ജീവാംശമായ്...

Valappottukal Page



രചന: വൈഗ വസുദേവ്

രാധിക അതാണ് എൻ്റെ പേര് .ചിലർ .രാധു എന്നും വിളിക്കും .

അച്ഛനും അമ്മയ്ക്കും ഒറ്റമോൾ  .. അത്യാവശ്യം കഴിഞ്ഞുപോകാനുള്ള  ചുറ്റുപാടും ഉണ്ട് .  അച്ഛനും അമ്മയും അവർക്കൊപ്പം മാത്രേ എവിടെയും കൊണ്ടുപോയിട്ടുള്ളൂ.

കാണാനും കൊളളാം . രാധൂനെ കാണാൻ നല്ല ഭംഗിയുണ്ട് എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. 

മാലതിക്ക് സ്ത്രീധനം കൊടുക്കാതെ പെണ്ണിനെ കെട്ടിച്ചുവിടാം . വിശേഷദിവസങ്ങളിൽ ബന്ധുവീട്ടിലും മറ്റും ചെല്ലുമ്പോൾ  അമ്മയോട് ചിലർ പറയുന്നത് കേട്ട് അമ്മ അഭിമാനത്തോടെ എന്നെ നോക്കുന്നത്  ഞാൻ കണ്ടിട്ടുണ്ട്.  
ഇതൊക്കെ കാണുകേം കേൾക്കുകേം ചെയ്തതു കൊണ്ടാവാം എൻ്റെ മനസ്സിൽ അഹങ്കാരം  തലപൊക്കി.  .

എന്നാൽ എല്ലാം തകിടംമറിഞ്ഞത് പെട്ടെന്നാണ്. 

 മാമൻ്റെ മോളുടെ കല്യാണം   തലേന്ന് തന്നെ ഞങ്ങൾ മാമൻ്റെ വീടെത്തി. 

മാമൻ്റേം മാമീടേം സ്വന്തക്കാരും നാട്ടുകാരും എല്ലാവരും കൂടി ഒരുപാട് പേരുണ്ട് . 

ഗീതു  ഗയ രാജി  ദേവ് ഗോപു അങ്ങനെ എൻ്റെ സമപ്രായക്കാരായ കുറെ കൂട്ടുകാർ  . എല്ലാവരും എന്തൊക്കെയോ പറഞ്ഞും പറയാതെയും ചിരിച്ചു സന്തോഷിച്ചു. 
 
 എന്നാൽ  മാമീടെ ചേച്ചിയുടെ മോൻ അഖിൽ മാത്രം ഞങ്ങളുടെ കൂടെ കൂടുകയോ  ഒന്നു മിണ്ടുകയോ പോലും ചെയ്യാതെ ഗൗരത്തിൽ പന്തലിൽ വന്നിരുന്നു. 

 അവന് രണ്ട് കൊമ്പുണ്ടോ  ഒറ്റയ്ക്ക് ഇരിക്കാൻ . അഖിലിനെ നോക്കി ഗോപു സ്വരം താഴ്ത്തി പറഞ്ഞു. 

പോടാ കൊമ്പുണ്ടേൽ കാണാലോ..  ഗയ പറഞ്ഞു

പോടി.. ഞാനൊരു കോമഡി പറഞ്ഞതാ

 അതിനിവൾക്ക് കോമഡിയൊന്നും തിരിച്ചറിയാനുള്ള സെൻസ് ഇല്ല ഗീത ഗോപൂൻ്റെ പക്ഷം ചേർന്നു. 

പോടീ ..  അതിന് പറയുന്നത് കോമഡിയാണെന്ന് കേൾക്കുന്നവർക്കും തോന്നണം.. ഞാൻ ഗയയ്ക്കു സൈഡു പറഞ്ഞു.

 ആകെ ചിരിയായി. 

നമ്മളെന്തിനാ മറ്റുള്ളവരെ പറയുന്നത് .ഇഷ്ടമുള്ളവർ നമുക്കൊപ്പംകൂടിയാൽ മതി.   ഞാൻ പറഞ്ഞു. 

നീനക്കെന്നാ അവനോടൊരു .....  

ഏയ് മറ്റൊന്നും കൊണ്ടല്ല.  

  ഞങ്ങൾ ആ വിഷയം വിട്ടു 

സിനിമാ ഗാനം പാടാം  നാലുവരിയേലും പാടണം.  ഞാൻ പറഞ്ഞു. 

 സാഗരങ്ങളെ...പാടി ഉണർത്തിയ 
സാമഗീതമേ..ശ്യാമ സംഗീതമേ....ദേവ് തുടങ്ങി. 

ഹായ് ഡിയേഴ്സ് .. ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് അഖിൽ ഞങ്ങൾക്കടുത്തെത്തി. 
ഗോപുവിൻ്റെ നേരെ കൈനീട്ടി.

എല്ലാവരും കേൾക്കാത്ത ഭാവത്തിൽ ഇരുന്നു
എന്നാൽ എനിക്കാണേൽ  മിണ്ടാതിരുന്നത് മോശമായി എന്നൊരു തോന്നൽ. .

ഹായ്... ഞാൻ പറഞ്ഞു. 

 ഹായ്  അഖിൽ എൻ്റെ നേർക്ക് കൈനീട്ടി.

ഞാൻ ഒന്നുമടിച്ചു. ഷേക്ക് ഹാൻഡ് കൊടുക്കണോ വേണ്ടയോ .. 

എൻ്റെ നോട്ടം ഗോപുവിലെത്തി . കാര്യം മനസിലായ ഗോപു അഖിലിൻ്റെ കയ്യിൽ പിടിച്ചു. 

ഹായ് അഖിൽ  ഞങ്ങളുടെ കൂടെ കൂടിക്കോ.

ഓക്കെ ഡിയേഴ്സ്.. അപ്പോഴും അഖിലിൻ്റെ നോട്ടം എൻ്റെ മുഖത്തായി . അഖിലിൻ്റെ നോട്ടത്തെ നേരിടാൻ ആവാത്ത പോലെ . ആ നോട്ടത്തിന് വല്ലാത്ത ആകർഷണീയതയുണ്ട് . ഞാൻ അവൻ്റെ നോട്ടത്തിൽ നിന്നും  ഒഴിഞ്ഞു മാറി. 

