പരസ്പരം നോക്കിക്കൊണ്ട് അവർ നിന്നു.. പെട്ടെന്ന് അവിടെ ഒരു നിലവിളി ഉയർന്നു.. അത് കല്യാണിയുടേതാർന്നില്ല.. മറിച്ച് അയാളുടേതാർന്നു.. പാത്തു നോക്കുമ്പോൾ അവന്റെ കൈ പിന്നിലേക്ക് പിടിച്ചു തിരിക്കുകയാണ് കല്ലു..
"എടീ... വിടടീ....." അവൻ അലറിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല..
"ഇജ്ജ് എന്ത് പണിയാ കാണിക്കണേ കല്ലൂ..."
"അങ്ങനെ ചോദിക്കെന്റെ പാത്തു.. എന്റെ രണ്ട് കയ്യും ലോക്ക് ചെയ്തിരിക്കാ ഇവള്.."
"അതേലേ.." പാത്തു സഹതാപത്തോടെ അവനെ നോക്കി.. പിന്നെ അടുത്തേക്ക് ചെന്ന് കല്ലു പിടിച്ചിരുന്ന ഒരു കയ്യിൽ പിടിമുറുക്കി ഒന്നൂടെ ശക്തിയായി തിരിച്ചു...
"ആ.....!!!!" അവന്റെ ദീനരോദനം ആ മുറിയിൽ മുഴങ്ങി..
"ഇജ്ജൊരു ആൺകുട്ടിയല്ലേ ഇങ്ങനെ കരയാമോ..?"
"വേദനിച്ചാൽ ആരായാലും കരഞ്ഞു പോവും.. കൈ വിട് സാത്താൻ കുഞ്ഞുങ്ങളെ..."
"അങ്ങനെ വിടാൻ പറ്റുമോ മിസ്റ്റർ ജോൺ മാത്യു.. ഇത്രേം നേരം എന്തൊരു ഷോ ആർന്നു ഇവ്ടെ..." കല്ലു പറഞ്ഞു..
"അത് ഞാൻ ചുമ്മാതല്ലേ.."
"ചുമ്മാതോ..? എടാ പഹയാ.. ഇജ്ജ് ഞമ്മളെ എന്തൊക്കെയാ പറഞ്ഞേ..."
"വിട്ട്കള.. അച്ഛായന്റെ തങ്കക്കുടങ്ങളല്ലേ..."
അവൻ പറഞ്ഞത് കേൾക്കാതെ അവർ വീണ്ടും കൈ തിരിച്ചു കൊണ്ടിരുന്നു..
"വേദനിക്കുന്നെടീ യക്ഷികളേ.. ദേ.. പ്രോഗ്രാം കോർഡിനേറ്ററിന്റെ കൈ ഒടിച്ചാൽ പ്രോഗ്രാം കുളമാവും കേട്ടോ.. പിന്നെ നിങ്ങൾക്കൊരു മിടുക്കനായ വക്കീലിനെയും നഷ്ടപ്പെടും.. വിടെന്നേ..." അവൻ വീണ്ടും അപേക്ഷിച്ചു..
"തൽക്കാലത്തേക്ക് വിടാമല്ലേ പാത്തു..."
"ഉം.. എടാ കള്ള ബക്കീലേ.. അന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. പ്രോഗ്രാമിന്റെ കാര്യം ഓർത്തിട്ടാ.." അവർ അവനെ സ്വതന്ത്രനാക്കി.. അവൻ കൈ കുടഞ്ഞു കൊണ്ട് അവരെ നോക്കി..
"എന്നാലും എന്നാ ശക്തിയാടി പെണ്ണുങ്ങളേ നിങ്ങൾക്ക്.."
"അത് അച്ഛായന് ഇപ്പോഴാണോ മനസ്സിലായേ.."
"അല്ല.. വർഷങ്ങളായി അനുഭവിക്കുന്നതാണല്ലോ ഈ ഉപദ്രവം.. എന്നാലും ഇപ്പോ ശക്തി കുറച്ച് കൂടിയിട്ടുണ്ട്.."
"ഗേൾസ് ടാ..." കല്ലു ഷോൾഡർ പൊക്കിക്കൊണ്ട് പറഞ്ഞു..
"ഉം.. നിന്നെയൊക്കെ കെട്ടുന്നവന്മാരുടെ ഒരവസ്ഥയേ.. പുവർ ബോയ്സ്... അവരെക്കുറിച്ച് ആലോചിക്കുമ്പോ പ്യാവം തോന്നുന്നു.."
