"എന്താടീ വണ്ടി നിർത്ത്യേ..?" പാത്തു ചോദിച്ചപ്പോൾ കല്ലു ഒന്നും മിണ്ടിയില്ല.. പകരം വണ്ടി ബീച്ചിലേക്ക് തിരിച്ചുവിട്ടു.. കരയിലേക്കോടി വരുന്ന തിരമാലകൾ അവളുടെ പാദങ്ങളെ നനയിച്ചു... വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അവൾ നിന്നു.. തോളിലൊരു കൈ പതിഞ്ഞപ്പോഴും അവൾ തിരിഞ്ഞു നോക്കിയില്ല.. പാത്തു അവളോട് ചേർന്ന് നിന്നു..
"ഇജ്ജ് പഴേതെല്ലാം ആലോചിച്ചല്ലേ..." മറുപടി മൗനമായിരുന്നു.. കല്ലുവിന്റെ ദൃഷ്ടി അപ്പോഴും കടലാഴങ്ങളിൽ തങ്ങി നിന്നു..
"സോറി ടീ.. ഞാൻ പെട്ടെന്ന് പറഞ്ഞു പോയതാ.. അന്റെ മനസ്സിലുറങ്ങി കിടക്കുന്ന ഒരു നോവാണ് അതെന്ന് ഞാനോർത്തില്ല.."
"സുഖമുള്ളൊരു നോവാണത് പാത്തൂ.. മറവിയുടെ മാറാലക്കെട്ടിലേക്ക് എനിക്കൊരിക്കലും വലിച്ചെറിയാൻ കഴിയാത്തൊരു ഓർമ..." കടലിലേക്ക് തന്നെ നോക്കിക്കൊണ്ടവൾ പറഞ്ഞു..
"എന്തോണ്ടാ മറക്കാൻ കഴിയാത്തേ മോളേ.. അനക്ക് തോന്നുന്നുണ്ടോ എന്നേലും ഓൻ തിരിച്ചു വരുന്ന്.. എന്തിനാ സ്വയം പ്രതീക്ഷ നൽകി വിഷമിക്കുന്നേ.." കല്ലു അവളെ നോക്കി പുഞ്ചിരിച്ചു..
"പ്രതീക്ഷകളില്ലാതെ ജീവിതമുണ്ടോ പാത്തൂ.. പിന്നെ വിഷമം.. അങ്ങനെ വിഷമിച്ചൊരു ജീവിതം കല്യാണി ഇഷ്ടപ്പെടുമെന്ന് നിനക്ക് തോന്നിണ്ടോ..?" പാത്തു നിർവികാരതയോടെ അവളെ നോക്കി..
"ഒരിക്കലും അമിതപ്രതീക്ഷകളോ.. മോഹങ്ങളോ.. വിഷമങ്ങളോ എന്നെ കീഴ്പ്പെടുത്തില്ല പാത്തൂ.. അതിന് ഞാനനുവദിക്കില്ല.. എന്നാൽ ശുഭപ്രതീക്ഷ അതെപ്പോഴും ന്റെ കൂടെണ്ടാവും.."
പാത്തു അവളുടെ കൈകളിൽ മുറുകെപ്പിടിച്ചു.. പിന്നീട് അവർ പരസ്പരം ഒന്നും മിണ്ടിയില്ല.. കുറച്ച് നേരം ആ മണൽപ്പരപ്പിൽ ഇരുന്നു.. സൂര്യൻ ഇന്നത്തെ പകലിന്റെ അന്ത്യമറിയിച്ചതോടെ അവരും വീട്ടിലേക്ക് യാത്രയായി.. പാത്തുവാണ് സ്ക്കൂട്ടിയോടിച്ചത്.. കല്ലു അപ്പോഴും ചിന്തകളിലായിരുന്നു ചുണ്ടിലൊരു പുഞ്ചിരിയോടെ...!!
വീട്ടിലെത്തിയപ്പോൾ അമ്മ പടിക്കൽ തന്നെ കാത്തുനിൽപ്പുണ്ട്.. നേരം വൈകിയതിന്റെ ദേഷ്യം ആ മുഖത്ത് തെളിഞ്ഞു കാണാം..