 അടുത്ത പാട്ട് അഖിൽ പാട്.. ദേവ് പറഞ്ഞു

അഖിൽ പാടിത്തുടങ്ങി  .പാടിയത് നാലുവരിയല്ല ആപാട്ട് മുഴുവൻ പാടി.ആരും മതി എന്നു പറഞ്ഞില്ല. എല്ലാവരും ആ പാട്ടിൽ മുഴുകി ഇരുന്നു.

എനിക്കാണേൽ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി .ആ നിമിഷം അഖിലിനോട്  ഇഷ്ടം ആരാധന അങ്ങനെ എന്തൊക്കയോ തോന്നി.  പാട്ട് പാടി കഴിഞ്ഞിട്ടും എൻ്റെ നോട്ടം അവൻ്റെ മുഖത്തായിരുന്നു.    

എടീ...ഗീതു എൻ്റെ കൈയിൽ നുള്ളി . 

ഓഹ്. ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു. 

ശ്ശെ..ആകെ നാണക്കേട്...  ഞാൻ തല താഴ്ത്തി ഇരുന്നു. 

 അടുത്ത ആൾ പാട് ..അഖിൽ പറഞ്ഞു.

അതുവേണോ അഖിൽ  നീ തന്നെ പാട് . അതാകുമ്പോൾ കേൾക്കാൻ ഒരു സുഖമുണ്ട്. ദേവ് പറഞ്ഞു.

ഗേൾസ്‌ ആരും പാടുന്നില്ലേ...അഖിൽ ചോദിച്ചു. 

ഗയ നന്നായി പാടും ..  ഗീതു പറഞ്ഞു

എന്നാൽ ഗയ പാട് ..അഖിൽ പറഞ്ഞു

കുന്നിമണിചെപ്പുതുറന്നെന്നെ നോക്കും നേരം 
പിന്നിൽ വന്നു കണ്ണുപൊത്തുംതോഴനെങ്ങുപോയി.. 

ഗയ നന്നായി പാടുന്നുണ്ടല്ലോ .. എനിക്ക് ഈ കുട്ടിയെ പരിചയം ഇല്ല . എന്താ പേര്  ചോദ്യം എന്നോടായി

രാധു.... രാധിക   ഞാൻ മുഖത്തു നോക്കാതെ പറഞ്ഞു. 

അഖിൽ ഇത്  അച്ഛൻ പെങ്ങടെ മോളാണ് . ദേവ് പരിചയപ്പെടുത്തി.

മാലതിഅപ്പച്ചിയുടെ..??അഖിൽ ആശ്ചര്യത്തോടെ ചോദിച്ചു.

അതെ..

ഓ..എനിക്ക് കുഞ്ഞിലെ കണ്ട ഓർമ്മയേ ഉള്ളൂ.. 

എന്നെ അറിയോ രാധൂന്  

 ഉംം.. ഗയ പറഞ്ഞു തന്നു. 

ഞാൻ ചിരിച്ചു.  അഖിലിൻ്റെ നോട്ടം എപ്പോഴും എന്നിലെത്തും . 

ആ നോട്ടം മനസ്സിൽ കൊളുത്തി വലിക്കുംപോലെ ഒരു ഫീൽ. 

ഇത്രയും നേരം കലപില സംസാരിച്ചയാൾ ഇപ്പോൾ മിണ്ടുന്നില്ലല്ലോ ഗോപു..   ഞാൻ നിങ്ങളുടെ കൂടെ കൂടിയത് ഇഷ്ടായില്ലേ..  എന്നേ നോക്കി അഖിൽ പറഞ്ഞു. 

  ഏയ് ആദ്യല്ലേ കാണുന്നത്. അതാവും 

എന്തോ എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടിരുന്നു.
അവരുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും പഴയപടി ചിരിക്കാനോ സംസാരിക്കാനോ എനിക്കായില്ല.   അഖിലിൻ്റെ നോട്ടം പാളി പാളി എന്നിലെത്തും. 

എനിക്കും കൂടി അഖിൽ വാചാലനായി. 

അഖിലിൻ്റെ ഭാവവും എൻ്റെ മൗനവും  ഗീതുവിൽ  സംശയം തോന്നി. അവൾ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി. 

 എനിക്ക് അവർക്കിടയിൽ നിന്ന് പോന്നാൽ മതി എന്നായി. 

എനിക്ക് തലവേദനയെടുക്കുന്നു. ഒന്നു കിടക്കട്ടെ. ഞാൻ അകത്തേക്ക് പോകാൻ എണീറ്റു. 

ഗയ എൻ്റെ നെറ്റിയിൽ കൈവച്ചുനോക്കി. എന്നിട്ട് പറഞ്ഞു

രാധൂ നിന്നെ പനിക്കുന്നുണ്ടോ...നെറ്റിക്ക് നല്ലചൂടുണ്ട്..

 അറിയാതെ എൻ്റെ നോട്ടം അഖിലിൻ്റെ മുഖത്തെത്തി. 

അവൻ്റെ കണ്ണിൽ വല്ലാത്ത ഒരുഭാവം ഞാൻ കണ്ടു. അവൻ്റെ കണ്ണുകൾ ചുവന്നിരുന്നു. 

ഏയ് പനിയൊന്നും ഇല്ലെന്നെ... ക്ലൈമേറ്റിൻ്റെ ആവാം ഈ തലവേദന .ഗയയോട് ഞാൻ പറഞ്ഞു .

എന്നാ ..വാ ഞാൻ ബാം പുരട്ടി തരാം .ഗയ എണീറ്റു. 

നീ ഇവിടിരിക്ക്  ഞാൻ പറഞ്ഞു

ശരീ എന്നാ നീ പോയി കിടന്നോ ... ഞങ്ങൾ പെട്ടെന്ന് വരാം .. ഗയ പറഞ്ഞു.

അപ്പോഴും ഗീതുവിൻ്റെ നോട്ടം ഞങ്ങളിലായി. 

പിന്നെ ഒരു നിമിഷം പോലും ഞാനവരുടെ അടുത്ത് നിന്നില്ല .മുറിയിലെത്തി . 

ബാഗിൽ നിന്നും ബാം എടുത്ത് നെറ്റിയിൽ പുരട്ടി.

