മാംഗല്യം തന്തുനാനേന ഭാഗം 9&10

Valappottukal

മാംഗല്യം തന്തുനാനേന ഭാഗം 9

സഞ്ചരിക്കുന്ന ഓരോ വഴിയും കല്ലു ഉത്സാഹത്തോടെ നോക്കിക്കണ്ടു.. വീട്ടിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ചെറിയൊരു വിഷമം അവൾക്കുണ്ടായിരുന്നുവെങ്കിലും പാത്തുവും ജോണും കൂടെയുള്ളത് കൊണ്ട് ആ യാത്ര എൻജോയ് ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു.. അവരെയും കൊണ്ട് ആ കാർ ദൂരങ്ങളിലേക്ക് സഞ്ചരിച്ചു.. വളവുകളും തിരിവുകളും കടന്ന് അവർ പൊയ്ക്കൊണ്ടേയിരുന്നു..

"കല്ലൂ.. നമ്മൾ പോകുന്ന വഴിക്ക് കൊല്ലിമലയിൽ കയറുന്നുണ്ട്.. അവിടെ കാണാൻ ഒരുപാട് കാഴ്ചകളുണ്ട്.." ജോൺ ഡ്രൈവിങ്ങിനിടയിൽ പറഞ്ഞു..

"കാഴ്ചകൾ എവിടെയാണ് ഇല്ലാത്തത് അച്ഛായാ.. കാണാൻ നമ്മൾ തയ്യാറായാൽ.. കണ്ണ് തുറന്ന് പിടിച്ചാൽ ചുറ്റും കാഴ്ചകളാണ്.."

"അതൊക്കെ ശരിയായിരിക്കും.. ബട്ട് ദിസ് വിൽ ബീ ഡിഫ്രന്റ്.. ആക്ച്വലി ഈ പ്ലാൻ ഉള്ളോണ്ടാ ഇന്ന് തന്നെ പോരാമെന്ന് ഞാൻ പറഞ്ഞേ.."

കല്യാണി അവനെ നോക്കി ചിരിച്ചുകൊണ്ട് തല പുറത്തേക്കിട്ട് കാറ്റിനെ തന്നിലേക്കാവാഹിച്ചു.. ആ കാറ്റിന് എന്തോ സുഗന്ധമുള്ളത് പോലെയവൾക്ക് തോന്നി..

ബാക്കിലേക്ക് നോക്കിയപ്പോൾ പാത്തു ഹെഡ്സെറ്റും വെച്ച് ഫോണിൽ എന്തോ കാണുകയാണ്.. ചുറ്റുമുള്ളതൊന്നും അവളറിയുന്നില്ല എന്ന് കല്ലുവിന് തോന്നി.. മനോഹരമായ ദൃശ്യങ്ങൾ പലതും അവൾ നഷ്ടപ്പെടുത്തുകയാണ്.. തൽക്കാലം ശല്യപ്പെടുത്താൻ നിന്നില്ല.. കൈ നീട്ടി മ്യൂസിക് പ്ലേ ചെയ്തു.. അതിൽ നിന്നുമൊഴുകുന്ന ഗാനത്തിനായി കാതോർത്ത് കണ്ണുകളടച്ച് സീറ്റിൽ ചാരി അവൾ കിടന്നു..

"മൊഴികളും മൗനങ്ങളും.. മിഴികളും വാചാലമായ്.. തിരകളും തീരവും.. ഹൃദയവും വാചാലമായ്.. തമ്മിൽ തമ്മിൽ.. ഓർമ്മകൾ.. ആരും കാണാതെ പൂവണിഞ്ഞു..... ഇളംതെന്നലേ... മഞ്ഞുപൂക്കളേ.. കുളിരോളമേ.. നിറവാനമേ.. ഇതു മുന്നിൽ നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ.... മൊഴികളും മൗനങ്ങളും........"

"കല്ലൂ.. കല്ലൂ.. എഴുന്നേൽക്ക്..." ജോണിന്റെ ശബ്ദം കേട്ടാണ് കല്യാണി കണ്ണ് തുറന്ന് നോക്കിയത്.. തനിക്കിഷ്ടപ്പെട്ട പ്രണയഗാനം തന്നെ കേട്ടപ്പോൾ കണ്ണുകളടച്ചിരുന്നതാണ്.. അറിയാതെ മയങ്ങിപ്പോയി.. വണ്ടി എവിടെയോ നിർത്തിയിട്ടിരിക്കുകയാണ്.. അവൾ പുറത്തേക്കിറങ്ങി.. ചുറ്റും നോക്കിയപ്പോൾ ഒരു ചെറിയ ചായക്കട മാത്രമേ കാണാനുള്ളൂ.. വയസ്സായ ഒരു തമിഴനാണ് അവിടെ ഉണ്ടായിരുന്നത്.. ജോൺ ചായ വാങ്ങി കല്ലുവിനും പാത്തുവിനും നേരെ നീട്ടി.. ഒന്ന് അവനും കുടിച്ചു.. മൺകോപ്പയിലുള്ള ചായ കുടി കല്യാണിക്ക് ഇഷ്ടപ്പെട്ടു.. അതിന്റെ രുചി സാധാരണ ചായയിൽ നിന്നും വ്യത്യസ്തമായിരുന്നു.. തമിഴൻ അപ്പൂപ്പൻ അവർക്ക് ചൂട് പരിപ്പുവടയും നൽകി..

പച്ച വിരിച്ച പാടങ്ങളും അവക്ക് പിന്നിലായുള്ള മലകളും നല്ലൊരു കാഴ്ചയായിരുന്നു.. അവിടെ നിന്ന് അവർ കുറേ ഫോട്ടോയെടുത്തു.. അതിന് ശേഷം തമിഴൻ അപ്പൂപ്പനോട് യാത്ര പറഞ്ഞ് കൊല്ലിമലയിലേക്ക് പുറപ്പെട്ടു.. മരണത്തിന്റെ മല എന്ന് തന്റെ പേരിലൂടെ വിളിച്ചോതുന്ന കൊല്ലിമല..!

തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും 63 കിലോമീറ്റർ അകലെ കിഴക്കൻ മലനിരകളിലാണ് കൊല്ലിമല സ്ഥിതിചെയ്യുന്നത്.. ഒരു വനമേഖല.. അവിടേക്കുള്ള യാത്ര വളരെയധികം രസകരമാണ്.. സാഹസികവും.. ഒരു നിമിഷമെങ്കിലും ആ വഴികൾ നമ്മളിൽ ഭയം ഉളവാക്കും.. എഴുപതോളം വലിയ വളവുകളുള്ള ചെങ്കുത്തായ ചുരം കയറിയാണ് അവിടെയെത്തേണ്ടത്.. ചുരം തുടങ്ങുന്നത് ആ നാട്ടുകാർ അടിവാരം എന്ന് വിളിക്കുന്ന കാരവല്ലിയിൽ നിന്നാണ്..

"ചുരം കയറാൻ രണ്ട് മണിക്കൂറോളം സമയമെടുക്കും കേട്ടോ.." ഇത്രയും ദൂരം  യാത്ര ചെയ്തത് കൊണ്ട് പാത്തു ക്ഷീണിച്ചു തുടങ്ങിയിരുന്നു.. ഇത് കേട്ടതോടെ അവളുടെ ക്ഷീണം ഒന്നൂടെ കൂടി.. എന്നാൽ കല്യാണിക്കും ജോണിനും വല്ലാത്ത ആവേശമായിരുന്നു..

"എനിക്ക് വയ്യാണ്ടായി.." പാത്തു സീറ്റിലേക്ക് ചാരി കിടന്ന് കൊണ്ട് പറഞ്ഞു..

