ദേവു

Valappottukal


കോളേജിലെ വാകമരചോട്ടിൽ ഇരുന്നു വാക മരത്തോട് കിന്നാരം പറയുകയായിരുന്നു ദേവു.

"സഖാവിനെ സ്നേഹിച്ച പൂമരത്തിനു പറയാൻ ഉള്ളതും വിരഹത്തിന്റെ നൊമ്പരം മാത്രം !!അല്ലേ ?" അവൾ ചിരിച്ചുകൊണ്ട് വാക മരത്തോട് ചോദിച്ചു.

പക്ഷേ ആ കണ്ണുകളിൽ എവിടെയോ ഒരു ദുഃഖം.

"ദേവു..... "വിളി കെട്ടിടത്തേക്ക് ദേവിക തിരിഞ്ഞു നോക്കി.

" ഇതാരിത് .... ശ്രീയേട്ടനോ ?"അവൾ ചോദിച്ചു.

"നിനക്ക് ഇപ്പോഴും ഈ ഒറ്റക്ക് ഇരുന്നു സംസാരിക്കുന്ന വട്ടു മാറീട്ടില്ലേ !"ശ്രീഹരി ചിരിച്ചുകൊണ്ടു ചോദിച്ചു.

" ഒറ്റക്കല്ല ട്ടോ !" അവൾ പറഞ്ഞു.

"പിന്നെ ?"ശ്രീ ചുറ്റും നോക്കി.

" ശ്രീയേട്ടന്റെ കണ്ണിലെന്താ മത്തങ്ങ ആണോ ?ഈ നിക്കുന്ന വാക മരത്തെ കണ്ടില്ലേ !"അവൾ ദേഷ്യത്തോടെ ചോദിച്ചു.

" ഇതു മുഴുത്ത വട്ടാ"ശ്രീ ചിരിച്ചു കൊണ്ടു പറഞ്ഞു.

" ഓ... ഞാൻ സഹിച്ചു " ദേവു പറഞ്ഞു.

"നീയല്ലല്ലോ ബാക്കി ഉള്ളവർ അല്ലെ സഹിക്കേണ്ടി വരുന്നത് "ശ്രീ അവളെ ദേഷ്യം പിടിപ്പിച്ചു.

ദേവു ന്റെ മുഖം ചുവന്നു വന്നു.

" പാസ്സ് ഔട്ട്‌ ആയി പോയ സീനിയർ നു ഇവിടെന്താ കാര്യം ?"ദേവു വിട്ടു കൊടുത്തില്ല.

" അതെന്താ എനിക്ക് വന്നാൽ.. ?"ശ്രീയും ഒട്ടും മോശം അല്ല.

" എന്തോ ദുരൂഹത ഉണ്ടല്ലോ... സത്യം പറ !!!"

"ഞാൻ ഒരാളെ കാണാൻ വന്നതാ.. !"

"ഓഹ്. ഇപ്പൊ കാര്യം പിടികിട്ടി. ഫ്രഷേഴ്‌സ്നെ വായെനോക്കാൻ വന്നതാണല്ലേ !"

" ആഹാ.. ഇത്ര കറക്റ്റ് ആയിട്ട് എങ്ങനെ കണ്ടുപിടിച്ചു ?"

"ഇതൊക്കെ ഞങ്ങൾ ബിടെക് കാർക്ക് സർവ്വസാധരണം. "

" ഓഹോ  ഇവിടെ ഇപ്പൊ ഇതാണോ പഠിപ്പിക്കുന്നെ !"

"അയ്യടാ.. !!കോമഡി "ദേവു ചിരിച്ചു.

" നിനക്ക് ക്ലാസ്സില്ലേ?" ശ്രീ ചോദിച്ചു.

" മ്മ്.  ഡാകിനി ടെ ക്ലാസ്സ്‌ ആ "ദേവു മനസില്ലാ മനസ്സോടെ പറഞ്ഞു.

"ഓഹ് വെറുതെ അല്ല ഇവിടെ ഇരുന്നു കിന്നരിക്കുന്നത് അല്ലേ ?"

"ഹി ഹി " അവൾ ശ്രീ യെ നോക്കി പല്ലിളിച്ചു.

" എങ്കിൽ  നമുക്കൊന്നു കറങ്ങാൻ പോയാലോ ?"അവൻ ചോദിച്ചു.

" പറ്റിക്കാൻ ആണേലും ഇങ്ങനെ ഒന്നും പറയല്ലേ ചേട്ടാ... "അവൾ പറഞ്ഞു.

"സീരിയസ് ആയിട്ടാ ടി. ഒരു സ്ഥലം വരെ പോകാം. നീ വാ. "ശ്രീ ദേവുന്റെ കൈ പിടിച്ചു വലിച്ചു.

" കാര്യം ആയിട്ട് എന്തോ പറ്റിയിട്ടുണ്ടല്ലോ " ദേവു ചോദിച്ചു.

" നിന്ന് ചെലക്കാതെ കേറു പെണ്ണേ. "ശ്രീ ബൈക്കിൽ കയറി ഇരുന്നു കൊണ്ടു പറഞ്ഞു.

" എവിടേക്ക് ആണെന്ന് പറയാതെ എന്തു ധൈര്യത്തിൽ ഞാൻ വരും ?എന്നെ തട്ടി കൊണ്ടു പോകൂല എന്നു എന്താ ഉറപ്പ് ?"ദേവു സംശയത്തോടെ ചോദിച്ചു.