കട്ടിലിൽ കിടന്നു കണ്ണടച്ചു. 

തനിക്ക് എന്താണ് പറ്റിയത് .  ആദ്യാണ് ഇങ്ങനെ . അഖിലിനെ കാണുന്നതുപോലും.ആദ്യായിട്ടും   എന്നിട്ടും  മുജ്ജന്മബന്ധം ഉള്ളപോലെ . കാണാൻ ആഗ്രഹിച്ചിരുന്ന ഒരാൾ എന്നപോലെ . തൻ്റെ എന്നൊരു തോന്നൽ.

അഖിൽ ബിടെക് കഴിഞ്ഞു നിൽക്കുന്നു .ഒറ്റമോനാണ് എന്നൊക്കെ ഗയ പറഞ്ഞിട്ടുണ്ട്. 
എന്നാലും നേരിൽ കണ്ടിട്ടില്ല.  
ഈ കണ്ടുമുട്ടൽ  അനിവാര്യമാണ് .  അതാവും  അഖിലിൻ്റെ മുഖം മനസ്സിൽ നിറഞ്ഞു നിന്നു. കൺപോളകൾക്ക് ഘനം വച്ചതും മയക്കത്തിലേയ്ക്ക് വഴുതി. 

നെറ്റിയിൽ  ആരോ പതിയെ തലോടുന്നപോലെ . വെറും തോന്നലോ. അല്ല തൻെറ നെറ്റിയിൽ തടവുന്നുണ്ട് .. കണ്ണുതുറന്നു നോക്കി. പക്ഷെ തൻെറ അടുത്താരുമില്ലകരയാൻ വാ തുറന്നതും മനസ് വിലക്കി. ഇത് തൻെറ വീടല്ല.  ഒരു ഇഷ്യൂ ആയാൽ..താൻ അനങ്ങിയതുകൊണ്ടാവാം ആൾ  കൈ പിൻവലിച്ചിരിക്കുന്നു.  ജനലിരികിൽ ആരോ ഉണ്ട് . 

ഓഹോ ജനലിൽകൂടി കൈകടത്തി ആണ് നെറ്റിയിൽ തടവിയത്.  കയ്യോടെ പിടികൂടണം . ഞാൻ  കുറച്ചു മാറിക്കിടന്നു. 
അല്പസമയം കഴിഞ്ഞപ്പോൾ ജനലിൽകൂടി വീണ്ടും കൈതന്റെ നേരെനീണ്ടു വരുന്നു.
ആ കയ്യിൽ കയറി ഒറ്റപ്പിടുത്തം . 

ആഹ .... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ കള്ളത്തരംകൊണ്ട്  നടക്കുന്നത് ആരാന്ന് അറിയണമല്ലോ. 

 ആൾ കൈവിടുവിക്കാൻ ശ്രമിച്ചില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തി.

രാധൂ....  നേർത്ത ശബ്ദത്തിൽ ആ വിളി എൻ്റെ കാതിലെത്തി..

ആ വിളി കേട്ടതും പെട്ടെന്ന് രാധു കൈയ്യിലെ പിടുത്തം വിട്ടു. 

ഈശ്വരാ.... ഇത് അഖിൽ അല്ലേ.. 

രാധൂ... തലവേദന കുറഞ്ഞോ.. വീണ്ടും ആ ചോദ്യം

ഉംം... 

എനിക്ക് നിന്നോട് സംസാരിക്കണം 

അയ്യോ വേണ്ട ..

വേണം ..സംസാരിച്ചേ പറ്റൂ..

എനിക്കൊന്നും സംസാരിക്കാനില്ല..

എനിക്കുണ്ട്.. അഖിലിൻ്റെ സ്വരം ഗൗരവത്തിലായി. 

അധികനേരം ഇങ്ങനെ സംസാരിക്കാൻ പറ്റില്ല . ഇതെൻ്റെ ഫോൺനമ്പർ ആണ് നിൻ്റെ ഫോണിൽ സേവ് ചെയ്യ്. അഖിൽ ഒരു പേപ്പർ തുണ്ട് നീട്ടി. 

എനിക്ക് വേണ്ട .. 

നിന്നോടല്ലെ ഈ നമ്പർ സേവ് ചെയ്യാൻ പറഞ്ഞത്.

ആവാക്കിനെ പിന്നെയും ധിക്കരിക്കാൻ എനിക്കായില്ല. ആ പേപ്പറിനായി ഞാൻ കൈനീട്ടി. 

 ദിവസങ്ങൾപിന്നിടവെ ആ പേപ്പർ തുണ്ടിനൊപ്പം ഞങ്ങളുടെ മനസും കൈമാറിക്കഴിഞ്ഞിരുന്നു.  ഫോൺവിളി  കൂടിക്കാഴ്ചകളിലേയ്ക്കും വഴിമാറി. 
രണ്ടു വർഷത്തെ പ്രണയം . ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ഞങ്ങളുടെ വിവാഹം നിശ്ചയിച്ചു. ആഹ്ളാദത്തിൻ്റെ നാളുകൾ.  അഖിലിനൊപ്പം കൂട്ടുകാരെ കല്യാണം വിളിക്കാനും പോയി.   
ആ  സ്വാതന്ത്ര്യമാവാം   തെറ്റുചെയ്യാൻ പ്രേരണയായത്.   

 രണ്ടു വീട്ടിലും കല്യാണം ക്ഷണിക്കലും കഴിഞ്ഞു.  വിവാഹത്തിന് ഒരാഴ്ച മാത്രം .

 പന്തൽപ്പണിക്ക് പണിക്കാരെ സഹായിച്ചു കൊണ്ടിരുന്ന അച്ഛന്  ഒരു കോൾ വന്നതും  അച്ഛൻ ആകെ പരവേശപ്പെട്ടതും എല്ലാവരും കൂടി അച്ഛനെ ഒരു കസേരയിൽ പിടിച്ചിരുത്തി വീശുകയും ചെയ്യുന്ന കണ്ട അമ്മ  ഓടിച്ചെന്നു. 

എന്താ ഏട്ടാ എന്തു പറ്റി ..

എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ എല്ലാവരും അച്ഛൻ്റെ മുഖത്തു നോക്കി

     
ഏട്ടാ.. ആരാ അത് .. എന്താ പറഞ്ഞത്.. മാലതി വീണ്ടും ചോദിച്ചു.

അഖിൽ.. 

അവനെന്തിനാ വിളിച്ചത് എന്താ പറഞ്ഞത്.  ടെൻഷനടിപ്പിക്കാതെ..  അവനെന്താ പറഞ്ഞത്.. മാലതി  വെപ്രാളത്തോടെ ചോദിച്ചു. 

ഒന്നുമില്ല നമുക്ക് അവിടെവരെ പോകണം. വേഗം വേണം.  അച്ഛൻ പെട്ടെന്ന് തോളിൽ കിടന്ന തോർത്തെടുത്ത് മുഖം തുടച്ചു. പിന്നെ പണിക്കാരോടായി പറഞ്ഞു.

ബാക്കി പണി ഞങ്ങൾ പോയിവന്നിട്ട് ചെയ്യാം .

എന്താ ചേട്ടാ.. എന്താ പ്രശ്നം..

പ്രശ്നം ഉണ്ട് ..നീ ഒരു വണ്ടിവിളിച്ഛോണ്ടുവാ..  നിറഞ്ഞോവരുന്ന കണ്ണുകൾ മുഖംതുടയ്ക്കാനെന്ന വ്യാജേന തുടച്ചുകൊണ്ട് പറഞ്ഞു. 

 തൽക്കാലം പണി മതിയാക്ക് ..
എന്തൊക്കയോ പിടികിട്ടിയപോലെ അയാൾ മറ്റുള്ളവരോട് പറഞ്ഞു .

ചേട്ടാ ഞാൻ കൂടി വരാം.. 

ഉംം.. 

മാലതീ...മോളേയും കൂട്ടിവാ..

അച്ഛൻ പറഞ്ഞത് കേട്ട ഞാൻ ഒന്നമ്പരന്നു. ചെറുക്കൻവീട്ടിലേയ്ക്ക് പെണ്ണിനെ എന്തിനാ കൊണ്ടു പോകുന്നത്.  മനസ്സിൽ അങ്ങനെ തോന്നിയെങ്കിലും  ഞാൻ വേഗം റെഡിയായി.  അഖിലിനു ഇഷ്ടമുള്ള നീലചുരിദാർ ഇട്ടു. നീളൻപൊട്ടാണ് ഇഷ്ടം അതും തൊട്ടു. 

അമ്മേ ഞാൻ റെഡിയായി വേഗം വാ.
 റെഡിയായി നിന്ന എന്നെ അച്ഛൻ നോക്കി. മുഖത്ത് സന്തോഷത്തിനുപകരം  സങ്കടമോ എനിക്ക് അങ്ങനെ തോന്നി. 

എന്താ അച്ഛാ..

അത് ..  എന്തോ പറയാൻ വന്നിട്ട് നിർത്തി.

അപ്പോളേയ്ക്കും പോകാനുള്ള കാർ മുറ്റത്തെത്തി. 

എന്തിനാ അച്ഛാ ഇപ്പോൾ നമ്മൾ അവിടെ പോകുന്നത്..

എന്താണെന്ന് പറഞ്ഞില്ല .അങ്ങോട്ടല്ലേ പോകുന്നത്. ചെല്ലുമ്പോൾ അറിയാം.

എൻ്റെ മനസ് നിറയെ അഖിലിൻ്റെ വീടും പന്തലും അവിടുത്തെ ഒരുക്കങ്ങളും മാത്രമായിരുന്നു.  അഖിൽ ഇന്നലെ വിളിച്ചപ്പോളും പറഞ്ഞു പന്തൽ അടിപൊളിയാണെന്ന്. ഫോട്ടോ തരാം എന്ന് പറഞ്ഞപ്പോൾ വേണ്ട എനിക്ക് നേരിട്ടു കണ്ടാൽ  മതിയെന്ന് . ഇന്നു ചെല്ലുമ്പോൾ കളിയാക്കും.. കല്യാണപ്പെണ്ണിന് തിടുക്കം കൂടി വന്നെന്നു പറഞ്ഞു. .   അറിയാതെ ചുണ്ടിൽ ചിരി വിടർന്നു. 

അച്ഛാ ..  ഞാനവിടെ ചെന്നാൽ എല്ലാവരും കളിയാക്കും .  ഞാൻ കൂടെയുണ്ടെന്ന് പറയേണ്ട. കേട്ടോ.. അമ്മേ ഞാൻ ഈ കാറിൽ ഇരുന്നോളാം ..

രാധൂ... നീ.. മിണ്ടാതിരിക്ക് .

വാട്സ്ആപ്പിൽ അഖിലിന് മെസ്സേജ് അയച്ചു
ഞാൻ വരുന്നു പന്തൽ നേരിട്ടുകാണാൻ... 
 
എല്ലാവർക്കും എന്താ പറ്റിയേ.. അമ്മേ.. സത്യത്തിൽ നമ്മൾ എവിടെ പോവാ...  നമ്മൾ അഖിലിൻ്റെ വീട്ടിലേശയ്ക്കല്ലേ പോകുന്നത്.  ഇതിപ്പോ.. മരണവീട്ടിൽ പോകുംപോലാണല്ലോ..മൂകത.   ഞാൻ പറഞ്ഞു നിർത്തിയതും 

എൻ്റെ മോളെ... എന്നുപറഞ്ഞ് അമ്മ.ഒറ്റക്കരച്ചിൽ ..

ഞാൻ ഞെട്ടിപ്പോയി. .
അയ്യോ.. എന്നാമ്മേ.. 
അമ്മ എന്നെച്ചേർത്തു പിടിച്ചു. 

എൻ്റെ മോളെ.. 

അമ്മേ അഖിലിൻ്റെ വീട്ടിൽ എന്താ പ്രശ്നം. എനിക്കും കരച്ചിൽ വന്നു. 

അച്ഛാ..എന്താച്ചാ.... എന്തിനാ അമ്മ കരഞ്ഞത് .അച്ഛൻ്റെ കണ്ണും നിറഞ്ഞല്ലോ.. 

അത് അവൻ ചെറിയൊരു ആക്സിഡന്റിൽപ്പെട്ടു.

ആര് അഖിലോ..