"ന്താ കുട്ട്യോളേ.. നേരത്തും കാലത്തും വീട്ടിലെത്തണം എന്ന ചിന്തയൊന്നൂല്യേ നിങ്ങൾക്ക്.. " മുഖത്തുള്ളത്ര ദേഷ്യം വാക്കുകളിൽ പ്രതിഫലിച്ചില്ല...
"സോറി അമ്മാ.. എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോ ഇത്തിരി വൈകിപ്പോയി.."
"എന്നും പറയാൻ ഓരോ കാരണം ഇണ്ടല്ലോ നിങ്ങക്ക്.." രണ്ടാളും പരസ്പരം നോക്കി ചിരിച്ചു..
"ചിരിക്കാതെ ഇങ്ങട് കേറി വാ.."
"ഞാൻ പോവാ അമ്മാ.." യാത്ര പറഞ്ഞ് പോകാൻ നോക്കിയവൾ അമ്മയുടെ "പാത്തൂ.."
എന്ന വിളി കേട്ടപ്പോൾ ഉടനടി അകത്തേക്ക് കയറിപ്പോയി.. അകത്ത് ചെന്ന് ഏട്ത്തുവിനോടും മുത്തശ്ശിയോടും സംസാരിച്ചിരുന്നു.. അച്ഛനും ചിന്നൂട്ടിയും ദീപാരാധന തൊഴാൻ പോയിട്ട് വന്നിട്ടുണ്ടാർന്നില്ല..
"അല്ലേലും അച്ഛന് വയസ്സാവും തോറും ഭക്തി കൂടിക്കൂടി വരിണ്ട്.. ഇനീപ്പോ ചിന്നൂട്ടിയെ അച്ഛനേക്കാൾ വലിയ ഭക്തയാക്കും എന്നാണ് തോന്നണേ.. ഇവര്ടെ ശല്യം സഹിക്കാൻ വയ്യാന്റെ ദേവി അവിട്ന്ന് ഇറങ്ങിപ്പോവോണാവോ.. " ഇത് കല്ലു മനസ്സിൽ പറഞ്ഞതാ കേട്ടോ.. ഈ ഡയലോഗ് പുറത്തേക്ക് വന്നാൽ അമ്മേടെ ഭരണിപ്പാട്ട് കേൾക്കേണ്ടി വരുന്ന് അവൾക്കറിയാം..
"കുട്ടേട്ടൻ വന്നില്യേ ഏട്ത്തു.."
"ഇല്ല.. ഇന്നിനി വരവ് കണക്കാ.. ആ പേഷ്യന്റിന് പെയിൻ വന്നിട്ടും പോയിട്ടും നിൽക്കുവാന്ന്.. രാത്രി ഡെലിവറി ഉണ്ടാവോന്ന് പറയാൻ പറ്റില്യാ.."
"അപ്പോ ഡോക്ടർ സാറിനെ ഇനി നാളെ നോക്കിയാ മതീലേ.."
"ആ കുട്ടി പ്രസവിച്ചിട്ടേ ഇനി ഇങ്ങട് വരത്തുള്ളൂ പാത്തൂ.."
"ഉം.."
അപ്പോഴേക്കും അമ്മ പാത്തുവിന്റെ കയ്യിൽ ഒരു പൊതി കൊണ്ടുവന്ന് കൊടുത്തു..
"ഇത് ഉണ്ണിയപ്പം ആണ്.. സന്ധ്യ നേരത്ത് ഭക്ഷണം കഴിക്കരുത് എന്നത് കൊണ്ടാ നിനക്കിപ്പോ തരാത്തേ.." പാത്തു തലയാട്ടി..
"അല്ല അമ്മാ.. ഒരു ഡൗട്ട്.. വിളക്ക് കൊളുത്തി കഴിഞ്ഞാൽ ഇങ്ങനെ കൊടുക്കണതും വാങ്ങണതും ഒന്നും ശരിയല്ലല്ലോ.. അപ്പോ പിന്നെ അമ്മ എന്തിനാ ഈ പെണ്ണിനെ ഇങ്ങട്ട് വിളിച്ചു കേറ്റ്യേ..?" കല്ലുവിന്റെ പരിഹാസത്തോടെയുള്ള ചോദ്യത്തിന് തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു അമ്മയുടെ മറുപടി.. കല്ലു വേഗം കൈ കൊണ്ട് വാ പൊത്തിക്കാണിച്ചു.. പാത്തുവിന് ചിരി വരുന്നുണ്ടായിരുന്നു..
