മാംഗല്യം തന്തുനാനേന ഭാഗം 7&8

Valappottukal

മാംഗല്യം തന്തുനാനേന ഭാഗം 7

കല്ലുവിന് ശരീരമാകെ ഒരു പെരുപ്പ് കയറുന്നത് പോലെ തോന്നി.. എങ്കിലും അത് വകവെക്കാതെ അവൾ ക്ലാസിൽ നിന്നിറങ്ങി ഓടി.. അവളുടെ അടുത്തേക്ക് വന്ന ഒരു ടീച്ചറോട് ധൃതിയിൽ കാര്യങ്ങൾ പറഞ്ഞ് സ്ക്കൂട്ടി എടുത്ത് പാഞ്ഞു.. ആശുപത്രിയിലേക്ക് എത്തിയതെങ്ങനെ എന്ന് പോലും അവളറിഞ്ഞില്ല.. റിസപ്ഷനിൽ ചെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞതനുസരിച്ച് ഐ സി യു വിനടുത്തേക്ക് ഓടി.. പാത്തുവും ജോണിന്റെ അപ്പച്ചനും അമ്മയും  നിൽപ്പുണ്ടായിരുന്നു..  കല്യാണിയെ കണ്ടതും പാത്തു ഓടിവന്ന് കെട്ടിപ്പിടിച്ചു..

"കല്ലൂ.. നമ്മടെ അച്ഛായൻ..." അവളുടെ വാക്കുകൾ കണ്ണീരിനാൽ മുറിഞ്ഞുപോയി... പാത്തുവിന്റെ പുറത്ത് ആശ്വസിപ്പിക്കും പോലെ കൈ കൊണ്ട് ഒന്ന് തട്ടിയ ശേഷം പതുക്കെ അവളെ അടർത്തി മാറ്റി കല്യാണി ഐ സി യു വിന്റെ ഡോറിന് മുന്നിലെത്തി.. അകത്തേക്ക് നോക്കിയപ്പോൾ അച്ഛായന്റെ മുഖം ചെറുതായി കണ്ടു.. ജലകണങ്ങൾ പുറത്തേക്കൊഴുകാതെ അവളുടെ മിഴികളിൽ തന്നെ ഓടിക്കളിച്ചു.. പുറത്തൊരു കൈ പതിഞ്ഞപ്പോൾ കല്ലു തിരിഞ്ഞു നോക്കി.. കുട്ടേട്ടൻ..!!
"കുട്ടേട്ടാ... അച്ഛായൻ..."

"വിഷമിക്കാതിരിക്ക് മോളേ.. അവനൊന്നുമില്ലെന്നേ.." കല്ലു ഏട്ടന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. അവൻ അവളുടെ മുടിയിഴകളിൽ തലോടി.. കുറച്ച് നേരത്തിന് ശേഷം അവൾ പതിയെ തല ഉയർത്തി.. കൈലാസ് അവളെ ജോണിന്റെ അമ്മക്കരികിലായി ബെഞ്ചിൽ കൊണ്ടിരുത്തി..

"മോളിവിടിരിക്ക്.. ഏട്ടൻ അകത്തേക്ക് പോയി നോക്കട്ടെ.. " കൈലാസ് ഐ സി യു വിനുള്ളിലേക്ക് കയറിപ്പോയി..

"മോളേ...." ജോണിന്റെ അമ്മയുടെ ആ വിളിയിൽ സങ്കടവും ഭയവുമെല്ലാം ഇടകലർന്നിരുന്നു.. അവൾ അവരെ തന്നിലേക്ക് ചേർത്തിരുത്തി.. അവളുടെ ചുമലിൽ തലവെച്ചു കൊണ്ട് മനസ്സിൽ പ്രാർത്ഥിച്ച് അവരിരുന്നു....

കടന്നുപോകുന്ന ഓരോ സെക്കന്റിനും വളരെ ദൈർഘ്യമുള്ളതായി തോന്നി.. ഇതിനിടയിൽ കല്ലുവിന്റെ അച്ഛനുമമ്മയും പാത്തുവിന്റെ ഉപ്പയും ഉമ്മയും അവിടെയെത്തി.. പരസ്പരം ആശ്വസിപ്പിക്കുമ്പോഴും ജോണിന്റെ ജീവനെ കുറിച്ചുള്ള ആവലാതി എല്ലാവരുടെ ഉള്ളിലുമുണ്ടായിരുന്നു.. ഐ സി യു വിനുള്ളിലേക്ക് കയറിയ കൈലാസ് പുറത്ത് വന്ന് എല്ലാവരെയും ആശ്വസിപ്പിച്ചു.. ജോണിന്റെ സർജറി വിജയിക്കാനായി ഏവരും പ്രാർത്ഥനയോടെ ഇരുന്നു.. കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു.. എല്ലാവരും അദ്ദേഹത്തിനടുത്തേക്ക് ഓടിച്ചെന്നു..

"ഡോക്ടർ.. എന്റെ മോന് എങ്ങനുണ്ട്..." ജോണിന്റെ അപ്പച്ചൻ ചോദിച്ചു..

"സീ മിസ്റ്റർ മാത്യു.. ആദ്യം കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു.. ബട്ട് ജോണിന്റെ സർജറി സക്‌സസ് ആയത് കൊണ്ട് അപകടനില തരണം ചെയ്തിരിക്കുന്നു.."

അപകടനില തരണം ചെയ്തു എന്നത് എല്ലാവരും ആശ്വാസത്തോടെയാണ് കേട്ടത്.. അത്രയും നേരം വിഷാദം തളം കെട്ടി നിന്ന മുഖങ്ങൾ കാറൊഴിഞ്ഞ വാനം പോലെ തെളിഞ്ഞു... മനസ്സിൽ അവർ ദൈവങ്ങൾക്ക് നന്ദി പറഞ്ഞു..

"ഞങ്ങൾക്ക് അവനെയൊന്ന് കാണാൻ പറ്റുമോ ഡോക്ടർ..?"

"അയാളിപ്പോഴും ഐസിയുവിലാണ്.. അങ്ങോട്ട് എല്ലാവരെയും കടത്തിവിടാൻ കഴിയില്ല.. മാത്രമല്ല പേഷ്യന്റിന് ഇതുവരെ ബോധം വന്നിട്ടില്ല.."

"ഞങ്ങൾക്കവനെയൊരു നോക്ക് കണ്ടാ മതി ഡോക്ടർ.." ജോണിന്റെ അമ്മ മരിയ കരഞ്ഞുകൊണ്ട് പറഞ്ഞു..

"ഉം.. ഓകെ.. കുറച്ച് കഴിഞ്ഞിട്ട് ആരെങ്കിലും ഒരാൾ കയറി കണ്ടോളൂ.."

