ശിവഭദ്ര, ഭാഗം: 6

Valappottukal
ശിവഭദ്ര, ഭാഗം: 6

"എന്നാലും എന്തൊക്കെ ആണ് ഇവിടെ നടക്കണേ എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.. "

"നീ ടെൻഷൻ ആകാതെ.. പ്രോഗ്രാം തീരണ വരെ  നീ ഒന്ന് ക്ഷമിക്കു.. "

ആരെയും എനിക്കിപ്പോ വിശ്വാസം വരണില്ലല്ലോ എന്റെ കണ്ണാ...

സ്റ്റേജിൽ മോതിരം മാറൽ എല്ലാം ഭംഗിയായി നടക്കുന്നുണ്ട്.. പെട്ടന്ന് കണ്ണുകൾ സ്റ്റേജിലേക്ക് പാഞ്ഞു.. പൊടുന്നനെ ശിവയും തന്നിലേക്കു തന്നെ നോക്കുന്നു...

ഭൂമി പിളർന്നു താഴെ പോയെങ്കിൽ എന്ന് തോന്നിപ്പോയി..

ആ കണ്ണുകളിലെ തീ ഇത്ര അകലെ നിന്നു പോലും തനിക്കു കാണാം.. എന്റെ കൃഷ്ണ മരണം കൊണ്ടെങ്കിലും  എനിക്കൊരു മുക്തി തരു ..

തല ചുറ്റുന്നത് പോലെ തോന്നി എനിക്ക്... മുന്നിൽ കാണുന്ന കസേരയിലേക്ക് തല ചായ്ച്ചു കിടക്കുമ്പോൾ എന്റെ കണ്ണുകൾ അനുവാദം ചോദിക്കാതെ പെയ്തു തീർക്കുവായിരുന്നു...

"ഭദ്ര... "

"ഉം.. "

"ദേ ഫോട്ടോ എടുക്കാൻ വിളിക്കുന്നു.. "

"ഞാനില്ല.. നിങ്ങൾ പൊയ്ക്കോളൂ.. "

"ഡി.. നിന്റെ അമ്മ ആണ് വിളിക്കണേ.. ഒന്ന് നോക്ക്.. "

ഞാൻ തല ഉയർത്തി നോക്കി.. അമ്മ സ്റ്റേജിനെ അടുക്കൽ നിന്നു കൈകൊണ്ടു എന്തൊക്കെയോ കാണിക്കുന്നുണ്ട്.. ഞാൻ എണീക്കാതെ ആയപ്പോൾ ആ മുഖം ദേഷ്യം കൊണ്ടു വരിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു..

ഇപ്പൊ ഇരച്ചു പാഞ്ഞു തന്റെ അടുത്തേക്ക് വരും എന്നെനിക് അറിയാമായിരുന്നു..

പക്ഷെ എനിക്ക് പേടി തോന്നിയില്ല.. കുറച്ചു നിമിഷങ്ങൾ മുന്പായിരുന്നേൽ ഭദ്ര പേടിച്ചു ഓടി ചെന്നേനെ... ഇനിയില്ല... !!!

"ഭദ്ര... "

ഞാൻ വിളികേൾക്കാതെ താഴേക്കു നോക്കി ഇരുന്നു..

"നിന്നെ ഞാൻ വിളിചോ.. "

"അമ്മക്ക് വേണമെങ്കിൽ പോയി ഫോട്ടോ എടുക്കാം.. ഞാൻ കൂടെ വേണം എന്ന വാശി വേണ്ട.. ഞാൻ വരില്ല.. "

"ഒരു ജോലി കിട്ടിയപോളെക്കും നീ എന്നെ എതിർത്തു പറയാനായി അല്ലെ.. "

കൂടുതൽ സമയം അവിടെ നിന്നാൽ ശരിയാകില്ല എന്ന് മനസിലായപ്പോൾ ഞാൻ അവിടന്ന് എണീറ്റു വീടിന്റെ പിന്നിലേക്ക് നടന്നു..

