മാംഗല്യം തന്തുനാനേന ഭാഗം 11
അവരുടെ നിൽപ്പ് കണ്ട് ക്ഷിതിജ ചിരി നിർത്തികൊണ്ട് പറയാൻ തുടങ്ങി..
"എന്റെ കൂട്ടുകാരേ.. നിങ്ങടെ ഈ സർപ്രൈസിന്റെ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല അല്ലേ.."
അവൾ ചോദിച്ചപ്പോൾ അവർ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി..
"അത് താൻ പ്രച്ച്നോം.. കല്ലൂന്റെ അച്ഛനെ എന്റെ അപ്പ മുൻപേ വിളിച്ചു ക്ഷണിച്ചിരുന്നു.. എല്ലാർക്കും വരാൻ പറ്റിയില്ലെങ്കിലും നിങ്ങൾ എന്തായാലും വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.. നിങ്ങൾ അവിടെ നിന്ന് പുറപ്പെട്ട ദിവസം തന്നെ അച്ഛൻ അപ്പായെ വിളിച്ചിരുന്നു.. സോ ഞങ്ങൾ നിങ്ങളെ പ്രതീക്ഷിച്ചിരിക്കാർന്നു.."
അപ്പ വിളിച്ച കാര്യമൊന്നും അച്ഛൻ തന്നോട് പറഞ്ഞില്ലല്ലോ എന്ന് കല്ലുവോർത്തു.. എന്തായാലും ഇപ്പോ അച്ഛന്റെ ഒരു വിളി കൊണ്ട് സർപ്രൈസ് പൊളിഞ്ഞു കിട്ടി.. പാത്തുവും ജോണും കല്ലുവിനെ തുറിച്ചു നോക്കി.. കല്ലു ദയനീയമായി വളിച്ച ചിരിയോടെ നിന്നു.. വീട്ടുകാരോട് ഇങ്ങോട്ടാണെന്ന് ഇപ്പോ പറയണ്ട.. ഒരു ട്രിപ്പ് പോവാണെന്ന് മാത്രം പറഞ്ഞാ മതീന്ന് അവർ പറഞ്ഞതാണ്.. അപ്പോൾ താനാണ് വല്യേ സത്യസന്ധയായത്.. അതോണ്ട് ഇപ്പോ പ്ലാൻ ഫ്ലോപ്പ് ആയിപ്പോയി..
"നിങ്ങൾ ഇന്നലെ എത്തേണ്ടിയിരുന്നതാണല്ലോ.. എന്താ ലേറ്റ് ആയേ..?" ക്ഷിതിജ ചോദിച്ചു..
"അത് ഞങ്ങൾ ചെറിയ ഒരു ട്രിപ്പ് നടത്തി.. കൊല്ലിമലയിലോട്ട്.."
"വാട്ട്..?? കൊല്ലിമലയിലേക്കോ.. എന്റെ കുറേ നാളായുള്ള ആഗ്രഹമാണ്.. ഇത് വരെ പറ്റിയിട്ടില്ല.." ക്ഷിതിജ നിരാശയോടെ പറഞ്ഞു..
"അതിനെന്താ.. ഇനീം പോവാലോ.. ഇജ്ജ് ഹണിമൂൺ അങ്ങോട്ട് ആക്കിക്കോന്നെ.." ഹണിമൂൺ എന്ന് കേട്ടപ്പോഴേ ക്ഷിതിജയുടെ മുഖമെല്ലാം ചുവന്ന് തുടുക്കാൻ തുടങ്ങി..
"അങ്ങോട്ടാണെങ്കിൽ ഹണിമൂൺ അഡ്വെഞ്ചറസ് ആയി തീരും... ചെറുതായിട്ട് ഒരു തീർത്ഥാടനവും ആവും..." ജോൺ ചിരിച്ചുകൊണ്ട് പറഞ്ഞു..
"എന്തായാലും ആ ഒരു വാക്ക് കേട്ടപ്പോഴേ ഇവിടൊരാള് നാണം കൊണ്ട് പൂത്തുവിടർന്നു.. ഇപ്പോ ദേ കാലുകളാൽ കളം വരക്കാൻ തുടങ്ങി.." കല്ലു ക്ഷിതിജയെ കളിയാക്കി...
"ഒന്ന് പോ ചട്ടമ്പീ.. കളിയാക്കാതെ..." അവരെല്ലാവരും ചിരിച്ചു.. പിന്നെയും ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല.. അതുകൊണ്ട് പാത്തുവും ജോണും സർപ്രൈസ് പൊളിഞ്ഞതിന് കല്ലുവിനെ തെറി വിളിക്കാൻ വന്നില്ല..
അന്ന് രാത്രി കല്യാണി തനിച്ചു നിൽക്കുമ്പോൾ ക്ഷിതിജ അടുത്തേക്ക് വന്നു..
"ചട്ടമ്പീ.. എന്താലോചിച്ചു നിൽക്കുവാ" ക്ഷിതിജയുടെ ശബ്ദം കേട്ടപ്പോൾ കല്യാണി തിരിഞ്ഞു നോക്കി..
"ഒന്നുമില്ല.. ഞാൻ വെറുതേ.."
"നിങ്ങള് വന്നതിൽ എനിക്കെത്ര സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.." കല്യാണി ചിരിച്ചു..
"ശരിക്കും നിനക്കെന്നോട് ദേഷ്യമില്ലേ കല്ലൂ.. ഞാൻ കാരണമല്ലേ നിനക്ക് പലതും നഷ്ടമായത്..." കല്യാണിയിൽ ഭൂതകാല സ്മരണകൾ നിറഞ്ഞു..
"ഞാൻ ചെയ്ത ഒരു തെറ്റ്.. അന്നെനിക്ക് എന്ത് വേണമെന്ന് അറിയില്ലായിരുന്നു.. പേടിയായിരുന്നു.. പിന്നീട് എല്ലാം തുറന്ന് പറയണം എന്ന് കരുതിയപ്പോൾ അതിന് കഴിഞ്ഞതുമില്ല.."
"ചിലപ്പോഴൊക്കെ അങ്ങനെയാണ് ക്ഷിതിജ.. എന്തൊക്കെയോ നടക്കും.. നമ്മളെല്ലാം അതിലെ കഥാപാത്രങ്ങളായി ആടിത്തീർക്കും.."
"ഞാൻ കാരണം നിനക്ക് നഷ്ടപ്പെട്ടത് ഞാൻ വീണ്ടെടുത്ത് തരും.."