"താങ്ക്സ് ഡോക്ടർ.."

കുറച്ച് നേരം കഴിഞ്ഞ് മരിയ കയറിക്കണ്ടു..  എല്ലാവരും കൂടെ അവിടെ നിന്നിട്ട് കാര്യമില്ലെന്നത് കൊണ്ട് മാത്യു കല്ലുവിന്റെയും പാത്തുവിന്റെയും വീട്ടുകാരെ പറഞ്ഞയച്ചു.. മരിയയും വളരെ ക്ഷീണിതയായത് കൊണ്ട് അദ്ദേഹം ഒരുപാട് നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു.. കൂടെ പാത്തുവിനെയും.. കല്ലു മാത്യുവിന്റെ കൂടെ അവിടെത്തന്നെ നിന്നു..

"ഒരു ലോറി മനപ്പൂർവ്വം കൊണ്ടുവന്ന് ഇടിക്കുകയായിരുന്നെന്നാ ആക്സിഡന്റ് നേരിൽ കണ്ടവര് പറഞ്ഞേ.. എന്നാലും ആരാവും കൊച്ചേ അവനോടിത് ചെയ്തത്.."

മാത്യു ചോദിച്ചപ്പോൾ കല്ലുവിന്റെ മനസ്സിലേക്ക് കടന്ന് വന്നത് അയാളുടെ മുഖമായിരുന്നു.. ഇല്ലിക്കൽ മത്തായിയുടെ...

"ആ മത്തായി പ്രതികാരം ചെയ്തതാവും അപ്പച്ചാ.."

"അയാളോ..? നിനക്കെന്താ ഇത്ര ഉറപ്പ്..?"

"അയാളല്ലാതെ ആരും ഇപ്പോ ഇത് ചെയ്യില്ല.. വെല്ലുവിളിച്ചതാ ഞങ്ങളെ... ഇതെനിക്കിട്ട് ഓങ്ങിയതാവും.. പക്ഷേ അവന് കൊണ്ടെന്ന് മാത്രം.."

മാത്യു അവളെ ചേർത്ത് പിടിച്ചു..

"എന്റെ കൊച്ച് സൂക്ഷിക്കണം കേട്ടോ.." ഒരു അച്ഛന്റെ ആകുലത അയാളുടെ വാക്കുകളിലുണ്ടായിരുന്നു.. അവൾ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.. പിന്നെ അവരൊന്നും സംസാരിച്ചില്ല..

രാത്രി  കൈലാസ് വീട്ടിൽ പോകാൻ നേരം കല്ലുവിനെ തിരക്കി വന്നു.. അവൾ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും മാത്യു സമ്മതിച്ചില്ല..

"ഞാൻ പോയാൽ അപ്പച്ചൻ ഇവിടെ തനിച്ചായി പോവില്ലേ.."

"ഇവിടെ ഇത്രേം ആളുകൾ ഉള്ളപ്പോ ഞാൻ തനിച്ചാവുന്നതെങ്ങാനാ കൊച്ചേ.. നീ ചെല്ലാൻ നോക്ക്.."

"പ്ലീസ് അപ്പച്ചാ.. ഞാനിവിടെ ഒരു മൂലക്കിരുന്നോളാം.."

"പറ്റത്തില്ല കൊച്ചേ.. ഇപ്പോ വീട്ടീ പോ.. എന്നിട്ട് നാളെ ഇങ്ങ് പോര്.."

"അത് അപ്പച്ചാ.."

"അങ്കിളിന് കൂട്ടിന് കുഞ്ഞു വരും കല്ലൂ.. നീ വീട്ടിലേക്ക് വാ.. രാവിലെ തൊട്ട് ഈ ഇരിപ്പല്ലേ.."

"ഏട്ടാ... ഞാൻ.."

"പറഞ്ഞത് കേട്ടില്ലേ നല്ല തല്ല് കൊള്ളും കേട്ടോ.. ചെല്ല്.." മാത്യു പറഞ്ഞു..

"എന്നാ എനിക്ക് അച്ഛായനെ ഒന്ന് കാണണം.. എന്നിട്ട് ഞാൻ പൊക്കോളാം.."

"അതിന് ആ ഡോക്ടർ സമ്മതിക്കുവോടീ.."
മാത്യു ചോദിച്ചത് കേട്ട് അവൾ കൈലാസിന്റെ മുഖത്തേക്ക് നോക്കി..

"കുട്ടേട്ടൻ വിചാരിച്ചാൽ നടക്കില്ലേ.. പ്ലീസ് ഏട്ടാ.."

"ഉം.. നോക്കട്ടെ.." കൈലാസ് ഫോണെടുത്ത് ഡോക്ടറെ വിളിച്ച് സംസാരിച്ചു.. എന്നിട്ട് അവൻ ഐസിയുവിന്റെ ഡോറിൽ മുട്ടി.. നേഴ്‌സിനോട് എന്തോ പറഞ്ഞതിന് ശേഷം കല്ലുവിനെ അടുത്തേക്ക് വിളിച്ചു..

"അധികനേരം പറ്റില്ല.. ഒന്ന് കണ്ടിട്ട് വേഗം ഇറങ്ങണംട്ടോ.."

"ശരി ഏട്ടാ..."

ശബ്ദമുണ്ടാക്കാതെ കല്ലു അകത്ത് കയറി.. മുഖത്ത് ഓക്സിജൻ മാസ്‌ക്കും വെച്ച്  കിടക്കുന്ന ജോണിനെ കണ്ടപ്പോൾ അവൾക്ക് ദുഃഖം വന്നു.. താൻ വഴക്കുകൂടിയിരുന്ന.. തമാശകൾ പറഞ്ഞ് നടന്നിരുന്ന തന്റെ അച്ഛായനാണ് ബോധമില്ലാതെ ഇവിടെ കിടക്കുന്നതെന്ന് അവൾക്ക് വിശ്വസിക്കാൻ തോന്നിയില്ല.. കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നതിന് ശേഷം അവൾ പുറത്തിറങ്ങി.. അപ്പച്ചനോട് നാളെ വരാമെന്ന് പറഞ്ഞ് കൈലാസിനൊപ്പം നടന്നു..

"മോളേ.. ഒന്ന് നിന്നേ.." മാത്യു വിളിച്ചപ്പോൾ കല്യാണി തിരിഞ്ഞു നോക്കി..

"എന്താ അപ്പച്ചാ.."

"ജീന മോളോട് ഇക്കാര്യമൊന്നും പറയണ്ട കേട്ടോ.. പറഞ്ഞാൽ അവൾ ഓടിപ്പിടിച്ച് വരും.. ആ കൊച്ചുങ്ങൾക്ക് പരീക്ഷയൊക്കെയാ.."

