്കേ?
ആ തടിമാടൻ അവനെ മുഖം കൂർപ്പിച്ചു നോക്കി.

" ഹെലോ അഞ്ജനാ... ആഹ്... പറയ്. ഏഹ്?! ഞാനിപ്പോൾ വരാം..."
അർജുൻ ഉടനെ കാൾ കട്ട്‌ ചെയ്ത് കാറിന്റെ അടുത്തേക്ക് പോകാനൊരുങ്ങി.

"ഓ സോറി... ഞാൻ അടിക്കാമെന്ന് പറഞ്ഞിരുന്നല്ലേ... ഇന്നാ പിടിച്ചോ..."
എന്നും പറഞ്ഞ് അർജുൻ ആ ഗുണ്ടയുടെ മൂക്കിന്റെ പാലം അങ്ങട് പൊട്ടിച്ചു. അവൻ മൂക്കുപൊത്തുന്നതിനിടയിൽ മുട്ടുകാല് പൊക്കി അടിവയറ്റിലും ഒന്നു കൊടുത്തിട്ട് നേരെ ചെന്ന് കാറിൽ കയറി സ്റ്റാർട്ട്‌ ആക്കി ഓടിച്ചുപോയി. പെട്ടന്ന് യദു തിരിഞ്ഞു നോക്കി. അർജുൻ അവിടെയില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവന് അപകടം മണത്തു.

"ഡാ... ആ തെണ്ടി... അർജുനെ കാണാൻ ഇല്ലടാ... പോയെന്നാ തോന്നുന്നേ..."

വീണു കിടക്കുന്ന ഒരു ഗുണ്ടയുടെ പുറത്ത് മാർഗ്ഗം കളി കളിച്ചുകൊണ്ടിരുന്ന ലിന്റോ ഇത് കേട്ട് ഞെട്ടി.

"ഏഹ്?! അർജുൻ പോയെന്നോ? കർത്താവേ... നമുക്കും പോകാം..."

ബാക്കിയുള്ള ഗുണ്ടകൾ ഇതിനകം എണീറ്റ് നിന്നു.

"എടാ ലിന്റോ... എനിക്ക് ശംഖു ഊതുന്ന ശബ്ദം കേൾക്കുന്നുടാ... "

"എനിക്ക് കേൾക്കുന്നില്ല... "

"അതെന്താ...?"

"ഞാൻ എപ്പോഴേ അങ്ങ് പരലോകത്ത് എത്തിയടാ... "

"ഡാ കാലാ അർജുൻ... ഞങ്ങളെ ഒറ്റക്കാക്കി പോയല്ലേ... ഇവറ്റകൾ നമ്മളെ ഇന്ന് ശെരിയാക്കുമല്ലോ... നിനക്ക് അടിക്കാനുള്ള കൊതിയൊക്കെ പോയോടാ മഹാപാപി..."

"ഞാൻ ആ തെണ്ടി ഉള്ള ധൈര്യത്തിൽ പറഞ്ഞതല്ലേ... ഇനി ഒന്നും നോക്കണ്ട ടാ... ഓടിക്കോ..."
എന്നും പറഞ്ഞ് ലിന്റോ ആദ്യം തിരിഞ്ഞോടി. തൊട്ടുപിറകേ യദുവും...

അവർ ഓടുന്നത് കണ്ട് ആ ഗുണ്ടകളും അവർക്ക് പിന്നാലെ ഓടി. ഈ സമയം  ഇരയെ കയ്യിൽ കിട്ടുന്നതും നോക്കി  ഒരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു...
(തുടരും)
©ഗ്രീഷ്മ. എസ്

[ഇന്നലെ പെട്ടന്ന് വയ്യാതെ ആയിപ്പോയി😑.  പാർട്ട് ഇഷ്ടമായവർ അഭിപ്രായം പറഞ്ഞിട്ട് പോകണേ... പാർട്ട് എഴുതാനുള്ള എനർജി നിങ്ങളുടെ ലൈക്‌സും കമെന്റ്സുമാണ്😊]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top