"ന്റെ പാത്തൂ.. ഇപ്പോഴേ ക്ഷീണിച്ചാൽ എങ്ങന്യാ.. നമുക്ക് വേണ്ടി അവിടെ ആകാശഗംഗ കാത്തിരിക്കുന്നുണ്ട്.."

"ഏ.. നിനക്കെങ്ങനാ കല്ലൂ ഇതറിയണേ.." ജോൺ അത്ഭുതത്തോടെ ചോദിച്ചു..

"വാട്ട് എ ഫൂളിഷ് ക്വസ്റ്റിൻ മാൻ.. ഇതൊക്കെ അറിയാനല്ലേ നമ്മടെ ഗൂഗിൾ വിക്കിപീഡിയ ഒക്കെ ഉള്ളേ.."

"ഓ.. അങ്ങനെ.. അപ്പോ നമ്മൾ ചുരം കയറാൻ പോവാണേ.."

"ഓകെ ടാ.." കല്ലു പറഞ്ഞു..

"എന്താ പാത്തൂ നീയൊന്നും പറയാത്തേ.."

"നിങ്ങള് ചെല്ല്.. ഞാനിവിടെ വെയിറ്റ് ചെയ്യാം.." പാത്തു കാറിൽ നിന്നും പുറത്തേക്കിറങ്ങി.. കല്ലുവും ജോണും പരസ്പരം നോക്കി.. പിന്നെ അവൾക്കടുത്തേക്ക് ചെന്നു..

"പാത്തൂ.. നിന്നെ ഇവിടെ നിർത്താനാണോ നമ്മളിവിടം വരെ വന്നേ.. നീ വാ.."

"പറ്റൂലാന്ന്.."

"പോകുന്നെങ്കിൽ ഒരുമിച്ച്.." കല്യാണിയും ജോണും ഒരുമിച്ച് പറഞ്ഞു..

"ഒറപ്പാണോ..??"

"അതേടി പാത്തുമ്മാ.."

"എന്നാലേ.. ഞമ്മക്ക് എന്തേലും വാങ്ങിത്താ അച്ഛായോ.. പ്ലീസ്.."

കുഞ്ഞു കുട്ടികളെ പോലെയുള്ള അവളുടെ കെഞ്ചൽ കേട്ട് രണ്ടാൾക്കും ചിരി വന്നു.. അപ്പോൾ തന്നെ ജോൺ അടുത്തുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങിക്കൊടുത്തു..

"ഇത്ര വേഗം നിനക്ക് വെശന്നോ പാത്തൂ.."

"ഞമ്മന്റെ വയറ്റിലുള്ളതെല്ലാം ഇബടെ എത്തിയപ്പോ ദഹിച്ചു പോയി.."

"ഉം.. ഉം.. നിനക്കെന്തേലും വേണോ കല്ലൂ.." ജോൺ ചോദിച്ചപ്പോൾ വേണ്ടെന്ന് അവൾ തലയാട്ടി..

"സാധാരണ നിനക്കും വേഗം വിശക്കാറുണ്ടാല്ലോ.. ഇന്നെന്ത് പറ്റി..?"

ജോണിന്റെ ചോദ്യത്തിന് പാത്തുവാണ് മറുപടി പറഞ്ഞത്.. "ഓൾക്ക് ഇഷ്ടമുള്ള കാര്യമല്ലേ ഇങ്ങനത്തെ സാഹസിക യാത്ര.. അപ്പോ വിശപ്പു ദാഹൊന്നും അറിയണിണ്ടാവില്ല.."

കല്യാണി ചിരിച്ചു കൊണ്ട് നടന്നു.. കൈ കഴുകി പാത്തുവും അവൾക്ക് പിന്നാലെ ജോണും ചെന്നു..
"ഇനി പോവാലോ അല്ലേ.."

"ഓകെ.." കല്ലുവും പാത്തുവും ഉറക്കെ പറഞ്ഞു.. അവരെ നോക്കി ചിരിച്ചുകൊണ്ട് ജോൺ വണ്ടിയെടുത്തു..

ഓരോന്നോരോന്നായി വളവുകളും തിരിവുകളും അവർ പിന്നിട്ട്  കൊണ്ടിരുന്നു.. ഓരോ വളവിലും എത്രാമത്തെ വളവാണ് എന്നുള്ള ബോർഡ് വെച്ചിട്ടുണ്ടായിരുന്നു.. ഒരു വളവ് കഴിഞ്ഞ് ഏകദേശം 30 മീറ്റർ കഴിയുമ്പോൾ അടുത്ത വളവെത്തും.. അതിനാൽ ജോൺ അതീവ ശ്രദ്ധയോടെയാണ് ഡ്രൈവ് ചെയ്തത്.. റോഡ് നല്ലതായിരുന്നു എന്നത് ഒരാശ്വാസമായിരുന്നു..  അതിമനോഹരമായ കാഴ്ചകളായിരുന്നു ഓരോ തിരിവിലും.. ഉയരങ്ങളിലേക്ക് കയറും തോറും തണുപ്പും അവരുടെ ആവേശവും ഏറി വന്നു..

"ഈ വളവുകൾ എല്ലാം ബ്ലൈൻഡ് സ്പോട്ട് എന്നാ അറിയപ്പെടുന്നേ.." ജോൺ പറഞ്ഞു..

"ഉം.."

അങ്ങനെ അറുപത്തി ഒൻപതാമത്തെ വളവിൽ എത്തിയപ്പോൾ ഉള്ള വ്യൂ പോയിന്റ് കിടിലോൽക്കിടിലമായിരുന്നു.. സഞ്ചരിച്ച വഴികളെല്ലാം അവിടെ നിന്നപ്പോൾ കാണാൻ കഴിഞ്ഞു.. വളഞ്ഞുപുളഞ്ഞുള്ള ആ യാത്രക്കൊടുവിൽ ഏറ്റവും മുകളിലെത്തി.. ഒരു ചെറിയ പട്ടണം പോലായിരുന്നു അവിടെ.. വണ്ടിയിൽ നിന്നുമിറങ്ങി വെള്ളച്ചാട്ടം അന്വേഷിച്ചു കുറേ ദൂരം അവർ നടന്നു..

"ചങ്കോളേ.. ഇങ്ങള് വല്ല എനർജി ഡ്രിങ്കും കുടിച്ചാ ഇന്നോട് പറയാണ്ട്.. ഓടിച്ചാടി പോവിണ്ടല്ലോ.. ഞമ്മക്ക് വയ്യാണ്ടായി.." പാത്തു ഒരിടത്തിരുന്ന് കൊണ്ട് പറഞ്ഞു..

"പിന്നേ.. ഞങ്ങൾ ബൂസ്റ്റും ഹോർലിക്സും ഒക്കെ കുടിച്ചിരുന്നു.. നിന്നോട് പറയാഞ്ഞതാ.. അല്ലേ കല്ലൂ.." ജോൺ പാത്തുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു..

"അതേയതെ.. എടി പാത്തു.. നീയല്ലേ കുറച്ച് മുന്നേ അകത്തോട്ട് നല്ല കനത്തിൽ കേറ്റിയേ.. എന്നിട്ടിത്ര വേഗം ക്ഷീണിച്ചോ.."

"നിങ്ങടത്രയൊന്നും ഊർജം ഞമ്മക്കില്ലേ.."

"ഊർജം ഇല്ലാഞ്ഞിട്ടല്ല.. മടിയാ നിനക്ക്.. അത് മാറ്റിവെച്ച് ഉൽസാഹത്തോടെ ഇങ്ങട് നടക്ക് പെണ്ണേ.."