"ഇച്ചേച്ചിയോട് പറയേണ്ടതല്ലേ അപ്പച്ചാ.. ഇല്ലേൽ പിന്നെ അറിയുമ്പോൾ ദേഷ്യപ്പെടില്ല്യേ.."

"പതിയെ പറയാം മോളേ.. അവന് സുഖമാവട്ടെ.."

അയാൾ പറഞ്ഞത് കേട്ട് അവളൊന്നാലോചിച്ച് നിന്നു.. പിന്നെ മാത്യുവിന് മറുപടിയായി ഒരു മൂളൽ നൽകി ഏട്ടനൊപ്പം ചെന്നു....

ജീന ജോണിന്റെ ചേച്ചിയാണ്..  അവന് മാത്രമല്ല പാത്തുവിനും കല്ലുവിനും കൂടപ്പിറപ്പ് തന്നെ.. ആളൊരു ഫാഷൻ ഡിസൈനർ ആണ്.. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ദുബായിലാണ് താമസം..*

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും കല്ലുവിന് ഉറക്കം വന്നില്ല.. ഇടക്കിടക്ക് കാർത്തിക്കിനെ വിളിച്ച് ഹോസ്പിറ്റലിലെ കാര്യം തിരക്കി കൊണ്ടിരുന്നു.. ഒടുവിൽ അവൻ സഹികെട്ട് എന്തേലും ഉണ്ടേൽ ഞാൻ വിളിക്കാം.. നീയൊന്ന് ഉറങ്ങ് കല്ലൂ.. എന്ന് കെഞ്ചി പറഞ്ഞിട്ടാണ് അവൾ ഫോൺ എടുത്ത് വെച്ചത്.. കുറേ നേരം പുറത്തേക്ക് നോക്കിയിരുന്നും മുറിക്കുള്ളിൽ നടന്നും അവൾ സമയം കഴിച്ചു.. പുലർച്ചെയാവാറായപ്പോഴാണ് ഒന്നുറങ്ങിയത്..

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് ഏട്ടനേയും വിളിച്ച് ആശുപത്രിയിയിലേക്ക് വെച്ചുപിടിച്ചു.. ഇന്നലെ ഏട്ടന്റെ കൂടെ കാറിൽ വന്നത് കൊണ്ട് സ്‌കൂട്ടി ആശുപത്രിയിൽ വെച്ചാണ് പോന്നത്.. അവർ ചെന്നപ്പോൾ കാർത്തിക് വീട്ടിലേക്ക് പോന്നു.. അവന്റെ കൂടെ അപ്പച്ചനെയും പറഞ്ഞയച്ചു.. വീട്ടിൽ ചെന്ന് ഒന്ന് ഫ്രഷായി റെസ്റ്റ് എടുത്തിട്ട് വന്നാൽ മതിയെന്നും ഇവിടെ താനും കുട്ടേട്ടനും ഉണ്ടല്ലോ എന്നും പറഞ്ഞു.. കുറച്ച് കഴിഞ്ഞപ്പോൾ പാത്തുവും വന്നു.. രണ്ടുപേരും ജോണിനെ കാണാനായി കാത്തിരുന്നു..

അന്ന് തന്നെ ജോണിനെ റൂമിലേക്ക് മാറ്റി.. അവന് ബോധം വീണപ്പോൾ എല്ലാവരും കണ്ടു.. അവന്റെ അവസ്ഥയിൽ എല്ലാവർക്കും ദുഃഖം തോന്നിയെങ്കിലും ആരും അത് പുറത്ത് കാണിച്ചില്ല.. ദിവസങ്ങൾ പതിയെ കൊഴിഞ്ഞു വീണു.. ഹോസ്പിറ്റൽ വിട്ട് ജോൺ വീട്ടിലേക്ക് വന്നു.. അവന്റെ അപ്പുറവും ഇപ്പുറവും എപ്പോഴും കല്ലുവും പാത്തുവും ഉണ്ടായിരുന്നു.. അവർക്കിടയിലെ ബന്ധം അറിയാവുന്നത് കൊണ്ട് ആരും അതിന് തടസ്സമായതുമില്ല...

ഒരു ദിവസം രാവിലെ കല്ലു  വന്നപ്പോൾ ജോൺ ഫോണിൽ ചില വിഷ്വൽസ് കാണുകയായിരുന്നു..

"എന്താ അച്ഛായാ ഫോണിൽ..??" അവൾ ചോദിച്ചപ്പോൾ അവൻ തലയുയർത്തി നോക്കി..

"ആ.. നീ വന്നോ.. ഞാൻ നോക്കിയിരിക്കുവാർന്നു.. ഇതൊന്ന് കണ്ടുനോക്കിയേ.."

അവൻ ഫോൺ അവൾക്ക് നേരെ നീട്ടി.. കല്യാണി അത് വാങ്ങി ആ വീഡിയോ കണ്ടു.. അവളുടെ മുഖഭാവം മാറുന്നത് ജോൺ ശ്രദ്ധിച്ചു.. അവൾ മുഖത്തേക്ക്‌ നോക്കിയപ്പോൾ ആ മനസ്സിലെ ചോദ്യം അവന് വായിക്കാൻ കഴിഞ്ഞു..

അവന്റെ ആക്സിഡന്റിന്റെ വീഡിയോ ആയിരുന്നു അത്.. അതിൽ ഒരു ലോറി ജോണിന്റെ കാർ വരുമ്പോൾ സ്റ്റാർട്ട് ചെയ്യുന്നതും മനപ്പൂർവ്വം കൊണ്ടുപോയി ഇടിക്കുന്നതും വ്യക്തമായിരുന്നു.. ഡ്രൈവറുടെ മുഖവും കാണാം..

"നിനക്കിത് എവിടുന്ന് കിട്ടി.." അവൾ ചോദിച്ചു..

"ഇത് ആക്സിഡന്റ് നടന്നതിനടുത്തുള്ള ഒരു കടയിലെ മുൻവശത്തെ ക്യാമറയിൽ പതിഞ്ഞതാ.."

"ഇത് പോലീസ് കണ്ടില്ലേ..?"

"ഇല്ല.. അവർ നോക്കിയിരിക്കുക റോഡിന്റെ സൈഡിലുള്ള സിസി ടിവി ആണ്.. അതിൽ ഇതൊന്നും കാണാൻ വഴിയില്ല.. പിന്നെ കേസ് ക്ലോസ് ചെയ്തില്ലേ.."

"നിനക്കുണ്ടായത് ഒരു സാധാരണ ആക്സിഡന്റ് അല്ല.. ഇറ്റ് വോസ് പ്ലാൻഡ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.."