"ഡി ഞാനും വരാം.. "

എന്നും പറഞ്ഞു ജീന കൂടെ പോരുമ്പോൾ... കലി അടങ്ങാതെ ഒരു നിഴൽ രൂപമായി അമ്മ എന്നെ തന്നെ നോക്കി നില്പുണ്ടായിരുന്നു..

"എന്തിനാ ജീന ഈ പ്രഹസനം... ഇപ്പൊ അവരുടെ ഫാമിലി ഫോട്ടോയിൽ എന്ത് അർത്ഥത്തിൽ ആണ് നിൽക്കേണ്ടത്... "

"ജോണിന്റെ പെണ്ണായിട്ട്.. "

"ജീന.. "

"അല്ലാതെ ഇപ്പൊ ഇങ്ങനെ ഒരു ഫങ്ക്ഷനിൽ വച്ചു അവർ നിന്നേം അമ്മേം സ്റ്റേജിലേക്ക് വിളിക്കില്ലല്ലോ... "

"എനിക്ക് അതിനു കഴിയില്ല ജീന... തമ്മിൽ പിരിഞ്ഞു എങ്കിലും എന്റെ ജീവന്റെ ജീവനാടി ഇന്ന് അവിടെ മറ്റൊരു പെണ്ണിന്റെ  അണിവിരലിൽ  മോതിരം അണിയിച്ചത്... നീ ഈ മോതിരം കണ്ടോ... ഇത് ആളും ആരവവും ഇല്ലാതെ അവൻ എന്റെ കയ്യിൽ അണിയിച്ചതാ.. ഭദ്ര മരിക്കും വരെ ഇത് കൂടെ കാണും... "

"എനിക്കറിയാം ഭദ്ര.. നീ ഇങ്ങനെ കരയല്ലേ.. ആരേലും കേറി വന്നാൽ സീൻ ആകും.. "

"ചങ്ക് പൊട്ടുന്നുണ്ടെനിക്ക്.. ഞാൻ എന്ത് ചെയ്തിട്ടാ അവൻ എന്നെ... "

ശരീരം തളർന്നു പോകുന്ന പോലെ തോന്നി എനിക്ക്.. പറയാൻ വന്നതൊന്നും മുഴുവൻ ആക്കാനാകാതെ വീണു പോയി ഞാൻ...

കണ്ണു തുറക്കുമ്പോൾ ജൂലി ആന്റിയും ജോണും അമ്മയും ജീനയും എന്റെ അടുത്തുണ്ടായിരുന്നു..

"ഈ ജൂസ് കുടിക്കു മോളെ.. "

ജൂലി ആന്റി.. ജ്യൂസ്‌ ഗ്ലാസ്‌ എന്റെ ചുണ്ടോടുപ്പിച്ചു.. രണ്ടു സിപ് കുടിച്ചു ഞാൻ മതി എന്ന് കാണിച്ചു...

"യാത്ര ചെയ്തു വന്നതിന്റെ ആകും മോൾ റസ്റ്റ്‌ എടുക്കു... ജോൺ ഇവിടെ നില്ക്കു.. മോൾക്ക്‌ ബോറടിക്കരുതല്ലോ.. "

നൈസായിട്ടു എല്ലാരും സ്കൂട്ടായി...

"ഭദ്ര... "

ഞാൻ മുഖം ഉയർത്തിയില്ല...

"എല്ലാം മറച്ചു വെച്ചതിൽ എന്നോട് ദേഷ്യം ആയിരിക്കും എന്നറിയാം..തനിക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ആണ് പറയാതിരുന്നത്... "

എന്റെ കയ്യിൽ അയാൾക് കൊടുക്കാൻ മറുപടി ഇല്ലായിരുന്നു.. തന്നേമല്ല ഇപ്പൊ ആ മുഖം കാണാൻ പോലും തനിക്കു താല്പര്യവുമില്ല.. അതുകൊണ്ട് തന്നെ മുഖമുയർത്തി ഒരു നോട്ടം പോലും എന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല..