"എടി കോപ്പേ.. തട്ടിക്കൊണ്ടു പോകാൻ ആണെങ്കിൽ എനിക്ക് ഇവിടുന്ന് നല്ലതിനെ നോക്കി കൊണ്ടു പൊക്കൂടെ? തട്ടി കൊണ്ടു പോകാൻ പറ്റിയ ഒരു സാധനം  !" ശ്രീ ദേവുനെ നോക്കി പറഞ്ഞു .

അവൾ പല്ലിളിച്ചു 😁 .

" എനിക്ക് ഒരു സാധനം വാങ്ങാൻ ഉണ്ട്.നീ ഫ്രീ ആയത്കൊണ്ട് നിന്നെ കൊണ്ട് സെലക്ട് ചെയ്യിക്കാം എന്ന് വിചാരിച്ചു. "

" ഓഹോ. !അല്ലെങ്കിലും സെലക്ട് ചെയ്യാൻ ഞാൻ ബെസ്റ്റാ !!ഞാൻ റെഡി "

ദേവു ബൈക്കിൽ കയറി.

" അല്ല സീനിയറെ... "

"എന്താടി "

"കോഴ്സ് കഴിഞ്ഞിട്ട് കുറച്ചു നാൾ ആയില്ലേ. എന്താ future പ്ലാൻസ് ?ഡോറയും ബുജിയും കണ്ട് ഇങ്ങനെ നടന്നാൽ മതിയോ ?"

" ഡോറയും ബുജിയും കണ്ട് ഇരിക്കുന്നത് നിന്റെ അമ്മായിയപ്പൻ !!"

" ദേ എന്റെ അമ്മായിഅപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ... !"ദേവു അല്പം ചൂടായി.

" പറഞ്ഞാൽ എന്തെടി ? പെണ്ണിന് ഇത്രെയും ദേഷ്യം വരണം എന്നുണ്ടെങ്കിൽ അപ്പൊ അങ്ങനെ ആരോ ഉണ്ടല്ലോ ?സത്യം പറയടി... !"

" ഇയാൾ സിബിഐ കളിക്കാതെ നേരെ  നോക്കി വണ്ടി ഓടിക്ക് "

"ഓഹ്... ഉത്തരവ്.. "ശ്രീ ചിരിച്ചു.

"എടി... "

" എന്താ ?"

" ഞാൻ പറക്കാൻ പോകുവാ "

" ഏഹ് ???"ദേവു സംശയത്തോടെ ചോദിച്ചു.

" എനിക്ക് കാനഡയിൽ ജോബ് റെഡി ആയി. വിത്ത്‌ ഇൻ വൺ മന്ത് ഞാൻ പോകും "അവൻ സന്തോഷത്തോടെ പറഞ്ഞു.

"ഇതൊക്കെ എപ്പോ സംഭവിച്ചു ?"ദേവു അത്ഭുതത്തോടെ ചോദിച്ചു.

" അതൊക്കെ സംഭവിച്ചു കുട്ടി... " ശ്രീ ചിരിച്ചു.

" പോകുന്നതിനു മുൻപ് കുറച്ചു പണി കൂടി ചെയ്തു തീർക്കാൻ ഉണ്ട് "ശ്രീ കൂട്ടിചേർത്തു .

" എന്താ അത്?"

"നീ ഇങ്ങനെ തോക്കിൽ കേറി വെടി വെക്കാതെ ! സമയം ആകുമ്പോൾ ഞാൻ പറയാം.... !"

" ഓഹ്... എന്നാൽ പിന്നെ ഇയാൾ അവാർഡ് പടം കളിച്ചു ഇരുന്നോ.. " ദേവു പരിഭവത്തോടെ മുഖം തിരിച്ചു.

അവളുടെ മുഖം ബൈക്കിന്റെ മിററിലൂടെ നോക്കി ശ്രീ പുഞ്ചിരിച്ചു.

*****************

"ഇറങ്ങടി !"ബൈക്ക് ഒരു ഗിഫ്റ്റ് ഷോപ്പിന്റെ മുൻപിൽ നിർത്തിയിട്ടു ശ്രീ പറഞ്ഞു.

" ഇതെന്താ ലവേർസ് കോർണറിൽ ?" ദേവു ആകാംഷയോടെ ചോദിച്ചു.

" നമ്മൾ തമ്മിൽ പ്രേമിക്കുന്ന സ്ഥിതിക്ക് ലവേർസ്  കോർണറിൽ ഒക്കെ വരേണ്ടേ ?അതല്ലേ      നാട്ടുനടപ്പ് !"ശ്രീ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

" എന്തോന്നാ... ! ആരു പ്രേമിക്കുന്നു എന്ന്... ?"

" ചുമ്മാ പറഞ്ഞതാടി. പ്രേമിക്കാൻ പറ്റിയ ഒരു മൊതല് !"

" മൊതല യോ ?"

" മൊതല അല്ല മരപ്പട്ടി !"

" ഒക്കെ മിസ്റ്റർ ഈനാംപേച്ചി !"

" നിന്നു ചെലക്കാതെ വാടി കോപ്പേ !ഉള്ളിൽ കയറി കഴിഞ്ഞാൽ വാ അടച്ചു ഇരുന്നോണം കേട്ടോ !"