"ഇത് കാണുന്നതിനും മുൻപേ തന്നെ എനിക്കറിയാമായിരുന്നു കൊച്ചേ.."

"പിന്നെ നീയെന്താ പോലീസ് കേസും അന്വേഷണവും ഒന്നും വേണ്ടെന്ന് പറഞ്ഞത്.. നിന്റെ അശ്രദ്ധ കൊണ്ടാണെന്ന് പറഞ്ഞ് സ്വയം കുറ്റമേറ്റെടുത്തത് എന്തിനാ.." അവൾ ദേഷ്യത്തോടെ ചോദിച്ചു..

"കാരണം ഇതിന് പിന്നിൽ ഇല്ലിക്കൽ മത്തായിയാണെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട്.." അവൻ പറഞ്ഞപ്പോൾ തന്റെ സംശയം ശരിയായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു..

"അയാളെ നിനക്ക് പേടിയാണോ..??"

"പേടി കൊണ്ടല്ല കല്ലൂ.. ഈ വീഡിയോ ഒന്നും മത്തായിക്കെതിരെ വിരൽ ചൂണ്ടുന്നില്ല.. ഇത് പോലീസിനെ ഏല്പിച്ചാലും ഈ ഡ്രൈവർ മാത്രമേ ശിക്ഷിക്കപ്പെടൂ.. മത്തായിയെ കുടുക്കാൻ ഈ തെളിവൊന്നും പോര.. പിന്നെ അയാൾക്ക് പിന്നാലെ പോയി വെറുതേ കളയാനുള്ള സമയം നമുക്കില്ല.. മറ്റൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.. സോ തൽകാലം ആ ചാപ്റ്റർ നമുക്ക് ക്ലോസ് ചെയ്യാം.."

"അച്ഛായാ അത്.."

"ഇനി കൂടുതലൊന്നും പറയേണ്ട കല്ലു.."

അപ്പോഴേക്കും മരിയ അങ്ങോട്ട് കയറി വന്നു.. ജോണിനുള്ള കഞ്ഞിയും കയ്യിലുണ്ടായിരുന്നു..

"എന്നതാ രണ്ടെണ്ണോം കൂടി ചർച്ച.."

"ഒന്നുമില്ലെന്റെ മരിയക്കൊച്ചേ.. ഇന്നെന്താ കഞ്ഞിക്ക് സ്‌പെഷ്യൽ.."

" ചുട്ടരച്ച ചമ്മന്തിയാ... പിന്നെ ഉപ്പുമാങ്ങയും.."

ഉപ്പുമാങ്ങ എന്ന് കേട്ടപ്പോഴേ കല്യാണിയുടെ നാവിൽ വെള്ളമൂറി..

"എന്നതാ നിനക്ക് വേണോ കഞ്ഞി.." മരിയ കല്ലുവിനോട് ചോദിച്ചു..

"എന്റമ്മച്ചീ.. അത് ചോദിക്കാനുണ്ടോ.. മാങ്ങ എന്ന് കേട്ടാൽ പിന്നെ ഇവൾ വായിൽ കപ്പലോടിക്കാൻ തുടങ്ങില്ലേ.. ആദ്യം അവൾക്ക് കൊടുത്തേരെ.. ഇല്ലേൽ എനിക്ക് കൊതി പറ്റും.." ജോൺ കല്യാണിയെ കളിയാക്കി കൊണ്ട് പറഞ്ഞു..

"നീ പോടാ അച്ഛായാ.."

"നീ പോടീ കല്ലാണീ..."

"ടാ.."

"രണ്ടും കൂടെ വഴക്ക് പിടിക്കണ്ട.. രണ്ടാൾക്കും തരാം.."

മരിയ ജോണിനും കല്ലുവിനും കഞ്ഞി കോരിക്കൊടുത്തു.. അവർ സന്തോഷത്തോടെ അത് കുടിച്ചു..**

കുളപ്പടവിൽ ഇരുന്ന് ചിത്രം വരക്കുകയായിരുന്നു കല്യാണി.. പെട്ടെന്ന് പിന്നിലാരോ വന്ന് നിന്നതായി തോന്നിയപ്പോൾ അവൾ തിരിഞ്ഞു നോക്കി.. കാർത്തിക് ആയിരുന്നു അത്..

"എന്താടാ പിന്നിൽക്കൂടെ വന്ന് പേടിപ്പിക്കാൻ നോക്കുവാണോ.."

"പേടിപ്പിക്കാനല്ല.. പറ്റീച്ചാൽ നിന്നെ കുളത്തിലേക്ക് തളളി ഇടാനായിരുന്നു ഉദ്ദേശം.. പക്ഷേ അപ്പോഴേക്കും നീ തിരിഞ്ഞു നോക്കി.." അവൻ നിരാശയോടെ പറഞ്ഞു..

"കൊള്ളാലോ.. ചെക്കന്റെ മനസ്സിലിരുപ്പ്.."

"ഹി..ഹി.." അവൻ അവളുടെ അടുത്ത് വന്നിരുന്നു..

"എന്താടീ വരക്കണേ.."

"കണ്ടിട്ട് എന്താന്നാ തോന്നണ്.."

അവൻ ചിത്രത്തിലേക്ക് നോക്കി.. വിദൂരതയിലേക്ക് കണ്ണും നട്ടൊരു പെൺകുട്ടി..

"മുഖം ഒരു സൈഡേ ഉള്ളൂലോ.. നീയെങ്ങാനും ആണോ ഇത്.." കാർത്തിക് ചോദിച്ചപ്പോൾ അവൾ ചിരിച്ചു..

"ആരെങ്കിലുമാവട്ടെ എന്നേ.. വരക്കാൻ തോന്നി.. വരച്ചു.. അത്രേ ഉള്ളൂ.."

"ഉം.. എങ്കിൽ എനിക്കൊരു ചിത്രം വരച്ചേരോ.."

ആരുടെയാ.. നിന്റെയാണോ.." അവൾ ചിത്രത്തിന് ചായം നൽകി കൊണ്ട് ചോദിച്ചു..

"അല്ല.."

"പിന്നെ..?" അവൾ സംശയത്തോടെ അവനെ നോക്കി..

മാംഗല്യം തന്തുനാനേന ഭാഗം 8

കല്ലു സംശയത്തോടെ കാർത്തിക്കിനെ നോക്കി നിന്നു.. അവൻ ഒന്നും പറയുന്നുണ്ടായിരുന്നില്ല..

"ടാ.. നിന്നോടാ ചോദിച്ചേ.. ആരുടെ ചിത്രമാണ് നിനക്ക് വേണ്ടതെന്ന്..??"

"അത്.. ഉമയുടെ.."

"ഏത് ഉമ..?" കല്ലു ഒന്നും മനസ്സിലാവാത്ത പോലെ ചോദിച്ചു.

