കുട്ടി കാന്താരി

Valappottukal

"നീ ഇങ്ങനെ അവളെയും മനസ്സിലിട്ട് നടന്നോ.... എനിക്ക് വയ്യാതായിതുടങ്ങി .... നിന്നെ പുറത്തെടുക്കാൻ ഉൾപ്പടെ നാലു ഓപ്പറേഷൻ ചെയ്ത ശരീരമാ.."  എന്നുള്ള അമ്മയുടെ വാക്ക് കേട്ട് കൊണ്ട് ദേഷ്യത്തോടെയാണ്   വീട്ടിൽ നിന്നും ഇറങ്ങിയത്,
 
നഷ്ടപ്രണയത്തിൽ മനസ്സ് മടുത്ത എന്റെയടുത്ത് അമ്മയുടെ ഇതുവരെയുള്ള  വാക്കുകൾ ഒന്നും വിലപ്പോയില്ലെങ്കിലും , ആ കണ്ണു നിറഞ്ഞത് കണ്ടാണു പെണ്ണുകാണാൻ പോകാമെന്ന വാക്ക് കൊടുത്തത്...

തുടക്കത്തിൽ , കാണുന്ന പെണ്ണിനൊന്നും  പാറുവിന്റെയത്രയും മുടിയില്ല, കളറില്ല എന്നൊക്കെ  പറഞ്ഞ് ഒഴിവാക്കിയെങ്കിലും അവസാനം മനസ്സില്ലാ  മനസ്സോടെ അധികം സൗന്ദര്യമില്ലാത്ത അമ്മുവിനെ തന്നെ കൂടെക്കൂട്ടി,

ആദ്യ രാത്രിയിൽ,  തന്നെ നാലു വർഷം പ്രണയിച്ചിട്ട്, ദുബായ്പണക്കാരനെ കണ്ടപ്പോൾ  ഒരു സോറിയിൽ എല്ലാം അവസാനിപ്പിച്ച  പാർവ്വതിയുടെ കഥയോടൊപ്പം  , അവളെ മനസ്സിൽ നിന്ന് കളയാൻ കുറച്ച് സമയം വേണമെന്ന എന്റെ ആവശ്യം ഒരു ചെറു ചിരിയോടെ അവൾ സമ്മതിച്ചു....

അവഗണന അധികമായപ്പോഴായിരുന്നു, "എന്തിനായിരുന്നേട്ടാ എന്നോട്...?? എന്ന ചോദ്യം വിതുമ്പലോടെ പൊട്ടിവീണത്.   അമ്മയുടെ നിർബന്ധം  കൊണ്ട് മാത്രമാണ്  നിന്നെ കെട്ടിയതെന്നുള്ള എന്റെ മറുപടി  കേട്ട്  മുഖം താഴ്ത്തി അവൾ അകന്നുമാറിയപ്പോഴും എന്റെയുള്ളിൽ കുറ്റബോധമുണ്ടായിരുന്നില്ല.

റൂമിൽ പോലും രണ്ടറ്റത്തായിരുന്ന ഞങ്ങൾ , പക്ഷേ മറ്റുള്ളവരുടെ മുന്നിൽ അവൾ നല്ലൊരു  ഭാര്യയായിരുന്നു, അന്ന് കുളി കഴിഞ്ഞ് ഇറങ്ങിയ ഞാൻ പേഴ്സ് തുറന്നിരിക്കുന്നത്  കണ്ട് നോക്കിയപ്പോഴാണു, ഒളിപ്പിച്ച് വെച്ചിരുന്ന പാറുവിന്റെ ഫോട്ടോ അവൾ കണ്ടെന്ന് മനസ്സിലായത്..

മാസങ്ങൾ പിന്നിട്ടിട്ടും  മുത്തശ്ശിയാകാതിരുന്നപ്പോൾ  അവളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ അമ്മ പറഞ്ഞു.  "അവൾ അമ്മയില്ലാത്ത കുട്ടിയാട്ടോ, അവളുടെ മനം നൊന്താൽ  ദൈവം പൊറുക്കില്ല മോനെ "  ആ വാക്കുകൾ  എന്നിൽ മാറ്റങ്ങൾ ഒന്നും വരുത്തിയില്ലെന്ന് മാത്രമല്ല, അമ്മയുടെ മുന്നിൽ ഒറ്റു കൊടുത്തതിന്റെ ദേഷ്യം  കൂടിയതേ ഉള്ളൂ ....
ജീവിതത്തിൽ ഒരുപാട് ആഗ്രഹത്തോടെ വാങ്ങിയ ബുള്ളറ്റുമായി വിട്ടിലെത്തിയപ്പോൾ  ആശയോടെ നോക്കുന്ന അവളുടെ നോട്ടം അവഗണിച്ചു കൊണ്ട് അകത്തെക്ക് പോയെങ്കിലും അവളുടെ കണ്ണിലെ നനവ് എന്റെ ഹൃദയത്തിൽ തട്ടിയിരുന്നു.