അതെ.. 

ഇത്  ഇതാരാ അച്ഛനോട് പറഞ്ഞത്. ചുമ്മാതാവും.. 

മധുവാണ് പറഞ്ഞത്.  ഫ്രണ്ട്സിനെ കാണാൻപോയ  അഖിൽ ആക്സിഡന്റിൽപ്പെട്ടു  എന്ന്. 

അഖിൽ നല്ല ശ്രദ്ധയൊടെയേ വണ്ടി ഓടിക്കൂ.. അച്ഛൻ വിഷമിക്കേണ്ട.... 

ഇല്ല .. മധുമാമൻ വെറുതെ പറഞ്ഞതാവും . ഞാൻ മനസിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ എനിക്കു ചുറ്റും ഇരുട്ടു പരക്കുന്നപോലെ.. 

പെട്ടെന്ന് ഇരുട്ടിയോ  അമ്മേ എനിക്ക് ഉറക്കം വരുന്നു.. കണ്ണ് അടഞ്ഞടഞ്ഞുപോകുന്നു. 
അമ്മ എന്നെ മടിയിലേയ്ക്ക് ചായ്ച്ചു കിടത്തി. 

അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ എൻ്റെ മുഖത്ത് വീണു. 

മധുമാമൻ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാനായില്ല. മനസ് ഉൾക്കൊള്ളാൻ തയ്യാറായിരുന്നുമില്ല. 

ഞങ്ങൾ ചെല്ലുമ്പോൾ മുറ്റം നിറയെ ആൾക്കാർ .   അവിടെ കൂടി നിന്നവർ ഒതുങ്ങി തന്നു. അമ്മയും അച്ഛനും എൻ്റെ കയ്യിൽ മുറുകെ പിടിച്ചു.  ഞാൻ വേഗം നടന്ന് മുറ്റത്തെത്തി. പന്തലിൽ  മധ്യത്തിൽ  നിലത്ത്
 വെള്ളത്തുണിയിൽ പൊതിഞ്ഞ് ..എൻ്റെ അഖിൽ..   

അച്ഛാ..ദാ അഖിൽ ..ഞാൻ പറഞ്ഞില്ലേ മധുമാമൻ വെറുതെ പറഞ്ഞതാവും എന്ന് .. അമ്മേ നോക്കമ്മേ..  ഞാൻ പറഞ്ഞില്ലേ അഖിൽ സൂക്ഷിച്ചേ വണ്ടിയോടിക്കൂന്ന്. 
 
അവിടെ കൂടിനിന്നവർ ആരൊക്കയോ വാവിട്ടു കരയുന്നത് ഞാൻ കേട്ടു. ഇവരെന്തിനാണ് ഇങ്ങനെ കരയുന്നത്. എല്ലാവരും കരച്ചിൽ അടക്കാൻ പാടുപെടുന്നു. എൻ്റെ അമ്മയും എനിക്ക് മാത്രം എന്താ കരച്ചിൽ വരാത്തെ.. എനിക്ക് ചിരിക്കാൻ തോന്നി. എന്നാൽ ആ ചിരി  മറ്റുള്ളവർക്ക് കരച്ചിലായി തോന്നി. എല്ലാവരും കേൾക്കണം എൻ്റെ ചിരി . ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു. 

എൻ്റെ മോളെ നീയിത്ര ഭാഗ്യഹീനയോ..ആരോ പറഞ്ഞു. 

ഞാനെങ്ങനെ ഭാഗ്യഹീനയാവും എൻ്റെ അഖിൽ കൂടെയുണ്ടല്ലോ.. അഖിൽ വാ... എണീക്ക് .. ഇവർ പറയുന്നത് നീ കേൾക്കുന്നില്ലേ.... നീ പറയ് ഞാൻ ഭാഗ്യവതിയാണെന്ന്..  ഞാനവനെ കുലുക്കി വിളിച്ചു.    

പിടിച്ചു മാറ്റ് ആകുട്ടിയെ ..കർമ്മം തുടങ്ങാറായി .. 

എന്തിനാ കർമ്മം. അഖിൽ എണീറ്റേ ..ഇതാരാ ..ഇങ്ങനെ കെട്ടിവച്ചത് ..അഖിലിൻ്റെ തലയിൽ വെള്ളത്തുണികൊണ്ട് കെട്ടിയത്  എനിക്ക് ഇഷ്ടായില്ല. ഞാനത് അഴിക്കാൻ ശ്രമിച്ചു. 

ആ കുട്ടിയെ അകത്തേക്ക് കൊണ്ടുപോ.

ആരൊക്കെയോ എന്നെ അഖിലിൻ്റെ അടുത്തൂന്ന് മാറ്റാൻ ശ്രമിച്ചു. 

 അഖിൽ എണീക്ക് .. കണ്ണുതുറക്കഖിൽ ..ഇവരൊക്കെ എന്തൊക്കയോ പറയുന്നു. വാ നമുക്ക് പോകാം..  കണ്ണിൽ ഇരുട്ടിനുകട്ടികൂടി. ഞാൻ അഖിലിനെ കെട്ടിപ്പിടിച്ചു കിടന്നു. മറ്റാർക്കും കൊടുക്കാതെ.. ഒറ്റയ്ക്കാക്കാതെ.

          *****.    *****.     *****

കണ്ണുതുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ  അച്ഛനും അമ്മയും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എൻ്റെ അടുത്ത് നിൽപ്പുണ്ട്. 

അമ്മേ...ഇതു ഹോസ്പിറ്റൽ അല്ലേ നമ്മൾ എന്നാ ഇവിടെ ..എനിക്ക് അഖിലിനെ കാണണം .. അച്ഛാ.. എന്നെ ഒന്നുകൊണ്ടുപോ... അമ്മേ.. ഒന്നുകണ്ടാമതി അമ്മേ.. 

അവർ കരഞ്ഞതല്ലാതെ  ഒന്നും പറഞ്ഞില്ല.ഞാനവരുടെ കാലുപിടിച്ചുകരഞ്ഞു അവരും എനിക്കൊപ്പം കരഞ്ഞതല്ലാതെ  എന്നെ കൊണ്ടുപോയില്ല. എനിക്ക് കഴിഞ്ഞതെല്ലാം ഓർമ്മ വന്നു.   കരയാൻ പോലും ഉള്ള ശക്തി എനിക്കില്ലായിരുന്നു.

