കളിയിൽ അൽപ്പം കാര്യം

Valappottukal

" ടി, എനിക്കെന്തോ ടെൻഷൻ .... കളി കാര്യമായെന്ന തോന്നുന്നേ , നീ ഓഫിസിൽ നിന്ന് ഇറങ്ങുമ്പോൾ വിളിക്ക് , ഞാൻ ഇവിടെയുണ്ടാകും.... നിന്നെ കണ്ടിട്ടേ പോകുന്നുള്ളൂ ... " എന്ന് പറഞ്ഞു അവൻ ഫോൺ കട്ടാക്കുമ്പോഴേക്കും മനസ്സിൽ നൂറു ചോദ്യങ്ങൾ പൊങ്ങി വന്നിരുന്നു ..

  കളിക്കുട്ടുകാരനാണ് അനൂപ്  , പോരാത്തതിന് സഹപാഠിയും ..  ദുബായിൽ ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞിടം മുതൽ എല്ലാ കാര്യത്തിനും മുന്നിൽ നിന്നതും അനൂപാണ് , ' ഒരു പെൺകുട്ടി എങ്ങനെയാ തനിച്ച് അതും ഇത്രയും ദൂരമെന്ന് ' അച്ഛന്റെ ചോദ്യത്തിന് " ഞാൻ ഉണ്ടല്ലോ അച്ചാ , അവൾ പോന്നോട്ടെ  " എന്ന് പറഞ്ഞു ആശ്വസിപ്പിച്ചതും അനൂപായിരുന്നു.....  ഓഫിസിൽ നിന്ന് ഇറങ്ങി നേരെ അവന്റെ അരികിലേക്ക് എത്തും വരെയും മനസ്സിൽ എന്തോ ഒരു വെപ്രാളമായിരുന്നു , എന്തായിരിക്കും അവന്റെ മനസ്സിൽ എന്നത് ഓർത്തു , മെട്രോ സ്റ്റേഷന്റെ അടുത്തുള്ള  കോഫി ഷോപ്പിൽ തന്നെയും പ്രതീക്ഷിച്ചു നിൽക്കുന്ന അവന്റെ അരികിലേക്ക് എത്തും തോറൂം നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു ...

  " നീ എന്നെ ഒന്ന് സഹായിക്കണമെന്ന് " പറഞ്ഞു കൈയ്യിലിരുന്ന ഫോൺ എന്റെ നേർക്ക് നീട്ടിക്കൊണ്ടവൻ പറഞ്ഞപ്പോൾ അന്തം വിട്ട് അവന്റെ മുഖത്തേക്കും ഫോണിലേക്കും മാറി മാറി നോക്കിയിട്ടാണ് ഫോൺ ഞാൻ കയ്യിലേക്ക് വാങ്ങിയത് .. ഫേസ്‌ബുക്കിൽ നിള വാര്യർ എന്നൊരു അക്കൗണ്ട് ലോഗിൻ ചെയ്ത് ഇട്ടേക്കുന്നത് കണ്ടിട്ട് അവന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടിട്ടാണ് അവൻ പറഞ്ഞു തുടങ്ങിയത് ...