"എടാ അച്ഛായാ എന്തായാലും നീ ഞങ്ങളെ കെട്ടാൻ ഉദ്ദേശിച്ചിട്ടില്ലല്ലോ.."
"അയ്യോ.. ഇല്ലായേ.. ഫ്രണ്ട്സ് ആയിട്ട് തന്നെ നിന്നെയൊന്നും സഹിക്കാൻ വയ്യ.. പിന്നെയല്ലേ ഭാര്യയാക്കുന്നേ..."
"എന്നാ പിന്നെ മോൻ ഞങ്ങടെ വരന്മാരെ കുറിച്ച് ചിന്തിച്ച് വിഷമിക്കണ്ട കേട്ടോ..."
"വിഷമിക്കാനല്ലേടീ എനിക്ക് പറ്റൂ.. എന്തായാലും എക്സ്പ്രെസിനാ തല വെക്കണേ എന്ന മുന്നറിയിപ്പ് ഞാൻ കൊടുത്തിരിക്കും.."
"ഇനി നീ കൂടുതൽ സംസാരിച്ചാ ആ വായില് ഞങ്ങളെന്തേലും കുത്തി കേറ്റും.. പിന്നെ പ്രോഗ്രാം കോർഡിനേറ്റർക്ക് പ്രോഗ്രാമിന് ഒന്നും മിണ്ടാൻ പറ്റൂല.. ഞങ്ങളെ കൊണ്ടത് ചെയ്യിക്കണോ..??" ആ ചോദ്യം കേട്ട് ജോൺ രണ്ടുപേരെയും മാറിമാറി നോക്കി.. അവരുടെ കലിപ്പ് ലുക്ക് കണ്ടപ്പോ പറഞ്ഞ പോലെ ചെയ്യുമെന്ന് തോന്നിയത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.. പരസ്പരം നോക്കി ചിരിച്ചുകൊണ്ട് കല്ലുവും പാത്തുവും പുറകേ ചെന്നു...*
'സാന്ത്വനം' ദുഃഖം അനുഭവിക്കുന്നവർക്ക് ഒരു സാന്ത്വനം തന്നെയാണ്.. വൃദ്ധരും പീഡനങ്ങൾക്കിരയായി എന്ന കാരണത്താൽ സമൂഹം ഒറ്റപ്പെടുത്തിയവരും ജന്മം തന്നവർ ഉപേക്ഷിച്ച് പോയ കുഞ്ഞുങ്ങളുമെല്ലാമായി പലതരം ആളുകൾ അവിടെയുണ്ട്.. പലപ്പോഴും ദുഃഖങ്ങളാണ് അവരെ ബന്ധിപ്പിക്കുന്നതെന്ന് തോന്നും... മാനസികമായി തളർന്ന് പോയെങ്കിലും അവിടെ നിന്നും ഉയർത്തെഴുന്നേറ്റ് പട പൊരുതാൻ അവരോരുത്തരും ശ്രമിക്കുന്നു.. പരസ്പരം കൈത്താങ്ങാവുന്നു.. അവരെ സപ്പോർട്ട് ചെയ്യാൻ ഈ മൂവർ സംഘവും ( കല്ലു,പാത്തു,ജോൺ) പിന്നെ സാന്ത്വനത്തിന്റെ എല്ലാമെല്ലാമായ അംബിക ടീച്ചറും മറ്റ് ജോലിക്കാരും ഉണ്ട്... ഇന്ന് സാന്ത്വനത്തിലെ അന്തേവാസിയായ മീനുവിന്റെ നൃത്തം അരങ്ങേറുന്നുണ്ട്.. അവളുടെ ഏറെക്കാലത്തെ സ്വപ്നം.. ഒരിക്കൽ ഒരു നരാധമന്റെ ക്രൂരതയിൽ പൊലിഞ്ഞു പോയ ജീവിതത്തെ തിരിച്ചു പിടിക്കുകയാണ് അവളിന്ന്... പ്രശസ്ത നർത്തകി ആരാധന ശ്രീകുമാർ അതിന് സാക്ഷ്യം വഹിക്കാനായി എത്തിച്ചേരുന്നുണ്ട്..**
"ആരാധന മാമിന്റെ സ്വീകരണത്തിന് വേണ്ട കാര്യങ്ങളൊക്കെ റെഡിയല്ലേ പാത്തൂ.."