മൂന്നുദിവസം ഹോസ്പിറ്റലിൽ .  

ഹോസ്പിറ്റലിൽ അഖിലിൻ്റെ വീട്ടിൽ നിന്നും ആരും എത്തിയില്ല.  

ഡിസ്ചാർജ് ചെയ്ത് വീടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും  അച്ഛൻ്റേയും അമ്മയുടേയും മുഖം സങ്കടം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ ..

അമ്മേ .. അഖിലിൻ്റെ  വീട്ടിൽ പറഞ്ഞില്ലേ ഈ കാര്യം.  

ഏതുകാര്യം ..

ഞാൻ ഹോസ്പിറ്റലിൽ ആയ കാര്യം.. 

അതുവരെ സങ്കടത്തോടെ നടന്ന അമ്മയിൽ നിന്നും  ഘനത്തിൽ ഒരുമൂളൽ മാത്രമേ ഉണ്ടായുള്ളൂ..

അമ്മേ നമുക്ക് അഖിലിൻ്റെ വീടുവരെ പോകണം .  അവിടെ എല്ലാവരും സങ്കടത്തിലല്ലേ .. നമുക്ക് അവിടെ പോകാം..

അമ്മ എന്നെ അരിശപ്പെട്ടു നോക്കിയിരുന്നു

അമ്മേ.. ഞാൻ പോകും.. പോകാതിരിക്കാൻ എനിക്കാവില്ല.

നിന്നെ അവർക്കിനി എന്തിന്. എന്തവകാശത്തിൻ്റെ പുറത്താണ് നീ അവിടെ ചെല്ലുന്നത്. 

അവിടെ എൻ്റെ അഖിലുണ്ടമ്മേ.. ഞാൻ ചെന്നില്ലേൽ  അഖിൽ പിണങ്ങും. ഞാൻ വേണ്ടെ അവരെ സമാധാനിപ്പിക്കാൻ. ഞങ്ങൾക്കൊപ്പം അഖിൽ അവിടെ ഉണ്ടല്ലോ..ഞാൻ വാശിപിടിച്ചു. 

ദേ ഏട്ടാ..ഇങ്ങോട്ടൊന്നുവാ.. ഈ പെണ്ണ് ഇതെന്തു ഭാവിച്ചാ.. ഈ പെണ്ണ് എന്തെങ്കിലും ഉണ്ടാക്കിവെക്കും ആശുപത്രി വാസം കഴിഞ്ഞു വന്നിട്ട് ഒരാഴ്ച ആയതേ ഉള്ളൂ..അമ്മ അച്ഛനെ വിളിച്ചു.

അത് വേണോ മോളെ .. അവർ ആരുംഇന്നുവരെ  നിൻെറ കാര്യം ഒന്നും തിരക്കിയില്ല . ആ സ്ഥിതിക്ക് നമ്മൾ അങ്ങോട്ട് ചെന്നാൽ ..അച്ഛൻ അർത്ഥോക്തിയിൽ നിർത്തി.

എന്നെ കണ്ടാൽ തീരുന്ന പിണക്കമേ കാണൂ അച്ഛാ . അവരുടെ സങ്കടത്തിനുമുന്നിൽ ഇതൊരു കാരണമാണോ.. ഞാൻ പറഞ്ഞു. 

മോളു റെഡിയാക്  അച്ഛൻ കൊണ്ടു പോകാം..അച്ഛൻ എൻ്റെ നിറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു. 

ഇനി തിരിച്ചു ഞാൻ ഇവിടേക്കില്ല. മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ഞാൻ അഖിലിൻ്റെ വീട്ടിൽ എത്തിയത്. 

ഞങ്ങളെ കണ്ട്  അഖിലിൻ്റെ അമ്മ ഇറങ്ങി വന്നു..

അമ്മേ... ഞാൻ വിളിച്ചു.. 

ആരാണ് നിൻ്റെ അമ്മ .

അമ്മേ....ഞാൻ..

ആരാടീ.നിൻെറ അമ്മ  ഞാനോ..നിൻ്റെ നാക്കുകൊണ്ട് അങ്ങനെ വിളിക്കരുത്.. എൻ്റെ മോനെ നീ കൊന്നില്ലേ  .. ഞങ്ങളേയും കൊല്ല് ..അഖിലിൻ്റെ അമ്മ സമനില.വിട്ടവളെപ്പോലെ  എന്തൊക്കയോ പറഞ്ഞു. 

എൻ്റെ ചുറ്റിനും ഇരുട്ടു കൂടിക്കൂടി വന്നു.  ആശ്രയമെന്നോണം  അമ്മയെ പിടിക്കാൻ ശ്രമിച്ചു. 

ഈശ്വരാ എൻ്റെ കുഞ്ഞ് ..എൻ്റെ ചേച്ചീ.. ഇവൾ എന്തുതെറ്റുചെയ്തു.  കുഴഞ്ഞു വീണ എന്നെ  അമ്മ താങ്ങി. 

വീണ്ടും ഹോസ്പിറ്റലിൽ.. 

കണ്ണുതുന്നപ്പോൾ അമ്മ താടിക്ക് കയ്യും കൊടുത്ത് ബെഡ്ഡിനടുത്ത് ഇരിപ്പുണ്ട്.  

അമ്മേ....

വിളികേട്ട് അമ്മ എന്നെ നോക്കി .

ആഹാ മിടുക്കിയായല്ലോ...അങ്ങോട്ടു വന്ന സിസ്റ്റർ പറഞ്ഞു. 

ഡോക്ടർ വിളിക്കുന്നു.അമ്മയോടായി സിസ്റ്റർ പറഞ്ഞു.

അമ്മ സിസ്റ്ററിനൊപ്പം  ഡോക്ടറിനെ കാണാൻ പോയി. 

അഞ്ചു മിനിറ്റിനകം തിരിച്ചെത്തിയുടെ മുഖം കണ്ടപ്പോൾ സീരിയസ് ആയ കാര്യമാവും ഡോക്ടർ പറഞ്ഞത് എന്നുറപ്പായി.

അമ്മേ...ഡോക്ടർ എന്തിനാ വിളിച്ചത് ..