എന്തൊക്കെ പറഞ്ഞിട്ടും പാത്തു ഇരുന്നിടത്ത് നിന്നും അനങ്ങാത്തത് കണ്ട് ജോണും കല്യാണിയും കൂടെ അവളെ വലിച്ചെഴുന്നേല്പിച്ച് അവളുടെ അപ്പുറവും ഇപ്പുറവുമായി നടക്കാൻ തുടങ്ങി.. ഗത്യന്തരമില്ലാതെ പാത്തുവും നടന്നു...

അധികം ടൂറിസ്റ്റുകളെയൊന്നും അവരവിടെ കണ്ടില്ല.. സാഹസികരായ സഞ്ചാരികളാണ് കൂടുതലും കൊല്ലിമല തിരഞ്ഞെടുക്കുക.. അതിനുള്ള കാരണം ഈ ഹെയർ പിൻ റൂട്ട് തന്നെയാണ്.. അപകടം പിടിച്ച വഴിയിലൂടെ വരാൻ പലർക്കും ഭയമാണ്.. നടക്കുന്ന വഴിയെല്ലാം മൂവരും സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു.. കാപ്പി, കുരുമുളക്, മരച്ചീനി, പൈനാപ്പിൾ അങ്ങനെയൊത്തിരി കൃഷി അവിടെയുണ്ടായിരുന്നു.. വികസനം കുറവാണെങ്കിലും പ്രകൃതിഭംഗി ആവോളമുണ്ടായിരുന്നു.. അതെല്ലാം ആസ്വദിച്ചു കൊണ്ട് അവർ നടന്നു.. അങ്ങനെ അവർ ആകാശഗംഗയിലേക്ക് അടുത്തുകൊണ്ടിരുന്നു..

അവിടെയുള്ള അറപ്പാലീശ്വരർ ക്ഷേത്രത്തിലേക്ക് ഒരുപാട് വിശ്വാസികൾ വന്നിട്ടുണ്ടായിരുന്നു.. അതിന്റെതായ തിരക്കും ഉണ്ടായിരുന്നു.. അടുത്ത് തന്നെ വേറെയും ക്ഷേത്രങ്ങളുണ്ട്.. ഇവിടം ഒരു തീർത്ഥാടന കേന്ദ്രവും കൂടിയാണ്.. മൂവർസംഘം അറപ്പാലീശ്വരനായ ശിവനെ പുറത്ത് നിന്നുകൊണ്ട് വണങ്ങി.. ക്ഷേത്രത്തിന്റെ ഒരു വശത്തൂടെയുള്ള എണ്ണിയാലൊടുങ്ങാത്തത്ര  പടികളിറങ്ങി വേണമായിരുന്നു വെള്ളച്ചാട്ടത്തിനരികിലെത്താൻ.. കോൺക്രീറ്റ് ചെയ്‌ത പടവുകളായിരുന്നു എന്നതിനാൽ വലിയ ക്ലേശം തോന്നിയില്ല.. ഇടക്ക് വളവുള്ള വഴികളും ഉണ്ടായിരുന്നു.. കുത്തനെയുള്ള ഇറക്കത്തിൽ കൈവരി സഹായമായി..  അകലെ നിന്നേ കേൾക്കുന്ന ജലശബ്ദം ആകാശഗംഗക്കടുത്തെത്താൻ ഉള്ള അവരുടെ തിടുക്കം കൂട്ടി.. ഒടുവിൽ അവർ കണ്ടു കൊല്ലിമലയിലെ പ്രധാന ആകർഷണമായ ആകാശഗംഗയെ.. കമ്പ്യൂട്ടർ ഗ്രാഫിക്സ് ആണെന്ന് പോലും തോന്നിപ്പോയി.. അത്രമേൽ മനോഹരമായിരുന്നു.. കൊല്ലിമലയുടെ വന്യഭംഗി ഇവിടെ തെളിഞ്ഞു കാണാം..

300 അടി ഉയരത്തിൽ നിന്നും രണ്ട് വന്മലകൾക്ക് നടുവിലൂടെ താഴേക്ക് പതിക്കുന്ന ആകാശഗംഗ (ആകായഗംഗൈ) വെള്ളച്ചാട്ടം അയിരു നദിയുടെ ഭാഗമാണ്.. ചിലർ അവിടെ നിന്ന് കുളിക്കുന്നുണ്ടായിരുന്നു.. ആകാശഗംഗക്ക് താഴെ നിന്നും കുളിച്ചാൽ ശിവകാരുണ്യത്താൽ സർവരോഗവും ശമിക്കുമെന്ന് ഇവിടത്തുകാർ വിശ്വസിക്കുന്നു.. കാടുകൾക്കുള്ളിൽ നിന്നും വരുന്ന ഔഷധമൂല്യമുള്ള ജലമാണത്രേ ഇത്.. കല്യാണിയും പാത്തുവും ജോണും അവിടെ നിന്ന് ചിത്രങ്ങളെടുത്തു.. പിന്നെ വെള്ളച്ചാട്ടത്തിനടുത്തേക്ക് നീങ്ങി.. പാറയിൽ നല്ല വഴുക്കലുണ്ടായിരുന്നു.. അവിടെ കെട്ടിയിരുന്ന കയറിൽ പിടിച്ച് അവർ വെള്ളച്ചാട്ടത്തിന്റെ അടിയിലെത്തി.. വെള്ളത്തിന് നല്ല ശക്തിയും കുളിർമയുമുണ്ടായിരുന്നു.. ആ കുളിർമ അവരുടെ മനസ്സിലേക്കും പടർന്നു.. എന്നാൽ അധികനേരം അങ്ങനെ നിൽക്കാൻ കഴിഞ്ഞില്ല.. തണുത്ത് വിറച്ചുകൊണ്ട് അവർ തിരിച്ചു നടന്നു.. കുറച്ച് നടന്ന് കല്യാണി തിരിഞ്ഞു നോക്കി.. ആകാശഗംഗ എന്തൊക്കെയോ ഒളിപ്പിക്കുന്ന ഒരത്ഭുതമായി തോന്നി അവൾക്കപ്പോൾ...

"കല്ലൂ.. വാ.. പോവാം.." ജോൺ വിളിച്ചപ്പോൾ അവൾ അവർക്കൊപ്പം നടന്നു.. ഇറങ്ങിയ പടവുകളത്രയും തിരിച്ചു കയറി.. ഒരു റൂമെടുത്ത് വസ്ത്രം മാറ്റി.. അപ്പോഴേക്കും കല്യാണിക്കും ജോണിനും വിശന്ന് തുടങ്ങിയിരുന്നു.. ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് അവർ ചുരമിറങ്ങാൻ തുടങ്ങി.. ഇതിനിടയിൽ കൊല്ലിമല എന്ന പേരിന് പിന്നിലുള്ള ചരിത്രവും അവരറിഞ്ഞു.. ശിവഭഗവാന്റെ ചൈതന്യം മൂലം ആകാശഗംഗയിലെ സ്നാനം എല്ലാ  രോഗങ്ങളെയും കൊല്ലുവാൻ പര്യാപ്തമായതിനാലാണ് കൊല്ലിമല എന്ന പേര് വന്നതെന്ന് ഒരു കഥ.. മറ്റൊരു കഥ വിശ്വസുന്ദരിയായ കൊല്ലിപ്പാവൈ എന്ന ദേവതയുമായി ബന്ധപ്പെട്ടതാണ്. ഒരു കാലത്ത് മുനിമാർ തങ്ങളുടെ കഠിന തപസ്സിനായി കൊല്ലിമല തിരഞ്ഞെടുത്തുവത്രേ.. അവരുടെ തപസ്സിന്റെ ശക്തിയാലുള്ള ചൂടും തീയും കൊണ്ട് അവിടെയുള്ളവരുടെ ജീവിതം ദുസ്സഹമായി.. അപ്പോൾ കൊല്ലിപ്പാവൈ ദേവി തന്റെ മനോഹരമായ പുഞ്ചിരിയിലൂടെ ആ ചൂടിനെ ഇല്ലാതാക്കി എന്നും ജനങ്ങളെ രക്ഷിച്ചു എന്നുമാണ് വിശ്വാസം.. അതിനാൽ  ദേവി വസിക്കുന്ന സ്ഥലത്തെ ഇവർ കൊല്ലിമല എന്നു വിളിക്കുന്നു.. ഏറ്റുകൈ അമ്മൻ എന്നാണ് പ്രദേശവാസികൾ കൊല്ലിപ്പാവൈ ദേവിയെ വിളിക്കുന്നത്.. ദേവിയുടെ അമ്പലവും ഇവിടെയുണ്ട്...*