"അതേടാ അച്ഛായാ.. ഇജ്ജ് ബേജാറാവണ്ട..."
"ഉം.. കല്ലു എവിടെ..?"
"അവള് മീനു ഒരുങ്ങിയോന്ന് നോക്കാൻ പോയേക്കാ.."
അപ്പോഴേക്കും കല്ലു അങ്ങോട്ട് വന്നു..
"ടീ.. മീനു റെഡിയല്ലേ.."
"അതേ.. എന്നാലും അവൾക്ക് കുറച്ച് ടെൻഷൻ ഉണ്ടാർന്നു.. ഞാൻ സംസാരിച്ചിട്ടുണ്ട്.. ഇപ്പോ വല്യേ കുഴപ്പല്ല്യ.."
"അല്ലേലും മാനസിക ധൈര്യം കൊടുക്കാൻ എന്റെ ചങ്ക് മിടുക്കിയാണല്ലോ.." ജോൺ കല്ലുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..
"അധികം പൊക്കല്ലേ മോനേ..."
"സത്യം പറഞ്ഞതാടീ.."
"ഉം..ഉം.."
അംബിക ടീച്ചർ അവർക്കടുത്തേക്ക് വന്നു..
"കുട്ട്യോളേ.. "
"ആ ടീച്ചറേ... എല്ലാം റെഡിയാണ് ട്ടോ.."
"നിങ്ങൾ എല്ലാം നന്നായി ചെയ്തിട്ടുണ്ടാവുമെന്ന് എനിക്കറിയാം.. പിന്നെ ഇന്ന് എല്ലാർടേം മുഖത്തെ സന്തോഷം കണ്ടോ നിങ്ങള്.. ഇതിനെല്ലാം കാരണക്കാർ നിങ്ങളാ.." ടീച്ചർ പറഞ്ഞത് കേട്ട് അവർ ചിരിച്ചു..
പെട്ടെന്ന് കാറിന്റെ സൗണ്ട് കേട്ടപ്പോൾ അവരെല്ലാം മുൻവശത്തേക്ക് നടന്നു.. ആരാധനയായിരുന്നു വന്നത്.. പുഷ്പഹാരമണിയിച്ച് അവരെ സ്വീകരിക്കുമ്പോൾ കല്ലു ആ മുഖത്തേക്ക് നോക്കി.. ജീവിതവഴികളിൽ എവിടെയോ വെച്ച് മറന്നുപോയ ഒരു മുഖം പോലെ തോന്നി അവൾക്ക്.. ആ പേര് കേൾക്കുമ്പോഴും അവരുടെ ചിത്രം കാണുമ്പോഴും ഉള്ളിൽ നിറയുന്ന പരിചിതഭാവം നേരിട്ടുള്ള കൂടിക്കാഴ്ചയിലും അവൾക്കനുഭവപ്പെട്ടു.. ആരാധനയും കല്യാണിയെ തന്നെ വീക്ഷിക്കുകയായിരുന്നു...
"മാം.. ഇത്..."
"കല്യാണി.." ജോണിന്റെ വാക്കുകളെ ആരാധന പൂരിപ്പിച്ചു.. അത് കേട്ടപ്പോൾ എല്ലാവർക്കും അതിശയമായി... കല്യാണിയും അത്ഭുതത്തോടെ അവരെ ഉറ്റുനോക്കി..
"ഈ കുട്ടിയെ കുറിച്ച് പറഞ്ഞിരുന്നല്ലോ.. അതുവെച്ച് ഇതാവും കല്യാണിയെന്ന് ഞാനൂഹിച്ചു.." ആരാധനയുടെ വാക്കുകൾ എല്ലാവരുടെയും സംശയം ദൂരീകരിച്ചുവെങ്കിലും അവളുടെ മനസ്സിലെ സംശയം ബാക്കിയായി..
ക്ഷണിക്കാൻ വന്നപ്പോൾ അംബിക ടീച്ചറുടെയും ജോണിന്റെയും നാവിൽ നിന്നും ഒരുപാട് തവണ കേട്ട പേര്.. കല്യാണി..!! അവളുടെ നന്മ നിറഞ്ഞ പ്രവൃത്തികളെ കുറിച്ചും കേട്ടിട്ടുണ്ട്.. എന്നാൽ കണ്ടിട്ടില്ല ആ മുഖം.. പക്ഷേ ഇന്ന് ആരും പരിചയപ്പെടുത്താതെ തന്നെ താൻ അവളെ തിരിച്ചറിഞ്ഞിരിക്കുന്നു.. എങ്ങനെ...?? ഉത്തരം അവളുടെ മനസ്സ് അന്വേഷിച്ചു കൊണ്ടേയിരുന്നു.. അതുപോലെ കല്യാണിയുടെ മനസ്സും എവിടെയെല്ലാമോ അലയുകയായിരുന്നു....