"വേണ്ട.. നീ കാരണം എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല.. അതാലോചിച്ച് നീ വിഷമിക്കണ്ട.. പിന്നെ എന്റേതാണെങ്കിൽ.. എനിക്കുള്ളതാണെങ്കിൽ.. അത് എന്നിൽ തന്നെ വന്ന് ചേരും.. അതിനി സൗഹൃദമായാലും.. പ്രണയമായാലും.. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.."
"എന്നാലും കല്ലൂ.."
"ന്റെ കല്യാണപ്പെണ്ണ് അതൊന്നും ആലോചിക്കാതെ പോയി ഉറങ്ങാൻ നോക്ക്.. ഇല്ലെങ്കിൽ മുഖത്ത് ക്ഷീണം തോന്നും.. ചെല്ല് ചെല്ല്.. ഗുഡ് നൈറ്റ്..." അവളെ ഉറങ്ങാൻ പറഞ്ഞയച്ച് കല്യാണി അവിടെ തന്നെ നിന്നു.. ആകാശത്തെ നക്ഷത്രങ്ങളെയും നോക്കിക്കൊണ്ട്..
"എന്റേത് എവിടെയാണ്..?? എന്റെ കൺമുന്നിൽ വരാത്തത് എന്താണ്..??" അവളാരോടെന്നില്ലാതെ ചോദിച്ചു.. അപ്പോൾ ഒരു കുഞ്ഞുനക്ഷത്രം മിന്നിതിളങ്ങി.. അവൾക്ക് മറുപടി നൽകും പോലെ...!!
പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേൽക്കുക എന്നത് കല്ലുവിന് ബുദ്ധിമുട്ടായിരുന്നുവെങ്കിലും പാത്തു അവളെ കുത്തി എഴുന്നേൽപ്പിച്ചു...
"ന്റെ പാത്തു.. ഒരു ഫൈവ് മിനിറ്റ്സ്.." അതും പറഞ്ഞു കല്ലു വീണ്ടും ബെഡിലേക്ക് വീണു.. പാത്തു എന്നാൽ തോൽവി സമ്മതിച്ചില്ല.. അവളെ ബലമായി പിടിച്ചെഴുന്നേല്പിച്ചു..
"കല്ലു.. ഇത് ഞമ്മടെ വീട് അല്ല.. അതോണ്ട് അധികനേരം കെടന്നൊറങ്ങ്യാ പറ്റൂല.. രാത്രിയിൽ നേരത്തെ കെടന്നോറങ്ങിക്കൂടെ അനക്ക്.. അപ്പോ അവള് ചന്ദ്രനേം സൂര്യനേം ഒക്കെ കണ്ടോണ്ട് ഇരിക്കും.."
"രാത്രീല് എവിടാടീ സൂര്യൻ.." കല്ലു കോട്ടുവാ ഇട്ടോണ്ട് ചോദിച്ചു..
"അതാണോ ഇപ്പോ ഇബ്‌ടത്തെ വിഷയം.. ഇജ്ജ് എണീക്ക് പെണ്ണേ.. പോയി കുളിക്ക്.."
"നീയെന്റെ അമ്മക്ക് പഠിക്കാണോ.."
"അന്നെ നേരാക്കാണെങ്കിൽ അങ്ങനെ ആവണ്ടി ബരും.. ചെല്ല് പെണ്ണേ.."
കല്ലു ഉറക്കച്ചടവോടെ എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു..
"നിന്റെ കുളിയൊക്കെ കഴിഞ്ഞതാണോ പാത്തൂ.."
"ഞമ്മള്ടെ നിസ്കാരോം കുളിയും ഒക്കെ കഴിഞ്ഞു.. ഇജ്ജ് ഒന്ന് കുളിച്ചു വന്നാ മതി.."
"ഉം.."
കുളിയെല്ലാം കഴിഞ്ഞ് ചെന്നപ്പോൾ സരസ്വതിയമ്മ ചായ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.. ക്ഷിതിജ അമ്പലത്തിൽ പോവാൻ റെഡി ആയി നിൽക്കുവായിരുന്നു.. കല്ലുവിനോട് കൂടെ വരുന്നോ എന്ന് ചോദിച്ചപ്പോൾ അവൾ തലയാട്ടി.. പണ്ട് എന്നും പോകുമായിരുന്നെങ്കിലും ഇപ്പോൾ അമ്പലത്തിൽ പോക്കൊക്കെ കുറവാണ്.. അതിന് അമ്മേടേന്ന് വഴക്ക് കേൾക്കാറുമുണ്ട്.. ഇന്നെന്തായാലും പോകാം എന്ന് കല്ലുവിന് തോന്നി.. പാത്തുവും ജോണും കൂടെ വരുന്നുണ്ടെന്ന് പറഞ്ഞു.. അമ്പലത്തിൽ കയറിയില്ലെങ്കിലും അവർക്ക് നാടൊക്കെ കാണാമല്ലോ.. അങ്ങനെ ചായ കുടിക്കാൻ നിൽക്കാതെ അവർ അമ്പലത്തിലേക്കിറങ്ങി...
ആ നാടിന്റെ ഭംഗി ആസ്വദിച്ചു അവർ നടന്നു.. ഭക്തിയുടെയും ചരിത്രത്തിന്റെയും പൈതൃകവും സംസ്കാരവും ഉള്ള അതിമനോഹരമായ നാടാണ് മായാവരം.. ആധുനികത ചെറിയ രീതിയിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും പഴമയും സാംസ്ക്കാരവും ഇവർ കൈവിട്ടിട്ടില്ല.. ഒരുപാട് വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയും ഇവർക്കിടയിലുണ്ടെന്ന് ക്ഷിതിജ പറഞ്ഞറിഞ്ഞു...
"ഈ നാടിന്റെ പേരിന് പിന്നിൽ എന്തോ സ്റ്റോറി ഇല്ലേ ക്ഷിതിജ.. ഈ സ്‌ഥലത്തെ കുറിച്ച് ഗൂഗിൾ ചെയ്തപ്പോ അങ്ങനെ എന്തോ കണ്ടിരുന്നു.." ജോൺ പറഞ്ഞു..