"ഉമ ഹരിപ്രസാദ്.. മൈ കൊളീഗ്.. യുവർ ഫാൻ.. മറന്നോ നീ.."

"ഓ.. ആ ഉമയോ.."

അവൻ നാണത്തോടെ തലയാട്ടി..

"മോനേ കാർത്തിക് കൃഷ്ണാ.. അധികം നമ്രശിരസ്കൻ ആവല്ലേ നീ.. ഇത്ര നാണവും വേണ്ട.. ഈ ഭാവം നിനക്കൊട്ടും ചേരണില്ല.." കല്യാണി അവിടെ നിന്നും എഴുന്നേറ്റ് നടന്നു..

"ടീ.. നിൽക്ക്.." കാർത്തിക് അവൾക്കൊപ്പം ചെന്നു..

"എന്റെ ഭാവം ഒന്നും നീ നോക്കണ്ട.. വരച്ചു തരോന്ന് പറ.."

"ഇല്ല.."

"അങ്ങനെ പറയല്ലേ.."

"അങ്ങനേ പറയൂ.. ന്റെ അനിയൻകുട്ടൻ എന്താ വിചാരിച്ചേ..  നീ പറയണ പോലൊക്കെ ചെയ്യാൻ നടക്കാണ് ഞാനെന്നോ.."

"അപ്പോ നീ വരച്ച് തരില്ലാ..??"

"ഇല്ല.."

"എന്നാൽ ശരി.." അവൻ ഒന്നുകൂടെ അവൾക്കടുത്തേക്ക് നിന്നു.. അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാൻ അവളും തയ്യാറായി നിന്നു.. കാർത്തിക് പെട്ടെന്ന് കുനിഞ്ഞ് അവളുടെ കാലിൽ പിടിച്ചു..

"ഒന്ന് വരച്ച് താ ന്റെ പുന്നാര കല്ലു... പ്ലീസ്.."

"അയ്യേ.. കാലിൽന്ന് വിടടാ ചെക്കാ.. എണീച്ചേ നീയ്..." അവൻ കാലിലെ പിടിവിട്ടില്ല..

"എടാ.. എണീക്കാൻ.."

"ഇല്ല.. നീ വരച്ച് തരാമെന്ന് പറയാതെ ഞാൻ നിന്റെ കാല് വിടില്ല.."

"ഇത് വല്യേ കഷ്ടായീലോ.. വിട് കുഞ്ഞൂ..."

"ഊഹും.."

"ഇതേത് ഭാഷ.."

"ഭാഷ ഏതായാലും വിടില്ല എന്നാ പറഞ്ഞേ.."

"ടാ ചെക്കാ.." അവൾ അവനെ എണീപ്പിക്കാൻ നോക്കി.. അവൻ പൊങ്ങാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല..

"നീ വരക്കോ..?"

"നോക്കാം.. നീ എഴുന്നേക്ക്.." അവൻ കാലിലെ പിടി വിട്ട് എഴുന്നേറ്റു..

"എന്നാലും ആ പെണ്ണിന് വേണ്ടി നീയെന്റെ കാല് പിടിക്കാൻ വരെ തയ്യാറായെങ്കിൽ.. അസ്ഥിക്ക് പിടിച്ചേക്കാണല്ലോ.."

"അവളെ എനിക്കൊത്തിരി ഇഷ്ടാ കല്ലൂ.. ഞാനൊന്ന് വളച്ചോട്ടെ.."

"വളക്കാൻ അവളെന്താ വല്ല കമ്പുമാണോ.." അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..

"കമ്പായാലും വടിയായാലും ഐ ലവ് ഹേർ.."

"ഉം.. ലവ് ഒക്കെ കൊള്ളാം.. അവസാനം തേച്ചൊട്ടിച്ച് പോന്നേക്കരുത്.. അങ്ങനെ വന്നാ നിന്നെ ഞാൻ ചുമരിൽ ഒട്ടിക്കും.. ഒരു പെൺകുട്ടിക്ക് സ്വപ്നങ്ങളും മോഹങ്ങളും നൽകി അവളെ തനിച്ചാക്കി പോകുന്നത് തെറ്റാണ്.." എന്തുകൊണ്ടോ അത് പറഞ്ഞപ്പോൾ അവളുടെ കൺതടങ്ങളിൽ നനവ് പടർന്നു.. എങ്കിലും കാർത്തിക് അത് കാണാതിരിക്കാൻ അവൾ ശ്രദ്ധിച്ചു..

"നിന്റെ വർത്തമാനം കേട്ടാ നിന്നെ ആരോ തേച്ച പോലാണല്ലോ.."

"ഒന്ന് പോടാ.."

"ഉം.. നിന്നെയൊക്കെ ആര് പ്രേമിക്കാൻ അല്ലേ.." അവൻ കളിയാക്കിയപ്പോൾ അവൾ ചിരിക്കാൻ ശ്രമിച്ചു..

"അല്ല കല്ലൂ.. ഇനി അവളെങ്ങാൻ എന്നെ ഇട്ടേച്ച് പോയാലോ.."

"അവളെ കണ്ടിട്ട് അങ്ങനെ ഒരുത്തിയായി തോന്നുന്നില്ല.. പിന്നെ എന്തെങ്കിലും സാഹചര്യം കൊണ്ടങ്ങനെ ചെയ്താ..."

"ചെയ്താ..??"

"നിന്റെ യോഗം.. അല്ലാണ്ട് ന്താ.."

"ഞാൻ അവളെ തേച്ചാൽ നീയെന്നെ പഞ്ഞിക്കിടും.. അവൾ തേച്ചാൽ എന്റെ വിധി എന്നും പറഞ്ഞോണ്ടിരിക്കണം അല്ലേ.. ഇത് ശരിയല്ല.."

"പിന്നെ ഞാനെന്താ വേണ്ടേ.. അവളെ തല്ലാൻ വരണോ.."

"വേണമെങ്കിൽ പറയാം.. അങ്ങനൊന്നും ഉണ്ടാവില്ലായിരിക്കും എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം..."

"ആദ്യം അവൾക്ക് നിന്നെ ഇഷ്ടപ്പെടണ്ടേ.. എന്നിട്ടല്ലേ ബ്രേക്കപ്പിനെ കുറിച്ചൊക്കെ ചിന്തിക്കണ്ടൂ.."

"അതും ശരിയാ.. അവളുടെ ഇഷ്ടം നേടാനാ ഞാൻ ശ്രമിച്ചോണ്ടിരിക്കണേ.. നീയൊന്ന് ഹെല്പ് ചെയ്താ മതി.. അവളുടെ ചിത്രം ഒന്ന് വരച്ച് വെച്ചേക്കണേ.. ഫോട്ടോ ഞാൻ നിനക്ക് വാട്സാപ്പ് ചെയ്യാം.."

