ഏയ്... ഓട്ടോ

Valappottukal

"ഏയ്... ഓട്ടോക്കാരാ..
എന്നെ ഒന്ന്  ആ  സ്കൂളിലേക്ക് ആക്കുവോ.. ?

ധൃതിപിടിച്ച്  ഓടി വന്ന അവളുടെ  ചോദ്യം  ആദ്യം ഞാൻ കേൾക്കാത്ത ഭാവത്തിൽ നിന്നു..

"അതേയ്... ചേട്ടാ..  ഇപ്പോൾ തന്നെ ലേറ്റായി.. ഇനിയും താമസിച്ചാൽ  ആ  ബിനു മിസ്സ്‌ എന്നെ ക്ലാസ്സിൽ  കയറ്റില്ല...... "

എഞ്ചിനീയറിംഗ്  കഴിഞ്ഞു  തെക്ക് വടക്ക്  നടക്കുന്ന കാലമായാതുകൊണ്ട്   എന്നും രാവിലെ ചങ്കിനെ കാണാൻ  ഓട്ടോസ്റ്റാൻഡിൽ  എത്തുന്നത്‌ എന്റെ  പതിവാണ്..  അതിന്റെ  ഇടയ്ക്കാ  ഇവളുടെ വരവ്..

" ഒന്നു  പോടീ  പെണ്ണേ....  എനിക്കു  വയ്യാ..  വീട്ടിൽ നിന്ന്  നേരത്തും  കാലത്തും  ഇറങ്ങണം.. അല്ലെങ്കിലേ ബസ്സ്‌  അതിന്റെ  വഴിക്ക്  പോകും.. മോള്  അങ്ങ്  നടന്നു പോയാൽ  മതി.. കേട്ടോ.."

ഇപ്പോൾ   ജോലീം  കൂലിയും  ഒന്നുമില്ലെങ്കിലും     ഒരു  എഞ്ചിനീയറെ  കേറി  ഓട്ടോക്കാരാ   എന്ന് വിളിച്ചതിന്റെ  അമർഷവും  സമീപത്ത്  വേറെ ഓട്ടോയൊന്നും  ഇല്ലാത്തതിന്റെ  അഹങ്കാരവും  എന്റെ  വാക്കിൽ ഉണ്ടായിരുന്നു.

" പിന്നെന്തിനാ  ഈ  പാട്ട വണ്ടിയുമെടുത്ത്  ഇങ്ങോട്ട്  പോന്നേ.. ? വീട്ടിലെങ്ങാനും  ഇരുന്നൂടായിരുന്നോ.. ?  വന്ന്‌  വന്ന്‌  ഓട്ടോക്കാർക്കും  എന്തൊരു  ഡിമാന്റാ... "

ഓരോന്നും  രാവിലെ ബസ്സ്‌ കയറി വന്നോളും  എന്നെ  ചീത്തവിളിക്കാൻ..
ഇവളെ  ഇന്ന്‌..  വല്ല  വടിയും കിട്ടിയിരുന്നേൽ  തലക്കിട്ട്  ഒന്ന്  കൊടുക്കായിരുന്നു..
നാട്ടുകാരെ  പേടിച്ച്  പിന്നെ  ഞാൻ  അതിനൊന്നും  മുതിർന്നില്ല.
കുട്ടി  പത്താം ക്ലാസ്സിലാണെങ്കിലും  നാവ്   എം. എ.  യ്ക്ക്  ആണെന്ന  ലാലേട്ടന്റെ  ഡയലോഗ്  ഇതിന്റെ  കാര്യത്തിൽ  എത്ര  കറക്റ്റാ..

എന്റെ  അടുത്ത  മറുപടിക്ക് മുന്നേ  സേതു  ഓടി വന്നു..

" കുട്ടിക്ക്   എവിടെയാ  പോകണ്ടേ... ? ഞാൻ  കൊണ്ടുപോയി  ആക്കാം..  ഇതെന്റെ  ഓട്ടോയാ.. "

അബദ്ധം പറ്റിയതാണെന്ന്  മനസ്സിലായപ്പോൾ  അവളുടെ  മുഖത്ത്  ചെറിയൊരു  കുറ്റബോധമൊക്കെ  കാണുന്നുണ്ടായിരുന്നു.. ഓട്ടോയിൽ കയറി  പോകാൻ  നേരം  അവൾ  ഒന്നൂടെ  തിരിഞ്ഞു  നോക്കി..