"ഓഹ് " ദേവു പറഞ്ഞു.

മനോഹരമായി നിരത്തി വെച്ചിരിക്കുന്ന പാവകൾ, മെഴുകുതിരികൾ, ഗിഫ്റ്റ് ഐറ്റംസ്.... എല്ലാം ചുവപ്പ് നിറത്തിൽ ഭംഗിയോടെ....

ലവ്.... കാതൽ.... പ്രേo..... ആഹാ സിനിമയിൽ ഒക്കെ കാണുന്ന atmosphere തന്നെ. ദേവു ഓർത്തു.

" ഇതൊക്കെ കണ്ടാൽ ആരായാലും പ്രേമിച്ചു പോകും " ദേവു പറഞ്ഞു.

" ഓഹോ.. കാണ്ടാമൃഗത്തിനും പ്രേമമോ?"ശ്രീ ചിരിച്ചു.

" ഞാൻ ഒന്നും പറഞ്ഞില്ലേ... ! അല്ല എന്തിനാ ഇപ്പൊ ഇവിടെ വന്നത് ?"

" അതോ...... " ശ്രീ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി.

" എടി എനിക്ക് ഒരു പെൺകുട്ടിയെ ഭയങ്കര ഇഷ്ടാ. ബട്ട്‌ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. ഇവിടെ നിന്ന് ഒരു ഗിഫ്റ്റ് ഒക്കെ വാങ്ങി കൊടുത്തു പ്രൊപ്പോസ് ചെയ്യാം എന്ന് വിചാരിച്ചു. "ശ്രീ നാണത്തോടെ പറഞ്ഞു.

" ഇതെപ്പോ സംഭവിച്ചു ?"ദേവു അത്ഭുതത്തോടെ ചോദിച്ചു.
" ഇതെപ്പോ സംഭവിച്ചു ?"ദേവു അത്ഭുതത്തോടെ ചോദിച്ചു.

" എന്ത് ?"

" ഈ പ്രേമം.. ?ഇത്രേം കാലം കട്ട ചങ്കായി കൂടെ നടന്ന ഞാൻ പോലും അറിയാതെ ??" ദേവു അമ്പരപ്പോടെ പറഞ്ഞു.

" അതൊക്കെ സംഭവിച്ചു. വൺ ഇയർ ആയി മനസ്സിൽ കടന്നു കൂടിയിട്ട്. ഇനി പറഞ്ഞില്ലെങ്കിൽ ശെരി ആകില്ല. ഞാൻ പോകാൻ പോകുവല്ലേ. തിരിച്ചു വരുമ്പോഴേക്കും ചിലപ്പോൾ ആണ്പിള്ളേര് കൊണ്ടുപോയാലോ !"ശ്രീ പറഞ്ഞു.

"ഓഹ് അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ. ആരാ കക്ഷി ?"ദേവുന്റെ ആകാംഷ കൂടി.

"അതൊക്കെ സർപ്രൈസ്. ആദ്യം അവളോട്‌ പറയട്ടെ. എന്നിട്ട് റിപ്ലൈ അറിഞ്ഞിട്ടു നിനക്ക് കാണിച്ചു തരാം. "

" ഓഹ്... അതെന്തു പരിപാടി ആ... "

" വെയിറ്റ് ചെയ്യു മോളെ " ശ്രീ ചിരിച്ചു.

" എന്തായാലും മുടിഞ്ഞ പ്രേമം ആണല്ലോ. !"

" നീ എന്താ എന്നെ ആക്കിയതാണോ ?"

" അല്ലടോ.. സീരിയസ് ആയിട്ട് പറഞ്ഞതാ. ഈ മുഖം കണ്ടാൽ അറിയാം. ഒരു പ്രണയം ഫീൽ ചെയ്യുന്നു. " ദേവു അവന്റെ മുഖത്തെക്ക് നോക്കി പറഞ്ഞു .

" ആഹാ അപ്പൊ കാക്കാലത്തി വേഗം ഗിഫ്റ്റ് സെലക്ട് ചെയ്തേ !" ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു.

" കാക്കാലത്തി ഇയാൾടെ മറ്റോള് " ദേവു പിറുപിറുത്തു.

" നീ എന്തെങ്കിലും പറഞ്ഞോ ?"ശ്രീ ചോദിച്ചു.

" ഏയ്യ്. നല്ല ഗിഫ്റ്റ് നോക്കി സെലക്ട്‌ ചെയ്യാം ചേട്ടാ. എന്നാ പറഞ്ഞത്. "

" ആയിക്കോട്ടെ " ശ്രീ പറഞ്ഞു.

*************

"ഇതെങ്ങനെ ഉണ്ട് ?"

ഒരു ആൺകുട്ടിയും പെൺകുട്ടിയും നിൽക്കുന്ന പളുങ്കുപ്രതിമ എടുത്തു കൊണ്ട് ദേവു ചോദിച്ചു.

സൂര്യകിരണം അതിൽ വന്നു തട്ടിയപ്പോൾ അതിനൊരു പ്രത്യേക ഭംഗി ഉള്ളതായി അവനും തോന്നി.

" ലവ് ആൻഡ് ലവ് ഒൺലി "അതിൽ എഴുതിയിരിക്കുന്നതു ശ്രീ വായിച്ചു.