  നാട്ടിൽ നിന്ന് ആദ്യമായി ജോലി തിരഞ്ഞു വന്ന ആഷിക്കിന്റെ കഥ, നാട്ടിൽ മതപരമായ ചുറ്റുപാടും , വീട്ടുകാരുടെ കർക്കശമായ നിലപാടുകളും കാരണം വീടിന്റെ നാല് ചുമരിൽ തളക്കപ്പെട്ട ഒരു യുവാവിന്റെ കഥ , ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സോഷ്യൽ മീഡിയയിൽ ഒരു അക്കൗണ്ട്  പോലുമില്ലാത്ത ഒരു നിഷ്കളങ്കൻ ..എന്റെ റൂമിൽ ആരുമില്ലാത്തത് കൊണ്ടാണ് കമ്പനി എന്റെ റൂമിലേക്ക് അവനെ അയച്ചത് , കൂട്ടിനു ഒരാളായല്ലോ എന്ന് കരുതി ആദ്യം ആശ്വസിച്ചെങ്കിലും , സോഷ്യൽ മീഡിയ എന്തെന്ന് അറിയാത്ത അവൻ എന്നോട് വിശേഷങ്ങൾ പങ്ക് വെക്കുന്നത് അധികമായപ്പോഴാണ് നിയന്ത്രിക്കാൻ വേണ്ടി അവനെക്കൊണ്ട് ഫേസ്‌ബുക്കിൽ ഒരു അക്കൗണ്ട് എടുപ്പിച്ചത് , കാര്യങ്ങൾ ഒരു വിധം പഠിച്ചെങ്കിലും ആരും ചാറ്റാനില്ലാത്തത് കൊണ്ട് വീണ്ടും എന്നരികിലേക്ക് അവൻ എത്താതിരിക്കാൻ , പിന്നെ അവനെയൊന്ന് പറ്റിക്കാനും വേണ്ടിയാണ് ഞാൻ ഈ അക്കൗണ്ട് എടുത്ത് അവനോട് ചാറ്റിയത്‌ .....

തുടക്കത്തിൽ അവൻ ഒഴിഞ്ഞു മാറിയെങ്കിലും പതിയെ പതിയെ അവൻ നിളയിലേക്കു അടുത്തിരുന്നു , ഡ്യുട്ടി കഴിഞ്ഞു ഏഴു മണിക്ക് തുടങ്ങുന്ന ചാറ്റിംഗ് രാത്രി പന്ത്രണ്ട് മണിക്ക് അവസാനിച്ചാലും അവനു പറയാനുള്ളത് തീരുമായിരുന്നില്ല , കുഞ്ഞു നാളിൽ അവൻ ആഗ്രഹിച്ച ഒരു കൂട്ട് , എന്തും തുറന്ന് പറയാവുന്ന ഒരു സൗഹൃദം അതായിരുന്നു അവനു നിള , ആറു മാസക്കാലം അവൻ പറ്റിക്കപ്പെടുവായിരുന്നു എന്നു അവൻ അറിഞ്ഞാൽ അവൻ തകർന്നു പോകുമെന്ന് എനിക്ക് അറിയാം , അത്രക്ക് പാവമാണ് അവൻ ..അവന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ എന്തോ എനിക്ക് ഇത് ഞാനാണെന്ന് പറയാനും തോന്നുന്നില്ല എന്ന് പറഞ്ഞു എന്റെ കൈകളിൽ പിടിച്ചിട്ട് എന്ത്‌ ചെയ്യുമെടാ ഇനിയെന്ന് ചോദിച്ചു അവൻ എന്റെ മുഖത്തേക്കു നോക്കിയപ്പോൾ മനസ്സ് ശൂന്യമായിരുന്നെങ്കിലും , അവന്റെ ഒരു സമാധാനത്തിനു ആ ഐഡി വാങ്ങി ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു വണ്ടി കയറുമ്പോഴും മനസ്സ് കാലിയായിരുന്നു ..

ജോലിയുടെ തിരക്കിൽ പെട്ടത് കൊണ്ട് ആ ഐടിയുടെ കാര്യം മറന്നുവെങ്കിലും , എട്ട് മണിക്ക് അനൂപിന്റെ കോള് കണ്ടപ്പോൾ തന്നെ , ലാപ്ടോപ്പ് ഓൺ ആക്കി ആ ഐഡി ലോഗിൻ ചെയ്തപ്പോഴേക്കും അവന്റെ പത്തു മെസ്സേജ്  എന്നെ കാത്ത് കിടപ്പുണ്ടായിരുന്നു ..