"താൻ എന്നെ ഒന്ന് നോക്ക്.. "

എന്ന് പറഞ്ഞു കൊണ്ടു അയാൾ  ചൂണ്ടു വിരൽ കൊണ്ട് എന്റെ താടിയിൽ പിടിച്ചു പൊക്കി..

ഞെട്ടലോടെ മുഖം ഉയർത്തിയതും അകത്തേക്ക് ശിവയും എയ്ഞ്ചലും കൂടെ കടന്നു വന്നതും ഒരുമിച്ചായി..

"ആഹാ.. രണ്ടാളും ഇവിടെ റൊമാൻസിൽ ആയിരുന്നോ... ബുദ്ധിമുട്ടയോ ജോണിക്കുട്ടാ.. "

"നീ പോടീ കാന്താരി... കേട്ടോ ഭദ്ര ഇവള്ടെ നാവിനു ഒരു ലൈസൻസ് ഇല്ല... സൊ ഇനിയും ഇതുപോലെ കുറെ വരും.. താൻ മൈന്റ് ചെയ്യണ്ട.. "

എഴുന്നേറ്റു ഓടണം എന്ന് തോന്നിയ നിമിഷങ്ങൾ... തല പൊളിയുന്ന പോലുള്ള വേദന.. അതിനിടയിൽ.. തീപാറുന്ന കണ്ണുകളോടെ ശിവ.. ഉരുകി ഒലിച്ച നിമിഷങ്ങൾ..

"ഭദ്ര ഇപ്പൊ ഓക്കേ ആയോ.. "

"ഉം.. ആം ഓക്കേ... "

"എങ്കിൽ ഏട്ടത്തി വാ നമുക്ക് ഫുഡ്‌ കഴിക്കാം.. "

"നിങ്ങൾ കഴിച്ചോളൂ.. ഞാൻ ജീനക്കൊപ്പം ഇരുന്നോളാം.. "

"ജോണു... ഈ ഭദ്ര എന്താ ഇങ്ങനെ.. "

"നീ ഇങ്ങു വന്നേ... ഒരു കാര്യം പറയട്ടെ.. "

എന്ന് പറഞ്ഞു ജോൺ അവളെ അവിടന്ന് വിളിച്ചു കൊണ്ടു പോയി.. ഞാനും ശിവയും റൂമിൽ..
അവൻ എനിക്ക് നേരെ പാഞ്ഞടുത്തു..

"നിനക്ക് പല ആണുങ്ങൾ ആകാം.. എനിക്ക്.. "

"സ്റ്റോപ്പ്‌ ഇറ്റ്... ഇനി നിങ്ങൾ മിണ്ടരുത്... എന്റെ ലൈഫ്... അവിടെ എന്റെ മാത്രം തീരുമാനങ്ങൾ ആണ്.. ശിവക്ക് അതിൽ ഇനി ഇടപെടാൻ അധികാരം ഇല്ല.. "

"ഇല്ലാടി.. എനിക്കറിയാം.. നിനക്ക് അവനെ ആയിരുന്നു വേണ്ടിയിരുന്നത്... പിന്നെ എന്തിന് എന്നെ പൊട്ടനാക്കി.. "

"ചതിച്ചത് നിങ്ങൾ ആയിരുന്നു ശിവ... ഇവിടെ ഒരു സീൻ ഉണ്ടാക്കാൻ എനിക്ക് താല്പര്യമില്ല.. "

"സീനല്ല.. നിനക്ക് പറയനും വാദിക്കാനും ഒന്നും കാണില്ല കാരണം.. ഇപ്പൊ നീ കാണിച്ചത് ചീറ്റിംഗ് ആണെന്ന് നിനക്ക് നല്ലപോലെ അറിയാം.. "

