ഗൗരി

Valappottukal

" അല്ല  പെങ്ങളേ...  ഈ  വണ്ടിക്ക്  ഇത്രേം   സ്പീഡേയുള്ളോ.. ? സൈക്കിളുകാരൻ  വരെ
നമ്മളെക്കാൾ  വേഗത്തിലാണല്ലോ  പോകുന്നത്... "

" ആണോ.....  എന്നാലേ..  ചേട്ടനിറങ്ങി  ആ സൈക്കിളുകാരന്റെ കൂടെ  പോ..  കൈയ്യും കാലും പിടിച്ച്  എന്റെ വണ്ടിയിൽ  വലിഞ്ഞു കയറിയതും പോര  ഇപ്പോൾ സ്പീഡ് ഇല്ലന്നോ.... ?
വെറുതെ മനുഷ്യനെ  മെനക്കെടുത്താൻ  ഓരോന്ന്  വന്നോളും..  താനിറങ്ങിക്കെ... "

തൊട്ടടുത്ത്‌  തന്നെ വണ്ടി നിർത്തിട്ട്  അവളെന്നെയൊന്നു  തറപ്പിച്ച്  നോക്കി....  വടയക്ഷിയെ പോലുള്ള  ആ നോട്ടത്തിൽ ആരാണേലും   ദഹിച്ചു പോകും...

" അയ്യേ... താനെന്തിനാടോ മാഷേ  ചൂടാവുന്നെ..? ഞാൻ  ചുമ്മാ തമാശ പറഞ്ഞതല്ലേ... "

കളം  മാറ്റി ചവിട്ടിയില്ലെങ്കിൽ  ഞാൻ പെരുവഴിയാകുമെന്ന്  പെട്ടെന്നാണ്  ഓർത്തത്‌..

" ഇങ്ങനത്തെ തമാശ ഒരുപാട് പറയയല്ലേ  മോനേ...  അടി വരുന്ന വഴി  അറിയില്ല...... "

" ഹോ... ഇതിനെയൊക്കെ  ഏത് നേരത്താണോ........... ന്റെ അത്തിപ്പാറ അമ്മച്ചീ....  ശക്തി തരണേ...  വന്ന ദേഷ്യം മുഴുവൻ കടിച്ചമർത്തി കൊണ്ട്  നല്ല കുട്ടിയായി ഞാനവളുടെ പിന്നിൽ  ഇരുന്നു..

വല്ലപ്പോഴും  മാത്രമേ  അതുവഴിയുള്ള റൂട്ടിൽ  ബസ്‌  ഉണ്ടാവൂ  എന്ന നഗനമായ  സത്യം  ഞാൻ  മനസ്സിലാക്കിയത്  ആ നാട്ടിൽ  കാലുകുത്തിയ ദിവസമായിരുന്നു..  അവസാനം  നടുറോഡിൽ  ഉപേക്ഷിക്കപ്പെട്ട ഞാൻ  എങ്ങോട്ടെന്നില്ലാതെ  നടന്നു  തുടങ്ങിയപ്പോഴാണ്  ഈ  മാരണത്തിനെ  കണ്ടുമുട്ടിയത്...

സ്റ്റോറിൽ  പാല്  കൊടുത്തിട്ടുള്ള  വരവാണെന്ന്  സ്കൂട്ടറിനു മുന്നിലെ  പത്രങ്ങളിൽ നിന്ന് ഞാൻ  ഊഹിച്ചിരുന്നു..

ഒരു  ലൊട്ടിലൊടുക്ക്  സ്കൂട്ടറിലാണ്‌  വരവെങ്കിലും  അംബാനിയുടെ കൊച്ചു മോളാണെന്നാ  ആ മുഖത്തെ  ഭാവം..
എന്നിട്ടും നാണംകെട്ട്  ഞാൻ ലിഫ്റ്റ്‌  ചോദിച്ചു..  ആദ്യം കുറേ മടിച്ചെങ്കിലും  എന്റെ ആത്മാര്തമായ  കാലുപിടിക്കലിൽ അവൾ സമ്മതിച്ചു... 

മുന്നോട്ട് പോകുന്തോറും  എന്റെ  മനസ്സ്  നിറയ്ക്കാൻ പാകത്തിന്  പലതും  അവിടെ കാത്തിരിന്നു. റോഡിനു  ഇരുവശത്തായി  കണ്ണ് എത്താത്ത ദൂരം വരെ   പരന്നു കിടക്കുന്നു  പാടവും   വിളവെത്താറായ നെല്ല്കതിരുകളും..  അതിനിടയിൽ  കള പറിക്കുന്ന  അമ്മച്ചിമാരും  തുടങ്ങി   ഓരോരോ  കാഴ്ച്ചയിലും   ഞാൻ അറിയാതെ  മുഴുകിയിരുന്നു...  

" എവിടെക്കാണാവോ  പോകേണ്ടത്...?