തിരിച്ചിറങ്ങുമ്പോൾ കല്യാണിയാണ് വണ്ടിയോടിച്ചത്.. ആ യാത്ര പോലെ തന്നെ.. അവിടുത്തെ കാഴ്ചകൾ പോലെ തന്നെ രസമേറിയതായിരുന്നു അപകടം നിറഞ്ഞ വഴിയിലൂടെ ഉള്ള ഡ്രൈവിങും.. അതിലൊരു പ്രത്യേക സുഖം അവൾക്കനുഭവപ്പെട്ടു.. എല്ലാം ഒരു വട്ടം കൂടെ കണ്ട് ഓരോ കാഴ്ചയും ഒന്നൂടെ വ്യക്തതയോടെ മനസ്സിലേക്ക് അവർ പകർത്തിക്കൊണ്ടിരുന്നു.. അങ്ങോട്ട് പോകുമ്പോൾ മടി കാണിച്ചിരുന്ന പാത്തു ഇപ്പോൾ ഓരോ വ്യൂ പോയന്റിലും നിന്ന് ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു... അങ്ങനെ കുറേനേരത്തെ യാത്രക്കൊടുവിൽ അവർ കൊല്ലിമലയോട് യാത്ര പറഞ്ഞു.. അവിടെ നിന്നും ക്ഷിതിജയുടെ വീട്ടിലേക്ക് തിരിച്ചു..

"കൊല്ലിമല ഇഷ്ടപ്പെട്ടോ എന്ന് ഞാൻ ചോദിക്കുന്നില്ല.. നിങ്ങടെ രണ്ടാൾടേം മുഖം അതിനുള്ള ഉത്തരം പറയുന്നുണ്ട്.." ജോൺ പറഞ്ഞത് ശരിവക്കും വിധം കല്യാണിയും പാത്തുവും ചിരിച്ചു..

"ചെലോര് ചുരം കയറുന്നില്ലാന്നോ എന്തോ പറഞ്ഞിരുന്നല്ലോ.. പക്ഷേ ഓടി നടന്ന് ഫോട്ടോ എടുക്കണത് കണ്ടു.. നീ കണ്ടില്ലേ പാത്തൂ.."

"ഇല്ല അച്ഛായാ.. ആരാർന്നു അത്..? നമ്മടെ കല്ലുവാണോ.."

"അല്ലടീ.. ഒരു ഫാത്തിമ അക്ബർ.. നിനക്കറിയില്ലേ.."

"ഐ ഡോണ്ട് നോ.."

"അവൾടെ ഒരു ഐ ഡോണ്ട് നോ.. എടി ഫാത്തിമ അക്ബറേ.. ആ ഫോണിങ്ങോട്ട് തന്നേ.. നോക്കട്ടെ നീയെടുത്ത പിക്‌സ്.."

"തരാൻ സൗകര്യമില്ല.."
അവൾ കൊടുക്കാതിരുന്നപ്പോൾ ജോൺ പാത്തുവിന്റെ കയ്യിൽ നിന്നും ബലമായി ഫോൺ വാങ്ങി..

"ടാ.. ഇജ്ജ് അത് തായോ..  എനക്ക് ഒരു സീരിയൽ കാണാൻ ഉള്ളതാ.."

"ഹിന്ദി സീരിയലാവും.. "

"അതേ.. ഞമ്മള് അതാണല്ലോ കാണാറ്.." അവൾ ഫോൺ തിരികെ വാങ്ങി.. എന്നിട്ട് സീരിയൽ പ്ലേ ചെയ്തു.. എന്നാൽ അത് കാണാൻ ജോൺ സമ്മതിച്ചില്ല...

"നീയിപ്പോ അങ്ങനെ സീരിയല് കാണണ്ട.." അവൻ ഫോൺ തട്ടിപ്പറിച്ചു വാങ്ങി..

"ടാ ചെക്കാ.. മര്യാദക്ക് തന്നോ.. "

"തരൂല മോളേ.."

"കല്ലൂ.. അന്റെ ഫ്രണ്ടിനോട് ജീവൻ ബേണേല് ഞമ്മന്റെ ഫോൺ തിരികെ തരാൻ പറ.."

"ന്റെ പുന്നാര പാത്തുമ്മാ.. ഇതിൽ ഞാൻ ഇൻവോൾവ്ഡ് അല്ല.. സോ നിങ്ങള് തന്നെ സോൾവ് ചെയ്യ്.. ഞാനൊന്ന് സമാധാനത്തോടെ വണ്ടിയോടിക്കട്ടെ.."

"അങ്ങനെയെങ്കിൽ ശരി.. അന്നോട് ഒന്ന് സൂചിപ്പിച്ചെന്നേ ഉള്ളൂ.. ഇബന്റെ കാര്യം ഞമ്മള് നോക്കിക്കോളാം.."

"നീയെന്നെ എന്തോ ചെയ്യുമെടീ.." ജോൺ പുച്ഛത്തോടെ ചോദിച്ചു..

"അത് അനക്ക് ഇപ്പോ കാണിച്ചു തരാടാ..."

പാത്തു അവന്റെ മുടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി.. പിന്നെ അവനെ മാന്താനും നുള്ളാനുമൊക്കെ തുടങ്ങി..

"എടി കുട്ടിപ്പിശാശേ.. നാണമുണ്ടോ ഇങ്ങനൊക്കെ ചെയ്യാൻ.. ഇത്രേം വയസ്സായീന്ന് പറഞ്ഞിട്ട് ഒരു കാര്യോല്ല്യ.. കയ്യിലിരിപ്പ്‌ കണ്ടാ ചെറിയ കുട്ട്യോളേക്കാൾ കഷ്ടാ.. വിടടീ എന്നെ.."

"ഇജ്ജ് വെല്ലുവിളിച്ചതല്ലേ.. അപ്പോ ഇത്രേങ്കിലും ബേണ്ടേ.." അവൾ ഉപദ്രവം തുടർന്ന് കൊണ്ടേയിരുന്നു..

"ഇതെന്താ കുരങ്ങിന്റെ ജന്മോ.. ഒന്ന് നിർത്തെടി.." അവന് തിരിച്ചൊന്നും ചെയ്യാൻ അവസരം കൊടുക്കാതെ പാത്തു തന്റെ പ്രവൃത്തി തുടർന്നു..

"എന്റെ കല്ലൂ.. ഒന്ന് പറയെടീ ഈ സാധനത്തിനോട്.."

"മോനേ ജോൺകുട്ടാ.. അവളോട് പറഞ്ഞത് തന്നാ നിന്നോടും പറയാനുള്ളേ.. ഞാനിതിൽ ഇടപെടൂല.. പിന്നെ നീ വടി കൊടുത്ത് അടി വാങ്ങിയതല്ലേ.. അനുഭവിച്ചോട്ടോ.." കല്യാണി ചിരിച്ചു കൊണ്ട് പറഞ്ഞു..