"എന്നാ ഞാനിറങ്ങാ അമ്മാ.." പാത്തു പറഞ്ഞു..
"നിൽക്ക്.. നീയൊറ്റക്ക് പോണ്ട.."
"ഞാൻ ഇബൾടെ സ്‌കൂട്ടി എട്ത്ത് പൊക്കോളാം അമ്മാ.."
"എന്നാലും ഒറ്റക്ക് തന്നെ അല്ലേ.. അത് വേണ്ട.. കുഞ്ഞു കൊണ്ടാക്കും നിന്നെ.." അവൾ പിന്നെ അമ്മയെ എതിർത്ത് പറഞ്ഞില്ല.. പറഞ്ഞാലും സമ്മതിക്കില്ലെന്നറിയാം..
"ആ ചെക്കൻ കുളിക്കാൻ കുളത്തിൽക്ക് പോയേക്കാ.. സന്ധ്യ കഴിഞ്ഞിട്ടാ കുളീം തേവാരോം ഒക്കെ.. ഇതൊന്നും നല്ല ശീലല്ലാന്ന് പറഞ്ഞാ ഒറ്റയെണ്ണം കേൾക്കില്ല്യാ.." അമ്മ അവളേയും കൂടി ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് കല്ലുവിന് മനസ്സിലായി.. പാത്തുവിനോട് റ്റാറ്റയും പറഞ്ഞ് അവൾ വേഗം മുറിയിലേക്ക് വലിഞ്ഞു...
കുഞ്ഞു കുളിച്ചു വന്നപ്പോൾ പാത്തുവും അവനും കൂടെ ഇറങ്ങി..
"അപ്പോ ശരി.. രാത്രി യാത്രയില്ല.." പാത്തു എല്ലാവർക്കും കൈ വീശി കാണിച്ചു..
"രാത്രി എന്ന് പറയാനായില്ലല്ലോ പാത്തു.. സന്ധ്യ മയങ്ങീതല്ലേള്ളൂ.." കാർത്തിക് ചോദിച്ചു..
"ചുമ്മാ കിടക്കെട്ടെടാ.. അനക്ക് നഷ്ടൊന്നൂല്യല്ലോ.."
"ഇല്ലേയ്.. നീ പറഞ്ഞോ.. "
"അന്ത ഭയം ഇറുക്കട്ടും.. വണ്ടിയെടുക്ക് മഹനേ..."
"ഉത്തരവ്..."
പാത്തുവിനെയും കൊണ്ട് കാർത്തിക്കിന്റെ ബൈക്ക് റോഡിലേക്കിറങ്ങി.. നന്നായി കാറ്റ് വീശുന്നുണ്ടായിരുന്നു.. പാത്തുവിന് നല്ല തണുപ്പ് തോന്നി..
"ഡാ ചെക്കാ.. ഇജ്ജ് എങ്ങനാടാ ഈ തണ്പ്പത്ത് കൊളത്തിലൊക്കെ കുളിച്ചേ.."
"അതൊരു പ്രത്യേക സുഖാ പാത്തൂ.. തണുപ്പൊന്നും അങ്ങനെ അറിയൂല.."
"സമ്മയ്ച്ചു അന്നെ.. എന്നെക്കൊണ്ടൊന്നും പറ്റൂല.."
"നീയാർടെയാ കൂട്ടുകാരി.. കല്ലൂന്റെയല്ലേ.. അപ്പോ നിന്നെക്കൊണ്ട് പറ്റില്ല്യ.. അവൾക്കും ഇപ്പോ കുളമൊന്നും പറ്റൂലല്ലോ.. ചെറുപ്പത്തിൽ എങ്ങനെ നീന്തിയിരുന്നവളാ.. കുളത്തീന്ന് കേറാൻ മടിയാർന്നൂന്ന് അമ്മ പറഞ്ഞു കേട്ടിണ്ട്.. പക്ഷേ ഇപ്പോ ആ ശീലമൊക്കെ മാറിയല്ലോ.." അതിന്റെ കാരണമെന്താണെന്ന് പാത്തു മനസ്സിൽ ഓർത്തു.. അവൾ സ്വയം അതിൽ നിന്നെല്ലാം മാറിനിൽക്കുന്നതാണ്... പാവം.. എന്തൊക്ക പറഞ്ഞാലും അവള്ടെ ഉള്ളിലൊരു നീറ്റലുണ്ട്.. പഴയ ഓർമകൾ ചിലപ്പോഴൊക്കെ അവൾക്കുള്ളിൽ കിടന്ന് വിങ്ങുന്നുണ്ട്..