"ഉം.."

ദിവസങ്ങൾ വീണ്ടും കടന്നുപോയി.. ജോൺ ആരോഗ്യം വീണ്ടെടുത്തു.. അവൻ വീണ്ടും ജോലിക്ക് പോവാൻ തുടങ്ങി.. മൂവർ സംഘത്തിന്റെ പ്രവർത്തനങ്ങളും മുറപോലെ നടന്നു... ഒരു ദിവസം കല്യാണി സ്ക്കൂളിൽ ഇരിക്കുമ്പോൾ ഫോണിലേക്കൊരു കോൾ വന്നു.. പരിചയമില്ലാത്ത നമ്പറായിരുന്നു..

"ഹലോ.."

"ഹലോ.. കല്യാണിയല്ലേ.."

"അതേ.. ഇതാരാ.."

"കല്ലൂ.. നിനക്കെന്നെ മനസ്സിലായില്ലേ..?" ഇതിപ്പോ ആരെന്ന് ആലോചിച്ചിട്ട് കല്ലുവിന് ഒരെത്തും പിടിയും കിട്ടിയില്ല..

"എന്താ മോളേ റെസ്പോൺസ് ഒന്നുമില്ലാത്തേ.. ഞാനാരെന്ന് ആലോചിക്കുകയാവുമല്ലേ.."

"സത്യമായിട്ടും അതേ.. എനിക്ക് അങ്ങോട്ട് പിടികിട്ടണില്ല.."

"അമ്മാ ചട്ടമ്പിക്കല്യാണീ.. സൗഖ്യമാ...??" ആ ചോദ്യം കേട്ടതും കല്ലുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു..

"ക്ഷിതിജ..." അവൾ ആ പേര് മന്ത്രിച്ചപ്പോൾ അപ്പുറത്ത് നിന്നും പൊട്ടിച്ചിരി കേട്ടു..

ചെറുപ്പത്തിൽ കല്യാണിയുടെയും പാത്തുവിന്റെയും കൂടെ സ്ക്കൂളിൽ പഠിച്ച ഒരു തമിഴ് ബ്രാഹ്മിണ പെൺകുട്ടിയായിരുന്നു ക്ഷിതിജ.. കല്യാണിയുടെ വീടിനടുത്തായിരുന്നു അവർ താമസം.. പെട്ടെന്ന് ഒരു നാൾ ആരോടും പറയാതെ താമസം മാറി പോയി.. അതിന് ശേഷം ഒരു കോണ്ടാക്റ്റും ഉണ്ടായിരുന്നില്ല.. എങ്കിലും സംസാരത്തിൽ അകൽച്ചയൊന്നും രണ്ടുപേരും കാണിച്ചില്ല..

"എനിക്ക് ആദ്യം മനസ്സിലായില്ലാട്ടോ ക്ഷിതിജ.."

"നിന്റെ കുറ്റമല്ലെടീ.. വർഷം കുറേയായില്ലേ.. പിന്നെ ശബ്ദം മാത്രമല്ലേ കേട്ടുള്ളൂ.. നീയെന്നെ കണ്ടില്ലല്ലോ.. എന്നാലും എന്റെ തമിഴ് കേട്ടാ നീ തിരിച്ചറിയും എന്നെനിക്ക് ഉറപ്പായിരുന്നു.."

"പിന്നില്ലേ.. ഈ പട്ടത്തി കുട്ടിയെ മലയാളം പഠിപ്പിക്കാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടതല്ലേ.. അങ്ങനെ തമിഴ് കുറച്ച് ഞാനും പഠിച്ചിരുന്നല്ലോ.."

"എന്തായാലും നല്ലൊരു ടീച്ചർ ആണ് നീ.. ഞാനിപ്പോ മലയാളം പറയുന്നത് കേട്ടാൽ മലയാളി അല്ലെന്ന് ആരേലും പറയോ.."

"ന്റെ ശിഷ്യ മോശം ആവില്ല്യാല്ലോ.. അല്ല ഇപ്പോ ഈ വിളിയുടെ പിന്നിലെ ഉദ്ദേശം എന്താ.. ഇത്രേം കാലം ഒരഡ്രസ്സും ഉണ്ടാർന്നില്ലല്ലോ.. ഞങ്ങളോടൊന്നും പറയാതെ ഒരു പോക്ക് പോയതല്ലേ.."

കുറച്ചുനേരം മറുവശം നിശബ്ദമായി.. അവൾ പലതും ഓർത്തെടുക്കുകയായിരിക്കാം.. പതിയെ ക്ഷിതിജ സംസാരിച്ചു തുടങ്ങി..

"ഫാമിലിയിൽ കുറച്ച് പ്രോബ്ലംസ് ഉണ്ടാർന്നു കല്ലൂ.. അതാണ് അന്ന് പെട്ടെന്ന് പോരേണ്ടി വന്നത്.. നിങ്ങളോട് യാത്ര പറയാൻ പോലും കഴിഞ്ഞില്ല.. "

"ഉം.. ഞാൻ കരുതി എന്നോടുള്ള ദേഷ്യം കൊണ്ടാണ് നീ ഒന്നും പറയാതെ പോയതെന്ന്.."

"ഏയ്.. നിനക്കെന്നോട് അല്ലേ ദേഷ്യം തോന്നണ്ടത്.. അന്ന് അറിവില്ലാത്ത പ്രായത്തിൽ.. ഞാൻ കാരണമല്ലേ..." അത് പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.. കല്യാണിയുടെ മിഴികളും നിറയാൻ തുടങ്ങി..

"ഇത്രേം കാലം വിളിക്കാഞ്ഞത് എന്ത് പറയണം എന്നറിയാത്തത് കൊണ്ടാ.. കുറ്റബോധം ഉള്ളിലുള്ളത് കൊണ്ടാ.. പക്ഷേ ഇപ്പോ.. ഞാൻ നഷ്ടപ്പെടുത്തിയ സൗഹൃദം തിരികെ വേണം എന്ന് തോന്നി.. അതാ നിന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചത്.."

കല്യാണി നിശബ്ദമായി നിന്നതേയുള്ളൂ.. ഈ വിളി അവളെ വീണ്ടും വീണ്ടും പലതും ഓർമപ്പെടുത്തി.. പണ്ട് ദേഷ്യം തോന്നിയിരുന്നെങ്കിലും കാലം കടന്ന് പോയപ്പോൾ കല്യാണി ക്ഷിതിജയോടുള്ള ദേഷ്യവും മറന്നു.. എങ്കിലും ആ ദേഷ്യത്തിന്റെ കാരണമായ സംഭവം ഇപ്പോഴും അവളുടെ നെഞ്ചിൽ കിടന്ന് നീറുന്നുണ്ടായിരുന്നു..

