ഫോട്ടോഗ്രാഫർ: അനീഷ് തൃത്തല്ലൂർ
വിവാഹം കഴിഞ്ഞ അദ്യ നാളുകളിൽ അവൾ വീട്ടുജോലി ചെയ്യുന്നിടത്തെല്ലാം എന്റെ സാമീപ്യവുമുണ്ടായിരുന്നു.
അടുക്കള വശത്തെ അമ്മിക്കല്ലിൽ അരച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിലൂടെ ചെന്നു അവളുടെ കവിളിൽ മുഖം ചേർക്കുമായിരുന്നു.
ഏട്ടാ..
നല്ല എരിവുള്ള മുളകാണേ. ഞാനെടുത്തു മുഖത്തു തേയ്ക്കുമെന്നു പരിഭവം നിറഞ്ഞ ദേഷ്യത്തോടെ അവൾ പറയുമായിരുന്നു.
മൂന്നാം മാസം നിന്നെ പുളിമാങ്ങ തീറ്റിയ്ക്കുമെന്നു ഒരു ചെറുചിരിയോടെ പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കുമ്പോൾ. അയ്യട..
നോക്കിയിരുന്നോ, ഇപ്പോൾ തീറ്റയ്ക്കാമെന്നു പറഞ്ഞു നാണത്തോടെ അവളുടെ പാളിയുള്ള നോട്ടമാണ് ഇന്നും മനസ്സിലുള്ളത്.
ഒരു തുലാവർഷ വൈകുന്നേരം റേഷൻ കടയിൽ പോകാനിറങ്ങിയപ്പോൾ,
ഏട്ടാ..
ഞാനും വരുന്നു റേഷൻ കടയിലേക്കെന്നു പറഞ്ഞു മണ്ണെണ്ണ കന്നാസ്സുമായി എന്നോടൊപ്പം കുടയിലേക്കു അവൾ ഓടി കയറി.
കവലയിലേ ചായക്കടയിലെ തടിബെഞ്ചിലിരിന്നു ചൂടു പരിപ്പു വടയും, ചൂടു ചായയുമൂതി കുടിച്ചുക്കൊണ്ടു മഴയും നോക്കി ഞങ്ങളിരിക്കുമായിരുന്നു.
ഒരു കൈയ്യിൽ മണ്ണെണ്ണ കന്നാസ്സും
മറുകൈയ്യിൽ അവളെയും ചേർത്തു പിടിച്ചു തിരിച്ചു നടക്കുമ്പോൾ കുടയുടെ അധിക ഭാഗവും എന്റെ തലയ്ക്കു മുകളിലേക്കു അവൾ പിടിയ്ക്കുമായിരുന്നു.
കുറച്ചു കൂടി ചേർന്നു നടക്കു ഏട്ടാ.
മഴ നനഞ്ഞു പനിപിടിപ്പിക്കണ്ടായെന്നു ഇടയ്ക്കിടെ അവൾ ഓർമ്മിപ്പിച്ചു കൊണ്ടിരിന്നു.
ഇരുട്ടു വീണു തുടങ്ങുന്ന നാട്ടുവഴിയിലൂടെ നടക്കുമ്പോൾ ചെറിയൊരു മിന്നൽ പിണർ വരുമ്പോഴും അവൾ കഴുത്തിൽ കിടക്കുന്ന താലിയിൽ അമർത്തി പിടിയ്ക്കുമായിരുന്നു.
ആ താലി കെട്ടുമ്പോൾ എന്റെ കൈ ചെറുതായി വിറച്ചിരുന്നെങ്കിലും പിന്നീടുള്ള അവളുടെ ജീവിതത്തിലെ
പ്രതീക്ഷയും
ധൈര്യവുമെല്ലാം ആ താലിയിലായിരുന്നു.
വീട്ടിലേക്കുള്ള ഒതുക്കു കല്ലുകൾ ചവിട്ടി കയറുമ്പോൾ ചിരിയോടെ അവൾ പറയുന്നുണ്ടായിരുന്നു. ഒന്നുകൂടി നമ്മൾക്ക് നടന്നിട്ടു വന്നാലോ ? കൂട്ടുകാരെ കഥ ഇഷ്ടമായെങ്കിൽ ഇതേ പോലുള്ള നല്ല കഥകൾ വായിക്കുവാൻ വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...
രചന: ഷെഫി സുബൈർ