"ഇത് നമ്മുടെ പഴയ അനിയത്തിപ്രാവ് അല്ലേ !"ദേവു ചോദിച്ചു.

" ആ ശെരിയാ... ! എന്തായാലും പൊളിച്ചു !"

" അപ്പൊ ഫിക്സ് ചെയ്യാം അല്ലേ "

" ഒക്കെ. വിചാരിച്ച പോലെ അല്ലാട്ടോ ! അത്യാവശ്യം സെലെക്ഷൻ ഒക്കെ ഉണ്ട് നിനക്ക് !" ശ്രീ പറഞ്ഞു.

" എന്നാലും സമ്മതിച്ചു തരില്ല അല്ലേ !" അവൾ പരിഭവത്തോടെ പറഞ്ഞു.
ശ്രീ അത് കേട്ടു ചിരിച്ചു.

"എന്നാ പിന്നെ വൈകിക്കേണ്ട. ഇത് കൊണ്ട് പോയി കൊടുത്തു ആ പെണ്ണിനെ ഫ്ലാറ്റ് ആക്കാൻ നോക്ക് "

" ഇന്നു അല്ലെടി കോപ്പേ... !നാളെ.. ! നാളെ ഫെബ്രുവരി 14 അല്ലെ.. വാലെന്റെൻസ്  ഡേ. "

" ഓഹ്.... ഞാൻ അത് മറന്നു. പ്രണയിക്കുന്നവരുടെ ദിവസം ! അപ്പൊ നാളെ തന്നെയാ നല്ലത്. "ദേവു പറഞ്ഞു.

"നിനക്ക് വെല്ല teddy ബിയറോ  മറ്റോ വേണെങ്കിൽ വേടിച്ചോ. Teddy നെ കെട്ടി പിടിച്ചു കിടന്നില്ലെങ്കിൽ എന്റെ മോൾക്ക്‌ ഉറക്കം വരില്ലല്ലോ "ശ്രീ അവളെ കളിയാക്കി.

" ഓഹ് വേണ്ട ! തല്ക്കാലം ഞാൻ എന്റെൽ ഉള്ള teddy നെ വെച്ചു അഡ്ജസ്റ്റ് ചെയ്‌തോണ്ട് "

"ഹമ്മ് ശെരി. പാവം teddy ടെ വിധി. " ശ്രീ ചിരിച്ചു.

"ദേ..... എന്റെന്നു നല്ല ഇടി കിട്ടൂട്ടോ !"ദേവു കണ്ണു തുറുപ്പിച്ചുകൊണ്ട് പറഞ്ഞു.

*************
" ഞാൻ കോളേജിൽ കൊണ്ടു പോയി ആക്കണോ ?"ഷോപ്പിൽ നിന്നും ഇറങ്ങിയപ്പോൾ ശ്രീ ചോദിച്ചു.

" വേണ്ട. ഞാൻ വീട്ടിൽ പോകുവാ .. !"

"അപ്പൊ ക്ലാസ്സ്‌ ?"

" അതൊക്കെ അവിടെ നടക്കും !"

" നീ ഇങ്ങനെ ഉഴപ്പി നടന്നാൽ സപ്പ്ളി അടിച്ചു ആരും കെട്ടാണ്ട് മൂത്തു നരച്ചു അമ്മുമ്മ ആയി പോകും ട്ടാ !"

" മതി.... !മോന്റെ ഇന്നത്തെ കോട്ട കഴിഞ്ഞു. "ദേവു പരിഭവത്തോടെ പറഞ്ഞു.

" ആഹ് പിന്നേ....  ചെലവ് മറക്കണ്ട ട്ടോ "

" എന്തിനാ ?" ശ്രീ ചോദിച്ചു.

" ലൈൻ സെറ്റായാൽ പിന്നെ ചെലവ് തരാതെ മുങ്ങാൻ ആണോ പ്ലാൻ ?"

" ഓഹ്.. അങ്ങനെ.. നാളെ മോൾ റെഡി ആയി ഇരുന്നോ. ഈ ചേട്ടൻ ചെലവ് ചെയ്തിരിക്കും !" ശ്രീ പറഞ്ഞു.

" അമ്പോ... കാമുകൻ ഭയങ്കര ഉത്സാഹത്തിൽ ആണല്ലോ. അപ്പൊ ശെരി ബ്രോ നാളെ കാണാം. "ദേവു നടന്നു .

" ദേവു....... "ശ്രീ വിളിച്ചു.

അവൾ പെട്ടെന്നു തിരിഞ്ഞു.

" ഒരു all the ബെസ്റ്റ് താ ടി " ശ്രീ പറഞ്ഞു.

" എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു !" ദേവു കൈകൾ കൊണ്ട് അനുഗ്രഹിക്കുന്ന പോലെ കാണിച്ചുകൊണ്ട്  പറഞ്ഞു.

" സ്വീകരിച്ചു " ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു.

തിരിഞ്ഞു നടന്ന ദേവുവിന്റെ കണ്ണുകളിൽ എവിടെയോ ഒരു നിരാശ അവൾ അറിയാതെ  തന്നെ പടർന്നിരുന്നു.

********************

"അടുത്തതായി 2nd EC യിലെ തീർത്ഥ മനോജ്‌ പാടുന്ന മനോഹര ഗാനം."

"നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ
ഞാൻ കാത്തിരുന്ന ദിനം...
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ
പ്രണയിക്കുമീ സുദിനം..
നിന്നോടെനിക്കുള്ള പ്രണയം... പ്രണയം......

അരികിൽ വീണ്ടും വിടരാൻ നമ്മൾ
ശലഭങ്ങളാകുന്ന സുദിനം....
പറയാനേറെ പറയാതെ മൗനം
അരികെ അണയും നിമിഷങ്ങൾ
കള്ളനും കള്ളിയും കടമിഴിയാലോരോ കഥ പറയും സുദിനം
കളമെഴുതും സുദിനം.....
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം..... പ്രണയം "

"ആഹാ.....ഇതുവരെ വാലെന്റെൻസ് ഡേക്ക് ആരും പാടാത്ത മനോഹരഗാനം !"സ്റ്റേജിലെ പാട്ടു കേട്ട ദേവു മനസ്സിൽ ഓർത്തു.

" എന്തൊരു ശോകം ആ ഇത് !" അതും പറഞ്ഞു കൊണ്ട് ദേവു ഫോൺ എടുത്തു. നോക്കിയപ്പോൾ ശ്രീ വിളിക്കുന്നു.

" ഹലോ... ശ്രീയേട്ടാ.. "

" താൻ എവിടാ.. ?കോളേജിൽ ആണോ ?"

"ആ.. ഇവിടെ വാലെന്റെൻസ് ഡേ സ്‌പെഷ്യൽ ബോർ പരിപാടി നടന്നുകൊണ്ടിരിക്കുവാ !"

" എന്നാ ക്യാന്റീനിലോട്ട് പോരു. !"

" അല്ല... പോയ കാര്യം എന്തായി ?" ദേവു ആകാംഷയോടെ ചോദിച്ചു.

"അത് സക്സസ് !ഈ ശ്രീ ഒരു കാര്യം വിചാരിച്ചാൽ നടത്തിയ ചരിത്രമെ ഒള്ളൂ "

" ആഹാ.. കൺഗ്രാറ്റ്സ്. ഞാൻ ദേ ദിപ്പോ വരാം " ദേവു ക്യാന്റീൻ ലക്ഷ്യമാക്കി നടന്നു.

*************

" കാമുകൻ ഹാപ്പി ആണല്ലോ !"ദേവു ശ്രീയുടെ മുഖത്തെക്ക് നോക്കി പറഞ്ഞു.

"പിന്നല്ലാതെ !"അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

"നീയെന്താടി ഈ കോലത്തിൽ ?"

"അതെന്താ ഈ കോലത്തിനു ഒരു കുഴപ്പം ?"

"നല്ലൊരു വാലെന്റെൻസ് ഡേ ആയിട്ട് ഒരു ചുവന്ന ഡ്രസ്സ്‌ ഒക്കെ ഇട്ടു കളർ ആയിട്ട് നടന്നൂടെ. ! ഇതൊരുമാതിരി കരിങ്കൊടി പിടിച്ചപോലെ !"ശ്രീ പറഞ്ഞു.

"ലെജൻഡ്  ബ്ലാക്ക് ഇടോള്ളൂ !ബ്ലാക്ക് ഇസ്തം !"

"ഓഹോ.... എന്നിട്ട് ലെജൻഡ്നെ ആരും പ്രൊപ്പോസ് ചെയ്തില്ലേ ?"

"നമ്മളെ ഒക്കെ ആരു നോക്കാനാ..." ദേവു  നിരാശയോടെ പറഞ്ഞു.

" ആഹാ ബെസ്റ്റ് !നീ തന്നെ ഇത് പറയണം. കഴിഞ്ഞ വാലെന്റെൻസ് ഡെ യുടെ അന്ന് കോളേജിലെ ചുള്ളൻ മെക്കൻ അനന്ദു നിന്നെ പ്രൊപ്പോസ് ചെയ്തത് അല്ലെ !എന്നിട്ട് നീ എന്താ കാണിച്ചേ.... "
"  അയ്യേ... ഞാൻ ഒന്നും കാണിച്ചില്ല !"

" അതല്ലടി കോപ്പേ !നീ അവനോട് എന്താ പറഞ്ഞത് !നിനക്ക് ഇന്റെരെസ്റ്റ്‌ ഇല്ലാന്ന് അല്ലെ ?തകർന്നു പോയില്ലേ അവന്റെ ബാല്യം !"ശ്രീ പറഞ്ഞു.

" എനിക്ക് അനന്ദുവേട്ടനെ പ്രേമിക്കാൻ ഇന്റെരെസ്റ്റ്‌ ഇല്ല. സോ ഞാൻ അത് അപ്പൊ തന്നെ പറഞ്ഞു. വെറുതെ പ്രതീക്ഷ കൊടുക്കുന്നതിലും ഭേദം അല്ലെ അപ്പൊ തന്നെ മനസ്സിൽ ഉള്ളത് തുറന്നു പറയുന്നത് !"ദേവു നിഷ്കളങ്കമായി പറഞ്ഞു.

" മ്മ്. ശരി. എന്നാലും അനന്ദുന്  എന്തായിരുന്നു ഒരു കുഴപ്പം ?"