"നിന്റെ സൗണ്ട് പോയോ പാത്തൂ.." കാർത്തിക് ചോദിച്ചപ്പോൾ പാത്തു ചിന്തയിൽ നിന്നും പുറത്ത് വന്നു..
"ഈ സൗണ്ട് അങ്ങനൊന്നും പോവൂല മോനേ.. അല്ലാ അന്റെ ബൈക്ക് എപ്പോ കിട്ടി.. രാവിലെ കേടല്ലാർന്നോ.." പാത്തു കളിയാക്കുംപോലെ ചോദിച്ചു..
"ഉത്തരം അറിഞ്ഞുവെച്ചോണ്ട് ഈ ചോദ്യം എന്തിനാ ന്റെ പാത്തൂ.. ഫുൾ സ്റ്റോറീം കല്ലു പറഞ്ഞു കാണൂലോ.. അതോണ്ട് തന്നെ അവളെ ശ്രീജിത്തിന്റെ വീട്ടിലെത്തിക്കാൻ ഞാൻ കള്ളം പറഞ്ഞതാന്നും നിനക്കറിയാം.." പാത്തു ചിരിച്ചു..
"ഓള് മൊഞ്ചത്തി ആണോടാ.."
"ആര്..???"
പാത്തു അവന്റെ കവിളിൽ പിടിച്ച് വലിച്ചു..
"അയ്യോ.. ഒന്നും അറിയാത്ത പോലെ.. ഗൊച്ചു ഗള്ളൻ.. എന്തായാലും ഞാൻ വിശദമാക്കാം.. അന്റെ ആ പെണ്ണില്ലേ.. നമ്മടെ കല്ലൂന്റെ ഫാനോ ഏസിയോ ആയിട്ടുള്ള.. ന്താ ഓൾടെ പേര്...."
"ഉമ..."
"ആ.. അതന്നെ.. ഉമയോ പാർവതിയോ.. ആരായാലും.. അവൾടെ കാര്യാ ഞമ്മള് ചോദിച്ചേ.."
"അവള്.. കാണാൻ കൊള്ളാം... തരക്കേടില്ല.. ന്നാലും നിന്റത്ര പോര പാത്തൂ.."
"അതങ്ങനല്ലേ വരൂ.. എന്റത്ര സൗന്ദര്യം പടച്ചോൻ വേറെ ആർക്കും കൊടുക്കില്ല..." പാത്തു ഗമയോടെ പറഞ്ഞു..
"ഉം..ഉം.. ഞാനൊന്ന് പതച്ചപ്പോ നീയതിൽ വീണ്ടും വീണ്ടും സോപ്പ് തേച്ചോണ്ടിരിക്കാണോ.."
"ഹി..ഹി.."
അപ്പോഴേക്കും പാത്തുവിന്റെ വീടെത്തി... കാർത്തിക് അവളെ ഇറക്കി വണ്ടി തിരിച്ചു..
"കേറീട്ട് പോവാടാ.."
"പിന്നെയാവാടീ.. പോയിട്ട് കുറച്ചു വർക് ഉണ്ട്.."
"എന്നാൽ ശരി.. ബൈ ബൈ.."
"ഉപ്പേം ഉമ്മേം നോക്കിയിരിക്കണുണ്ടാവും.. കേറിപ്പോടീ.. എന്നിട്ടേ ഞാൻ പോണുള്ളൂ.."
"ഓ.. ഉത്തരവാദിത്തമുള്ള ആങ്ങള.. ആയിക്കോട്ടെ.. ഞാൻ എപ്പോ അകത്തെത്തി എന്ന് ചോദിച്ചാ മതി.." അവൾ കേറിപ്പോയപ്പോൾ അവൻ വീട്ടിലേക്ക് പോന്നു..