"ഓഹ്.. ഞാനാരോടാ സഹായം ചോദിച്ചേലേ.. ഈ കടിക്കണതിനേക്കാൾ ഡബിൾ സ്‌ട്രോങ് ആയതിനോട്.. ഇപ്പോ അടങ്ങിയിരിക്കണതെന്തോ ഭാഗ്യം.. സഹായം ചോദിക്കരുതായിരുന്നു.. എന്റെ തെറ്റാ എല്ലാം.."

"അനക്ക് അപ്പോ തെറ്റൊക്കെ മനസ്സിലായോടാ കള്ളഹിമാറേ.."

"എന്തോന്നൊക്കെയാടീ വിളിക്കണേ..  നിന്നേക്കാൾ മൂത്തതാണ് എന്ന പരിഗണന തന്നില്ലേലും വെശന്നപ്പോ ഭക്ഷണം വാങ്ങി തന്നതാ എന്നേലും ആലോചിച്ചൂടേ.."

"എല്ലാ പരിഗണനേം തരാം.. ഇജ്ജ് ആ ഫോണിങ്ങ് എടുക്ക്.."

"ഇന്നാ പിടിച്ചോ നിന്റെ ഫോൺ.." അവൻ ഫോൺ അവളുടെ മടിയിലേക്കിട്ടു.. അതെടുത്ത് ഒരു വിജയച്ചിരിയോടെ പാത്തു ജോണിനെ നോക്കി.. പോടി പിശാശേ എന്ന് പറഞ്ഞവൻ മുഖം തിരിച്ചിരുന്നു..

കല്ലുവിന് ഇതെല്ലാം കണ്ട് ചിരി വരുന്നുണ്ടായിരുന്നു.. അവൾ ചിരിയോടെ പുറംകാഴ്ചകളും കണ്ട് ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.. പാത്തു വീണ്ടും സീരിയൽ കാണാൻ തുടങ്ങി.. ജോണിനെ കേൾപ്പിക്കാൻ വേണ്ടി അത്യാവശ്യം ഉച്ചത്തിൽ തന്നെയാണ് വെച്ചത്.. അതിൽ നിന്നും ആദ്യം ഉയർന്ന് കേട്ട വരി കാറിനുള്ളിൽ പ്രതിധ്വനിച്ചു.. അവരോടായി ആരോ പറയുന്ന പോലെ... അവർക്കുള്ള സന്ദേശം പോലെ.. ദുഃഖമോ സന്തോഷമോ എന്നറിയാത്ത ഭാവിയുടെ സൂചന പോലെ....

"ജിനേം മിൽനാ ചാഹിയേ.. വോ തോ മിൽകർ ഹി രഹേംഗേ.. ബസ് വക്ത് സഹി ഹോനാ ചാഹിയേ....!!!!" (ശരിയായ സമയം വരുമ്പോൾ കണ്ടുമുട്ടേണ്ടവർ തീർച്ചയായും കണ്ടുമുട്ടും..)

(തുടരുന്നു..)

എനിക്കറിയാം ഈ പാർട്ടിൽ കഥയേക്കാൾ കൂടുതൽ ഒരു സ്ഥലത്തെ കുറിച്ചുള്ള വർണന ആണെന്ന്.. അത് മറ്റൊന്നും കൊണ്ടല്ല.. എനിക്കിങ്ങനത്തെ വിവരണങ്ങൾ ചേർത്ത് കൊണ്ട് കഥയെഴുതാൻ ഇഷ്ടമാണെന്നേ... പിന്നേ അടുത്ത ഭാഗം വായിക്കൂ...

മാംഗല്യം തന്തുനാനേന ഭാഗം 10

ദൂരങ്ങൾ പിന്നിടുമ്പോൾ ജോണും പാത്തുവും ഉറക്കം പിടിച്ചിരുന്നു.. എന്നാൽ രാത്രിയിലും കല്യാണിയുടെ ആവേശത്തിന് ഒരു കുറവും വന്നിരുന്നില്ല.. ചിലപ്പോഴൊക്കെ ഒരു തരം ലഹരിയായി മാറുന്ന മറ്റു ചിലപ്പോൾ പൂർണമായും അവൾക്ക് നഷ്ടപ്പെടുന്ന ഉറക്കം  ഇന്ന് അവളിൽ നിന്നും അകന്ന് നിന്നത് ചിന്തകളുടെ ആധിക്യം കൊണ്ടായിരുന്നില്ല.. മറിച്ച് തനിക്ക് പിന്നിടേണ്ട ദൂരങ്ങളിൽ എവിടെയോ കൈവിട്ട് പോയത് ഒളിഞ്ഞിരിക്കുന്നു.. തനിക്കായി കാത്തിരിക്കുന്നു എന്ന തോന്നല് കൊണ്ടായിരുന്നു.. ആ പ്രതീക്ഷയായിരുന്നു അവൾക്ക് മുന്നോട്ടുള്ള ദിശ കാണിച്ചു തന്നത്.. എന്ത് കൊണ്ടോ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.. അതിന്റെ കാരണം അവൾക്ക് പോലും അവ്യക്തമായിരുന്നു.. അവളുടെ ഇടംകണ്ണ് നിർത്താതെ തുടിച്ചു കൊണ്ടേയിരുന്നു.. എന്തിനോ വേണ്ടി...!!

രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് അവൾ വണ്ടിയെ മുന്നോട്ട് നയിച്ചു.. രാത്രിക്ക് ഇങ്ങനൊരു സുന്ദരമുഖം കൂടി ഉണ്ടായിട്ടും പലർക്കും അത് കാണാനോ അനുഭവിക്കാനോ കഴിയുന്നില്ല.. എല്ലാവർക്കും അതിന് കഴിയുന്ന ഒരു ദിവസം വന്നാൽ അതത്രമേൽ മനോഹരമായിരിക്കും.. ചിന്തകൾ എത്രയെളുപ്പം.. ഇത്ര സരളമല്ലെങ്കിലും ഈ സ്വപ്നങ്ങളും ഒരു നാൾ യാഥാർഥ്യമാവും...* പെട്ടെന്ന് ഒരു കാർ അവരുടെ കാറിന് പിറകിലായി വന്നിടിച്ചു.. ഒരു കുലുക്കത്തോടെ കാർ നിന്നു.. പാത്തുവും ജോണും ഞെട്ടി ഉണർന്നിരുന്നു..

"എന്താ കല്ലൂ പറ്റിയേ..?" പാത്തു ഉറക്കച്ചടവോടെ ചോദിച്ചു..

അവൾക്ക് മറുപടി നൽകാൻ നിൽക്കാതെ കല്ലു വേഗം പുറത്തേക്കിറങ്ങി.. കൂടെ ജോണും.. പാത്തുവിനോട് കാറിൽ തന്നെയിരുന്നാൽ മതിയെന്ന് അവൻ പറഞ്ഞു.. ഉറക്കം വിട്ടുമാറാത്തത് കൊണ്ട് അവളത് സമ്മതിച്ചു..

രണ്ട് ചെറുപ്പക്കാർ ആയിരുന്നു ആ കാറിലുണ്ടായിരുന്നത്.. അവരിലൊരാൾ പുറത്തേക്കിറങ്ങി വന്നു..