തിരിച്ചിറങ്ങാൻ നേരം ജനലിന്റെ മറവിലുടെ എന്നെ നോക്കി നിൽക്കുന്ന അവളോട് കണ്ണു ചിമ്മി കാണിച്ചിട്ട് പോരുന്നോ ഒരു റൈഡിനെന്ന് ചോദിച്ചപ്പോൾ അടക്കി വെച്ചിരുന്ന അവളുടെ സങ്കടങ്ങൾ അണ പൊട്ടി ഒഴുകിയിരുന്നു..

  ബുള്ളറ്റിന്റെ പുറകിൽ നിന്ന് വീഴാതിരിക്കാൻ കഷ്ടപ്പെട്ട അവളുടെ കൈകൾ സ്റ്റാൻഡിൽ നിന്നും എന്റെ വയറിലെക്ക് ഞാൻ പിടിപ്പിച്ചപ്പോൾ അവളുടെ കണ്ണുനീർ എന്റെ പുറം  നനച്ചു.

“ ഇത്രമാത്രം അവഗണിച്ചിട്ടും എങ്ങനെയാ  പെണ്ണെ നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നത് ????? “  അറിയാതെ ചോദിച്ചു പോയി. 
" അവളാണു പോയതെങ്കിലും  ഏട്ടൻ എന്നോട് പറഞ്ഞത് അവളോടുള്ള ഇഷടം മാറും വരെ ക്ഷമിക്കാനല്ലേ , അപ്പോഴും ഏട്ടൻ അവളെ വെറുത്തിട്ടില്ലല്ലോ.  സ്നേഹിച്ച് തുടങ്ങിയാൽ ഈ ലോകത്തുള്ള എന്തിനെക്കാളും ഏട്ടൻ  എന്നെ സ്നേഹിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു."  അതുപറയുമ്പോൾ ഞാൻ കെട്ടിയ താലി അവൾ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്നു. പിന്നിൽ നിന്നും വരിഞ്ഞു മുറുക്കി   ഇതാണെന്റെ   ജീവിതവും സന്തോഷവും ഏട്ടാ...എന്നവൾ പറഞ്ഞപ്പോൾ വണ്ടി നിർത്തി പേഴ്സിൽ നിന്നും പാറുവിന്റെ ഫോട്ടോ ക്Iറി അവളുടെ മുന്നിലേക്കിട്ടു ... അപ്പോഴും അന്തം വിട്ട് എന്നെ നോക്കുന്നുണ്ടായിരുന്നു ആ പാവം...

ഞങ്ങളുടെ ഇടയിൽ ഒരു കുട്ടി കാന്താരി വന്നതിന്റെ സന്തോഷം അല തല്ലുമ്പോഴാണു,  ബ്ലഡ് ക്യാൻസറുമായി ദുബായിൽ നിന്നും  പാറു തിരിച്ച് വന്നുന്ന് അറിഞ്ഞത്..   കാണാൻ മടിച്ചെങ്കിലും പാറുവിനെ കാണാൻ എന്നെ നിർബന്ധിച്ചത്  അമ്മുവായിരുന്നു... നേരിൽ കണ്ടപ്പോൾ കൈകൾ കൂപ്പി മാപ്പ് ചോദിച്ച  അവളെ ആശ്വസിപ്പിച്ചതും അമ്മുവായിരുന്നു...
തിരിച്ചിറങ്ങാൻ നേരം അമ്മുന്റെ കൈയ്യിൽ ഇരുന്ന ഞങ്ങളുടെ കാന്താരിയുടെ  പേരും പാറുന്നാണെന്ന് അറിഞ്ഞപ്പൊൾ ഒരുപാട് അത്ഭുതത്തോടെയും , അസൂയയോടെയും   അവൾ നോക്കുന്നുണ്ടായിരുന്നു  എന്റെ അമ്മൂന്റെ മുഖത്തേക്ക് ...
കൂട്ടുകാരെ കഥ ഇഷ്ടമായെങ്കിൽ ഇതേ പോലുള്ള നല്ല കഥകൾ വായിക്കുവാൻ വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...
രചന: ഷാനൂക്കാ

To Top