"കല്ലൂ.. നീയെന്താ ഒന്നും മിണ്ടാത്തേ.."

"ഒന്നുമില്ല ക്ഷിതിജ.. നീ പറയ്.. സുഖമല്ലേ നിനക്ക്.. അപ്പയും അമ്മയും എന്ത് പറയുന്നു.."

"ഇവിടെ എല്ലാവർക്കും സുഖം.. അവിടെയോ.."

"ഇവിടെയും അങ്ങനെ തന്നെ.. നീയിപ്പോൾ എന്താ ചെയ്യുന്നേ.."

"ഞാൻ എംബിഎ കഴിഞ്ഞു.. ഇപ്പോ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു.."

ക്ഷിതിജ അവിടത്തെ കാര്യങ്ങളൊക്കെ പറയാൻ തുടങ്ങി..

"കല്ലൂ.. ആഫ്റ്റർ ടു വീക്‌സ് എന്റെ മാര്യേജ് ആണ്.. നീ വരണം.."

"ആഹാ.. കൺഗ്രാറ്റ്‌സ്.."

"താങ്ക്സ്.."

"നിന്റെ ചെറുക്കൻ എന്താ ചെയ്യുന്നേ.."

"ഡോക്ടർ ആണ്.."

"അടിപൊളി.. എനിക്ക് ഡോക്ടർമാരെ വല്യേ ഇഷ്ടമാണെന്ന് നിനക്കറിയാലോ.."

"ഉം.. കല്യാണത്തിന് നീയെന്തായാലും വരണം.. അപ്പോ നേരിട്ട് പരിചയപ്പെടാം.."

"അത്..." കല്യാണി പറയാൻ തുടങ്ങിയപ്പോഴേക്കും ക്ഷിതിജ അവളെ തടഞ്ഞു..

"നീ മുടക്കൊന്നും പറയണ്ട.. എന്റെ ചട്ടമ്പിക്കല്യാണി ഇവിടെ ഉണ്ടാവണം.. വന്നില്ലെങ്കിൽ എന്നോടുള്ള പിണക്കം കൊണ്ടാണെന്ന് കരുതും ഞാൻ.."

"എനിക്ക് പിണക്കൊന്നൂല്യ.."

"അപ്പോ വരുമല്ലോ.."

"വരാം..." കല്യാണിയുടെ മറുപടി ക്ഷിതിജയെ സന്തോഷിപ്പിച്ചുവെന്ന് അവൾക്ക് മനസ്സിലായി.. പിന്നെയും കുറേ നേരം അവർ ഓരോന്ന് സംസാരിച്ചു...

നഷ്ടപ്പെട്ടുവെന്ന് കരുതിയ സൗഹൃദം തിരികെ കിട്ടിയതിൽ കല്യാണിയുടെ മനസ്സ് ആഹ്ലാദിച്ചു.. പണ്ട് തമ്മിലുണ്ടായ വഴക്കുകളും ചിരികളും കളികളും എല്ലാം ആലോചിച്ചപ്പോൾ അവൾക്ക് ദുഃഖവും സന്തോഷവും തോന്നി.. ആ നശിച്ച ദിവസവും കല്യാണിയുടെ ഓർമയിലേക്ക് വന്നുവെങ്കിലും അവളത് മറക്കാൻ ശ്രമിച്ചു..

രാത്രി പാത്തുവിനെ വിളിച്ചപ്പോൾ ക്ഷിതിജ അവളെയും വിളിച്ചിട്ടുണ്ടായിരുന്നു എന്ന് മനസ്സിലായി.. ജോണിനെയും അവൾക്ക് പരിചയമുള്ളതിനാൽ വിളിച്ചിരുന്നു.. അങ്ങനെ മൂവർ സംഘം കല്യാണത്തിന് പോവാൻ തന്നെ തീരുമാനിച്ചു..

വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ വലിയ എതിർപ്പുകളൊന്നും കൂടാതെ സമ്മതിച്ചു.. പാത്തുവും ജോണും കൂടെയുണ്ട് എന്നത് കൊണ്ടായിരുന്നു അത്.. പിന്നെ ക്ഷിതിജയുടെ ഫാമിലിയെ എല്ലാവർക്കും ഓർമയുണ്ടായിരുന്നു.. ഇത്രേം കാലത്തിന് ശേഷം അവൾ വിളിച്ചത് കൊണ്ട് പോകുന്നത് തന്നെയാണ് ശരിയെന്ന് അച്ഛനും പറഞ്ഞു...*

അങ്ങനെ ആ ദിവസം വന്നെത്തി.. തമിഴ്നാട്ടിലേക്കുള്ള യാത്രക്ക് മൂവരും തയ്യാറെടുത്തു.. കല്യാണി ബാഗ് പാക്ക് ചെയ്യുന്നതിനിടയിൽ അമ്മയും മുത്തശ്ശിയും ഏട്ത്തുവും മുറിയിലേക്ക് കയറിവന്നു..

"പാക്കിങ് കഴിഞ്ഞോ കല്ലൂ.." മൈഥിലി ചോദിച്ചു.

"ഓൾമോസ്റ്റ്.. "

"നീ ജീൻസ് ആണോ കല്യാണത്തിന് ഇടാൻ കൊണ്ടുപോവണേ കല്ലൂ.." അമ്മ പതിവ് പോലെ ഡ്രസ്സിന്റെ കാര്യങ്ങൾ ചോദിച്ചു..

"ന്റമ്മേ.. കല്യാണത്തിന് വല്ല ചുരിദാറും ഇടാം.. അത് പോരേ.."

"പോര.." അമ്മ കയ്യിലെ കവർ അവൾക്ക് നേരെ നീട്ടി..

"ഇത് ഒരു പട്ടുസാരിയാ.. അവിടെ  കല്യാണത്തിന് സ്ത്രീകൾ ചേലയാണ് ചുറ്റുക."

"എനിക്കതൊന്നും ഉടുക്കാൻ അറിയാൻ പാടില്ല.."

"ഞാൻ കാണിച്ചു തരാം കല്ലൂ.." മൈഥിലി പറഞ്ഞു.. കല്യാണി ഏട്ത്തുവിനെ നോക്കി ദഹിപ്പിച്ചു.. എന്നാൽ മൈഥിലി ആ നോട്ടത്തെ പുഞ്ചിരിയോടെ നേരിട്ടു..

"കേട്ടല്ലോ.. അപ്പോ അത് പഠിച്ചിട്ട് പോ.." അമ്മ പറഞ്ഞു..