മറ്റുള്ളവരുടെ ശബ്ദം അവരിരുവരേയും ചിന്തകളിൽ നിന്നും പുറത്ത് കൊണ്ട് വന്നു.. പരസ്പരം പുഞ്ചിരി സമ്മാനിച്ച് അവർ സ്റ്റേജിനടുത്തേക്ക് നടന്നു...
ആരാധനയുടെ ഉദ്‌ഘാടനപ്രസംഗവും മീനുവിന്റെ നൃത്തവും എല്ലാം ഗംഭീരമായി.. ആരാധനയും എല്ലാവരുടെയും ആഗ്രഹപ്രകാരം ചുവട് വെച്ചു.. രണ്ട് നർത്തകിമാരും ഒന്നിച്ചാടിയപ്പോൾ കണ്ട് നിന്നവർക്ക് കൺകുളിരുന്ന കാഴ്ചയായി അത് മാറി....
സാന്ത്വനത്തിലെ ആളുകളുടെ പെരുമാറ്റവും രീതികളും ആരാധനയെ വളരെയധികം ആകർഷിച്ചു.. അന്നത്തെ ദിവസം മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് അവിടെ ചിലവഴിക്കാൻ അവൾ തീരുമാനിച്ചു.. ഭക്ഷണത്തിന് മുൻപേ പ്രാർത്ഥനയുണ്ടായിരുന്നു.. അത് ചൊല്ലി കൊടുത്തിരുന്നത് ഒരു കൊച്ചുകുട്ടി ആയിരുന്നു.. മറ്റുള്ളവർ അത് ഏറ്റുചൊല്ലി.. ഭക്ഷണം വിളമ്പിയിരുന്നതും കുട്ടികളും മൂവർ സംഘവുമായിരുന്നു.. ആരാധനക്കെല്ലാം കൗതുകമായി തോന്നി.. ഇന്നും ഇത്തരം പതിവുകളുണ്ടെന്ന് അവൾ കരുതിയില്ല.. അവളിൽ ബാല്യത്തിന്റെ പല ഓർമകളും നിറഞ്ഞു.. അധികം വിഭവങ്ങളില്ലെങ്കിലും ഉള്ളതെല്ലാം സ്വാദിഷ്ടമായ അവിടുത്തെ ഭക്ഷണം ആസ്വദിച്ചു തന്നെയാണ് അവൾ കഴിച്ചത്.. മൂവർ സംഘത്തിന്റെ കൂട്ടുകെട്ടും ഇതിനിടക്ക് ആരാധന ശ്രദ്ധിച്ചിരുന്നു... ഭക്ഷണശേഷം ജോണുമായുള്ള സംസാരത്തിനിടക്ക് പാത്തുവിന്റെയും കല്ലുവിന്റെയും പേര് കടന്നുവന്നപ്പോൾ അവൾ അവരെക്കുറിച്ച് ചോദിച്ചു..
"കല്യാണിയും ഫാത്തിമയും ജോണും ഒരുപാട് കാലമായുള്ള കൂട്ടാണോ..?"
"അതേ മാം.. ചെറുപ്പം തൊട്ടുള്ളതാ.. ശരിക്കും പറഞ്ഞാൽ കല്ലുവും പാത്തുവും എന്നെക്കാൾ ഇളയതാ.."
"ആഹാ.. ഈ സൗഹൃദത്തിന് പിന്നിലെ സ്റ്റോറി എന്താ.." അതുചോദിച്ചപ്പോൾ അവൻ പുഞ്ചിരിച്ചു.. അവന്റെ മനസ്സിൽ അവരുടെ കഥ ഒരു പ്രത്യേക അനുഭൂതി നിറക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.. അവൻ പറഞ്ഞു തുടങ്ങി..