"ഉണ്ട്.. മായാവരത്തെ കൂടാതെ മയിലാടുംതുറൈ , മയൂരം എന്നീ പേരുകളും ഈ നാടിനുണ്ട്.. പേരിലുള്ളത് പോലെ തന്നെ മയിലുമായി ബന്ധമുണ്ട് ഈ സ്ഥലത്തിന്.. പ്രധാനമായും കേൾക്കുന്ന കഥ ദേവി പാർവതിയെ കുറിച്ചാണ്.. ഒരിക്കൽ പാർവതി ദേവിയും ശിവഭഗവാനും തമ്മിൽ വഴക്കുണ്ടായപ്പോൾ അദ്ദേഹം ദേവിയെ മയിലായി മാറട്ടെ എന്ന് ശപിച്ചു.. എന്നാൽ ദേവിക്ക് പശ്ചാത്താപമുണ്ടായപ്പോൾ മയിലാപൂരും മയിലാടുംതുറൈയിലും ശിവനെ പ്രാർത്ഥിക്കുവാൻ പറഞ്ഞു.. അങ്ങനെ പാർവതി മയിലിന്റെ രൂപത്തിൽ ശിവനെ ആരാധിച്ച സ്ഥലമായത് കൊണ്ടാണ് ഈ പേര് വന്നത് എന്ന് പറയുന്നു.." സംസാരിച്ചു കൊണ്ട് അവർ മയൂരനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിലെത്തി..
വാരാണസിയിലെ ആറ് പ്രമുഖ ക്ഷേത്രങ്ങള്‍ക്ക് തുല്യമായി കരുതുന്ന ദക്ഷിണേന്ത്യയിലെ ആറുക്ഷേത്രങ്ങളില്‍ ഒന്നാണിത്. ക്ഷേത്രത്തിന്റെ വാസ്തുശില്പ ഘടന വളരെ ആകർഷണീയമായിരുന്നു.. വലിയ പ്രവേശന ഗോപുരം ഉണ്ടായിരുന്നു.. ജോണും പാത്തുവും പുറത്ത് നിന്നു.. കല്ലുവും ക്ഷിതിജയും അകത്തേക്ക് കയറി..
ക്ഷേത്രത്തിലെ മുഖ്യദേവൻ മയൂരനാഥനാണ്.. ദേവി പാർവതി ഇവിടെ അഭയപ്രദാംബിക , അഭയാംബിക , അഞ്ജലനായകി എന്നെല്ലാം അറിയപ്പെടുന്നു.. വാസ്തുവിദ്യയുടെയും ശില്‍പകലയുടെയും വൈദഗ്ദ്ധ്യം കാണിച്ചു തരുന്ന ക്ഷേത്രച്ചുമരുകളും ഗോപുരങ്ങളും മണ്ഡപങ്ങളും.. ചോള രാജവംശകാലത്തെ ശിലാലിഖിതങ്ങളും.. മയിലിന്റെ രൂപത്തില്‍ ഉള്ള പാര്‍വതി ശിവനെ ആരാധിക്കുന്ന ശില്‍പവും.. ശിവന്‍ സ്വന്തം തല അറുത്തു ദൈവത്തിനു സമര്‍പ്പിക്കാന്‍ പോകുന്ന ശില്പവുമെല്ലാം അവളവിടെ കണ്ടു.. ഓരോന്നിനെ കുറിച്ചും ക്ഷിതിജ വിവരിക്കുന്നത് കല്യാണി താല്പര്യത്തോടെ കേട്ടു..
മൂന്ന് വിനായക സന്നിധികളുണ്ടായിരുന്നു.. ഓരോ വിനായകനും വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു.. കൊടിമരത്തിന്റെ തെക്കുഭാഗത്തായുള്ള വലിയ വിനായകന്‍ സ്ഥലവിനായകനെന്നും അഗസ്ത്യമഹര്‍ഷി പ്രതിഷ്ഠ നടത്തിയത് അഗസ്ത്യവിനായകനെന്നും അറിയപ്പെടുന്നു. ക്ഷേത്രകലവറക്ക് സമീപമുള്ള വിനായകനെ കലഞ്ഞിയ പിള്ളൈയാര്‍ അഥവാ പത്തായ ഗണപതി എന്നാണ് വിളിക്കുന്നത്.. പത്തായം എപ്പോഴും നിറഞ്ഞിരിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന ഗണപതിയായതുകൊണ്ടാണത്രേ ഈ പേര് വന്നത്‍.. മറ്റൊരു കഥ ക്ഷിതിജ കല്യാണിക്കായി വിവരിച്ചു.. ഒരിക്കൽ നാഥശര്‍മ്മ എന്നുപേരായ ഒരു ബ്രാഹ്മണനും പത്‌നി അനവിടൈയും ശിവനില്‍ ലയിക്കണമെന്നാഗ്രഹിച്ചു. അതിനായി തീര്‍ത്ഥാടനത്തിനിറങ്ങിയ അവരിരുവരും നിരവധി ശിവക്ഷേത്രങ്ങളില്‍ തൊഴുത് മായാവാരത്ത് എത്തി.. സാക്ഷാൽ മയൂരനാഥന്‍ തന്നെ സ്വപ്നത്തിൽ അരുളിയത് പ്രകാരം നാഥശര്‍മ്മ ഭഗവാന്റെ ഇടതുവശത്തും അനവിടൈ വലതുവശത്തും ഓരോ ശിവലിംഗം പ്രതിഷ്ഠിച്ചു. കുറേ കാലത്തെ തപസ്സിനൊടുവില്‍ അവരുടെ ആഗ്രഹം സഫലമായി. അതിനുശേഷം ക്ഷേത്രത്തിൽ വരുന്നവർ ആദ്യം നാഥശര്‍മ്മ പ്രതിഷ്ഠിച്ച ശിവലിംഗവും അനവിടൈ പ്രതിഷ്ഠിച്ച ശിവലിംഗവും തൊഴുതശേഷം മാത്രം മുഖ്യദേവനെ തൊഴാറുള്ളൂ.. അനവിടൈയുടെ ഓര്‍മ്മയ്ക്കായി അവര്‍ പ്രതിഷ്ഠിച്ച ശിവലിംഗം ദേവിയെ അണിയിച്ചൊരുക്കുന്ന രീതിയിൽ സാരി ഉടുപ്പിച്ചാണ് അലങ്കരിക്കുന്നത്..*
തൊഴുതതിന് ശേഷം അവർ കാവേരി നദിയിലുള്ള വൃഷഭതീർത്ഥത്തിലെത്തി..
"കല്ലൂ.. ഇത് പുണ്യതീർത്ഥമാണ്.. ശിവവാഹനമായ നന്ദിയുടെ ഗര്‍വും അഹംബോധവും പരിധി ലംഘിക്കുന്നതുകണ്ട് കോപാകുലനായ ശിവന്‍ ഇവിടെ കാവേരിയുടെ കരയില്‍വച്ച് നന്ദിയെ പാതാളലോകത്തേക്ക് ചവുട്ടിത്താഴ്ത്തിയത്രെ.