എന്നെ കണ്ടയുടനെ വീണ്ടും അവൻ ടൈപ്പ് ചെയ്യുന്നത് കണ്ടിട്ടാ "ഒരു മിനിറ്റേ ... ഇപ്പോൾ വരാമെന്ന്" പറഞ്ഞു അവന്റെ പഴയ ചാറ്റിലൂടെയൊക്കെയൊന്ന് കണ്ണോടിച്ചത് , സംസാരം കുടുതലും ആഷിക്കാണ് ,നിള വെറുതെ മൂളി കൊണ്ടിരുന്നാൽ മതി , ഇടക്കിടക്ക് ഉറങ്ങിയോ എന്നവന്റെ ചോദ്യങ്ങൾക്ക് ഇല്ല എന്ന മറുപടിയുമാണ് കുടുതലും ....

   അവന്റെ സംസാരത്തിലെ നിഷ്‌കളങ്കതയും , അവന്റെ നിർത്താതെയുള്ള  ചാറ്റിങ്ങും ആദ്യം ആദ്യം എനിക്ക് ബോറായി തോന്നിയെങ്കിലും പതിയെ പതിയെ ഏഴ് മണിയാകാൻ കാത്തിരിക്കാൻ തുടങ്ങിയിരുന്നു ഞാനും , അവന്റെ സംസാരത്തിൽ , വീട്ടുകാരേക്കാൾ അവനോട് സംസാരിച്ചത് അവന്റെ കിങ്ങിണി പൂച്ചയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നു അവൻ അനുഭവിച്ച ഏകാന്തത ...ഒരിക്കൽപോലും മോശമായ വാക്കുകളോ , സംസാരമോ ഒന്നും ഉണ്ടായിരുന്നില്ല അവന്റെ വാക്കുകളിൽ എന്നത് എത്ര രാത്രി വരെയും അവനോട് സംസാരിക്കാൻ എനിക്ക് ഒരു ഭയവും ഉണ്ടായിരുന്നില്ല ..

അന്ന് ആദ്യമായി "ആഷിഖ് നിനക്ക് എന്നെക്കുറിച്ചു വല്ലതും അറിയാമോ" എന്ന ചോദ്യത്തിന് ഒന്ന് രണ്ടു ചിരി സ്മൈലി അയച്ചു തന്നിട്ട്   "നിള , ജോലി ചെയ്യുന്നത് ദുബായിൽ തന്നെ , നാട്ടിൽ കണ്ണൂർ .. എന്തേ അന്ന് നീ പറഞ്ഞതാ ഇതൊക്കെ , എനിക്ക് മറവിയൊന്നുമില്ല " എന്നവൻ പറഞ്ഞു തീരും മുമ്പേ ഞാൻ ചോദിച്ചു , ഞാൻ പറഞ്ഞതൊക്കെ കള്ളമായിരുന്നുവെങ്കിലോ .. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു .. "കള്ളമാണെങ്കിലും തിരുത്താൻ നിൽക്കണ്ട .. എനിക്കും ആരൊക്കെയോ ഉണ്ട് എന്ന് തോന്നിയത് നീ വന്നതിനു ശേഷമാ " എന്നവന്റെ മറുപടി എന്റെ കണ്ണ് നിറച്ചത് കൊണ്ടാ ആ പാവത്തിനെ വീണ്ടും പറ്റിക്കാതെ , ഞാൻ കുറച്ചു പഠനത്തിനായി അമേരിക്കയിലേക്ക് പോകുവാണെന്നും , എന്റെ പപ്പയും മമ്മയും അവിടെയുള്ളത് കൊണ്ട് ചാറ്റിംഗ് നടക്കില്ലെന്നും , എന്നെങ്കിലും കാണാമെന്നും പറഞ്ഞു അവന്റെ മറുപടി കാത്തു നിൽക്കാതെ പെട്ടെന്ന് ഞാൻ ലോഗൗട്ടാക്കി പുറത്തിറങ്ങിയിട്ട് അനൂപിനെ വിളിച്ചു "അവനെ നോക്കിക്കോണേന്നു " പറഞ്ഞു ഫോൺ കട്ടാക്കിയപ്പോഴേക്കും പൊട്ടി കരഞ്ഞു പോയിരുന്നു ഞാൻ ...