" കുഴപ്പം ഒന്നും ഇല്ല. എനിക്ക് ഈ ലവ് at ഫസ്റ്റ് sight ഇൽ വിശ്വാസം ഒന്നും ഇല്ല. പെട്ടന്ന് എങ്ങനെയാ ഇഷ്ടം ആണെന്ന് പറയുക ?അതൊക്കെ നമ്മൾ ടൈം എടുത്തു പരസ്പരം മനസ്സിലാക്കി പറയേണ്ടത് അല്ലേ ?"

" മ്മ്.. തുടങ്ങി ഫിലോസഫി "ശ്രീ തലയിൽ കൈ വെച്ചു പറഞ്ഞു.

" അത് മാത്രം അല്ലല്ലോ നിനക്ക് കുറെ കോൺസെപ്റ് ഒക്കെ ഇല്ലേ ?"

" പിന്നല്ലാതെ !" ദേവു ഉത്സാഹത്തോടെ പറഞ്ഞു.

" നിന്നെക്കാൾ നന്നായിട്ടു നിന്നെ മനസ്സിലാക്കുന്ന ആൾ വേണം..,  കെയറിങ്ങ് ആയിരിക്കണം...,  തല്ലുകൂടാൻ വരണം...., പിന്നെ എന്തായിരുന്നു...... !ആ.... ഡോറയും ബുജിയും കാണുന്ന ആൾ വേണം.... !എന്തൊരു ശോകം കോൺസെപ്റ് ആടി !"ശ്രീ പറഞ്ഞു.

" ഒന്നൂടെ ഉണ്ട് !"ദേവു കൂട്ടിചേർത്തു.

" അതെന്താ ?പുതിയത് ആണോ ?"

" യാ.. തേപ്പ് കിട്ടിയ ആൾ ആയിരിക്കണം !"

"തേപ്പോ... ! അതെന്തിനാ ?ഇത് സാധാരണ തേപ്പു കിട്ടി ഇരിക്കുന്ന പെണ്പിള്ളേരുടെ കോൺസെപ്റ് അല്ലെ ?" ശ്രീ ചോദിച്ചു.

" ഏയ്യ് അല്ല..ആഗ്രഹിച്ചത് നഷ്ടപെടുന്ന പെൺകുട്ടികളുടെ കോൺസെപ്റ് ആ . തേപ്പു കിട്ടിയ ഒരാൾ ആകുമ്പോൾ അവളുടെ മനസ്സ് അറിയാൻ പറ്റും അവനു. " ദേവുന്റെ മുഖം മങ്ങി.

"കെട്ടുന്ന ചെറുക്കനും ഉണ്ടാകില്ലേ ഇതുപോലെ കോൺസെപ്റ്.. അവന്റെ ഒക്കെ വിധിയെ ! എന്തോ മുൻജന്മപാപം ചെയ്തിട്ടുണ്ട് !" ശ്രീ പറഞ്ഞു.

"ഇത്തിരി കുശമ്പുo, ഇത്തിരി അസൂയയും ഒത്തിരി സ്നേഹവും ഉള്ള പാവം അല്ലെ ഞാൻ.. !" കുസൃതി നിറഞ്ഞ കണ്ണുകളോടെ ദേവു പറഞ്ഞു .

" ഒത്തിരി കുശുമ്പുo ഒത്തിരി അസൂയയും ഇത്തിരി സ്നേഹവും എന്നു പറയുന്നത് ആവും കറക്റ്റ് !"ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു. ദേവു അവനെ കണ്ണു തുറുപ്പിച്ചു നോക്കി.

" ആഹ്... അതൊക്കെ വിട്. എന്തായി ചേട്ടന്റെ ലവ് സ്റ്റോറി ?"

"Success "

" തെളിച്ചു പറ ശ്രീയേട്ടാ... എനിക്കൊന്നു കാണാൻ പറ്റുമോ ആളെ ?"ദേവു ആകാംഷയോടെ ചോദിച്ചു.

"ആഹ് ടി. കാണിച്ചുതരാം " ശ്രീ പറഞ്ഞു.

"ദേവിക ചേച്ചി അല്ലെ ?"അടുത്തു വന്ന പയ്യൻ ദേവുനോട് ചോദിച്ചു.

"അതെ.. എന്താ.. ?"ദേവുനു ആളെ പിടികിട്ടിയില്ല.

"ഞാൻ ചേച്ചിയുടെ ജൂനിയർ ആണ്. 1st ഇയർ c.s. ഇത് ചേച്ചിക്ക് തരാൻ ഒരാൾ തന്നതാ. ബൈ. " അതും പറഞ്ഞു വർണകടലാസ്സിൽ പൊതിഞ്ഞ ഒരു ബോക്സ്‌ ടേബിളിൽ വെച്ചിട്ട് അവൻ സ്ഥലം കാലിയാക്കി.

ഇതെന്താ എന്ന മട്ടിൽ ദേവു ശ്രീ യെ നോക്കി.

" തനിക്ക് ഉള്ളതല്ലേ . തുറന്നു നോക്കടോ !"ശ്രീ പറഞ്ഞു. എന്താണെന്നു അറിയാൻ ഉള്ള ആകാംഷ ശ്രീയുടെ മുഖത്തും പ്രകടം ആയിരുന്നു.

"വല്ല ബോംബ് ഓ മറ്റോ ആണോ ?"ശ്രീ ചിരിച്ചുകൊണ്ട് ചോദിച്ചു.

" ഇന്നലെ ബിൻ ലാദൻ വിളിച്ചിരുന്നു. കൊടുത്തു അയക്കാം എന്നു പറഞ്ഞതാ !"ദേവു പറഞ്ഞു .