...*
രാത്രി ഭക്ഷണത്തിന് ശേഷം തന്റെ മുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു കല്യാണി.. അമ്പിളിമാമന്റെ പുഞ്ചിരിതൂകുന്ന മുഖം അവളുടെ മനസ്സിന് കുളിർമയേകി...
കുറച്ചു നേരം അങ്ങനെ ഇരുന്നതിന് ശേഷം അവളെഴുന്നേറ്റു.. കട്ടിലിനടിയിൽ നിന്നും പതിയെ ശബ്ദമുണ്ടാക്കാതെ ഒരു പെട്ടി വലിച്ചെടുത്തു.. തുറന്നപ്പോൾ തന്നെ കരിവളകളാണ് കണ്ടത്.. അതിനൊപ്പമൊരു എഴുത്തും.. 'നിനക്കായ്... നിന്റെ സ്വന്തം' അവളുടെ ചുണ്ടിൽ വിഷാദച്ചുവയുള്ളൊരു പുഞ്ചിരി വിടർന്നു.. അത് പുറത്തേക്കെടുത്ത് വീണ്ടും ചിലത് തിരയവേ പെട്ടെന്ന് ഫോൺ ശബ്ദിച്ചു.. അവൾ കരിവളകൾ ഉള്ളിലേക്ക് തന്നെ വെച്ച് പെട്ടിയടച്ചു.. കട്ടിലിനടിയിലേക്ക് നീക്കിവെച്ചു..
ഫോൺ എടുത്ത് നോക്കിയപ്പോൾ ജോൺ ആണ്..
"ന്താടാ അച്ഛായാ ഈ നേരത്ത്...??"
"നീ ഉറങ്ങിയിരുന്നോ..?"
"ഇത് ചോദിക്കാനാണോ വിളിച്ചേ..."
"അല്ലടീ.. ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വിളിച്ചതാ.. നാളെയാണ് സാനിയ കേസിന്റെ ഫൈനൽ ഹിയറിങ്.."
"നാളെയോ..??"
"അതേ.. പെട്ടെന്നുള്ള തീരുമാനമായിരുന്നു.. എന്തോ പ്രോബ്ലം ഉണ്ടായി.. "
"ഉം.. ഞാനുണ്ടാവും നാളെ കോടതിയിൽ.. എനിക്ക് കേൾക്കണം വിധി..."
"ശരി കല്ലൂ.. ഇന്നിത് നിന്നോട് പറയാതെ കിടന്നാൽ എനിക്ക് ഉറക്കം വരില്ല.. അതാ അറിഞ്ഞപ്പോ തന്നെ വിളിച്ചത്.. ഗുഡ് നൈറ്റ്.."
"ഗുഡ് നൈറ്റ്..."
നാളത്തെ ദിവസത്തെ കുറിച്ചും വരാൻ പോകുന്ന കോടതിവിധിയെ കുറിച്ചും ആലോചിച്ച് അവൾ കിടന്നു.. പതിയെ പതിയെ അവളുടെ ചിന്തകളെ ഉറക്കം കവർന്നെടുത്തു......
രാവിലെ നേരത്തെ എഴുന്നേറ്റ് വരുന്ന കല്ലുവിനെ കണ്ട് അമ്മ അന്തം വിട്ടു...
"എന്താ മാതാശ്രീ ഇങ്ങനെ നോക്കണേ..?"
"ന്റെ മോള് ഇപ്പോഴേ എണീച്ചു വന്നത് കണ്ടിട്ട് നോക്കിയതാണേ..."
"ഞാൻ നന്നായെന്നേ.. അമ്മ ചായ താ.."
"നീ നന്നായീന്ന്.. അവിശ്വസനീയമായ നുണ.. ഇന്നെവിടെയാ കേസും കൂട്ടോം ഉള്ളേ..?" ചായ കപ്പിലേക്ക് പകർന്ന് കൊണ്ട് അമ്മ ചോദിച്ചു..
"അമ്മക്കെങ്ങനെ മനസ്സിലായി.."
"നിന്റല്ലേ അമ്മ.. ഇതൊക്കെ മനസ്സിലാക്കാൻ എളുപ്പാ.." കല്ലു അമ്മയെ നോക്കി ചമ്മിയ ചിരി ചിരിച്ചു..
"അന്നത്തെ ആ കേസില്ലേ അമ്മേ.. സാനിയ..."