  പിറ്റേന്നുള്ള ഏഴുമണിയിൽ മനസ്സ് പതറിയെങ്കിലും അവൻ കൂടുതൽ വിഷമിക്കാതിരിക്കാൻ  വേണ്ടി ഞാൻ മനപ്പൂർവ്വം മാറി നിന്നിരുന്നു , ഒരു മാസത്തിനു ശേഷം അനൂപ് എന്നെ വിളിച്ചിട്ട് "അവൻ ഇപ്പോൾ ഓക്കേ ആയെന്നും ആരുമായോ ചാറ്റിംഗ് ഉണ്ടെന്നും ഉറങ്ങുന്നത് രാത്രി പന്ത്രണ്ട് മണിയാകും" എന്നവൻ പറഞ്ഞപ്പോ എനിക്ക് അവനോട് ദേഷ്യം തോന്നിയെങ്കിലും , ഞാനായി മാറി കൊടുത്തതല്ലേ എന്നോർത്തു സമാധാനിക്കാൻ ശ്രമിച്ചിരുന്നു .. 

ആറു മാസങ്ങൾക്ക് ശേഷം ആഷിക്ക് പിറ്റേന്ന് നാട്ടിൽ പോകുവാണെന്നു അനൂപ്  വിളിച്ചു പറഞ്ഞത് കേട്ടിട്ടാണ് അവനെയൊന്നുടെ കണ്ടിട്ട് അക്കൗണ്ട് ഡിആക്ടിവേറ്റ്‌ ചെയ്യാമെന്ന് കരുതി ലോഗിൻ ചെയ്തത് , ലോഗൗട്ട് ആക്കിയ അന്ന് മുതൽ ഇന്ന് വരെയും ഒരു ദിവസം പോലും മുടക്കമില്ലാതെ, ഒരു മറുപടി പോലും കിട്ടാതെ ഏഴുമണി മുതൽ പന്ത്രണ്ടു വരെ അവൻ എനിക്ക് അയച്ച മെസ്സേജുകൾ കണ്ട് പൊട്ടിക്കരഞ്ഞു കൊണ്ട്  ഒരു മൂലയിലേക്ക് ഇരുന്ന് പോയിരുന്നു ഞാൻ ...

  അനൂപിനെ വിളിച്ചു കാര്യങ്ങൾ പറയുന്നതിനിടക്ക് കരച്ചിലടക്കാൻ പാടുപെടുന്നത് കേട്ടിട്ടാകണം വണ്ടി എടുത്ത് അവൻ എന്റെ അടുക്കലേക്ക് ഓടി എത്തിയത് .. ഞാൻ കാരണമാ എല്ലാം , അവനോട് ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞു ഇറങ്ങാൻ നിന്ന അനൂപിന്റെ കൈ പിടിച്ചു "എനിക്ക് അവനെ ഇഷ്ടമാ , നീ എന്റെ കൂടെ നിൽക്കുമോ" എന്നെന്റെ ചോദ്യത്തിന് അവൻ അന്തം വിട്ട് എന്നെ നോക്കിയിരുന്നുവെങ്കിലും , കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകൾ കണ്ടിട്ടാകണം എന്റെ കൈ അവൻ ചേർത്തു പിടിച്ചത് ..