" ഏയ്.. ഓട്ടോക്കാരാ..  സോറി... "

കള്ളച്ചിരിയോടെ  അവൾ വീണ്ടും  അങ്ങനെ  വിളിച്ചപ്പോൾ  എന്തുകൊണ്ടോ  എനിക്ക്  ദേഷ്യം  വന്നില്ല..

പിന്നീട്  എന്നെ  കാണുമ്പോഴൊക്കെ  ഓട്ടോക്കാരാ  എന്ന  വിളിയുമായി  അവൾ  അടുത്തേക്ക്  വരും.

" ടീ.. ദേവൂ.. എന്റെ  പേര്  നിഖിൽ എന്നാ.. നിനക്ക്  അങ്ങനെ  വിളിച്ചൂടെ..  ഇല്ലേൽ  കുറച്ചു  ബഹുമാനത്തോടെ  ഏട്ടാന്ന്‌  വിളിച്ചോ.. "

" അയ്യേ..  ഈ  മുഖത്തിന്‌  കുറച്ചൂടെ ചേർച്ച  മറ്റേ പേരാ..  നിഖിൽ  എന്ന്  എല്ലാരും  വിളിക്കുന്നതല്ലേ..  ഞാൻ മാത്രം ഇങ്ങനെ വിളിച്ചോളാം... "

"  ഓഹ്..  ഉത്തരവ്..  വേഗം   ക്ലാസ്സിൽ  പോകാൻ  നോക്ക്..  വഴിയിൽ  കാണുന്ന  എല്ലാരോടും  കിന്നരിച്ചോണ്ട്   നിന്നോളും.. "

" ആഹ്. .ഇപ്പോൾ  ഞാനായി  കുറ്റക്കാരി.....

ഒരുപക്ഷേ  മറ്റു പലർക്കും    പ്രണയമായി  തോന്നിയേക്കാവുന്ന  അവസ്ഥ.  എന്നാൽ  ഞാൻ  അവളെ  എന്റെ  കുഞ്ഞനുജത്തിയായിട്ട്  മാത്രമാണ്  കണ്ടതത്രയും.  എന്തിനും  ഏതിനും   തർക്കുത്തരം  പറയുന്ന  വാശി പിടിക്കുന്ന  കുഞ്ഞുപെങ്ങള്.. 

എന്റടുത്ത്  പൂർണ  സ്വാതന്ത്ര്യം ഉണ്ടായിരുന്നത്‌  ദേവൂന്  മാത്രമായിരുന്നു.. പ്രായത്തിന്റെതായ പക്വതയൊന്നും  അവൾക്കുണ്ടായിരുന്നില്ല.. എല്ലാം  തമാശയാണ്....  പെങ്ങളില്ലായ്മ  ഒരു  ദാരിദ്ര്യമാണെന്നൊക്കെ  പലപ്പോഴും  തോന്നി  പോയിട്ടുണ്ട്..  എങ്കിലും  ദേവൂട്ടി  ആ  കുറവ്  അങ്ങ്   നികത്തി  തുടങ്ങി..

" ഓഹ്..  പുന്നാര  പെങ്ങള് ഇന്നും  താമസിച്ചോ..   വാ  ഞാൻ  കൊണ്ടുപോയി  ആക്കാം.. "

അന്ന്  ഡ്രൈവർ  സീറ്റിൽ  ഞാനാണ്‌  കയറിയത്..

" ആഹാ..  ഇന്നു  വല്യ  സ്നേഹമാണല്ലോ നിക്കി  മോന്.. "

നിക്കിന്നൊക്കെ  സ്നേഹകൂടുതൽ  കൊണ്ട്  വിളിക്കുന്നതാ

വണ്ടിയിൽ  ഇരുന്നു  നിർത്താതെ  അവൾ  സംസാരിച്ചു..  എന്തൊക്കെയോ  പറഞ്ഞ് പൊട്ടി ചിരിച്ചു.. 

" ദേവൂ....  നിനക്ക്  ചേച്ചിയുണ്ടോ.. ?

" എന്തിനാ.. ?

" അല്ല..  ചേച്ചിയുണ്ടായിരുന്നെങ്കിൽ  അവളെ  ഞാനങ്ങു  കെട്ടിയേനെ..  നിനക്ക്  ഒരു  ചേട്ടനേം  കിട്ടും എനിക്കൊരു  കാ‍ന്താരി   പെങ്ങളെയും..  എങ്ങനുണ്ട്  ഐഡിയ.. ?

" നിക്കി  മോനെ...  അത്രയ്ക്കൊക്കെ  വേണോ... ?