"അതെ... അങ്ങനെ തന്നെ കരുതിക്കോ.. "

"ഡി.. "

"ഇറങ്ങിപ്പോടാ എന്റെ മുന്നിന്നു... "

"അവനെ കണ്ടിട്ടാ നിന്റെ അഹങ്കാരം എങ്കിൽ വച്ചേക്കില്ല നിന്നെ ഞാൻ.. "

"നീ ഒരു ചുക്കും ചെയ്യില്ല.. നീ സമർത്ഥമായി പറ്റിച്ച ഭദ്ര അല്ലിന്നു... ഇനി തോൽക്കാൻ ഞാനും തീരുമാനിച്ചിട്ടില്ല .. "

"കാണിച്ചു തരുന്നുണ്ട് ഞാൻ... "

തിരിച്ചു മറുപടി പറയാൻ തുടങ്ങും മുൻപേ ജോണും എയ്ഞ്ചലും കടന്നു വന്നു..

"ചിമ്മു... ആ ഗിഫ്റ്റ് നീ തന്നെ അങ്ങ് കൊടുക്കു.. "

എന്തെന്നറിയാതെ ഞാൻ അവളെ നോക്കി.. എയ്ഞ്ചലിനെ എല്ലാവരും വിളിക്കുന്ന പേര് ചിമ്മു എന്നാണ്.. ആ പേരിലെ ഓമനത്തം അവളുടെ മുഖത്തും പ്രവർത്തികളിലും ഇല്ല..

അന്നാദ്യമായി കാച്ചുന്റെ ഫോണിൽ ശിവയും ചിമ്മുവും ചേർന്നു നിൽക്കുന്ന ഒരുപാട് ചിത്രങ്ങൾ താൻ കണ്ടിരുന്നു.. മദ്യ ലഹരിയിൽ ആഘോഷിക്കുന്ന വീഡിയോസും...അന്ന് വെറുത്തു പോയതാ ഇവളെ... അതായിരുന്നല്ലോ തുടക്കം...

"ഇത് എന്റെ വക കൊച്ചു ഗിഫ്റ്റ്.. "

"എന്താ ഇത്.. "

"ഒരു കൊച്ചു മാല.. തനിക്കിത് നന്നായി ചേരും.. ജോണു ന്റെ സെലെക്ഷൻ ആണ്... "

എനിക്ക് നേരെ നീട്ടിയ ബോക്സിലേക്ക് ഞാനൊന്നു കണ്ണോടിച്ചു.. ഒരു സിംപിൾ പ്ലാറ്റിനം ചെയിൻ വിത്ത്‌ ലവ് സിംപൽ ലോക്കറ്റ്...

"ഇത് ഇപ്പൊ എനിക്ക് വേണ്ട ചിമ്മു.. എന്തായാലും ഗിഫ്റ്റ് എനിക്ക് ഇഷ്ട്ടായി... പിന്നീട് ഞാൻ വാങ്ങിച്ചോളാം.. "

സൗമ്യമായി ഞാൻ അത് നിരസിച്ചു..

"അത് വാങ്ങു ഭദ്ര.. "

"ഇപ്പൊ വേണ്ട.. ഇനിയും സമയം ഉണ്ടല്ലോ.. "

ഞാൻ അത് വാങ്ങിയിരുന്നെങ്കിൽ ശിവക്കിട്ടൊരു അടി ആയേനെ പക്ഷെ വേണ്ട..

ജോണിന് ഒരു മോഹം കൊടുത്തുകൊണ്ട് ശിവയെ തോൽപിക്കണ്ട... സ്നേഹം കൊണ്ടു ചതിക്കാൻ തനിക്കു വയ്യ..

"എങ്കിൽ നമ്മുടെ എൻഗേജ്മെന്റ് നു ഞാൻ തന്നെ ഇത് തന്നെ അണിയിക്കും.. "

എന്ന് പറഞ്ഞു എന്റെ ചുമലിൽ തട്ടിക്കൊണ്ടു ജോൺ കടന്നു പോയി...