പറഞ്ഞു മുഴുവനാക്കും മുന്നേ അമ്മയുടെ കയ്യിൽ നിന്നും ചായക്കപ്പ് താഴേക്ക് വീണു.. ആ മുഖത്ത് ഭയം വ്യക്തമായിരുന്നു..
"നിനക്ക് മതിയായില്ലേ കല്ലൂ..." അമ്മ ദേഷ്യത്തോടെ ചോദിച്ചു..
"ഇല്ലമ്മേ.. പ്രതികൾക്ക് ശിക്ഷ കിട്ടിയാലേ നിക്ക് സമാധാനാവൂ..."
"മോളേ.. അമ്മ പറയുന്നത് നീയൊന്ന് കേൾക്ക്.. നീ സാക്ഷി പറയാൻ പോയപ്പോൾ എന്തൊക്കെ ഭീഷണി നേരിടേണ്ടി വന്നതാ.."
"എന്നിട്ട് ഞാനിപ്പോഴും ജീവനോടെ തന്നെയില്ലേ അമ്മേ.. അവരൊന്നും ചെയ്യാൻ പോണില്ല.."
"അതിലെ മുഖ്യ സാക്ഷികളിൽ ചിലർ പിന്മാറിയില്ലേ മോളേ.. പിന്നെ നിനക്കായാലെന്താ..??"
"അമ്മക്ക് ഇതെങ്ങനെ പറയാൻ കഴിയുന്നമ്മേ..???" അവൾ ദേഷ്യത്തോടെ അമ്മയെ നോക്കി..
"കാരണം ഞാൻ നിന്റെ അമ്മയായത് കൊണ്ട്..!!! നിക്ക് പേട്യാ കുട്ടീ നിന്റെ കാര്യമോർക്കുമ്പോ..." അവരുടെ സ്വരത്തിൽ പതർച്ച ഉണ്ടായിരുന്നു..
"അമ്മേ.. ഇതുപോലൊരമ്മ സ്വന്തം മകളെക്കുറിച്ചോർത്ത് കരയുന്നുണ്ട്.. ആ കണ്ണീര് നമ്മൾ കാണണ്ടേ.. പിന്നെ പേടിച്ചിരുന്നാൽ ഒരു കാര്യവും നമുക്ക് ചെയ്യാൻ പറ്റില്ല.. അതുകൊണ്ട് പേടിയെ നമ്മള് തോൽപ്പിച്ചേ മതിയാവൂ.."
"എന്നാലും..."
"അവള് പോട്ടേ അമ്മേ.." ആ ശബ്ദം കേട്ട് അമ്മയും കല്ലുവും ഒരുമിച്ച് തിരിഞ്ഞു നോക്കി.. മൈഥിലി അവർക്കടുത്തേക്ക് വന്നു..
"കല്ലു അവിടെ പോണം അമ്മേ.. ആ വിധി കേൾക്കാൻ വേണ്ടി മാത്രല്ല.. ആ വീട്ടുകാരെ സപ്പോർട്ട് ചെയ്യാനും.. ഇവളെപ്പോലൊരാളുടെ ആവശ്യം അവിടെയുണ്ട്.." മൈഥിലി പറയുന്നത് ശരിയാണെന്ന് അമ്മക്കറിയാമായിരുന്നു.. എങ്കിലും സ്വന്തം മകളുടെ സുരക്ഷയെ കുറിച്ചോർത്ത് ആ മാതൃഹൃദയം വ്യഥ പൂണ്ടു..
"അമ്മ പേടിക്കേണ്ട.. നിക്കൊന്നും പറ്റില്യാ.. ഇന്ന് എന്നെ വിസ്തരിക്കലൊന്നും ഇല്ല്യാ.. അതൊക്കെ മുന്നേ കഴിഞ്ഞതല്ലേ.. പക്ഷേ എനിക്കവിടെ പോയേ പറ്റൂ..." അവസാനത്തെ വാചകം ഉറച്ച ശബ്ദത്തിലാണ് അവൾ പറഞ്ഞത്.. ഇനിയവളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അമ്മക്കറിയാമായിരുന്നു.. അവരവൾക്ക് മൗനാനുവാദം നൽകി...
