''രാജേഷേ ഇതും ശരിയായില്ല അല്ലേ!''
വാസുവേട്ടന്റെ ഭാഷ്യം കേട്ട് മൗനത്തോടെ തല കുനിച്ചു നില്‍ക്കുക മാത്രം ചെയ്തു.
''ഈ ജന്മത്തില്‍ ഒരു പെണ്ണുകെട്ടാന്‍ നിനക്ക് ഭാഗ്യം ഉണ്ടാകില്ലടാ.ഹിഹിഹി''
അടക്കി പിടിച്ചൊരു ചിരിയും ചിരിച്ച് വാസുവേട്ടന്‍ നടന്നു പോയി.
ഇക്കാര്യവും പറഞ്ഞ് നാട്ടുകാരില്‍ പലരും പലവിധത്തില്‍ എന്നെ പരിഹസിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.ജോലിയ്ക്ക് ബാങ്കിലെത്തിയാല്‍ അവിടേയും പരിഹാസം.
സത്യമാണ്.ഏതാണ്ട് പതിനാലോളം പെണ്ണുകാണല്‍ ഇതുവരെ നടന്നു കഴിഞ്ഞിരിക്കുന്നു.ഒന്നും ഒരു വിവാഹത്തിനടുത്തേക്കെത്തിയില്ലാന്ന് മാത്രം.
പ്രധാന വില്ലന്‍ ജാതകം തന്നെയാണ്.പെണ്ണിനേയും വീട്ടുകാരേയും മറ്റെല്ലാം പറ്റി കഴിയുമ്പോഴല്ലേ ജാതകം ശരിയാവില്ല.ജാതകത്തിന് ഒത്ത പെണ്ണിനെ കിട്ടാനുമില്ല.
സത്യം പറഞ്ഞാല്‍,ഒരു കല്ല്യാണമെന്നത് മനുഷ്യ മനസ്സുകള്‍ തമ്മിലല്ല,മറിച്ച് ജാതകങ്ങള്‍ തമ്മിലാണ് പൊരുത്തപ്പെടേണ്ടതെന്ന് വിളിച്ചു പറയുന്ന,കാലങ്ങളായ് പിന്തുടര്‍ന്നു പോരുന്ന ഒരു പൊതുബോധമാണ്.എന്റേത് ശുദ്ധജാതകമാണെന്നാണ് അമ്മയില്‍ നിന്നൊക്കെ കേട്ടിട്ടുള്ളത്.ആ ശുദ്ധം കൊണ്ട് കഷ്ടത്തിലായി പോയതല്ലാതെ ഒന്നുമുണ്ടായില്ല.പലപ്പോഴും ജാതകപൊരുത്തം നോക്കുന്നതിനോടൊക്കെ ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ട്.അപ്പോള്‍ വീട്ടുകാര്‍ക്കു മുന്നില്‍ ആചാരങ്ങളെ ചോദ്യം ചെയ്തവനാകും...തെമ്മാടിയാകും.
അമ്മ തന്നെ പറയും
''ഇനി ജാതകം നമ്മള്‍ നോക്കിയില്ലാന്ന് വരട്ടെ.പെണ്ണിന്റെ വീട്ടുകാര്‍ അതിന് സമ്മതിക്ക്വോ''
അതും ശരി തന്നെയാണ്.
- - - - - - - - - - - - - - - - - - - - - -
മനം മടുത്ത് വീട്ടിലെത്തിയപ്പോള്‍ ബ്രോക്കര്‍ രാമേട്ടന്‍ ഉമ്മറത്ത് തന്നെ അമ്മയോട് സംസാരിച്ച് നില്‍പ്പുണ്ടായിരുന്നു.
എനിക്കൊരു പെണ്ണ് ശരിയാക്കണമെന്ന അമ്മയുടെ വാക്കും കേട്ട് മൂപ്പരും എന്നോടൊപ്പം ഓടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി...
''ഹാ മോന്‍ വന്നോ''
''മടുത്തു അമ്മാ.ജോലിയ്ക്കു പോയാല്‍ അവിടെ പരിഹാസം,നാട്ടിലെത്തിയാല്‍ ഇവിടെ പരിഹാസം.മടുത്തു എല്ലാം'' ''മോന്‍ വിഷമിക്കരുത്.വൈകാതെ എല്ലാം ശരിയാകുമെടാ''
''ഇല്ലമ്മേ ഇനിയും ഈ വേഷംകെട്ടി വിഢിയാകാന്‍ എനിക്ക് വയ്യാ.ഞാനൊരു ഉറച്ച തീരുമാനം തന്നെ എടുത്തു കഴിഞ്ഞിരിക്കുന്നു.ജാതകമാണല്ലോ എനിക്ക് തടസ്സം നില്‍ക്കുന്നത്.അതുകൊണ്ട്,ഇനി ഞാന്‍ കെട്ടാന്‍ ജാതകം നോക്കില്ലാന്ന് ഉറപ്പിച്ചു.
''മോനേ...''
''ഇല്ല അമ്മാ...ഇനിയും വയ്യാ.