അവർക്ക് പിന്നാലെ നടക്കുമ്പോൾ എന്റെ മുന്നിൽ ശിവ ഉണ്ടായിരുന്നു.. ആ കണ്ണുകൾ നിറഞ്ഞിരുന്നോ.. അതോ എനിക്ക് തോന്നിയതാണോ...

ഞാൻ വേഗം ജീനയുടെ അടുത്തേക്ക് നടന്നു... ഫുഡ് കഴിച്ചു എന്ന് വരുത്തി..

" ജീന വീട്ടിൽ കേറിയിട്ടേ പോകാവൂ ട്ടോ.. "

"വരാം ഡാ.. "

കൈ കഴുകി തിരിച്ചു നടക്കുമ്പോൾ ജോൺ അവിടെ നില്പുണ്ട്..

"സർ.. "

"സാറോ.. "

"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... "

"താൻ ഈ ജോലി റിസൈൻ ചെയ്യുന്നു.. നാളെ മുതൽ വരില്ല.. അതല്ലേ പറയാൻ വന്നത്.. "

"അതെ സർ.. "

"താൻ വലിയ അഭിമാനി ആണെന്ന് എനിക്ക് മനസിലായി.. "

"ഇനി അവിടെ എനിക്ക്... പറ്റില്ല സർ. അതുകൊണ്ടാണ്.. "

"യെസ്.. ഐ നോ ഡിയർ... പിന്നെ ഈ സർ വിളി ഒന്നു നിർത്തുമോ.. "

"ശീലായിപ്പോയില്ലേ.. "

"ശീലങ്ങൾ ഒക്കെ ഞാൻ മാറ്റിക്കോളാം... "

"ഞാൻ ഇറങ്ങട്ടെ.. "

"ഞാൻ വിളിക്കാം.. ഫോൺ എടുക്കണം ട്ടോ.. "

"എനിക്ക് ഫോണില്ല സർ.. "

"താൻ നുണ പറയണ്ട.. തന്റെ നമ്പർ ഒക്കെ എന്റെൽ ഉണ്ട്.."

ഞാൻ ചമ്മിയ ഒരു ചിരി പാസ്സാക്കി തിരിച്ചു നടന്നു..

****

"നീ ഇതെല്ലാം പാക്ക് ചെയ്തു എവിടെ പോവാ .. "

"എവിടേക്കെങ്കിലും.. "

"ഭദ്രേ.... "

"നല്ല വിലക്ക് വിൽക്കാൻ ഞാൻ പശുവോ പോത്തോ അല്ല.. "

"നിന്റെ നാവ് കൂടുന്നു... "

"അമ്മക്കെന്നും പണം ആയിരുന്നു വലുത്... അന്നേ അച്ഛന്റെ കൂടെ പോയാൽ മതിയായിരുന്നു.. എങ്കിൽ ഇന്നെനിക്ക് ഈ ഗതി വരില്ലായിരുന്നു... "

"നീ തന്നെ ഇത് പറയണം.. എന്റെ ജീവിതം കളഞ്ഞാണ് നിന്നെ വളർത്തി ഒരു നിലയിൽ ആക്കിയത്.. ഇപ്പോളും ഈ ബന്ധം കണ്ടു പിടിച്ചതും നിന്റെ നല്ല ഭാവിക്ക് വേണ്ടി ആയിരുന്നു... ഇനി ഈ അമ്മയെ ധിക്കരിച്ചു നീ പോയാൽ ഉത്തരത്തിൽ കെട്ടിതൂങ്ങും ഞാൻ.. പാറക്കലെ ശോഭക്ക് ഒരു വാക്കേ ഉള്ളു.. ",

ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു വാതിൽ അടച്ചു പൊട്ടിക്കരഞ്ഞു പോയി ഞാൻ...