"അപ്പച്ചന് ട്രാൻസ്‌ഫറായി ഈ നാട്ടിലോട്ട് വന്നപ്പോഴാണ് കല്ലുവും പാത്തുവും പഠിക്കുന്ന സ്‌ക്കൂളിൽ ഞാൻ ചേരുന്നത്.. എന്നേക്കാൾ വയസ്സിനിളപ്പമുള്ള രണ്ട് കാന്താരികൾ.. ആദ്യമൊക്കെ ഞങ്ങൾ തമ്മിൽ വഴക്കായിരുന്നു.. പിന്നെ പിന്നെ സൗഹൃദം എന്ന മാന്ത്രികവലയം ഞങ്ങളെ ഒരുമിപ്പിച്ചു.. എന്നാലും അടിക്കും വഴക്കിനുമൊന്നും ഇപ്പോഴും കുറവില്ല കേട്ടോ..." അവൻ പറഞ്ഞത് കേട്ട് ആരാധന ചിരിച്ചു.. കൂടെയവനും..
"ചോദിക്കുന്നത് കൊണ്ട് ജോണിനൊന്നും തോന്നരുത്... ഇവിടെയെല്ലാവരും കല്യാണിക്ക് കൂടുതൽ ഇമ്പോർട്ടൻസ് കൊടുക്കുന്ന പോലെ തോന്നി..ജോൺ പോലും.. മാത്രമല്ല സാന്ത്വനവുമായി ചേർന്ന് കേട്ടിരിക്കുന്ന പേരും കല്യാണിയുടേതാണ്.. അതെന്ത് കൊണ്ടാണെന്ന്...?"
താൻ ചോദിച്ചു കഴിഞ്ഞിട്ടും അവന്റെ മുഖത്തെ പുഞ്ചിരിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല എന്നത് അവൾക്ക് ആശ്വാസകരമായി തോന്നി..
"മാഡത്തിന്റെ സംശയം സ്വാഭാവികമാണ്.. പക്ഷേ അതിനുള്ള ഉത്തരം കുറച്ചു വാക്കുകളിൽ ഒതുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. എങ്കിലും പറയാം.. കല്യാണി..!! അത് തന്നെയാണ് ഉത്തരം... കല്യാണി എന്ന പതിനെട്ടുകാരിയുടെ ഉറച്ച തീരുമാനമായിരുന്നു മാഡം 'സാന്ത്വനം'.." ആരാധനയിൽ ബാക്കി കേൾക്കാനുള്ള ആകാംക്ഷയുണർന്നു.. കല്യാണിയെ കുറിച്ചുള്ള അവന്റെ വാക്കുകൾക്കായി അവൾ കാതോർത്തു..
"കുറച്ചു വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു പീഡനകഥ കുറച്ചു കാലം ചർച്ച ചെയ്ത് പലരും വിസ്മരിച്ചപ്പോൾ പല കുത്തുവാക്കുകളും പരിഹാസങ്ങളും ഏറ്റുവാങ്ങാൻ ആ പെൺകുട്ടി വിധിക്കപ്പെട്ടപ്പോൾ.. അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്ത.. അവളുടെ സ്വപ്നങ്ങളെ കുറിച്ചോർത്ത മറ്റൊരു പെൺകുട്ടി ഇവിടെ മാവേലിക്കരയിലെ ചെട്ടിക്കുളങ്ങരയിൽ ഉണ്ടായിരുന്നു.. ഞങ്ങളുടെ കല്യാണി..! പല രാത്രികളിലും അവൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു... എന്നാൽ ആ ഉറക്കമില്ലാത്ത രാത്രികൾ അവളെയെത്തിച്ചത് ചില തീരുമാനങ്ങളിലേക്കായിരുന്നു.. ഒരു നിയോഗം പോലെ ആ പെൺകുട്ടിയെ തേടി കല്യാണി പോയി.. അവൾക്ക് സഹതാപത്തിന് പകരം സൗഹൃദം നൽകി.. ജീവിതത്തിൽ ഉയർത്തെഴുന്നേൽക്കാൻ സഹായിച്ചു.. ഇന്ന് അവളും കല്യാണിയുടെ ജീവിതത്തിന്റെ ഭാഗമാണ്.." ആ പെൺകുട്ടിയാരാണെന്ന് അറിയാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ചോദിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ആരാധനക്ക് തോന്നി.. അവൻ ആ പേര് പറഞ്ഞതുമില്ല..
"സാന്ത്വനം എങ്ങനെ ഉണ്ടായി എന്ന് പറഞ്ഞില്ല.."