അനൂപ് പറഞ്ഞത് അനുസരിച്ചു ആഷിക്കുമായി എയർപ്പോർട്ടിലേക്കുള്ള യാത്രക്കിടയിൽ ഓഫിസിൽ നിന്ന് ഞാനും കയറിയിരുന്നു അവരുടെ കുട്ടത്തിൽ .. ഇത് അപർണ എന്ന് പറഞ്ഞു അനൂപ് എന്നെ അവനു പരിചയപ്പെടുത്തി കൊടുത്തപ്പോഴേക്കും എന്നെ നോക്കി ഒന്ന് ചിരിച്ചു ആഷിക്കെന്നവൻ സ്വയം പരിചയപ്പെടുത്തി .. വീട്ടിൽ ആരെക്കെയുണ്ട് എന്നെന്റെ ചോദ്യത്തിന് വാപ്പയും ഉമ്മയും , വാപ്പാന്റെ ഉപ്പയും എന്ന് പറഞ്ഞു അവൻ തിരിയും മുമ്പേ ഞാൻ ചോദിച്ചു , അപ്പോൾ ആഷിക്കിന്റെ ബെസ്റ്റി കിങ്ങിണി പൂച്ച എവിടെപ്പോയി എന്നെന്റെ ചോദ്യം അവനെ ആദ്യം ഞെട്ടിച്ചെങ്കിലും , ഒരു വലിയ ചിരിയോടെ അനൂപിന്റെ നേർക്ക് തിരിഞ്ഞു എന്നെക്കുറിച്ചു എല്ലാം വിസ്തരിച്ചു പറഞ്ഞിട്ടുണ്ടല്ലേ എന്നവന്റെ വാക്കിനു അനൂപ്  ഒരു ചിരി വരുത്താൻ ശ്രമിച്ചു ...

വണ്ടി എയർപോർട്ടിലേക്ക് എത്തിയപ്പോഴേക്കും , എന്തായാലും അനൂപിന്റെ വീട്ടിൽ പോകുമ്പോൾ ഈ സാധനം എന്റെ വീട്ടിൽ കൊടുക്കണം എന്ന് പറഞ്ഞു കയ്യിൽ കരുതിയിരുന്ന ഒരു പൊതി അവന്റെ നേർക്ക് നീട്ടിയിട്ട് , അവിടെ എത്തിയിട്ട് എന്നെ വിളിക്കാൻ മറക്കരുതെന്ന് പറഞ്ഞു നമ്പർ കൊടുത്തിട്ട് സേവ് ചെയ്യാൻ പോയ അവനോട് ഞാൻ പറഞ്ഞു എന്നെ വീട്ടിൽ വിളിക്കുന്ന നിള വാര്യർ എന്നിട്ടാൽ മതിട്ടോ ഫോണിലെന്ന  പറഞ്ഞു തീരും മുമ്പേ നിറഞ്ഞ അവന്റെ കണ്ണുകൾ എന്റെ മുഖത്തു പതിഞ്ഞിരുന്നു ... ചെറുതായി ഒന്ന് ചിരിച്ചിട്ട് അവന്റെ കണ്ണിലേക്ക് നോക്കി സംശയിക്കണ്ടടോ നിന്റെ നിള തന്നെയാണെന്ന് പറഞ്ഞപ്പോഴും വിശ്വാസം വരാതെ അവൻ നിൽക്കുന്നത് കണ്ടിട്ട ഫേസ്‌ബുക്കിലെ പ്രൊഫയിൽ അവനെ കാണിച്ചത് ...

  "എന്തിനാ എന്നെ വിട്ടിട്ട് പോയതെന്ന അവന്റെ ചോദ്യത്തിന്", അവനരികിലേക്ക് ചേർന്ന് നിന്ന് "ഞാൻ പോയിട്ടും എന്തെ നീ പോകാഞ്ഞതെന്ന" ചോദ്യത്തിന് മൗനമായിരുന്നു അവന്റെ മറുപടിയെങ്കിലും നിറഞ്ഞൊഴുകിയ അവന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു "ഞാനായിരുന്നു അവന്റെ എല്ലാമെന്ന് , അവന്റെ ജീവനെന്ന് ........"
ഇതുപോലുള്ള കഥകൾ ദിവസവും വായിക്കുവാൻ ഹലോയിൽ വളപ്പൊട്ടുകൾ എന്ന ഈ പേജ് ഫോളോ ചെയ്യൂ...

രചന: Shanavas Jalal

To Top