"ഉൻകള്ക്ക് കണ്ണ് തെരിയാതാ... എങ്കേ പാത്ത് വണ്ടി ഓട്ടിരിക്ക്..." കല്ലുവിനെയോ ജോണിനെയോ ഒന്നും പറയാൻ അനുവദിക്കാതെ അയാൾ ചൂടാവാൻ തുടങ്ങി.. പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട എന്ന് തന്നെയാണ് കരുതിയത്.. പക്ഷേ ഇതിപ്പോ തെറ്റ് അയാളുടെ ഭാഗത്തായിട്ടും ഇങ്ങോട്ട് കേറി മേയാൻ വരുന്നത് കണ്ടപ്പോ കല്ലുവിനും ജോണിനും ഒരുപോലെ ദേഷ്യം വന്നു..

"ഹേയ് മിസ്റ്റർ.. ഇറ്റ് വോസ് യുവർ മിസ്റ്റേക്.."

"ആമാ.. എല്ലാ പഴിയും എൻ മേലെ പോട്.. ഉനക്ക് ഡ്രൈവ് പണ്ണ തെരിയാത്.. അത് താൻ പ്രച്ച്നം.." അയാൾ കുടിച്ചിട്ടുണ്ടെന്ന് സംസാരത്തിൽ നിന്നും അവർക്ക് വ്യക്തമായി..

"ആർ യൂ ഡ്രങ്ക്..??" ജോൺ ചോദിച്ചപ്പോൾ അയാൾ പുച്ഛത്തോടെ അവനെ നോക്കി..

"ദാറ്റ്സ് നോട്ട് യുവർ മാറ്റർ.. നാൻ കുടിക്കും.. ആൻഡ് ഐ വിൽ ഡ്രൈവ്.. ഉനക്ക് എന്ന..?"

അയാൾ വിടാൻ ഒരുക്കമല്ലായിരുന്നു.. അവർക്കടുത്തേക്ക് വന്ന് വീണ്ടും വീണ്ടും തർക്കിക്കാൻ തുടങ്ങി.. പ്രശ്നമാവുമെന്ന് കണ്ടപ്പോ കാറിലുണ്ടായിരുന്ന മറ്റേ ചെറുപ്പക്കാരനും ഇറങ്ങി വന്നു.. അവൻ ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. തർക്കിച്ചു നിന്നിരുന്ന ആളെ പിടിച്ചു മാറ്റാൻ അവൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. എന്നാൽ അയാൾ കൂട്ടാക്കുന്നില്ലായിരുന്നു..

"വീ വിൽ കോൾ ദി പോലീസ്.." ജോൺ പറഞ്ഞു.. അതുകേട്ട് അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി..

"എന്നാങ്കേ.. പോലീസാ..?? ആർ യൂ ത്രെറ്റനിങ് മീ.. ഓകെ സറി.. നാൻ വെയിറ്റ് പൻട്രെൻ.. പോലീസ് എപ്പോ വരുവാങ്കേ..??" അയാൾ കളിയാക്കും പോലെ ചോദിച്ചു.. കൂടെയുള്ളയാൾ അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. കൂട്ടത്തിൽ കല്ലുവിനോടും ജോണിനോടും സോറിയും പറയുന്നുണ്ടായിരുന്നു.. ഒരുവിധം അയാളെ തിരികെ വണ്ടിയിലേക്ക് കൊണ്ടുപോയി.. കൂടുതൽ പ്രശ്‌നത്തിന് നിൽക്കാതെ കല്ലുവും ജോണും കാറിൽ കയറിയപ്പോൾ അയാൾ വീണ്ടും വന്ന് അവരുടെ കാറിന് പിന്നിൽ അടിക്കാൻ തുടങ്ങി.. ജോണിന് ദേഷ്യം ഇരച്ച് കയറുന്നുണ്ടായിരുന്നു..

"കല്ലൂ.. നീയിവിടിരിക്ക്.. ഇത് ഞാൻ ഡീൽ ചെയ്തോളാം.."

"ഞാനും വരാടാ.."

"വേണ്ട.." ജോൺ പുറത്തേക്കിറങ്ങി പോയി.. കല്ലു നോക്കിയപ്പോൾ പാത്തു ഇതൊന്നും ബാധിക്കാത്ത രീതിയിൽ ഉറങ്ങുന്നുണ്ടായിരുന്നു.. നേരത്തെ ഉണർന്നപ്പോഴും അവൾ ഉറക്കത്തിൽ നിന്നും പുറത്ത് വന്നിരുന്നില്ലെന്ന് കല്യാണിക്ക് മനസ്സിലായി... അതാണ് ഇത്ര വേഗം വീണ്ടും ഉറക്കം പിടിച്ചത്.. കല്യാണി സീറ്റിലേക്ക് ചാരിയിരുന്നു.. തണുത്ത കാറ്റ് അവളെ തഴുകി പോയപ്പോൾ തനിക്ക് പ്രിയപ്പെട്ട ആരുടെയോ ഗന്ധം ആ കാറ്റിൽ നിറഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി.. അവളുടെ മനസ്സ് വല്ലാതെ തുടികൊട്ടി.. ആരോ അടുത്തുള്ള പോലെ.. ചുറ്റുമുള്ളതൊന്നും അറിയാതെ കുറച്ച് നേരം അവൾ മറ്റേതോ ലോകത്തേക്ക് പോയി...

എന്തോ ശബ്ദം കേട്ടപ്പോൾ കല്യാണി ഞെട്ടി ഉണർന്നു.. പെട്ടെന്ന് അവൾക്ക് ജോണിന്റെ കാര്യം ഓർമ വന്നു.. അവൻ ചെന്നിട്ട് അധികം ബഹളമൊന്നും കേട്ടില്ല.. കല്യാണി നോക്കിയപ്പോൾ ഏതോ ഒരു ചെറുപ്പക്കാരൻ പുറം തിരിഞ്ഞ് നിന്ന് ജോണിനോട് സംസാരിക്കുന്നുണ്ടായിരുന്നു.. അവൾക്ക് അയാളുടെ മുഖം കാണാൻ സാധിച്ചില്ല.. ജോൺ അയാൾക്ക് കൈ കൊടുത്ത് കാറിലേക്ക് വന്നു.. അവൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി..

"എന്തായെടാ.."

"കുഴപ്പമില്ലെടീ.. ആ പ്രോബ്ലം സോൾവായി.."
അതും പറഞ്ഞവൻ വണ്ടിയെടുത്തു.. കാർ അകന്ന് പോകുമ്പോൾ കല്ലു ആരെയോ തിരഞ്ഞുകൊണ്ട് പുറകിലേക്ക് നോക്കി.. എന്തോ അങ്ങനെ ചെയ്യാൻ അവളുടെ മനസ്സ് മന്ത്രിച്ചു..

"നീയാരെയാ കല്ലൂ നോക്കണേ.."

"ഏയ്.. ഞാൻ വെറുതെ.. അല്ലാ അതാരാ വന്നിരുന്നേ.."

"അത് അവരുടെ ഒരു ഫ്രണ്ടാ.. ആ ഡ്രൈവ് ചെയ്തിരുന്ന ആള് വെള്ളത്തിന്റെ പുറത്തോരോന്ന് പറഞ്ഞതാ.. കൂടെയുള്ള പയ്യൻ പാവമായിരുന്നു.. അവൻ പേടിച്ച് മറ്റാളെ വിളിച്ചു.. വന്ന ചെറുപ്പക്കാരനും ഡീസന്റ് ആയിരുന്നു... എല്ലാം സമാധാനത്തോടെ പറഞ്ഞു തീർത്തു.. തെറ്റ് അവരുടെ ഭാഗത്താണെന്ന് ആ വെള്ളമടിച്ചവന് മാത്രേ മനസ്സിലാവാത്തുളൂ.. അവർ സോറി പറഞ്ഞപ്പോൾ പിന്നെ ഇതൊരു ഇഷ്യൂ ആക്കേണ്ടെന്ന് എനിക്കും തോന്നി.."