രാമേട്ടാ...ജാതകത്തിനെ മുഖവിലയ്ക്കെടുക്കാത്ത ഒരാളെങ്കിലും ചേട്ടന്റെ കയ്യില്‍ കാണ്വോ?''
''അങ്ങനെ ചോദിച്ചാല്‍!
ഒരാളുണ്ട്...
ദേവിക എന്നാണ് പേര്.വയസ്സ് ഇരുപത്തേഴായിട്ടുണ്ട്.ഒരു എല്‍പി സ്ക്കൂള്‍ ടീച്ചറാണ്.ചൊവ്വാദോഷം കാരണം ആലോചനകളൊക്കെ മുടങ്ങി കിടക്കുകയാണ്.അന്ന് കണ്ടപ്പോള്‍ ജാതകം നോക്കാത്ത ആരെയെങ്കിലും കിട്ട്വോന്ന് തിരക്കിയിരുന്നു.
''എങ്കില്‍ രാമേട്ടാ നാളെ തന്നെ നമുക്ക് അവിടെ പോകാം.അവരെ വിളിച്ചറിയിച്ചേക്ക്''
സന്തോഷത്തോടുകൂടി ഞാന്‍ അകത്തേക്കു നടന്നു
- - - - - - - - - - - - - - - - - - - - -
ഇതോടെ പെണ്ണുകാണലിനെല്ലാം അവസാനമാകട്ടെ എന്നുറപ്പിച്ച് ഞങ്ങളവിടെയെത്തി.ഞങ്ങളെ സ്വീകരിക്കാന്‍ ആ അച്ഛനും അമ്മയും ഒന്നിച്ചെത്തിയിരുന്നു.ഞങ്ങളകത്തേക്കിരുന്നു.ദേവിക വൈകാതെ ചായയുമായിട്ടെത്തി
''മോന്റെ പേരെന്താ?''
''രാജേഷ്''
''ജോലിയൊക്കെ?''
''ടൗണിലെ സഹകരണ ബാങ്കില്‍ അക്കൗണ്ടന്റ് ആണ്''
''മോള്‍ ഇവിടുത്തെ എല്‍പി സ്ക്കൂളിലെ ടീച്ചറാണ്''
''ഞാനറിഞ്ഞു.രാമേട്ടന്‍ പറഞ്ഞിരുന്നു''
''ഞങ്ങള്‍ക്കിവള്‍ ഒറ്റ മോളാണ്.അവളുടെ കല്ല്യാണമൊന്ന് കഴിഞ്ഞു കാണാന്‍ ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്.പക്ഷേ,ഇതുവരേം നടന്നില്ല.
മോനേ...വളച്ചു കെട്ടില്ലാതെ പറയാലോ.ഇവള്‍ക്കിപ്പോ ഇരുപത്തേഴ് കഴിഞ്ഞു. ചൊവ്വാദോഷക്കാരിയായതുകൊണ്ട് ആലോചനകളെല്ലാം മുടങ്ങി കിടക്കുകയായിരുന്നു''
''അച്ഛാ കോടികണക്കിന് മനുഷ്യരുള്ള ഈ ഭൂമിയില്‍ മലയാളികളെ മാത്രം ചൊവ്വാദോഷം പിടി കൂടുന്നതിന്റെ യുക്തിയെനിക്ക് മനസ്സിലാകുന്നില്ല.ഞാന്‍ ശുദ്ധ ജാതകക്കാരനാണത്രേ.ആ പേരും പറഞ്ഞ് ആലോചനകള്‍ ശരിയാകാതെ എനിക്കിപ്പോ മുപ്പത്തൊന്ന് കഴിഞ്ഞു.ഇനിയും ജാതകത്തില്‍ തൂങ്ങി ജീവിക്കാന്‍ ഞാനില്ല.എനിക്കിവളെ ഇഷ്ടമായി''
''എങ്കില്‍ പെണ്ണിന് ചെക്കനേയും ഇഷ്ടമായോ എന്നറിയാം എന്തേ!''
ബ്രോക്കറിത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാനവളെയാണ് നോക്കിയത്.ഒട്ടും മടിക്കാതെ ചുണ്ടുകളിലൊരു പുഞ്ചിരിവിടര്‍ത്തി അവള്‍ സമ്മതം മൂളി കഴിഞ്ഞിരുന്നു.
അച്ഛനേയും അമ്മയേയും കൂട്ടി തീയ്യതി കുറിക്കാന്‍ വീണ്ടും എത്താമെന്നോതി
അവളുടെ അച്ഛനെയൊന്ന് പുല്‍കി രാമേട്ടനും ഞാനും പൂര്‍ണ്ണ സന്തോഷത്തോടെ ആ വീടിന്റെ പടിയിറങ്ങി...
സമര്‍പ്പണം:ജാതക കെട്ടുകളില്‍ ജീവിതം കുരുങ്ങി പോയ,മംഗല്യ സൗഭാഗ്യം ഇതുവരേയും തേടിയെത്താത്ത ദുഃഖിത മനസ്സുകള്‍ക്ക്,പ്രിയപ്പെട്ടവര്‍ക്ക്...
രചന:Sujith Gangadharan