"അച്ഛനും കൂടെ വരാം മോളേ.." ഇറങ്ങാൻ നേരം കൃഷ്ണൻ നമ്പൂതിരി പറഞ്ഞു..
"വേണ്ട അച്ഛാ.. ഞാൻ പൊക്കോളാം.."
"ഒറ്റക്ക് പോണ്ട മോളേ.."
"ന്റെ നമ്പൂരിശ്ശാ.. അമ്മേ പോലെ പേടി തുടങ്യോ.. നേരിട്ട് യുദ്ധത്തിന് വരുന്നവരെ നേരിടാൻ നിക്ക് കഴിയും.. ഒന്നൂല്യേലും ഞാൻ പഴയ കളരിയല്ലേ.. പഠിച്ച മുറകളൊന്നും മറന്നിട്ടില്ല ഈ കല്യാണി.. പിന്നെ ഒളിപ്പോര് നടത്തണ ഭീരുക്കളെ പേടിച്ചൊളിച്ചിരിക്കാൻ ന്നെ ക്കൊണ്ട് പറ്റില്ല്യാന്ന് അറിയാലോ..." അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
"ജോൺ ഉണ്ടാവില്ലേ.."
"ആ.. അവൻ കോർട്ടിൽ ഉണ്ടാവും.."
"ഉം.. സൂക്ഷിച്ചു പോ.. ന്നെ വിളിക്കാൻ മറക്കല്ലേട്ടോ.."
"ശരി അച്ഛാ.. ബൈ.." സ്ക്കൂട്ടി മുന്നോട്ട് പോകുമ്പോൾ പിറകിൽ നിന്നും തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന മൈഥിലിയെ കല്യാണി മിററിലൂടെ കണ്ടു.. ആ മനസ്സ് അവൾക്ക് വായിക്കാൻ കഴിഞ്ഞു.. അവർക്ക് തമ്മിൽ സംസാരിക്കാൻ ചില നേരം വാക്കുകൾ ആവശ്യമില്ലായിരുന്നു...!
കല്ലു കോടതിയിൽ എത്തിയപ്പോൾ ജോൺ അവളെയും കാത്തുനിൽപ്പുണ്ടായിരുന്നു...
"അച്ഛായോ.. പേടി ഒന്നൂല്യല്ലോ അല്ലേ.. കോടതിയിൽ കേറുമ്പോ മുട്ടിടിക്കരുത് കേട്ടോ.." അവൾ അവന്റെ കറുത്ത കോട്ട് ഒന്നുകൂടെ ശരിയാക്കി ഇട്ടുകൊണ്ട് പറഞ്ഞു..
"ഒന്ന് പോടീ.. കോടതിയിൽ കേറാൻ തുടങ്ങിയിട്ട് ഇന്നേവരെ ഈ ജോൺ അവിടെ നിന്ന് വിറച്ചിട്ടില്ല.. ഇനിയും ആ ധൈര്യം ഉണ്ടാവും.. അവിടെ കൊടുങ്കാറ്റ് അടിച്ചാലും നിന്റെ അച്ഛായൻ കുലുങ്ങത്തില്ല.." അവന്റെ മറുപടി അവൾക്കിഷ്ടപ്പെട്ടു.. ആ ഉത്തരം പ്രതീക്ഷിച്ചു കൊണ്ടാണ് കല്യാണി അങ്ങനെ ചോദിച്ചതും.. അതവനും അറിയാമായിരുന്നു.. ആ ചോദ്യം കേൾക്കുമ്പോൾ.. അതിന് ഉറച്ച മറുപടി നൽകുമ്പോൾ അവന്റെ ആത്മവിശ്വാസം ഉയരാറുണ്ട്.. ഇന്നും അതുപോലെ തന്നെയായിരുന്നു..
മറ്റു ചില വക്കീലന്മാർ വന്നപ്പോൾ ജോൺ അവരോട് സംസാരിച്ചു കൊണ്ട് നിന്നു.. കല്ലു അവിടെ നിന്നും മാറി നിന്ന് ഫോൺ വിളിച്ചു..
"ഹലോ..." മറുതലക്കൽ ഒരു പെൺശബ്ദമായിരുന്നു...
"ഇന്നാണ് വിധി..!!"
(തുടരും..)
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: അശ്വതി രാവുണ്ണിക്കുട്ടി