"അന്ന് ആ സംഭവത്തിന് ശേഷം മറ്റുള്ളവരുടെ ക്രൂരതക്കിരകളായ പെൺകുട്ടികളെയും ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരെയും സഹായിക്കണം എന്ന് കല്യാണിക്ക് തോന്നി.. അതിന് വേണ്ടിയായിരുന്നു സാന്ത്വനം.. ഞങ്ങളുടെ ടീച്ചറായിരുന്ന അംബിക ടീച്ചറും ഞങ്ങളും അവളുടെ കൂടെ നിന്നു.. എല്ലാ കാര്യത്തിനും ഓടി നടന്നത് കല്ലുവായിരുന്നു.. ഒരു പതിനെട്ടു വയസ്സുകാരിയേക്കാൾ കാര്യഗൗരവം അവൾക്കുണ്ടായിരുന്നു.. ഇത്രേം അടുത്തറിഞ്ഞിട്ട് പോലും എനിക്കവൾ പലപ്പോഴും അത്ഭുതമായി തോന്നിയിട്ടുണ്ട്.." ആരാധന അവൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ടേയിരുന്നു..
"ഞാൻ എൽഎൽബിയും പാത്തു ബിടെക്കും ചെയ്തപ്പോൾ കല്ലു തിരഞ്ഞെടുത്തത് ചിത്രകലയായിരുന്നു.. അതിൽ അവൾക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ട്.. ഷീ ഈസ് എ ബ്ലെസ്ഡ് ആർട്ടിസ്റ്റ്.."
"കല്യാണി ചിത്രം വരക്കുമോ..??"
"പിന്നില്ലേ..? അവളുടെ ഓരോ ചിത്രത്തിലും ജീവൻ തുടിക്കുന്ന പോലെ തോന്നും.. അത്ര മനോഹരമാണ്... അവൾ ഡിഫ്രന്റ്ലി ഏബിൾഡ് ആയിട്ടുള്ള കുട്ടികളുടെ സ്ക്കൂളിൽ ചിത്രവര പഠിപ്പിക്കുന്നുണ്ട്.. പിന്നെ സാൻഡ് ആർട്ട് ചെയ്യും.. ഒരു അഡ്വേർട്ടൈസിങ് കമ്പനിക്ക് വേണ്ടി വർക്ക് ചെയ്യുന്നുണ്ട്.. സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം മോട്ടിവേഷൻ ക്ലാസ് എടുക്കാറുണ്ട്.. നമ്മുടെ മൈൻഡ് ഡിസ്റ്റേർബ്ഡ് ആവുമ്പോ.. നമ്മൾ സ്വയം തളർന്ന് പോവുന്നതായി തോന്നുമ്പോഴൊക്കെ അവളോട് സംസാരിച്ചാൽ നമുക്ക് റിലാക്സ്ഡ് ആവാൻ പറ്റും.. ഷീ ഹാസ് ഏൻ അമേയ്സിങ് പവർ റ്റു ഹീൽ ദി വൂൻഡ്‌സ്(wounds ) ഓഫ് ഔർ മൈൻഡ്.."
അവന്റെ വാക്കുകളിലൂടെ ആരാധനക്ക് മുന്നിലും കല്യാണി ഒരത്ഭുതമായി മാറുകയായിരുന്നു...
"കല്ലു ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട് മാം.. അവൾക്ക് കിട്ടുന്ന സാലറി എല്ലാം സാന്ത്വനത്തിലേക്കാണ്.. അല്ലെങ്കിൽ അതുപോലെ ആവശ്യമുള്ള മറ്റുള്ളവർക്കായാണ്.. അവളുടെ ആവശ്യത്തിന് തുച്ഛമായ ഒരു തുകയേ എടുക്കൂ.. എനിക്കും പാത്തുവിനുമൊന്നും അങ്ങനെ എപ്പോഴും വരാൻ പറ്റാറില്ല.. ബട്ട് കല്ലു എത്ര തിരക്കുണ്ടെങ്കിലും ഇവിടെയുള്ളവർക്കായി സമയം കണ്ടെത്തിയിരിക്കും.. ഒത്തിരി കുറുമ്പും കുസൃതിയും തല്ലുകൊള്ളിത്തരവുമെല്ലാമുള്ള ഒരു കാന്താരിയാണ് അവള്.. മാമിന് അറിയോ.. അവളുടെ അമ്മേടേന്ന് ചീത്ത കേൾക്കാത്ത.. ഞങ്ങളുമായും അനിയനുമായും തല്ലുകൂടാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ ഉണ്ടാവില്ല.. അവളങ്ങനെയാണ്.... എപ്പോഴും ചിരിച്ചു കൊണ്ടേ ഞാനവളെ കണ്ടിട്ടുള്ളൂ.. ഫുൾ ഓഫ് പോസിറ്റീവ് എനർജി.. അതാണ് കല്യാണി..." അവൻ പുഞ്ചിരിയോട് കൂടി പറഞ്ഞുനിർത്തിയപ്പോൾ ആ ചിരി ആരാധനയുടെ അധരങ്ങളിലേക്കും വ്യാപിച്ചിരുന്നു...