അതുകൊണ്ടാണ് ഇതിന് വൃഷഭതീര്‍ത്ഥം എന്ന പേരുവന്നത്. തമിഴ്മാസമായ ഐപ്പശിയിലെ അതായത് തുലാമാസത്തിലെ കറുത്തവാവിന് ഇവിടെ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്നതുകൊണ്ട് തുലാഘട്ട് എന്നുംപറയുന്നു.ഈ ദിവസം പുണ്യനദികളായ ഗംഗയും യമുനയും ഇവിടെ കാവേരിയില്‍ സംഗമിച്ച് വൃഷഭതീര്‍ത്ഥത്തില്‍ ചേരുന്നുവെന്നാണ് വിശ്വാസം..അന്ന് ഇവിടെനിന്ന് ശേഖരിക്കുന്ന ജലം ഒരിക്കലും കേടുവരില്ല.. "
കല്യാണി തന്റെ കൈക്കുമ്പിളിൽ ഇത്തിരി ജലമെടുത്ത് തലയിലൂടെ തളിച്ചു.. അപ്പോൾ അവൾക്ക് ഒരു പ്രത്യേക സുഖം തോന്നി.. അമ്പലത്തിൽ നിന്നുമിറങ്ങി അവരെല്ലാവരും കൂടി നടന്നു..
"കുറേ ഫേയ്‌മസ് ആയിട്ടുള്ള ആളുകളുടെ നാടാണല്ലേ ഈ മായാവരം.."
"അതേ ജോണച്ഛായാ.. മായാവാരം കൃഷ്ണമൂർത്തി,ത്യാഗരാജഭാഗവതര്‍,മധുരൈ മണി അയ്യര്‍, മായാവരം രാജം അയ്യര്‍, മയൂരം ഗോവിന്ദരാജ പിള്ള.. പിന്നെ നമ്മുടെ ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ഇങ്ങനെ കുറേപേരുടെ ജന്മസ്ഥലമാണ് ഇവിടം.."
"ഉം.."
വീട്ടിലെത്തി ഭക്ഷണം ഒക്കെ കഴിച്ച് സാന്ത്വനത്തിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു കല്ലു.. അപ്പോഴാണ് ജോൺ ഓടിവന്നത്..
"ഡീ കല്ലൂ.. ഒരാളെ കാണിച്ചു തരാം.."
"ആരാടാ.."
"നീ വാ... പറയാം.."
"എന്നാ ശരി ടീച്ചറേ.. ഞാൻ പിന്നെ വിളിക്കാം.." അവൾ ഫോൺ വെച്ച് അവനൊപ്പം നടന്നു.. അല്ല അവനവളുടെ കൈ പിടിച്ചു കൊണ്ടുപോയി.. പെട്ടെന്ന് അവൻ നിന്നു.. കുറച്ചകലെയായി നിൽക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി പറഞ്ഞു..
"അയാളാണ് ഇന്നലെ പ്രോബ്ലം സോൾവ് ആക്കിയത്..." ജോൺ പറഞ്ഞപ്പോൾ കല്ലു അങ്ങോട്ട് നോക്കി.. ഇന്നലത്തെ പോലെ ഇന്നും അയാൾ തിരിഞ്ഞാണ് നിന്നിരുന്നത് എന്നതിനാൽ മുഖം കാണാനില്ല... പറഞ്ഞറിയിക്കാനാവാത്ത ഏതോ ഒരു വികാരം തന്നെ വന്ന് പൊതിയുന്നത് അവളറിഞ്ഞു.. ഹൃദയം വല്ലാതെ മിടിക്കുന്ന പോലെ... കല്ലു ആ ചെറുപ്പക്കാരനടുത്തേക്ക് നടന്നു...
കഥ വളരെ മെല്ലെ നീങ്ങുന്നതായി തോന്നാം.. പല വിവരണങ്ങളും ചേർത്ത് എഴുതുന്നത് കൊണ്ടാണ് കഥയിലേക്ക് അടുക്കുവാൻ സമയമെടുക്കുന്നത്.. പക്ഷേ ആ ഡിസ്ക്രിപ്ഷൻസ് ഒന്നും ഇല്ലാതെ എഴുതിയാൽ എനിക്കൊരു പൂർണത തോന്നില്ല.. എങ്കിലും അധികം ലാഗ് വരാതിരിക്കാൻ ഇതിൽ ഉൾക്കൊള്ളിക്കണം എന്ന് കരുതിയ പല കാര്യങ്ങളും ഞാൻ കട്ട് ചെയ്തിട്ടുണ്ട്.. എങ്കിലും ഈ കഥ ഇനിയും നീണ്ടുപോവും.. എല്ലാവരും ക്ഷമയോടെ ഓരോ ഭാഗത്തിനുമായി കാത്തിരിക്കണം.. ഇഷ്ടപ്പെട്ടെങ്കിൽ ലൈക് കമന്റ് ചെയ്യണേ..
മാംഗല്യം തന്തുനാനേന ഭാഗം 12
അയാൾക്കടുത്തേക്ക് നടക്കും തോറും അവളുടെ ഇടംകണ്ണ് വീണ്ടും വീണ്ടും തുടിക്കാൻ തുടങ്ങി.. വേണ്ടപ്പെട്ട ആരെയോ കാണും എന്നാണ് അതിനർത്ഥമെന്ന് അമ്മ പറയാറുണ്ടായിരുന്നു.. അത് സത്യമാവാൻ പോകുന്നു എന്നൊരു തോന്നൽ അവളുടെ മനസ്സിൽ ഉടലെടുത്തു.. അവൾ അയാളുടെ തോളിൽ കൈ വെക്കാൻ പോയതും അയാൾ തിരിഞ്ഞു നോക്കി.. ഒരു നിമിഷം കണ്ണുകളിൽ നോക്കിക്കൊണ്ട് അവർ നിന്നു.. കല്ലുവിന്റെ മിഴികൾ അറിയാതെ നിറഞ്ഞൊഴുകി... അവൾ മുന്നോട്ട് നടക്കാൻ തുടങ്ങിയതും ആരോ അവളുടെ കയ്യിൽ പിടുത്തമിട്ടു.. നോക്കിയപ്പോൾ ജോണാണ്.. അവൾ വേഗം അവൻ കാണാതെ കണ്ണ് തുടച്ചു..
"നിനക്ക് ഇദ്ദേഹത്തെ പരിചയപ്പെടേണ്ടേ കല്ലൂ.." അയാൾ അവളെയും ജോണിനെയും മാറി മാറി നോക്കി...