"ആഹാ.. അടിപൊളി കോമഡി !"ശ്രീ അവളെ കളിയാക്കി.

ദേവു പൊതി തുറന്നു നോക്കി . "ഒരു ഗിഫ്റ്റ് ആണല്ലോ !" ദേവു ശ്രീ യോട് പറഞ്ഞു.

" വിൽ യു ബി മൈൻ?"അതിൽ എഴുതിയിരിക്കുതു ദേവു വായിച്ചു. ഇതാരപ്പാ  എന്ന ഭാവത്തിൽ അവൾ ചുറ്റും നോക്കി. ശ്രീ അവളെ തന്നെ നോക്കി ഇരുന്നു.

" ആരേലും എന്നെ പറ്റിക്കാൻ ചെയ്യുന്നത് ആകും !"ദേവു പറഞ്ഞു.

" ഇത് താൻ മുമ്പ് എവിടെ എങ്കിലും കണ്ടിട്ടുണ്ടോ ?"ശ്രീ ചോദിച്ചു.

കയ്യിൽ ഉള്ള ഗിഫ്റ്റ് ദേവു പിന്നെയും നോക്കി.

"ശ്രീയേട്ടാ ......... അന്ന് ഞാൻ  ശ്രീയേട്ടനു സെലക്ട് ചെയ്തു തന്നത് പോലെ തന്നെ ഉണ്ട്. സെയിം ടൂ സെയിം. ആ കടയിൽ നിന്നു തന്നെ ആകും. " ദേവു പറഞ്ഞു.

" ടി കോപ്പേ ! നീ ശെരിക്കും പൊട്ടി ആണോ   അതോ പൊട്ടി ആയിട്ട് അഭിനയിക്കുന്നത് ആണോ ?ഇത് തന്നെയാ  ടി അത് !!!!!" ശ്രീ പല്ലു കടിച്ചുകൊണ്ട് പറഞ്ഞു.

എന്താ കേട്ടത് എന്ന് ദേവുവിനു മനസ്സിലായില്ല. പെട്ടെന്നാണ് ദേവുനു ബൾബ് കത്തിയത്. അടുത്ത നിമിഷം അവൾ ഒന്നു പുഞ്ചിരിച്ചു. കണ്ണുകൾ  നിറഞ്ഞു ഒഴുകി.

" അപ്പൊ...... ശ്രീയേട്ടൻ......ഞാൻ......ഗിഫ്റ്റ്........ " അവൾ എന്തൊക്കെയോ പറഞ്ഞു.

" എന്താടി പിറുപിറുക്കുന്നത് !"ശ്രീ ചോദിച്ചു.

കാറ്റിലാടുന്ന മുടിയിഴകളും അതിശയം പൂണ്ട കണ്ണുകളും.. ശ്രീ അവളെ തന്നെ നോക്കി.

" ഈ ഇത്തിരി കുശുമ്പും ഇത്തിരി അസൂയയും ഇത്തിരി വട്ടും ഉള്ള ഈ പൊട്ടിക്കാളിയെ എനിക്ക് ഒത്തിരി ഇഷ്ടാ !"ശ്രീ അവളോടായി പറഞ്ഞു.

ദേവു നാണത്തോടെ മുഖം താഴ്ത്തി.

"നിന്റെ കോൺസെപ്റ്നു ഞാൻ ചേരുമോ എന്ന് അറിയില്ല. തേപ്പൊന്നും കിട്ടിയിട്ടില്ല. വേണമെങ്കിൽ ഞാൻ ആരെയെങ്കിലും പ്രേമിച്ചിട്ട് തേപ്പ് വാങ്ങി വരാം " ശ്രീ പുഞ്ചിരിയോടെ പറഞ്ഞു.

" ഇനി അതിന്റെ ആവശ്യം ഇല്ല ട്ടോ "ദേവു പറഞ്ഞു.

" അതെന്താ ?"

" ഞാൻ ആഗ്രഹിച്ചത് എനിക്ക് നഷ്ടപ്പെട്ടിട്ടില്ല ല്ലോ " ദേവു ചിരിച്ചുകൊണ്ട് പറഞ്ഞു.

" വിച്ച് മീൻസ് ?"ശ്രീ ചോദിച്ചു.

"വിച്ച് മീൻസ്............. അതെന്നെ.!!!"ദേവു നാണത്തോടെ പറഞ്ഞു.

" ശെരിക്കും ?"ശ്രീ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.

അവൾ അവനെ കണ്ണിറുക്കി കാണിച്ചു 😉.

" അപ്പൊ അടുത്ത കോൺസെപ്റ്ഉം ഒക്കെ ആയി. നിന്നെക്കാൾ മുന്നേ ഞാൻ നിന്നെ മനസ്സിലാക്കിയില്ലേ ":ശ്രീ ചിരിച്ചു.

" അപ്പൊ ഡോറ ?! 🤔" ദേവു ചോദിച്ചു.

" അത് നമ്മുടെ പിള്ളേരെ കൊണ്ടു കാണിക്കാം !"ശ്രീ കുസൃതിയോടെ പറഞ്ഞു.