അമ്മയുടെ ഓർഡർ കേട്ട് കല്യാണി മുത്തശ്ശിയെ നോക്കി.."ഇനി അവിടുത്തേക്ക് എന്താണ് പറയാനുള്ളത് ഭദ്രാദേവി അന്തർജനം.."

"പറയാനല്ല.. ഒരൂട്ടം തരാനാ ഉള്ളേ.." എന്താണെന്ന് അറിയാൻ കല്യാണി മുത്തശ്ശിയുടെ കൈകളിലേക്ക് നോക്കി.. അവർ ഒരു ചെറിയ ആഭരണപെട്ടി അവൾക്ക് നേരെ നീട്ടി..

"ഇത് ചേലയുടുക്കുമ്പോ അണിഞ്ഞാ ന്റെ ചട്ടമ്പി കൂടുതൽ സുന്ദരിയാവും.." മുത്തശ്ശി അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു.. അതിന് മറുപടിയായി അവൾ ആ ചുളിഞ്ഞ കവിളിൽ മുത്തമിട്ടു..

"നിന്റെ പ്രായം ഉള്ളോരൊക്കെ കല്യാണം കഴിച്ചു തുടങ്ങി.. നിനക്കും വേണ്ടേ കല്ലു വേളിയോ‌ക്കെ.."

"പിന്നെ വേണ്ടാതെ.. ബട്ട് ടൈം ആയിട്ടില്ല മാതാശ്രീ.." ചിരിച്ചു കൊണ്ടത് പറയുമ്പോൾ ഉള്ളിലെ ദുഃഖം അവൾ അടക്കിപ്പിടിച്ചു..

അന്ന് രാത്രി എല്ലാവരുമായും കുറേ നേരം സംസാരിച്ചിരുന്നു.. ഇനി കുറച്ചു ദിവസം കഴിഞ്ഞല്ലേ വരൂ.. കിടക്കാൻ നേരം കാർത്തിക് അവളുടെ റൂമിലേക്ക് വന്നു..

"എന്താടാ ഉറങ്ങാറായില്ലേ.. ഉമ വിളിക്കാമെന്ന് വല്ലോം പറഞ്ഞിട്ടുണ്ടോ.."

"ഉണ്ട്.. എന്തേ നിനക്ക് ഫോൺ തരണോ.."

"യ്യോ വേണ്ടെന്നേ.. നിങ്ങൾ എൻജോയ് ചെയ്യ്.. എന്നാലും അധികനേരമൊന്നും ഉറക്കമൊഴിച്ചിരിക്കണ്ടാട്ടോ.."

"ഓ.. ഉത്തരവ്‌.." അവന്റെ മറുപടിയുടെ ശൈലി കേട്ട് അവൾ ചിരിച്ചു..

"ഇത് കയ്യിൽ വെച്ചോ.." അവൻ ഒരു കട്ടിയുള്ള ഷോൾ അവൾക്ക് നേരെ നീട്ടി..

"അവിടെ നല്ല തണുപ്പാണെന്നാ കേട്ടേ.. നിനക്കാവശ്യം വരും.." അവന് തന്റെ കാര്യത്തിലുള്ള ശ്രദ്ധയോർത്ത് അവൾക്ക് സന്തോഷം തോന്നി..

"താങ്ക്സ് അനിയാ.."

"അത് നീ തന്നെ വെച്ചോ.."

"എന്നാൽ നിനക്ക് വേണ്ട മറ്റൊരു സംഭവം തരാം.." കല്യാണി തന്റെ ഡ്രോയർ തുറന്നു.. അതിൽ നിന്നൊരു കവർ പുറത്തെടുത്തു.. കാർത്തിക്കിന് നേരെ നീട്ടി.. അത് തുറന്ന് നോക്കിയപ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. ഉമയുടെ ഛായാചിത്രം ആയിരുന്നു അതിൽ..

"നീ ന്റെ മുത്താടി കല്ലൂ.. ഉമ്മാ.." അവനവളെ കെട്ടിപ്പിടിച്ചു..

"ഇങ്ങനെ ഞെക്കാതെടാ.."

"ചിത്രം അടിപൊളി ആയിട്ടുണ്ട് കല്ലൂ.."

"അത് പിന്നങ്ങനല്ലേ വരൂ.. വരച്ചത് ഈ ഞാനല്ലേ.."

"ഉം.. നാളെ നീ പോവില്ലേ.. ഐ വിൽ മിസ് യൂ.. എനിക്ക് തല്ലുകൂടാൻ ആരാ ഉണ്ടാവാ.."

"നിന്റെ പറച്ചില് കേട്ടാ ഞാനവിടെ സ്ഥിര താമസത്തിന് പോവാന്ന് തോന്നുമല്ലോ.. കുറച്ച്  ദിവസം കഴിഞ്ഞാൽ ഞാനിങ്ങ് വരില്ലേ.."

"ഉം.."

"എങ്കിൽ ന്റെ മോൻ ചെല്ല്.. നിക്ക് ഉറങ്ങാനുള്ളതാ.." അവളവനെ ഉന്തിത്തള്ളി റൂമിന് പുറത്താക്കി..

"ഞാൻ പോവാടീ.. നീ ഗെറ്റ് ഔട്ട് അടിക്കണ്ട.. ഗുഡ് നൈറ്റ്.."

"ആ.. ഗുഡ് നൈറ്റ്.."

"ടീ പിന്നേയ്.."

"എന്താടാ..?? എനിക്കുറക്കം വരണു.."

"അതേയ്.. നീ വരച്ചോണ്ടോന്നുമല്ല.. ഉമയുടെ ചിത്രം ആയോണ്ടാ ഇതിനിത്ര ഭംഗി.."

"ഡാ.." അവൾ തല്ലാൻ കയ്യോങ്ങിയപ്പോഴേക്കും അവൻ ഓടി.. അത് കണ്ട് ചിരിച്ച് അവൾ വാതിലടച്ചു....

പിറ്റേന്ന് രാവിലെ തന്നെ മൂവർസംഘം യാത്ര പുറപ്പെട്ടു.. വർഷങ്ങൾക്ക് ശേഷം അവരുടെ സൗഹൃദത്തെ വീണ്ടെടുക്കാൻ.. നഷ്ടപ്പെട്ട പലതും തിരികെ ലഭിക്കാൻ.. വേണ്ടപ്പെട്ടവരെ അവർക്ക് മുന്നിലെത്തിക്കാനുള്ള വിധിയുടെ ഭാഗമായിക്കൊണ്ട് മലയാളക്കരയിൽ നിന്നും തമിഴകത്തേക്ക് അവരുടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു....

(തുടരും..)
ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ... അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ

രചന: അശ്വതി രാവുണ്ണിക്കുട്ടി

To Top