" പിന്നേ..  വേണം  വേണം...  ഇല്ലെങ്കിൽ  എന്റെ  അനിയനെകൊണ്ട്   നിന്നെ  കെട്ടിച്ചാലോ...  അതെങ്ങനെയുണ്ട്.. ?

" ചേട്ടന്  ബ്രോക്കറ്  പണിയും  ഉണ്ടോ ?

" പോടീ..പോടീ..   അല്ലെങ്കിലും  എന്റെ  ഐഡിയ്ക്കൊന്നും  ഒരു  വിലയുമില്ലല്ലോ.. "

തിരിച്ചു പോകാൻ നേരം  അവൾ  വീണ്ടും  വിളിച്ചു..

" ഏയ്‌..  ഓട്ടോക്കാരാ...   എനിക്ക്  ചേച്ചിയുണ്ട്ട്ടോ...  ഒരു  ജോലിയൊക്കെ  വാങ്ങിയിട്ട്  വാ...  ചേച്ചിയെ കൊണ്ട്  ഞാൻ  സമ്മതിപ്പിച്ചോളാം.. "

അടുത്ത  ജന്മത്തിലെങ്കിലും  പെങ്ങളായി  അവളെ  കിട്ടണമെന്ന്  ആഗ്രഹിച്ചിരുന്നു...  ഇപ്പോൾ  ഇതും  കൂടി  കേട്ടപ്പോൾ  വല്ലാത്തൊരു  സന്തോഷം  തോന്നി...

" അപ്പോൾ  എങ്ങനാ.. ?  എന്റെ  ചേട്ടായിയായിട്ട്  പോരുവല്ലേ... ?

ഒരു  കണ്ണ്  അടച്ചു  കാണിച്ചുകൊണ്ടവൾ  സ്കൂളിലേക്ക്  ഓടി..
ആ  നിമിഷം  മുതൽ  സ്വന്തം  അനുജത്തിയായിരുന്നു  എനിക്കവൾ..
ദേവൂനോടുള്ള  അടുപ്പം കണ്ട്‌  കളിയാക്കുന്നവരോടൊക്കെ  ഞാൻ  തലയുയർത്തി  തന്നെ  പറഞ്ഞു..
" അതെന്റെ  പെങ്ങളാണെന്ന്... "

കൂടെ  ജനിച്ചില്ലെങ്കിലും  കൂടപ്പിറപ്പുകളായി  മാറുന്ന  ചില  ബന്ധങ്ങളുണ്ട്..  ഭാഗ്യമുള്ളവർക്ക്  മാത്രേ അത്   കിട്ടൂ...   അങ്ങനെയായിരുന്നു  എനിക്ക്  എന്റെ  ദേവൂം....

ഏതോ  ഒരുത്തൻ  പുറകെ നടന്ന്   ശല്യം ചെയ്തപ്പോൾ  കരഞ്ഞുകൊണ്ട്  അവൾ  ആദ്യം   ഓടിയെത്തിയത്‌   എന്റെ  അരുകിലാണ്..   ഉത്തരവാധിത്വം  കൂടിയെന്ന്  ഞാൻ  തിരിച്ചറിഞ്ഞതും  അന്നാണ്.

അവനെ പിടിച്ച്  രണ്ടെണ്ണം  പൊട്ടിച്ചപ്പോൾ   ദേവൂന്റെ  മുഖത്ത്  വിരിഞ്ഞ  ചിരിയാണ്  എനിക്ക്  കിട്ടിയ  ഏറ്റവും  വല്യ   പ്രതിഫലം..

പെങ്ങൾക്ക്  മുന്നിൽ  ചെറിയൊരു  ഹീറോ  ആകുന്നതിന്റെ  സുഖം  ഒന്ന്  വേറെ  തന്നെയാ..

കുറേകാലം   അലഞ്ഞു തിരിഞ്ഞ്  നടന്നെങ്കിലും  ഒരു  ജോലിയൊക്കെ  കിട്ടി  കുടുംബം  നോക്കാമെന്നായപ്പോൾ  പിന്നെ  ഒന്നും  ചിന്തിച്ചില്ല...  ദേവുന്റെ   ചേച്ചിയെ  തന്നെ  അങ്ങു കെട്ടി.. അനുജത്തിയെക്കാൾ  വല്യ  വഴക്കാളിയാണെങ്കിലും  അവളോളം  എന്നെ   മനസ്സിലാക്കിയ മറ്റൊരാളില്ല..   പിന്നീട്  അങ്ങോട്ട്‌  കുറുമ്പിയായ  ദേവൂട്ടിടെ   വല്യേട്ടനായി  മാറി  ഞാൻ..