"ഹായ് ചിന്മയ്.. ഇതാണ് കല്യാണി.." അപ്പോഴേക്കും പാത്തുവും ഓടിവന്നു.. "ഇത് ഫാത്തിമ എന്ന പാത്തു.. ഇവർ രണ്ടുപേരുമാണ് എന്റെ ബെസ്റ്റീസ്.." ജോൺ ചിന്മയ്ക്ക് അവരെ പരിചയപ്പെടുത്തി...
"ഹായ് ബോത് ഓഫ് യൂ.. ഇന്നലെ കാറിൽ ഉണ്ടായിരുന്നത് നിങ്ങളാണല്ലേ.. ഇന്നലെ അവൻ നിങ്ങളോട് കുറച്ച് മോശമായാണ് ബിഹേവ് ചെയ്തത്.. ആക്ച്വലി അയാം സോറി ഫോർ ദാറ്റ്.."
ചില മുഖങ്ങളിലെ ഭാവം കല്യാണിക്കപ്പോൾ വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
"നോ ചിന്മയ്.. നിങ്ങൾ എന്തിനാ സോറി പറയണേ.."
"അത് വേണം ജോൺ.." അതും പറഞ്ഞയാൾ അവരെ നോക്കി.. കല്യാണി ഒന്നും മിണ്ടാനാവാതെ നിൽക്കുകയായിരുന്നു.. അവളുടെ കണ്ണുകൾ അനുസരണക്കേട് കാണിക്കാനൊരുങ്ങിയപ്പോൾ അവളതിനെ ശാസനയോടെ പിടിച്ചു നിർത്തി..
"എന്താ നിങ്ങൾ രണ്ടാളും ഒന്നും പറയാത്തേ.." ചിന്മയ് അത് ചോദിച്ചപ്പോഴേക്കും ആരോ വന്ന് അയാളെ വിളിച്ചു..
"നിങ്ങൾ ഇവിടൊക്കെ തന്നെ ഉണ്ടാവില്ലേ.. സീ യൂ എഗെയിൻ.." അയാൾ അവർക്കൊരു പുഞ്ചിരി സമ്മാനിച്ച് കടന്ന് പോയി..
"അല്ലെങ്കിൽ നല്ല നാവാണല്ലോ രണ്ടെണ്ണത്തിനും.. ഇപ്പോ എന്താ അയാള് സോറി പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിന്നേ.." ജോൺ ചോദിച്ചു..
"എടാ.. അയ്ന് എനക്ക് ഇന്നലെ എന്താ നടന്നേന്ന് വല്യേ പിടിയില്ല.. പിന്നെ ഞാനെന്ത് പറയാനാ.."
"അത് ഓകെ.. നിനക്ക് എന്തേലും പറയാർന്നല്ലോ കല്ലൂ.. വാട്ട് ഹാപ്പെൻഡ് റ്റു യൂ.." കല്ലു അപ്പോഴും ഒന്നും മിണ്ടിയില്ല..
"ഓളും പെട്ടെന്ന് സ്റ്റക്ക് ആയി പോയിണ്ടാവും അച്ഛായാ.. ഇജ്ജ് അത് വിട്.. ഇന്നലെ ശരിക്ക് എന്താ ഉണ്ടായേന്ന് പറ.." ജോൺ സംഭവം ചുരുക്കി പറഞ്ഞു..
"ഓ.. അപ്പോ കൂട്ടുകാരൻ ഇത്തിരി ബെടക്ക് ആണേലും ഓൻ ഡീസന്റ് ആണല്ലേ.."
"അതേടീ.. പിന്നെ ആ ബഹളം വെച്ചയാൾ ചിന്മയ്ടെ ഫ്രണ്ട് ഒന്നുമല്ല.. അയാളുടെ കൂടെയുണ്ടായിരുന്ന ആൾ ചിന്മയ്ക്ക് വേണ്ടപ്പെട്ട പയ്യനാണ്.. അതുകൊണ്ടാണ് അവൻ വിളിച്ചപ്പോ വന്നേ.."
"ഓഹോ.. അപ്പോ അങ്ങനാണ് കാര്യങ്ങൾ.. അല്ല ഇയാൾക്ക് മലയാളം തെരിയുംന്ന് അനക്ക് അറിയില്ലാർന്നോ.."
"ഇല്ലടീ.. ഇന്നലെ ഇംഗ്ലീഷിലാ കമ്മ്യൂണിക്കേറ്റ് ചെയ്തേ.. ഇപ്പോഴല്ലേ അവന് മലയാളം അറിയാന്ന് മനസ്സിലായേ.."
"അയാളെന്താ ഇബടെ..?"
"ഹീ ഈസ് എ ഡോക്ടർ.. ക്ഷിതിജ മാരി ചെയ്യാൻ പോണത് ചിന്മയ്ടെ ഫ്രണ്ട് കം കൊളീഗിനെ ആണ്.. അപ്പോ അവരുടെ ഫാമിലീടെ കൂടെ എന്തിനോ വന്നതാ.."
"ഉം.."
അപ്പോഴാണ് അവർ രണ്ടുപേരും കല്യാണിയുടെ മുഖം ശ്രദ്ധിക്കുന്നത്.. ഇത്ര നേരമായിട്ടും അവളൊന്നും മിണ്ടാതെ നിൽക്കുകയായിരുന്നു..
"എടീ ചട്ടമ്പിക്കല്യാണീ.. അന്റെ മൊഖത്തിനെന്താ ഒരു വാട്ടം..."
"ഒന്നൂല്യ..." കല്യാണി വേഗം അവിടെ നിന്നും പോയി.. ജോണും പാത്തുവും ഒന്നും മനസ്സിലാവാതെ അവൾ പോകുന്നത് നോക്കി നിന്നു..
റൂമിലെത്തി തലയിണയിൽ മുഖമമർത്തി കല്യാണി കരഞ്ഞു.. സന്തോഷമാണോ ദുഃഖമാണോ തനിക്ക് തോന്നുന്നതെന്ന് അവൾക്ക് വേർതിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല... കാണാൻ കാത്തിരുന്ന മുഖം ഇന്ന് കൺമുന്നിൽ വന്നിട്ടും തനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.. മറ്റുള്ളവർക്ക് എത്ര നന്നായാണ് അഭിനയിക്കാൻ കഴിയുന്നത്.. അപ്പോൾ തനിക്കും അതിന് കഴിയണ്ടേ.. അവളുടെ മനസ്സ് സ്വയം ചോദ്യവും ഉത്തരവും കണ്ടുപിടിക്കാൻ തുടങ്ങി.. ആരോ റൂമിലേക്ക് വരുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവൾ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.. മുഖത്തേക്ക് ശക്തിയായി വെള്ളം ഒഴിച്ചു കഴുകി.. പുറത്തിറങ്ങിയപ്പോൾ പാത്തു അവളെ നോക്കി കയ്യും കെട്ടി നിൽപ്പുണ്ടായിരുന്നു.. കല്ലു കണ്ണൊന്നടച്ച് ദീർഘമായി നിശ്വസിച്ച് പുഞ്ചിരിയോടെ അവൾക്കടുത്തേക്ക് ചെന്നു..