"മാമിനെ ഞാൻ ബോറടിപ്പിച്ചോ..?" ജോൺ ചോദിച്ചപ്പോൾ ആരാധന മനസ്സിൽ പറഞ്ഞു 'നീ എനിക്ക് ചില ഉത്തരങ്ങൾ നൽകുകയാണ് ചെയ്തത്...'
"മാം എന്താ ഒന്നും മിണ്ടാത്തേ..?"
"ഏയ്.. ഒരു ബോറടിയും ഉണ്ടായില്ലെടോ.."
"ഞാൻ കല്ലുവിനെ പൊക്കി പറഞ്ഞതല്ലാട്ടോ.. സത്യമതാണ്.. എന്നുവെച്ച് ഒരു കുറവുമില്ലാത്ത ആളല്ല അവള്.. പക്ഷേ ആ കുറവുകളെ നമുക്ക് ഓർക്കാൻ തോന്നില്ല.."
അപ്പോഴേക്കും കല്യാണി അങ്ങോട്ട് വന്നു..
"മാം.. കുട്ടികളുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ വരുമോ..?" കല്യാണി വിനയത്തോടെ ചോദിച്ചു..
"അതിനെന്താ.. വരൂ.. പോവാം.."
ആരാധന എല്ലാവർക്കുമൊപ്പം നിന്ന് ഫോട്ടോയെടുത്തു.. ആ ഫോട്ടോ എല്ലാം കാണിച്ചു തരുമ്പോൾ കല്ലു മാത്രമേ ആരാധനയോടൊപ്പം ഉണ്ടായിരുന്നുള്ളൂ..
"സാന്ത്വനം ഒരു വിജയമാണോ കല്യാണി..??"
പെട്ടെന്നുള്ള ആരാധനയുടെ ചോദ്യത്തിൽ കല്യാണി ഒന്നമ്പരന്നു.. എങ്കിലും പറയാൻ മറുപടി അവൾക്കുണ്ടായിരുന്നു..
"ഇത് വിജയമോ പരാജയമോ പറയേണ്ട ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല മാം.. എങ്കിലും ചോദിച്ചതു കൊണ്ട് പറയാം.. സമൂഹം ഇര എന്ന ലേബൽ കൊടുത്ത് മാറ്റിനിർത്തിയവർക്ക് സ്വപ്നങ്ങളെത്തി പിടിക്കാൻ.. അച്ഛനമ്മമാരെ നഷ്ടപ്പെട്ടവർക്ക്.. അവരുപേക്ഷിച്ചവർക്ക് ഒരു കുടുംബം നൽകാൻ.. മക്കൾ ഉപേക്ഷിച്ചവർക്ക് മക്കളെ ലഭിക്കാൻ സാന്ത്വനം കാരണമായെങ്കിൽ.. ഇത്തിരിയെങ്കിലും അവർ സന്തോഷിക്കുന്നുണ്ടെങ്കിൽ.. തീർച്ചയായും ഇതൊരു പരാജയമല്ല..." അവളുടെ മറുപടി അവർക്ക് തൃപ്തികരമായിരുന്നു.. എന്നാൽ മറ്റൊരു ചോദ്യം കൂടെ മനസ്സിൽ അവശേഷിച്ചു..
"ഒരു കാര്യം കൂടെ ചോദിക്കട്ടെ..?"
"ചോദിക്കൂ മാഡം.."
"ചിലർ പാസ്റ്റിൽ ജീവിക്കാൻ ആഗ്രഹിക്കും.. മറ്റുചിലർ ഫ്യൂച്ചറിലും.. കുറച്ചുപേർ പ്രെസന്റിലും.. കല്യാണിക്ക് ഇതിനെപ്പറ്റിയുള്ള ഒപ്പീനിയൻ എന്താ.."
കല്യാണി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു..