"ഉം.."

"നീയെന്നാ കുറച്ചു നേരം ഉറങ്ങിക്കോ.. അവിടെ എത്താൻ ഇനിയും നേരമുണ്ടല്ലോ.."

അവൻ പറഞ്ഞപ്പോൾ അവൾ മെല്ലെ കണ്ണുകളടച്ചു.. പെട്ടെന്ന് തന്നെ ഉറക്കം അവളെ പുൽകി...

ജോണിന്റെയും പാത്തുവിന്റെയും വിളി കേട്ടാണവൾ കണ്ണ് തുറന്നത്.. നോക്കുമ്പോൾ രാവിലെയായിരിക്കുന്നു.. അവൾ കണ്ണ് തിരുമ്മി എഴുന്നേറ്റു...

"എന്തൊരുറക്കാ കല്ലൂ ഇത്.. എത്ര നേരായി ഞങ്ങള് വിളിക്കണ്.. വെറുതെ അല്ല അമ്മ അന്റെ തലേൽ കൂടെ വെള്ളം ഒയിക്കണേ.. ഇജ്ജൊന്ന് ഒണർന്ന് കിട്ടണ്ടേ..." പാത്തു ചിരിച്ചുകൊണ്ട് പറഞ്ഞു..

"ഒന്ന് പോടീ.. ഇന്നലെ ആ പ്രശ്നത്തിന്റെ എടേലും കിടന്നുറങ്ങിയിരുന്നോളാ ഇപ്പോ എന്നെ പറയണേ.."

"അത് എല്ലാ മൻഷ്യമ്മാരും ഒറങ്ങണ സമയാടീ പെണ്ണേ.. ഇജ്ജ് ഒറങ്ങണത് നേരം ബെളുത്തിട്ടാ.."

"അതേ.. നിങ്ങൾ ഈ തർക്കം ഒന്ന് നിർത്തോ.." ജോൺ സഹികെട്ട് പറഞ്ഞു..

"അതിനാര് തർക്കിക്കുന്നു.. ഞങ്ങള് ചുമ്മാ ഓരോന്ന് പറഞ്ഞതല്ലേ.. " കല്യാണി പറഞ്ഞു..

"എന്തായാലും വേണ്ടില്ല.. ഒന്ന് വായ പൂട്ടിയാ മതി രണ്ടെണ്ണോം.." കല്ലു കൈകൊണ്ട് വായ പൊത്തികാണിച്ചു.. അത് കണ്ടപ്പോൾ അവന് ചിരി വന്നു..

"ഇതാ വെള്ളം.. വേണേൽ മുഖം കഴുക്.." ജോൺ ഒരു കുപ്പിവെള്ളം കല്യാണിക്ക് നേരെ നീട്ടി.. അവളത് വാങ്ങി കാറിൽ നിന്നിറങ്ങി മുഖം കഴുകി.. കുറച്ചു വെള്ളം കുടിച്ചു..

"നമ്മളിപ്പോ നാഗപട്ടണം എത്തി.. ഇനി ക്ഷിതിജേടെ വീട് എവിടാന്ന് കറക്റ്റ് ആയിട്ട് അറിയണം.."

"അതിന് അവളോട് വിളിച്ച് ചോദിച്ചാ പോരേ.." പാത്തു ചോദിച്ചു..

"ന്റെ പാത്തൂ.. അതിനവൾക്ക് അറിയില്ലല്ലോ നമ്മൾ ഇന്ന് വരുമെന്ന്.. വിവാഹതലേന്നേ വരൂന്നല്ലേ നമ്മൾ അവളോട് പറഞ്ഞേക്കണേ.."
"അത് ശരിയാലോ.. അപ്പോ എന്താ ചെയ്യാ.."

"അതിനൊക്കെ വഴിയുണ്ട്.. നിന്റേൽ അഡ്രസ്സ് ഇല്ലേ കല്ലൂ.. ആ സ്ഥലത്തിന്റെ പേര് എന്താർന്നു..? ജോൺ ചോദിച്ചു..

"വൺ മിനിറ്റ്.. അവളെനിക്ക് വാട്‌സ്ആപ്പ് ചെയ്തിട്ടുണ്ടാർന്നു.. അത് നോക്കട്ടെ.." കല്യാണി ഫോണെടുത്ത് അഡ്രസ് നോക്കി.. അവനും കാണിച്ചുകൊടുത്തു..

"മയിലാട്തുറൈ അഥവാ മായാവരം.. അതാണ് ആ സ്‌ഥലത്തിന്റെ പേര്.."

ജോൺ ഗൂഗിൾ മാപ്പിൽ നോക്കി വഴി കണ്ടുപിടിച്ചു..

"ഇവിടുന്ന് ഒരു വൺ ഏൻഡ്‌ ഹാഫ് അവർ എടുക്കും.. എന്തെങ്കിലും കഴിക്കണോ നിങ്ങൾക്ക്.."

"എനിക്കൊന്നും വേണ്ട അച്ഛായോ.. ഒന്ന് കുളിച്ചു ഫ്രഷ് ആവണം ആദ്യം.." കല്ലു പറഞ്ഞു.. അതിന് ശേഷം രണ്ടുപേരും ഒരുമിച്ച് പാത്തുവിന്റെ മുഖത്തേക്ക് നോക്കി..

"ഇങ്ങളിങ്ങനെ എന്തിനാ നോക്കണേ.. കാര്യം ഞമ്മക്ക് വെശപ്പ് ഒണ്ടേലും പല്ല് തേക്കാണ്ട് ഒന്നും കഴിക്കൂല.."

"ഉം.. അപ്പോ എങ്ങനാ കൊച്ചുങ്ങളേ.. പോകുവല്ലേ മായാവരത്തേക്ക്..."

"പിന്നല്ലാ.. എടുക്കച്ഛായാ വണ്ടി.."

അവർ വീണ്ടും യാത്ര തുടങ്ങി.. കുറച്ച് നേരത്തെ യാത്രക്കൊടുവിൽ കാവേരി നദിയുടെ തീരത്തുള്ള മയിലാടുംതുറൈയിൽ അവരെത്തി ചേർന്നു... മായാവരം  ടൌണിൽ നിന്നും കുറച്ചു കൂടി ഉണ്ടായിരുന്നു ക്ഷിതിജയുടെ വീട്ടിലേക്ക്..  ടൗൺ ഇത്തിരി തിരക്കേറിയത്‌ ആയിരുന്നെങ്കിലും ഉള്ളിലേക്ക് പോയപ്പോൾ ഒരു ഗ്രാമത്തിന്റെ ശാന്തതയും കുളിര്‍മയും അവർക്കനുഭവപ്പെട്ടു.. എങ്ങും പച്ച പുതച്ച പാടങ്ങളും കുളങ്ങളും കര്‍ഷകരും അമ്പലങ്ങളും.. അങ്ങനെ മനസ്സിനിഷ്ടപ്പെടുന്ന കാഴ്ച്ചകൾ..

പലരോടും വഴി ചോദിച്ചു അവസാനം അവർ ക്ഷിതിജയുടെ വീട്ടിലെത്തി.. ഒരു അഗ്രഹാരം പോലെയായിരുന്നു അവിടം.. അടുത്തടുത്തായി ഒരുപാട് വീടുകളുണ്ട്.. മുറ്റത്ത് കോലമിട്ടിട്ടുണ്ട്.. അവിടെ ആരോടോ സംസാരിച്ചു നിൽക്കുന്ന ക്ഷിതിജയുടെ അപ്പായെ കല്ലു തിരിച്ചറിഞ്ഞു.. പ്രായത്തിന്റേതായ നരകൾ വീണിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തിന് വേറെ മാറ്റങ്ങളൊന്നുമില്ല... അവരടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം സൂക്ഷിച്ചു നോക്കി..