അമ്മ കേൾക്കാത്ത ഭാവത്തിൽ  നിന്നു.. 

വീടെത്തിയിട്ടും
 അമ്മ എന്നെ അവഗണിക്കുന്നപോലെ തോന്നി .അച്ഛനും അമ്മയും കൂടി എന്തൊക്കയോ  പറയുകയും അമ്മ കണ്ണുതുടയ്ക്കുകയും ചെയ്യുന്നത് കണ്ടു.

അമ്മേ... .. എന്നോട് എന്താ മറയ്ക്കുന്നത് .  അച്ഛൻ എന്നോട് മിണ്ടുന്നില്ല. നിങ്ങളും കരുതുന്നുണ്ടോ ഞാനാണ് അഖിലിനെ കൊന്നതെന്ന് . 

 ഡോക്ടർ അമ്മയോട് എന്താ പറഞ്ഞത്

അമ്മ എൻ്റെ കവിളിൽ ആഞ്ഞടിച്ചു. 

എടീ നശിച്ചവളെ....നിനക്ക് ഞങ്ങളെക്കൂടി കൊല്ലാരുന്നില്ലെ  ഇങ്ങനെ നാണംകെട്ട് അഭിമാനം നശിച്ചു ജീവിക്കുന്നതിലും നല്ലത് എല്ലാവർക്കും കൂടീ വല്ല വിഷവും കഴിച്ചു മരിക്കുന്നതാണ്.  ആരാടീ നിൻ്റെ വയറ്റിലുള്ളതിൻ്റെ തന്ത. 

അടിയുടെ വേദന ഞാനറിഞ്ഞില്ല. പിന്നീട് അമ്മ പറഞ്ഞത് മാത്രം മനസ്സിൽ നിന്നു.  താൻ അമ്മയാകാൻ പോകുന്നു.  തൻ്റെ അഖിലിൻ്റെ കുഞ്ഞ്  .അഖിൽ നീ തന്ന നിധി. എൻ്റെ മനസ് സന്തോഷം കൊണ്ട്  നിറഞ്ഞു.ഹൃദയം ഇപ്പോൾ പൊട്ടിപ്പോകുമെന്ന് തോന്നി. ഞാനെന്റെ വയറിൽ പതിയെ തലോടി. 
അഖിൽ നമ്മുടെ കുഞ്ഞ് .. നിൻ്റെ അഭാവം  നിറയ്ക്കാൻ  നമ്മുടെ കുഞ്ഞു മതി.   അഖിലിൻ്റെ അച്ഛനും അമ്മയ്ക്കും എന്തു സന്തോഷമാവും .. 

അമ്മേ.. ഈശ്വരൻ കരുണയുള്ളനാണ് . എൻ്റെ അഖിലിനെ എന്നിൽ നിന്നും തട്ടിയെടുത്തെങ്കിലും  അഖിലിൻ്റെ കുഞ്ഞിനെ തന്നില്ലേ... എൻ്റെ കണ്ണു നിറഞ്ഞു. 

നീയെന്താ മോളെ ഈ പറയുന്നത് . 

സത്യാ അമ്മേ ..ഇത് ഈശ്വരൻ തന്ന നിധിയാണ് . അഖിലിൻ്റെ അമ്മയ്ക്ക്  ഇതറിഞ്ഞാൽ  എത്ര സന്തോഷമാവും   അമ്മേ ഒന്നു വിളിച്ചു പറയ് .. ഈ സന്തോഷം അവർക്ക് അവകാശപ്പെട്ടതല്ലേ..ഇതറിഞ്ഞാൽ അവർ ഇവിടെ വരും എന്നെ കൂട്ടിക്കൊണ്ടു പോകാൻ. ..ഞാൻ അവരുടെ കൂടെ പോകും  ഞാൻ കൊണ്ടുപോകാനുള്ളത് റെഡിയാക്കി വെക്കട്ട.. അമ്മ ഇപ്പോൾ തന്നെ വിളിച്ചു പറയ്..   ഞാൻ മുറിയിലേക്ക് പോന്നു.

എൻ്റെ കുട്ടിയെ  എന്തിനാ ഇങ്ങനെ ശിക്ഷിക്കുന്നത്  എൻ്റെ ഈശ്വരന്മാരെ

എൻ്റെ സന്തോഷം കണ്ടിട്ടാവണം അമ്മ പറഞ്ഞു. 

 അഖിലിൻ്റെ സമ്മാനമായി ഒരു കുഞ്ഞു ജീവൻ  ..അഖിൽ  എനിക്കറിയാം നീ എന്നെ ഒറ്റയ്ക്കാക്കില്ലെന്ന്. ദേ നമ്മുടെ മോൻ . അല്ല മോൾ  . നിനക്ക്  മോനാണോ മോളാണോ ഇഷ്ടം.   മോളാവും ..എനിക്കു കുഞ്ഞഖിലിനെ വേണം . .. അഖിൽ  നല്ല ക്ഷീണം  എനിക്ക് നിൻ്റെ മടിയിൽ കിടക്കണം.ഇപ്പോൾ ഞാൻ ഒറ്റയ്ക്കല്ല കേട്ടോ നമ്മുടെ വാവയും ഉണ്ട്.. ഞങ്ങളുടെ കൂടെ ഉണ്ടാവണം..    കൺപോളകൾക്ക് ഘനംകൂടിവന്നു. 

അമ്മയുടെ കരച്ചിൽ കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത് .എന്തിനാ അമ്മ കരയുന്നത്  എണീറ്റപ്പോൾ തലകറക്കംപോലെ  .വീണ്ടും കിടന്നു. 

അമ്മേ... ഒന്നിങ്ങുവാ..   എനിക്ക് വയ്യമ്മേ..ഇങ്ങോട്ടു വാ.. 

നാണക്കേട് ഉണ്ടാക്കി വച്ചിട്ട്    വയ്യെന്നോ എണീക്കേണ്ട കിടന്നോ.  

അഖിൻ്റെ അമ്മയെ വിളിച്ചോ .. അവർ എപ്പോൾ വരും..