"ഭൂതകാലം നമുക്കൊരിക്കലും മാറ്റാൻ കഴിയില്ല.. അവിടെ നമുക്കൊന്നും ചെയ്യാനുമില്ല.. എന്നാൽ മധുരമുള്ള ഓർമ്മകളെ മനസ്സിൽ സൂക്ഷിക്കുന്നതിൽ തെറ്റില്ല.. പിന്നെ സുഖദുഃഖ സമ്മിശ്രമാണ് ജീവിതമെന്നതാണ് യാഥാർത്ഥ്യമെങ്കിലും ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകൾ പുലർത്താം.. പ്രതീക്ഷകളാണല്ലോ മനുഷ്യന് ജീവിക്കാൻ പ്രേരണ നൽകുന്നത്.. എന്നിരുന്നാലും നമ്മളിപ്പോൾ ജീവിക്കേണ്ടത് വർത്തമാന കാലത്തിൽ തന്നെയാണ്.. ഇവിടെ ജീവിക്കാൻ മറന്നുപോയാൽ പിന്നെയതിനൊരു അവസരം ലഭിച്ചെന്ന് വരില്ല.."
"കല്യാണിയപ്പോൾ പഴയ കാര്യങ്ങൾ ഓർക്കാറുണ്ടല്ലേ...??" ആ ചോദ്യം കല്യാണിയുടെ മനസ്സിൽ ചില മുഖങ്ങൾ കൊണ്ടുവന്നു.. ആരാധനക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ നടന്നു... ആ പുഞ്ചിരിയിൽ അവളൊളിപ്പിച്ച ഉത്തരം ആരാധന കണ്ടെത്തിയിരുന്നു.....
ആരാധനയെ യാത്രയാക്കുമ്പോഴും കല്യാണിയുടെ മനസ്സ് ഉത്തരങ്ങളെ തേടിക്കൊണ്ടിരിക്കുകയായിരുന്നു... എന്നാൽ ആരാധനയുടെ മനസ്സ് ശാന്തമായിരുന്നു.. നിന്നെ വീണ്ടും കാണേണ്ടി വരും കല്യാണി.. വിധി അതാണ്... എന്ന് അവൾ മനസ്സിൽ മന്ത്രിച്ചു കൊണ്ടേയിരുന്നു....
വൈകീട്ട് പാത്തുവും കല്ലുവും ഒരുമിച്ച് സ്ക്കൂട്ടിയിലാണ് പോന്നത്.. തന്റെ സ്വപ്നത്തെക്കുറിച്ച് പാത്തുവിനോട് പറയാൻ അവൾക്കിതുവരെ അവസരം ലഭിച്ചില്ലായിരുന്നു.. ഈ സായംസന്ധ്യയിൽ അവളാ സ്വപ്നം വെളിപ്പെടുത്തി...
"ഡീ പാത്തുമ്മാ..."
"എന്താടീ കല്ലുമ്മക്കായേ..."
"ഞാനിന്നൊരു സ്വപ്നം കണ്ടിരുന്നു.."
"അതിലെന്താ ഇത്ര പുതുമ.. ഇജ്ജ് ഇടക്കിടക്ക് കാണാറിണ്ടല്ലോ..."
"ഇത് അതുപോലെ അല്ലാ.. ന്റെ വേളിയാ ഞാൻ കണ്ടേ.."
"യൂ മീൻ മാര്യേജ്..?" കല്ലു തലയാട്ടി.. അപ്പോൾ അവളുടെ മുഖത്ത് നിറഞ്ഞു നിന്ന നാണം മിററിലൂടെ പാത്തു കണ്ടു..
"ചെക്കനെ കണ്ടോ..??"
"ഇല്ലെടീ... മുഖം കാണാൻ പറ്റീല്യ.."
"പഷ്ട്... പിന്നെ കണ്ടിട്ടും വല്യേ കാര്യൊന്നുല്യല്ലോ.. അനക്ക് വേണ്ടി ഒരുത്തൻ ഉണ്ടല്ലോ.. ഇജ്ജ് ഓനേം മനസ്സിലിട്ടോണ്ട് നടക്കുവല്ലേ..."
പാത്തുവിന്റെ ആ സംസാരം കേട്ട് കല്ലുവിന്റെ മനസ്സിൽ ചില ഓർമകൾ വീണ്ടും ഓടിവന്നു.. അവൾ പെട്ടെന്ന് വണ്ടി നിർത്തി.....
(തുടരും..)
അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ ..
രചന: അശ്വതി രാവുണ്ണിക്കുട്ടി