"എന്താ ന്റെ പാത്തുമ്മ ഇങ്ങനെ നോക്കണേ.." അവൾ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് ചോദിച്ചു..
"അനക്ക് പ്രാന്ത് ഉണ്ടോ പെണ്ണേ.."
"ആ ചെറുതായിട്ട്.. ന്റെ പാത്തൂന്റേന്ന് പകർന്നതാ..."
"അയ്യോ കോമഡി.. ഹാ.. ഹാ.. എനക്ക് ചിരി വരണു..."
"ഒന്നൂടെ ചിരിക്കെന്നെ.. ഇത് അത്ര വോൾട്ടേജ് പോര.."
"വോൾട്ടേജ് കുറവ് എനക്കല്ല.. അന്റെ മുഖത്താ.. എന്താ അന്റെ പ്രശ്നം.."
"ഒന്നൂല്യ ന്റെ പൊന്നോ.."
"ഒറപ്പാണോ.."
"അതേന്നേ.. നീ നടന്നേ.. എന്തൊക്കെ പണിയുള്ളതാ..."
അവർ പുറത്തേക്ക് നടന്നു.. ചിന്മയ് പോയെന്ന് ജോൺ പറഞ്ഞറിഞ്ഞു.. അവരോട് യാത്ര പറയാൻ പറഞ്ഞുവെന്നും.. രണ്ടുപേരും ചിരിച്ചു.. അന്നത്തെ ദിവസം പെട്ടെന്ന് ഓടിപ്പോയി.. അവർ സരസ്വതിയമ്മയെ ഓരോ കാര്യത്തിന് സഹായിച്ചു.. ക്ഷിതിജയെ ഓരോന്ന് പറഞ്ഞു കളിയാക്കികൊണ്ടിരുന്നു.. കല്യാണിയുടെ മുഖത്ത് നിന്നും വിഷാദഭാവം പൂർണമായും പോയിരുന്നു.. അല്ലെങ്കിലും അത് തനിക്ക് ചേരില്ലെന്ന് അവൾക്കറിയാമായിരുന്നു.. സന്തോഷം മുഖത്ത് നിറച്ച് നടക്കുമ്പോൾ തനിക്കും അത് കാണുന്നവർക്കും സമാധാനമാണ്.. അത് തന്നെയാണ് നല്ലത്...
"അല്ല ക്ഷിതിജ.. കല്യാണ സാരി എബ്‌ടന്നാ എടുത്തേ.." പാത്തുവിന്റെ ചോദ്യം കേട്ടപ്പോൾ കല്യാണി ചിന്തയിൽ നിന്നുണർന്നു..
"അത് കൂറനാട്ടിൽ നിന്നാ.." പാത്തു കൂറനാട് എന്ന് ആദ്യമായി കേൾക്കുകയായിരുന്നു..
"അങ്ങനെ ഒരു ടെക്സ്റ്റൈൽസ് ഇണ്ടാ..?? ഞമ്മക്കറിയില്ലാർന്നു..." പാത്തു പറഞ്ഞത് കേട്ടപ്പോൾ ക്ഷിതിജ ചിരിച്ചു..
"അത് ടെക്സ്റ്റൈൽസ് അല്ല പാത്തൂ.. ഇവിടത്തെ ഒരു സ്ഥലമാണ്.." അവൾ അതിനെക്കുറിച്ചു പറയാൻ തുടങ്ങി..
"തമിഴില്‍ കൂറ എന്ന വാക്കിനു അര്‍ഥം തുണി എന്നാണ്.. മായാവാരത്തെ കൂറനാട് എന്ന സ്ഥലം 18 മുഴം ഉള്ള പട്ടുസാരികളുടെ പേരിൽ പ്രസിദ്ധമാണ്.. ഒരുകാലത്ത് കൂറനാട്ടിലെ നെയ്ത്തുകാര്‍ വരള്‍ച്ച മൂലം ഉണ്ടായ ക്ഷാമത്തില്‍ ബുദ്ധിമുട്ടിയപ്പോൾ അവരെ സഹായിക്കാന്‍ ഇവിടുത്തെ ബ്രാഹ്മണര്‍ തങ്ങള്‍ക്കിടയിലെ ഓരോ കല്യാണത്തിനും ഈ നെയ്ത്തുകാരില്‍ നിന്നും പുടവ വാങ്ങിക്കൊള്ളാം എന്ന് വാഗ്ദാനം ചെയ്തു. ആ പുടവകള്‍ വിറ്റ് കിട്ടുന്ന പണമാണ് അവരെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷിച്ചത്.. ആ പതിവ് ഇപ്പോഴും തുടർന്നു പോരുന്നു.."
അവളുടെ കഥ പറച്ചിൽ കേട്ടുകൊണ്ടിരിക്കുകയായിരുന്നു പാത്തുവും കല്ലുവും..
"ഇബടെ എന്തിന് പിന്നിലും ഓരോ സ്റ്റോറി ആണല്ലോ..." പാത്തു പറഞ്ഞു..
"ഓരോ മനുഷ്യർക്കും പിന്നിലും അതുപോലെ ഓരോ സ്റ്റോറി ഉണ്ടാവും.. അല്ലേ കല്ലൂ..?" അത് കേട്ടപ്പോൾ കല്യാണിയുടെ മുഖത്തെ തെളിച്ചമൊന്ന് കുറഞ്ഞു.. അവൾ ക്ഷിതിജയെ നോക്കിയപ്പോൾ തന്നോടെന്തോ അവൾക്ക് പറയാനുണ്ടെന്ന് കല്യാണിക്ക് തോന്നി... എങ്കിലും അപ്പോൾ അവളൊന്നും ചോദിച്ചില്ല.. അന്ന് അതിനുള്ള അവസരം ലഭിച്ചതുമില്ല... രാത്രി ഉറക്കത്തിൽ കല്യാണിയുടെ സ്വപ്നത്തിലേക്ക് ഒരു പഴയകാല ദിനം ഓടിവന്നു... കുളത്തിൽ നിന്നും താമര പറിച്ചോടുകയാണ് കല്യാണി.. അവൾക്ക് പിന്നിലുള്ള ആൺകുട്ടി നിൽക്കാൻ പറയുന്നുണ്ട്.. എന്നാൽ അതൊന്നും കേൾക്കാതെ അവളോടി.. പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി..