"യാര് നീങ്കെ..??" അദ്ദേഹം സൗമ്യമായി ചോദിച്ചു..

"അത്.. അപ്പാ ഞങ്ങൾ..." കല്ലു പരിചയപെടുത്താൻ ശ്രമിച്ചു..

"കല്യാണി...!!" അവൾ പറയും മുൻപേ അദ്ദേഹം പറഞ്ഞു.. കൈ കൊണ്ട് അവളുടെ തലയിൽ തലോടി.. വാത്സല്യഭാവം ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു.. അവളുടെ അടുത്ത് നിൽക്കുന്നവരെ കുറിച്ച് അദ്ദേഹം അപ്പോഴാണ് ഓർത്തത്..

"ഇത് കല്യാണിയെങ്കിൽ പിന്നെ നിങ്ങൾ ഫാത്തിമയും ജോണും തന്നെയാവും.. അല്ലേ..??" അദ്ദേഹം ചോദിച്ചപ്പോൾ അവർ തലയാട്ടി...
"സുഖമാണോ മക്കളേ നിങ്ങൾക്ക്.."
"അതേ അപ്പാ.."

"എനിക്ക് പെട്ടെന്ന് നിങ്ങളെ പിടികിട്ടിയില്ല.. വർഷം കുറേയായില്ലേ കണ്ടിട്ട്.. എന്നാൽ അപ്പാ എന്ന വിളിയും മലയാളവും കേട്ടപ്പോ ഞാനുറപ്പിച്ചു.. ഇത് നമ്മുടെ ചട്ടമ്പിക്കല്യാണി ആണെന്ന്.." അവർ ചിരിച്ചു.. അപ്പോഴേക്കും ക്ഷിതിജയുടെ അമ്മയും ഇറങ്ങി വന്നു..

"സരസ്വതീ.. നിനക്ക് ഈ കുട്ടികളെ മനസ്സിലായോ.." അദ്ദേഹം ചോദിച്ചപ്പോൾ അവർ പുഞ്ചിരിച്ചു..

"മനസ്സിലാവാതെ പിന്നെ.. " സരസ്വതിയമ്മ അവരെ കെട്ടിപ്പിടിച്ചു..

"നീങ്കെ ഇവരെ പുറത്ത് തന്നെ നിർത്തിയതെന്താ.." അമ്മ ചോദിച്ചു..

"അയ്യോ.. പെട്ടെന്ന് ഇവരെ കണ്ട സന്തോഷത്തിൽ ഉള്ളിലേക്ക് വിളിക്കാൻ മറന്നു.. നിങ്ങൾ അകത്തേക്ക് വാ മക്കളേ.."

മൂവർ സംഘം അപ്പാക്കും അമ്മക്കുമൊപ്പം വീടിനകത്തേക്ക് കയറിച്ചെന്നു.. അവിടെ ഒരുപാട് ആളുകളുണ്ടായിരുന്നു.. കല്യാണം പ്രമാണിച്ച് ഓരോ കാര്യങ്ങളിലേർപ്പെട്ടിരിക്കുകയായിരുന്നു എല്ലാവരും.. സരസ്വതിയമ്മ എല്ലാവർക്കും അവരെ പരിചയപ്പെടുത്തി.. പിന്നെ അവർക്ക് വിശ്രമിക്കാൻ മുറികൾ കാണിച്ചു കൊടുത്തു.. പാത്തുവിനും കല്ലുവിനും ഒരു മുറിയും ജോണിന് കുറച്ചപ്പുറത്തായുള്ള മറ്റൊരു മുറിയാണ് നൽകിയത്..

"ക്ഷിതിജ എവിടെ അമ്മാ.." കല്യാണി ചോദിച്ചു..

"അവൾ  ബ്ലൗസ് സ്റ്റിച്ച് ചെയ്തത് എന്തോ ശരിയാക്കാൻ പുറത്ത് പോയിരിക്കാ.. നിങ്ങൾ കുളിച്ചു ഫ്രഷാവ്.. അപ്പോഴേക്കും വരും.."

മായാവരത്തെത്തിയ കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞതിന് ശേഷം അവർ പല്ലുതേപ്പും കുളിയുമെല്ലാം നടത്തി.. കുളിച്ചപ്പോൾ അവർക്ക് വളരെ ഉന്മേഷം തോന്നി.. ഉറക്കമെല്ലാം വിട്ടകന്നിരുന്നു.. റൂമിന് വെളിയിലേക്ക് ഇറങ്ങിയപ്പോൾ അമ്മ അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു.. ഇഡ്ഡലിയും സാമ്പാറും ചട്നിയും പിന്നെ എന്തൊക്കെയോ മധുരങ്ങളും ഉണ്ടായിരുന്നു.. നല്ല വിശപ്പുള്ളത് കൊണ്ട് അവരെല്ലാം ആസ്വദിച്ചു കഴിച്ചു.. അപ്പോഴേക്കും ക്ഷിതിജ വന്നു.. അവൾക്ക് മൂവർ സംഘത്തെ കണ്ടപ്പോൾ വളരെ സന്തോഷമായി.. ഓടിവന്ന് കെട്ടിപ്പിടിച്ചു.. ചട്ടമ്പീ എന്നുള്ള അവളുടെ വിളി കേട്ടപ്പോൾ പഴയ കാര്യങ്ങളെല്ലാം കല്ലുവിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.. ക്ഷിതിജ നിർത്താതെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.. എന്തൊക്കെ ചെയ്യണം പറയണം എന്ന് അവൾക്ക് തന്നെ ഒരു ഐഡിയയും ഇല്ലാത്ത പോലെ.. എന്തുചെയ്തിട്ടും അവൾക്ക് മതിവരാത്ത പോലെ ആയിരുന്നു.. അവളുടെ കണ്ണും നിറയുന്നുണ്ടായിരുന്നു..

"ഞങ്ങളെ കണ്ടിട്ട് ഇജ്ജ് എന്തിനാ പെണ്ണേ കരയണ്.. സന്തോഷിക്കല്ലേ ബേണ്ട്.." പാത്തു അവളുടെ കണ്ണീര് തുടച്ചു കൊണ്ട് ചോദിച്ചു..

"ഇത് ആനന്ദക്കണ്ണീരാ പാത്തൂ.. അയാം വെരി ഹാപ്പി.." അവളുടെ മറുപടി കേട്ട് മൂവരും ചിരിച്ചു..

"അപ്പോ ഞങ്ങളുടെ സർപ്രൈസ് നിനക്ക് ഇഷ്ടമായല്ലേ.."

കല്ലു ചോദിച്ചപ്പോൾ ക്ഷിതിജ അന്തം വിട്ടു..
"എന്ത് സർപ്രൈസിന്റെ കാര്യമാ എന്റെ ചട്ടമ്പി പറയണേ.."

"ഞങ്ങളുടെ ഈ നേരത്തെയുള്ള വിസിറ്റ് തന്നെ.. തലേന്നേ വരൂ എന്നല്ലേ നിന്നോട് പറഞ്ഞിരുന്നേ..." ക്ഷിതിജ അത് കേട്ട് ചിരിക്കാൻ തുടങ്ങി... ഇവളെന്തിനാ ചിരിക്കണേ എന്നറിയാതെ മൂവർ സംഘം മുഖത്തോട് മുഖം നോക്കി...

(തുടരും..)

രചന: അശ്വതി രാവുണ്ണിക്കുട്ടി

To Top