അവളുടെ  ചോദ്യം  സത്യം പറഞ്ഞാൽ ഞാൻ കേട്ടിരുന്നില്ല.. ശ്രദ്ധ മറ്റ് പലതിലുമായിരുന്നു...

" എന്റെ  പൊന്നു ചേട്ടാ  വാ തുറന്ന് ഒന്ന് പറ എങ്ങോട്ടാ  പോകണ്ടേന്ന്..  ? എനിക്ക്  പോയിട്ട്  വേറെ  പണിയുള്ളതാ.... "

ആ പൊട്ടിത്തെറിക്കലിനു  ശേഷമാ  എനിക്ക്  സ്ഥലകാല ബോധമുണ്ടായാത്...

" അയ്യോ.. സോറി.. ഞാൻ പറയാൻ  മറന്നു...  ഇവിടെ അടുത്ത്  എവിടെയാ  കാവും  മനയുമൊക്കെയുള്ളത്.. ? എനിക്കൊരു  ഡോക്യുമെന്ററി  ചെയ്യാനായിരുന്നു... "

" ഓഹ്...  അപ്പോൾ  അതിനാണ്  കുറ്റീം  പറിച്ചു ഇങ്ങോട്ട്  പോന്നത്  അല്ലേ... ?

" മ്മ്മം.... "

കുറച്ചൂടെ മുന്നോട്ട് പോയ ശേഷം  ഒരു പഴയ മനയോട്  ചേർത്തവൾ  വണ്ടി നിർത്തി..  ആരോടും ചോദിക്കാതെയും  പറയാതെയുമുളള   പുള്ളിയുടെ  പോക്ക് കണ്ടപ്പോഴേ  എനിക്ക് മനസ്സിലായി  അവൾക്ക്  അവിടെയെല്ലാം  സുപരിചിതമാണെന്ന്..  ആ നാട്ടിലെ  ചെറിയൊരു  എൽസമ്മ  എന്ന ആൺകുട്ടി..  അത്രതന്നെ.

മനയിലെ  നമ്പൂതിരിയെയും  കുട്ട്യോളെയും  ന്റെ  ആവശ്യങ്ങൾ  പറഞ്ഞു  മനസ്സിലാക്കി കൊടുത്തത്  ആ വായാടി പെണ്ണ് തന്നെയായിരുന്നു..  നഴ്സറിയിൽ  പിള്ളേരെ ആക്കുന്നതു പോലെ  അവരുടെ കൈയിൽ     എന്നെ  ഏല്പ്പിച്ചിട്ട്‌   അവൾ  തിരിച്ചു  പോവാൻ  തുടങ്ങി..

" ഇനി ഡോക്യുമെന്ററിയോ   സിനിമയോ  എന്താന്ന് വെച്ചാ  ചെയ്തോ...  അവരുണ്ടാവും  സഹായത്തിന്... "

" അപ്പോഴേക്കും  പെങ്ങള്  പോകുവാണോ.. ?

"  അല്ല...  തന്റെ  കൂടെ ഇവിടെ  നിക്കാം...  എന്ത്യെ...?

ഇതെന്തു  ജന്മമാണോ  എന്തോ..  എന്നാ പറഞ്ഞാലും   കടിച്ചുകീറാൻ വരുവാ...

പേര്  ചോദിച്ചിട്ടാണെങ്കിലോ    ' പെങ്ങളേന്നല്ലേ '  വിളിച്ചത്,  അതുകൊണ്ട്  അങ്ങനെ തന്നെ മതിയെന്ന്  പറഞ്ഞ് ആ വഴക്കാളി  പോയി.

ഡോക്യുമെന്ററിയുടെ  ഭാഗമായി  കാവിൽ  പോകുമ്പോൾ  ഇടയ്ക്കൊക്കെ ഞാനവളെ  കാണാറുണ്ട്... ഭഗവതിക്ക്  അവിടെ  ചുവന്ന പട്ടും  കുപ്പിവളകളും  വെയ്ക്കുന്നത്‌  അവള്  മാത്രമായിരുന്നു... ധൃതിപിടിച്ചു  ഓടി  വരുന്നത് കാണാം  എന്തൊക്കെയോ  കുശലം പറഞ്ഞിട്ട്  വേഗം തന്നെ  തിരിച്ചും  പോകും..
ആചാരങ്ങളും  അനുഷ്ടാനങ്ങളും  പറഞ്ഞു  തന്നവരിലൂടെയാണ്  ഗൗരി  എന്ന വായാടിയുടെ കഥയും  ഞാനറിഞ്ഞിത്‌..

നന്നേ  ചെറുപ്പത്തിലെ  അച്ഛനും അമ്മയും  നഷ്ടമായ  ഗൗരി   പിന്നീടിങ്ങോട്ട്‌  അച്ഛമ്മയുടെ  തണലിലാണ്‌ വളർന്നത്‌..  അവരുടെ ജീവിതത്തെ  താങ്ങി  നിർത്തിയതോ കുറച്ചു  പൈകിടാങ്ങള് മാത്രമായിരുന്നുവെന്നും അറിഞ്ഞപ്പോൾ  വല്ലാത്തൊരു  ബഹുമാനം  തോന്നി   അവളോട്‌...
എന്റെ  എല്ലാ  ജോലിയിലും  ഗൗരിയുടേതായ പങ്ക് ഉണ്ടാവും. കുറച്ചു ദിവസംകൊണ്ട്  മറ്റൊരു ജീവിതം  എന്നെ  പഠിപ്പിച്ചു ആ പൊട്ടി പെണ്ണ്..