" എന്താ  ഏട്ടാ  ഇവിടെ  നിൽക്കുന്നേ... ? കുറേ  നേരായല്ലോ... "

ദേവൂന്റെ  ചേച്ചിയാണ്.  പറഞ്ഞു  വരുമ്പോൾ  എന്റെ  ഭാര്യ..

" നീ  ആ ഓട്ടോ  കണ്ടോ. ?
ദൂരേക്ക്‌  ഞാൻ  വിരൽ  ചൂണ്ടി..
അങ്ങനെയൊരു  ഓട്ടോ  കാരണമാ നിന്നെ  എനിക്ക്  കിട്ടിയത്..  ഈ  കുടുംബം  ഇന്ന്‌  എന്റേതും    കൂടിയായത്‌... "

എല്ലാം  അറിയാവുന്നതുകൊണ്ടാവാം  മൗനമായി  പുഞ്ചിരിച്ചുകൊണ്ട്  തന്നോടു  ചേർന്ന്   അവളും  നിന്നത്..

" ഏയ്..  ഓട്ടോക്കാരാ...
പിന്നിൽ നിന്നും  നീട്ടി ഒരു  വിളി..
ഇതെന്തു  ഭാവിച്ചാ..  എന്നെ  കന്യാദാനം  ചെയ്ത്  കൊടുക്കാൻ  വരാതെ  നിങ്ങളിവിടെ   കിന്നരിച്ചോണ്ട്  നില്ക്കുവാണോ.. ? എന്റെ  ചെക്കൻ  അവിടെ   വെയിറ്റിംഗിലാ.... "

കല്യാണ വേഷത്തിൽ കൂട്ടുകാർക്കൊപ്പം  എനിക്ക്  മുന്നിൽ  വന്ന ദേവൂനെ  കണ്ടപ്പോൾ  അറിയാതെ  എന്റെ  കണ്ണുകൾ  നിറഞ്ഞു..  കാലം  എന്റെ  അനിയത്തിയെ  ഇന്നൊരു  കല്യാണപെണ്ണാക്കി  മാറ്റിയിരിക്കുന്നു..

" ദേ.. വരുവാടി  പെണ്ണേ..  ഇപ്പോഴേ  ഇങ്ങനെ  ആണെങ്കിൽ  കല്യാണം  കഴിഞ്ഞ് നീ  ഈ  വീടിന്റെ  പടി  ചവിട്ടുവോ... ?

" ഞാൻ  എന്തിന്  ഇനി  ഇങ്ങോട്ട്  വരണം.. ? ഈ  ഓട്ടോക്കാരന്റെ  അനുജത്തി  വേഷം  ഞാൻ  രാജി  വെച്ചു..."

സ്വയം  സമാധാനിക്കാൻ  ശ്രമിക്കുന്നുണ്ട്  അവൾ..

" ഓഹ്.. ആയിക്കോട്ടെ..  തമ്പുരാട്ടി  നടക്ക്.. "

കല്യാണ പന്തലിലേക്ക്   കൈപിടിച്ചു  കൊണ്ടുവരാൻ  ഞാൻ  മാത്രം  മതിയെന്ന് അവൾ  നിർബന്ധം പിടിച്ചു..
എന്റെ  കൈകളെ  മുറുകെപിടിച്ചു  പടികൾ  കയറുമ്പോൾ    അച്ഛന്റെ  കുറവ്  എന്നിലൂടെ  ആ  പാവം  മറച്ചുവെയ്ക്കുന്നുണ്ടായിരുന്നു..  ദേവൂനെ   മറ്റൊരാളെ  ഏൽപ്പിക്കുമ്പോൾ  മനസ്സ് കൊണ്ടും  കർമ്മം കൊണ്ടും   ഒരു  ഏട്ടനിൽ  നിന്ന്‌  അച്ഛനായി  മാറുകയായിരുന്നു  അന്ന്  ഞാൻ..

പേരിട്ട്  വിളിക്കാൻ  പറ്റാത്ത  ചില ബന്ധങ്ങളുണ്ട്.. രക്തബന്ധത്തിനേക്കാൾ  മുകളിൽ  ഒരുപക്ഷേ  സ്ഥാനം  നേടിയെടുക്കുന്നവ.. അങ്ങനെയുള്ള  എല്ലാ സഹോദരങ്ങൾക്കും വേണ്ടി......
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...

രചന: Kavitha Thirumeni.....

To Top