ഒരുങ്ങി ഇരുന്നോ ..ആനയും അമ്പാരിയുമായി ആനയിച്ചു കൊണ്ടുപോകാൻ ഇപ്പോൾ വരും 

അമ്മയെന്ന  കളിയാക്കോന്നപോലെ പറയുന്നത്.

പിന്നെ എങ്ങനെ പറയണം .നിനക്കു കേൾക്കണോ അവർ എന്താണ് പറഞ്ഞതെന്ന് ..അവരുടെ മകൻ്റെ കുഞ്ഞാവില്ല .എന്ന്.  വല്ലൻ്റേം കുഞ്ഞിനെ അവർക്ക് വേണ്ടെന്ന്.. മതിയായില്ലേ നിനക്ക്. നിന്നെ ഓമനിച്ചു വളർത്തിയതിന് ഇങ്ങനെ  ഞങ്ങൾക്ക് ഇങ്ങനെ തന്നെ വേണം . മര്യാദയ്ക്ക് കിടന്നോ ബാക്കി എന്തുവേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം.. 

അമ്മ പറഞ്ഞതെല്ലാം ഞാൻ കേട്ടില്ല. വല്ലവൻ്റേം കുഞ്ഞിനെ അവർക്ക് വേണ്ടെന്ന്. ആ വാക്ക് എൻ്റെ ചെവിയിൽ പ്രതിധ്വനിച്ചു നിന്നു.  

അങ്ങനെ എൻ്റെ സന്തോഷമെല്ലാം ഈശ്വരൻ തിരിച്ചെടുത്തു. ഇനി ആർക്കുവേണ്ടി ജീവിക്കണം. അഖിൽ നീയില്ലാത്ത ലോകത്ത് എന്നെയും നമ്മുടെ കുഞ്ഞിനേയും ആർക്കും വേണ്ടെന്ന്. നീയുണ്ടായിരുന്നെങ്കിൽ  ഈ സമയം നമ്മുടെ ലോകം സ്വർഗ്ഗമായേനെ.. 
  നമ്മുടെ കുഞ്ഞ് അവിഹിതസന്തതിയായി പിറക്കേണ്ടി വരില്ലേ.. പിതൃത്വം ഏറ്റെടുക്കാൻ നീയില്ലല്ലോ.. നമ്മുടെ കുഞ്ഞ് ഭാഗ്യംകെട്ടതായല്ലോ...അഖിൽ ..എന്നോട് ക്ഷമിക്കൂ.. കരയാൻ പോലും ഉള്ള അവകാശം എനിക്കില്ലല്ലോ അഖിൽ  . ഞാനും വരുന്നു നിനക്കൊപ്പം. നീയില്ലാത്ത ലോകത്ത് എനിക്കും നമ്മുടെ കുഞ്ഞിനും ജീവിക്കേണ്ട. ഇനി കരയില്ല.  

മോളെ....മോളെ...  എണീക്ക്  ഉറങ്ങിയത് മതി. 

 ഉംം.... ഞാൻ മൂളി .അമ്മയാണല്ലോ. അപ്പോൾ കുറച്ചു മുമ്പ് കണ്ടത് സ്വപ്നമോ.. 

മോളെ.. ഈശ്വരൻ നിൻ്റെ മനസ് കണ്ടു.  എണീക്ക്..

എന്നാമ്മേ.. അഖിലിൻ്റെ അമ്മയെ വിളിച്ചോ..

അമ്മ എന്നെ പിടിച്ചണെപ്പിച്ചിരുത്തി. നെറുകയിൽ ഉമ്മവെച്ചു. 

എന്നാമ്മേ... എന്താ ഇത്ര സന്തോഷം.. 

അഖിലിൻ്റെ അമ്മയും അച്ഛനും ഒക്കെ വരുന്നു. ഉടനെ എത്തും.  എൻ്റെ മോളുടെ ആഗ്രഹം പോലെ എല്ലാം നടക്കും.. അമ്മയുടേയും എൻ്റെയും കണ്ണുകൾ നിറഞ്ഞു. 

അമ്മ അവരെ സ്വീകരിക്കാൻ ഉള്ള തയ്യാറെടുപ്പിനായി അടുക്കളയിലേയ്ക്ക് പോയി. 

കേട്ടതൊക്കെ സത്യമോ..  ഇത് സ്വപ്നമാവല്ലെ ഈശ്വരന്മാരെ..അറിയാവുന്ന ഈശ്വരന്മാരെ വിളിച്ചു പ്രാർത്ഥിക്കാനെ എനിക്കായുള്ളൂ..

കാത്തിരുന്നപോലെ അധികം താമസിയാതെ അവർ എത്തി. 

രണ്ടു വർഷത്തിന് ശേഷം

ഇപ്പോൾ ഞാൻ എൻ്റെ അഖിലിൻ്റെ വീട്ടിൽ ആണ്.  അഖിലിൻ്റെ ഭാര്യായി   .നല്ല മരുമോളായി .കുഞ്ഞജീവൻ്റെ അമ്മയായി..   എൻ്റെ അഖിലിനെ ഓർത്ത് ഞാൻ സങ്കടപ്പെടാറില്ല. അവൻ എന്നിൽ തന്നെ ഉണ്ട്. അച്ഛൻ്റേയും അമ്മയുടേയും റോൾ ആസ്വദിച്ചുകൊണ്ട്  കുട്ടിക്കുറുമ്പൻ്റെ പിന്നാലെയാണ്.. 
ദേ ..നോക്കൂ.. കണ്ടില്ലേ..നിങ്ങൾ ..അച്ഛച്ഛനേയും അച്ഛമ്മയേയും  ഓടിപ്പിക്കുന്നത്..ഒരിടത്ത് ഇരിക്കില്ല കള്ളക്കുട്ടൻ ...ഓടടാഓട്ടം. ..ഇനി കഥപറയാൻ  ഒന്നും സമയം ഇല്ലാട്ടോ..ഞാനും ചെല്ലട്ടെ..നിക്കുമോനേ..ഓടല്ലേ...എൻ്റെ സന്തോഷത്തിൽ നിങ്ങൾ കണ്ണുവെക്കല്ലേ...

  ശുഭം..

    ഈ കഥ ഇഷ്ടായെങ്കിൽ ഒരുവരിയെങ്കിലും കുറിക്കില്ലേ..
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ....


രചന: വൈഗ വസുദേവ്

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top