ലക്‌ഷ്യം  പൂർണമായതോടെ  ആ  നാടിനോട്‌ വിടപറയേണ്ട  സമയവുമെത്തി..  തിരിച്ചു പോരുന്നതിന് മുൻപ്  ഗൗരിക്കുട്ടിയെ ഒന്നൂടെ  കാണണമെന്ന്  തോന്നി  നേരെ  വീട്ടിലേക്കാണ് പോയത്‌.
മുറ്റം നിറയെ കൂടി  നിന്ന നാട്ടുകാരുടെയും  കൂട്ടുകാരുടെയും  ഇടയിലൂടെ  അകത്തു നിന്നുള്ള  ഒരു തേങ്ങൽ എനിക്ക്  കേൾക്കാമായിരുന്നു... അത് ആ പാവം  പെണ്ണിന്റെയായിരുന്നു..
അവൾക്ക്  വേണ്ടി  ഭൂമിയിൽ  അവശേഷിച്ചിരുന്ന അവസാനത്തെ  ബന്ധവും  മുറിഞ്ഞിരിക്കുന്നു. അച്ഛമ്മയും തന്നെ  തനിച്ചാക്കിയപ്പോൾ   വിറയ്ക്കുന്ന ചുണ്ടുകൾക്കൊപ്പം  പുഴ പോലെ ആ മിഴികളും  നിറഞ്ഞൊഴുകി..

ചടങ്ങുകളെല്ലാം  കഴിഞ്ഞു  ഓരോരുത്തരായി  ഇരുട്ടിലേക്ക്‌  നടന്നു നീങ്ങുമ്പോൾ  അവൾ  വീട്ടിൽ  ഒറ്റയ്ക്ക്  ഒതുങ്ങിക്കൂടി..  ആരുമില്ലെങ്കിലും  മുറ്റത്തൊരു  കാവലായി   ഞാനുണ്ടായിരുന്നു  ആ രാത്രിയിൽ..  
പിറ്റേന്ന്  അവളോട്‌  യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ   മനസ്സിലെവിടെയോ  ഒരു  വിങ്ങൽ..  ആരോ  തടഞ്ഞു വെക്കുന്ന പോലെ.. ഒരുപക്ഷേ  എന്റെ വെറും  തോന്നൽ മാത്രമാവാം..

എന്തുകൊണ്ടോ എന്റെ  മടക്ക യാത്രയിൽ കണ്ണീരിന്റെ  നനവ്‌  പോലും  മായാത്ത   ഗൗരിക്കുട്ടിയെയും  കൂടെകൂട്ടി..  സമ്മതം  ചോദിക്കാൻ  കാവിലെ ഭഗവതി മാത്രേ  ഉണ്ടായിരുന്നുള്ളൂ അവൾക്ക്.. പരിപൂർണ്ണ  സമ്മതം ഒരു ചിരിയിലൂടെ  നൽകുന്നത്  പോലെ എനിക്ക്  തോന്നി.. 

അന്ന്  ഗൗരിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോൾ അച്ഛനും  അമ്മയ്ക്കും  നൽകാൻ  എന്റെ പക്കൽ  വിശദീകരണമൊന്നും തന്നെയില്ലായിരുന്നു..  എന്നാൽ  ഇന്ന്  സന്ധ്യസമയത്ത്  ഉമ്മറത്ത്  വിളക്ക് വെക്കാനും  അച്ഛന്  രാവിലെ  ചായ കൊടുക്കാനും,  അമ്മയ്ക്കൊപ്പം  പച്ചക്കറി അരിയാനും    എന്നോട് തല്ല് കൂടാനും തുടങ്ങി   എല്ലാ വേഷങ്ങളും ചെയ്യാൻ  മത്സരിക്കുന്ന അവളെ നോക്കി  നിസ്സംശയം   എനിക്ക്  പറയാനാവും

"ഇതെന്റെ  പെങ്ങളാണെന്ന്... !

[അല്ലെങ്കിലും  പെങ്ങളാവാൻ  കൂടെ ജനിക്കണം  എന്നൊന്നുമില്ല... സംരക്ഷണവും  കരുതലും  നൽകി അവളെ ചേർത്തു നിർത്തുന്ന ഏതൊരു വ്യാക്തിയിലും  ഒരു  സഹോദരനുണ്ടാകും...] കൂട്ടുകാരെ കഥ ഇഷ്ടമായെങ്കിൽ ഇതേ പോലുള്ള നല്ല കഥകൾ വായിക്കുവാൻ വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...

Kavitha Thirumeni...

To Top