"ഭദ്ര വാതിൽ തുറക്ക്... "

ഒരുപാട് തവണ കതകിൽ തട്ടിയപ്പോൾ ഞാൻ വാതിൽ തുറന്നു...

"ഞാൻ ഉത്തരത്തിലൊന്നും തൂങ്ങില്ല അമ്മ പേടിക്കാതെ പോയി കിടന്നു ഉറങ്ങിക്കോളൂ.. "

"നീ അപ്പൊ തിരിച്ചു പോണില്ലേ.. "

"ഇല്ല.. ഞാൻ ജോലി നിർത്തി.. "

"ആരോടു ചോദിച്ചിട്ട്.. "

"എനിക്ക് തോന്നിട്ട്... "
"

"തോന്നിവാസം കൂടുന്നുണ്ട്... "

"എനിക്കൊന്നു കിടക്കണം.. "

"ഓഹ് ഇപ്പൊ നിനക്ക് എന്നെ വേണ്ട... അല്ലേലും.. പ്രായം ആയാൽ.. മക്കൾ ഒരു വിധം ആയാൽ പിന്നെ തന്തേം തള്ളേം പുറത്താണ്.. "

എഴുതാപ്പുറങ്ങൾ വായിച്ചു കൊണ്ടുള്ള അമ്മയുടെ പ്രസംഗം ഞാൻ ചെവികൊണ്ടില്ല...

*****

രാവിലെ വീർത്തു പൊന്തിയ കണ്ണുകളുമായി കാവിൽ പോയി കുറെ കരഞ്ഞു കൂട്ടി...

നാഗത്തറയിലെ പാല ചുവട്ടിൽ എന്തിനെന്നറിയാതെ ഏറെ നേരം ഇരുന്നു ഞാൻ.. എല്ലാം സഹിക്കാനുള്ള ശക്തി തരണേ എന്ന് മാത്രം ഉണ്ടായിരുന്നുള്ളൂ പ്രാർത്ഥന...

" കുട്ടി ഇവിടെ വന്നിരിക്കാ... "

"വീട്ടിൽ പോകാനേ തോന്നണില്ല തിരുമേനി.. "

"എല്ലാം ദേവിക്ക് വിട്ടുകൊടുക്കാ.. ദേവി കാത്തോളും.. "

"ഉം... ക്ക് ആരും ഇല്ലാത്ത പോലെ ആയി തിരുമേനി... ന്നോട് ഒന്നു ചോദിക്കാതെ... "

"സാരല്ല്യ കുട്ടി.. മോൾടെ നന്മക്കാണെന്നു  കരുതി അങ്ങ് കണ്ണടക്കാ.. "

"ഒരുപാട് പണം ഉണ്ടായാൽ നന്മ ആകോ... മനസുകൾ തമ്മിൽ അടുപ്പം വേണ്ടേ.. "

"കുട്ടി പറയണതൊക്കെ ക്ക് മനസിലാകും ഇനിയിപ്പോ ഈ ബന്ധം വേണ്ടാന്ന് വച്ചാൽ അവൾ വല്ല കടുംകൈയും കാട്ടും... വാശിക്കാരിയാ... "

"എനിക്കും ഉണ്ട് വാശി... "

വരമ്പിലൂടെ നടന്നു നീങ്ങുമ്പോൾ എന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു..

എതിരെ വരുന്ന നിഴൽ എന്റെ മുന്നിൽ നിന്നതും ഞാൻ പയ്യെ നിന്നു..

കണ്ണുകൾ തുടച്ചു ഞാൻ നോക്കി...മങ്ങിയ കാഴ്ചയെ മറനീക്കി മാറ്റി..  ഇപ്പൊ മുഖം വ്യക്തമാണ്...

ശിവ.... !!!!

ബാക്കി വായിക്കുവാൻ CLICK HERE....

രചന: ജ്വാല മുഖി

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top