"ഞാൻ അടുത്ത മാസം പോകും. അതിനു മുമ്പ് ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഞാൻ തിരിച്ചു വരുമ്പോഴേക്കും കാത്തു കാത്തു വെച്ച ഈ ചെമ്പനീരിൻ പൂവും കൊണ്ട് മണ്ണും ചാരി നിന്ന ഏതേലും കൊരങ്ങൻ പോയാലോ ! അങ്ങനെ വിട്ടുകളയാൻ പറ്റോടി നിന്നെ ??അതാ ഇന്നു പ്രൊപ്പോസ് ചെയ്തത് "

"എന്നാലും ചതി ആയി പോയിട്ടോ. വെറുതെ ടെൻഷൻ അടിപ്പിച്ചു " ദേവു പരിഭവം പറഞ്ഞു .

" നിനക്കും തുറന്നു പറയാമായിരുന്നല്ലോ ?"

" അത് പിന്നെ... എന്നെ ഫ്രണ്ട് ആയിട്ട് മാത്രം ആണ് കണ്ടിട്ടുള്ളത് എങ്കിൽ... ഈ ഫ്രണ്ട്ഷിപ്പ് പോവൂലെ എന്നു ആലോചിച്ചപ്പോൾ   ........ "

" മ്മ്...
" മ്മ്.... മതി... മതി.... " ശ്രീ ചിരിച്ചു.

" ഈ" ദേവു പല്ലിളിച്ചു.

" എങ്കിലേ.... എന്റെ വീട്ടിൽ വന്നു പെണ്ണുചോദിക്കോ ?ഇല്ലെങ്കിൽ ചിലപ്പോൾ ഇയാൾ വരുമ്പോഴേക്കും ഏതേലും കൊരങ്ങൻ വന്നു കെട്ടിയാലോ !"

"കെട്ടിയാൽ ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു ഞാൻ നിന്റെ അനിയത്തിനെ കെട്ടും ! " ശ്രീ ചിരിച്ചു.

" അയ്യടാ..... കൊല്ലും ഞാൻ !!!"ദേവു കണ്ണു തുറുപ്പിച്ചുകൊണ്ട് പറഞ്ഞു .

ശ്രീ ചിരിച്ചു. " എന്നാലേ എന്റെ പൊന്നുമോൾ പേടിക്കണ്ട കേട്ടോ  . ഇന്നലെ നിന്നെ കാണാൻ വരുന്നതിനു മുമ്പ് നിന്റെ അച്ഛനോട് പോയി പെണ്ണു ചോദിച്ചു "

" അതെപ്പോ ?"ദേവു അത്ഭുതത്തോടെ ചോദിച്ചു.

" അതൊക്കെ നടന്നു "

" എന്നിട്ട് അച്ഛൻ എന്തു പറഞ്ഞു ?"

" എന്റെ മോൾ ഇപ്പൊ കൊച്ചുകുട്ടിയാ. അവളെ കെട്ടിക്കാൻ പ്രായം ആകുമ്പോൾ എനിക്ക് തന്നെ കെട്ടിച്ചു തരാം. ഇപ്പൊ ധൈര്യം ആയിട്ട് പൊയ്ക്കോ എന്നു പറഞ്ഞു. "

" ശെരിക്കും !!!!"ദേവു ആഹ്ലാദത്തോടെ ചോദിച്ചു.

" ആ ടി പൊട്ടിക്കാളി "

" അപ്പൊ എല്ലാരും കൂടി എന്നെ വട്ടാക്കിയതു ആണല്ലേ !"
അവളുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു .

*************

" പിന്നേ......... "

" എന്താടി.......... "

" എനിക്ക് അനിയത്തി ഇല്ലല്ലോ. അപ്പൊ എന്ത് ചെയ്യും ?"ദേവു കുസൃതിയോടെ ചോദിച്ചു.

"നിന്റെ കസിൻ ഇല്ലേ അഞ്ജു. അവളെ കെട്ടിക്കോണ്ട് !"

" ദുഷ്ടാ........ !!!!!!!!"

" എടി ഇങ്ങനെ മോങ്ങല്ലേ ! നീ എന്റെ മുത്തല്ലേ.... " ശ്രീ പറഞ്ഞു.

ദേവു ചിരിച്ചു.

" എന്റെ ദൈവമേ... ഈ പിശാശിനെ ഞാൻ തലയിൽ എടുത്തു വെച്ചു ട്ടോ ! മിന്നിച്ചേക്കണേ.... !"ശ്രീ യുടെ പ്രാർത്ഥനകേട്ടു ദേവു ചിരിച്ചു.

ശ്രീ അവളുടെ മുഖത്തേക്ക് നോക്കി.

" എങ്കിലേ..... എന്നോട് പറ..... "

" എന്തൂട്ടാ...... "

" ഐ ലവ് യു ന്ന്..... !!!!!"കുസൃതിനിറഞ്ഞ കണ്ണുകളോടെ ശ്രീ ദേവുനോട് ചോദിച്ചു.

*******************
ഇതേ പോലുള്ള കഥകൾ എപ്പോഴും വായിക്കുവാൻ വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...
ഒരു കൊച്ചു പരീക്ഷണം ആണ് ട്ടോ. എല്ലാവരും അഭിപ്രായങ്ങൾ പറയണേ... ക്ളീഷേ പ്രണയം ആണെന്ന് തോന്നിയാൽ ക്ഷമിക്കണം ട്ടോ ❤

സ്നേഹത്തോടെ
നിധി ❣

To Top