"കണ്ണേട്ടാ....!!!!" കല്യാണി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. ശബ്ദം കേട്ട് പാത്തു എണീറ്റ് ലൈറ്റിട്ട് നോക്കി.. കല്യാണി ആകെ വിയർത്തിരിപ്പുണ്ടായിരുന്നു...
"കല്ലൂ.. കല്ലൂ..." പാത്തുവിന്റെ വിളിക്ക് മറുപടി ഒന്നും ലഭിച്ചില്ല.. അവൾ തട്ടി വിളിച്ചപ്പോൾ കല്യാണി അവളെ നോക്കി..
"എന്താ കല്ലൂ അനക്ക് പറ്റിയേ..." പാത്തു കുറച്ച് വെള്ളമെടുത്ത് അവൾക്ക് കുടിക്കാൻ കൊടുത്തു.. കല്യാണി അത് വിറയലോടെ കുടിച്ചു...
"ഇജ്ജ് ഓനെ സ്വപ്നം കണ്ടല്ലേ കല്ലൂ.." പാത്തു ചോദിച്ചപ്പോൾ അവൾ തലയാട്ടി...
"ഇതാ ഇങ്ങട്ട് വരണ്ട എന്ന് ഞമ്മള് പറഞ്ഞേ.. ക്ഷിതിജയെ കാണുമ്പോൾ ഇജ്ജ് പലതും ഓർക്കും എന്നെനക്കറിയാർന്നു.."
ഇത് ക്ഷിതിജയെ കണ്ടത് കൊണ്ടല്ല എന്ന് അവൾക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും ശബ്ദം പുറത്ത് വന്നില്ല...
"ഇപ്പോ കിടക്കാൻ നോക്ക്.. ഇജ്ജ് വേണ്ടാത്തതൊന്നും ആലോചിക്കണ്ട..." കല്യാണി കിടന്നുകൊണ്ട് കണ്ണുകളടച്ചു.. എന്നാൽ അവളുടെ കണ്മുന്നിൽ ആ മുഖം കൂടുതൽ മിഴിവോടെ തെളിഞ്ഞു കൊണ്ടേയിരുന്നു.. കണ്ണീര് അവളുടെ കൺകോണിലൂടെ ഒലിച്ചിറങ്ങി... എപ്പോഴോ അവൾ ഉറങ്ങി...
രാവിലെ പുറത്ത് നിന്നുള്ള ശബ്ദം കേട്ട് കല്യാണി പതിയെ കണ്ണ് തുറന്നു.. ചുറ്റും നോക്കിയപ്പോൾ പാത്തുവിനെ കാണാനില്ല..
"ഇവളിത് എവിടെപ്പോയി.. പുറത്ത് എവിടേലും കാണുമായിരിക്കും.." ആത്മഗതം പറഞ്ഞുകൊണ്ട് അവളെഴുന്നേറ്റ് ബാത്‌റൂമിൽ പോയി.. കുളിയെല്ലാം കഴിഞ്ഞപ്പോഴേക്കും പാത്തു വന്നു..
"നീയെവിടെ പോയതാർന്നു.." കല്ലു ചോദിച്ചു..
"ഞമ്മളും അച്ഛായനും കൂടെ ഒന്ന് നടക്കാൻ പോയി.. പുറത്തൊക്കെ എന്താ തണ്പ്പ്.." അവൾ വിറച്ചു കൊണ്ട് പറഞ്ഞു..
"എന്നിട്ടെന്താടീ എന്നെ വിളിക്കാഞ്ഞേ.."
"അന്നെ മനപ്പൂർവ്വം വിളിക്കാഞ്ഞതന്ന്യാ.. ഇന്നലെ വേണ്ടാത്ത ഓരോ സ്വപ്നൊക്കെ കണ്ട് ഒറക്കം കളഞ്ഞതല്ലേ.. അതോണ്ട് ഇത്തിരി നേരം ഒറങ്ങിക്കോട്ടേന്ന് കരുതി.." കല്ലു ഒന്നും മിണ്ടിയില്ല..
"ഞാൻ കുളിക്കട്ടെ.." പാത്തു കുളിക്കാൻ കയറിയപ്പോൾ കല്ലു മുറിക്ക് പുറത്തേക്ക് നടന്നു.. ക്ഷിതിജ മുറ്റത്ത് കോലമിടുന്നുണ്ടായിരുന്നു.. കല്യാണി അവളെ സഹായിച്ചു..
"നിനക്കിതൊക്കെ അറിയോ ചട്ടമ്പീ.." ക്ഷിതിജയുടെ ചോദ്യം കേട്ടവൾ പുഞ്ചിരിച്ചു..
"ചെറുപ്പത്തിൽ നീ ചെയ്യുന്നത് കണ്ടിട്ടുണ്ടല്ലോ.. പിന്നെ ഞാൻ ഒരു ആർട്ടിസ്റ്റ് ആണെടീ.. കോലം വരക്കാനൊക്കെ എനിക്കറിയാം.. കോളേജിൽ രംഗോലിക്കൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു.."
"സോറി.. ചിത്രകാരിയാണ് എന്റെയീ ചട്ടമ്പി എന്ന് ഞാനോർത്തില്ല.." അവരിരുവരും പുഞ്ചിരിച്ചു.. കുറച്ചുനേരം ഒന്നും മിണ്ടാതെ കോലമിടൽ തുടർന്നു..
ക്ഷിതിജ തന്നോടെന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കല്യാണിക്ക് മനസ്സിലായി.. ഇന്നലെ തൊട്ടേ അവളതിന് ശ്രമിക്കുന്നുണ്ട്.. അതെന്താണെന്ന് കല്യാണിക്ക് ഊഹിക്കാൻ കഴിഞ്ഞു..
"കണ്ണേട്ടന് സുഖം തന്നെയല്ലേ..?" പെട്ടെന്ന് കല്യാണി അങ്ങനെ ചോദിച്ചപ്പോൾ ക്ഷിതിജയൊന്ന് ഞെട്ടി.. കല്യാണിയെ നോക്കിയപ്പോൾ അവൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ കോലം ഇട്ടുകൊണ്ടിരിക്കുന്നു..
"ക.. കണ്ണേട്ടനോ..?"
"അതേ.. നീയാ പേര് കേട്ടിട്ടില്ലേ..."
"അത് കല്ലൂ.." കല്യാണി തലയുയർത്തി അവളെ നോക്കി..
"നീയും എന്റെ മുന്നിൽ ദയവ് ചെയ്ത് അഭിനയിക്കാൻ ശ്രമിക്കരുത് ക്ഷിതിജ.."
പെട്ടെന്ന് ക്ഷിതിജ കരഞ്ഞുകൊണ്ട് കല്യാണിയെ കെട്ടിപ്പിടിച്ചു...
"കല്ലൂ.. നിന്നോടെല്ലാം പറയാൻ തന്നെയാർന്നു എന്റെ തീരുമാനം.. എല്ലാം.. എല്ലാം ഞാൻ പറയാം.. അത് പിന്നെ കണ്ണേട്ടൻ...." ക്ഷിതിജ പറഞ്ഞു തുടങ്ങിയപ്പോഴേക്കും കല്യാണി കയ്യുയർത്തി അവളെ തടഞ്ഞു..
"അഭിനയിക്കരുത് എന്നേ പറഞ്ഞുള്ളൂ.. എനിക്ക് ഒന്നും കേൾക്കണം എന്ന് പറഞ്ഞില്ല..."
"കല്ലൂ.. ഞാനൊന്ന് പറയട്ടെ..."
"വേണ്ട.. ഇവിടെ ഞാൻ വന്നത് നിന്റെ കല്യാണം കൂടാനും എന്റെ നഷ്ടസൗഹൃദം വീണ്ടെടുക്കാനുമാണ്.. വേറെ ഒന്നും എനിക്ക് ഇവിടെ ചെയ്യാൻ ഇല്ല..."
"നീയൊന്ന്..."
"പ്ലീസ്.. ഒരു പക്ഷേ ഞാൻ വന്നപ്പോൾ തന്നെ നീയത് പറഞ്ഞിരുന്നെങ്കിൽ ഞാൻ കേട്ടേനെ.. എന്നാലിപ്പോൾ അതിന്റെ ആവശ്യമില്ല.. എല്ലാരും അഭിനയിക്കുന്നത് കാണുമ്പോൾ ഒരു വിഷമം.. കുഴപ്പമില്ല.. എനിക്കും പറ്റുമെന്നേ അങ്ങനെ ഒന്നും അറിയാത്ത പോലെ നടിക്കാൻ.." കല്യാണി അവിടെ നിന്നും എഴുന്നേറ്റ് നടന്നു.. ഒന്ന് തിരിഞ്ഞു നിന്നിട്ട് ക്ഷിതിജയോട് പറഞ്ഞു..
"നിന്നോട് മുൻപ് പറഞ്ഞത് ഞാനാവർത്തിക്കുകയാണ്.. ഒന്നും.. ആരെയും.. ബലമായി എനിക്ക് വേണ്ടി കൊണ്ട് വരരുത്.. കുറ്റബോധം കൊണ്ടോ സൗഹൃദമോ സ്നേഹമോ കൊണ്ടോ.. അങ്ങനെ എന്തിന്റെ പേരിലാണെങ്കിലും നീയതിന് ശ്രമിക്കരുത്..."
കല്യാണി പോകുന്നതും നോക്കി ക്ഷിതിജ നിന്നു.. പറയാൻ വന്നതൊന്നും എനിക്ക് മുഴുവനാക്കാൻ കഴിഞ്ഞില്ലല്ലോ ചട്ടമ്പീ.. നീ കരുതുന്നത് പോലെയല്ല പലതും.. എന്നായാലും നീയത് അറിയും.. നിനക്കായി ദൈവം കരുതി വെച്ചത്.. അത് നിന്റെ പ്രണയമായാലും സൗഹൃദമായാലും സ്വയം നിനക്കടുത്തേക്ക് വരും.. പക്ഷെ ചിലപ്പോൾ അതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ എനിക്ക് യോഗമുണ്ടായിരിക്കും.. അങ്ങനെ ഒരവസരം വന്നാൽ ഞാനത് ചെയ്തിരിക്കും...*
കല്യാണി റൂമിലേക്ക് ചെന്നപ്പോൾ പാത്തു മുഖം വീർപ്പിച്ചിരിപ്പുണ്ടായിരുന്നു.. അതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും കല്യാണിക്ക് പിടികിട്ടിയില്ല..
"എന്താ ന്റെ പാത്തുമ്മാ നിന്നെ കടന്നല് വല്ലോം കുത്തിയോ.. മുഖമൊക്കെ വീർത്തിരിക്കുന്നു.. ഞാൻ കുറച്ച് മുന്നേ കണ്ടപ്പോ കുഴപ്പല്ല്യാർന്നല്ലോ.." പാത്തു ഒന്നും മിണ്ടിയില്ല..
"അല്ലാ കുളിക്കാൻ കേറിയിട്ട് നീ കുളിച്ചില്ല്യേ.." വീണ്ടും മൗനം മാത്രമായിരുന്നു മറുപടി..
"എന്താടീ പ്രശ്നം.. ഒന്ന് പറയെന്നേ.."
"അന്നോട് പറയാൻ എനക്ക് സൗകര്യം ഇല്ല.."
"ഇത്തിരി നേരം മുന്നേ വരെ സൗകര്യം ഉണ്ടാർന്നല്ലോ.. പിന്നെ പെട്ടെന്ന് ഇപ്പോ എന്താ ഉണ്ടായേ.."
പാത്തു കല്യാണിയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി..
"ഒന്നും ഉണ്ടായില്ലേ..??"
"ന്റെ പാത്തൂ.. എന്തേലും ഉണ്ടെങ്കിൽ ഒന്ന് തെളിച്ചുപറയ്.." പാത്തുവിന്റെ കണ്ണുകളിൽ പരിഭവം നിറഞ്ഞിരിക്കുന്നത് കല്യാണി കണ്ടു..
"ഞമ്മള് വിചാരിച്ചിരുന്നത് ഇജ്ജ് എല്ലാം എന്നോട് പറയാറിണ്ട്ന്നാ.. പക്ഷേ അങ്ങനല്ലാന്ന് മനസ്സിലായി.. ക്ഷിതിജേടെ അത്ര പോലും സ്‌ഥാനം ഞമ്മക്ക് ഇല്ലാലോ.."
"ഇങ്ങനൊക്കെ തോന്നാൻ മാത്രം ന്താ ഉണ്ടായേ പാത്തൂ.. ഈ പരിഭവത്തിന്റെ കാരണമെന്താ..?"
പാത്തു അവളെ തുറിച്ചു നോക്കി..
"കാരണം അന്റെ കണ്ണേട്ടൻ തന്നെ... കണ്ണേട്ടൻ..!!! "
(തുടരും..)
രചന: അശ്വതി രാവുണ്ണിക്കുട്ടി